ഓണം: പരാജയപ്പെട്ട നിർമ്മിതികളുടെ ഉത്സവം
പി. രാമൻ
വീട്ടിലും അയൽപക്കത്തുമുള്ള മറ്റു കുട്ടികളെപ്പോലെ ഓണപ്പൂക്കളമിടുകയും അതിനായി പുലർച്ചെ പൂ തേടി നടക്കുകയും ചെയ്ത ബാല്യമാണ് എൻ്റേതും. പൂക്കളിൽ നോക്കി മുഴുകി കവിതയിലേക്കുണരാൻ ആദ്യമായി അവസരമുണ്ടായത് അന്നാണ്. നാല്പതു കൊല്ലം കഴിഞ്ഞ് ഇപ്പോൾ ഓർക്കുമ്പോൾ ആ കാലം അതിവിദൂരതയിലേക്കു മാഞ്ഞതായി അനുഭവപ്പെടുന്നു. ഇന്നും കുട്ടികൾ ഓണം ആഘോഷിക്കുന്നുണ്ട്. ഇന്നും പൂക്കൾ വിരിയുന്നുണ്ട്. എക്കാലവും പൂക്കാലമായ കേരളത്തിൻ്റെ ഉപവസന്തമാണ് ചിങ്ങമെന്ന് പണ്ട് എ.പി. ഉദയഭാനു എഴുതിയത് കാലാവസ്ഥാമാറ്റത്തിൻ്റെ സമകാലത്തും ചേരുന്നതല്ലാതായിട്ടില്ല. പക്ഷേ ഓണം എന്ന ആഘോഷാനുഭവം എൻ്റെ തലമുറയോ എനിക്കു മുമ്പുള്ള തലമുറകളോ ഉൾക്കൊണ്ട രീതിയിലില്ല എനിക്കു ശേഷം വന്ന തലമുറകൾ ഉൾക്കൊള്ളുന്നത്.
ഫ്യൂഡൽ കാലത്തിൻ്റെ ആഘോഷമായിരുന്നു ഓണം. ആധുനിക ജനാധിപത്യ കാലത്തിനു മുമ്പുള്ള ആഘോഷം. ഫ്യൂഡൽ കാലത്തെ മനുഷ്യബന്ധങ്ങളാണ് ഓണവുമായി ബന്ധപ്പെട്ട പല ആചാരങ്ങളുടെയും അടിസ്ഥാനം. കാഴ്ച്ചക്കുല, കാണം വിറ്റും ഓണം ഉണ്ണുക, ഓണം വന്നാലും ഉണ്ണി പിറന്നാലും തുടങ്ങിയ പദസംഹിതകൾ മലയാളത്തിൻ്റെ ഓർമ്മയിൽ ഇന്നുമുണ്ട്. സ്വാതന്ത്ര്യത്തിലും സമത്വത്തിലും സാഹോദര്യത്തിലുമധിഷ്ഠിതമായ ഒരു ഭരണഘടന നമുക്കു കൈവന്നതോടെ ജാതിമതക്കാലത്തിൻ്റെ ആഘോഷങ്ങളും ആചാരങ്ങളും അപ്രസക്തമായി എന്നതാണ് സത്യം. അപ്പോൾ നാം ഓണത്തെ പുതുകാലത്തിനു ചേർന്ന വിധം മാറ്റിയെടുക്കാൻ ശ്രമിച്ചു. ഓണത്തെ ദേശീയോത്സവമായി കാണാൻ ശ്രമിച്ചു. എന്നാൽ എല്ലാ ജാതിമതസ്ഥരും ഒരുപോലെ ആഘോഷിക്കുന്ന ദേശീയോത്സവമായി ഓണം ഒരിക്കലും മാറുകയുണ്ടായില്ല. അതിൻ്റെ ഫ്യൂഡൽ ഉള്ളടക്കം തന്നെയാവാം ഇതിനു കാരണം. അപ്പോൾ നാം ഓണത്തെ കാർഷികോത്സവമായി കാണാൻ ശ്രമിച്ചു. കൃഷിയുടെ താളം തെറ്റുകയും നമ്മുടേത് ഒരു കാർഷിക സമൂഹമല്ലാതായി മാറുകയും ചെയ്തതോടെ ആ ശ്രമവും പരാജയപ്പെട്ടു. അപ്പോൾ നാം ഓണത്തെ പ്രകൃത്യുത്സവമായി കൊണ്ടാടാൻ ശ്രമിച്ചു. ആഗോളതാപനവും കാലവസ്ഥാ വ്യതിയാനവും നമ്മുടെ വികസന താല്പര്യങ്ങളും ചേർന്ന് കേരളത്തിൻ്റെ പ്രകൃതി തന്നെ മാറി മറിയുകയും അവ്യവസ്ഥമായിത്തീരുകയും ചെയ്തതോടെ ഓണത്തെ പ്രകൃത്യുത്സവമായി കാണാനും നമുക്കു പറ്റാതായി. എല്ലാം കഴിഞ്ഞ് ഇപ്പോൾ ആഗോളവും അത്യുദാരവുമായ വിപണി നാടു പിടിച്ചെടുത്ത സമകാലത്ത് ഓണം ഒരു വിപണിയുത്സവം ആയിത്തീർന്നിട്ടുണ്ട്. കാർഷികോത്സവമോ പ്രകൃത്യുത്സവമോ ആയി ഓണത്തെ കാണാൻ ശ്രമിച്ച തലമുറയാണ് എൻ്റേത്. ഞാൻ വായിച്ചാസ്വദിച്ച വൈലോപ്പിള്ളിയുടെയും പി. കുഞ്ഞിരാമൻ നായരുടെയുമെല്ലാം ഓണക്കവിതകളും ഫ്യൂഡൽ ഓർമ്മകൾ പങ്കിടുന്നതോടൊപ്പം പൂവിൻ്റെയും കതിരിൻ്റെയും ഉത്സവമായി ഓണക്കാലത്തെ ആഘോഷിച്ചവയാണ്. പുതുതലമുറക്ക് സ്വാഭാവികമായും അന്യവും അപ്രസക്തവുമാണ് ഈ കാഴ്ച്ചപ്പാട്. അവർ മാർക്കറ്റിൽ നിന്നു പൂ വാങ്ങി പൂക്കളമിട്ട് സെൽഫിയെടുക്കുക തന്നെ ചെയ്യും.
എല്ലാ മലയാളികളുടേതുമായ ആഘോഷങ്ങൾ തീർച്ചയായും നമുക്കു വേണ്ടതുണ്ട്. ജനാധിപത്യമൂല്യങ്ങളുടെ കാലത്ത് ആഘോഷങ്ങൾ അങ്ങനെയായിരിക്കുക തന്നെ വേണം. അവയിലടങ്ങിയ ജാതി-മതക്കാലത്തിൻ്റെ ഉള്ളടക്കം ചോർത്തിക്കളയണം. എന്നാൽ പകരം ഇപ്പോൾ വിപണിയുടെ മറവിലൂടെ ജാതിമതക്കാലത്തിൻ്റെ മൂല്യങ്ങൾ ഓണങ്കല്പത്തിലേക്ക് തിരികെച്ചേർക്കുന്ന പ്രവർത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു. മാവേലിയെ പിന്തള്ളി വാമനനെ ആഘോഷിക്കുന്ന പ്രവണത അതിൻ്റെ ഭാഗമാണ്. വിപണിയുടെ മറവിലൂടെ പഴയ ഫ്യൂഡൽ സ്വപ്നങ്ങളെ ഒന്നു തലോടി മതവൽക്കരിക്കപ്പെടുന്ന ഓണത്തെക്കുറിച്ച് ഒരു കവിത എന്നെ സംബന്ധിച്ച് ഇന്ന് അസാദ്ധ്യമാണ്.
No comments:
Post a Comment