Wednesday, August 24, 2022

വെട്ടാതെ നിർത്തിയ മരങ്ങൾ

 വെട്ടാതെ നിർത്തിയ മരങ്ങൾ


അച്ഛൻ കുരുക്കിട്ട മരം

വെട്ടരുത്, എന്നും ഞങ്ങൾക്കു കാണണം

 എന്നു കരഞ്ഞു തടഞ്ഞ

മക്കൾ നാലും വളർന്നു വലുതായ്

നാലു ദിക്കിലേക്കു പറന്നു പോയ്


ഒരേ മരം ഇപ്പോൾ 

നാലു ദിക്കിൽ പറന്നു കൊണ്ടിരിക്കുന്നു

നാലു മക്കൾക്കുമൊപ്പം


ആ മരത്തിന്റെ പൂക്കാലവും

പച്ചിലക്കാലവും

ഇല പൊഴിയും കാലവും

പഴക്കാലവും

നാലു കിളിക്കുമുള്ളിൽ


മക്കൾ വിട്ടുപോയ

പഴയ മുറ്റത്തും

അതേ മരം,

കുറേക്കൂടി പടർന്ന്.


അതിന്റെ പൂക്കാലവും

പച്ചിലക്കാലവും 

ഇല പൊഴിയും കാലവും

പഴക്കാലവുമാകട്ടെ,

അതിന്റെ കൊമ്പിൽ വന്നിരിക്കുന്ന

ഓരോ കിളിക്കുള്ളിലും.




Sunday, August 21, 2022

കിനാപ്പിച്ച

  കിനാപ്പിച്ച



തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ചയെടുത്തേ.....


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ചയെടുത്തു ചില്ലിക്കാശും കിട്ടാതെ പോയേ ......


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ച തെണ്ടിച്ചില്ലിക്കാശും കിട്ടാതിഴ,ഞ്ഞതിനപ്പുറത്തെ ബോഗിയിൽ നിന്നും കവിത വായിച്ചു പിച്ച തെണ്ടി നോട്ടു കെട്ടുകൾ കുമിഞ്ഞുകൂടി കോടീശ്വരനായ് ഇറങ്ങിപ്പോന്നേ.....


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ച തെണ്ടിക്കരയുമ്പോൾ ബോഗി മുഴുവൻ കരഞ്ഞേ ......


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ചയെടുത്തു കരഞ്ഞു നിർത്തി,യടുത്ത ബോഗിയിൽ കേറാൻ തുടങ്ങുമ്പോളിടയിലാഴത്തിൽ ചിതറി വീണേ.....


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ചയെടുക്കാൻ തുടങ്ങുമ്പോളൊരു ഹാർമോണിയം തൂക്കിയങ്ങേയറ്റത്തുന്നു 'പർദേശി'പ്പാട്ടുമായ് മറ്റൊരാൾ വന്നേ .....ചപ്ലാംകട്ടയിൽ പെട പെടച്ചേ....


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത ചൊല്ലിത്തുടങ്ങുമ്പോൾ തന്നെ യാത്രക്കാരെല്ലാം പെട്ടെന്നെഴുന്നേറ്റ് തൊട്ടപ്പുറത്തെ.റെയിൽവേ സ്റ്റേഷനിൽ കൂട്ടത്തോടെയിറങ്ങിപ്പോയേ....


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു പിച്ച തെണ്ടിയ നുണക്കഥ നാട്ടിൽ പാട്ടാക്കി വിറ്റേ .......


തീവണ്ടിയിലൊരു ബോഗിയിൽ കേറിക്കവിത വായിച്ചാരും കേൾക്കാഞ്ഞു പിച്ച കിട്ടാഞ്ഞു പിറുപിറുത്തുകൊണ്ടവിടെ മൂലയിൽ കക്കൂസുകളുടെയിടയിൽ ചുരുണ്ടേ......


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ചു കൊള്ളയടിച്ചേ .....


തീവണ്ടിയിലൊരു ബോഗിയിൽ കേറി കവിത വായിച്ച്, പിച്ച തെണ്ടാതെ വെളിയിൽ കുതിച്ചേ.... പാലത്തിനടിയിലെ പുഴയിൽ വീണേ .....ഒലിച്ചു പോയൊരു തീരത്തടിഞ്ഞേ .....


തീവണ്ടിയിലൊരു ബോഗിയിൽക്കേറി കവിത വായിച്ചു പിച്ച തെണ്ടുമ്പോളൊരുവൻ പെട്ടെന്നു കടന്നു വന്നെന്റെ പിറകിൽ നിന്നിട്ടു വായ പൊത്തീട്ടു വരികൾ ചുണ്ടത്തു നിന്നും പറിച്ചെടുത്തോടിപ്പോകുമ്പോൾ, കവിത പാതിയിൽ മുറിഞ്ഞൊലിക്കുന്ന ചോര പൊള്ളുമ്പോൾ, നിന്നു വിറച്ചേ ......

പത്മിനി

 പത്മിനി



നീല വിരിയുന്നു

ചെങ്കരി നിറത്തിൽ നിന്ന്


മങ്ങിത്തിളങ്ങി

വീണ്ടും മങ്ങുന്ന

വർണ്ണപ്പരപ്പ്.


ഘനരേഖതൻ തിരകൾ

ഒഴുകിപ്പോകുമ്പോൾ

വർണ്ണപ്പരപ്പ്

ഇരു കരകളായ് പിളരുന്നു.


കടും വരകളിൽ

മുഴുകി നിൽക്കുന്ന പെണ്ണുടലുകൾ.


ആദ്യം കണ്ടപ്പോൾ

ഈ ചിത്രങ്ങൾ 

കൽവിളക്കിൻ തെളിച്ചമുണ്ടായിട്ടും

ഇരുട്ടിൽ പതുങ്ങിയിരിക്കുന്ന

സർപ്പക്കാവുകൾ


രേഖാപ്രവാഹത്തിൽ നിൽക്കുന്ന

ഒരു പെൺകുട്ടിയുടെ കയ്യിലെ 

ചരടിനറ്റത്തെ പട്ടം

മങ്ങുന്ന ഭൂമിക്ക് 

ഇത്തിരി വെളിച്ചം കൈമാറുകയാൽ

കാണുന്തോറും

തെളിഞ്ഞു വരുന്നു:


ഉടലിരമ്പി -

പ്പരക്കുന്ന പെണ്മ

വര തകർത്തു

പരക്കുന്ന പെണ്മ


Thursday, August 18, 2022

നേർകോല് - ഉരുളുകോല്

 നേർകോല് - ഉരുളുകോല്


നാടറിയും

കോലറിയും

കയ്യറിയും

ചെണ്ടത്തോലിൻ

മുറുക്കം.


നാടും

കോലും

കയ്യുമറിയും

ചെണ്ടത്തോൽ മുറുക്കം


നാട് കോല് കയ്യറിയും

ചെണ്ടത്തോൽ മുറുക്കം.


നാട് കോല് കയ്യ് ചെണ്ട -

ത്തോലു മുറുക്കം.


നാട് കോല് കയ്യ്

ചെണ്ട മുറുക്കം


നാടു മുറുക്കം

കോലു മുറുക്കം

കയ്യു മുറുക്കം

ചെണ്ട മുറുക്കം.

നാട് മുറുമുറുമുറുമുറു

മുറുമുറുമുറുമുറു ......

Wednesday, August 17, 2022

പർവതങ്ങൾ നിവർന്നു നിൽക്കട്ടെ

 പർവതങ്ങൾ നിവർന്നു നിൽക്കട്ടെ



ഒരു കൂന്

കുനിയിച്ചുകൊണ്ടിരുന്നു,

അയത്‌നം

സ്വാഭാവികം

എന്ന മട്ടിൽ

അകത്തു നിന്ന്

ബലം ചുഴറ്റി.


പിന്നിൽ ചെന്ന്

നിവർന്നു നിൽക്ക് എന്ന്

കൂനിന്മേൽ ഒരു തട്ട്.

ഒരു മുട്ട്.

അത്ഭുതം!

കൂനതാ

നിവരുന്നു,


കൂനൊരു കൂണല്ല

എങ്കിലും വിരിയുന്നു

ഇടിവെട്ടിൽ കൂണെന്ന പോലെ


പൊന്തക്കാടിൻ കൂന് നിവരുമ്പോൾ

ആകാശം ചുരുളഴിയുന്നു.


നെഞ്ചു വിരിയുമ്പോൾ,

ചുമലുറയ്ക്കുമ്പോൾ,

ശിരസ്സുയരുമ്പോൾ,

മഞ്ഞലിയുമ്പോൾ,


ഒരു തുള്ളിക്കണ്ണീര്

എന്നത്തെയും പോലെ

മണ്ണിലേക്കല്ലിന്ന്,

കവിളിലേക്ക്.


ഒരു ചിരി

എന്നത്തെയും പോലെ

ഇരുളിലേക്കല്ലിന്ന്

വെളിയിലേക്ക്



അസംഖ്യം

 അസംഖ്യം


പിൻമുറ്റത്ത് ചവറ്റിലക്കിളികളുടെ 

എണ്ണം കൂടിക്കൂടി വരുന്നു.

വാഴയിലയിൽ കാറ്റുണ്ടാക്കുന്ന കീറലുകൾ

കൂടിക്കൂടി തോരണമായ് ഇളകുന്നു.

കഴിക്കേണ്ട ഗുളികകൾ

ഇത്തവണ ഇരട്ടിയായി.

വിടുന്ന കീഴ്ശ്വാസത്തിന്റെ 

എണ്ണം കൂടിക്കൂടി വരുന്നു.

ഈ മഴക്കാലത്ത്

യാത്രയിൽ സമാന്തരമായ് നീളുന്ന

മലനിരയിൽനിന്നുമൊലിച്ചു വീഴുന്നു 

നിരയായ് നിരയായ് അരുവികൾ.

മഴ നിലയ്ക്കുമ്പോൾ

അവ നിരയായ് നിരയായ് വറ്റുന്നു.

കൂടിക്കൂടി വരുന്ന എണ്ണങ്ങൾ നിരന്ന്

അനന്തതയാവുന്നു.

ചവറ്റിലക്കിളികളുടെ,

വാഴയിലക്കീറുകളുടെ,

ഗുളികകളുടെ, കീഴ്ശ്വാസങ്ങളുടെ,

അരുവിനിരകളുടെ,

അവ വറ്റിയ പാടുകളുടെ അനന്തത,

അവ പരന്നുണ്ടാമനന്തത......


Monday, August 8, 2022

വെള്ളത്തിനൊപ്പം പോകുന്ന പൂവ് ഉമാമഹേശ്വരി (തമിഴ്)

 വെള്ളത്തിനൊപ്പം പോകുന്ന പൂവ്


ഉമാമഹേശ്വരി (തമിഴ്)



മരം നിറയെപ്പൂത്തിരുന്നാലും

വെള്ളത്തിനൊപ്പം പോകുന്ന

പൂ തന്നെ വേണമത്രെ

കുഞ്ഞിന്.


തന്നെ വന്നു തൊട്ട

നദീനിമിഷത്തിന്

മരമുലഞ്ഞു നൽകിയ

സ്നേഹസമ്മാനമത്.


വാടാത്തത്

കരിയാത്തത്

നിറം മായാത്തത്

വയസ്സാവാത്തത്.


ആർക്കും കയ്യിലെടുക്കാൻ വിട്ടുകൊടുക്കാത്തത്,

അതിന്റെ പൂവത്തം.


വെള്ളത്തോടു ചേർന്നു വെള്ളമാകാൻ

അതു പൊയ്ക്കൊണ്ടേയിരിക്കുന്നു.


വാശി പിടിക്കുന്ന കുഞ്ഞിനോടു

വേറെന്തു പറയാൻ?

"വെള്ളത്തിനൊപ്പം പോകുന്ന പൂ വേണമെന്ന്

നീ തന്നെ ചോദിക്ക് വെള്ളത്തിനോട് "


Friday, August 5, 2022

വിശ്രമം - ഇമ്രെ ഒറാവേസ് (ഹങ്കേറിയ )

 വിശ്രമം


ഇമ്രെ ഒറാവേസ്

(ഹങ്കേറിയ )



ബഹിരാകാശത്തൊരു ഗ്രഹം,

ഗ്രഹത്തിലൊരു വൻകര,

വൻകരയിലൊരു രാജ്യം,

രാജ്യത്തിനു മുകളിൽ നീലാകാശം,

നീലാകാശത്തിനടിയിലൊരു പർവതം

രണ്ടു പർവതശിഖരങ്ങൾക്കിടയിലൊരു താഴ്വാരം,

താഴ്‌വരയിലൊരു സമതലം,

സമതലത്തിലൊരരുവി,

അരുവിയിൽ വിള്ളൽ വീണ മഞ്ഞ്,

മഞ്ഞു വിള്ളലിനിടയിലെ വെള്ളം,

വെള്ളത്തിൽ കളിക്കുന്ന നീർനായ് കുടുംബം,

നീർനായ് കുടുംബത്തിനു തൊട്ടുമേലേയുള്ള തീരങ്ങൾ,

തീരങ്ങളിൽ ചീഞ്ഞ ഞാങ്ങണപ്പുല്ലുകൾ,

ചീഞ്ഞ ഞാങ്ങണപ്പുല്ലുകൾക്കിടയിലൊരു

നടവഴി,

മഞ്ഞുകാലത്ത്‌ ചുമ്മാ ചുറ്റി നടക്കുന്നതിനിടെ 

ഒന്നു വിശ്രമിക്കുമ്പോൾ

എന്റെ മുകളിലും താഴെയുമുള്ള

ഇവയെല്ലാത്തിനേയും കെട്ടിപ്പുണരാൻ

വെറുതേ ശ്രമിച്ച്

നടവഴിയിൽ നിൽക്കുന്ന ഞാൻ.


Wednesday, August 3, 2022

ഒരേ ഉത്തരം

ഒരേ ഉത്തരം


1

പിടിക്കുമ്പോൾ മൊട്ട്

കുടിക്കുമ്പോൾ പൂവ്


2

പിരിയുന്നിടം തന്നെ ചേരുന്നിടം

പറയുന്നു ചുണ്ടുകൾ ചുംബനത്താൽ.


3

കയ്യിനേറെക്കാലം വേണ്ട

കല്ലുമല വെള്ളമാക്കാൻ


4

കല്ലുമല വെള്ളമാക്കി

വെള്ളത്തിൽ തുടിച്ചു കളിക്കുന്നു

വിരലുകൾ


5

ആദ്യം തേന്

തേനൊരാണിന്

പിന്നെപ്പാല്

പാലു കുഞ്ഞിന്

കാണാത്തേന്

ആണിന്നുള്ളു വഴിഞ്ഞ്,

കാണാം പാല്

കുഞ്ഞിൻ ചുണ്ടു കവിഞ്ഞ്


6

ഏറ്റവും ഘനമുള്ള

വെള്ളക്കുത്ത് തടുക്കാൻ

ഏറ്റവും മൃദുവായ

തുണിയാലണ കെട്ടണം


7

രണ്ടു മലകൾക്കിടയിലെ -

യിടുക്കിലൊരു തുറമുഖം

തുറമുഖത്തൊരു മുഖം


8

ഞെക്കിയാൽ പൊട്ടിവിരിയുന്ന മൊട്ട്,

*അർക്കത്തിൻ ശുഷ്കിച്ച മൊട്ടല്ല


9

ഞെരിച്ചാലേ നുണഞ്ഞാലേ

മയപ്പെടൂ കാലം


10

രണ്ടും ചേർത്തുപിടിച്ചാൽ

നർത്തനമണ്ഡപമാകും

പിന്നണിയിൽ ഹൃദയം

താളം കൊട്ടിക്കയറും.


* അർക്കം = എരുക്ക്. തോലന്റെ "അർക്കശുഷ്കഫലകോമളസ്തനീ" എന്ന പ്രയോഗം ഓർത്ത്


ഡബ്ലിയു.എസ്. മെർവിൻ കവിതകൾ

 ഡബ്ലിയു.എസ്. മെർവിൻ കവിതകൾ



1.ജെയിംസ്


ദൂരെയുള്ളൊരു സുഹൃത്ത്

ഇപ്പോൾ മരിച്ചുകൊണ്ടിരിക്കുകയാണെന്ന

വാർത്ത വരുന്നു.


ജനലിനു പുറത്ത്

വസന്തത്തിലെ പുല്ലുകളിൽ

കുഞ്ഞു പൂക്കൾ പ്രത്യക്ഷപ്പെടുന്നത്

ഞാൻ നോക്കിക്കാണുന്നു.

അവയുടെ പേരോർമ്മിക്കാൻ കഴിയുന്നില്ല.



2.പന


പനക്കൊരു തിടുക്കവുമില്ല

വ്യത്യസ്തമാകാൻ.

അത് മെല്ലെ വളരുന്നു

ഒരു പനയാവുന്നതെങ്ങനെയെന്ന്

അതിനറിയാം

ഒരു വിത്തായിരുന്നപ്പോൾ അതിന്

എങ്ങനെയൊരു പനവിത്താകാമെന്ന്

അറിയാമായിരുന്നു.

അതൊരു പൂവായിരുന്നപ്പോൾ

ഒരു പനമ്പൂവാകുന്നതെങ്ങനെയെന്ന്

അതിനറിയാമായിരുന്നു.

അതൊരു പനയായിരുന്നപ്പോൾ

മെല്ലെ വളർന്നു,

ഒരുപ്പു കാറ്റിൽ

കണ്ണുകളില്ലാതെ.



3. ഇടം


ലോകത്തിന്റെ അവസാന ദിവസം

ഒരു മരം നടാൻ ഞാനാഗ്രഹിക്കുന്നു.


എന്തിന്

പഴത്തിനായല്ല


പഴം പേറി നിൽക്കുന്ന മരമല്ല

നട്ട ആ മരം.

ആദ്യമായ് മണ്ണിൽ നിൽക്കുന്ന

മരമാണെനിക്കു വേണ്ടത്.


താണു കൊണ്ടിരിക്കുന്ന

സൂര്യനൊപ്പം


മരിച്ചവർ നിറഞ്ഞ മണ്ണിൽ

അതിന്റെ വേരുകളിൽ

വന്നു തൊടുന്ന വെള്ളത്തിനൊപ്പം


അതിന്റെ ഇലകൾക്കു മുകളിലൂടെ

ഒന്നൊന്നായ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന

മേഘങ്ങൾക്കൊപ്പം.



4. പൂച്ചപ്രേതങ്ങൾ


1

വർഷങ്ങൾ കഴിഞ്ഞ്

മറ്റൊരു രാജ്യത്തെയടുക്കളയിൽ

നിനക്കപ്പോഴും വിശക്കും


2

പകൽച്ചൂടിൽ

നിൻ നിഴൽ മടങ്ങിവരുന്നു

നിന്റെ കല്ലിന്മേൽ കിടക്കാൻ