Friday, September 20, 2024

ലിൻ വാൻ യു കവിതകൾ(തായ് വാൻ,ചൈനീസ്,ജനനം 1977)

ലിൻ വാൻ യു കവിതകൾ 

(തായ് വാൻ,ചൈനീസ്,ജനനം 1977)


1
വിടർച്ചയുടെ വേഗം


ഇനിയും വിരിഞ്ഞു തുടങ്ങിയിട്ടില്ലാത്ത
ലില്ലിപ്പൂക്കൾ കൊണ്ടു തീർത്ത ഒരു പൂച്ചെണ്ടു
ഞാൻ വാങ്ങി
നീ യാത്ര പുറപ്പെടുന്ന രാത്രി
നിനക്കു സമ്മാനിച്ചു.
"അടുത്തയാഴ്ച്ചയേ ഇവ വിടരൂ"
നീയൊന്നും പറഞ്ഞില്ല.
സന്തോഷമോ സന്തോഷമില്ലായ്മയോ കാണിക്കാതെ
മൊട്ടിട്ട പൂച്ചെണ്ടു സ്വീകരിച്ചു

ഒരാഴ്ച്ച കഴിഞ്ഞ്
നിൻ്റെ മുറിയിൽ
പരിശുദ്ധവും മധുരതരവുമായ മണത്തോടെ
പൂക്കൾ വിടരും
ആ സന്തോഷം
എൻ്റെ സമ്മാനമായിരുന്നെന്ന്
നീയോർക്കും

(അതങ്ങനെ തന്നെയാകുമോ? നീയോർക്കുമോ?)
നിനക്കും എനിക്കും അരികിലിതണയുമ്പോൾ
എൻ്റെ വരുതിയിലുള്ള ഒരേയൊരു കാര്യം
ആ വിടർച്ചയുടെ വേഗം മാത്രമാണ്
മറ്റൊന്നുമല്ല


2
ശരികേടുകൾ


ഹൃദയത്തിന്നാഴത്തിൽ
ഞാൻ ഇഷ്ടപ്പെടുന്നതു രണ്ടോ മൂന്നോ കവിതകൾ
എന്നാൽ
അവയുടെ പേര് ഉറക്കെപ്പറയാൻ
എനിക്കാവുകയില്ല
ഞാൻ പരാമർശിക്കാത്ത കവിതകൾക്കു
സങ്കടമായാലോ!
ഒരു പ്രത്യേക വ്യക്തിയെ
ഹൃദയത്തിന്നാഴത്തിൽ ഞാൻ സ്നേഹിക്കുന്നു
എന്നാൽ
അയാളുടെ പേര്
അഭിമാനത്തോടെ ഉറക്കെപ്പറയാൻ എനിക്കാവുകയില്ല
ഞാൻ സ്നേഹിക്കാത്തവർ അസന്തുഷ്ടരായാലോ!
കൊടുത്തു തീർക്കാനായി
വർണ്ണശബളമായ മധുരങ്ങളുണ്ടെൻ്റെ പോക്കറ്റിൽ
എന്നാൽ എനിക്കതാരെയും കാണിക്കാനാവില്ല
മധുരം കിട്ടാത്തവർ
ഉറപ്പായും ഉറപ്പായും
എൻ്റെ പോക്കറ്റിനു നേർക്കിരച്ചു വന്ന്
അതു കീറിപ്പറിച്ചാലോ!
അങ്ങനെ...... ഞാനെൻ്റെ കവിതകൾ
രഹസ്യമായ് വായിക്കുന്നു
ഞാനൊരാളെ രഹസ്യമായ് സ്നേഹിക്കുന്നു
മധുരങ്ങൾ രഹസ്യമായ് കയ്യിൽ മുറുക്കിപ്പിടിക്കുന്നു
അവ പതുക്കെപ്പതുക്കെ
അലിഞ്ഞു തീരുകയാണെങ്കിലും.
ഞാൻ മധുരപ്രിയ,
മധുരങ്ങളെനിക്കു നഷ്ടമായ്ക്കൊണ്ടേയിരിക്കുന്നു



No comments:

Post a Comment