ആർലിൻ്റോ ബാർബിറ്റോസ് (അംഗോള, പോർച്ചുഗീസ്, 1940-2021)
ആഫ്രിക്കൻ രാജ്യമായ അംഗോളയിൽ നിന്നുള്ള കവിയാണ് ആർലിൻ്റോ ബാർബൈറ്റോസ്. ഇദ്ദേഹം പോർച്ചുഗീസ് ഭാഷയിലാണ് എഴുതുന്നതെങ്കിലും അംഗോളയിലെ പ്രാദേശികഭാഷയായ കിംബുടുവിൽ നിന്നുള്ള വാക്കുകൾ കവിതകളിൽ ധാരാളം പ്രയോഗിക്കുന്നുണ്ട്. ഇദ്ദേഹത്തിൻ്റെ ഭാഷയെ ആംഗോളൻ പ്രാദേശിക പോർച്ചുഗീസ് എന്നു വിളിക്കാം.അംഗോള, അംഗോളെ, അംഗോളിമ(1976),സ്വപ്നം (1979), സ്വപ്നനൂലിഴകൾ (1992) എന്നിവ പ്രധാന സമാഹാരങ്ങൾ. ആഫ്രിക്കൻ കവിതകളുടെ ഇംഗ്ലീഷിൽ വന്ന ചില പരിഭാഷാസമാഹാരങ്ങളിലാണ് ഇദ്ദേഹത്തിൻ്റെ കവിതകൾ ആദ്യമായി വായിക്കുന്നത്. ചിലത് പരിഭാഷപ്പെടുത്തുകയും ചെയ്തു. പൊതുവേ ഉച്ചസ്ഥായിയിലുള്ള ആഫ്രിക്കൻ കവിതയിൽ മിനിമലിസത്തിൻ്റെ പ്രയോക്താവാണ് ഇദ്ദേഹം. മാത്രമല്ല കിഴക്കൻ നാടുകളിലെ - പ്രത്യേകിച്ചും ചൈനീസ് ജാപ്പനീസ് ഭാഷകളിലെ- കവിതയുടെ സ്വാധീനം ഇദ്ദേഹത്തിൻ്റെ തനത് ആഫ്രിക്കൻ പ്രതിഭയിൽ കലർന്നിട്ടുണ്ടുതാനും. ഈ പശ്ചാത്തലത്തിൽ സവിശേഷ താല്പര്യം തോന്നുകയാൽ ഇദ്ദേഹത്തിൻ്റെ സമാഹാരങ്ങൾ തേടിപ്പിടിച്ചു വായിക്കാൻ ശ്രമിച്ചെങ്കിലും ഇംഗ്ലീഷിൽ ഒന്നും ലഭ്യമായില്ല. ആകയാൽ പോർച്ചുഗീസ് മൂലകൃതികൾ തന്നെ Al യുടെ സഹായത്തോടെ വായിച്ചു. ഒരേ പോർച്ചുഗീസ് കവിതക്ക് Al മുഖേനേ ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലും വ്യത്യസ്തപരിഭാഷകൾ തയ്യാറാക്കി ഒത്തുവെച്ചു വായിച്ചാണ് ഈ പരിഭാഷകൾ തയ്യാറാക്കിയിട്ടുള്ളത്. ഇവയുടെ സ്രോതസ്സായ പോർച്ചുഗീസ് കാവ്യഭാഷ കവിയുടേതും മലയാളം എൻ്റേതുമാണ്. എന്നാൽ Al അതിനിടയിൽ മധ്യസ്ഥത വഹിച്ചിട്ടുണ്ട്. ആര് പരിഭാഷ ചെയ്തു എന്നതല്ല, കവിതയാണല്ലോ പ്രസക്തം.
1
മറ്റൊരുവളിൽ
തന്നെത്തന്നെ മറന്നുപോയൊരുവൾ
തെങ്ങിൻതോപ്പിലൂടെ ഉലാത്തുകയായിരുന്നു.
ഞെട്ടറ്റു വീണൊരു തേങ്ങ
അവളെ മുറിപ്പെടുത്തിയില്ല
കാരണം
മറ്റൊരു നിമിഷത്തിൽ
തന്നെത്തന്നെ മറന്നുപോയ
ഒരു നിമിഷം
ആ തെങ്ങിൻ തോപ്പിലൂടെ
ഉലാത്തുകയായിരുന്നു
അപ്പോൾ
2
ഗിംബെ തടാകത്തെ
പൊതിഞ്ഞുനിൽക്കുന്നു
കാട്ടുതാറാവുകളുടെ ഒരാകാശം
ആലോചനകളിൽ മുഴുകിയ
കുഷ്ഠരോഗിയുടെ
ജീർണ്ണിച്ച കൈകളിൽ നിന്നും
വഴുതി വീഴുന്നു
മരവാദ്യം.
3
ഇതാ
ഒരു ചുഴിയിലെന്നപോലെ
സ്വന്തം വാലിൽ
കടിക്കാൻ ശ്രമിക്കുന്ന
ഒരു നായ
4
പലായനത്തിനിടെ നിലച്ച നാലു മരങ്ങൾ
ഉറങ്ങുന്ന ഒരു മലമ്പാമ്പിനെയുണർത്താൻ
പാഴ്ശ്രമം നടത്തുന്ന ഒരു തവളയും.
5
ഒരു കുഞ്ഞുപൂവ്
ഒരു കല്ല്
കല്ലിനടിയിൽ ഒരു വിരൽ
കല്ലിനുമുകളിൽ ഒരു നിലവിളിവായ
6
നിൻ്റെ കണ്ണുകളുടെ ബദാം മാനത്ത്
ഞാൻ നക്ഷത്രങ്ങൾ കാണുന്നു.
അവ ബോംബുകളാണ്.
7
പയ്യൻ
കുഞ്ഞൻ
തീരെച്ചെറുത്
നഗ്നൻ
പരിപൂർണ്ണ നഗ്നൻ
ബൂട്സുകൾ അണിഞ്ഞ്.
വളരെ വലിയ ബൂട്സുകൾ
8
ഈ ജോവോ അല്ല ആ ജോവോ
ഇത് ജോവോ ഫ്രാൻസിസ്കോ
യഥാർത്ഥ ജോവോ
മറ്റൊരാളാണ്.
അയാളെ കണ്ടാൽ നെക്കോയെപ്പോലുണ്ട്
അതുകൊണ്ടാണ്
അയാൾക്കു വെടിയേറ്റത്
ഇത് ജോവോ ഫ്രാൻസിസ്കോ
ഈ ജോവോയല്ല ആ ജോവോ
9
ചന്ദ്രനില്ലാത്തൊരു രാത്രിക്കുമേൽ
ചെഞ്ചായം പൂശിയ നിശ്ശബ്ദത
മഞ്ഞക്കുപ്പായമണിഞ്ഞ പെൺകുട്ടികൾ
ട്രൗസറൂരി കൈയ്യിൽപ്പിടിച്ച് ആണുങ്ങൾ
10
ഈറൻ ചിരി
നിന്റെ വിരലിൽ
ചുറ്റിപ്പിണഞ്ഞു തൂങ്ങുന്നു
ഉണങ്ങിയ കൊമ്പിലെ
പച്ചപ്പാമ്പിനെപ്പോലെ.
11
ഒഴുകി
ഒഴുകി വരുന്നൂ
ഒരു തോണി
ആരുമില്ലാതെ
വട്ടംകറങ്ങി
വട്ടംകറങ്ങി വരുന്നു
ഒരു പെൺകുട്ടി
തൻ്റെ പ്രിയതമനില്ലാതെ
ചുവടുവെച്ച്
ചുവടുവെച്ചു വരുന്നു
ഒരു പട്ടാളക്കാരൻ
നയാപ്പൈസയില്ലാതെ
പറന്ന്
പറന്നു വരുന്നു
ഒരു പക്ഷി
ചിറകുകൾ പോലുമില്ലാതെ
ഒഴുകി
ഒഴുകി വരുന്നു
ഒരു തോണി
ആരുമില്ലാതെ
12
കാലു കഴയ്ക്കുന്നു.
വിശ്രമിക്കുന്നു
രാപ്പൂമ്പാറ്റകൾ
നിൻ്റെ കയ്യിൽ
ഒരുടഞ്ഞ തേങ്ങയുടെ
ഉൾക്കുഴിയിൽ
13
ഒക്ടോബർ മധ്യാഹ്നങ്ങളിൽ
സമയം
തലകറങ്ങിയ ഒരു പ്രാവാണ്
ചോളപ്പാടങ്ങളിൽ
അത് വഴിതെറ്റി അലയുന്നു.
14
പെൺകുട്ടി
ജനലിലൂടെ
അശ്രദ്ധം
വലിച്ചെറിഞ്ഞുകൊണ്ടിരിക്കുന്നു
ആകാശത്തോളം വിശാലമായ
ഒരു കാലത്തെ
15
കുറച്ചു കാട്ടുപോത്തുകൾ
ഏറെക്കുറെ കഷണ്ടിയായ ഒരു സിംഹം
രണ്ടു വെള്ളാനകൾ
പിന്നെ പച്ചയും
ഇടങ്കൈയ്യന്മാരായ അഞ്ചു വിദ്യാർത്ഥികൾ
ഇവർ
മരംകൊണ്ടുള്ള ഒരാശയത്തിനു പിന്നിലൊളിച്ച്
(അപകടത്തിൽ പെട്ടൊരു നായാട്ടുകാരൻ
ബയബോബ് മരത്തണലിൽ അഭയം തേടും പോലെ)
എന്നെ ഉറക്കിക്കളയുന്നു.
16
പറഞ്ഞ ഒരു വാക്ക്
പറയാതെപോയ ഒരു വാക്ക്
ഒരു പിറുപിറുപ്പിൻ്റെ
മുറിവരിയിന്മേൽ
വീഴാതെ ശ്രദ്ധിച്ച് നടക്കുന്ന
രണ്ടു സർക്കസ്സുകാർ
17
ഇന്നലെക്കും ഇന്നിനുമിടയിൽ
ഇടറിവീണ്
യാത്രികൻ കിടക്കുന്നു
മൂവന്തിവെളിച്ചത്തിൽ
18
വാക്കുകളിൽനിന്ന്
ഒരാൾക്കു വിശ്വസിക്കാം
ചോളത്തെക്കുറിച്ചുള്ള സംസാരം
വിള കൊയ്യുമെന്ന്.
ദൂരെ നിന്നുള്ള ആംഗ്യങ്ങൾ
അന്ധരുടെ നാട്ടിലെ
മൂകരുടേതാണെന്നും.
19
ദ്രവിക്കുന്ന
ഒരു മുഖമൂടിയുടെ
വിള്ളലുകളിലൂടെ
ഒക്ടോബർ പുൽനാമ്പുകൾ
പുറത്തേക്കു വരുന്നു.
നിൻ്റെ കണ്ണുകളുടെ ചെളിക്കുളങ്ങളിൽ
പൂർവികരുടെ
മരണാസന്നരായ ആത്മാക്കൾ
അലഞ്ഞുതിരിയുന്നു.
ഒരു മുളന്തുച്ചത്ത്
നീർക്കിളികൾ
കൂടു വയ്ക്കുന്നു.
ദ്രവിക്കുന്ന
ഒരു മുഖമൂടിയുടെ വിള്ളലുകളിലൂടെ
ഒക്ടോബർ പുൽനാമ്പുകൾ
പുറത്തേക്കു വരുന്നു.
20
വട്ടമിട്ടുനിൽക്കുന്ന പെൺകുട്ടികളുടെ
ചിരിക്കിടയിൽ നിൽക്കുന്ന
ഇടയച്ചെറുക്കൻ്റെ ഒരു പല്ല്
കാണാതായിരിക്കുന്നു.
സ്വപ്നത്തിൽ
ഒരു തുള,
കാറ്റിൻ്റെ മറുവശത്തെ
കുഴിമാടമെന്നപോലെ
മൺനിറമുള്ള കാളയുടെ നെറ്റിയിലെ
വെൺനക്ഷത്രം
മാനത്തേക്കുയരുന്നില്ല.
മാത്രമല്ല
ചിരിയിൽ മുഴുകി
പെണ്ണ് വിവാഹം ചെയ്യുന്നുമില്ല
ഒരു പല്ലിൻ്റെ കുറവോടെ
പെൺകുട്ടികളുടെ ചിരിക്കിടയിൽ
ചുറ്റുമുള്ള കാടിൻ്റെ ആത്മാവ്
വട്ടമിട്ടു നൃത്തമാടുന്നു.
21
ഉണങ്ങിയ മരത്തിൻ്റെ കൊമ്പിലിരിക്കുന്നു
നിറം മങ്ങിയ പൂമ്പാറ്റ
വെളുത്ത പല്ലി നാവു നീട്ടിയെങ്കിലും
ഉണക്കിലയേ അതിനു കിട്ടിയുള്ളൂ.
മെല്ലെ വരുന്ന ഒരോന്ത്
മരത്തിൽ കയറിയെങ്കിലും
നിറം മാറ്റാൻ മറന്നുപോയി.
ഞാനത്ഭുതപ്പെടുന്നു,
കലക്കവെള്ളത്തിൻ്റെ മങ്ങിയ കണ്ണാടിയിൽ
തന്നെത്തന്നെയുറ്റുനോക്കുന്ന
നീലയുടുപ്പണിഞ്ഞ പെൺകുട്ടി
അറിയുന്നുണ്ടാവുവോ
കുറേക്കൂടി കുഴമറിഞ്ഞതാണ്
കാറ്റിൻ്റെ രൂപമെന്ന്,
അതിനേക്കാൾ കുഴമറിഞ്ഞതാണ്
ഉറങ്ങിക്കിടക്കുന്ന സ്വപ്നാടനക്കാരൻ്റേത്
എന്ന്!
22
കുഞ്ഞുകുഞ്ഞുവീടുകൾ
നമുക്കഭയം തരികയും
കഥകഥകഥയായ്
ചരിത്രമുണ്ടാക്കുകയും ചെയ്യുന്നു.
കുഞ്ഞുകുഞ്ഞുവീടുകൾ
നമുക്കഭയം തരികയും
കുടുംബകുടുംബകുടുംബമായ്
കുടുംബമുണ്ടാക്കുകയും ചെയ്യുന്നു.
കഥകഥകഥയായ ചരിത്രവും
കുടുംബകുടുംബകുടുംബമായ കുടുംബവും
ഇടകലർന്നു പിണഞ്ഞ്
ഒരു പെരും നൂലുണ്ടയായ്
പെരുകുന്നു പെരുകുന്നു പെരുകുന്നു
കുഞ്ഞു കുഞ്ഞു വീടുകളിൽ
23
കാണാതായ മന്ത്രവാദികളുടെ ആത്മാക്കൾ
പുരാവൃക്ഷകിരീടങ്ങൾക്കുമേൽ
വിശ്രമിക്കുന്നു രാത്രിയിൽ
വെൺമേഘങ്ങൾ
രാക്കിളികൾ
കാട്ടുപോത്തിൻതോലണിഞ്ഞ അതിഥി
തീയിനടുത്തു വരുന്നു ഉറക്കത്തിലാഴുന്നു
കാണാതായ മന്ത്രവാദികളുടെ ആത്മാക്കൾ
പുരാവൃക്ഷകിരീടങ്ങൾക്കുമേൽ
വിശ്രമിക്കുന്നു രാത്രിയിൽ
24
പ്രിയേ,
എൻ്റെ പ്രിയപ്പെട്ടവളേ,
വിപ്ലവം ഒരു കഥയല്ല.
ഒരു പൂമ്പാറ്റ
ഒരിക്കലും ഒരാനയുമല്ല.
അതിനെയെങ്ങനെ പിടിക്കും?
പയ്യൻ പൊരിച്ച മീൻ തിന്നുന്നതു കണ്ടാൽ
മെല്ലെ മെല്ലെ
ഒരു മൗത്ത് ഓർഗൺ വായിക്കുന്നതുപോലുണ്ട്.
25
കല്ലുകളുടെ
വെള്ളാരങ്കല്ലുകളുടെ
അവശേഷിപ്പുകളുടെ
നാശാവശിഷ്ടങ്ങളുടെ
നടുവിൽ
ഒരു കോഴിക്കുഞ്ഞ്
ഒരേയൊരു കോഴിക്കുഞ്ഞ്
26
സ്വത്വം
ഓടി രക്ഷപ്പെടുന്നൊരു
കഴുതയുടെ നിറം
27
സ്വത്വം
അഥവാ
ചന്ദ്രനു ചുറ്റും രാക്കിളികളുടെ
പിടിതരാപ്പറത്തം
28
ഇലും ഇലും ബം ബം ബം
പൂർവികരുടെ മനുഷ്യമുഖമഹാസർപ്പം
കാല്പടം തിന്നു കാലു തിന്നു
ഇലും ഇലും ബം ബം ബം
വയറു തിന്നു നെഞ്ചു തിന്നു
ഇലും ഇലും ബം ബം ബം
മുഖം തിന്നു തല തിന്നു
ഇലും ഇലും ബം ബം ബം
മൂപ്പനെത്തിന്നു മന്ത്രവാദിയെത്തിന്നു
ഇലും ഇലും ബം ബം ബം
പൂർവികരുടെ മനുഷ്യമുഖമഹാസർപ്പം
ഇലും ഇലും ബം ബം ബം
29
മുൻപട്ടാളക്കാരൻ
കുള്ളൻ ജാവോക്കുണ്ട്
പട്ടാള വിസിലൊന്ന്.
സങ്കരവർഗ്ഗക്കാരൻ
നന്തോചിനയുണ്ടാക്കി
മുളകൊണ്ടു കുഴലൊന്ന്.
ചിക്കോ പെർണാമ്പുക്കാനോ,
ബ്രസ്സീലുകാരനല്ലയാൾ,
വലംകാലിൽ മുടന്തുള്ളോൻ,
വേട്ടക്കാരൻ മുത്തച്ഛൻ്റെ
പറയെടുത്തുകൊണ്ടുവന്നു
ചിക്കോ പെർണാമ്പുക്കാനോ.
തെക്കൻ ദിക്കിൽ നിന്നു വന്നോൻ
ഇടയപ്പയ്യൻ തുംബാ
രണ്ടു ചെറു വടികൊണ്ടു
കൊട്ടിത്താളമിട്ടു.
കാപ്പോളോയിൽ നിന്നുവന്ന
തകരപ്പണിക്കാരൻ പാസീറ്റോ
ചൂളമടിക്കയേ ചെയ്തുള്ളെങ്കിലും
പാട്ടിൻ രസമയാൾ കൊന്നില്ല.
30
ഹേ, കൂറ്റൻ രാക്ഷസാ, നീ
ഞങ്ങടെ വായടയ്ക്ക്
ഞങ്ങടെ വായടച്ചാൽ
മിണ്ടും ഞങ്ങടെ പള്ള
ഞങ്ങടെ പള്ള പൊളിക്ക്
മിണ്ടും ഞങ്ങടെ കുണ്ടി
കുണ്ടിത്തുള തകർക്ക്
മിണ്ടും ഞങ്ങടെ വിരല്
ഞങ്ങടെ വിരലു മുറിക്ക്
മിണ്ടും ഞങ്ങടെയെല്ല്
31
രാത്രി വരും മുന്നേ
ചക്രവാളം മാഞ്ഞുപോയി
സൂര്യനെരിയും മുന്നേ
ഭൂമി തീപ്പിടിച്ചുപോയി
32
സമതലം, സമതലം മാത്രം
സമതലത്തിൽ ഒരു കുളം മാത്രം
കുളത്തിലൊരു കുഞ്ഞുപൂ മാത്രം
കുഞ്ഞുപൂവിലൊരു തേനീച്ച മാത്രം
33
ഓന്തിൻ്റെ നിറം
തീച്ചുകപ്പായി മാറുമോ
എന്നറിയാനായി
എൻ്റെ സോദരാ,
നീയതിനെ
തീക്കുണ്ഡത്തിലെറിഞ്ഞു.
അപ്പോളതു തവിട്ടുനിറമായി മാറി
കാരണം
അതു ചുട്ടെടുക്കപ്പെട്ടിരുന്നു.
34
ആടുന്ന ചെടിത്തണ്ടിലേക്കണയുന്നു
മടിച്ചു മടിച്ച്, തുമ്പി.
ഓ, എന്നോടു പറയൂ,
സൂര്യവെളിച്ചമൊഴുക്കുന്ന നിശ്ചലതയിൽ
ഒരു നിമിഷം
എത്ര വർഷങ്ങൾ നീണ്ടുനിൽക്കുമെന്ന്
35
ഒറ്റക്കാലിൽ വിശ്രമിക്കുന്നു
വെള്ളക്കൊറ്റി
പച്ചപ്പിൽ അശ്രദ്ധമായി.
മരണത്തിലഴുകുന്നു
കറുത്ത സൈനികൻ
കാലുകളില്ലാതെ
36
സ്വപ്നത്തിനു തെക്കോട്ട്
പ്രതീക്ഷക്കു വടക്കോട്ട്
ഊന്നുവടികുത്തി ആടിനീങ്ങുന്ന
ഒരനാഥൻ
എൻ്റെ രാജ്യം.
ബോംബു വാദ്യത്തിനു നേർക്ക്
സ്വപ്നത്തിനു തെക്കോട്ട്
പ്രതീക്ഷക്കു വടക്കോട്ട്
37
വെളിച്ചത്തിൻ്റെ പൂമ്പാറ്റകൾ
ശവത്തിൽ നിന്നു ശവത്തിലേക്കു
ചിറകടിച്ചു പറന്ന്
മരിച്ചവരുടെ നാറ്റം
വെറുതേ ശേഖരിക്കുന്നു.
ദിവസനൂൽപ്പഴുതുകൾക്കിടയിലൂടെ
മറവിയുടെ ലോകത്തു നിന്നും
നിസ്സംഗതയുടെ രാജ്യത്തേക്കു
ധൃതിപിടിച്ചു കടന്നുപോകുന്നു
യുദ്ധപ്പൂക്കളുടെ
മാരകപ്പൂമ്പൊടികളും പേറി
വെളിച്ചത്തിൻ്റെ പൂമ്പാറ്റകൾ
No comments:
Post a Comment