Sunday, May 7, 2023

സ്വാദിഷ്ഠമാവട്ടെ! - കാർലിസ് വെർഡിൻസ് (ലാത്വിയ, ജനനം : 1979)

 സ്വാദിഷ്ഠമാവട്ടെ!


കാർലിസ് വെർഡിൻസ് (ലാത്വിയ, ജനനം : 1979)



ആ ഉശിരൻ നായിലെന്തുണ്ടെന്നു നീയറിഞ്ഞാൽ

നീയൊരിക്കലുമതിനെ തീറ്റുകയില്ല.

ആ പിഞ്ഞാണമെങ്ങനെ കഴുകിയെന്നു നീയറിഞ്ഞാൽ

തീർച്ചയായും നീയതു നക്കി വെടിപ്പാക്കുകയില്ല

നിന്റെ കുപ്പായമാരു തയ്ച്ചെന്നും

അതിന്റെ വില്പനാവകാശമെങ്ങനെക്കിട്ടിയെന്നുമറിഞ്ഞാൽ

തീർച്ചയായും നീയതണിയുകയില്ല.

നിന്റെ കുപ്പായമിന്നു രാത്രിയി-

ലഴിച്ചെടുക്കുന്നതാരെന്നറിഞ്ഞാൽ

നിന്നമ്മ നിന്നെ പ്രസവിക്കയേയില്ല.


എന്റെ വായ എവിടെയെല്ലാമലഞ്ഞെന്നറിഞ്ഞാൽ

നീയൊരിക്കലുമെന്നെയുമ്മ വയ്ക്കില്ല.

എന്തെന്റെ വായ് പറഞ്ഞതെന്നറിഞ്ഞാൽ

തീർച്ച, നീയെന്നെ ശ്രദ്ധിച്ചു കേൾക്കില്ല.

ആകയാൽ തീറ്റുക നീ നിന്നുശിരൻ നായെ, കുപ്പായക്കുടുക്കിടുക

നമ്മൾ മുന്നേറുക, കാശു കൊടുക്കുക, എന്റെയിടത്തേക്കു പോവുക.

ആത്മാർത്ഥമായ് എനിക്കു നിന്നോടു പറയാനുളളതീയാശംസ മാത്രം : സ്വാദിഷ്ഠമാവട്ടെ!

No comments:

Post a Comment