മലയാള കവിതയും ഡീ സി ബുക്സും
എൻ്റെ ഇത്തിരി ജീവിതവുംപി. രാമൻ
മലയാള കവിതയുടെ വിപുലനചരിത്രം പരിശോധിച്ചാൽ കവികളുടെയും വായനക്കാരുടെയും എണ്ണം കൂടി വന്നതിനു പിന്നിൽ പ്രവർത്തിച്ച ഘടകങ്ങൾ കണ്ടെത്താൻ പ്രയാസമില്ല. ഇരുപതാം ശതകത്തിനു മുമ്പ് കവിത വാമൊഴിയായാണ് പ്രധാനമായും പ്രചരിച്ചത്. താളിയോലപ്പകർപ്പുകളിലൂടെയുള്ള പ്രചാരമാണ് നാം ഇന്ന് ഉദ്ദേശിക്കുന്ന തരം വായന ഒരു പരിധി വരെയെങ്കിലും പണ്ടു സാദ്ധ്യമാക്കിയത്. 19-ാം നൂറ്റാണ്ടിൽ അച്ചടി പ്രചരിച്ചതോടെ പത്രമാസികകളും പുസ്തകങ്ങളും വഴി കവിതകൾ കൂടുതലായി വായിക്കപ്പെട്ടു. ജീവിതത്തിൽ എന്തുണ്ടായാലും അതെല്ലാം സോഷ്യൽ മീഡിയയിൽ ഇന്ന് ആവിഷ്ക്കരിക്കപ്പെടുന്നതുപോലെ പുതുതായി പ്രത്യക്ഷപ്പെട്ട അച്ചടി മാധ്യമത്തിൽ ആവേശത്തോടെ ആവിഷ്കരിക്കുന്ന രീതി അന്നുണ്ടായി. ഉദാഹരണത്തിന്, വെൺമണിപ്രസ്ഥാന കവികളിൽ പ്രമുഖനായ നടുവത്ത് അച്ഛൻ നമ്പൂതിരി തൻ്റെ മകൻ്റെ മരണത്തിൽ മനം നൊന്ത് കവിതയെഴുതുന്നത് മനോരമക്കുവേണ്ടിയാണ്. മനോരമേ എന്നു വിളിച്ചാണ് തൻ്റെ ദുഃഖം അദ്ദേഹം പങ്കുവെയ്ക്കുന്നത്. അന്നത്തെ പത്രമാധ്യമങ്ങളിൽ വന്ന കവിതക്കത്തുകൾക്കും മറ്റും കണക്കില്ല. സാമൂഹ്യ രാഷ്ട്രീയ നവോത്ഥാന പ്രസ്ഥാനങ്ങളാണ് കവിതയുടെ പ്രചാരത്തിന് ആക്കം കൂട്ടിയ മറ്റൊരു ഘടകം. ദേശീയ സ്വാതന്ത്ര്യസമരവും വള്ളത്തോൾക്കവിതക്കുണ്ടായ പ്രചാരവും തമ്മിലുള്ള ബന്ധം പരിശോധിക്കുക. വിദ്യാഭ്യാസ പുരോഗതിയുടെ ഭാഗമായി അക്കാലത്തേക്കു വികസിച്ചു വന്ന പാഠപുസ്തകങ്ങളാണ് കാവ്യകലയുടെ ജനകീയതയുടെ മറ്റൊരു അടിസ്ഥാനം. കവിത ഒരു പൊതുമണ്ഡലമായി വികസിച്ചത് ഈ വിധങ്ങളിലാണ്.
എന്നാൽ ഇന്ന് ഈ പറഞ്ഞ സ്വാധീന ഘടകങ്ങൾ പലതും ഏറെക്കുറെ നിർവീര്യമായിക്കഴിഞ്ഞിരിക്കുന്നു. പാഠപുസ്തകങ്ങൾ മാത്രമാണ് അന്നെന്നപോലെ ഇന്നുമുള്ളത്. അന്നില്ലാത്ത പുതിയൊരു സ്വാധീനഘടകം ഇന്നു പുതുതായി വന്നത് സോഷ്യൽ മീഡിയയാണ്. അത് അടുത്ത കാലത്ത് കവിതയുടെ വിപുലീകരണത്തിന് തീർച്ചയായും കാരണമാവുകയും ചെയ്തു. ഇവ മാറ്റി നിർത്തിയാൽ, വിപണിയാണ് ഇന്ന് ഏറ്റവും വലിയ സ്വാധീനശക്തി എന്നു വന്നിരിക്കുന്നു. കവിതയാകട്ടെ മുമ്പു സൂചിപ്പിച്ച സ്വാധീനഘടകങ്ങളുടെ അഭാവത്തിൽ വിപണിക്കു പ്രിയങ്കരമായ മാധ്യമമല്ലതാനും. കവിത ഒരു ബാധ്യതയാണെന്നാണ് മിക്ക പ്രസാധകരും പറയുന്നത്. എന്നാൽ ഈ പശ്ചാത്തലത്തിലും കവിതാപുസ്തകങ്ങൾ ലാഭേച്ഛ കരുതാതെ പ്രസിദ്ധീകരിക്കുന്നു എന്നതാണ് ഡി സീ ബുക്സിൻ്റെ ഏറ്റവും വലിയ സാംസ്ക്കാരിക പ്രസക്തി എന്ന് ഞാൻ പറയും. കാരണം കാവ്യകല ഭാവിയുടെ കലയാണ്. ഏതു കാലത്തും അതങ്ങനെ തന്നെയായിരുന്നു. ചങ്ങമ്പുഴയെപ്പോലെ ഒന്നോ രണ്ടോ അപവാദങ്ങൾ മാറ്റിനിർത്തിയാൽ തലമുറകൾ വായിച്ചു വായിച്ചാണ് നമ്മുടെ വലിയ കവികൾ ഭാഷയിൽ അടയാളപ്പെടുത്തപ്പെട്ടത്. കുമാരനാശാൻ്റെയും കുഞ്ഞിരാമൻ നായരുടെയും ഇടശ്ശേരിയുടെയും കവിതയുടെ മഹത്വം നാം തിരിച്ചറിഞ്ഞത് അവരുടെ ജീവിതകാലത്തല്ല, പിൽക്കാലത്താണ്.
ഫിക്ഷൻ വർത്തമാനകാലത്തിൻ്റെ കലയാണ്. അതിൻ്റെ വിളവും കൊയ്ത്തും മിക്കവാറും എഴുത്തുകാരുടെ ജീവിതകാലത്തുതന്നെ നടക്കുന്നതായാണ് അനുഭവം.കവിതയുടെ കൊയ്ത്ത് ഭാവിയിലേക്കുള്ളതാണ്. കവിയുടെ ജീവിതം നിസ്വതയിൽ പോയടിഞ്ഞ ശേഷം. എന്നാൽ ഭാവിയിലെ അതിൻ്റെ കൊയ്ത്ത് ഫിക്ഷൻ്റേതിനേക്കാൾ സഫലമാണെന്ന് ആശാൻ്റേയും ഇടശ്ശേരിയുടേയും കുഞ്ഞിരാമൻ നായരുടെയുമെല്ലാം പിൽക്കാല ജീവിതം നമ്മോടു സാക്ഷ്യം പറയുക തന്നെ ചെയ്യും. ആർ. രാമചന്ദ്രനെപ്പോലെ വളരെ കുറച്ചു മാത്രം എഴുതുകയും പ്രകാശിപ്പിക്കുകയും ചെയ്ത ഒരു കവിയെ മരണശേഷവും നാം ഓർമ്മിച്ചു കൊണ്ടിരിക്കുന്നു.ജനതയിൽ നിന്ന് കവിതയുടെ ഓർമ്മ മായ്ച്ചുകളയുക എളുപ്പമല്ല. ഭാവിയിലേക്കുള്ള ഈടുവെപ്പാണ് കവിത എന്നു തിരിച്ചറിഞ്ഞ് കവിതാപുസ്തകങ്ങൾ സാമ്പത്തിക ലാഭം നോക്കാതെ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കാനുള്ള സാംസ്ക്കാരിക വിവേകം ഡീ സി ബുക്സ് പുലർത്തുന്നു എന്നത് വളരെ പ്രധാന കാര്യമായി ഞാൻ പരിഗണിക്കുന്നു.
ഇതുവരെ പുറത്തിറങ്ങിയ എൻ്റെ ഏഴു കവിതാ പുസ്തകങ്ങളിൽ നാലും പ്രസിദ്ധീകരിച്ചത് ഡീ സി ബുക്സാണ്. പുറമേ ഒരു നിരൂപണഗ്രന്ഥവും ഡീ സി പുറത്തിറക്കിയിട്ടുണ്ട്.കവിതക്കു വേണ്ടി ഒരേയൊരു തവണ ഒരു വിദേശയാത്രക്ക് എനിക്കവസരം തന്നതും ഡീ സി ബുക്സാണ്. എൻ്റെ ചെറിയ ജീവിതത്തിൽ ഇതെല്ലാം പ്രധാനമായി ഞാൻ കരുതുന്നു. കവിതാപുസ്തകങ്ങൾ വിറ്റു പോകുന്ന മുറയ്ക്ക് വില്പനശാലകളിൽ എത്തിക്കാത്തതിനെക്കുറിച്ചും വില്പനശാലകളിൽ അവ വേണ്ട വിധം പ്രദർശിപ്പിക്കാത്തതിനെക്കുറിച്ചും കവിതാപുസ്തകങ്ങൾ പ്രസിദ്ധീകരണത്തിന് സ്വീകരിച്ച ശേഷം പുറത്തിറങ്ങാൻ കാലതാമസം നേരിടുന്നതിനെക്കുറിച്ചും സമയബന്ധിതമായി പുതിയ പതിപ്പുകൾ ഇറക്കാത്തതിനെക്കുറിച്ചും കെ.എൽ.എഫ് പോലുള്ള പരിപാടികളിൽ കവിതക്ക് അതർഹിക്കുന്ന ഇടം കിട്ടാത്തതിനെക്കുറിച്ചുമെല്ലാം എനിക്ക് ചില പരാതികളുണ്ട്. എന്നാൽ വിപണിയുടെ വൻ സമ്മർദ്ദമുള്ള ഈ കാലത്തും ലാഭേച്ഛയില്ലാതെ പുതിയ കവികളുടെ കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ഡീ സി ബുക്സ് പുലർത്തുന്ന സാംസ്ക്കാരിക ജാഗ്രതയിൽ ആ പരാതികളെല്ലാം മിക്കവാറും അലിഞ്ഞു പോകുന്നു. മലയാളത്തിലെ ഏറ്റവും പുതിയ തലമുറയിൽ പെട്ട നാലോ അഞ്ചോ കവികളുടെ ആദ്യപുസ്തകങ്ങൾ കഴിഞ്ഞ മാസമാണല്ലോ ഡീ. സി ബുക്സ് പുറത്തിറക്കിയത്.
No comments:
Post a Comment