കവി
(അഭിരാം എസ്സിന്)
പല നിറങ്ങളിൽ, രുചികളിൽ,
വലിപ്പത്തിലുള്ള പഴങ്ങളാൽ
അലങ്കരിക്കപ്പെട്ട പ്രപഞ്ചത്തിനു നടുവിൽ
ഏതു കനി തിന്നാലും
താൻ ഛർദ്ദിച്ചു ചാവുമെന്നു ഭയന്ന്
ഏതു ഹവ്വ തന്നാലും
താൻ ഛർദ്ദിച്ചു ചാവുമെന്നു ഭയന്ന്
ഒരു കനിയും തിന്നാനാവാതെ
ഫലവൃക്ഷച്ചുവട്ടിലിരിക്കുന്ന
ഒരുവനെ ഞാനിന്നു കണ്ടു.
ആദിമനുഷ്യനെത്തുടർന്ന്
ഭൂമിയുടെ കവിതയായ പഴങ്ങളെല്ലാം
കയ്ച്ചു പോയി
എന്നർത്ഥം വരുന്ന
പൗരാണികമൊരു
നോട്ടം നോക്കി, അയാളെന്നെ.
No comments:
Post a Comment