Monday, October 31, 2022

ചെറിയ പേടി

 ചെറിയ പേടി


ഈ പ്രദേശത്തു യാത്ര ചെയ്യുമ്പോൾ

വഴിവക്കത്തോരോ പുരയിടത്തിലും

മതിലോടു ചേർന്ന് നിരയായി

പ്ലാസ്റ്റിക് വല മൂടിയിട്ട,

തീവിലയുള്ള പഴം കായ്ക്കുന്ന

കരിമ്പച്ചയിലയുള്ള മരങ്ങൾ.


അവ നോക്കി കടന്നുപോകുമ്പോൾ

ഇരുട്ടു വീഴുമ്പോൾ

ഇരുട്ടിൽ വല മൂടി നിൽക്കുന്ന

മരത്തുടർച്ച കാണുമ്പോൾ

മൂടിയ ഇരുട്ടിനുള്ളിൽ

മൂടിക്കിടക്കുന്ന വലക്കകത്തീ

നാടു കാണാതെ കാണുമ്പോൾ

ഒരേ സമയമെന്നെ

മൂടുന്നു

കൊത്തുന്നു

പേടി.


സാരമില്ല,

അതു പ്രധാനമല്ല.

അവഗണിക്കാവുന്ന ചെറുപേടി.

എന്തെന്നാൽ

വല മൂടിയതിനാൽ

പഴങ്ങൾ കിളികൊത്തുന്നില്ല.

കർഷകരുടെ അദ്ധ്വാനം പാഴാവുന്നുമില്ല.

സങ്കടം മാറുന്നതിനെപ്പറ്റി ഒരു ശാസ്ത്രപാഠം

 സങ്കടം മാറുന്നതിനെപ്പറ്റി ഒരു ശാസ്ത്രപാഠം



കടൽത്തീരത്തു നിന്നു നോക്കുമ്പോൾ

ദൂരെ നിന്ന് ആദ്യം പുക

പിന്നെ കൊടിമരം

പിന്നെ മുകൾത്തട്ട്

പിന്നെ മുൻഭാഗം, അടിത്തട്ട്

ഒടുവിൽ  മുഴുവനായും


ഇങ്ങനെയാണ്

കപ്പൽ കണ്ണിലേക്കു വരിക,

മൂന്നാം ക്ലാസിലെ ശാസ്ത്രപാഠപുസ്തകത്തിൽ

പണ്ടു പഠിച്ചത് പെട്ടെന്ന് 

അപ്പാടെ ഓർമ്മ വന്നു.


എങ്കിൽ അതേ കപ്പൽ 

തിരിച്ചു കണ്ണിൽ നിന്നു മറയുമ്പോൾ

ആദ്യം അടിത്തട്ട്, മുൻഭാഗം,

പിന്നെ മുകൾത്തട്ട്

പിന്നെ കൊടിമരം

ഒടുവിൽ പുക .....


"ഇനിയും സങ്കടം മാറിയില്ലേ?"


"എപ്പൊഴേ.

ഭൂമി ഉരുണ്ടതാണെന്ന്

മൂന്നാം ക്ലാസിലെ ശാസ്ത്ര പുസ്തകത്തിൽ തന്നെ

പഠിച്ചിട്ടുണ്ടല്ലോ"



Sunday, October 30, 2022

വസന്തം മാങ് കീ (ചൈന, ജനനം : 1950)

 വസന്തം

മാങ് കീ (ചൈന, ജനനം : 1950)


മരിക്കുന്ന ഭൂമിക്ക്

സൂര്യൻ സ്വന്തം ചോര പകരുന്നു.

ഭൂവുടലിലേക്ക്

സൂര്യവെളിച്ചമൊഴുക്കുന്നു.

മരിച്ചവരുടെ എല്ലുകളിൽ നിന്ന്

പച്ചയിലകളും ചില്ലകളും കിളിർപ്പിക്കുന്നു.

നിങ്ങൾക്കു കേൾക്കാമോ?

മരിച്ചവരുടെ എല്ലിന്റെ കിളിർപ്പുകളാണ്

പൂക്കളുടെ കിലുകിലുങ്ങുന്ന വീഞ്ഞുകപ്പുകൾ.

Thursday, October 27, 2022

കടൽ - ബോറിസ് റൈഷി (റഷ്യ, 1972-2001)

 

കടൽ

ബോറിസ് റൈഷി (റഷ്യ, 1972-2001)

നരച്ചു വിജനമായ പ്രഭാതങ്ങളും
ദയനീയവും പരിഹാസ്യവുമായിക്കാണുന്ന
ലൈലാക്കു മാതിരി പൂക്കളുമുള്ള
വിദൂരവും അസന്തുഷ്ടവുമായൊരു
നഗരക്കെട്ടിടപ്പരപ്പ്,

അവിടെയൊരു ആറുനിലപ്പാർപ്പിടം
അതിനോടു ചേർന്നൊരു മരം - പോപ്ലാറോ ഓക്കോ.
ഉപയോഗമില്ലാതെ വാടിത്തളർന്ന്
ഒഴിഞ്ഞ മാനത്തു ചാരിക്കിടക്കുന്നു.

പോപ്ലാറിനടിയിൽ, ഒരു ബഞ്ചിൽ
തല കൈത്തലത്തിൽ പൂഴ്ത്തി
ഒരെഴുത്തുകാരൻ,
ദിമാ റിയാബോക്കോൺ,
ഉറങ്ങുന്നു, കടൽ നോക്കിക്കിടന്ന്.

വണ്ടിയിൽ നിന്നയാൾ വീണു,
വോഡ്ക വലിച്ചു കുടിച്ചു
വീടു വിട്ടു പോയി.
കടലിൽ പോകാനയാൾ ആശിച്ചു.
എന്നാലയാൾക്കു കഴിഞ്ഞില്ല
അതു തന്റെ ലക്ഷ്യമാക്കാൻ പോലും.

കടലിലേക്കു പോകാനയാളാശിച്ചു.
സഹനങ്ങൾക്കെല്ലാമവസാനമാണത്.
അയാൾ ശപിച്ചു, ഓളിയിട്ടു, പിന്നെ
ബഞ്ചിൽ നിവർന്നു കിടന്ന്,
കൂർക്കംവലി തുടങ്ങി.

എന്നാൽ കടൽ,
അത്രയും നീലിച്ച, അത്രമേൽ പരിചിതമായ കടൽ,
അയാൾക്കരികെ വന്നു പുഞ്ചിരിച്ചു,
പുലർവെളിച്ചത്താൽ തുടുത്ത്.

ദിമയും ചിരിച്ചു.
അനങ്ങാതെ ശാന്തമായ് കിടപ്പാണെങ്കിലും.
എല്ലിച്ച്, കഷണ്ടിയായ്, പല്ലുപോയ് എങ്കിലും
കടലോടു ചേരാൻ ഓടി.

ഓടുന്നതിനിടെ അയാൾ കണ്ടു,
ആ സുവർണ്ണ തീരത്ത് ഒരാൾ നിൽക്കുന്നത്.
ഞാനാണത്.
എനിക്കും കടലിലെത്താൻ കഴിഞ്ഞിരുന്നില്ല.

ഞാൻ വീണുറങ്ങി, ഒരൂഞ്ഞാലിലാടി,
ചുറ്റുമുള്ള വള്ളിക്കുടിലുകൾക്കൊപ്പം.
നരച്ച വിജന പ്രഭാതങ്ങളുള്ള
വിദൂരമസന്തുഷ്ട നഗരക്കെട്ടിടപ്പരപ്പിൽ.




Wednesday, October 26, 2022

പൊങ്ങച്ചത്തിൻ അന്തിവെളിച്ചം - വ്യാചെസ്ലാവ് കുപ്രിയാനോവ് (റഷ്യ)

 പൊങ്ങച്ചത്തിൻ അന്തിവെളിച്ചം

- വ്യാചെസ്ലാവ് കുപ്രിയാനോവ് (റഷ്യ)


മരിച്ച മനുഷ്യൻ

ഓരോ രാത്രിയും

കുഴിമാടത്തിന്റെ മൂടി തെല്ലുയർത്തി

പരതിപ്പരിശോധിക്കുന്നു,

കല്ലിന്മേൽ നിന്ന് തന്റെ പേര്

മാഞ്ഞു പോയോ എന്ന്

ഞാൻ ചില്ലയല്ല - ഇവാൻ ഷഡനോവ് (റഷ്യ, ജനനം : 1948)

 ഞാൻ ചില്ലയല്ല.

- ഇവാൻ ഷഡനോവ് (റഷ്യ, ജനനം : 1948)


ഞാൻ ചില്ലയല്ല, ചില്ലക്കു മുമ്പുള്ള ചില്ലത്വം മാത്രം

ഞാൻ ഒരു കിളിയല്ല, വെറും കിളിപ്പേരു മാത്രം.

ഒരു കാക്ക പോലുമല്ല, 

കാറ്റാകും മുമ്പുള്ള കാറ്റിലെവിടെയോ

കാക്കക്കൂട്ടങ്ങൾ എന്റെ വിധി

ചർച്ച ചെയ്യുന്നുണ്ടെങ്കിലും.

മരിച്ചൊരാൾ എന്നെ തൊട്ടു. മരിയ അവാക്കുമോവ (റഷ്യ, ജനനം : 1943)

 മരിച്ചൊരാൾ എന്നെ തൊട്ടു.

മരിയ അവാക്കുമോവ

(റഷ്യ, ജനനം : 1943)



മരിച്ചൊരാൾ എന്റെ കയ്യിൽ തൊട്ടു.

മരിച്ചൊരാൾ ഞാനയാളെ സ്നേഹിക്കണമെന്നാഗ്രഹിച്ചു.

മരിച്ചൊരാൾ കുറേക്കാലം എന്റെ പിറകേ നടന്നു.

അപരിചിതമായ, ഭയങ്കരമായ

തണുത്തുറഞ്ഞൊരു ശക്തി

എന്റെ പിറകേ നടന്നു.

എനിക്കു പാവം തോന്നി.

ഞാനയാളെ ക്ഷണിച്ചു.

കെട്ടിപ്പിടിച്ചു , ഇണചേർന്നു.

മരിച്ചൊരാൾ എന്റെയരികിൽ കിടക്കുന്നു.

തന്റെ മരിച്ച ശരീരം

എന്നിൽ നിന്നും ചൂടുപിടിപ്പിക്കാൻ

അയാൾ ഇഷ്ടപ്പെട്ടു.

എനിക്കാവുന്നതെല്ലാം അയാൾക്കു നൽകി.

എനിക്കുണ്ടായിരുന്നതെല്ലാം അയാൾക്കു നൽകി.

മരിച്ചൊരാൾ അയാൾക്കാവുന്നതെല്ലാം

എന്നിൽ നിന്നെടുത്തു.

കുറേക്കൂടി ഊർജ്ജസ്വലനായ് സന്തോഷവാനായ് കരുത്തനായ്.

അയാളൊരു രക്തരക്ഷസ്സ്, അയാളുടേതെല്ലാം എന്റേതായ്.

എല്ലാം കുടിച്ചയാൾ പോയി.

ഞാൻ മരിച്ചു, ഉറപ്പ്.

ആരെക്കുറിച്ചോർത്തും

ഒന്നിനെക്കുറിച്ചോർത്തുമിനി

ദുഃഖിക്കുന്നില്ല ഞാൻ.


Thursday, October 20, 2022

സംഗീതജ്ഞനും മാലാഖയും ബോറിസ് റൈഷി (റഷ്യ, 1974-2001)

 സംഗീതജ്ഞനും മാലാഖയും

ബോറിസ് റൈഷി (റഷ്യ, 1974-2001)



പഴയ ചെറു ചത്വരം, സംഗീതവാദകൻ

മുഴുകി വായിക്കുന്നു വാദ്യം.

വിളറിയ മുഖത്തിന്നു താഴെക്കഴുത്തിലൊരു

കരിനിറപ്പട്ടയണിഞ്ഞോൻ.


ഒരു ബഞ്ചിൽ ഞാനിരുന്നവനെ ശ്രവിക്കുന്നു

മറ്റാരുമാരുമവിടില്ല.

പ്രാവുകൾ മാത്ര, മവയെൻ കാൽക്കലരികിലായ്

കൂടി മേളിച്ചു നിൽക്കുന്നൂ

മേലെയാകാശത്തു നീലിച്ച കണ്ണുള്ള

മാലാഖയൊന്നു പാറുന്നു.


പിന്തുടർന്നെത്രക്കു സംഭ്രാന്തമാക്കുമോ

സംഗീത, മത്രക്കതിലേറെയതിനൊത്തു

പുഞ്ചിരിക്കുന്നു മാലാഖ.

Sunday, October 16, 2022

അവരുടെ തുറസ്സ്

 അവരുടെ തുറസ്സ്



പഴയ കൊട്ടാരം. 

മച്ചറകൾ, കിളിവാതിലുകൾ

ഉയരം കുറഞ്ഞ തട്ടുകൾ, അരണ്ട വെളിച്ചം 

മരയഴിവിടവുകൾ

ഇടുങ്ങിയ ഇടനാഴികൾ

കണ്ടു കണ്ട് നടക്കേ

പെട്ടെന്നൊരു തുറസ്സിലെത്തി.

വിശാല മുറികൾ

വാതിലോളം പോന്ന

ജനാലകൾ

ഉയർന്ന തട്ട്

നിറഞ്ഞ വെളിച്ചം

നല്ല കാറ്റ്

അടഞ്ഞ കൊട്ടാരത്തിനുള്ളിലെ

തുറന്ന തുരുത്ത്.

അവിടെ ചുമരിലെഴുതി വെച്ചിരിക്കുന്നു :

ഇത് വിദേശികൾ വരുമ്പോൾ

താമസിപ്പിച്ചിരുന്ന അതിഥി മന്ദിരം.

ഇവിടെ താമസിച്ച സായിപ്പന്മാരെ

അപ്പുറത്തെ ചുറ്റിടനാഴികളിലേക്കു

പ്രവേശിപ്പിച്ചില്ലായിരിക്കാം.

കിളിവാതിലിലൂടവർ

പുറത്തേക്കു നോക്കിയില്ലായിരിക്കാം.

എങ്കിലും

കൊട്ടാരം പണിത രാജാവിനറിയാമായിരുന്നു,

തനിക്കു വേണ്ടാത്ത കാറ്റും വെളിച്ചവും തുറസ്സും

സായിപ്പിനു വേണമെന്ന്.

അതിഥി മന്ദിരം പിന്നിട്ടു നടക്കുമ്പോൾ

പിന്നെയും

കാറ്റനങ്ങാത്ത ഇരുണ്ട ഇടനാഴികൾ ...

നമ്മുടെ അകങ്ങൾ .....

കിളിവാതിലുകൾ .....

Wednesday, October 5, 2022

നോട്ടം

 നോട്ടം


കോങ്കണ്ണു ശരിയാക്കാൻ

ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന കുട്ടി

കണ്ണാടിയിൽ നോക്കിയതും

പേടിച്ചു പോയി


വലത്തേക്കണ്ണിന്റെ കൃഷ്ണമണി 

നീങ്ങുന്നിടത്തേക്കു തന്നെ

ഇടത്തേക്കണ്ണിന്റെ കൃഷ്ണമണിയും

നീങ്ങി നീങ്ങിപ്പോകുന്നു!

രാജാസ് സീറ്റ്, മടിക്കേരി

 രാജാസ് സീറ്റ്, മടിക്കേരി


കുടകു മലമടക്കിലെ

ആ നഗരത്തിലെത്തിയപ്പോൾ

അവിടത്തെ രാജാവിന്റെ ഇരിപ്പിടം

ഒഴിഞ്ഞു കിടക്കുന്നു.


അതിൽ കയറിയിരുന്ന്

താഴത്തെ ചെറുകുന്നുകളെയും

അതിലും താഴത്തെ

പരന്ന താഴ് വരയേയും

ദൂരത്തെ മലകളേയും

സിംഹാസനത്തിലിരിക്കുന്ന രാജാവിനെപ്പോലെ

അവലോകനം ചെയ്തു,


ഇവിടെ വന്നിരിക്കുന്ന ഏതൊരാളും

എഴുന്നേറ്റു പോകുമ്പോൾ

സിംഹാസനം എടുത്തു കൊണ്ടുപോകാൻ

ആഗ്രഹിച്ച്

കഴിയാത്തതിനാൽ

ആ സിംഹാവലോകനമെങ്കിലും

കൂടെ കൊണ്ടുപോകാതിരിക്കില്ല.


ഇവിടെ വന്നിരുന്നു പോയ 

ഏത് ഊരുതെണ്ടിക്കും

ഇനിമേൽ

രാജാവിന്റെ നോട്ടം.

രക്തപരിശോധനാ റിപ്പോർട്ട്

 രക്തപരിശോധനാ റിപ്പോർട്ട്



മാസത്തിലൊരിക്കൽ

സ്വന്തം ചോരയോടു 

മുഖാമുഖം നില്പവൾ നീ.

അതിനോടു സംസാരിച്ച്

അതു പറയുന്നതു കേട്ട്

അതിന്റെയിരുട്ടും സുതാര്യതയും ശ്രദ്ധിച്ച്.


മരണത്തിനു തൊട്ടുമുമ്പ്

പുരുഷന്

അപൂർവമായി മാത്രം കിട്ടാവുന്ന

സ്വന്തം ചോരയെക്കുറിച്ചുള്ള അറിവ്

സഹജമായ് തന്നെ

വളരെ നേരത്തേ നേടി നീ.


പക്ഷേ,


സ്വന്തം ചോരയിൽ

മാസത്തിലൊരു തവണ

മുങ്ങി നിവർന്നിട്ടും,


അതു നിന്നെ

പരിചയമേ ഇല്ലെന്ന മട്ടിൽ

തളർത്തുന്നതെന്ത്?

Sunday, October 2, 2022

തണുപ്പ് - 2019

 തണുപ്പ് - 2019


1


മഞ്ഞുകാലം വടക്കൻ നഗരം

നാൽക്കവലകളുടെ നടുവിൽ

വഴിത്തുരുത്തുകളിൽ

ആളുകളുച്ചക്ക്

വെയിലു കാഞ്ഞിരിക്കുന്നു


പാതവക്കത്തെ 

വലിയ സർക്കാരാപ്പീസുകളിലേക്ക്,

വെയിലിൽ തുവർന്നവർ

പണിക്കു കയറുന്നു.

വെയിൽ പുരണ്ട വിരലുകൾ

ഫയലുകളുണർത്തട്ടെ


2


സന്ധ്യക്ക് വഴിയോര കച്ചവടക്കാർ

ഇരിക്കുന്ന പീഠത്തിനടിയിൽ

പരന്ന പാത്രത്തിൽ

തിളങ്ങുന്നു കനലുകൾ


രോമക്കുപ്പായത്തിനുള്ളിലെ അറയിൽ

നെഞ്ഞിനു ചൂടു പകരാനുള്ള കനലുകൾ

കോരിയിട്ടിട്ടുണ്ടവർ.


3


ഈ ജനലിലൂടെ നോക്കുമ്പോൾ

റോഡിന്റെ മറുവശം

പത്തുനിലക്കെട്ടിടത്തിന്റെ വശങ്ങളിലെ

വലിയ പൈപ്പ് നിരകൾക്കിടയിൽ

ഒരു പാതിരാപ്രാവ്.

ഡിസംബർ 

ഈ നഗരത്തിനെറിഞ്ഞു കൊടുത്ത

ഒരേയൊരു തൂവൽപ്പന്ത്.


4


നഗരത്തിന്റെ മറുവശം

പാത പിടിച്ചെടുത്തു

ദിവസങ്ങളായ് സമരം ചെയ്യുന്ന വിദ്യാർത്ഥികൾ

ഈ തണുപ്പിലും പിരിഞ്ഞു പോയിട്ടില്ല.

അവർ വീശിയെറിഞ്ഞ മുദ്രാവാക്യത്തിന്റെ

ചൂടുണ്ടെന്റെ ചുണ്ടിൽ.

Saturday, October 1, 2022

സമയനൃത്തം

 സമയനൃത്തം



അരങ്ങത്ത്

ഒരു ചുവടുവെപ്പിൽ

കാണാതായി

തൊട്ടടുത്ത ചുവടുവെപ്പിൽ

വീണ്ടും പ്രത്യക്ഷപ്പെടുന്നയാൾ

നർത്തകൻ


ആ ഒരു നിമിഷത്തിൽ

അയാൾ പോകുന്ന ദൂരം

നൃത്തം.


ആ ദൂരത്തിനിടയിൽ

ഈ ലോകത്ത് എന്തെല്ലാം സംഭവിക്കുന്നോ

അതെല്ലാം ചേർന്നത്

സദസ്സ്


ഞാൻ ജനിച്ചത് ജീവിച്ചത്

ഇപ്പോഴിതാ മരിച്ചു പോകുന്നതും

ചേർന്നത്.