Tuesday, September 3, 2024

മാട്സ് ട്രാറ്റ് (എസ്റ്റോണിയ, 1936 - 2022)

കവിതകൾ

മാട്സ് ട്രാറ്റ് (എസ്റ്റോണിയ, 1936 - 2022)

1

കനത്തതെന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നവർ
ആദ്യ വാക്കിനെപ്പറ്റി ചിന്തിക്കരുത്
മറിച്ച് അവസാന വാക്കിനെപ്പറ്റി ചിന്തിക്കുക
കാരണം,
സത്യം
പശുവിൻ്റെ അകിട്ടിലെ കട്ടിപ്പാൽക്കൊഴുപ്പു പോലെയാണ്
ഒടുവിലേ അതു വരൂ

2

മേഘമേ,
നരയൻ കണ്ണുകളാൽ കരയല്ലേ
നോക്കൂ, വരക് തഴച്ചു വളർന്നിരിക്കുന്നു

3

ഗ്രാമ മൂപ്പൻ

എൻ്റെ കുടുംബപ്പേര് കല്ലൻ
വീട് കല്ലുകൊണ്ട്
ഹൃദയവും കല്ലുകൊണ്ട്
കുരിശുമാത്രം പിന്നെ
മരം കൊണ്ടായതെന്ത്?

4

പശ്ചാത്താപം

ഓക്കുമരത്തിൻ്റെ വെട്ടിയ ചില്ലക്കു ചുറ്റും
പുതിയ തൊലി വളർന്നിരിക്കുന്നു.
ഒരുപക്ഷേ അതെനിക്കു
മാപ്പു തന്നിരിക്കാം

5

രണ്ടാം ലോകയുദ്ധത്തിനു മുമ്പ്

അതൊരു ചൂടുള്ള വേനൽ ദിവസമായിരുന്നു.
പൂന്തോട്ടത്തിനു മുന്നിലൂടെ പോകുന്ന വഴിയിൽ
വിരൽ കുടിച്ച് ഞാൻ കുത്തിയിരുന്നു
കന്നുകാലിക്കൂട്ടം വീടിനു നേർക്ക് ഓടിപ്പോകുന്നു,
നിലം കുലുക്കിക്കൊണ്ട്.
ഒരു കുഞ്ഞിൻ്റെ സംഭ്രമം:
കന്നാലിക്കൂട്ടത്തിൻ്റെയും ആട്ടിൻപറ്റത്തിൻ്റെയും ഒഴുക്കിന്
ഒരവസാനവുമില്ലെങ്കിൽ
എവിടെപ്പോയൊളിക്കും ഞാൻ?

No comments:

Post a Comment