ആലപ്പുഴ ഡയറി -
കവിതയുടെ നാൾവഴിത്താളിൽ
എന്റെ കാലത്തിന്റെ ചിത്രങ്ങളെപ്പറ്റി.
പി.രാമൻ
ഒക്ടോബർ 2 മുതൽ 5 വരെ ആലപ്പുഴയിൽ ലോകമേ തറവാട് വിശദമായി കണ്ടു. ഞാനും സന്ധ്യയും ഹൃദയും പാർവതിയും ഹരിയും മൃദുവും നദീറും അടങ്ങിയ സംഘം. കൂട്ടത്തിൽ നദീറും ഹൃദയും ചിത്രം വരക്കുന്നവർ. പാർവതി ക്രാഫ്റ്റ് വർക്കുകളിൽ താല്പര്യമുള്ളയാൾ. അവരെ മുൻനിർത്തി ഞങ്ങൾ ആലപ്പുഴയിലെത്തി. ആദ്യമായാണ് പാലങ്ങളുടെയും തോടുകളുടെയും ബോട്ടുകളുടെയും പാണ്ടികശാലകളുടെയും ഈ ജലനഗരത്തിൽ ഇങ്ങനെ അലയുന്നത്. ലോകമേ തറവാട്ടിൽ സുഹൃത്തുക്കളായ ടി.കെ. മുരളീധരൻ, സി. ഉണ്ണികൃഷ്ണൻ, ശാന്തൻ വേലായുധൻ തുടങ്ങി പല കലാകാരന്മാരുടെയും വർക്കുകൾ ഉള്ളത് കാണണമെന്നത് ഈ യാത്രക്കു പ്രചോദനമായി. ഞാനുൾപ്പെടെയുള്ള കവികൾ കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സമകാലീനരായ കേരളീയ ചിത്രകാരന്മാർ എന്താണു വരക്കുന്നത് എന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
സമകാല കേരള ചിത്രകലയുടെ ഒരു പരിച്ഛേദം അനുഭവിക്കാൻ കഴിയുന്നു എന്നതാണ് ഈ പ്രദർശനത്തിന്റെ അപൂർവത. മലയാളി വേരുകളുള്ള ചിത്രകാരുടെ നീണ്ടനിരയാണ് ഇതിൽ പങ്കു കൊണ്ടിട്ടുള്ളത്. വിദൂര - ആഴ - ഗ്രാമീണ കേരളങ്ങളും നഗരകേരളങ്ങളും ആഗോളകേരളങ്ങളും ഒത്തുചേരുന്ന ചിത്രസ്ഥലമായിരിക്കുന്നു ഈ ദിവസങ്ങളിൽ ഇവിടം. കഴിഞ്ഞ ബിനാലേകളിൽ പോലും കിട്ടാത്തതാണ് ഈ കാഴ്ച്ചാനുഭവം.
മുതിർന്ന ആർട്ടിസ്റ്റുകളായ കലാധരൻ, ടി.കെ. രഘുനാഥൻ, വത്സൻ കൂർമ്മ കൊല്ലേരി, കെ.എസ്.രാധാകൃഷ്ണൻ, കെ.പി.സദാനന്ദൻ, കബിത മുഖോപാധ്യായ തുടങ്ങിയവർ തൊട്ട് ഉണ്ണികൃഷ്ണൻ സി യും രജീഷ് സരോവറും അടങ്ങുന്ന യുവനിര വരെയെത്തുന്ന നമ്മുടെ ചിത്രകാരത്തുടർച്ച ഇവിടെയുണ്ട്. ഇന്നും വരച്ചുകൊണ്ടിണ്ടിരിക്കുന്ന, പല തലമുറകളിൽ പെട്ട മലയാളി ചിത്രകാരന്മാർ ഇത്ര വൈപുല്യത്തോടെ ഒന്നിച്ചൊരിടത്ത് ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഇതിലുൾപ്പെടാത്ത മറ്റെത്രയോ ചിത്രകാരർ പുറത്തുണ്ടെന്നിരിക്കിലും. പല രചനാ ശൈലികൾ, പ്രമേയ വൈവിധ്യങ്ങൾ... കൃത്യമായ രാഷ്ട്രീയം പറയുന്ന വിപിൻ ധനുർധരന്റെ ശവാസന റെയിൽ എന്ന ഞെട്ടിക്കുന്ന ഇൻസ്റ്റലേഷൻ തൊട്ട് മധു വേണുഗോപാലിന്റെ ചിത്രങ്ങളിലെ സൂക്ഷ്മമായ ആത്മീയ വിടർച്ച വരെ. ജിജി സഖറിയയുടെ വർക്കുകളിലെ നഗരക്കുടുസ്സു മുറികളും ടി.കെ.മുരളീധരന്റെ ചിത്രങ്ങളിലെ യന്ത്ര നാഗരികതയും തൊട്ട് സി ഉണ്ണിക്കൃഷ്ണന്റെ വർക്കുകളിലെ വീട്ടു വാതിൽ വരകളും ശാന്തി ഇ എൻ ചിത്രങ്ങളിലെ ഉൾഗ്രാമീണതയും എം.ആർ.രമേഷ് ചിത്രങ്ങളിലെ ആദിവാസി ഗോത്രജീവിതാനുഭവങ്ങളും വരെ. ഓരോ ചിത്രവും സംസ്കാരത്തിന്റെ സൂക്ഷ്മമായ അടരുകളിലേക്കു നയിക്കുന്നു. ഉദാഹരണത്തിന് താജ് ബക്കറിന്റെ മഷിച്ചിത്രങ്ങൾ നോക്കൂ. പൊന്നാനി പ്രദേശത്ത് പ്രചാരത്തിലുണ്ടായിരുന്ന, ഖുർ ആൻ പകർത്തിയെഴുതാൻ ഉപയോഗിച്ചു വന്ന പ്രത്യേക മഷിക്കൂട്ടിലാണ് ഈ ചിത്രകാരൻ തന്റെ തീരങ്ങൾ വരക്കുന്നത്. എന്റെ നാടായ പട്ടാമ്പിക്കടുത്തു നിന്നു തന്നെ ശ്രീജ പള്ളം, ബസന്ത്, ഗിരീശൻ ഭട്ടതിരിപ്പാട് എന്നിങ്ങനെ പല ചിത്രകാരുടെ ചിത്രങ്ങൾ ഇവിടെയുണ്ട്.
ഇത്തരമൊരു പ്രദർശനത്തിന് പറ്റിയ ഇടം തന്നെ ആലപ്പുഴ.കടൽത്തീരത്തിന്റേയും തോടുകളുടെയും കായലുകളുടെയും ചെറു നഗരം. ബോട്ടിന്റെയും കയറിന്റെയും ഉറക്കെ സംസാരിക്കുന്ന മനുഷ്യരുടെയും നഗരം. ആലപ്പുഴയിൽ നിന്നുള്ള ചിത്രകാരന്മാരും ആലപ്പുഴച്ചിത്രങ്ങളും ഇവിടെയുണ്ട്. സുനിൽ ലൂയിസ് ദേ യുടെയും എൻ.ബാലമുരളീകൃഷ്ണന്റെയും ചിത്രങ്ങളിലെ ആലപ്പുഴ ഞാൻ കൗതുകപൂർവം ശ്രദ്ധിച്ചു. പ്രദർശനശാലക്കടുത്തുള്ള ഹലായിസ് ഹോട്ടലിൽ വെച്ചു പരിചയപ്പെട്ടപ്പോൾ ഹോട്ടൽ നടത്തിപ്പുകാരൻ മുഹമ്മദ് ഹനീഫ് പറഞ്ഞിരുന്നു. "എന്റെ ഒരു പടം അവിടെയുണ്ട് "
" നിങ്ങൾ വരച്ചതോ?"
"അല്ല, എന്നെ വരച്ചത്."
മുപ്പതോളം കൊല്ലം മുമ്പ് കേരള ക്രിക്കറ്റ് ടീമിൽ ഫാസ്റ്റ് ബൗളർ ആയിരുന്നു താൻ എന്ന് അദ്ദേഹം പറഞ്ഞു. പിൽക്കാലത്ത് സിനിമാ സംവിധായകനായിത്തീർന്ന പ്രിയദർശനുമൊത്തുള്ള ക്രിക്കറ്റ് അനുഭവങ്ങളെക്കുറിച്ചും ഓർമ്മിച്ചു. പിറ്റേന്ന് അദ്ദേഹത്തിന്റെ ആലപ്പുഴ മുഖം സുനിൽ ലൂയിസ് ദേ വരച്ചത് കാണുകയും ചെയ്തു. EPC ഗാലറിയിൽ കയറിച്ചെല്ലുന്നിടത്തു തന്നെ എന്റെ സ്വന്തം ചിത്രസാന്നിധ്യവും കണ്ടു. എ.ജെ.ജോജിയുടെ ആറ്റൂർ രവിവർമ്മ ഛായാപട സീരീസിൽ അദ്ദേഹത്തോടൊപ്പം പലർക്കുമിടയിൽ ഞാനും. കടൽപ്പുറത്തെ മണലിൽ ആറ്റൂരിനൊപ്പം. കവി അൻവർ അലി സംവിധാനം ചെയ്ത മറുവിളി എന്ന സിനിമയുടെ ചിത്രീകരണവേളയിലെടുത്ത ജീവത്തായ പടങ്ങൾ.
ആലപ്പുഴയിൽ നാലു നാൾ കൂടിയപ്പോൾ ഈ നഗരത്തിലെ കവികളെപ്പറ്റി ആലോചിച്ചു. കവിതയിൽ എങ്ങനെയാണ് ഈ നഗരം വന്നിട്ടുള്ളതെന്നും. അനിത തമ്പിയുടെ ആലപ്പുഴവെള്ളം ഓർമ്മയിൽ വന്നു. (ഫേസ് ബുക്കിൽ ഇതിനെക്കുറിച്ചെഴുതിയപ്പോൾ കവി സുധീർരാജ് ആലപ്പുഴയെക്കുറിച്ചു താനെഴുതിയ ഒരു മനോഹര കവിത (ആലപ്പുഴ, പി.എം.ആന്റണിച്ചേട്ടന്റെ നാടകം കളിക്കുന്നത്) എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി പി.എം. ആന്റണിയുടെ നാടകം ആലപ്പുഴക്കാർ രംഗത്തവതരിപ്പിക്കുന്ന സന്ദർഭത്തിൽ നിന്നു തുടങ്ങുന്ന ആ കവിത ആലപ്പുഴയുടെ ജീവിതവും സംസ്കാരവും ആഴത്തിൽ രേഖപ്പെടുത്തുന്നു)
ഇങ്ങനെ ചില കവിതകൾ മാറ്റി വെച്ചാൽ പൊതുവേ ഫിക്ഷനിലുള്ളത്ര സമ്പന്നമല്ല കവിതയിലെ ആലപ്പുഴ എന്നു തോന്നി. ഒരു പക്ഷേ കൂടുതൽ വായിക്കാത്തതു കൊണ്ടാവാം. അതു ശരിയാണെന്നു ബോധ്യമായി ഇവിടെ വെച്ച് കവി ടി. മോഹനനെ പരിചയപ്പെട്ടപ്പോൾ. ടി. മോഹനൻ ആലപ്പുഴയുടെ കവി. ഞങ്ങൾ കവിത ചൊല്ലിയും സംസാരിച്ചുമിരുന്നു. അദ്ദേഹത്തിന്റെ ഇന്ദ്രിയം എന്ന കവിത ഇതാ:
ഇന്ദ്രിയം
,,,,,,,,,,,,,,,,,,,,
കണ്ണുകൾ
ചരിത്രത്തിനു സമ്മാനിക്കുമ്പോൾ
പരാജയപ്പെട്ട ഇന്ദ്രിയങ്ങളോട്
നീ ചോദിക്കുക
കാഴ്ചയെ ബോധപൂർവ്വം
മറവിയാക്കിയും
സ്പർശന മറിയാത്ത
ശവശരീരങ്ങളിൽ സഹശയിച്ചും
ഇരുളടഞ്ഞ സ്വകാര്യതകളിൽ
വിയർക്കാതെ പിരിഞ്ഞു പോയവരാണ് നാം.
നിനക്കറിയുമോ?
സ്ഥലകാലബോധം മറന്നാടി തിമിർത്ത
ആധുനിക ഹൃദയശൂന്യതയുടെ
നഗരവൃത്തങ്ങളിൽ
കൂട്ടക്ഷരങ്ങൾ തെറ്റിയോടിയ
ഓരോ രാത്രിവണ്ടിയും
അളന്നു കുറിച്ച ശബ്ദങ്ങളുടെ
ഇടനാഴിയിൽ
ചതഞ്ഞരഞ്ഞ ജന്മപാപങ്ങളായി
അരങ്ങിൻ്റെ ആവർത്തനത്തിൽ
നിനക്കു വേദനിച്ചോ-
എന്നറിയാതെ പോയ
ശിലാ ഹൃദയ സൗഹൃദങ്ങളിൽ
കണ്ണെഴുതി പൊട്ടുകുത്തിയ
കറുത്ത മുഖവും
വെളുത്ത ചോറും തന്ന വീടും
വികാരങ്ങളില്ലാത്ത
വിപരീതങ്ങളുടെ തടവറയിൽ
ഉപ്പു വറ്റിയ കണ്ണുകൾ കൊണ്ട്
ജീവിതത്തെ അളന്നു പോയ
നിഷ്ഫലതകളായി
പ്രാണൻ മുറിഞ്ഞു, മുറിഞ്ഞില്ലാതാവുന്ന
ഈ മണൽഭിത്തിയിൽ
എന്നാണിനിയും കുളിരു പെയ്യുന്നത്.
പ്രാണൻ മുറിഞ്ഞു മുറിഞ്ഞില്ലാതാകുന്ന മണൽഭിത്തി ... കരിമണൽ ഖനനം തീരങ്ങളെ കാർന്നുതിന്നുന്നതിനെതിരായ ജനകീയസമരങ്ങളെക്കുറിച്ചും നാം അറിഞ്ഞുകൊണ്ടിരിക്കുന്നു. ചിത്രങ്ങളേയും ഞങ്ങളെയും കാണാനെത്തിയ പ്രിയ സുഹൃത്ത് കവി ഒ. അരുൺ കുമാർ രണ്ടു നാൾ ഞങ്ങൾക്കൊപ്പം കഴിഞ്ഞശേഷം മടങ്ങിയത് സമരപ്പന്തലിലേക്ക്.
2
ഇവിടെ കണ്ട ചിത്രങ്ങളിൽ മനസ്സിൽ പതിഞ്ഞ ഒരു ചിത്രമാണ് ഇത്. ചിത്രകാരൻ അലക്സാണ്ടർ.ഡി.
ചിത്രത്തിലെ ആ മനുഷ്യന്റെ നില്പും നോട്ടവും ചിറകോടെ നിലം പതിച്ചവന്റെ കിടപ്പും ഉണ്ടാക്കിയ അസ്വസ്ഥത ഇപ്പൊഴും കൂടെ. പൊതുവേ മൃദു നിറങ്ങളാണിതിൽ. അസ്വസ്ഥതയുണ്ടാക്കാനായി ബോധപൂർവശ്രമമൊന്നുമില്ല.എന്നിട്ടും ഈ ചിത്രം ഉള്ളിൽ കുത്തിക്കടഞ്ഞു. ഇതു കണ്ടപ്പോൾ ഞാൻ പെട്ടെന്നോർത്തത് അമേരിക്കൻ കവി റസൽ എഡ്സന്റെ ഒരു ചെറു കവിതയാണ് - കവിതക്കും ചിത്രത്തിനും തമ്മിൽ നേരിട്ടു ബന്ധമൊന്നുമില്ലെങ്കിൽ പോലും.
കൊഴിയൽ
രണ്ടിലയെടുത്തു പിടിച്ചകത്തു വന്ന് രക്ഷിതാക്കളോട് താനൊരു മരമാണെന്നു പറഞ്ഞ ഒരാളുണ്ടായിരുന്നു.
അതിനോടവർ മുറ്റത്തേക്കു പോകണമെന്നും വേരിറങ്ങി തറ കേടു വരുമെന്നതിനാൽ അകത്തു വളരരുതെന്നും പറഞ്ഞു.
ഞാൻ നിങ്ങളെ പറ്റിച്ചേ, ഞാനൊരു മരമല്ല എന്നു പറഞ്ഞ് അവൻ ഇലകൾ താഴത്തിട്ടു.
പക്ഷേ അവന്റെ രക്ഷിതാക്കൾ പറഞ്ഞു, നോക്കൂ അതു കൊഴിഞ്ഞു.
3
ഏതാനും കൊല്ലം മുമ്പ് തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനോടു ചേർന്നുള്ള ഗാലറിയിൽ നടന്ന ഒരു ഗ്രൂപ് ഷോയിലാണ് മധു വേണുഗോപാലിന്റെ ചിത്രങ്ങൾ ഞാൻ കാണുന്നത്. ഇളക്കിമറിക്കുന്നവയായിരുന്നില്ല , ആസ്വാദക മനസ്സിനെ ലയലീനമാക്കുന്നവയായിരുന്നു ആ ചിത്രങ്ങൾ. അന്ന് മധുവിന്റെ നമ്പർ സംഘടിപ്പിച്ച് വിളിച്ച് ചിത്രങ്ങളെപ്പറ്റി സംസാരിച്ചത് ഓർക്കുന്നു.
മുഴച്ചു നിൽക്കാത്ത, പ്രകടനപരമല്ലാത്ത, ജീവിതത്തിന്റെ സ്വാഭാവികതയിൽ നിന്നൂറി വരുന്ന ധ്യാനാത്മകത കൊണ്ട് എന്നെ ഇപ്പൊഴും വശീകരിക്കുന്നു മധു വേണുഗോപാലിന്റെ ചിത്രങ്ങൾ. എന്റെ ജീവനെ ആകവേ പ്രസന്നമാക്കാൻ ആലപ്പുഴയിൽ കണ്ട ഈയൊരു ചിത്രം മതിയാകും.
4
തിരുവനന്തപുരം നഗരത്തിൽ മലയാളത്തിനു നടുക്കിരുന്ന് എഴുതിക്കൊണ്ടിരുന്ന തമിഴ് കവി നകുലന്റെ ഒരു കവിത എപ്പോഴും ഓർമ്മയിലേക്കു വരാറുണ്ട്.
ആരുമില്ലാത്ത പ്രദേശത്ത്
എന്താ നടന്നുകൊണ്ടിരിക്കുന്നത്?
എല്ലാം.
ചില ചിത്രങ്ങൾ, പ്രത്യേകിച്ചും രൂപങ്ങളുണ്ടെങ്കിൽ പോലും അവ പൊട്ടിച്ച് അമൂർത്തമാവാൻ വെമ്പുന്നവ കാണുമ്പോൾ ആ ഫീൽ അനുഭവപ്പെടാറുണ്ട്. ശാന്തൻ വേലായുധന്റെ ഈ പെൻസിൽ വരച്ചിത്രത്തിൽ ആ 'ആരുമില്ലായ്മ' യും അവിടെ നടമാടുന്ന 'എല്ലാ ' മും ഞാനനുഭവിച്ചു.
തിങ്ങി ഞെരുങ്ങിയ നമ്മുടെ ഊഷരമുഖങ്ങൾക്കിടയിൽ ആ കലമാൻ കൊമ്പുകൾ ഉയർന്നു മായുന്നു.
ഈ കെട്ടിക്കിടപ്പിന്, സ്തംഭനത്തിന് ഇടയിൽ പെട്ടെന്നൊരു മാൻ വേഗം, അനങ്ങാനാവാത്ത മാൻവേഗം ....
മനുഷ്യമുഖങ്ങൾ ... മനുഷ്യക്കണ്ണുകൾ .... മാൻ മുഖങ്ങൾ .... മാൻ കണ്ണുകൾ .... കൊമ്പിൻ വളവുകൾ ..... ചിത്രം കാണുന്ന കണ്ണൂകൾ രൂപങ്ങളെ തകർത്തു പായുന്നു.
കർക്കടകത്തിലെ കലക്കപ്പുഴയിലൂടൊലിച്ചു പോകുന്നതേതു മൃഗങ്ങൾ ?.... വേനൽ വറുതിയിലൂടോടിപ്പോകുന്നതേതു മാൻ മരീചിക?
ഏറെപ്പിന്നിൽ, കുട്ടിക്കാലപ്പൂരപ്പറമ്പിന്റെ ആൾത്തിരക്കിൽ നിന്ന് ഒരെടുപ്പു മൃഗം (കാളയോ കുതിരയോ അതോ മാൻതന്നെയോ?) പെട്ടെന്ന് പൊങ്ങിത്താഴുന്നു.....
5
യോഗയുടെ പാഠങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കാലത്തു തന്നെയാണ് തൊഴിലെടുക്കുന്ന നഗരം വിട്ട് കോവിഡ് ലോക്ഡൗൺ തുടക്കത്തിൽ വിദൂരത്തെ സ്വന്തം ഗ്രാമത്തിലേക്ക് റെയിൽവേ ട്രാക്കിലൂടെ നടന്നു പൊയ്ക്കൊണ്ടിരുന്ന മനുഷ്യർക്കു മേൽ തീവണ്ടി ഓടിച്ചു പോയത്. യോഗയുടെ പാഠങ്ങളെ കൊലപാതക പാഠങ്ങളാക്കിയിരിക്കുകയാണ് ഇന്നത്തെ ഇന്ത്യയെ മൂർത്തമായ് ആവിഷ്കരിക്കുന്ന ഈ ഇൻസ്റ്റലേഷൻ. ബ്രീത് ഡീപ് ലി ആന്റ് സ്ലോലി എന്നു തുടങ്ങി ബ്രീത് ഔട്ടിൽ അവസാനിക്കുന്ന പാഠക്രമങ്ങളെല്ലാം സ്ലീപ്പറുകളിൽ രേഖപ്പെടുത്തിയ വിപിൻ ധനുർദ്ധരന്റെ ഈ ഇൻസ്റ്റലേഷൻ എനിക്ക് മൊബൈൽ ക്യാമറയിൽ ഒതുക്കാൻ കഴിഞ്ഞില്ല.
സാധാരണ മനുഷ്യർക്കുമേൽ വ്യവസ്ഥ നടപ്പാക്കുന്ന ക്രൂരകൃത്യങ്ങളിലേക്കു തുളച്ചുകയറുന്ന ദൃശ്യാനുഭവം...
6
ജർമ്മൻ തത്വചിന്തകരെക്കുറിച്ച് എന്റെ അദ്ധ്യാപകൻ എം.പി. വാസുദേവൻ മാസ്റ്റർ പറഞ്ഞ ഒരു നർമ്മമുണ്ട്. "കാര്യങ്ങൾ അതീവ സങ്കീർണ്ണമായി അവതരിപ്പിക്കാമെന്നിരിക്കെ എന്തിനാണ് വെറുതെ ലളിതമായി പറയുന്നത് എന്നു ചിന്തിക്കുന്നവരാണ് ജർമ്മൻ തത്വചിന്തകർ " എന്ന്.
ചിത്രപ്രദർശനങ്ങൾ കാണുമ്പോഴും ഓർക്കാവുന്നതാണ് മാഷുടെ ഈ നർമ്മം. ആശയപരവും അവതരണ പരവുമായ സങ്കീർണ്ണതയുടെ കാര്യത്തിൽ ജർമ്മൻ തത്വചിന്തകരെപ്പോലെത്തന്നെ വിട്ടുവീഴ്ച്ചയില്ലാത്തവരാണ് നമ്മുടെ പല ചിത്രകാരും!
അങ്ങനെ കണ്ടു കണ്ടു വരുമ്പോഴാവും ലാളിത്യം കൊണ്ട് ഒരു ചിത്രം നമ്മെ പെട്ടെന്നു വശപ്പെടുത്തുക. ഇവിടെ ഞാനങ്ങനെ നിന്നു പോയത് കബിത മുഖോപാദ്ധ്യായയുടെ ചിത്രങ്ങൾക്കു മുന്നിലാണ്.
7
നഗരകേന്ദ്രിതമാണ് ആധുനിക ചിത്രകല എന്നൊരു ധാരണ കേരളത്തിലെ ഒരുൾ നാട്ടിൽ ജനിച്ചവളർന്ന എന്നെപ്പോലൊരാൾക്ക് ഉണ്ടായിരുന്നു. നാട്ടിൻപുറത്തിരുന്നു കൊണ്ട് ഒരു ചിത്രകാരന് ചിത്രം വരച്ചു ജീവിക്കുക അസാധ്യമെന്നും തോന്നിയിരുന്നു. വീട്ടിൽ വരുന്ന അതിഥികൾ സ്വീകരണമുറിയിലെ ടീപ്പോയിമേൽ വെച്ച വാരിക മറിച്ചു നോക്കും, ചുമരിലിരിക്കുന്ന പെയിന്റിങ് കാണുക പോലുമില്ല എന്നത് കൗതുകകരമായ ഒരു മലയാളി ശീലമാണ്. സാഹിത്യത്തിനോടുള്ള ശ്രദ്ധ ചിത്രകലയോടു കാണിക്കില്ല.
മുമ്പ് നമ്മുടെ മുന്തിയ ചിത്രകാരർ മദ്രാസിലേക്കും വടക്കേ ഇന്ത്യൻ നഗരങ്ങളിലേക്കും ചേക്കേറിയെങ്കിൽ 1990 കൾക്കൊടുവോടെ കേരളത്തിൽ തന്നെ ചിത്രം വരച്ചു ജീവിക്കാമെന്ന നിലയിലേക്ക് പതുക്കെ കാര്യങ്ങൾ മാറിത്തുടങ്ങി. അപ്പൊഴും കൊച്ചി പോലൊരു നഗരം തന്നെയായിരുന്നു കേന്ദ്രം.
ലോകത്തിന്റെ പല കോണുകളിലുള്ള മലയാളി ചിത്രകാരെ ഒരുമിപ്പിക്കുന്ന ലോകമേ തറവാട് പ്രദർശനത്തിന്റെ വലിയൊരു സവിശേഷത (എന്നെപ്പോലൊരാളെ സംബന്ധിച്ചിടത്തോളം) ചിത്രകലയെക്കുറിച്ചുള്ള നഗര കേന്ദ്രിതമായ ധാരണകളെ ഇതു തകർക്കുന്നു എന്നതാണ്.
പാലക്കാടു ജില്ലയിലെ നെന്മാറക്കടുത്ത് പേഴുംപാറ ഗ്രാമത്തിലിരുന്ന് വരച്ച് ലോകശ്രദ്ധ പിടിച്ചെടുത്ത ചിത്രകാരനാണ് ഉണ്ണിക്കൃഷ്ണൻ.സി. മുമ്പ് കൊച്ചി, ഷാർജ ബിനാലേകളിലും യൂറോപ്പിലും ഉണ്ണിക്കൃഷ്ണന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. തന്റെ നാടിന്റെ അനുഭവങ്ങളെയാണ് ഈ ചിത്രകാരൻ പ്രധാനമായും വരയ്ക്കുന്നത്. വീട്ടു ചുമരിലെ ഇഷ്ടികകളിൽ വരച്ച ചിത്രങ്ങളായിരുന്നു കൊച്ചി ബിനാലേയിലെങ്കിൽ ഇത്തവണ മറ്റു ചിത്രങ്ങൾക്കൊപ്പം വീട്ടുവാതിൽപ്പാളികളിൽ വരച്ച ചിത്രങ്ങളുമുണ്ട്. (ഇവിടെ കാണുന്ന രണ്ടു വാതിലുകളിലൊന്ന് നെന്മാറ വാതിലും മറ്റൊന്ന് പഠനകാലത്തെ ബറോഡാ വാതിലുമാണ്, അല്ലേ ഉണ്ണീ?) ജീവിതവും കലയും തമ്മിലുള്ള അകലം ഈ ചിത്രങ്ങളിൽ മാഞ്ഞു പോകുന്നു.
8
മലയാളത്തിൽ 2020 നോടടുത്ത് ശ്രദ്ധേയരായ ഏറ്റവും പുതിയ തലമുറയിൽ പെട്ട കുറച്ചു കവികളുടെ രചനകൾ അടുത്തിടെ ഞാൻ ചേർത്തു വെച്ചു വായിക്കുകയുണ്ടായി. അപ്പോൾ തെളിഞ്ഞു വന്ന ചിത്രത്തിൽ കൗതുകകരമായി തോന്നിയ ഒരു കാര്യം, നഗരാനുഭവങ്ങൾ പ്രകടനപരമല്ലാത്ത ആഴത്തിൽ സാന്ദ്രമായി ഉൾക്കൊണ്ട കവിതകൾ ഏറ്റവും പുതിയ തലമുറയിൽപ്പോലും നമുക്കു വളരെ കുറവാണ് എന്നതാണ്. കേരളത്തിലെങ്ങും സിറ്റി സ്കേപ്പുകൾ വിപുലപ്പെട്ടുവരുന്ന കാലത്തും ഗ്രാമീണമായ സാംസ്കാരിക പരിസരബോധത്തോടെയാണ് ആ നാഗരികാനുഭവങ്ങളെ മിക്കപ്പോഴും മലയാളി ഉൾക്കൊള്ളുന്നത് എന്നു തോന്നി.
ഈ പശ്ചാത്തലത്തിൽ എപ്പോഴും മിഴിവോടെ നിൽക്കുന്നവയാണ് ടി.കെ.മുരളീധരന്റെ കവിതകൾ. നഗര നിലക്കാഴ്ച്ചയുടെയും നഗരാനുഭവങ്ങളുടെയും കവിതയാണത്. ഒരിക്കൽ മുംബൈയിൽ പോയപ്പോൾ ഗലികളുടെ ഉൾവഴികളിലൂടെ അയാളുടെ പണിയാലയിലേക്ക് ഞങ്ങളൊന്നിച്ചു നടന്നത് ഓർക്കുന്നു. ആ നടത്തത്തിനു ശേഷം ഞാൻ ഇങ്ങനെയൊരു കവിതയുമെഴുതി:
നഗരത്തിലെ ചിത്രകാരൻ
(ടി.കെ.മുരളീധരന്)
എല്ലാ ദിവസവും,
ഇരുപുറമിരമ്പുന്ന ഗലികൾക്കിടയിലൂടെ
അമർത്തിച്ചവിട്ടി നീ
പണിയിടത്തിൽ നിന്നു പണിയിടത്തിലേക്ക്
ധ്യതിപ്പെട്ടു കുതിക്കുമ്പോൾ
പെട്ടെന്ന്
പതിനൊന്നുമണിസ്സൂര്യനു നേരെ
കണ്ണുകളുയർത്തുന്ന ഞൊടിയിൽ
ആയിരമായിരം ഫ്ലാറ്റു ജനാലക്കമ്പികളിൽ
അലക്കി വിരിച്ചിട്ട തുണികൾ
ചിറകുകളായ് വീശി വീശി
നഗരം നിന്നെയും കൊണ്ട്
അതീവ സ്വകാര്യമായി
Oപ്പെന്ന്
പറന്നുപൊങ്ങുന്നതു നീ കാണും.
നീ വരക്കാൻ പോകുന്ന
പുതിയ ചിത്രത്തിലേക്ക്.
എല്ലാ ദിവസവും
ഇതേ സമയത്ത്.
നിത്യജീവിത പ്രാരാബ്ധങ്ങളിൽ പെട്ട് ചിത്രംവര മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രയാസങ്ങളെപ്പറ്റിയും തനിക്കു വരയാനുള്ള ചിത്രങ്ങളെപ്പറ്റിയുമെല്ലാം ഞങ്ങൾ അന്ന് സംസാരിച്ചതിന്റെ അടയാളങ്ങൾ ഈ കവിതയിലുണ്ടാവാമെന്നു ഞാൻ കരുതുന്നു.
തന്റെ പണിയാലയിൽ വെച്ച് ഒരു ഷർട്ടിൽ മലയാള അക്ഷരങ്ങളെഴുതി അയാളെനിക്കു സമ്മാനിച്ചു. മുരളി കൈകൊണ്ടെഴുതിയ ഈരടികൾ ചിത്രിതമായ ടീഷർട്ടുകൾ പട്ടാമ്പി കവിതാ കാർണിവലിലെ ഒരാകർഷണമായിരുന്നു. ലോകമേ തറവാട് പ്രദർശനത്തിലും മുരളിയുടെ വസ്ത്രകല കൊളുത്തുകളിൽ തൂങ്ങിക്കിടക്കുന്നു.
കുറേക്കാലമായി മുരളി വരച്ചു കൊണ്ടിരിക്കുന്ന നഗര നിലക്കാഴ്ച്ചകളുടെ രണ്ടാം ഭാഗമായ കെട്ടിടങ്ങളുടെ ശ്രേണിയിൽ പെട്ട ചിത്രങ്ങളും ആലപ്പുഴയിൽ കണ്ടു. ആദ്യ ഭാഗമായ മെഷീൻ ശ്രേണിയിൽ പെട്ട ഒരു ചിത്രമായിരുന്നു , ഞാൻ എഡിറ്റുചെയ്ത തിളനില ഒന്നാം ലക്കത്തിന്റെ (2016) മുഖപടം.
ലോകമേ തറവാട്ടിൽ മുരളിയുടെ ചിത്രങ്ങളുടെ നിരയിലിരുന്ന്, ഒരു പക്ഷേ പുതിയൊരു ചിത്രശ്രേണിക്കു തുടക്കമായേക്കാവുന്ന ഈ ചിത്രം എന്നെ നോക്കുന്നു.
9
നമ്മുടെ പുതിയ ചിത്രകാരന്മാർക്ക് വരക്കാൻ ഏറ്റവും ഇഷ്ടമുള്ള പഴമാണ് ചക്ക എന്നു തോന്നാറുണ്ട്. രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പൊഴോ ആണെന്നോർക്കുന്നു എറണാകുളത്തു വെച്ച് ശോശാ ജോസഫിന്റെ ചക്കച്ചിത്രങ്ങൾ കണ്ടെത്. അന്നത് വളരെ സ്വാധീനിക്കുകയുണ്ടായി. വി.എം.ഗിരിജയും അനിത തമ്പിയും ആ ചിത്രങ്ങളെ മുൻനിർത്തി കവിതകളുമെഴുതി.
പിന്നീടൊരു ചക്കച്ചിത്രം വിസ്മയിപ്പിച്ചത് രാജൻ കൃഷ്ണന്റേതാണ്. വലിയ പ്ലാവിൽ നിറ നിറയെ ചക്കകൾ....
ലോകമേ തറവാട്ടിലും ചക്ക ചിത്രിതമായ പല ചിത്രങ്ങൾ കണ്ടു. അവയിൽ പെട്ട ഒന്നാണ് ഷിനോജ് ചോറന്റെ ഈ ചിത്രം. എന്നാൽ ചക്ക ചിത്രതമായതു കൊണ്ടല്ല ഇതെന്നെ ആകർഷിച്ചത്. മറിച്ച് കോവിഡ് കാലത്തെ ഒറ്റപ്പെടലും പരസ്പര വിനിമയവും ഇയാളുടെ ചിത്രങ്ങളിൽ സ്വാഭാവികമായും ചിത്രിതമായിരിക്കുന്നു എന്നതുകൊണ്ടാണ്.നീട്ടിപ്പിടിച്ച കൈകളിലെ കത്തിമുനകൾ മാത്രമല്ല, ചക്കമുറികളുടെ പാരസ്പര്യവും അവക്കിടയിലെ വിടവും ചക്ക മുറികൾക്കു പിന്നിൽ മറഞ്ഞ തലകളും ആ കുമ്പകളും ഇരു ചക്കമുറികളുടെയും വാൽഞെട്ടുകൾ പോലും (ഒരു ചക്കക്ക് രണ്ടു ഞെട്ടുകൾ ?) പറയാനാവാത്തതെന്തോ പറയാൻ ശ്രമിക്കുന്നപോലെ ....(ഈ ചിത്രത്തെക്കുറിച്ച് FB യിൽ എഴുതിയപ്പോൾ ചിത്രത്തിലെ രണ്ടു മനുഷ്യ രൂപങ്ങളും ഒന്നു തന്നെയെന്നും ഒന്നിന്റെ തന്നെ കണ്ണാടിക്കാഴ്ച്ചയാണ് മറു രൂപമെന്നും ഒന്നുരണ്ടു പേർ പ്രതികരണമായി എഴുതിയത് വളരെ ശരിയാണെന്ന് എനിക്കു തോന്നി)
10
വെളിച്ചത്തെക്കുറിച്ചുള്ള സകല കവിതകളും ഊറിക്കൂടുന്ന ഒരിടം സങ്കല്‌പിക്കാമെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം അതൊരു ചിത്രസ്ഥലമായിരിക്കും.
വെളിച്ചത്തെക്കുറിച്ചുള്ള കവിതകൾ ഒഴുകി നിറഞ്ഞിരിക്കുന്നു ടോം വട്ടക്കുഴിയുടെ ലോകമേ തറവാട് ചിത്രങ്ങളിൽ
അതിൽ രണ്ടു ചിത്രത്തടങ്ങൾ ഇതാ. റെഡ് ഓക്സൈഡ് തേച്ചുരച്ചു മിനുസം വരുത്തിയ നിലത്തു നിഴലിക്കുന്ന വെളിച്ചം ഉള്ളിലെ മറ്റൊരു കാലത്തിന്റെ വെളിച്ചമായും മാറുന്നു. അതെ, അകവും പുറവും വെളിച്ചത്തിലൊന്നായിത്തീരുന്നു.
11
രതീദേവി എന്ന ചിത്രകലാ അദ്ധ്യാപികയുടെ കൂടെ ഏതാനും മാസങ്ങൾ കാക്കനാട്ടെ ഒരു വിദ്യാലയത്തിൽ 2004 - 2005 കാലത്ത് ജോലി ചെയ്തിട്ടുണ്ട് ഞാൻ. അന്ന് അവരുടെ ആർട് ക്ലാസ് റൂം കുട്ടികൾക്ക് വളരെ പ്രിയങ്കരമായിരുന്നു എന്നോർക്കുന്നു. നിറങ്ങളും രേഖകളും കൊണ്ട് ക്ലാസ് റൂമിനെ ഒരു ഉമ്മറമാക്കി കുട്ടികളെ ചിത്രകലയിലേക്കു സ്വാഗതം ചെയ്യുകയായിരുന്നു ആ അദ്ധ്യാപിക.
ഈ പ്രപഞ്ചത്തെത്തന്നെ ഒരുമ്മറമായി, പൂമുഖമായി, മുന്നിൽ നിർത്തുന്നു രതീദേവീ പണിക്കരുടെ ഈ ചിത്രം. ലോകമേ തറവാട്ടിന്റെയും ഉമ്മറം തന്നെ ഈ ഉമ്മറം.
വീട്ടുമ്മറങ്ങളെല്ലാം നിശ്ശബ്ദം തണുത്തു പോയ കാലത്ത് ഉമ്മറം എന്ന സാധ്യതയെ വർണ്ണശബളതയോടെ ഓർമ്മിപ്പിക്കുന്നു ഇത്.
12
അത് വീഴുമോ?
താഴെ നിൽക്കുന്ന മനുഷ്യർ അടിയിൽ ഞെരിഞ്ഞമരുമോ?
വീഴുമെന്നറിഞ്ഞിട്ടും അവരിങ്ങനെ നിന്നു നോക്കുന്നതെന്ത് ?
ഭയമോ കൗതുകമോ ആരാധനയോ നിർവികാരതയോ അവരുടെ മുഖത്ത്?
അവരുടെ കണ്ണുകൾ അന്ധമായിപ്പോയോ?
അവർ അതു കാണാനായി സ്വയമങ്ങനെ വരി നിന്നതോ, അതോ മറ്റാരെങ്കിലും വരിയായി നിർത്തിയതോ ?
അത് തനിയേ വീഴുന്നതാണോ?
ആരോ തള്ളി മറിച്ചിടുകയല്ലേ അതിനെ?
വ്യവസ്ഥയാണോ മനുഷ്യനെ ഇങ്ങനെ വരി നിർത്തുന്നത് ?
അവർ എന്തു പണിയെടുത്താണു ജീവിക്കുന്നത്?
ഒരേ പോലുള്ള ആ നിര വീടുകളിൽ നിന്നു വരുന്നവരാണോ ഇവർ?
അത് വീണാൽ ആ നിര വീടുകളും തകർന്നു പോകില്ലേ?
അവർ താൽക്കാലികമായി താമസിക്കുന്ന ഷെഡ്ഡുകളല്ലേ അവ?
എവിടുന്നാണ് അവർ അവിടേക്കു വന്നത് ?
അതിനടിയിൽ അവരും അവർ തങ്ങുന്ന പാർപ്പിടങ്ങളും ഞെരിഞ്ഞമർന്നാൽ അവശേഷിച്ചവർ എവിടേക്കു പോകും?
നഗരങ്ങളിലേക്ക്?
അവിടെ അവർ എങ്ങനെ ജീവിക്കും?
എവിടെ താമസിക്കും?
ഇതു പോലുള്ള മറ്റൊരു നിര വീട്?
ഞാൻ ഇറങ്ങി വന്ന ഷെഡ്ഡ് ഇപ്പോൾ അവിടെയുണ്ടോ?
അതിതാ വീഴുന്നു.ഞാനെവിടേക്കു രക്ഷപ്പെടും?
ആലപ്പുഴയിലെ ലോകമേ തറവാട്ടിൽ ജിജി സക്കറിയയുടെ ശില്പങ്ങൾ പ്രദർശിപ്പിച്ച ഹാൾ.ആശങ്കകൾ മാത്രം ഇരമ്പുന്നു ഈ ശില്പങ്ങൾ കണ്ടു നിൽക്കുമ്പോൾ ... ആ മുരൾച്ചയിൽ ശില്പത്തിന്റെ മൗനം പിളരുന്നു.
13
പെണ്ണിന്റെ നോട്ടം പ്രധാനമായിരിക്കുന്നു ലോകമേ തറവാട്ടിൽ. സ്വകാര്യമായ ഡയറിക്കുറിപ്പുകളെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ തൊട്ട് ഉച്ചത്തിൽ പ്രഖ്യാപിക്കുന്ന ചിത്രങ്ങൾ വരെ ചിത്രകാരികളുടേതായുണ്ട്. വളരെ ശ്രദ്ധേയരായ ഇത്രയേറെ ചിത്രകാരികൾ നമുക്കുണ്ട് എന്നതു തന്നെ അഭിമാനത്തോടെ എടുത്തു പറയണം. മലയാളിയുടെ പൊതുവീക്ഷണത്തെ പെൺമ ആഴത്തിൽ സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു എന്നത് കേരളീയ സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റം തന്നെയാണ്. ആമി ആത്മജ, ഹെൽനാ മരീൻ ജോസഫ്, സൂരജ കെ.എസ്, ശാന്തി ഇ.എൻ, കവിത ബാലകൃഷ്ണൻ, ലീനാ രാജ്, ബിന്ദി രാജഗോപാൽ, ദീപ്തി പി വാസു, ശ്രീജ പള്ളം തുടങ്ങിയ ചിത്രകാരികളുടെ വർക്കുകൾ ഈ ലോകത്തെ വ്യത്യസ്തമായി നോക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.
14
ആന്റോ ജോർജ് ഒരു ചിത്രത്തിൽ വരച്ചിരിക്കുന്നത് കുന്നിൻ മോളിലെ പാറയും അതിനുമേൽ നിൽക്കുന്ന രണ്ടു പെൺകുട്ടികളെയുമാണ്. അസ്തമയത്തിലാറാടി നിന്ന താഴ് വര നോക്കുന്ന രണ്ടു ജീവബിന്ദുക്കളായി ഞാനവരെ കാണുന്നു. "അനിയത്തീ നീയെന്നെ മറന്നോ" എന്നു ചെമ്പകപ്പൂവിറുക്കാനെത്തുന്ന പെൺകുട്ടിയോടു നാളെ ചോദിക്കുക ഇതിലെ മുതിർന്നവളായിരിക്കുമോ?
അസ്തമയകാന്തി ചിത്രകാരൻ വരച്ചിട്ടേ ഇല്ല. വരച്ചത് പാറയും മേഘങ്ങളും മരങ്ങളും മാത്രമാണ്. എന്നിട്ടും പാറമേലും മേഘത്തിലും പുരണ്ട ആ ചായത്തിൽ നിന്ന് അസ്തമയപ്രഭ പരക്കുന്നു. കാരണം ആ ചായം ചായവെള്ളത്തിൽ നിന്നുണ്ടാക്കിയതാണ്.
ടീ വാഷുകൊണ്ടൊരു സ്വർണ്ണ സായന്തനം.
ചിത്രം ആലപ്പുഴയിലെ ലോകമേ തറവാട്ടിൽ.
15
ഗൃഹാതുരത ചെടിപ്പു തന്നെ. എന്നാൽ ഒരു ചിരി കലരുന്ന പക്ഷം ഗൃഹാതുരമായ ഏത് ഓർമ്മയും ആസ്വാദ്യമാവും. ഒരിളം ചിരി കലരുമെങ്കിൽ ഗൃഹാതുരമായ ഓർമ്മകളെക്കുറിച്ചെഴുതാനും ഇഷ്ടമാണ്.
1980 കളിലെ കുട്ടിക്കാലമാണ് സുനിൽ പൂക്കോട് വരച്ചിട്ടുള്ളത് എന്നാണ് അക്കാലത്തു കുട്ടിയായിരുന്ന എനിക്കു തോന്നിയത്. ആ കാലത്തിന്റെ കുട്ടിത്തത്തെ ചിരി കലർത്തി വരച്ചിരിക്കുന്നു ഇവിടെ. ഇവ പെയിന്റിങ്ങുകളാണ്. കാർട്ടൂണുകളോ കാരിക്കേച്ചറുകളോ അല്ല. എന്നാൽ നിർമ്മലമായ ചിരിയുണ്ട് വരയിലും വർണ്ണത്തിലും. ജനപ്രിയ കലാരീതിയെ ഭംഗിയായി ഉപയോഗപ്പെടുത്തിയിരിക്കുന്നു ഇവിടെ. മനോരമയിലും മംഗളത്തിലുമൊക്കെ വന്നിരുന്ന ചിത്രങ്ങൾ കൂടിച്ചേർന്നതാണ് അന്നത്തെ ബാല്യത്തിന്റെ ചന്തം. അത്തരം ജനപ്രിയവരകൾ ഓർമ്മയിൽ വന്നു ഇതു കണ്ടപ്പോൾ. കുട്ടിക്കാലത്തിന്റെ കഥ പറയുന്ന ചിത്രങ്ങൾ.
ഈന്തോലകൊണ്ടലങ്കരിച്ച കല്യാണപ്പുരയിലെ ഈ രംഗം എന്റെ ബാല്യത്തിൽ നിന്നു കൂടി പൊങ്ങി വരുന്നതാണ്.
16
ഏതമൂർത്തതയിൽ നിന്നും മൂർത്തതയേയും അരൂപത്തിൽ നിന്നു രൂപങ്ങളേയും കണ്ടെടുക്കാനുള്ള വെമ്പൽ മലയാളി ഭാവനയുടെ പ്രത്യേകതയാണെന്നു തോന്നാറുണ്ട്. അമൂർത്തത സങ്കല്‌പിക്കുന്നതിനേക്കാൾ നമുക്കിഷ്ടം മൂർത്തതയെ സങ്കല്പിക്കാനാണെന്നും. അമൂർത്ത ചിത്രകലയെ ഉൾക്കൊള്ളാൻ നമുക്കു വേണ്ടത്ര കഴിഞ്ഞിട്ടില്ലെന്നും തോന്നാറുണ്ട്. രേഖകളോടും രൂപങ്ങളോടും മൂർത്തതയോടുമുള്ള ഈ ചായ് വ് ലോകമേ തറവാട്ടിലെ ചിത്രങ്ങളിലും പൊതുവേ പ്രകടമാണ്.
ഇതാ അമൂർത്തമാവാൻ വെമ്പുന്ന ഒരു ചിത്രം. ഗിരീശൻ ഭട്ടതിരിപ്പാട് വരച്ചത്. പക്ഷേ അതിലും മൂർത്തരൂപങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു എന്റെ കണ്ണ്. അതോ മൂർത്തതയോടുള്ള എന്റെ ചായ് വിനെ തിരിച്ചറിയാൻ പ്രകോപിപ്പിക്കുകയാണോ ചിത്രം?
17
എനിക്കു മുൻപരിചയമൊന്നുമില്ലാത്ത ചിത്രകാരൻ മനോജ് വയലൂരുമായി ഫോണിൽ ഒന്നുരണ്ടു തവണ സംസാരിച്ചിട്ടുണ്ട്. അത് ചിത്രകലയെക്കുറിച്ചായിരുന്നില്ല. അദ്ദേഹം പ്രിൻസിപ്പാളായ തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിലെ ഒരു വിദ്യാർത്ഥിയെക്കുറിച്ചായിരുന്നു.
അവൻ എന്റെ കുഞ്ഞ്. അവന്റെ വിദ്യാഭ്യാസകാര്യങ്ങളെക്കുറിച്ചുള്ള ചില ഉൽക്കണ്ഠകൾ പങ്കു വെക്കാനായിരുന്നു അദ്ദേഹത്തെ വിളിച്ചത്. അദ്ദേഹം അവിടെ പുതുതായി പ്രിൻസിപ്പാൾ പദവി ഏറ്റെടുത്തിട്ടേയുള്ളൂ. കുട്ടികളെ പരിചയമായിട്ടില്ല. കോവിഡ് കാരണം പതിവു ക്ലാസുകൾ മുടങ്ങിയിരിക്കുന്ന സമയവും. കുട്ടികളുടെ പല തരം പ്രയാസങ്ങളോട് സ്നേഹപൂർണ്ണമായ പിന്തുണ ആ സ്ഥാപനത്തിൽ വേണ്ടത്ര ഇല്ലയോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. പുതിയ പ്രിൻസിപ്പാൾ മനോജ് വയലൂരിനോടു സംസാരിച്ചപ്പോൾ എന്റെ ഉൽക്കണ്ഠകൾ അയഞ്ഞത് ആശ്വാസപൂർവം ഓർക്കുന്നു. അന്നു സംസാരിച്ചശേഷം അദ്ദേഹം അവന്റെ കാര്യത്തിൽ തുടർന്നിതുവരെയും വളരെ ശ്രദ്ധ വെച്ചു വരികയും ചെയ്യുന്നു.
നന്മയുള്ള ആ മനുഷ്യന്റെ ചിത്രങ്ങൾ ലോകമേ തറവാട്ടിൽ ഞാൻ കണ്ടു. ആർട്ടിസ്റ്റിന്റെ ഉൾമുറിവുകളടെ നിശ്ശബ്ദവേദനയാണ് ആ ചിത്രങ്ങൾ പ്രകാശിപ്പിക്കുന്നതെന്നു തോന്നി. പോളിഷ് കവി വിസ്ലാവാ ഷിംബോസ്കയുടെ നോബേൽ സ്വീകരണപ്രഭാഷണത്തിൽ കവിയുടെ വിരസമായ എഴുത്തുമുറിയെ ചിത്രകാരുടെ നിറപ്പകിട്ടുള്ള മുറിയുമായും സംഗീതജ്ഞരുടെ നാദവീചികളുയരുന്ന പരിശീലനമുറിയുമായും താരതമ്യം ചെയ്തിട്ടില്ലേ? അതിന്റെ മറുപുറമായി ഞാനീ ചിത്രങ്ങൾ കണ്ടു. കലാകാരൻ അനുഭവിക്കുന്ന കയ്പൻ വൈരസ്യത്തെ ടാബ്ലോയുടെ നാടകീയശോഭ നൽകി വിരുദ്ധോക്തിയാക്കി മാറ്റുന്നു, എന്റെ കണ്ണിലീ ചിത്രങ്ങൾ.
ചിത്രകലാ വിദ്യാർത്ഥിയായ മോന്റെ പ്രയാസങ്ങൾ കലാകാരന്റെ മനസ്സിനെക്കുറിച്ച് ആധികൊള്ളുന്ന കലാധ്യാപകൻ കൂടിയായ ആ ചിത്രകാരൻ അനുഭാവപൂർണ്ണം പരിഗണിക്കുന്നത് തീർത്തും സ്വാഭാവികമെന്ന് ഈ ചിത്രങ്ങൾ എന്നോടു പറഞ്ഞു.
18
"എവിടേക്കു പോകും ഞാൻ? ഒരു തരം നീലക്കു നേരെ? മഞ്ഞയും പച്ചയും കൂടെക്കരുതണോ? നിറങ്ങളെയും കോമാളിത്തങ്ങളെയും ഞാൻ കൂട്ടിക്കലർത്തും. എന്നിട്ടതു നദികളിലൊഴിക്കും. നദികൾ നിറപ്പകിട്ടോടെയൊഴുകട്ടെ. കുളിക്കാൻ വരുന്ന ഭാര്യമാരും പെൺമക്കളും നിറപ്പകിട്ടോടെ വീട്ടിലേക്കു മടങ്ങട്ടെ. നദിയിൽ നിന്നു മടങ്ങുന്ന വഴി അവർ ചിതറുന്ന ചിരി പുല്ലു നിറഞ്ഞ വെളിമ്പരപ്പാകട്ടെ. അവിടെ ചുറ്റിക്കറങ്ങാൻ നിരാശയെ ഞാൻ കൊണ്ടുവരും. ഏറെക്കാലം മുമ്പു പൊട്ടിപ്പോയ മാലയിലെ മുത്തുകൾ വീണത് ആ പുല്ലിനിടയിൽ കണ്ടെത്താൻ കഴിയുമെന്ന് നിരാശക്കും എനിക്കും ഉറപ്പുണ്ടായിരിക്കും. ഞങ്ങൾ രണ്ടും പുല്ലിലിരിക്കും. ഇനിയധികം നേരം ഞാൻ നിന്നോടൊപ്പം കഴിയില്ല എന്ന് അറിയാൻ നിരാശയെ ഞാൻ അനുവദിക്കും".
ബംഗാളി കവി ജോയ് ഗോസ്വാമിയുടെ, തലക്കെട്ടില്ലാത്ത ഈ കവിത പല തവണ വായിച്ചിരിക്കേ, ലോകമേ തറവാട്ടിൽ നിന്നു ഫോണിൽ പകർത്തിയ ഒരു തുടർച്ചിത്രത്തിലെ രണ്ടു ചിത്രങ്ങൾ ഒപ്പം മനസ്സിൽ വന്നു. ചിത്രകാരി ബിന്ധി രാജഗോപാൽ.
പച്ചയും ഇരുട്ടും പെൺമയും കൂട്ടിക്കലർത്തി നദിയിൽ, കായലിൽ, കുളത്തിൽ പകരുന്നു ചിത്രകാരി. വെള്ളത്തിൽ മുങ്ങി നിവരുന്നവൾ കവിതയിലെപ്പോലെ നിറപ്പകിട്ടോടെ വീട്ടിലേക്കു മടങ്ങുമോ? അവളുടെ ചിരി ചിതറി പച്ചപ്പുൽപ്പരപ്പാകുമോ?
19
ഡി.സി.ബുക്സ് അടുത്തിടെ പ്രസിദ്ധീകരിച്ച ഗോത്രകവിത എന്ന പുസ്തകത്തിന്റെ മുഖചിത്രം എം.ആർ.രമേഷിന്റെ പെയിന്റിങ് ആണ്. വയനാട്ടിലെ ആദിവാസി ഗോത്രത്തിൽ നിന്നുള്ള ചിത്രകാരനാണ് രമേഷ്. ചിത്രങ്ങളും കുറിപ്പുകളുമടങ്ങുന്ന തോട എന്ന പുസ്തകത്തോടെയാണ് രമേഷിനെ ഞാൻ അറിയുന്നത്. ഗോത്രകവിത എന്ന കൃതിയുടെ പിന്നണിയിൽ പ്രവർത്തിച്ച സമയത്ത് രമേഷുമായി ഫോണിൽ സംസാരിച്ചിട്ടുമുണ്ട്.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള കലാകാരന്മാരുടെയും കവികളുടെയും ശക്തമായ കടന്നുവരവ് മലയാളി ഭാവുകത്വത്തിൽ സൂക്ഷ്മമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. രമേഷിന്റെ ചിത്രങ്ങളും അശോകൻ മറയൂർ, സുകുമാരൻ ചാലിഗദ്ധ , അജയൻ മടൂർ, ധന്യ വേങ്ങച്ചേരി, സുരേഷ് മഞ്ഞളമ്പര, പി.ശിവലിംഗൻ, ശാന്തി പനക്കൻ, ആർ.കെ. അട്ടപ്പാടി, മണികണ്ഠൻ, പ്രകാശ് ചെന്തളം, കെ.എ. രാമു എന്നിവരുടെയെല്ലാം കവിതകളും എന്നെപ്പോലൊരാളെ ഇന്നേറെ സ്വാധീനിക്കുന്നു.
ഗോത്രകവിതയുടെ മുഖമായി വന്ന ചിത്രം ലോകമേ തറവാട്ടിൽ ഞാൻ വീണ്ടും കണ്ടു. സവിശേഷമായ സൗന്ദര്യബോധത്തിൽ നിന്നുരുവായ മറ്റു ചിത്രങ്ങളും. തന്റെ സംസ്കാരപാരമ്പര്യത്തെ സൗന്ദര്യാനുഭൂതിയാക്കി മാറ്റുന്ന ഒരു ചിത്രം ഇതാ.
20
ലക്ഷ്യമില്ലാതെയലഞ്ഞലഞ്ഞ് മലമടക്കിലെ ഒരു വിദൂരഗ്രാമത്തിൽ ഒരു മൂവന്തി നേരത്ത് എത്തിച്ചേരുന്നതിന്റെ അത്ഭുതമാണ് യാത്രകളിൽ നിന്ന് ഞാൻ സങ്കല്പിക്കാറുള്ള ഏറ്റവും വലിയ സന്തോഷം.
ഒരു വളവു തിരിഞ്ഞതും മരങ്ങൾ
കുറിയവയായിലകൾ ചുരുണ്ടിരുണ്ടു
ഒരു വളവു തിരിഞ്ഞതും ചുവപ്പൻ
സുമനിര മാറി വെളുത്ത പൂക്കളായി ....
എഴുത്തിലൂടെ കിട്ടുന്ന ആനന്ദവും ഇതു പോലെയാണ് എന്ന് കുറേക്കഴിഞ്ഞാണ് ഞാൻ തിരിച്ചറിഞ്ഞത്. എഴുത്തിന് ഒരൊഴുക്കു കിട്ടിയ സമീപകാലത്തു മാത്രം. എഴുതിയെഴുതി എവിടെയെങ്കിലുമൊക്കെയെത്തുക എന്നതിൽപരം ആനന്ദം വേറെന്ത്?
ചിത്രകാരും ആ ആനന്ദം തന്നെയാവും അനുഭവിക്കുന്നത്. എന്റെ സുഹൃത്ത് ബസന്തിൽ ഞാനാ ആനന്ദം നേരിട്ടു കണ്ടിട്ടുണ്ട്. പട്ടാമ്പി കോളേജിൽ പ്രീ ഡിഗ്രിക്ക് ഞങ്ങൾ സഹപാഠികളായിരുന്നു. അന്ന് വസന്ത് പെന്നു കൊണ്ട് കടലാസിൽ വരച്ചു തന്ന ഒരു ചിത്രം ഞാനെന്റെ വീട്ടിലെ ചുമരിൽ പതിപ്പിച്ചത് വീടു പൊളിച്ചു മാറ്റും വരെയും അവിടെയുണ്ടായിരുന്നു. വസന്ത് പിന്നീട് ചിത്രകല പഠിക്കുകയും ചിത്രകാരൻ എന്ന നിലയിൽ പ്രസിദ്ധനാവുകയും ചെയ്തു. വാട്ടർ കളറിൽ ബസന്ത് പണ്ടു ചെയ്ത പ്രകൃതിദൃശ്യങ്ങൾ എന്റെയുള്ളിലിപ്പോഴുമുണ്ട്. വളരെ വേഗത്തിൽ ബസന്ത് പെരിങ്ങോട് വരക്കുന്നതു കണ്ടു നിൽക്കുന്നതു തന്നെ ആനന്ദകരമാണ്. എന്തൊരൊഴുക്കും വേഗതയുമാണാ യാത്രക്ക്! വരച്ചു വരച്ച് ബസന്ത് ഒരു ചിത്രത്തിലേക്കു പെട്ടെന്നങ്ങ് എത്തിപ്പെടുന്ന പോലെയാണ് എനിക്കു തോന്നാറ്. വരച്ചു വരച്ച് ഒരിടത്തെത്തുമ്പോഴത്തെ വിസ്മയം കലർന്ന ആ ആനന്ദം പോലൊരാനന്ദം എഴുതിയെഴുതി അനുഭവിച്ചറിയാൻ എനിക്കു പിന്നെയും വർഷങ്ങൾ വേണ്ടി വന്നു.
മൂന്നാലു കൊല്ലം മുമ്പ് ദർബാർ ഹാളിൽ വെച്ച് ബസന്തിന്റെ ഒരു ചിത്രം ( മഴയത്ത് കാട്ടിൽ ഒരു കാർ നിൽക്കുന്നത് ) കണ്ടപ്പോൾ ഞാൻ പെട്ടെന്ന് സ്വീഡിഷ് കവി തോമസ് ട്രാൻസ് ട്രോമറിന്റെ ഒരു കവിതയിലാണ് എത്തിയത്. ഉൾമഴകൾ എന്ന ആ കവിതയിലും കാട്ടിൽ മഴയത്തകപ്പെട്ട ഒരു കാറുണ്ടായിരുന്നു.
അടുത്തിടെ ബസന്തിന്റെ FB ചുമരിൽ വന്ന ഹിമാലയ ചിത്രങ്ങളുടെ ഭംഗി ഉള്ളിലിപ്പൊഴും.
ലോകമേ തറവാട്ടിലെ ചിത്രങ്ങളിൽ എനിക്കപരിചിതമായ മറ്റൊരിടത്ത് ബസന്തെന്നെ എത്തിച്ചിരിക്കുന്നു. വേറെ ഏതോ ഒരിടത്ത് പെട്ടെന്നെത്തിപ്പെട്ടതിന്റെ ആ സംഭ്രമം തന്നെയാണ് എന്റെ ചങ്ങാതി ഇവിടെ വരച്ചിരിക്കുന്നത് എന്നു തോന്നിപ്പോകുന്നു.
ഈ കുറിപ്പിൽ വസന്തും ബസന്തും മാറി മാറി പ്രയോഗിച്ചിട്ടുണ്ട്. വസന്ത് എന്റെ കൂടെ പഠിച്ച ആ പഴയ പയ്യനാണ്. ബസന്ത് ഇന്നറിയപ്പെടുന്ന ചിത്രകാരനും.
21
ആലപ്പുഴ ലോകമേ തറവാട്ടിൽ കണ്ട കുറച്ചു ചിത്രങ്ങളെപ്പറ്റി എഴുതി നിർത്തി കുറേ ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും വീണ്ടും ഓർമ്മയിലേക്കു പൊന്തിവരുന്നു ഈ ചിത്രം.
മറ്റൊരാൾ വരച്ച ചിത്രമായിട്ടല്ല, എന്റെ തന്നെ ഉള്ളിൽ നിന്നും പൊന്തി വരുന്ന ആദിരൂപങ്ങളായിട്ടാണ് മിഥുൻ മോഹന്റെ ഈ 'മാനിമൽ' ചിത്രം തെളിയുന്നത്. ഈ രൂപങ്ങളുടെ ഘനത്വമല്ലാതെ മറ്റെന്താണ് എന്റെ ഇന്നത്തെ ദിവസം? ഈ ഇരിപ്പിന്റെ ഇരുത്തമല്ലാതെ മറ്റെന്താണ് എന്റെ ഇന്നത്തെ ഇരുത്തം? ഈ ചിന്തയല്ലാതെ മറ്റെന്താണ് എന്റെ ഇന്നത്തെ ചിന്ത?
No comments:
Post a Comment