Friday, May 13, 2022

മതാധിപത്യവും ജനാധിപത്യവും

 എത്രയോ തവണ പലരും പറഞ്ഞ കാര്യങ്ങളാണ്, പുതുമയില്ലാത്തതാണ്. എങ്കിലും ഇപ്പോൾ വീണ്ടും പറയണമെന്നു തോന്നുന്നു.

1.നിങ്ങൾക്കു വേണമെങ്കിൽ ജനാധിപത്യകാലത്തു ജീവിക്കാം, വേണമെങ്കിൽ മത - ജാതിക്കാലത്തു ജീവിക്കാം എന്നൊരു ചോയ്സ് വെച്ചാൽ മത - ജാതിക്കാലം മതി എന്നു തീരുമാനിക്കുന്നവരാകും ബഹുഭൂരിപക്ഷം ജനങ്ങളുമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ജനാധിപത്യകാലത്ത് പൂർണ്ണമായും അങ്ങനെയൊരു ജീവിതം എളുപ്പമല്ലാത്തതിനാൽ മാത്രം രണ്ടു തോണിയിലും ഒരേ സമയം കാലിട്ടു നിൽക്കേണ്ടി വരുന്നവരാണ് അവർ. ഈ രണ്ടു കാലങ്ങളുടെ നിയമവും നീതിയും മൂല്യബോധവും ഒരിക്കലും പൊരുത്തപ്പെടാത്ത വിധം രണ്ടാണ്.

ഞാൻ ജനാധിപത്യകാലത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നു. ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്നു. ഇന്ത്യൻ ഭരണഘടനയിലും ഭരണഘടന ഉറപ്പുതരുന്ന നീതിയിലും തുല്യതയിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു.

2. മത-ജാതി ജീവിതം തന്നെയും ജനാധിപത്യ - ഭരണഘടനാ കാലത്തിന്റെ നിയമാവലികൾക്കോ സാമാന്യയുക്തിക്കു തന്നെയോ നിരക്കാത്തതാണ്. അതിൽ ജനാധിപത്യകാലത്തിന്റെ നീതിയും മൂല്യങ്ങളും തിരയുന്നത് മണ്ടത്തരമാണ്.

3. മനുഷ്യന്റെ ഭാവനാസൃഷ്ടി എന്ന നിലയിൽ ഞാൻ ദൈവ സങ്കല്പത്തെ വിലമതിക്കുന്നു. അതത് കാലത്ത് മനുഷ്യനുണ്ടാക്കിയ വിചാരധാരകൾ എന്ന നിലയിൽ മതദർശനങ്ങളെ മാനിക്കുന്നു. മതദർശനങ്ങൾക്ക് അവ രൂപം കൊണ്ട കാലത്തിനും ദേശത്തിനുമപ്പുറത്തേക്ക് ചരിത്ര പ്രാധാന്യവും ഭാവന എന്ന നിലക്കുള്ള പ്രാധാന്യവുമല്ലാതെ മറ്റു പ്രസക്തിയുണ്ടെന്ന് വ്യക്തിപരമായി ഞാൻ കരുതുന്നില്ല. ജനാധിപത്യകാലത്തെ മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങളെപ്പോലും തൃപ്തിപ്പെടുത്താൻ ഇന്നലത്തെ മതചിന്തകൾക്കു പൂർണ്ണമായും കഴിയുമെന്നും വിചാരിക്കുന്നില്ല. എന്നാൽ മത വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പു നൽകുന്നതിനെ ഞാൻ മാനിക്കുന്നു. സ്വാതന്ത്ര്യം എന്ന വാക്കിനൊപ്പം തന്നെ തുല്യത എന്ന വാക്കും ഭരണഘടന ഒരുമിച്ച് ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു.

4. തിരിച്ച്, ജാതി- മത കാലത്തെ ജീവിതത്തെ ഇന്നത്തെ ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾ വെച്ച് അളക്കുന്നതും മണ്ടത്തമാണ്. ജനാധിപത്യ-ഭരണ ഘടനാ മൂല്യങ്ങൾ വെച്ച് മത-ജാതിക്കാലത്തിന്റെ മൂല്യങ്ങളെ വിമർശിക്കാം. പക്ഷേ പക വെച്ചു പുലർത്തുന്നത് അർത്ഥശൂന്യമാണ്. അത് ഒരർത്ഥത്തിൽ ആ കാലത്തേക്കു തന്നെ മടങ്ങിപ്പോകലുമാണ്.

5. മത-ജാതിക്കാലത്തിന്റെ മൂല്യങ്ങൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ ഈ ജനാധിപത്യ - ഭരണഘടനാ കാലത്തും നിലനിൽക്കുന്നു എന്നത് ഒരു കീറാമുട്ടി പ്രശ്നം തന്നെയാണ്. അവയെ സമ്പൂർണ്ണമായി ജനാധിപത്യവൽക്കരിക്കണം. ഏതു മത-ജാതി വിഭാഗത്തിന്റെയായാലും ആരാധനാലയങ്ങളിൽ എല്ലാ വിശ്വാസികൾക്കും ലിംഗഭേദമില്ലാതെ, തുല്യപരിഗണന നൽകണം.പ്രാർത്ഥിക്കാൻ മാത്രമല്ല പൗരോഹിത്യകർമ്മങ്ങൾ ചെയ്യാനും. ഞാൻ മനസ്സിലാക്കിയിടത്തോളം മതവിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്രവും ഉറപ്പു തരുന്ന ഭരണഘടന അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള വിവേചനം അനുവദിക്കുന്നില്ല. സ്വാതന്ത്ര്യം എന്ന ആശയത്തോടൊപ്പം തന്നെ തുല്യത എന്ന ആശയവും ഭരണഘടനയിലുണ്ട്. ആരാധനാലയങ്ങൾ ഭാഗികമായി ജനാധിപത്യവൽക്കരിച്ചതുകൊണ്ട് ഒരു ഫലവും ഉണ്ടാവുകയില്ല. സംഘർഷങ്ങൾ ഉണ്ടാവുകയും ചെയ്യും. ആരാധനാ സ്വാതന്ത്ര്യത്തോടൊപ്പം തുല്യതയും ഉറപ്പു വരുത്തിക്കൊണ്ട് അവ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കണം.

6. ജനാധിപത്യ-ഭരണഘടനാ കാലത്ത് ഇത്തരത്തിൽ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കാതെ മത-ജാതിക്കാലത്തെ മൂല്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനങ്ങളിൽ ബ്രാഹ്മണ മൂല്യങ്ങളും വിവേചനവും തുടരുന്നത് സ്വാഭാവികം. അവ ഇല്ലാതാവണമെങ്കിൽ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കപ്പെടുകയും ഭരണഘടനാനുസൃതമാക്കുകയും വേണം. ഭരണഘടനാനുസൃതമായതിനു ശേഷമുള്ള ജാതി - മത നിയമങ്ങൾ മതി എന്നു തീരുമാനിക്കണം. മറ്റെല്ലാം ഭരണഘടനാപൂർവ-ജനാധിപത്യപൂർവ ചരിത്രമായിക്കണ്ട് മാറ്റിവക്കണം. അല്ലാത്തിടത്തോളം ജനാധിപത്യ മൂല്യങ്ങൾ നോക്കുകുത്തിയാവുകയും ജാതി- മതക്കാലത്തിന്റെ മൂല്യങ്ങൾ തന്നെ എല്ലാം നിയന്ത്രിക്കുകയും ചെയ്യും.

7. ആയിരക്കണക്കിനു വർഷം നീണ്ടതാണ് ജാതി - മതക്കാലം. ജനാധിപത്യ - ഭരണഘടനാകാലത്തിന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയ കാലദൈർഘ്യമേ ഉള്ളൂ. ഈ രണ്ടു കാലങ്ങളും അവയുടെ മൂല്യ - നിയമങ്ങളും തമ്മിലുള്ള സംഘർഷത്തെ ജീവിതത്തിലുടനീളം നമുക്കഭിമുഖീകരിച്ചേ പറ്റൂ. അടിസ്ഥാനപരമായി ഇതിൽ ഏതു കാലത്തും ഏതു മൂല്യത്തിലും നിൽക്കാൻ നമ്മൾ ആഗ്രഹിക്കുന്നു എന്നതാണ് പ്രധാനം. ഞാൻ ജനാധിപത്യ - ഭരണഘടനാ കാലത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ആ കാലത്തിന്റെ സ്വാതന്ത്ര്യത്തിലും നീതിയിലും തുല്യതയിലും വിശ്വസിക്കുന്നു. ഇന്ത്യൻ ഭരണഘടനയാണ് എന്റെ പ്രമാണം.

8. നീതിയിലും സ്വാതന്ത്ര്യത്തിലും തുല്യതയിലും ഊന്നുന്ന ഇന്ത്യൻ ഭരണഘടനയുടെ ഒരു കോപ്പി ഓരോ ഇന്ത്യക്കാരുടേയും കയ്യിൽ ഉണ്ടായിരിക്കണം. അതിന്റെ പിറകിലേ ഏതു മതഗ്രന്ഥത്തിനും സ്ഥാനമുള്ളൂ. ഇന്ത്യൻ ഭരണഘടനയുടെ പുസ്തക രൂപത്തിലുള്ള പ്രചാരണം ഈ കാലത്തിന്റെ അനിവാര്യതയാണ് എന്നു ഞാൻ കരുതുന്നു.

9.ഇതാ ഇപ്പോൾ ഓണക്കാലമായി എന്ന് ആരൊക്കെയോ പറയുന്നു. ഓണപ്പതിപ്പെന്നും ഓണക്കവിതകളെന്നും കേൾക്കുന്നു. കുട്ടിക്കാലത്ത് എത്ര തീവ്രമായാണ് ഞാൻ പൂവിടലിലും മണ്ണു കുഴച്ച് മാവേലിയെ ഉണ്ടാക്കുന്നതിലും ചട്ടിപ്പന്തുകളിയിലുമൊക്കെ മുഴുകിയിരുന്നത്! കൃഷി പ്രധാനമായിരുന്ന ആ കാലം മാറി. സത്യത്തിൽ ഓണം വിഷു തുടങ്ങിയ ആഘോഷങ്ങൾ ഫ്യൂഡൽ കാലത്തിന്റെ ആഘോഷങ്ങളായിരുന്നു. ആ കാലം പോയതോടെ അവ മിക്കവാറും അപ്രസക്തമായി. എങ്കിലും കേരളത്തിന്റെ കാർഷിക കലണ്ടറുമായി ചേർത്തു വെച്ച് കുറച്ചു കാലം കൂടിയൊക്കെ അവ നാം നീട്ടിയെടുത്തു. അവ കേരളീയ പ്രകൃതിയുടെ ഉത്സവമാണെന്ന് നാം വെറുതെ വ്യാഖ്യാനിച്ചു. ഫ്യൂഡൽ ഉത്സവങ്ങളെ പ്രകൃതിയുത്സവങ്ങളാക്കി നാം വെള്ളപൂശി. കുഞ്ഞിരാമൻ നായരുടെ കവിതയെയൊക്കെ കൂട്ടുപിടിച്ചു. ഇപ്പോൾ കാലാവസ്ഥയും കാർഷിക കലണ്ടറും താളം തെറ്റി. പ്രകൃതിയുടെ ഉത്സവമൊന്നും കാണാനില്ല. ഇന്ന് പ്രയോഗത്തിലില്ലാത്ത മലയാള അക്കങ്ങൾ പോലെ കഷ്ടപ്പെട്ട് ഓർത്തെടുക്കണം ഇന്ന് ഓണ വിഷു തിരുവാതിരകളൊക്കെ. (വർഗ്ഗീയതയുടെ ഉപകരണങ്ങളാക്കി അവയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും ഇപ്പോൾ തകൃതിയായി നടക്കുന്നു.)

എന്റെ തലമുറ ഫ്യൂഡൽ ബാക്കിയായതുകൊണ്ട് കുട്ടിക്കാലത്ത് പൂവിട്ടിട്ടുണ്ടാവാം, പൂവിളിച്ചിട്ടുണ്ടാവാം. പുതിയ കുട്ടികൾ സ്വാഭാവികമായും അതു ചെയ്യില്ല, ചെയ്യേണ്ട കാര്യവുമില്ല. പിന്നെ, ഓണപ്പതിപ്പിലെ ഓണക്കവിതകൾ ... അവ പരസ്യങ്ങൾക്കിടയിൽ ഞെരുങ്ങിക്കിടന്നോട്ടെ, പാവം ..... ഫ്യൂഡൽ ബാക്കിയല്ലാത്ത, മതേതര-ജാതി രഹിത കാലത്തിന്റെ പുതിയ പ്രകൃത്യുത്സവങ്ങൾ കാലം കൊണ്ട് പതുക്കെ ഉണ്ടായി വരുമായിരിക്കും. ഫ്യൂഡൽ കാലത്തിന്റെ ഉത്സവങ്ങൾ ഈ ജനാധിപത്യ - ഭരണഘടനാ കാലത്ത് ഒന്നുകിൽ അടിമുടി ജനാധിപത്യവൽക്കരിക്കണം. അപ്പോൾ അവയിലടങ്ങിയ മതാധിപത്യകാല മൂല്യങ്ങൾ പൂർണ്ണമായും തള്ളിക്കളയേണ്ടിവരും. അല്ലെങ്കിൽ ഈ ജനാധിപത്യകാലത്തിന് തനതായ ഉത്സവങ്ങൾ ഉണ്ടായി വരണം.

No comments:

Post a Comment