കാനഡയിലെ കവിയും നോവലിസ്റ്റുമാണ് ഡാനിയേൽ ജോൺസ്(1959-1994) ടൊറൻ്റോ നഗരത്തിലായിരുന്നു അദ്ദേഹം ജീവിച്ചത്. മുപ്പത്തഞ്ചാം വയസ്സിൽ ജീവിതമവസാനിപ്പിച്ചു.ഒരേയൊരു കവിതാ സമാഹാരം മാത്രം.1985-ലിറങ്ങിയ അതിൻ്റെ പേര് 'ധീരൻ ഒരിക്കലും കവിതയെഴുതില്ല'. അദ്ദേഹത്തിൻ്റെ രണ്ടു കവിതകൾ:
1
ടൊറൊൻ്റോ നഗരത്തിൽ
നല്ല കവിതകളെഴുതപ്പെടാത്തതെന്ത്?
ചിലർ ടാക്സി കാറുകളിലിരുന്നു കവിതയെഴുതും
അല്ലെങ്കിൽ ലൈബ്രറികളിൽ
ചിലർ സർവകലാശാലാ ക്ലാസ് മുറികളിൽ
ചിലർ നഗരനിരത്തുകളിലൂടെ നടക്കുമ്പോൾ
സ്വന്തം കവിതയാലോചിക്കും
പിന്നീടെപ്പൊഴെങ്കിലും മേശപ്പുറത്തു വെച്ചതെഴുതും.
അല്ലെങ്കിൽ തുറമുഖത്തിനടുത്ത ബാറിൽ
വിലപിടിച്ച ബിയറിനു മുന്നിലിരുന്ന്.
മറ്റു പലരും കവിതകളെഴുതുന്നു,
ഒറ്റപ്പെട്ട പാർപ്പിടങ്ങളിലെ ജനാലയ്ക്കലിരുന്ന്.
ഏകാന്തമായ കാപ്പിക്കപ്പുകൾക്കു മുന്നിൽ.
ഇണയുടെ കിടക്ക വിട്ടു പോയി
രാത്രി വൈകി
സ്വന്തം കവിതയെഴുതുന്നവരുമുണ്ട്.
എന്നാൽ നന്നല്ലൊരിക്കലുമാക്കവിതകളൊന്നും.
നല്ല കവിതകളെഴുതപ്പെടുന്നു
അതിരാവിലെയൊരു മേശമേൽ
ഒരു ഗ്ലാസ് ബ്രാണ്ടിക്കു മുന്നിൽ
അല്ലെങ്കിൽ ഒരിറക്കു ബിയറിന്നു മുന്നിൽ.
പക്ഷേ ടൊറോൻ്റോ നഗര ബാറുകൾ തുറക്കില്ല
രാവിലെ പതിനൊന്നിനു മുമ്പ്.
ചിലത് ഉച്ചയ്ക്കു മുമ്പും.
തെരുവുകളിൽ രാവിലെത്തന്നെ
ക്യൂ നിൽക്കുന്നുണ്ട് നമ്മുടെ മികച്ച കവികൾ.
അവർ സ്വന്തം കവിതയെഴുതാൻ ശ്രമിക്കുമ്പൊഴോ
എപ്പൊഴുമുച്ചത്തിലാകുന്നു റോക്ക് ബാൻ്റ്.
2
ജീവിതം രസതന്ത്രത്തിലൂടെ, അതാണു നല്ലത്.
ടൊറൊൻ്റോ നഗരം എന്നെ പിടികൂടാൻ തുടങ്ങി.
ഞാനകപ്പെട്ട പോലെ തോന്നി, മടുപ്പായി,
മാരകമായി,
ഒരു ഡോക്ടറെച്ചെന്നു കണ്ടു.
"എന്താണ് പ്രശ്നമായിത്തോന്നുന്നത്?"
അങ്ങേർ ചോദിച്ചു.
"ഇതാ, ഏതാണ്ടിങ്ങനെ" ഞാൻ പറഞ്ഞു
"ഞാൻ കണ്ടുമുട്ടുന്ന എല്ലാവരും
ഇപ്പോൾ കവിതയെഴുതിക്കളയും എന്നു തോന്നിക്കുന്നു.
എല്ലാടത്തുമുണ്ട് അവർ.
അവരെന്നെ ശ്വാസം മുട്ടിക്കുന്നു.
എന്തൊരു കഷ്ടമാണ്, നിങ്ങൾക്കറിയില്ല"
ഡോക്ടർ കസേരയിൽ ചാഞ്ഞ്
കണ്ണടച്ചു.
അല്പം കഴിഞ്ഞ് അയാൾ
പരിഭ്രാന്തനായി മുരളാൻ തുടങ്ങി:
"ഉം ...
സ്കിസോഫ്രീനിയ......... സ്റ്റെലാസിൻ...."
അയാൾ ഒരു കുറിപ്പെഴുതി,
എൻ്റെ കൈ പിടിച്ചുകുലുക്കി
എന്നിട്ടു തൻ്റെ നോട്ടുബുക്കിലേക്കു മടങ്ങി.
പുറത്തു കടക്കുമ്പോൾ ഞാനൊന്നു നോക്കി,
അയാൾ കവിതയെഴുതുകയാണ്.
ഞാൻ മെഡിക്കൽ ഷാപ്പിലേക്കോടി.
ഏതാനും ആഴ്ച്ച കഴിഞ്ഞ്
ഞാനൊരു കോഫീ ഹൗസിൽ പോയി.
മുപ്പതു പേർ അവിടിരിക്കുന്നുണ്ട്.
പച്ചിലച്ചായ കുടിച്ചു കൊണ്ട്,
മുഷിവോടെ,
നോട്ടുബുക്കുകൾക്കും ബ്രീഫ്കേസുകൾക്കും മേൽ
കുനിഞ്ഞ്.
ഓരോരുത്തരായി എണീറ്റ് മൈക്കിനടുത്തു ചെന്നു.
കടലാസു തുണ്ടുകളിൽ നോക്കി വായിച്ചു: ഒരാളുടെ ഭാര്യ അയാളെ വിട്ടു പോയിരുന്നു, മറ്റൊരുവളെ കണ്ടെത്താൻ
അയാൾക്കു കഴിഞ്ഞില്ല.
മറ്റൊരാൾക്ക് ഒരു ചോളക്കുല മണപ്പിച്ചതും
അസ്തിത്വപരമായ ഒരു തരം ബോധോദയമുണ്ടായി.
കണ്ണീർത്തൊണ്ടയോടെ
ഒരു സ്ത്രീ ഓർമ്മിച്ചു
അമ്മൂമ്മയുടെ മരണം.
വളരെ മനോഹരമായിരുന്നു
അവയെല്ലാം.
എനിക്ക് അത്ഭുതം തോന്നി.
ഞാൻ സ്റ്റെലാസിനെ വാഴ്ത്തിപ്പാടി.
ഒരൊറ്റ കവി പോലുമുണ്ടായിരുന്നില്ലവിടെ.
No comments:
Post a Comment