Sunday, October 20, 2024

കളിത്താറാവ്

കളിത്താറാവ്


ചൈനയിലെ ഒരു ഫാക്റ്ററിയിൽ
ഒരു തൊഴിലാളി
രാസവർണ്ണം തെറിച്ചു
പൊള്ളിത്തീരും മുമ്പ്
അവസാനം ചായം കയറ്റിയ
താറാവാണു താൻ
എന്ന അഹങ്കാരത്തോടെ
എപ്പോഴും കുഞ്ഞിൻ്റെ വായിൽത്തന്നെയുണ്ട്,
അമ്പലനടയിൽ നിന്നു വാങ്ങിയ
പ്ലാസ്റ്റിക് താറാവിൻ്റെ
വർണ്ണക്കൊക്ക്

Friday, October 18, 2024

ലിയോപാൾഡ് സ്റ്റഫ് കവിതകൾ

ലിയോപാൾഡ് സ്റ്റഫ് കവിതകൾ


1
സന്ധ്യ

സാന്ധ്യനിശ്ചലതയിൽ
ഞാനൊരു തോണിയിൽ കിടക്കുന്നു
എനിക്കു മുകളിൽ നക്ഷത്രങ്ങൾ
എനിക്കു താഴെ നക്ഷത്രങ്ങൾ
എനിക്കുള്ളിലും നക്ഷത്രങ്ങൾ


2
അമ്മ

സന്ധ്യക്കു ജനലരികിൽ
ഒരമ്മയിരുന്ന്
ഉറങ്ങുന്ന കുഞ്ഞിനെ തൊട്ടിലാട്ടുന്നു

പക്ഷേ, ഇല്ല തൊട്ടിൽ
ഇല്ല കുഞ്ഞ്
നിഴലുകൾക്കിടയിലാണ് കുഞ്ഞ്
അമ്മ സന്ധ്യക്കു തനിച്ചിരുന്ന്
ഒരോർമ്മയെ തൊട്ടിലാട്ടുന്നു


3
ഭാരം


മെടഞ്ഞുണ്ടാക്കിയ ഒരു കൊട്ടയുണ്ടെനിക്ക്.
തണുപ്പുകാലത്തേക്ക്
അതു പഴംകൊണ്ടു നിറക്കണമെന്നു
ഞാൻ വിചാരിച്ചു
അല്ലെങ്കിൽ ബ്രഡുകൊണ്ട്

രാത്രി ആരോ വന്ന്
അതു കല്ലുകൊണ്ടു നിറച്ചു
കനത്തു കൂർത്ത കല്ലുകൊണ്ട്
എൻ്റെ ചുമലുകൾക്കു ഭാരമാവുക എന്നല്ലാതെ
മറ്റൊരുദ്ദേശ്യവും അതിനുണ്ടായിരുന്നില്ല

എന്നാലുമീക്കൊട്ട ഞാൻ മുതുകിൽ ചുമക്കും
ഈ കല്ലുകൾ ഞാൻ ചുമക്കും
അവസാനം വരെ ചുമക്കും
അവിടം പിന്നിടും വരെ

Thursday, October 17, 2024

ലീ പോ (ചീന, AD 701 - 762)


ലീ പോ (ചീന, AD 701 - 762)

1

കൊടുമുടി മുകളിലെ ക്ഷേത്രച്ചുമരിൽ എഴുതിയത്


മലമുടിമേലമ്പലത്തിൽ രാത്രി തങ്ങിടുമ്പോൾ
അരികിൽ ചെന്നു താരകങ്ങളെത്തൊടാം നിനക്ക്
സ്വർഗ്ഗലോകവാസികളുണരുമെന്നു പേടി -
ച്ചൊച്ചയുയർത്താതെ ചുണ്ടനക്കയേയുള്ളൂ ഞാൻ


2
പർവ്വതഭാഷണം


ഈ മരതകമലകളിലെന്തിനു
ഞാൻ വസിപ്പൂ ചോദിപ്പൂ നീ
മനമുലയാ വിശ്രാന്തിയിൽ ഞാൻ
മിണ്ടാതെ ചിരിച്ചേ നിന്നൂ
ഒഴുകിപ്പോയ് പീച്ചുസുമങ്ങൾ
നീരൊലിവിൽ നിഗൂഢത നേരേ,
അതു മറ്റൊരു ഭൂസ്വർഗ്ഗം, ജന-
നിബിഡത വിട്ടകലത്തെങ്ങോ














റെയ്മണ്ട് ആൻട്രോബസ്

 എന്താ?


റെയ്മണ്ട് ആൻട്രോബസ്


എന്താ?

സ്വന്തം ശബ്ദസാരത്തെ പ്രണയിച്ച്
കണ്ണാടികളിൽ നോക്കിക്കൊണ്ടിരിക്കുന്നു
ഒരു വാക്ക്

എന്താ?

ഒറ്റവാക്കുള്ള ഒരു ചോദ്യമാണു ഞാൻ
ഒറ്റ മനുഷ്യൻ്റെ ക്ഷമപരിശോധന

എന്താ?

ചെവികളില്ലാതെ നാം
ഏതു ഭാഷ സംസാരിക്കും?

എന്താ?

എല്ലാം ഞാൻ കേൾക്കുന്ന
ഒരു ലോകമോ സ്വർഗ്ഗം?

എന്താ?

ഒരുപാടു കൈകളുണ്ടെങ്കിൽ
ഏതുകൊണ്ടു പിടിക്കണമെന്ന്
എൻ്റെ തലച്ചോറെങ്ങനെയറിയും?

Saturday, October 12, 2024

മലയാള കവിതയും ഡീ സി ബുക്സും എൻ്റെ ഇത്തിരി ജീവിതവും

മലയാള കവിതയും ഡീ സി ബുക്സും

എൻ്റെ ഇത്തിരി ജീവിതവും

പി. രാമൻ

മലയാള കവിതയുടെ വിപുലനചരിത്രം പരിശോധിച്ചാൽ കവികളുടെയും വായനക്കാരുടെയും എണ്ണം കൂടി വന്നതിനു പിന്നിൽ പ്രവർത്തിച്ച ഘടകങ്ങൾ കണ്ടെത്താൻ പ്രയാസമില്ല. ഇരുപതാം ശതകത്തിനു മുമ്പ് കവിത വാമൊഴിയായാണ് പ്രധാനമായും പ്രചരിച്ചത്. താളിയോലപ്പകർപ്പുകളിലൂടെയുള്ള പ്രചാരമാണ് നാം ഇന്ന് ഉദ്ദേശിക്കുന്ന തരം വായന ഒരു പരിധി വരെയെങ്കിലും പണ്ടു സാദ്ധ്യമാക്കിയത്. 19-ാം നൂറ്റാണ്ടിൽ അച്ചടി പ്രചരിച്ചതോടെ പത്രമാസികകളും പുസ്തകങ്ങളും വഴി കവിതകൾ കൂടുതലായി വായിക്കപ്പെട്ടു. ജീവിതത്തിൽ എന്തുണ്ടായാലും അതെല്ലാം സോഷ്യൽ മീഡിയയിൽ ഇന്ന് ആവിഷ്ക്കരിക്കപ്പെടുന്നതുപോലെ പുതുതായി പ്രത്യക്ഷപ്പെട്ട അച്ചടി മാധ്യമത്തിൽ ആവേശത്തോടെ ആവിഷ്കരിക്കുന്ന രീതി അന്നുണ്ടായി. ഉദാഹരണത്തിന്, വെൺമണിപ്രസ്ഥാന കവികളിൽ പ്രമുഖനായ നടുവത്ത് അച്ഛൻ നമ്പൂതിരി തൻ്റെ മകൻ്റെ മരണത്തിൽ മനം നൊന്ത് കവിതയെഴുതുന്നത് മനോരമക്കുവേണ്ടിയാണ്. മനോരമേ എന്നു വിളിച്ചാണ് തൻ്റെ ദുഃഖം അദ്ദേഹം പങ്കുവെയ്ക്കുന്നത്. അന്നത്തെ പത്രമാധ്യമങ്ങളിൽ വന്ന കവിതക്കത്തുകൾക്കും മറ്റും കണക്കില്ല. സാമൂഹ്യ രാഷ്ട്രീയ നവോത്ഥാന പ്രസ്ഥാനങ്ങളാണ് കവിതയുടെ പ്രചാരത്തിന് ആക്കം കൂട്ടിയ മറ്റൊരു ഘടകം. ദേശീയ സ്വാതന്ത്ര്യസമരവും വള്ളത്തോൾക്കവിതക്കുണ്ടായ പ്രചാരവും തമ്മിലുള്ള ബന്ധം പരിശോധിക്കുക. വിദ്യാഭ്യാസ പുരോഗതിയുടെ ഭാഗമായി അക്കാലത്തേക്കു വികസിച്ചു വന്ന പാഠപുസ്തകങ്ങളാണ് കാവ്യകലയുടെ ജനകീയതയുടെ മറ്റൊരു അടിസ്ഥാനം. കവിത ഒരു പൊതുമണ്ഡലമായി വികസിച്ചത് ഈ വിധങ്ങളിലാണ്.

എന്നാൽ ഇന്ന് ഈ പറഞ്ഞ സ്വാധീന ഘടകങ്ങൾ പലതും ഏറെക്കുറെ നിർവീര്യമായിക്കഴിഞ്ഞിരിക്കുന്നു. പാഠപുസ്തകങ്ങൾ മാത്രമാണ് അന്നെന്നപോലെ ഇന്നുമുള്ളത്. അന്നില്ലാത്ത പുതിയൊരു സ്വാധീനഘടകം ഇന്നു പുതുതായി വന്നത് സോഷ്യൽ മീഡിയയാണ്. അത് അടുത്ത കാലത്ത് കവിതയുടെ വിപുലീകരണത്തിന് തീർച്ചയായും കാരണമാവുകയും ചെയ്തു. ഇവ മാറ്റി നിർത്തിയാൽ, വിപണിയാണ് ഇന്ന് ഏറ്റവും വലിയ സ്വാധീനശക്തി എന്നു വന്നിരിക്കുന്നു. കവിതയാകട്ടെ മുമ്പു സൂചിപ്പിച്ച സ്വാധീനഘടകങ്ങളുടെ അഭാവത്തിൽ വിപണിക്കു പ്രിയങ്കരമായ മാധ്യമമല്ലതാനും. കവിത ഒരു ബാധ്യതയാണെന്നാണ് മിക്ക പ്രസാധകരും പറയുന്നത്. എന്നാൽ ഈ പശ്ചാത്തലത്തിലും കവിതാപുസ്തകങ്ങൾ ലാഭേച്ഛ കരുതാതെ പ്രസിദ്ധീകരിക്കുന്നു എന്നതാണ് ഡി സീ ബുക്സിൻ്റെ ഏറ്റവും വലിയ സാംസ്ക്കാരിക പ്രസക്തി എന്ന് ഞാൻ പറയും. കാരണം കാവ്യകല ഭാവിയുടെ കലയാണ്. ഏതു കാലത്തും അതങ്ങനെ തന്നെയായിരുന്നു. ചങ്ങമ്പുഴയെപ്പോലെ ഒന്നോ രണ്ടോ അപവാദങ്ങൾ മാറ്റിനിർത്തിയാൽ തലമുറകൾ വായിച്ചു വായിച്ചാണ് നമ്മുടെ വലിയ കവികൾ ഭാഷയിൽ അടയാളപ്പെടുത്തപ്പെട്ടത്. കുമാരനാശാൻ്റെയും കുഞ്ഞിരാമൻ നായരുടെയും ഇടശ്ശേരിയുടെയും കവിതയുടെ മഹത്വം നാം തിരിച്ചറിഞ്ഞത് അവരുടെ ജീവിതകാലത്തല്ല, പിൽക്കാലത്താണ്.

ഫിക്ഷൻ വർത്തമാനകാലത്തിൻ്റെ കലയാണ്. അതിൻ്റെ വിളവും കൊയ്ത്തും മിക്കവാറും എഴുത്തുകാരുടെ ജീവിതകാലത്തുതന്നെ നടക്കുന്നതായാണ് അനുഭവം.കവിതയുടെ കൊയ്ത്ത് ഭാവിയിലേക്കുള്ളതാണ്. കവിയുടെ ജീവിതം നിസ്വതയിൽ പോയടിഞ്ഞ ശേഷം. എന്നാൽ ഭാവിയിലെ അതിൻ്റെ കൊയ്ത്ത് ഫിക്ഷൻ്റേതിനേക്കാൾ സഫലമാണെന്ന് ആശാൻ്റേയും ഇടശ്ശേരിയുടേയും കുഞ്ഞിരാമൻ നായരുടെയുമെല്ലാം പിൽക്കാല ജീവിതം നമ്മോടു സാക്ഷ്യം പറയുക തന്നെ ചെയ്യും. ആർ. രാമചന്ദ്രനെപ്പോലെ വളരെ കുറച്ചു മാത്രം എഴുതുകയും പ്രകാശിപ്പിക്കുകയും ചെയ്ത ഒരു കവിയെ മരണശേഷവും നാം ഓർമ്മിച്ചു കൊണ്ടിരിക്കുന്നു.ജനതയിൽ നിന്ന് കവിതയുടെ ഓർമ്മ മായ്ച്ചുകളയുക എളുപ്പമല്ല. ഭാവിയിലേക്കുള്ള ഈടുവെപ്പാണ് കവിത എന്നു തിരിച്ചറിഞ്ഞ് കവിതാപുസ്തകങ്ങൾ സാമ്പത്തിക ലാഭം നോക്കാതെ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കാനുള്ള സാംസ്ക്കാരിക വിവേകം ഡീ സി ബുക്സ് പുലർത്തുന്നു എന്നത് വളരെ പ്രധാന കാര്യമായി ഞാൻ പരിഗണിക്കുന്നു.

ഇതുവരെ പുറത്തിറങ്ങിയ എൻ്റെ ഏഴു കവിതാ പുസ്തകങ്ങളിൽ നാലും പ്രസിദ്ധീകരിച്ചത് ഡീ സി ബുക്സാണ്. പുറമേ ഒരു നിരൂപണഗ്രന്ഥവും ഡീ സി പുറത്തിറക്കിയിട്ടുണ്ട്.കവിതക്കു വേണ്ടി ഒരേയൊരു തവണ ഒരു വിദേശയാത്രക്ക് എനിക്കവസരം തന്നതും ഡീ സി ബുക്സാണ്. എൻ്റെ ചെറിയ ജീവിതത്തിൽ ഇതെല്ലാം പ്രധാനമായി ഞാൻ കരുതുന്നു. കവിതാപുസ്തകങ്ങൾ വിറ്റു പോകുന്ന മുറയ്ക്ക് വില്പനശാലകളിൽ എത്തിക്കാത്തതിനെക്കുറിച്ചും വില്പനശാലകളിൽ അവ വേണ്ട വിധം പ്രദർശിപ്പിക്കാത്തതിനെക്കുറിച്ചും കവിതാപുസ്തകങ്ങൾ പ്രസിദ്ധീകരണത്തിന് സ്വീകരിച്ച ശേഷം പുറത്തിറങ്ങാൻ കാലതാമസം നേരിടുന്നതിനെക്കുറിച്ചും സമയബന്ധിതമായി പുതിയ പതിപ്പുകൾ ഇറക്കാത്തതിനെക്കുറിച്ചും കെ.എൽ.എഫ് പോലുള്ള പരിപാടികളിൽ കവിതക്ക് അതർഹിക്കുന്ന ഇടം കിട്ടാത്തതിനെക്കുറിച്ചുമെല്ലാം എനിക്ക് ചില പരാതികളുണ്ട്. എന്നാൽ വിപണിയുടെ വൻ സമ്മർദ്ദമുള്ള ഈ കാലത്തും ലാഭേച്ഛയില്ലാതെ പുതിയ കവികളുടെ കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ഡീ സി ബുക്സ് പുലർത്തുന്ന സാംസ്ക്കാരിക ജാഗ്രതയിൽ ആ പരാതികളെല്ലാം മിക്കവാറും അലിഞ്ഞു പോകുന്നു. മലയാളത്തിലെ ഏറ്റവും പുതിയ തലമുറയിൽ പെട്ട നാലോ അഞ്ചോ കവികളുടെ ആദ്യപുസ്തകങ്ങൾ കഴിഞ്ഞ മാസമാണല്ലോ ഡീ. സി ബുക്സ് പുറത്തിറക്കിയത്.





Tuesday, October 8, 2024

കിണറു കഴുകൽ

കിണറു കഴുകൽ



കിണറു കഴുകുന്ന ദിവസമാണ്
വേനൽ ഏറ്റവും കടുത്ത ദിവസം
ആഴച്ചെളിയിൽ പുതഞ്ഞു കിടക്കുന്ന
ഒരാമയെ അന്നു പുറത്തെടുക്കും.
ബക്കറ്റിൽ വെള്ളത്തിലിട്ടു വെച്ച ആമക്ക്
അപ്പുവും പാറുവും തിന്നാൻ കൊടുത്തത്
വെള്ളത്തിൽ തന്നെ പൊങ്ങിക്കിടക്കും
വൈകുന്നേരം വെയിലു താണാൽ
ബക്കറ്റുമായവർ പുഴയിലേക്കു നടക്കും
പുഴവെള്ളത്തിൽ വിട്ടയുടനെ
കടുത്ത തീരം പിന്നിലിട്ട്
ആമ തുഴഞ്ഞു തുഴഞ്ഞു പോകും
തുഴഞ്ഞു പോകും മുമ്പതെന്തോ പറഞ്ഞെന്ന്
അപ്പുവും പാറുവും തമ്മിൽ പറയും
അടുത്ത കൊല്ലം കിണറു കഴുകുമ്പോൾ
വീണ്ടുമൊരാമയെ പുറത്തെടുക്കും
തുഴഞ്ഞു പോകുംമുമ്പതെന്തോ പറഞ്ഞെന്ന്
ഇത്തവണയുമവർ തമ്മിൽ പറയും
അപ്പുവും പാറുവും ഇപ്പോൾ വലുതായി
വറ്റിയ കിണറിൽ നിന്നു പുറത്തെത്തി
അപ്പു തുഴഞ്ഞു പോയ് പാറു തുഴഞ്ഞു പോയ്
ആമ അവരോടെന്തോ പറഞ്ഞെന്ന്
ഇപ്പോഴുമവർ തമ്മിൽ പറയുന്നു

Saturday, October 5, 2024

ജോൺ ന്യൂലൗവ് കവിതകൾ (കാനഡ, 1938 - 2003)

ജോൺ ന്യൂലൗവ് കവിതകൾ (കാനഡ, 1938 - 2003)


1
പാട്ടല്ല


കിളി പറഞ്ഞു
തനതു മട്ടിൽ

കൂ .....

ഗാനത്തിൻ്റെയും
ലയത്തിൻ്റെയും
അവകാശമൊഴിഞ്ഞ്

കൂ .....

സ്വന്തം മരത്തിന്മേൽ
നിന്ന്

കൂ .....

അടിയിലെ
കൃത്യം മരത്തടിയിൽ
വിരലിറുക്കി


2
ആത്മകഥ

നിന്നെപ്പോലെത്തന്നെ ഞാനെന്ന്
എപ്പോഴും കരുതി.
പിന്നെ കവിതകളെഴുതാൻ തുടങ്ങി

വർഷങ്ങളെടുത്ത് കവിതകളെന്നെ പഠിപ്പിച്ചു
ഞാൻ കരുതിയതു ശരിയെന്ന്

ദൈവവും മോഷ്ടാവും

ദൈവവും മോഷ്ടാവും


അന്ധനായ യാത്രക്കാരൻ്റെ ബാഗ് നഷ്ടപ്പെട്ടു. വണ്ടി ഇറങ്ങാൻ നേരത്ത് തപ്പി നോക്കിയപ്പോഴാണ്  വിവരം  അറിയുന്നത്. സ്റ്റേഷനിൽ ഇറങ്ങി റെയിൽവേ പോലീസിൽ പരാതിപ്പെട്ടു. പോലീസ് ചോദിച്ചു: "ബാഗിൽ എന്തൊക്കെയുണ്ട്?"
"മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്. പിന്നെ എസ് എസ് എൽ സി ബുക്ക്, പ്രീ ഡിഗ്രി സർട്ടിഫിക്കറ്റ്"
"ബാഗിൻ്റെ നിറം?"
"അത്..... അതറിയില്ല"
"അറിയില്ലേ? നിറമെന്തെന്ന് ആരും നിങ്ങളോടു പറഞ്ഞിട്ടില്ലേ?"
"ഇല്ല. എൻ്റെ ഭാര്യക്കും കാഴ്ച്ചയില്ല. ആരെങ്കിലുമൊക്കെ ചിലപ്പോൾ പറഞ്ഞിരിക്കാം. പക്ഷേ ആ നിറമൊന്നും മനസ്സിൽ നിൽക്കുന്നില്ല" അയാൾ നിസ്സഹായനായി.

അന്ധനായ യാത്രക്കാരൻ്റെ ബാഗിൻ്റെ നിറം രണ്ടു പേർക്കു മാത്രമേ അറിയൂ. ദൈവത്തിനും മോഷ്ടാവിനും. അതുകൊണ്ട്, ആ ബാഗിനു നിറമില്ല. നിറമൊന്നുമില്ലാത്ത ഒരു ബാഗ് എങ്ങനെ തിരിച്ചറിയും?

മൈതാനത്തുമ്പികൾ

മൈതാനത്തുമ്പികൾ


കഴിഞ്ഞ ദിവസം
ക്ലാസ് മുറിയുടെ ജനൽച്ചില്ല്
ഇടിച്ചു പൊട്ടിച്ച്
മുഷ്ടി ചോരയിൽ മുക്കി 
തനിച്ചു നിന്ന കുട്ടി
ഇന്ന്
സ്കൂൾ മൈതാനത്തെ
ആർപ്പുവിളികൾക്കിടയിലൂടെ
ബാൻഡേജിട്ട കൈപ്പത്തി മുന്നിലേക്കു നീട്ടി
ഓടിക്കൊണ്ടിരിക്കുന്നു.
നൂറു മീറ്ററിനുള്ളിൽ
ആയിരം ജനൽച്ചില്ലുകൾ
ഒരുമിച്ചു കുത്തിപ്പൊട്ടിക്കുന്നു
മൈതാനത്തു നിന്നും പാറിപ്പൊന്തുന്ന
തുമ്പിച്ചിറകുകൾ,
ചില്ലു തുണ്ടുകൾ, 
ഇരുവശത്തേക്കും തെറിക്കുന്നു
മുഷ്ടിയുടെ ദീപശിഖയിൽ
ചില്ലുനാളങ്ങളാളുന്നു
ചോരയല്ല, കാറ്റവനെ
മുഴുവനായും മുക്കുന്നു

Friday, October 4, 2024

ജേസൺ ഹെറൗക്സ് കവിതകൾ (കാനഡ,ഇംഗ്ലീഷ്, ജനനം : 1971)


ജേസൺ ഹെറൗക്സ് കവിതകൾ
(കാനഡ,ഇംഗ്ലീഷ്, ജനനം : 1971)

1
വല്ലാത്ത കാലം

എൻ കിളികൾ പറന്നകന്നപ്പോൾ
കല്ലുകൾ കൂട്ടിൽ കൊണ്ടുവെച്ചൂ ഞാൻ
പേരു ചൊല്ലിയവയെ വിളിച്ചു
സുന്ദരമാം നിറങ്ങളടിച്ചു
രാത്രിയിലുറങ്ങാൻ പഠിപ്പിച്ചു
ഏറെയേറെ വിചിത്രമാക്കാലം
ആർക്കുമില്ലാ പരാതിയെന്നാലും

എൻ കിളികൾ മടങ്ങിവന്നപ്പോൾ
എൻ്റെ കല്ലുകൾ സമ്മതിച്ചില്ലാ
വീണ്ടും കല്ലുകളാകുവാനായി
ഞാനരിഞ്ഞൂ ചിറകുകൾ, പിന്നെ
ചാരവർണ്ണം കിളികൾക്കു പൂശി
ആർക്കും വേണ്ടാത്ത കെട്ടിടങ്ങൾ തൻ
ജാലകങ്ങൾക്കു നേരേയെറിഞ്ഞു
നേരമ്പോക്കിനായ് മാത്രമവയെ
റോട്ടിലേക്കു തട്ടിത്തെറിപ്പിച്ചു


2
ചെറുപുൽമുളയെ വളർത്തുന്നൂ ഞാൻ


ഓമനിച്ചു വളർത്തുന്നൂ ഞാൻ
ഒരു കൂട്ടിൽ ചെറു പുൽമുളയെ

ഞാനതിനേകീടുന്നൂ വളരാൻ
തുണയായ് ചെറിയൊരു ചേറ്റുരുള

നൂറിലുമേറെ മഴത്തുള്ളികളു-
ണ്ടോമനകൾ നിൻ ബക്കറ്റിൽ

പോക്കറ്റിൽ ഞാൻ കരുതുന്നുണ്ടൊരു
മറു ചെറു പോക്കറ്റോമനയായ്

ഇവ കൂടാതെൻ ഭൂമിയിൽ നിന്നുടെ-
യൊരു ചെറുമുള ഞാൻ സൂക്ഷിപ്പൂ


3
ഇരുണ്ട ചില്ലുഭരണികൾ


ആളുകളുടെ നിഴലുകൾ
ശരീരങ്ങളിൽ നിന്നും സൗജന്യമായി
ഡോക്ടർമാർ നീക്കം ചെയ്യുന്ന
ഒരു സ്ഥലമുണ്ട്

എൻ്റെ ഒരു സുഹൃത്ത്
അവിടെ പോയിരുന്നു

ഞാനവനെ പിന്നീടു
കണ്ടതേയില്ല

എന്നാൽ കഴിഞ്ഞ രാത്രി
ഒരു സ്വപ്നത്തിൽ
അവൻ അതേപ്പറ്റി
എന്നോടു പറഞ്ഞു

"നിഴലുകൾ സൂക്ഷിക്കുന്നത്
ചില്ലു ഭരണികളിലാണ്"
അവൻ പറഞ്ഞു

"ഇരുണ്ട ചില്ലുഭരണികൾ
കണ്ടാൽ എല്ലാം ഒരുപോലെ
ആർക്കുമറിയില്ല
ഏത് ആരുടെ എന്ന്"


4
ദിനപത്രം

മാറാവ്യാധികൾ, ക്ഷാമം,യുദ്ധം
കോമളമെന്നാൽ ദിനപത്രം
പ്ലാസ്റ്റിക് പൊതിയിൽ ചുരുട്ടി വരുന്നൂ
മഴയും വെയിലും കൊള്ളാതെ