Thursday, September 26, 2024

പോക്കുവെയിലിൽ ഒരു ദുഃസ്വപ്നം

പോക്കുവെയിലിൽ ഒരു ദുഃസ്വപ്നം


ഈ സ്‌റ്റേഷനിൽ നിന്നും

ഇപ്പോൾ കയറിയ

ഈ യാത്രക്കാരൻ

ഒന്നിരുന്നു കിതപ്പാറ്റി

ചുറ്റും നോക്കിയപ്പോഴാണു കണ്ടത് :

തീവണ്ടിജ്ജനാലക്കൽ

പോക്കുവെയിലേറ്റ്

മുട്ടുകയ്യിൽ മുഖമൂന്നിയിരുന്നു

സ്വപ്നം കാണുന്ന പെൺകുട്ടിയുടെ

താഴേക്കു മടങ്ങിയ

അഞ്ചു കൈവിരൽനഖങ്ങൾ

ഓരോന്നിൽ നിന്നും

തുളുമ്പി നിൽക്കുന്നു,

ഇറ്റു വീഴാറായ്

ഇറ്റു വീഴാതെ

ഓരോ തുള്ളിച്ചോര

Friday, September 20, 2024

ലിൻ വാൻ യു കവിതകൾ(തായ് വാൻ,ചൈനീസ്,ജനനം 1977)

ലിൻ വാൻ യു കവിതകൾ 

(തായ് വാൻ,ചൈനീസ്,ജനനം 1977)


1
വിടർച്ചയുടെ വേഗം


ഇനിയും വിരിഞ്ഞു തുടങ്ങിയിട്ടില്ലാത്ത
ലില്ലിപ്പൂക്കൾ കൊണ്ടു തീർത്ത ഒരു പൂച്ചെണ്ടു
ഞാൻ വാങ്ങി
നീ യാത്ര പുറപ്പെടുന്ന രാത്രി
നിനക്കു സമ്മാനിച്ചു.
"അടുത്തയാഴ്ച്ചയേ ഇവ വിടരൂ"
നീയൊന്നും പറഞ്ഞില്ല.
സന്തോഷമോ സന്തോഷമില്ലായ്മയോ കാണിക്കാതെ
മൊട്ടിട്ട പൂച്ചെണ്ടു സ്വീകരിച്ചു

ഒരാഴ്ച്ച കഴിഞ്ഞ്
നിൻ്റെ മുറിയിൽ
പരിശുദ്ധവും മധുരതരവുമായ മണത്തോടെ
പൂക്കൾ വിടരും
ആ സന്തോഷം
എൻ്റെ സമ്മാനമായിരുന്നെന്ന്
നീയോർക്കും

(അതങ്ങനെ തന്നെയാകുമോ? നീയോർക്കുമോ?)
നിനക്കും എനിക്കും അരികിലിതണയുമ്പോൾ
എൻ്റെ വരുതിയിലുള്ള ഒരേയൊരു കാര്യം
ആ വിടർച്ചയുടെ വേഗം മാത്രമാണ്
മറ്റൊന്നുമല്ല


2
ശരികേടുകൾ


ഹൃദയത്തിന്നാഴത്തിൽ
ഞാൻ ഇഷ്ടപ്പെടുന്നതു രണ്ടോ മൂന്നോ കവിതകൾ
എന്നാൽ
അവയുടെ പേര് ഉറക്കെപ്പറയാൻ
എനിക്കാവുകയില്ല
ഞാൻ പരാമർശിക്കാത്ത കവിതകൾക്കു
സങ്കടമായാലോ!
ഒരു പ്രത്യേക വ്യക്തിയെ
ഹൃദയത്തിന്നാഴത്തിൽ ഞാൻ സ്നേഹിക്കുന്നു
എന്നാൽ
അയാളുടെ പേര്
അഭിമാനത്തോടെ ഉറക്കെപ്പറയാൻ എനിക്കാവുകയില്ല
ഞാൻ സ്നേഹിക്കാത്തവർ അസന്തുഷ്ടരായാലോ!
കൊടുത്തു തീർക്കാനായി
വർണ്ണശബളമായ മധുരങ്ങളുണ്ടെൻ്റെ പോക്കറ്റിൽ
എന്നാൽ എനിക്കതാരെയും കാണിക്കാനാവില്ല
മധുരം കിട്ടാത്തവർ
ഉറപ്പായും ഉറപ്പായും
എൻ്റെ പോക്കറ്റിനു നേർക്കിരച്ചു വന്ന്
അതു കീറിപ്പറിച്ചാലോ!
അങ്ങനെ...... ഞാനെൻ്റെ കവിതകൾ
രഹസ്യമായ് വായിക്കുന്നു
ഞാനൊരാളെ രഹസ്യമായ് സ്നേഹിക്കുന്നു
മധുരങ്ങൾ രഹസ്യമായ് കയ്യിൽ മുറുക്കിപ്പിടിക്കുന്നു
അവ പതുക്കെപ്പതുക്കെ
അലിഞ്ഞു തീരുകയാണെങ്കിലും.
ഞാൻ മധുരപ്രിയ,
മധുരങ്ങളെനിക്കു നഷ്ടമായ്ക്കൊണ്ടേയിരിക്കുന്നു



തിരികെ താ

തിരികെ താ


അച്ഛനുറങ്ങട്ടെ എന്നു വിചാരിച്ചാവാം
മകൻ വലുതായപ്പോൾ
എൻ്റെ ഉറക്കമില്ലായ്മ
എന്നോടു ചോദിക്കാതെ എടുത്തുകൊണ്ടുപോയി.
അതു തിരികെത്താടാ
എന്നിട്ടു നീയൊന്നുറങ്ങ്

നഗ്നത

നഗ്നത


തിരശ്ശീലയുയരും പോലെ
രാത്രി മേലേക്കു മേലേക്കു
തെറുത്തു കയറുമ്പോൾ
വെളിപ്പെടുന്നൂ പരിശുദ്ധനഗ്നത

Tuesday, September 17, 2024

വീഴാതെ

വീഴാതെ



ആറാം വയസ്സിൽ
പാടവരമ്പിലൂടെ നടന്നു പോകുമ്പോൾ
തുറന്ന മാനത്തെ കരിമേഘങ്ങൾക്കു മുന്നിലൂടെ
വെളുത്ത കൊറ്റികളുടെ ഒരു വലിയ നിര
കടന്നു പോകുന്നതു കാൺകേ
വെളിച്ചം കേറി മോഹാലസ്യപ്പെട്ടു വീഴാതെ
അവ പറന്നു മറയുവോളം
നോക്കി നിന്ന
പരമഹംസരാണ്
പിന്നീടു
കവിയായി മാറിയത്
അവൻ കൊറിച്ചു കൊണ്ടിരുന്ന പൊരിയും
താഴെ വീണു ചിതറി.
കൊറ്റികളൊഴിഞ്ഞു ശൂന്യമായ മാനത്തു നിന്നു
കണ്ണെടുത്തപ്പോൾ
മണ്ണിൽ കിടക്കുന്ന പൊരിമണികൾ
അവൻ കണ്ടു.
ആരോ വന്നു
ചുമന്നു കൊണ്ടുപോകുംപോലെയാണ്
അവനും തിരിച്ചു വീടെത്തിയത്.

Sunday, September 15, 2024

തിര തുള്ളുന്ന തീരം

തിര തുള്ളുന്ന തീരം


പി. രാമൻ

1

ഒരു ജനക്കൂട്ടം. അവർ എല്ലാവരും ഒരു വശത്തേക്കു തള്ളുന്നു. വേദിയുടെ ഒരു വശത്തു നിന്നും മറുവശത്തേക്ക്. കൂട്ടത്തിൽ ഒരാൾ സീൽക്കാരശബ്ദത്തിൽ തള്ളുന്നതിൻ്റെ താളത്തിൽ മന്ത്രിക്കുന്നു:

തള്ള്..... തള്ള്....
ഗുണ്ടും കതിനയും
ചെവിയിൽ പൊട്ടാൻ
തള്ള് ..... തള്ള് .....
അമരത്തിൽ പൊട്ടി
ഹൃദയത്തിൽ കത്താൻ
തള്ള് ..... തള്ള്...
വെടിക്കെട്ടുകാവിലെ
മരുന്നു പണിക്ക്
തീപ്പിടിക്കാനിനി
നിമിഷങ്ങൾ മാത്രം

(തള്ളുന്നതിനിടയിൽ ഒരാൾ തൊട്ടരികെ തള്ളിക്കൊണ്ടിരിക്കുന്നയാളുടെ മുഖത്തേക്കു നോക്കി പരിചയം ഭാവിക്കുന്നു)

ആൾ 1 : നിങ്ങളെ എവിടെയോ പരിചയമുള്ള പോലെ. ഈ നാട്ടുകാരൻ തന്നെയാണോ?
ആൾ 2 : കാണാൻ സാധ്യതയില്ല. മാവേലിക്കരയീന്നാ
ആൾ 1 : വെടിക്കെട്ടു കാണാൻ ഇത്ര ദൂരത്തുന്നോ?
ആൾ 2 : പിന്നേ.... ഞാൻ എല്ലാ കൊല്ലവും വരാറുണ്ട്. അതങ്ങ് കത്തിപ്പിടിക്കുമ്പോഴത്തെ ഇടികുടുക്കമൊണ്ടല്ലോ, ഇതാ (സ്വന്തം നെഞ്ഞിൽ ചൂണ്ടി) ഇവിടെയാ
ആൾ 3 (ഉറക്കെ, സ്വഗതം) രണ്ടു മണിക്കൂറായി നിൽക്കുന്നു. ഇനി എത്ര കഴിയണമാവോ?

(പെട്ടെന്ന് വശത്തുനിന്നും തള്ളിൻ്റെ ഒരല ആളുകൾക്കുമേൽ കടന്നുപോകുന്നു. കാറ്റിൽ ചെടികൾ ചായുമ്പോലെ ആൾക്കാർ മറുവശത്തേക്കു ചായുന്നു.
പെട്ടെന്ന് മാനത്ത് ഒരു ചൈനീസ് പടക്കം ഉയർന്നു പൊട്ടി വർണ്ണശോഭയോടെ വിടർന്ന് മാനത്ത് ഇങ്ങനെ എഴുതിക്കാണിക്കുന്നു: വെടിക്കെട്ടു കാവിലെ വെടിക്കെട്ട് ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവെച്ചിരിക്കുന്നു)

2

ഗ്രാമഫോൺ കോളാമ്പിപോലെ ഉള്ളിലേക്ക് ചുഴിപ്പുള്ള വലിയ ഒരു സൗണ്ട് ബോക്സ്. സ്‌റ്റേജിൻ്റെ ഒരു വശത്തുനിന്ന് ഒരു യുവാവ് വേഗത്തിൽ ശരീരമിളക്കി പാശ്ചാത്യ രീതിയിൽ നൃത്തം ചെയ്തുകൊണ്ട് വരുന്നു. ശരീരം ഇളക്കുന്നതിൻ്റെ വേഗത്തിൽ നിന്നൂഹിക്കാം, ബോക്സിൽ നിന്നു വരുന്ന പാട്ടിൻ്റെ ആവേശം. കുറച്ചു നേരം ബോക്സിനു മുന്നിൽ നിന്നു നൃത്തം ചെയ്ത ശേഷം പെട്ടെന്ന് അതിൻെ ചുഴിപ്പിലേക്ക് തല ചേർത്തു വയ്ക്കുന്നു. കൈകൾ പൂർവ്വാധികം വേഗത്തോടെ താളത്തിൽ ചലിപ്പിക്കുന്നു. ഒറ്റച്ചാട്ടത്തിന് ബോക്സിൻ്റെ ചുഴിപ്പിലേക്ക് വലിഞ്ഞു കയറി ചുരുണ്ടിരിക്കുന്നു.  ബോക്സിൽ നിന്ന് അടിപൊളി പാട്ട് ഉച്ചസ്ഥായിയിൽ ഉയരുന്നത് ഇപ്പോൾ നമുക്കും കേൾക്കാം.  ബോക്സിൻ്റെ ചുഴിപ്പിൽ ചുരുണ്ടിരിക്കുന്ന യുവാവിനെ പക്ഷേ കാണാനില്ല.

3
രംഗത്ത് മൂന്നു കസേരകളിൽ മൂന്നു പേർ ഇരിക്കുന്നു. ഒരുവൻ്റെ കൈയ്യിൽ മൈക്കുണ്ട്. അയാൾ മൈക്കിൽ സംസാരിക്കുന്നു.

മോഡറേറ്റർ : (സദസ്സിനെ നോക്കി) അപ്പോൾ പ്രിയമുള്ളവരേ, ഇനി നമുക്ക് വിഷയത്തിലേക്കു കടക്കാം. ഇന്നത്തെ ഈ സെഷൻ മോഡറേറ്റു ചെയ്യുക എന്നത് എൻ്റെ ഉത്തരവാദിത്തം കൂടിയാണ് എന്നു ഞാൻ കരുതുന്നു. താരതമ്യേന നിശ്ശബ്ദമായ ഒരു കുട്ടിക്കാലത്തു നിന്ന് ഈ ലോകത്തിൻ്റെ ബഹളങ്ങളിലേക്കു തെറിച്ചു വീണ ഒരാളാണ് ഞാൻ. ഇപ്പോൾ ഈ വേദി പങ്കിടുന്ന ഇവർ എൻ്റെ ശൈശവ മൗനം തകർത്ത രണ്ടു ശബ്ദങ്ങളാണ്. ഒന്ന്, ഞാൻ വട്ടുരുട്ടിക്കളിക്കുമ്പോൾ പെട്ടെന്നു വളവു തിരിഞ്ഞു വന്ന് നീട്ടിയടിച്ച് എന്നെ ഞെട്ടിച്ചു കളഞ്ഞ ഒരു ലോറിയുടെ ഹോറനാണ്. മറ്റേത് അച്ഛൻ്റെ കൂടെ ആദ്യമായി മൃഗശാല കാണാൻ പോയപ്പോൾ കേട്ടു ഭയന്ന സിംഹഗർജ്ജനം. എൻ്റെ ഈ ചെറിയ ജീവിതത്തിൽ അവർക്കുള്ള സ്ഥാനത്തെപ്പറ്റി അവരെന്തു വിചാരിക്കുന്നു എന്ന് ചോദിച്ചു കൊണ്ട് ഈ സെഷൻ തുടങ്ങാം. ലോറി ഹോറണോടാണ് ആദ്യത്തെ ചോദ്യം. കാലം വളരെ കഴിഞ്ഞിരിക്കുന്നു. ഓർമ്മയുണ്ടോ താങ്കൾക്കെന്നെ?

(മൈക്ക് ലോറി ഹോണിന് കൈമാറുന്നു.ലോറി ഹോൺ നീട്ടി മുഴങ്ങുമ്പോൾ മോഡറേറ്റർ ഞെട്ടിത്തെറിച്ച് എണീറ്റ് കസേരയുമെടുത്ത് ഓടിമറയുന്നു. ഇപ്പോൾ വേദിയിൽ ഹോറനും സിംഹഗർജ്ജനവും മാത്രം. ഹോറൻ നീട്ടിമുഴങ്ങുമ്പോൾ സിംഹഗർജ്ജനം മൈക്ക് പിടിച്ചു വാങ്ങി തിരകളായി ഉയരുന്നു)

4

രംഗത്ത് രണ്ടു പേർ. ഒരാൾ പരുങ്ങുന്ന ഭാവത്തിൽ. മറ്റേയാൾക്ക് അധികാരഭാവം.
ഒരാൾ: (ഉറക്കെ) നിൻ്റെ പേരെന്താ?

മറ്റേയാൾ: (പതുക്കെ) വിനോദ്

ഒരാൾ : (കൂടുതൽ ഉറക്കെ) സ്ഥലം?

മറ്റേയാൾ: (പതുക്കെ) എടപ്പ

ഒരാൾ : (കൂടുതൽ ഉറക്കെ) ഇവിടെ എന്താ?

മറ്റേയാൾ: (പതുക്കെ, വിനയഭാവത്തിൽ) ഒരാളെ കാണാനുണ്ട്.

ഒരാൾ : (കൂടുതൽ ഉറക്കെ) ആരെ?

മറ്റേയാൾ : (പതുക്കെ, പരുങ്ങലോടെ) അത് ....

ഒരാൾ: (ഉച്ചത്തിൽ ആക്രോശിച്ചു കൊണ്ട്) പരുങ്ങുന്നോ, പറയെടാ. താനെന്തിനിവിടെ കറങ്ങി നടക്കുന്നു? കുറേ നേരമായല്ലോ. നിന്നെ ഞാൻ ശരിയാക്കുന്നുണ്ട്

മറ്റേയാൾ (പതുക്കെ) പൊന്നു ചേട്ടാ, സത്യമാ പറഞ്ഞത് (പെട്ടെന്ന് ഒരാളുടെ നേരെ ചെന്ന് മുഖത്തോടു മുഖം ചേർത്തുവെച്ച് ഉറക്കെ അലറുന്നു) ഡാ നായെ.. എന്നാൽ നീയൊന്നു ശരിയാക്കടാ .... കാണട്ടടാ

ഒരാൾ : (ഞെട്ടുന്നു. ഉടൻ ശബ്ദം താഴ്ത്തി) ഓ..... അങ്ങേരെ കാണാനാണോ? അതങ്ങു നേരത്തേ പറയണ്ടേ (സ്റ്റേജിൻ്റെ പിറകിലേക്കു ചൂണ്ടി) അതാ അതിലേ. ഞാൻ കാണിച്ചു തരാം (വേദിക്കു പിന്നിലേക്കു നടന്നു മറയുന്നു.ഒന്നു കൂടി പരുങ്ങി നിന്ന ശേഷം മറ്റേയാൾ എതിർ വശത്തേക്കും നടന്നു മറയുന്നു. രംഗമിപ്പോൾ ശൂന്യമാണെങ്കിലും അവിടെ നടന്ന സംഭാഷണം പ്രതിദ്ധ്വനിക്കും പോലെ താണും ഉയർന്നും താണും ഉയർന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു രംഗം ഇരുളുന്നു)

5

രംഗത്ത് ഇരുട്ട്. വെളിച്ചം വീണ് കൂടിക്കൂടി വന്ന് അതിതീവ്ര വെളിച്ചമാകുമ്പോൾ വേദിയുടെ നടുവിൽ ഒരു മനുഷ്യരൂപം തെളിയുന്നു. കവിയാണ്. ഒരേ സമയം തനിക്കും സദസ്സിനുമായി അയാൾ കവിത ചൊല്ലുന്നു:

പകലിലെങ്ങനെ കവിത ചൊല്ലുവാൻ
പരിഹസിക്കില്ലേ സകലരും?

(അയാൾ വരി ആവർത്തിച്ചു ചൊല്ലുന്നു. പെട്ടെന്ന് ഇരുട്ടാവുന്നു)

ഇരുട്ടിലീ രാവിലുരുക്കഴിക്കുമ്പോൾ
ഉറക്കം ഞെട്ടിടാം ഉലകിനും
പിറുപിറുത്തേക്കാം, അടച്ചുവയ്ക്കുകാ -
ക്കവിതയെന്നു കൺതുറിച്ചേക്കാം

(പെട്ടെന്ന് ഇരുട്ടിൽ ഒരു മഴ ഇരമ്പിപ്പെയ്യുന്ന ശബ്ദം കൂടിക്കൂടി വരുന്നു)

പെരുമഴയുടെ മറയ്ക്കുള്ളിൽ വെച്ചേ
കവിത ചൊല്ലാവൂ രഹസ്യമായ്
മഴയുടെ മഹാരവം പുറത്തെല്ലാം
കവിത ചൊല്ലുന്നുണ്ടകത്തൊരാൾ

(മഴയുടെ ശബ്ദം നേർത്തുവരുന്നതോടൊപ്പം യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിൻ്റെ ശബ്ദം കൂടിക്കൂടി വന്ന് ഒടുവിൽ അതു മാത്രമാകുന്നു)

അലറുന്ന യന്ത്രനിരയിലിന്നൊരു
കരിനിഴലായിച്ചുരുളവേ
ഇതാണുറക്കനെ കവിത ചൊല്ലുവാ -
നവസരം - എൻ്റെ പ്രതികാരം

(വെളിച്ചം തെളിയുമ്പോൾ വലിയ യന്ത്രങ്ങൾക്കിടയിൽ നിന്ന് ഏതോ ലിവർ തിരിച്ചുയർത്തുന്ന കരിപുരണ്ട ഒരാൾരൂപം തെളിഞ്ഞുവരുന്നു)


6

രണ്ടു പേർ ചേർന്ന് അലാങ്കുകൊണ്ട് ഒരു കുഴി കുഴിച്ചു കൊണ്ടിരിക്കുന്നു. കൈയ്യിട്ട് മണ്ണെടുത്ത് പുറത്തേക്കിടുന്നു.
ഒന്നാമൻ: പോരാ, കുറച്ചു കൂടി കുഴിക്കണം
രണ്ടാമൻ : ഉയരെ ഉയരെ ഉയരെ കേറിപ്പൊട്ടാൻ പാകത്തിന്
ഒന്നാമൻ: നാടിൻ്റെ ചെവി പൊട്ടണം
(കൂടുതൽ ആഴത്തിൽ കുഴിക്കുന്നു)

രണ്ടാമൻ : എത്ര ആഴത്തിൽ വെടിമരുന്ന് നിറക്കുന്നോ അത്ര മേലേക്കു പൊങ്ങും.
ഒന്നാമൻ : വെടിമരുന്നു മാത്രം പോരാ...
രണ്ടാമൻ : കുപ്പിച്ചില്ലു വേണം
ഒന്നാമൻ: ആണി വേണം
രണ്ടാമൻ : ഇരിമ്പുണ്ടകൾ ഇടാം
ഒന്നാമൻ: അതിനേക്കാൾ നല്ലത് നല്ല മൂർച്ചയുള്ള നാലു കത്തിമുനയാണ്
രണ്ടാമൻ : എടോ പണ്ട് പത്ത് സീ യിൽ വെച്ച് കുമാരിട്ടീച്ചറ് പഠിപ്പിച്ച കൊറച്ച് അക്ഷരങ്ങളുണ്ടായിരുന്നല്ലോ. അവ ഇതിലിടാം. അങ്ങട് പൊട്ടട്ടെ
ഒന്നാമൻ: ടീച്ചറ് പാവമാ..... ആ പരമേശരൻ മാഷെ ജീവനോടെ കൊണ്ടന്ന് ഇതിലിടുന്നതാ നല്ലത്.
രണ്ടാമൻ: നമുക്കാ വിടുവായൻ പഞ്ചായത്തു പ്രസിഡണ്ടിൻ്റെ നാവറുത്ത് ഇതിലിടാൻ പറ്റുമോ എന്നാ എനിക്കറിയേണ്ടത്.
ഒന്നാമൻ : ഹൊ, ഇതിങ്ങനെ ഇട്ടുപോയാൽ എന്തോരം കനത്തിലാ പൊട്ടുക! എനിക്കു കാണാൻ തിരക്കായി
രണ്ടാമൻ : പ്രസിഡണ്ടിൻ്റെ നാവ്
ഒന്നാമൻ: കണ്ടമ്പൂച്ചത്തല
രണ്ടാമൻ : കോഴിയുടെ പൂവ്
ഒന്നാമൻ: നേതാവിൻ്റെ കുമ്പ
രണ്ടാമൻ : പട്ടിയുടെ ഓളി
ഒന്നാമൻ : കൂമൻ്റെ കണ്ണ്
രണ്ടാമൻ : അടിയാധാരം
ഒന്നാമൻ : ആധാരക്കാർഡ്
രണ്ടാമൻ: എസ് എസ് എൽ സി ബുക്ക്
ഒന്നാമൻ: നികുതിച്ചീട്ട്
രണ്ടാമൻ: ഒച്ച കൂടട്ടെ
ഒന്നാമൻ: കേറിപ്പൊട്ടട്ടെ

(കുഴിയിൽ ഇടേണ്ട വസ്തുക്കളുടെ പേരുകൾ രണ്ടാളും മാറി മാറിപ്പറഞ്ഞു കൊണ്ടിരിക്കുന്നതിൻ്റെ കലപിലയിൽ രംഗം ഇരുളുന്നു)

7

രംഗത്ത് രണ്ടു ചെണ്ടകൾ. ഒന്നിൻ്റെ വശത്ത് മേളത്തിനു ക്ഷണമുള്ള ചെണ്ട എന്ന് എഴുതിയിട്ടുണ്ട്.

മുണ്ടുടുത്ത് കഴുത്തിൽ സ്വർണ്ണമാലയിട്ട ഒരാൾ സ്റ്റേജിനു പിന്നിൽ നിന്നു മുന്നിലേക്കു വന്ന് സദസ്സിനു നേർക്കു കൈ കൂപ്പി മേളത്തിനു ക്ഷണമുള്ള ചെണ്ടയിൽ തൊട്ടു തലയിൽ വെച്ച് എടുത്തു തോളിലിട്ടു കൊട്ടാൻ തുടങ്ങുന്നു. അവജ്ഞയോടെ തൊട്ടപ്പുറത്തെ ചെണ്ടയെ നോക്കുന്നു. മുണ്ടുടുത്ത് സ്വർണ്ണമാലയിടാത്ത മറ്റൊരാൾ വന്ന് സദസ്സിനെ തൊഴുത് മറ്റേ ചെണ്ട തൊട്ടു തലയിൽ വെച്ച് തോളിലിട്ട് കൊട്ടാൻ തുടങ്ങുന്നു.

മേളത്തിനു ക്ഷണമുള്ള ചെണ്ട : (കൊട്ടു നിർത്തി) ഛായ്...... അബദ്ധം അബദ്ധം...... തന്നെയാരാ ഇങ്ങോട്ടു ക്ഷണിച്ചേ?

മേളത്തിനു ക്ഷണമില്ലാത്ത ചെണ്ട :  ഇതെൻ്റെ ചെണ്ട. മേളത്തിനാരും വിളിക്കാത്ത ചെണ്ട. എനിക്കു തോന്നുമ്പോൾ ഞാൻ വന്നു കൊട്ടും

മേളത്തിനു ക്ഷണമുള്ള ചെണ്ട : അങ്ങനെ എവിടെയും വന്നു കൊട്ടാൻ തനിക്ക് അനുവാദമില്ല. തേവർക്ക് എൻ്റെ കൊട്ടേ രസിക്കൂ. തൻ്റെ കൊട്ട് രസിക്കില്ല.

മേളത്തിനു ക്ഷണമില്ലാത്ത ചെണ്ട : അതൊക്കെ പണ്ട്. ആ കാലമൊക്കെ മാറിയത് മേളത്തിനു വിളിക്കുന്ന ചെണ്ട അറിഞ്ഞില്ലെന്നുണ്ടോ? ഇത് പൊതു സ്ഥലമാ. നിങ്ങൾക്കും എനിക്കും കൊട്ടാൻ ഒരുപോലെ അവകാശം തന്നിട്ടുള്ളത് ഈ രാജ്യത്തെ നിയമമാ.അറിയില്ലെങ്കിൽ പറഞ്ഞേക്കാം.

മേളത്തിനു ക്ഷണമുള്ള ചെണ്ട : ഓഹോ ...... വായിൽ നാവൊക്കെ വന്നു അല്ലേ..... ശരി ശരി, നിൻ്റെ കൊട്ടു കേൾക്കാൻ ആരാ ഉണ്ടാവുക എന്നു കാണാമല്ലോ

(രണ്ടാളും കൊട്ടിക്കയറുന്നു. കേൾക്കാൻ ആളുകൾ കൂടുന്നു. മേളത്തിനു ക്ഷണമുള്ള ചെണ്ട എന്ന് എഴുതിവെച്ച ലേബൽ കണ്ട് ആ ചെണ്ടക്കു ചുറ്റും ആളു കൂടുന്നു. മേളത്തിനു ക്ഷണമില്ലാത്ത ചെണ്ടക്കു ചുറ്റും വന്നവർ പോലും ലേബൽ കണ്ട് അപ്പുറത്തേക്കു മാറുന്നു. ക്ഷണമില്ലാത്ത ചെണ്ടക്കാരൻ അതുകണ്ട് തളരുന്നു. കൊട്ടു നിർത്തി എന്തോ ആലോചിച്ചു നിൽക്കുന്നു. അപ്പുറത്തെ ആൾക്കൂട്ടത്തെ നോക്കുന്നു. പെട്ടെന്ന് തീരുമാനിച്ചുറച്ച പോലെ ചാടിക്കൊണ്ടു കൊട്ടാൻ തുടങ്ങുന്നു. ചാഞ്ഞ് , ചെരിഞ്ഞ്, മാനത്തേക്കു ചാടിയുയർന്ന് കൊട്ടു തുടരുമ്പോൾ അപ്പുറത്തെ കാണികൾ അത്ഭുതത്തോടെ ഇപ്പുറം നോക്കുന്നു. പതുക്കെ ഓരോരുത്തരായി ഇപ്പുറം വരുന്നു. ഇപ്പോൾ മേളത്തിനു വിളിക്കുന്ന ചെണ്ടക്കു ചുറ്റും ആരുമില്ല. ആൾക്കൂട്ടത്തിൻ്റെ തലക്കു മുകളിലൂടെ ക്ഷണമില്ലാത്ത ചെണ്ട കൊട്ടിക്കയറുന്നു. പെട്ടെന്ന് പിന്നിൽ ഒരു അലർച്ച കേൾക്കുന്നു. ചുകന്ന താടി വേഷത്തിൻ്റെ അലർച്ച. കൊട്ടുകാർ ഇരുവരും കൊട്ടു നിർത്തുന്നു. കാണികളും കൊട്ടുകാരും അതെന്താണ് എന്നറിയാൻ പിന്നിലെ ഇരുട്ടിലേക്കു നോക്കുമ്പോൾ വീണ്ടും അലർച്ച കേൾക്കുന്നു)

കൂട്ടത്തിലൊരു കാണി (പിന്നിലേക്കു നോക്കി, ഉറക്കെ) : ആരെടാ അത്?
(അലർച്ച ഒന്നുകൂടി അടുത്തു നിന്നു കേൾക്കുന്നു. തുടർന്ന് അലർച്ച ഇങ്ങനെ പറയുന്നു)

അലർച്ച : അരങ്ങത്തേക്കു വിളിക്കാത്ത കഥകളിക്കാരനാണേ.

(പിന്നിൽ നിന്നും അലർച്ച ഒന്നുകൂടി ഉയരുമ്പോൾ മേളത്തിനു ക്ഷണിക്കാത്ത ചെണ്ടക്കാരൻ ചെണ്ടയുമായി ഉയർന്നു ചാടി അമരത്തിൽ കൊട്ടുന്നു. ചെണ്ട കൊട്ടും അലർച്ചയും ചേർന്ന് ഒന്നാവുന്നു)


8

ഉച്ചഭാഷിണി 1 : എൻ്റെ പ്രാർത്ഥന അഞ്ചു മിനിറ്റ്
ഉച്ചഭാഷിണി 2 : എങ്കിൽ എൻ്റെ പ്രാർത്ഥന ആറു മിനിറ്റ്
ഉച്ചഭാഷിണി 1 : എന്നാൽ പിന്നെ എൻ്റെ പ്രാർത്ഥന ഏഴു മിനിറ്റ്
ഉച്ചഭാഷിണി 2 : വിടില്ല ഞാൻ, എൻ്റെ പ്രാർത്ഥന എട്ടു മിനിറ്റ്
ഉച്ചഭാഷിണി 1 : എൻ്റെ പ്രാർത്ഥന പകലു മുഴുക്കെ
ഉച്ചഭാഷിണി 2 : എൻ്റെ പ്രാർത്ഥന ദിവസം മുഴുവൻ
ഉച്ചഭാഷിണി 1 : എൻ്റെ പ്രാർത്ഥന കൊല്ലം മുഴുവൻ
ഉച്ചഭാഷിണി 2 : അമ്പടാ, എൻ്റെ പ്രാർത്ഥന അനന്തകാലം


9

(അരങ്ങിൻ്റെ പിന്നിൽ ഇരുട്ട്. മുന്നിൽ വെളിച്ചം തെളിഞ്ഞു വരുന്നു. ഒരു മനുഷ്യരൂപം അരങ്ങിൻ്റെ പിന്നിലൂടെ നടന്നു നീങ്ങും പോലെ തോന്നുന്നു. നടന്നു നീങ്ങുന്നതനുസരിച്ച് പിന്നിൽ നിരത്തി വെച്ച ഓരോ വാദ്യോപകരണത്തിൽ നിന്നും ശബ്ദമുയരുന്നു. അയാൾ അവയോരോന്നും കൊട്ടി നോക്കി ശബ്ദം പരിശോധിച്ചു കൊണ്ടാണ് നീങ്ങുന്നത്. ഓരോ വാദ്യത്തിനും ഓരോ ശബ്ദം. പെട്ടെന്ന് കൊട്ടു നിലയ്ക്കുന്നു. രണ്ടു നിമിഷത്തെ മൗനം. കൊട്ടുകാരൻ വേദിക്കു മുന്നിലേക്കു വന്ന് സദസ്സിനോടായി പറയുന്നു)

കൊട്ടുകാരൻ : കേട്ടല്ലോ....... നമ്മുടെ പ്രശസ്തമായ ശബ്ദങ്ങളാണ്....... ഇബറ്റങ്ങളുടെ ശബ്ദമൊന്നും ഇന്നത്തെ കാലത്തിനു ചേരുമെന്ന് ഞാൻ വിചാരിക്കുന്നില്ല. അങ്ങാടിയുടെ തിരക്കിനെ വെല്ലുന്ന ശബ്ദമുള്ള ഒരു വാദ്യമാണ് ഇന്നു നമുക്കു വേണ്ടത്. നാടു മുഴുവൻ അതു മുഴങ്ങണം. മുഴങ്ങിയാൽ ജനം തുള്ളണം. തുള്ളുമോന്നു ഞാനൊന്നു നോക്കട്ടെ

(അയാൾ പിന്നിലെ ഇരുട്ടിൽ പോയി വലിയ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടുവരുന്നു. വളരെ വലിയ വീതിയുള്ള ഒരു ലോഹച്ചക്രം കൊണ്ടുവന്ന് സ്റ്റേജിൻ്റെ നടുവിൽ വയ്ക്കുന്നു. പ്ലാസ്റ്റിക് ഷീറ്റ് അതിൽ ചേർത്തു കെട്ടി മുറുക്കുന്നു. വലിയ ഒരു ദണ്ഡുകൊണ്ട് അതിന്മേൽ അടിക്കുമ്പോൾ പെരും ശബ്ദം ഉയരുന്നു)

കൊട്ടുകാരൻ : പോരാ, ഇതു പോരാ

(താനുണ്ടാക്കിയ വാദ്യം അയാൾ പിന്നിലേക്കു കൊണ്ടുപോയി വെയ്ക്കുന്നു. കുറേക്കൂടി വലിയ വീതിച്ചക്രവും പ്ലാസ്റ്റിക് തുകലുമെടുത്തു വന്ന് രംഗത്തിനു നടുവിൽ വെച്ച് അത് മുറുക്കുന്നു. ദണ്ഡു കൊണ്ട് ആ വലിയ ഡ്രമ്മിൽ കൊട്ടുമ്പോൾ കുറേക്കൂടി ഗംഭീരമായ ശബ്ദം മുഴങ്ങുന്നു)

കൊട്ടുകാരൻ : പോരാ, ഇതുപോരാ

(പെട്ടെന്ന് പിന്നിൽ നിന്ന് അയാൾ ഉപേക്ഷിച്ച വാദ്യങ്ങളെല്ലാം ചേർന്ന് മുഴങ്ങുന്നു)
കൊട്ടുകാരൻ (പിന്നിലേക്കു ചൂണ്ടി) സ്റ്റോപ്പ്. നിർത്താനല്ലേ പറഞ്ഞത്. പിന്നിലെ കോറസ് നിലക്കുന്നു. കൊട്ടുകാരൻ തൻ്റെ മുന്നിലെ ഡ്രമ്മിൽ ഉറക്കെ അടിക്കുന്നു. ശബ്ദം പുറമേക്കു കേൾക്കാനില്ല. എങ്കിലും ബ്രഹ്മാണ്ഡം പൊളിയുന്ന ശബ്ദം അതിൽ നിന്നും പുറപ്പെടുന്നത് ആസ്വദിക്കുന്ന ഭാവത്തിൽ ഡ്രമ്മിനു മുന്നിൽ അയാൾ ആനന്ദത്തിൽ ലയിച്ചെന്ന പോലെ നിൽക്കുന്നു)

കൊട്ടുകാരൻ : ഹാ....... ഇതാണെൻ്റെ ശബ്ദം. എൻ്റെ ശബ്ദം വേറിട്ടു കേൾക്കാൻ ഇത്രയെങ്കിലും മുഴങ്ങണം

(അയാൾ മെല്ലെ തുള്ളിത്തുടങ്ങുമ്പോൾ അരങ്ങിലെ വെളിച്ചം കുറഞ്ഞു കുറഞ്ഞ് ഇരുട്ടാവുന്നു)


10

രംഗത്ത് ഇരുട്ട്. പശ്ചാത്തലത്തിൽ കടലിരമ്പം കേൾക്കുന്നു. അത് ഉയർന്നു താഴുമ്പോൾ കാറ്റ് ഉറക്കെ വീശുന്ന ശബ്ദം കേൾക്കുന്നു. വീണ്ടും കടലിരമ്പം

പെട്ടെന്ന് ആ ശബ്ദങ്ങളെ കീറിമുറിച്ചു കൊണ്ട് ഒരു കടൽപ്പക്ഷിയുടെ തുളച്ചു കേറുന്ന ശബ്ദം ഉയരുന്നു. പിറകെ, അവസാനമില്ലാത്ത ഒരു തേങ്ങിക്കരച്ചിൽ ആരംഭിക്കുന്നു.















Saturday, September 14, 2024

ഓണം: പരാജയപ്പെട്ട നിർമ്മിതികളുടെ ഉത്സവം

ഓണം: പരാജയപ്പെട്ട നിർമ്മിതികളുടെ ഉത്സവം


പി. രാമൻ

വീട്ടിലും അയൽപക്കത്തുമുള്ള മറ്റു കുട്ടികളെപ്പോലെ ഓണപ്പൂക്കളമിടുകയും അതിനായി പുലർച്ചെ പൂ തേടി നടക്കുകയും ചെയ്ത ബാല്യമാണ് എൻ്റേതും. പൂക്കളിൽ നോക്കി മുഴുകി കവിതയിലേക്കുണരാൻ ആദ്യമായി അവസരമുണ്ടായത് അന്നാണ്. നാല്പതു കൊല്ലം കഴിഞ്ഞ് ഇപ്പോൾ ഓർക്കുമ്പോൾ ആ കാലം അതിവിദൂരതയിലേക്കു മാഞ്ഞതായി അനുഭവപ്പെടുന്നു. ഇന്നും കുട്ടികൾ ഓണം ആഘോഷിക്കുന്നുണ്ട്. ഇന്നും പൂക്കൾ വിരിയുന്നുണ്ട്. എക്കാലവും പൂക്കാലമായ കേരളത്തിൻ്റെ ഉപവസന്തമാണ് ചിങ്ങമെന്ന് പണ്ട് എ.പി. ഉദയഭാനു എഴുതിയത് കാലാവസ്ഥാമാറ്റത്തിൻ്റെ സമകാലത്തും ചേരുന്നതല്ലാതായിട്ടില്ല. പക്ഷേ ഓണം എന്ന ആഘോഷാനുഭവം എൻ്റെ തലമുറയോ എനിക്കു മുമ്പുള്ള തലമുറകളോ ഉൾക്കൊണ്ട രീതിയിലില്ല എനിക്കു ശേഷം വന്ന തലമുറകൾ ഉൾക്കൊള്ളുന്നത്.

ഫ്യൂഡൽ കാലത്തിൻ്റെ ആഘോഷമായിരുന്നു ഓണം. ആധുനിക ജനാധിപത്യ കാലത്തിനു മുമ്പുള്ള ആഘോഷം. ഫ്യൂഡൽ കാലത്തെ മനുഷ്യബന്ധങ്ങളാണ് ഓണവുമായി ബന്ധപ്പെട്ട പല ആചാരങ്ങളുടെയും അടിസ്ഥാനം. കാഴ്ച്ചക്കുല, കാണം വിറ്റും ഓണം ഉണ്ണുക, ഓണം വന്നാലും ഉണ്ണി പിറന്നാലും തുടങ്ങിയ പദസംഹിതകൾ മലയാളത്തിൻ്റെ ഓർമ്മയിൽ ഇന്നുമുണ്ട്.  സ്വാതന്ത്ര്യത്തിലും സമത്വത്തിലും സാഹോദര്യത്തിലുമധിഷ്ഠിതമായ ഒരു ഭരണഘടന നമുക്കു കൈവന്നതോടെ ജാതിമതക്കാലത്തിൻ്റെ ആഘോഷങ്ങളും ആചാരങ്ങളും അപ്രസക്തമായി എന്നതാണ് സത്യം. അപ്പോൾ നാം ഓണത്തെ പുതുകാലത്തിനു ചേർന്ന വിധം മാറ്റിയെടുക്കാൻ ശ്രമിച്ചു. ഓണത്തെ ദേശീയോത്സവമായി കാണാൻ ശ്രമിച്ചു. എന്നാൽ എല്ലാ ജാതിമതസ്ഥരും ഒരുപോലെ ആഘോഷിക്കുന്ന ദേശീയോത്സവമായി ഓണം ഒരിക്കലും മാറുകയുണ്ടായില്ല. അതിൻ്റെ ഫ്യൂഡൽ ഉള്ളടക്കം തന്നെയാവാം ഇതിനു കാരണം. അപ്പോൾ നാം ഓണത്തെ കാർഷികോത്സവമായി കാണാൻ ശ്രമിച്ചു. കൃഷിയുടെ താളം തെറ്റുകയും നമ്മുടേത് ഒരു കാർഷിക സമൂഹമല്ലാതായി മാറുകയും ചെയ്തതോടെ ആ ശ്രമവും പരാജയപ്പെട്ടു. അപ്പോൾ നാം ഓണത്തെ പ്രകൃത്യുത്സവമായി കൊണ്ടാടാൻ ശ്രമിച്ചു. ആഗോളതാപനവും കാലവസ്ഥാ വ്യതിയാനവും നമ്മുടെ വികസന താല്പര്യങ്ങളും ചേർന്ന് കേരളത്തിൻ്റെ പ്രകൃതി തന്നെ മാറി മറിയുകയും അവ്യവസ്ഥമായിത്തീരുകയും ചെയ്തതോടെ ഓണത്തെ പ്രകൃത്യുത്സവമായി കാണാനും നമുക്കു പറ്റാതായി. എല്ലാം കഴിഞ്ഞ് ഇപ്പോൾ ആഗോളവും അത്യുദാരവുമായ വിപണി നാടു പിടിച്ചെടുത്ത സമകാലത്ത് ഓണം ഒരു വിപണിയുത്സവം ആയിത്തീർന്നിട്ടുണ്ട്. കാർഷികോത്സവമോ പ്രകൃത്യുത്സവമോ ആയി ഓണത്തെ കാണാൻ ശ്രമിച്ച തലമുറയാണ് എൻ്റേത്. ഞാൻ വായിച്ചാസ്വദിച്ച വൈലോപ്പിള്ളിയുടെയും പി. കുഞ്ഞിരാമൻ നായരുടെയുമെല്ലാം ഓണക്കവിതകളും ഫ്യൂഡൽ ഓർമ്മകൾ പങ്കിടുന്നതോടൊപ്പം പൂവിൻ്റെയും കതിരിൻ്റെയും ഉത്സവമായി ഓണക്കാലത്തെ ആഘോഷിച്ചവയാണ്. പുതുതലമുറക്ക് സ്വാഭാവികമായും അന്യവും അപ്രസക്തവുമാണ് ഈ കാഴ്ച്ചപ്പാട്. അവർ മാർക്കറ്റിൽ നിന്നു പൂ വാങ്ങി പൂക്കളമിട്ട് സെൽഫിയെടുക്കുക തന്നെ ചെയ്യും.

എല്ലാ മലയാളികളുടേതുമായ ആഘോഷങ്ങൾ തീർച്ചയായും നമുക്കു വേണ്ടതുണ്ട്. ജനാധിപത്യമൂല്യങ്ങളുടെ കാലത്ത് ആഘോഷങ്ങൾ അങ്ങനെയായിരിക്കുക തന്നെ വേണം. അവയിലടങ്ങിയ ജാതി-മതക്കാലത്തിൻ്റെ ഉള്ളടക്കം ചോർത്തിക്കളയണം. എന്നാൽ പകരം ഇപ്പോൾ വിപണിയുടെ മറവിലൂടെ ജാതിമതക്കാലത്തിൻ്റെ മൂല്യങ്ങൾ ഓണങ്കല്പത്തിലേക്ക് തിരികെച്ചേർക്കുന്ന പ്രവർത്തനം സജീവമായി നടന്നുകൊണ്ടിരിക്കുന്നു.  മാവേലിയെ പിന്തള്ളി വാമനനെ ആഘോഷിക്കുന്ന പ്രവണത അതിൻ്റെ ഭാഗമാണ്. വിപണിയുടെ മറവിലൂടെ പഴയ ഫ്യൂഡൽ സ്വപ്നങ്ങളെ ഒന്നു തലോടി മതവൽക്കരിക്കപ്പെടുന്ന ഓണത്തെക്കുറിച്ച് ഒരു കവിത എന്നെ സംബന്ധിച്ച് ഇന്ന് അസാദ്ധ്യമാണ്.

Friday, September 13, 2024

തൗമസ് അൻഹാവ (ഫിൻലാൻ്റ്, 1927 - 2001)

കവിത


തൗമസ് അൻഹാവ (ഫിൻലാൻ്റ്, 1927 - 2001)


ഒരിക്കൽ ഒരിടത്ത് ഒരു സാമ്രാജ്യമുണ്ടായിരുന്നില്ല, അവിടെയൊരു രാജാവുണ്ടായിരുന്നില്ല, രാജാവിനൊരു ശിരസ്സുമുണ്ടായിരുന്നില്ല

രാജാവിൻ്റെ ചുമലിന്മേൽ അത് ഭാരിച്ച് അമർന്നിരുന്നു.
അദ്ദേഹമപ്പോൾ നട്ടെല്ലില്ലാത്ത ഒരുവനെ കണ്ടെത്തി തൻ്റെ ശിരസ്സ് അയാളുടെ ചുമലിൽ വെച്ചു.

രാജാവ് അന്തരിച്ചില്ല. നീണാൾ വാണു.
പിന്നീടദ്ദേഹം സന്തോഷത്തോടെ ജീവിക്കുകയും സാമ്രാജ്യം ഒരായിരം കൊല്ലം നിലനിൽക്കുകയും ഒരിക്കൽ ഒരിടത്തുണ്ടാവാതിരിക്കുകയും ചെയ്തു.

Tuesday, September 3, 2024

മാട്സ് ട്രാറ്റ് (എസ്റ്റോണിയ, 1936 - 2022)

കവിതകൾ

മാട്സ് ട്രാറ്റ് (എസ്റ്റോണിയ, 1936 - 2022)

1

കനത്തതെന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നവർ
ആദ്യ വാക്കിനെപ്പറ്റി ചിന്തിക്കരുത്
മറിച്ച് അവസാന വാക്കിനെപ്പറ്റി ചിന്തിക്കുക
കാരണം,
സത്യം
പശുവിൻ്റെ അകിട്ടിലെ കട്ടിപ്പാൽക്കൊഴുപ്പു പോലെയാണ്
ഒടുവിലേ അതു വരൂ

2

മേഘമേ,
നരയൻ കണ്ണുകളാൽ കരയല്ലേ
നോക്കൂ, വരക് തഴച്ചു വളർന്നിരിക്കുന്നു

3

ഗ്രാമ മൂപ്പൻ

എൻ്റെ കുടുംബപ്പേര് കല്ലൻ
വീട് കല്ലുകൊണ്ട്
ഹൃദയവും കല്ലുകൊണ്ട്
കുരിശുമാത്രം പിന്നെ
മരം കൊണ്ടായതെന്ത്?

4

പശ്ചാത്താപം

ഓക്കുമരത്തിൻ്റെ വെട്ടിയ ചില്ലക്കു ചുറ്റും
പുതിയ തൊലി വളർന്നിരിക്കുന്നു.
ഒരുപക്ഷേ അതെനിക്കു
മാപ്പു തന്നിരിക്കാം

5

രണ്ടാം ലോകയുദ്ധത്തിനു മുമ്പ്

അതൊരു ചൂടുള്ള വേനൽ ദിവസമായിരുന്നു.
പൂന്തോട്ടത്തിനു മുന്നിലൂടെ പോകുന്ന വഴിയിൽ
വിരൽ കുടിച്ച് ഞാൻ കുത്തിയിരുന്നു
കന്നുകാലിക്കൂട്ടം വീടിനു നേർക്ക് ഓടിപ്പോകുന്നു,
നിലം കുലുക്കിക്കൊണ്ട്.
ഒരു കുഞ്ഞിൻ്റെ സംഭ്രമം:
കന്നാലിക്കൂട്ടത്തിൻ്റെയും ആട്ടിൻപറ്റത്തിൻ്റെയും ഒഴുക്കിന്
ഒരവസാനവുമില്ലെങ്കിൽ
എവിടെപ്പോയൊളിക്കും ഞാൻ?

കാലിൽ തൂങ്ങുന്ന കെട്ടിടം

കാലിൽ തൂങ്ങുന്ന കെട്ടിടം


നിത്യം പലതവണ
കേറിയിറങ്ങുന്ന മൂന്നുനിലക്കെട്ടിടം
രാത്രിയായിട്ടും
കാലു വിട്ടു പോകുന്നില്ല

സ്വപ്നം കൂടി കുടിച്ച ശേഷമേ
ഇനിയതു പിടുത്തം വിടൂ