Monday, May 15, 2023

കവിതകൾ - റോണി സോമെക്ക് (1951, ഇസ്രയേൽ, ഹീബ്രു, ജനനം ബാഗ്ദാദിൽ)

കവിതകൾ

റോണി സോമെക്ക് (1951, ഇസ്രയേൽ, ഹീബ്രു, ജനനം ബാഗ്ദാദിൽ)


1. റോണി സ്റ്റുഡിയോ


പത്താം മാസത്തിനൊടുവിലത്തെ ആഴ്ച്ച, ഒരു പെൺകുഞ്ഞിനായ് കൊതിക്കുമെന്റെയമ്മ, ഒരു ഫോട്ടോ സ്റ്റുഡിയോയുടെ പേരെഴുതിവച്ചതു കണ്ടു: റോണി സ്റ്റുഡിയോ. ഒരാൺകുഞ്ഞെങ്കിൽ അവനീ പേര് ചേരും - റോണി. അറബിക്കിൽ അതിണങ്ങും (ബാഗ്ദാദിൽ ജീവിച്ചിരുന്നവർ ഞങ്ങൾ). ഹീബ്രുവിൽ അതിണങ്ങും (ബാബിലോണിയയിൽ നിന്നു ബഹിഷ്കരിക്കപ്പെട്ടവർ ഞങ്ങൾ). ഇംഗ്ലീഷിലതിണങ്ങും (ജോർജ് ആറാമന്റെ പ്രജകളായിരുന്നു ഞങ്ങൾ). അബ്ദുള്ളയായിപ്പിറന്ന എന്റെ അപ്പൻ പിന്നീട് അബ്നർ എന്നു ക്രൈസ്തവപ്പെട്ടു. സലാഹ് ആയിപ്പിറന്ന എന്റെയപ്പാപ്പൻ പിന്നീട് *സ്‌വി ആയി മാറിയില്ല. എന്നാൽ എന്റെയമ്മ ഡെയ്സി ജനിച്ചത് ഓരോ പച്ചത്തഴപ്പിലും തന്റെ വേരാഴ്ത്താൻ.


എനിക്ക് സ്റ്റുഡിയോ എന്നമ്മ പേരിടാഞ്ഞതു തന്നെ

എന്തൊരു ഭാഗ്യം!



*സ്വി - ഹീബ്രു ഭാഷയിലെ ആൺ വിളിപ്പേര്



2. ദാരിദ്ര്യരേഖ


ഒരാളൊരു രേഖ വരച്ചു പറയുമ്പോലെ :

ഇതിനടിയിലാണ് ദാരിദ്ര്യം.

ഇവിടെ ബ്രഡ് വിലകുറഞ്ഞ വേഷമാറ്റം നടത്തി

കറുപ്പാകുന്നു.

ഇവിടെ മേശവിരിമേൽ ഒരു ചെറിയ പിഞ്ഞാണത്തിൽ

ഒലീവുകൾ.

മണ്ണെണ്ണ വില്പനക്കാരന്റെ ചുകന്ന വണ്ടിയുടെ

മണിയടിശബ്ദത്തെ

അഭിവാദ്യം ചെയ്തു പറക്കുന്നു പ്രാവുകൾ.

ചളിയിൽ പതിയും റബർ ബൂട്ടുകൾ

മെതിക്കും ശബ്ദം.

ഞാനൊരു കുഞ്ഞായിരുന്നു, കുടിൽ എന്നു വിളിക്കാവുന്നൊരു വീട്ടിൽ.

അയൽപക്കത്തുള്ള കുടിയേറ്റക്കാരുടെ അഭയാർത്ഥി ക്യാമ്പിൽ.

ഞാൻ കണ്ട ഒരേയൊരു രേഖ ചക്രവാളരേഖ.

അതിനു താഴെ എല്ലാം ദരിദ്രം.


3. സൂര്യാസ്തമയം എന്ന വാക്കിനെക്കുറിച്ചുള്ള ചുവപ്പു വിവരപ്പട്ടിക


ഒരു ഫ്രഞ്ചു കവി 

ചുവപ്പൻ സൂര്യാസ്തമയം കാണുന്നു

മേഘമുന്തിരികളിൽ നിന്നു വീഞ്ഞു പിഴിഞ്ഞെടുക്കുന്നു.

ഒരിംഗ്ലീഷ് കവി അസ്തമയത്തെ പനിനീർപ്പൂവായ് കാണുന്നു.

ഒരു ഹീബ്രു കവി ചോരയായും.

ഹോ, എന്റെ രാജ്യം,

അസ്തമയസൂര്യന്റെ അസ്പർശമായ തൊണ്ടയിൽ

തന്റെ നരഭോജിച്ചുണ്ടുകളിറുക്കുന്ന നാട്,

പേടിയുടെ തുഴകളാകുമെൻ കൈകൾ,

എന്റെ ജീവിതപ്പെട്ടകത്തിൽ

നോഹ അറാറത്ത് മലയിലേക്കെന്നപോലെ

തുഴഞ്ഞുകൊണ്ടിരിക്കുന്ന ഞാൻ!



4.  40


നാല്പതു വർഷങ്ങൾ എന്നെ അവളിൽ നിന്നു വേർപെടുത്തി.

ഞാൻ മരുഭൂമിയിലലഞ്ഞു.

മാംസളമായ പാത്രത്തിനായി കൊതിച്ചു.

മേഘങ്ങളിൽ നിന്നു ദൈവം വർഷിക്കുന്ന

കാടക്കിളികളെ തിന്നു.

നേവോ പർവ്വതം കടന്നു.

ഒരു ചാരനായി,

ജെറിക്കോയിൽ ഒരു ഗണികയെ കണ്ടു.

യുദ്ധത്തിനു വേണ്ടി ഞാനെല്ലാം കൈവിട്ടു,

യുദ്ധത്തിലെ കൊള്ളമുതൽ ഈ വാക്കായിരുന്നു : "അച്ഛൻ"


No comments:

Post a Comment