ഗോത്രഭാഷകളുടെ തുറസ്സിൽ ഒരു സാഹിത്യ ക്യാമ്പ്
പി.രാമൻ
ഏറ്റവും സൂക്ഷ്മ സംവേദനശേഷിയുള്ള പൊതുമണ്ഡലമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം കവിത. ചരിത്രഘട്ടങ്ങളിലൂടെ മെല്ലെ മെല്ലെ വിസ്തൃതമായി വന്നതാണത്. ഭാഷ, പ്രമേയം, ബിംബകല്പന എന്നീ തലങ്ങളിലെല്ലാം ഒട്ടേറെ പുതുക്കലുകൾ നടന്നു. ഇരുപതാം നൂറ്റാണ്ടിൽ നാടിന്റെ വിദ്യാഭ്യാസ നിലവാരം ഉയർന്നതോടെ അന്നേ വരെ മാറ്റി നിർത്തപ്പെട്ടിരുന്ന സാഹിത്യ - ജീവിത പാരമ്പര്യങ്ങളെല്ലാം കവിത എന്ന പൊതുമണ്ഡലത്തിന്റെ ഭാഗമായി മാറി. അങ്ങനെ സമീപകാലത്ത് കേരളീയ സാഹിത്യാന്തരീക്ഷത്തിൽ ദൃശ്യത കൈവരിച്ച വലിയ സാന്നിദ്ധ്യമാണ് ആദിവാസി ഗോത്ര ജീവിത പാരമ്പര്യം.
ഇരുപതാം ശതകത്തിന്റെ ഒടുവിലാണ് കേരളത്തിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ നിന്നുള്ള ആദ്യ സാഹിത്യകാരനായ നാരായന്റെ കൊച്ചരേത്തി പുറത്തുവരുന്നത്. കൊച്ചരേത്തിക്കുശേഷം ഇരുപതുകൊല്ലത്തിലേറെ കഴിഞ്ഞാണ് ഗോത്രഭാഷകളിൽ എഴുത്ത് സജീവമാകുന്നത്. വിദ്യാഭ്യാസരംഗത്തുണ്ടായ ഉണർവും മൊബൈലെഴുത്തു പോലുള്ള പുതിയ സാങ്കേതികവിദ്യകളുടെ വ്യാപനവും ഗോത്രഭാഷകളിലെ എഴുത്തിനെ പ്രചോദിപ്പിച്ചിട്ടുണ്ട്. അശോകൻ മറയൂരിന്റെ ഗോത്രഭാഷാ കവിതകൾ കൂടി ഉൾപ്പെട്ട പച്ചവീട് എന്ന സമാഹാരത്തിന് കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്കാരം ലഭിക്കുകയുണ്ടായി.
ഇന്ന് ഏകദേശം പതിനാറോളം ഗോത്രഭാഷകളിൽ സർഗ്ഗാത്മക എഴുത്ത് നടക്കുന്നുണ്ട്. മുതുവാൻ, മാവിലാൻ തുളു, റാവുള, പണിയ, കാട്ടുനായ്ക്ക, മുള്ളക്കുറുമ, ബെട്ടക്കുറുമ, മലവേട്ടുവൻ, ഇരുള, മുഡുഗ, കാടർ, മലയരയ,ഊരാളി, മലവേടർ, കാണിക്കാർ തുടങ്ങിയ ഭാഷകളുടെ സാംസ്കാരികവും ജീവിത - സൗന്ദര്യദർശന പരവുമായ സാന്നിധ്യം ഇന്ന് കേരളത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് മലയാള സാഹിത്യം എന്ന പദപ്രയോഗം പരിമിതപ്പെടുന്നതും കേരള സാഹിത്യം എന്നു തന്നെ ഇന്നു പറയേണ്ടി വരുന്നതും. മലയാള സാഹിത്യരംഗത്തെ ഈ പുതിയ ഉണർവിനെ കൃത്യമായി അടയാളപ്പെടുത്തുക എന്നതായിരുന്നു കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഗോത്രായനം എന്ന ഗോത്രഭാഷാ സാഹിത്യക്യാമ്പ് മുഖ്യമായി ലക്ഷ്യമിട്ടത്.
ഗോത്രഭാഷകളിൽ എഴുതുന്ന ഒട്ടേറെ എഴുത്തുകാർ ഇന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഗോത്രകവിത എന്ന പുസ്തകത്തിൽ മാത്രം 45 ഓളം എഴുത്തുകാർ എഴുതിയിട്ടുണ്ട്. ഇവരിൽ മിക്കവരും മലയാളത്തിലും കൂടി എഴുതുന്ന ദ്വിഭാഷാ എഴുത്തുകാരാണ്. ഇതിനകം തന്നെ ഗോത്രജനതയുടെ നാവുകളായി മാറിയവരാണ് ഈ എഴുത്തുകാരിൽ പലരും. വയനാട്ടിലെ ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ചെറുപ്പക്കാരായ സാഹിത്യ തല്പരർക്കുള്ള ക്യാമ്പിന്റെ ആലോചനാഘട്ടത്തിൽ തന്നെ, ഗോത്രഭാഷകളിലെഴുതി ശ്രദ്ധേയരായ എഴുത്തുകാരാവണം പരമാവധി ക്യാമ്പ് സെഷനുകൾ നയിക്കേണ്ടത് എന്ന സങ്കല്‌പനമുണ്ടായിരുന്നു.
2021 നവംബർ 26,27,28 തിയ്യതികളിൽ വയനാടു ജില്ലയിലെ തിരുനെല്ലിക്കടുത്തുളള കാട്ടിക്കുളത്തു വെച്ചായിരുന്നു ക്യാമ്പ്. വയനാട് ജില്ലാ കുടുംബശ്രീ മിഷനുമായി സഹകരിച്ചായിരുന്നു ക്വാമ്പ്. ക്യാമ്പംഗങ്ങളെ തെരഞ്ഞെടുത്തതും താമസവും ഭക്ഷണവുമുൾപ്പെടെ പശ്ചാത്തല സൗകര്യങ്ങളെല്ലാം ഒരുക്കിയതും വയനാട് കുടുംബശ്രീ മിഷന്റെ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയായിരുന്നു. പ്രൊജക്റ്റ് കോ-ഓഡിനേറ്റർ സായി കൃഷ്ണൻ അതിനു നേതൃത്വം നൽകി. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള ചെറുപ്പക്കാരായിരുന്നു ക്യാമ്പംഗങ്ങൾ. വിവിധ ഗോത്രഭാഷകൾ മാതൃഭാഷയായിട്ടുള്ളവർ. ഗോത്രപ്പാട്ടുകളിലോ കവിതയിലോ താല്പര്യമുള്ളവരായിരുന്നു എല്ലാവരും.
26-ന് രാവിലെ 11 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ തന്നെ എഴുത്തുകാരനും ഗവേഷകനുമായ അസീസ് തരുവണ തന്റെ മുഖ്യപ്രഭാഷണത്തിൽ ഇന്ത്യയിലെ ഗോത്രഭാഷാ സാഹിത്യത്തിന്റെ സാമാന്യ പശ്ചാത്തലം വിവരിക്കുകയുണ്ടായി. ഇന്ത്യയിലുടനീളവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ആദിവാസി സാഹിത്യത്തിന്റെ ഭാഗമായി വേണം കേരളത്തിലെ ഗോത്രഭാഷാ രചനകളെ സമീപിക്കാൻ എന്ന കാഴ്ച്ചപ്പാട് അദ്ദേഹം അവതരിപ്പിച്ചു. തുടർന്ന് ക്യാമ്പിന്റെ ആദ്യ സെഷൻ ആദിവാസി ഭാഷകൾ ആഗോള തലത്തിലും കേരളീയമായും എന്നതായിരുന്നു. ഈ സെഷന്റെ മുന്നോടിയായി ക്യാമ്പംഗങ്ങൾ ഗോത്രഭാഷയിൽത്തന്നെ സ്വയം പരിചയപ്പെടുത്തി. പലരും ഗോത്രഭാഷകളിൽ ആവേശപൂർവം സംസാരിച്ചു. എന്നാൽ ഗോത്രഭാഷകളിൽ സംസാരിച്ചു പരിചയമില്ലാത്തവരും ഉണ്ടായിരുന്നു. സെഷനിൽ ആമുഖഭാഷണം നടത്തിയ പി.ശിവലിംഗൻ ലോകമെങ്ങുമുള്ള ഗോത്രഭാഷകളുടെ അതിജീവനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഗോത്ര ജനതയും അവരുടെ മാതൃഭാഷകളും നേരിടുന്ന വെല്ലുവിളികളെ മുൻനിർത്തി സംസാരിച്ചു. സംസാരിക്കാൻ ആളില്ലാതെ മരിച്ചു പോകുന്ന ഭാഷകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായിരുന്നു ശിവലിംഗന്റെ സെഷൻ.
തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ അശോകൻ മറയൂർ താൻ എഴുത്തിന്റെ വഴിയിലെത്തിയതെങ്ങനെ എന്നു വിശദീകരിച്ചുകൊണ്ടാണ് തുടങ്ങിയത്. ഗോത്രഭാഷയായ മുതുവാനിൽ എഴുതാൻ തുടങ്ങിയപ്പോഴത്തെ ആവേശവും നേരിട്ട പ്രയാസങ്ങളും അശോകൻ ഊന്നിപ്പറഞ്ഞു. ഗോത്ര ജനതയുടെ സമകാല അവസ്ഥകൾ വെളിപ്പെടുത്തുമ്പോൾ തന്നെ സാംസ്ക്കാരിക പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതുമാവണം ഗോത്ര കവിത എന്ന് അശോകൻ എടുത്തു പറഞ്ഞു. ഗോത്രപ്പാട്ടുകളുടെ സാംസ്ക്കാരികത്തുടർച്ച നിലനിർത്തുമ്പോൾ തന്നെ പുതുകാലത്തോടു സംവദിക്കാൻ കഴിയുന്ന ഭാഷയിലുള്ളതാണ് ഗോത്രകവിത. കേരളത്തിലെ ദളിത് ജീവിത സാഹചര്യങ്ങളിൽ നിന്നു ഗോത്ര ജനജീവിത സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ ഗോത്രകവിതയും വ്യത്യസ്തമാണ്. ഒരു കാലത്ത് കേരളത്തിലെ കാടുകളിൽ സ്വതന്ത്രമായി ജീവിച്ചുവന്ന ആദിവാസികളെ ഇവിടെ വന്നു കോളനികളുണ്ടാക്കിയ വിദേശികളാണ് പരിമിതമായ അതിരുകൾക്കുള്ളിൽ കുടുക്കിയിട്ടത്. ഇന്ന് ഗോത്ര ജനത വൈവിധ്യവും സാംസ്ക്കാരികത്തനിമയും നിലനിർത്തിക്കൊണ്ടു തന്നെ അതിരുകൾ തകർത്ത് മുന്നോട്ടുവന്ന് ഒന്നിച്ചു നിൽക്കേണ്ട സമയമാണെന്ന അശോകന്റെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ ആവേശത്തോടെയാണ് ക്യാമ്പംഗങ്ങൾ ഏറ്റെടുത്തത്. സ്വന്തം മാതൃഭാഷ മറ്റൊരു ഭാഷക്കും പിറകിലല്ലെന്നും മാതൃഭാഷയിൽ സംസാരിക്കാൻ മടി തോന്നേണ്ടതില്ലെന്നും ഗോത്രഭാഷകൾ പറയുന്നതും എഴുതുന്നതും ഗോത്രജനതയെ സംബന്ധിച്ച് അഭിമാനകരമാണെന്നുമുള്ള ആശയം ഉയർത്തിപ്പിടിക്കാനും സംവദിക്കാനും ഈ സെഷനു കഴിഞ്ഞു.
തുടർന്നു ഗോത്രപ്പാട്ടുകളും കഥകളും - ജീവിതം സംസ്ക്കാരം പ്രതിരോധം എന്ന വിഷയത്തെ മുൻ നിർത്തി മുള്ളക്കുറുമ - മലയാള കവി അജയൻ മടൂരാണ് സംസാരിച്ചത്. ഗോത്രപ്പാട്ടുകളിൽ ഹൈന്ദവമായ പല പ്രമേയങ്ങളും പിൽക്കാലത്ത് കയറിക്കൂടിയതിനെക്കുറിച്ച് ഉദാഹരണങ്ങൾ നിരത്തി അജയൻ സംസാരിച്ചു. ഗോത്രപ്പാട്ടുകൾ സാംസ്ക്കാരികമായ അധിനിവേശങ്ങൾക്ക് ഇക്കാലത്തും ഇരയാകുന്നതിനെക്കുറിച്ചുള്ള സാംസ്ക്കാരിക ജാഗ്രതയുടെ പ്രാധാന്യം എടുത്തു കാണിച്ചു കൊണ്ടാണ് അജയൻ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
ശിവലിംഗനും അശോകനും അജയനുമുയർത്തിയ ആശയതരംഗങ്ങൾ തുടർന്നു നടന്ന ചർച്ചയെ ഇളക്കിമറിച്ചു. ആദിവാസി ജനതയുടെ ജീവിതാനുഭവങ്ങൾ സ്വന്തം മാതൃഭാഷയിൽ തന്നെ ആവിഷ്കരിക്കുക എന്ന ആശയത്തെ ക്യാമ്പംഗങ്ങൾ വരവേറ്റു. ഗോത്രഭാഷയിൽ ഗാനങ്ങളും ചലച്ചിത്ര രചനകളും നടത്തി പ്രശസ്തരായ പല കലാകാരും ക്യാമ്പംഗങ്ങൾക്കിടയിലുണ്ടായിരുന്നു, വിനു കിടച്ചുലനെയും അജയിനെയും ബിന്ദു ഇരുളത്തെയും പോലുള്ളവർ. ഈ കലാകാരുടെ അവതരണങ്ങൾ ചർച്ചയെ സമ്പന്നമാക്കി.
പിറ്റേന്നു രാവിലെ റാവുള- മലയാള കവി സുകുമാരൻ ചാലിഗദ്ധ സമകാല കേരള കവിതയും ഗോത്രഭാഷാ കവിതകളും എന്ന സെഷൻ തുടങ്ങിയത് ഈ വാക്കുകളോടെയാണ് : "ഞാൻ എല്ലാ ദിവസവും മാനിനെ വേട്ടയാടിപ്പിടിച്ച് മാനിറച്ചി തിന്നാറുണ്ട്. മാനിനെ കിട്ടിയില്ലെങ്കിൽ പന്നിയെ പിടിച്ച് ഇറച്ചി വെച്ചു കഴിക്കാറുണ്ട്. വേട്ടയാടിപ്പിടിക്കുന്ന കാട്ടുമൃഗങ്ങളുടെ ഇറച്ചി എല്ലാവർക്കും വീതിച്ചു കൊടുക്കാറുമുണ്ട്. എന്നാൽ ഇതെല്ലാം കവിതയിലാണെന്നു മാത്രം. എന്റെ പൂർവികർ കാട്ടിൽ വേട്ടയാടി ജീവിച്ചവരാണ്. അവർ കഴിച്ചു പോന്ന ഭക്ഷണം ഇന്നു ഞാൻ കഴിച്ചാൽ എന്നെ ജയിലിലടയ്ക്കും. ഞങ്ങളുടെ സ്വാഭാവിക ഭക്ഷണം ഞങ്ങൾക്കിന്നു കഴിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഞാൻ കവിതയിൽ മാനിനേയും പന്നിയേയുമെല്ലാം പിടിച്ച് ഇറച്ചിയാക്കി തിന്നുന്നത്. മൃഗങ്ങളും മരങ്ങളുമെല്ലാം നിറഞ്ഞതാണെന്റെ കവിതകൾ" ഗോത്രായനത്തിൽ മുഴങ്ങിക്കേട്ട ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പ്രസ്താവനയാണ് സുകുമാരന്റെ ഈ വാക്കുകൾ. ഗോത്രജനതയുടെ സാഹിത്യം എന്തുകൊണ്ടാണ് വ്യത്യസ്തമാകുന്നത് എന്നതിന്റെ ഉത്തരം കൂടിയായിരുന്നു അത്. ഭക്ഷണ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ തീർച്ചയായും ഇടം പിടിക്കാൻ പോന്നവയാണ് സുകുമാരന്റെ ഈ വാക്കുകൾ.
അശോകൻ മറയൂർ തൊട്ട് ശാന്തി പനക്കൻ വരെയുള്ള ഗോത്രഭാഷാ കവികളെ സാമാന്യമായി പരിചയപ്പെടുത്തി ദീർഘമായിത്തന്നെ സുകുമാരൻ സംസാരിച്ചു. ഗോത്രകവിത എന്ന സമഗ്രമായ സമാഹാരത്തിന്റെ എഡിറ്റർമാരിലൊരാളും സാമൂഹ്യമാധ്യമങ്ങളിൽ ഗോത്രഭാഷാ കവി കളുടെ അവതാരകനുമാണ് സുകുമാരൻ. സുകുമാരന്റെ സ്വന്തം കവിതകളുടെ അവതരണങ്ങളാകട്ടെ, മൃഗ പക്ഷിശബ്ദങ്ങളും കൂവലുമെല്ലാം കാവ്യഭാഷയുടെ ഭാഗമായിത്തീരുന്ന അനുഭവമാണ് സമ്മാനിച്ചത്. ഗോത്രഭാഷാ കവിതകളുടെ അരങ്ങുവായനകൾ എത്രമാത്രം സജീവമാക്കാം എന്നതിന്റെ നല്ല മാതൃകകൾ കൂടിയായി സുകുമാരന്റെ അവതരണങ്ങൾ.
മലയാളത്തിൽ കൂടി എഴുതുന്നവരാണ് ആദിവാസി എഴുത്തുകാർ.നാരായൻ, എം.കെ.നാരായണൻ തുടങ്ങിയ ഒന്നാം തലമുറ എഴുത്തുകാർ മലയാളത്തിൽ മാത്രം എഴുതിയവരാണ്. പുതിയ തലമുറ എഴുത്തുകാരിൽ മലയാളത്തിലും ഗോത്രഭാഷയിലും എഴുതുന്നവരും മലയാളത്തിൽ മാത്രം എഴുതുന്നവരുമുണ്ട്. ഗോത്രഭാഷയിലെഴുതുന്നവർ മലയാള ലിപി ഉപയോഗിക്കുന്നു എന്നേയുള്ളൂ. ആ ഭാഷകൾ മലയാളത്തിന്റെ ഉപഭാഷകളല്ല. മറിച്ച് സ്വതന്ത്രഭാഷകളാണ്. പരിഭാഷകൾ നൽകിയില്ലെങ്കിൽ മലയാള വായനക്കാർക്ക് അവ വായിച്ചാൽ മനസ്സിലാവുകയില്ല. വായനാ സമൂഹം ഇന്ന് പ്രധാനമായും ഗോത്രങ്ങൾക്കു പുറത്തായതിനാലും പൊതുസമൂഹത്തോട് പറയാനുള്ളവ മലയാളത്തിൽ തന്നെ പറയേണ്ടതിനാലും മലയാളത്തിൽ തീർച്ചയായും ഗോത്ര എഴുത്തുകാർക്ക് എഴുതേണ്ടതുണ്ട്. എന്നാൽ മാതൃഭാഷയുടെ കരുത്ത് എഴുത്തിൽ കൊണ്ടു വരാൻ ഗോത്രഭാഷകളിൽ തന്നെ എഴുതുകയും വേണം. മാത്രമല്ല പ്രയോഗലുപ്തമായി ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗോത്രഭാഷകളെ ഉണർത്താൻ ഗോത്രഭാഷകളിലെഴുതുക തന്നെ വേണം എന്ന രാഷ്ട്രീയ ബോധ്യമുള്ളവരുമാണ് സമകാല ഗോത്രഭാഷാ സാഹിത്യകാരന്മാർ. ഗോത്രഭാഷയിലെ എഴുത്തുകൾ അതേ ശക്തിയിലും തീവ്രതയിലും മലയാളത്തിൽ പരിഭാഷപ്പെടുത്തുക പ്രധാനമാണ്. ദ്വിഭാഷാ എഴുത്തിന്റെയും പരിഭാഷയുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാനുതകിയ ഒരു സെഷനായിരുന്നു 'ഗോത്രഭാഷാരചനകളുടെ മലയാള മൊഴിമാറ്റവും ദ്വിഭാഷാ എഴുത്തും' എന്നത്. കേരളത്തിലെ ആദ്യത്തെ ഗോത്രഭാഷാ എഴുത്തുകാരിയായ ധന്യ വേങ്ങച്ചേരി ഈ സെഷനിൽ സംസാരിച്ചു.
എഴുത്തിൽ നേരിടുന്ന രണ്ടു പ്രശ്നങ്ങൾ ധന്യ മുന്നോട്ടു വെച്ചു : ഒന്ന്, ഗോത്രഭാഷകളുടെ പദശേഖരത്തിന്റെ പരിമിതി. പുതുകാല ജീവിതാവസ്ഥകൾ എഴുതാൻ ഗോത്രഭാഷയിൽ നിലവിലുള്ള വാക്കുകൾ പോരാതെ വരുന്നു. മാവിലാൻ തുളുവിൽ എഴുതുന്ന തനിക്ക് പുതിയ വാക്കുകൾ ഉണ്ടാക്കേണ്ടിവരുന്നുണ്ട്. പൂമ്പാറ്റ എന്ന അർത്ഥം വരുന്ന വാക്ക് ഇല്ലാത്തതിനാൽ പാറ്റപുറി എന്ന ഒരു ചേർപ്പു വാക്ക് താൻ പുതുതായി ഉപയോഗിച്ചു. ഭാഷ വളരാൻ ഇത്തരം പുതിയ ചേർപ്പുകൾ വേണ്ടി വരും. രണ്ടാമത്തെ പ്രശ്നം, മലയാള മൊഴി മാറ്റത്തിൽ ഭാഷയുടെ കരുത്തും താളവും പലപ്പോഴും നഷ്ടപ്പെടുന്നു എന്നതാണ്. അതിനാൽ ഗോത്രഭാഷയിലെഴുതുന്നത് എളുപ്പപ്പണിയല്ലെന്നും ഭാഷാപരമായ ജാഗ്രത അതാവശ്യപ്പെടുന്നുണ്ടെന്നും ധന്യ പുതിയ എഴുത്തുകാരെ ഓർമ്മിപ്പിച്ചു.
ഇതേ സെഷനിലെ രണ്ടാമത്തെ പ്രഭാഷകനായ പ്രശസ്ത മലയാളം - തമിഴ് പരിഭാഷകൻ നിർമ്മാല്യ മണി മുന്നുദിവസവും ക്യാമ്പിൽ സശ്രദ്ധം പങ്കു കൊള്ളുകയുണ്ടായി. ഇദ്ദേഹത്തിന്റെ സമ്പൂർണ്ണ സാന്നിദ്ധ്യം കേരളത്തിലെ ഗോത്രഭാഷാ കവിതകൾ കേരളത്തിനു പുറത്ത് എത്രമാത്രം ശ്രദ്ധിക്കപ്പെടുന്നു എന്നതിന്നു തെളിവുമായിരുന്നു. കോവിലന്റെ തോറ്റങ്ങളുടെ തമിഴ് പരിഭാഷക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ, സച്ചിദാനന്ദന്റെ കവിതകൾ, മാധവിക്കുട്ടിയുടെ എന്റെ കഥ, പക്ഷിയുടെ മണം, ചന്ദനമരങ്ങൾ,കാക്കനാടന്റെ ജാപ്പാണപ്പുകയില, സാറാ ജോസഫിന്റെ ആലാഹയുടെ പെൺമക്കൾ, സുഭാഷ് ചന്ദ്രന്റെ മനുഷ്യനൊരാമുഖം, എൻ.എസ്.മാധവന്റെ വൻമരങ്ങൾ വീഴുമ്പോൾ, ചെറുകാടിന്റെ ജീവിതപ്പാത, എം.ടി.യുടെ തിരക്കഥകൾ തുടങ്ങി ഒട്ടേറെ കൃതികൾ തമിഴിലേക്കു മൊഴിമാറ്റിയ നിർമ്മാല്യ മണി ഇപ്പോൾ ഗോത്രഭാഷാകവിതകളുടെ പരിഭാഷ ചെയ്തു കൊണ്ടിരിക്കുകയാണ്.
ആദിവാസി ഗോത്രങ്ങളും ഗോത്രഭാഷകളും തമിഴ്നാട്ടിലുമുണ്ടെങ്കിലും ഗോത്രഭാഷകളിലെ എഴുത്തോ ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരോ അവിടെയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെല്ലാം വഴികാട്ടിയായ മാതൃകയായിരിക്കുന്നു കേരളത്തിലെ ഗോത്രഭാഷാ സാഹിത്യം. എഴുതിത്തുടങ്ങുന്ന ക്യാമ്പംഗങ്ങൾക്ക് തങ്ങളുടെ എഴുത്ത് എത്രമാത്രം പ്രധാനമാണെന്നും കേരളത്തിനു പുറത്തു പോലും അതു ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും തിരിച്ചറിയാൻ നിർമാല്യ മണിയുടെ പ്രഭാഷണം സഹായകമായി. ഗോത്രഭാഷാ കവിതകൾ മലയാളത്തിലേക്കു മൊഴിമാറ്റുമ്പോൾ പല വരികളും നഷ്ടപ്പെടുന്നുണ്ടെന്ന് ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോത്രഭാഷാ കവിതകളുടെ തമിഴ് മൊഴിമാറ്റങ്ങൾ അദ്ദേഹം വായിച്ചു.
ഗവേഷകയായ അശ്വനി ആർ.ജീവൻ ഗോത്രഭാഷകൾ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ പരിഭാഷയുടെ പ്രാധാന്യത്തിലൂന്നിയാണ് സംസാരിച്ചത്. മലയാളത്തിലേക്കു മാത്രമല്ല ഇംഗ്ലീഷിലേക്കും ഗോത്രഭാഷാകവിതകൾ പരിഭാഷപ്പെടുത്തേണ്ടതുണ്ടെന്നും ആഗോളമാനം ഗോത്രകവിതക്കുണ്ടെന്നും അശ്വനി പറഞ്ഞു. ധന്യ വേങ്ങച്ചേരിയുടെ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ വായിക്കുകയും ചെയ്തു.
മലയാളത്തിന്റെ പുതിയ തുറസ്സുകൾ തുറന്നുകാട്ടുന്നതായിരുന്നു കവിയും ഗവേഷകനുമായ ഡി. അനിൽ കുമാറിന്റെ പ്രഭാഷണം. സമകാല കേരള കവിതയുടെ വൈവിധ്യത്തിന്റെ പശ്ചാത്തലത്തിൽ ഗോത്രഭാഷയിലെ എഴുത്തിനെ നിർണ്ണയിച്ചു കൊണ്ടാണ് അതിൽകുമാർ സംസാരിച്ചത്. ഒരു സമഗ്ര ദർശനം തന്നെയായിരുന്നു അത്. ഗോത്രഭാഷകളിലെ എഴുത്ത് ഒറ്റപ്പെട്ട പ്രതിഭാസമല്ലെന്നും സാഹിത്യചർച്ചകളുടെ കേന്ദ്രത്തിലേക്ക് ഇന്നോളം കടന്നുവന്നിട്ടില്ലാത്ത മേഖലകളിൽ നിന്നെല്ലാം ഇന്ന് എഴുത്തുണ്ടാവുന്നുണ്ടെന്നും അനിൽ പറഞ്ഞു. കടൽത്തീര ജനതയുടെ എഴുത്തും ട്രാൻസ്ജന്റർ വിഭാഗത്തിലുള്ളവരുടെ എഴുത്തും ഭിന്നശേഷിയുള്ളവരുടെ എഴുത്തുമെല്ലാം ഇന്ന് സുപ്രധാനമായിരിക്കുന്നു. കേരള കവിതയുടെ പശ്ചാത്തലത്തിൽ ഗോത്ര ഭാഷാ എഴുത്തിന്റെ ഇടം നിർണ്ണയിക്കുന്നതായിരുന്നു ഡി. അനിൽ കുമാറിന്റെ സെഷൻ.
ഗോത്രകവിത എന്ന സമാഹാരത്തിന്റെ എഡിറ്റർമാരിലൊരാളും ചിത്രകാരനും മാവിലാൻ തുളു - മലയാള കവിയുമായ സുരേഷ് എം. മാവിലൻ സ്വന്തം ജീവിതം സ്വയമെഴുതുമ്പോൾ എന്ന വിഷയത്തെ മുൻ നിർത്തിയാണ് സംസാരിച്ചത്. നഷ്ടപ്പെടാനിടയുള്ള ഗോത്രഭാഷകളുടെ വീണ്ടെടുപ്പിനു വേണ്ടി എങ്ങനെയെല്ലാം പ്രവർത്തിക്കാമെന്ന് മാവിലൻ തുളുവിന്റെ അനുഭവ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഗോത്ര ജനതക്ക് സ്വാഭാവികമായ ജൈവപ്രകൃതി നഷ്ടപ്പെട്ടിരിക്കുന്നു. കാട്ടിൽ പിറന്ന തന്റെ ഭാഷ കാടു കാണാതെ വരണ്ട ചെങ്കൽപ്പരപ്പുകളിലാണ് ഇന്നു കഴിയുന്നത്. പുതിയ ജീവിത സാഹചര്യങ്ങൾ ഭാഷയിൽ ആവിഷ്ക്കരിക്കാൻ തന്റെ ഭാഷയുടെ തനിമയിലേക്ക് ഓരോ എഴുത്തുകാരും അന്വേഷിച്ചു പോകേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
വളരെക്കുറച്ചേ താൻ എഴുതിയിട്ടുള്ളൂവെങ്കിലും മാതൃഭാഷയിലെ എഴുത്ത് തന്നെ എത്ര ആഴത്തിൽ സ്വാധീനിച്ചു എന്ന വീക്ഷണകോണിൽ നിന്നുകൊണ്ടാണ് പണിയ - മലയാള കവി ശാന്തി പനക്കൻ സംസാരിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ മലയാള സാഹിത്യം തന്നെ ആകർഷിച്ചു. കോളേജിലെത്തിയപ്പോൾ ബിരുദതലത്തിൽ ഇംഗ്ലീഷാണ് പഠിച്ചത്. മലയാള - ഇംഗ്ലീഷ് സാഹിത്യങ്ങളുമായുള്ള അടുപ്പം ഗോത്രഭാഷയിലെഴുതാൻ തനിക്കിപ്പോൾ തുണയാകുന്നുണ്ട്.
ഗോത്രഭാഷാകവിതകൾ ധാരാളമായി പ്രകാശിതമാവുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സാഹിത്യാന്തരീക്ഷത്തിൽ നടന്ന ക്യാമ്പായതിനാൽ സെഷനുകളിൽ മിക്കവാറും കവിതകൾക്കാണ് പ്രാമുഖ്യം കിട്ടിയത്. ആ പരിമിതി ചർച്ചകൾക്കിടയിൽ പല ക്യാമ്പംഗങ്ങളും ചൂണ്ടിക്കാണിക്കുകയുമുണ്ടായി. ഗോത്ര ജീവിതം കേരളത്തിലെ ഫിക്ഷനിൽ എങ്ങനെയാണ് ആവിഷ്കരിക്കപ്പെട്ടത് എന്നും പുറം നോട്ടങ്ങളിൽ നിന്നും ആദിവാസി വിഭാഗങ്ങളിൽ നിന്നു തന്നെയുള്ള എഴുത്തുകാരുടെ വരവോടെ സംഭവിച്ച വീക്ഷണ വ്യത്യാസം എന്താണെന്നും വിശദീകരിക്കുന്നതായിരുന്നു ഡോ. നാരായണൻ എം.എസ്സിന്റെ പ്രഭാഷണം. ഗോത്രേതര വിഭാഗങ്ങളിൽ നിന്നുള്ളവരുടെ കൃതികളിൽ നിന്ന് കൊച്ചരേത്തിയും കൊളുക്കനും പോലുള്ള നോവലുകളുടെ വീക്ഷണപരവും ആഖ്യാനപരവുമായ വ്യത്യാസങ്ങളേയും സവിശേഷതകളെയും അദ്ദേഹം എടുത്തു കാണിച്ചു. ഗോത്രഭാഷയിൽ ഫിക്ഷനുകൾ കൂടുതലായി എഴുതപ്പെടുന്ന കാലം അകലെയല്ലെന്ന്, തുടർന്നു നടന്ന ചർച്ച വെളിപ്പെടുത്തുകയും ചെയ്തു. റാവുളഭാഷയിൽ സിന്ധു എഴുതി അവതരിപ്പിച്ച ഉല്പത്തികഥ ആഖ്യാനത്തിന്റെ ചടുലതയും ഒഴുക്കും സൗന്ദര്യവും കൊണ്ട് എല്ലാവരേയും ആകർഷിച്ചു.
ക്യാമ്പിന്റെ അവസാന സെഷൻ നയിച്ചത് കവിയും കോഴിക്കോട് സർവകലാശാലാ അദ്ധ്യാപകനുമായ ഡോ.എം.ബി.മനോജാണ്. ഇന്ന് ലഭ്യമായ പ്രകാശന സാദ്ധ്യതകളെക്കുറിച്ചുള്ള, പ്രായോഗികതയിൽ ഊന്നിക്കൊണ്ടുള്ള സെഷനായിരുന്നു അത്. ഗോത്രഭാഷാ കവിതകളുടെ വസന്തത്തിനു പിന്നിൽ മൊബൈൽ ഫോണിൽ എഴുതുന്ന സാങ്കേതിക വിദ്യയുടെ വരവിനും ഒരു പങ്കുണ്ട്. എഴുതിയത് പ്രകാശിപ്പിക്കാനും ചർച്ചാ കേന്ദ്രമാക്കാനുമുള്ള വഴികളെക്കുറിച്ച് വിപുലമായ അറിവ് ഇന്ന് ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പ്രകാശന സാധ്യതകളുടെ വൈപുല്യവും പ്രായോഗികതയും മുൻ നിർത്തിയുള്ള സെഷൻ ഏറെ പ്രധാനമാകുന്നത്. അരികുവൽക്കൃത സമൂഹങ്ങളിൽ നിന്നുള്ളവരെ മുഖ്യധാര മാറ്റിനിർത്തുന്നതിന്റെ അനുഭവ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് അദ്ദേഹം സമകാല പ്രകാശന സാദ്ധ്യതകളെക്കുറിച്ചു സംസാരിച്ചു. ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗിക്കേണ്ടതുണ്ട്. എഴുതിയ കവിതകൾ വാട്സ് ആപ് പോലുള്ള ഗ്രൂപ്പുകളിൽ തുടർച്ചയായി ചർച്ച ചെയ്യുകയും പിന്നീടവ അച്ചടി മാധ്യമങ്ങൾക്ക് അയച്ചു കൊടുക്കുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും രംഗാവതരണങ്ങളാക്കുകയും ഡിജിറ്റൽ അവതരണങ്ങളാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രകാശിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിന്നു പിറകിലുള്ള സാങ്കേതിക കാര്യങ്ങൾ സാമാന്യമായി പടിപടിയായി പരിചയപ്പെടുത്തിക്കൊണ്ടുള്ള സെഷനായിരുന്നു എം.ബി.മനോജിന്റേത്. കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിൽ വെച്ച് അക്കാദമി സെക്രട്ടറി കെ.പി.മോഹനൻ മാസ്റ്റർ ഗോത്ര കവിതകളുടെ പ്രകാശന സാധ്യതകളിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയുമുണ്ടായി.
ഈ അവലോകനം അവസാനിപ്പിക്കും മുമ്പ് ക്യാമ്പംഗങ്ങളുടെ അവതരണങ്ങളെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും കൂടി പരാമർശിക്കേണ്ടതുണ്ട്. സിന്ധു അവതരിപ്പിച്ച റാവുളഭാഷയിലുള്ള ആഖ്യാനത്തെക്കുറിച്ചും വിനു കിടച്ചുലൻ, അജയ്, ബിന്ദു ഇരുളം എന്നിവരുടെ അവതരണങ്ങളെക്കുറിച്ചും നേരത്തേ പറഞ്ഞു. ഇതിനു പുറമേ ഷാജിമോൻ മാരമല, ഹരീഷ് പൂതാടി തുടങ്ങിയ പല പുതിയ എഴുത്തുകാരും വരവറിയിക്കുക കൂടി ചെയ്തു. കോഴി കൂവുന്ന ശബ്ദം വിശപ്പിന്റെ ശബ്ദമായി മാറുന്നതിനൊപ്പം നെല്ലു കുത്തുന്നതിന്റേയും അരി തിളക്കുന്നതിന്റേയുമെല്ലാം പരിസര ശബ്ദങ്ങൾ കൂടി പിടിച്ചെടുത്ത ഷാജിമോൻ മാരമലയുടെ കവിത ശ്രദ്ധിക്കപ്പെട്ടു. ഹരീഷ് പൂതാടി എഴുതിയത് നെല്ലിമരം തേടി കാട്ടിൽ പോയ അനുഭവമാണ്. പലതരം ഇലകളുടെ മണമുള്ള വഴിയിലൂടെ നടന്ന് അട്ടക്ക് ഒരു തുള്ളി ചോര കൊടുത്ത് നെല്ലിമരം നിന്നിടത്തെത്തിയപ്പോൾ അവിടെ കാണുന്നതോ ഒരു റിസോർട്ട്. കാട് എങ്ങനെയാണിന്നും പുറത്തുള്ളവരുടെ അധിനിവേശത്തിന്റെ ഇരയാകുന്നത് എന്ന് കാവ്യാത്മകമായി പറഞ്ഞു, ഈ ഗോത്രഭാഷാകവിതയിൽ ഹരീഷ് പൂതാടി എന്ന ചെറുപ്പക്കാരൻ കവി. ഇത്തരം പുതുസ്വരങ്ങൾ ആദ്യമായി ശ്രവിക്കാൻ കഴിഞ്ഞതാണ് എന്നെ സംബന്ധിച്ചിടത്തോളം ഗോത്രായനം ക്യാമ്പിന്റെ പ്രധാന നീക്കിയിരിപ്പ്.
ക്യാമ്പവസാനിച്ച ശേഷം ക്യാമ്പുണർത്തിയ മുഴക്കങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും മറ്റുമായി തുടർന്നുകൊണ്ടിരിക്കുന്നു. മലയാള ലിപിയിൽ എഴുത്ത് സജീവമായി നടക്കുന്ന ആദിവാസി ഗോത്രഭാഷകളെക്കൂടി ഭാരതീയ ഭാഷകളായി കേന്ദ്ര സാഹിത്യ അക്കാദമി ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ഗോത്ര ഭാഷാ എഴുത്തുകാർ തന്നെ ആവശ്യപ്പെടുന്നു. ഗോത്രഭാഷകളുടെ പദശേഖരം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ നടന്നു വരുന്നു. കേരളീയം ഓൺലൈൻ മാഗസിനിൽ വി.മുസഫർ അഹമ്മദ് എഴുതിയ 'നിത്യവും ഞാൻ മാനിറച്ചി കഴിക്കുന്നു, കവിതയിലാണെന്നു മാത്രം' എന്ന ലേഖനത്തിൽ ഗോത്രായനം ക്യാമ്പിൽ സുകുമാരൻ ചാലിഗദ്ധ നടത്തിയ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പ്രസ്താവന ഉയർത്തിക്കാണിച്ചിരിക്കുന്നു. ഗോത്ര ഭാഷാ പദകോശത്തെക്കുറിച്ച് ധന്യ വേങ്ങച്ചേരി ക്യാമ്പിൽ മുന്നോട്ടു വെച്ച ആശയങ്ങളുടെ തുടർചർച്ചകളേയും മുസഫർ അഹമ്മദ് ഗൗരവത്തോടെ ലേഖനത്തിൽ പരിഗണിച്ചിട്ടുണ്ട്.
ഗോത്രഭാഷാ കവികൾക്ക് തമ്മിൽ കാണാനും സാഹിത്യം ചർച്ച ചെയ്യാനുമായി കേരള സാഹിത്യ അക്കാദമി മുൻകയ്യെടുത്ത് ഈ ഗോത്രായനത്തിന് തുടർച്ചകളുണ്ടാക്കണമെന്ന ഒരു നിർദ്ദേശം ക്യാമ്പിൽ വെച്ച് അശോകൻ മറയൂർ പറയുകയുണ്ടായി. അതെ, അശോകൻ പറഞ്ഞത് ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്. സാഹിത്യ അക്കാദമി ഇക്കാര്യത്തിൽ തുടർന്നും താല്പര്യമെടുക്കുമെന്നു കരുതുന്നു. ഗോത്രഭാഷാ കൃതികൾ പ്രസിദ്ധീകരിക്കാൻ കേരള സാഹിത്യ അക്കാദമി പ്രത്യേക താല്പര്യമെടുക്കുമെന്നും സാഹിത്യ അക്കാദമി അവാർഡിന് ഗോത്രഭാഷാ കൃതികളെക്കൂടി പരിഗണിക്കുമെന്നും കൂടി പ്രത്യാശിക്കുന്നു. ഇത്തരം ആശയധാരണകൾക്ക് വ്യക്തരൂപം കൈവരാൻ സഹായകമായ ക്യാമ്പായിരുന്നു, കേരള സാഹിത്യ ചരിത്രത്തിലിടം പിടിക്കാൻ പോന്ന ഗോത്രായനം ക്യാമ്പ്.മലയാളം കമ്പ്യൂട്ടിങ്ങും ഡിജിറ്റൽ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ക്യാമ്പുകൾ ആദിവാസി ചെറുപ്പക്കാർക്കായി നടത്തേണ്ടതാണെന്ന അഭിപ്രായവും ചർച്ചകളിൽ ഉയർന്നുവന്നു. ഗോത്ര സംഗീതത്തിനും കലകൾക്കും ചിത്രകലക്കും വേണ്ടി സംഗീത നാടക അക്കാദമിയും ലളിതകലാ അക്കാദമിയും സമാനമായ ക്യാമ്പുകൾ നടത്തേണ്ടതാണെന്ന തോന്നലും ക്യാമ്പംഗങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് എനിക്കുണ്ടായി.
(കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യചക്രവാളത്തിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി ഗോത്രായനം ക്യാമ്പ് ഡയറക്ടർ എന്ന നിലയിൽ എഴുതിയ റിവ്യൂ)
No comments:
Post a Comment