Tuesday, September 17, 2024

വീഴാതെ

വീഴാതെ



ആറാം വയസ്സിൽ
പാടവരമ്പിലൂടെ നടന്നു പോകുമ്പോൾ
തുറന്ന മാനത്തെ കരിമേഘങ്ങൾക്കു മുന്നിലൂടെ
വെളുത്ത കൊറ്റികളുടെ ഒരു വലിയ നിര
കടന്നു പോകുന്നതു കാൺകേ
വെളിച്ചം കേറി മോഹാലസ്യപ്പെട്ടു വീഴാതെ
അവ പറന്നു മറയുവോളം
നോക്കി നിന്ന
പരമഹംസരാണ്
പിന്നീടു
കവിയായി മാറിയത്
അവൻ കൊറിച്ചു കൊണ്ടിരുന്ന പൊരിയും
താഴെ വീണു ചിതറി.
കൊറ്റികളൊഴിഞ്ഞു ശൂന്യമായ മാനത്തു നിന്നു
കണ്ണെടുത്തപ്പോൾ
മണ്ണിൽ കിടക്കുന്ന പൊരിമണികൾ
അവൻ കണ്ടു.
ആരോ വന്നു
ചുമന്നു കൊണ്ടുപോകുംപോലെയാണ്
അവനും തിരിച്ചു വീടെത്തിയത്.

No comments:

Post a Comment