*കണ്ടുമുട്ടൽ
പട്ടാമ്പിയിൽ നിന്നു വളാഞ്ചേരിക്കുള്ള
ബസ്സിലൊരരികു സീറ്റിൽ
താഴ്ത്തിയിട്ട ഷട്ടറിൽ
തല ചേർത്തു വച്ചിരു-
ന്നുറങ്ങുന്നദ്ദേഹം,
ശുഭ്ര സുപ്രഭാതത്തിൽ.
രാത്രി മുഴുവൻ യാത്ര ചെയ്തു
വരികയാവാം, എങ്കിലും
അദ്ദേഹത്തിനറിഞ്ഞു കൂടേ
ഈ വഴിയിലാണ് തൂതപ്പുഴയെന്ന്
നിമിഷങ്ങൾക്കകം ബസ്സ്
പാലത്തിലൂടെ
താനെഴുതിയ തൂതപ്പുഴ
മുറിച്ചു കടക്കുമെന്ന്?
"വരളുന്ന ഞാറിന്റെ ചുണ്ടത്തൊരു തൂത-
പ്പുഴ പാഞ്ഞുചെന്നു ചുംബിച്ചിടുന്നു" എന്ന്
ഈയാഴ്ച്ചത്തെ മാതൃഭൂമിയിലെഴുതിയ കവിക്ക്
നാണമില്ലേ
തൂതപ്പുഴക്കു മുകളിലൂടെ
ഉറങ്ങിക്കൊണ്ടു കടന്നുപോകാൻ?
സർവകലാശാലയിലേക്കാവണം കവി,
വായനക്കാരനുമങ്ങോട്ട്.
പരീക്ഷക്കു പണമടയ്ക്കാൻ.
ബസ്സിൽ തൂങ്ങി നിൽക്കുമെനിക്ക്
പരിചയപ്പെടേണ്ട കവിയെ.
കവിത ഇഷ്ടമായെന്നു പറയേണ്ട.
എങ്കിലും ഇങ്ങനെ കിടന്നുറങ്ങാമോ?
ബസ്സതിവേഗം
തിരുവേഗപ്പുറപ്പാലമെത്തിയല്ലോ.
വരളുന്ന ഞാറിന്റെ ചുണ്ടത്ത്
ഇപ്പോഴും തൂതപ്പുഴ
പാഞ്ഞു വന്നു ചുംബിക്കുന്നതു
കാണണ്ടേ?
"എത്തുവതെന്നുമിതേയാറ്റു വക്കിലാ -
ണെത്ര ദൂരം നാം നടക്കിലും സോദരാ"
എന്ന വരി
കവിതത്തുമ്പത്തു നിന്നു ചാടിയെണീറ്റ്
ഇപ്പോൾ താങ്കളെ തല്ലിയുണർത്തി വിളിക്കും:
"എണീറ്റു
ഷട്ടറുയർത്തി നോക്ക്,
പുറത്തു തൂതപ്പുഴ!"
ആ വരിയെന്നിൽപ്പുളഞ്ഞതും തൊട്ടിലിൽ
കാലു കുടഞ്ഞു ചവിട്ടിക്കുതിക്കുന്ന
കുട്ടിയായ് കണ്ണു തുറന്നു നോക്കുന്നു ഞാൻ
ആട്ടിത്തളർന്നുറങ്ങിപ്പോയൊരമ്മപോൽ
കാണ്മൂ കവിയെ,യാച്ചുണ്ടത്തു നിന്നൂർന്നു
വീണൊഴുകുന്ന വരിയാം പുഴയെയും.
*ദേശമംഗലം രാമകൃഷ്ണന്റെ കവിതകളും ആദ്യമായ് അദ്ദേഹത്തെ കണ്ടതും ഓർത്ത് എഴുതിയത്. ഉദ്ധരിക്കുന്നത് മോക്ഷമി എന്ന കവിതയിലെ വരികൾ