ഞാൻ നിന്നെ കണ്ടുമുട്ടിയപ്പോൾ
റാഫേൽ ഗ്വിലൻ (ഗ്രാനഡ -സ്പെയിൻ, 1933- 2023)
ഞാൻ നിന്നെ കണ്ടുമുട്ടിയപ്പോൾ
സമയം വന്നുചേർന്നിരുന്നില്ല
ലോകം വന്നുചേർന്നിരുന്നില്ല
നിൻ്റെ കണ്ണുനീർ വന്നുചേർന്നിരുന്നില്ല
വെളിച്ചം തികച്ചും വെളിച്ചമായിരുന്നില്ല
വ്യക്തതയിൽ നിന്നും വ്യക്തതയിലേക്കുള്ള
പകർച്ചയായിരുന്നു ഉണരൽ.
സൃഷ്ടിക്കു തൊട്ടുമുമ്പുള്ള നിമിഷങ്ങളിലെ
തിങ്ങിപ്പൊതിയുന്ന ശൂന്യതയായിരുന്നു
എല്ലാം.
പിന്നെ
ഒരു തകർന്നടിയൽ പോലെ
യാഥാർത്ഥ്യത്തിൻ്റെ ഹിമപാതം പോലെ
ബോധത്തിരപോലെ
ദ്രവ്യം
അതിൻ്റെ സാമ്രാജ്യത്തിൽ
പരമാധികാരമാളാനെത്തി.
അതിനു ശേഷമാണ്
സ്പർശനവും നിരാശയുമെത്തിയത്.
പ്രപഞ്ചം നിലവിൽ വരും മുമ്പുള്ള
സമയത്തെക്കുറിച്ചാണ്
ഞാൻ പറയുന്നത്.
ഞാൻ നിന്നെ കണ്ടുമുട്ടിയപ്പോൾ
നിൻ്റെ ശരീരം
വന്നുചേർന്നിട്ടുണ്ടായിരുന്നില്ല