Friday, May 20, 2022

ഭൂഗോളമുറിയുടെ പേന

 

ഭൂഗോളമുറിയുടെ പേന

പി.രാമൻ

ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ പുരസ്കാരങ്ങളെ ആദരവോടെ കാണുന്നു. ഈ ആദരവിന് രണ്ടു കാരണങ്ങളുണ്ട്. മിക്ക അവാർഡുകൾക്കും പിന്നിൽ ഒരു മനുഷ്യന്റെ സമർപ്പിത ജീവിതത്തിന്റെ ഓർമ്മയുണ്ടായിരിക്കും എന്നതാണ് ഒന്നാമത്തെ കാരണം. ഉദാഹരണത്തിന്, ജീവിതത്തിൽ എനിക്കാദ്യം കിട്ടിയ അവാർഡ് ധാരാളം കവിതകളെഴുതി ചെറുപ്പത്തിൽ മരിച്ചു പോയ ഒരു കവിയുടെ - കനകശ്രീ - പേരിലുള്ള അവാർഡാണ്. ആദ്യ പുസ്തകമായ കനത്തിന് കനകശ്രീ പുരസ്കാരം കിട്ടിയപ്പോൾ അകാലത്തിൽ മരിച്ചു പോയ ആ എഴുത്തുകാരിയുടെ ഓർമ്മക്കു മുന്നിലാണ് ഞാൻ നിന്നത്. ഇപ്പോൾ ലഭിച്ച മഹാകവി പി സ്മാരക സാഹിത്യ പുരസ്കാരം എനിക്കേറ്റവും പ്രിയങ്കരനായ കവിയുടെ ഓർമ്മക്കു മുന്നിൽ എന്നെ ഒരിക്കൽ കൂടി നിർത്തുന്നു. പീക്കവിത ഏറെ വായിക്കുകയും പീക്കവിതയെക്കുറിച്ച് കുറച്ചെഴുതുകയും ചെയ്തിട്ടുള്ള ഒരാസ്വാദകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഓർമ്മ എന്നെ അനുഗ്രഹിക്കും പോലെയാണ് തോന്നുന്നത്. പി.കുഞ്ഞിരാമൻ നായരുടെ പേരിൽ എനിക്കു കിട്ടുന്ന രണ്ടാമത്തെ സമ്മാനമാണിത്. ആദ്യത്തേത് കാഞ്ഞങ്ങാട് പി. സ്മാരക ട്രസ്റ്റ് നൽകിയ അവാർഡാണ്. ഇപ്പോൾ ലഭിച്ചത് മഹാകവി പി സ്മാരക സമിതി ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ സമ്മാനവും. സമർപ്പിതമായ ഒരെഴുത്തു ജീവിതത്തിന്റെ ഓർമ്മയിൽ അവാർഡ് എന്നെ നിറുത്തുന്നു എന്നതാണ് പുരസ്കാരങ്ങളോടുള്ള ആദരവിന്റെ പ്രധാന കാരണം. രണ്ടാമത്തെ കാരണം, അവാർഡുകൾക്കു പിന്നിലെ സംഘാടകരുടെ ഉദ്ദേശശുദ്ധിയേയും അദ്ധ്വാനത്തേയും ഞാൻ വിലമതിക്കുകയും മാനിക്കുകയും ചെയ്യുന്നു എന്നതാണ്.

പുരസ്കാരങ്ങളോടുള്ള ഈ ആദരവ് ഉള്ളിൽ സൂക്ഷിക്കുന്നതിനാൽ ഒരവാർഡിനും ഞാൻ സ്വന്തം പുസ്തകങ്ങൾ അയക്കാറില്ല. അംഗീകാരങ്ങൾ ലഭിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ടല്ല അത്. മറിച്ച്, അങ്ങോട്ടപേക്ഷിച്ചു കിട്ടേണ്ടതല്ല, ഇങ്ങോട്ട് വരേണ്ടതാണ് അംഗീകാരങ്ങൾ എന്ന സ്വകാര്യമായ ബോധ്യം ഉള്ളതുകൊണ്ടാണ്. അതിനാൽതന്നെ ഇന്നേവരെ ഒരവാർഡിനും ഞാൻ പുസ്തകങ്ങൾ അയച്ചിട്ടില്ല. എന്നിട്ടും എനിക്ക് ചില പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. അത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒന്നുകിൽ എന്റെ പുസ്തകങ്ങൾ അജ്ഞാതരായ ആരൊക്കെയോ അവാർഡുകൾക്കയച്ചിട്ടുണ്ട്. അല്ലെങ്കിൽ അവാർഡ് എനിക്കു നൽകണമെന്ന് വിധി നിർണ്ണയ സമിതി തീരുമാനിച്ചിട്ടുണ്ട്. ഈ രണ്ടിൽ ഒന്നു സംഭവിച്ചതുകൊണ്ടു മാത്രമാണ് എനിക്ക് ചില അവാർഡുകൾ ലഭിച്ചത്. അപേക്ഷിക്കാതെ കിട്ടിയതായതിനാൽ സന്തോഷത്തോടെ അവ ഞാൻ സ്വീകരിക്കുകയും ചെയ്തു.

പുരസ്കാരം ലഭിക്കുമ്പോൾ പല കാരണങ്ങളാൽ ഞാൻ സന്തോഷിക്കുന്നു. കവിത കൂടുതൽ വായിക്കപ്പെടാൻ അതിടയാക്കുമെങ്കിൽ നല്ലത് എന്നതാണ് ഒരു സന്തോഷം. രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട് എന്ന എന്റെ പുസ്തകം കൂടുതൽ വായിക്കപ്പെടാൻ പുരസ്കാരലബ്ധി സഹായിച്ചിട്ടുണ്ട് എന്നു തോന്നിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇരട്ടവാലൻ എന്ന സമാഹാരം വായിച്ച് കാര്യമായ പ്രതികരണങ്ങളൊന്നും ഇതുവരെ  കിട്ടിയിട്ടില്ല. ആ കവിതകൾ എന്നിൽ നിന്ന് വളരെ അകന്നു പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇപ്പോൾ പുസ്തകം ഇങ്ങനെ അംഗീകരിക്കപ്പെടുന്നത്.ആ പുസ്തകത്തിലെ കവിതകൾ കൂടുതലായി വായനക്കാരിലേക്കെത്താൻ മഹാകവി പി സാഹിത്യ പുരസ്കാരലബ്ധി കാരണമായെങ്കിൽ എന്നോർത്തു ഞാൻ സന്തോഷിക്കുന്നു.
സമ്മാനമായി കിട്ടുന്ന തുകയും സന്തോഷകരം തന്നെ. അപേക്ഷിക്കാതെ, ഇങ്ങോട്ടു വരുന്നു എന്നത് അതിലുമധികം സന്തോഷം. എന്നാൽ ഏറ്റവും സന്തോഷം ഇതൊന്നുമല്ല, എനിക്കു ലഭിച്ച അംഗീകാരങ്ങൾക്കെല്ലാം പിന്നിൽ ഞാനറിയാതെ, എനിക്കു വേണ്ടി പുസ്തകമയച്ച് എന്നോടു പോലും അക്കാര്യം പറയാതിരിക്കുന്ന നിശ്ശബ്ദരായ സുഹൃത്തുക്കളുടെ സ്നേഹമുണ്ട് എന്നതാണ്.

ഇരട്ടവാലന്റെ മൂന്നു കോപ്പി വാങ്ങിച്ച് അവാർഡിനയച്ച സുഹൃത്ത് ആരാണെന്ന് ഇത്തവണ എനിക്കറിയാൻ കഴിഞ്ഞു എന്നതാണ് ഈ അവാർഡിന് ഞാൻ കാണുന്ന വ്യക്തിപരമായ സവിശേഷത. കെ.വി. മണികണ്ഠദാസ് എന്ന മണിയേട്ടനാണതെന്ന് പി. പ്രേമചന്ദ്രൻ മാഷ് ഒരു വാട്സ് ആപ് ഗ്രൂപ്പിൽ എഴുതിക്കണ്ടപ്പോഴാണ് അത് വെളിവായത്.  മണിയേട്ടനോ അതു പോലുള്ള സുഹൃത്തുക്കളോ ഞാനറിയാതെ പുസ്തകമയച്ചിട്ടായിരിക്കും സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള ചില അംഗീകാരങ്ങൾ എനിക്കു കിട്ടിയത് എന്ന ആലോചന തന്നെ എത്ര മധുരമുള്ളതാണ്!

മഹാകവി പി. യെ നേരിൽ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. പക്ഷേ അദ്ദേഹം ഒരിക്കൽ നടന്ന വഴികളിലൂടെ ഞാനിന്നും നടക്കുന്നു. കാഞ്ഞങ്ങാട്ടുകാരൻ കുഞ്ഞിരാമൻ പട്ടാമ്പിയിൽ വന്ന് പുന്നശ്ശേരി ഗുരുകുലത്തിൽ സംസ്കൃതം പഠിച്ചു. പട്ടാമ്പിയുടെ പ്രകൃതിയിൽ നിന്നാണ് കവിതയെന്ന നിത്യകന്യകയെത്തേടിയുള്ള മഹാകവിയുടെ യാത്രകൾ തുടങ്ങുന്നത്. ഗുരുകുലത്തിൽ നിന്നകലെയല്ലാതെ ഒഴുകുന്ന നിളാനദിയിൽ അദ്ദേഹം അനുരക്തനായി. "ഹന്ത, ഞാനനുരക്തനായി താനിന്നിളാ ഗ്രാമകന്യയിൽ" എന്ന് കവി. അദ്ദേഹം പഠിച്ച അതേ സ്കൂളിലാണ് ഇന്നു ഞാൻ പണിയെടുക്കുന്നത്. പട്ടാമ്പി ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളാണ് ഇന്നത്. കരിമ്പനകൾ നിരന്ന (ഇപ്പോളവ ഓരോന്നായി മുറിച്ചു പോയിക്കഴിഞ്ഞു) പാതയിലൂടെ നടന്ന് റെയിലു കടന്ന് പാടം കടന്ന് പാഠശാലയിലേക്ക് അദ്ദേഹം നടന്ന വഴികളിലൂടെ ഇന്നും ഞാൻ നടക്കുന്നു. വരമ്പു കേറുമ്പോൾ വഴി വക്കത്തെ കാക്കപ്പൂവ് ഒരിക്കലെങ്കിലും നുള്ളിയെടുക്കാതിരിക്കുമോ പി എന്ന ആലോചനയിൽ മുഴുകുന്നു. അതെ, ജീവിതത്തിൽ എന്നെ സമ്പൂർണ്ണമായി  ആവേശിച്ച ആദ്യത്തെ കവിയാണ് പി.കുഞ്ഞിരാമൻ നായർ. ആ കവിതയുടെ ലഹരി ഇന്നുമെന്നിൽ മങ്ങിയിട്ടില്ല. എന്റെ പ്രിയ കവിയുടെ ഓർമ്മയിൽ ഒന്നിലേറെ പുരസ്കാരങ്ങൾ ലഭിച്ചു എന്നതിൽപരം അംഗീകാരം എന്റെ കവിതക്ക് കിട്ടാനില്ല എന്നു ഞാൻ കരുതുന്നു.

കുറച്ചിവിടെയും കുറച്ചവിടെയും കുഴച്ചു വച്ച് കുറേ വറ്റു കളഞ്ഞ് ചിന്നിച്ചിതറിച്ച് കുഞ്ഞുങ്ങൾ മാമുണ്ണുന്നതുപോലെ ജീവിതം ജീവിച്ചു തീർത്തു പോയ കവിയാണ് പി.കുഞ്ഞിരാമൻ നായർ. ആ വികൃതിക്കുഞ്ഞ് ബാക്കി വെച്ചു പോയ മുതിർച്ചയാണ് പി.കുഞ്ഞിരാമൻ നായർക്കവിത. അത്രമേൽ സ്വാഭാവികമായി, ഇടമുറിയാത്ത ഒഴുക്കായി എഴുതൂ എന്ന് പീക്കവിത എന്നോടു പറയുന്നു. പാതയിലൂടെ നീങ്ങുന്ന കാളവണ്ടികൾ ഇന്നില്ല. നിളയിൽ തോണിക്കാരന്റെ കൂക്കില്ല. എങ്കിലും തുടങ്ങിയേടത്തല്ല ഇപ്പോൾ എന്നോർമ്മിപ്പിക്കുന്ന കാഴ്ച്ചകൾക്കിടയിലൂടെ ഞാനും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങനെ അനന്തമായി നീങ്ങുമ്പോഴും ഇതൊരു ചെറിയ ഭൂഗോള മുറി മാത്രം എന്നറിയുന്നു -ഒരു കുഞ്ഞു ഭൂഗോള കേരള മുറി എന്ന്. അദ്ദേഹമതിന്റെ താക്കോൽ തിരിച്ചേൽപ്പിച്ചു പോയി. എന്നാൽ അതിന്റെ ഡ്യൂപ്ലിക്കേറ്റു പോലെ ഒന്ന്,  പീക്കു ശേഷമുള്ള ഏതു കവിയുടെയും - എന്റെയും - കയ്യിൽ ചില നേരത്തു തിളങ്ങും! ആ തിളക്കത്തിൽ ഞാനെഴുതാൻ ശ്രമിക്കും.

(മാതൃഭൂമി ഓൺലൈൻ ആവശ്യപ്പെട്ട പ്രകാരം എഴുതിയത്)




No comments:

Post a Comment