Monday, May 30, 2022

സാരി വെടലിന....

 * സാരി വെടലിന....



തലക്കാവേരിയിൽ ഇപ്പോൾ

എന്റെ കാൽ നനക്കുന്ന വെള്ളം

എത്രയോ ദിവസം കഴിഞ്ഞ്

ഒരേയൊരു തവണ

തിരുവയ്യാറിലൂടെ കടന്നുപോകാം.


ത്യാഗരാജന്റെ 'സാരി വെടലിന',

അസാവേരിയിലൊഴുകുന്ന കാവേരീകീർത്തനം,

നൂറ്റാണ്ടുകളിലൂടെ

വീണ്ടും വീണ്ടും

എന്നിലണയും പോലല്ല.


ഒരു കുളം കാവേരി

താഴെ *ഭാഗമണ്ഡലയിൽ

നദിയായ് പെട്ടെന്നു തെളിയും.

സംഗമമായ് വിരിയും.


സഞ്ജയ് സുബ്രഹ്മണ്യൻ 

പാടുന്നതു ഞാൻ കേട്ടിട്ടില്ല,

'സാരി വെടലിന.....'


എങ്കിലും,


'.......... ഈ കാവേരിനി ജൂടരേ'

സഞ്ജയിന്റെ തൊണ്ടയിൽ

പെട്ടെന്നു തെളിഞ്ഞ്

എന്നിലേക്കെപ്പൊഴും 

കുതിച്ചുചാടിയൊഴുകിക്കൊണ്ടിരിക്കും.





*കാവേരി നദിയെ പ്രകീർത്തിക്കുന്ന ത്യാഗരാജ കീർത്തനം. ദൈവസ്തുതിപരമല്ലാത്തതു കൊണ്ടാവാം ഈ കീർത്തനം അധികം പാടിക്കേട്ടിട്ടില്ല.


*ഭാഗമണ്ഡല - തലക്കാവേരിക്കു താഴെയുള്ള സ്ഥലം. തലക്കാവേരിയിൽ ഉദ്ഭവിച്ചയുടൻ മണ്ണിനടിയിൽ മറഞ്ഞ കാവേരി ഇവിടെ വെച്ച് വീണ്ടും വെളിപ്പെടുന്നുവെന്നാണ് സങ്കല്പം. കാവേരി, കനക എന്നീ നദികളും സുജ്യോതി എന്ന അദൃശ്യ നദിയും ചേരുന്ന ത്രിവേണീ സംഗമമായി ഇവിടം കരുതി വരുന്നു.



Thursday, May 26, 2022

സരസ്വതി

 സരസ്വതി


ഭൂമിക്കടിയിലൂടിപ്പോളൊഴുകുന്ന

നദി സരസ്വതി,

മുമ്പിതിലേ തെളിഞ്ഞൊഴുകിയിരുന്ന

'എനിക്കെന്തിഷ്ടമാണു നിങ്ങളെ, സങ്കടപ്പെടല്ലേ'

എന്ന വാക്യമല്ലാതെ മറ്റെന്താണ്!


ഭൂമി പെട്ടെന്നൊന്നു മങ്ങി, പിന്നാഴത്തി -

ലാ വാക്യമൊഴുകുന്നതോർമ്മിച്ചു തെളികയായ്



Friday, May 20, 2022

മഹത്തായ വിഷയങ്ങളിലേക്ക് ഈച്ച അരിച്ചെത്തുന്നതെങ്ങനെ? revised

 മഹത്തായ വിഷയങ്ങളിലേക്ക്

ഈച്ച അരിച്ചെത്തുന്നതെങ്ങനെ?



പി.രാമൻ.




മലയാള കവിതാ പുസ്തകങ്ങളിലെ അക്ഷരവലിപ്പം 25 കൊല്ലം മുമ്പ് ഞാനൊരു യുവാവായിരുന്ന കാലത്തു നിന്ന് കൂടിയിട്ടുണ്ട് ഇന്ന്. കണ്ണു പിടിക്കാത്ത മധ്യവയസ്കനായ എനിക്ക് ഈ വലിപ്പമാറ്റം ആശ്വാസകരവുമാണ്. വായനക്കാർ മധ്യവയസ്ക്കരാവുന്നതിനനുസരിച്ച് കൂടിക്കൂടി വരുന്നതാവാം മലയാള കവിതാ പുസ്തകങ്ങളിലെ അക്ഷര വലിപ്പം. കാഴ്ച്ചയുള്ള ചെറുപ്പക്കാർ പുസ്തക രൂപത്തിലല്ല സ്ക്രീനിലാണ് കവിത വായിക്കുന്നത് എന്ന നിരീക്ഷണത്തിൽ കഴമ്പുള്ളതു കൊണ്ടുമാവാം. 


തമിഴ് കഷ്ടപ്പെട്ടു വായിക്കാൻ പഠിച്ച എനിക്കാകട്ടെ തമിഴ് കവിതാ പുസ്തകങ്ങളിലെ അക്ഷര വലിപ്പക്കുറവ് അസ്വസ്ഥതയുണ്ടാക്കുന്നു. ലെൻസു വെച്ച് വായിക്കണമെന്നു തോന്നുന്നു. കാലച്ചുവട് പ്രസിദ്ധീകരണങ്ങളുടെയെങ്കിലും ലെറ്റർ സൈസ് ഒരല്പം കൂട്ടണേ എന്ന് അതിന്റെ ഇപ്പോഴത്തെ പത്രാധിപരും കവിയും മലയാളം വായിക്കുന്നയാളുമായ സുകുമാരനോട് അപേക്ഷിക്കാൻ തോന്നുന്നു. എന്നാൽ പിന്നാലെ വരുന്ന ഒരു വിചാരം എന്നെ അടക്കുന്നു. ചെറുപ്പക്കാർ ധാരാളമായി രസിച്ചു വായിക്കുന്നുണ്ടാവണം തമിഴ് കവിതാപുസ്തകങ്ങൾ. അതുകൊണ്ടാവണം യുവാക്കളുടെ കണ്ണിനു പാകത്തിന് തമിഴ് കവിതാ പുസ്തകങ്ങളിൽ ഇങ്ങനെ കുനു കുനു അക്ഷരങ്ങൾ. കേരളത്തിലിപ്പോൾ സാഹിത്യ സദസ്സുകളിൽ മിക്കവാറും മധ്യവയസ്സു പിന്നിട്ടവരെയാണ് സദസ്യരായി കണ്ടുവരുന്നതെങ്കിൽ തമിഴ് നാട്ടിൽ ഞാൻ പങ്കെടുത്ത സാഹിത്യ പരിപാടികളിൽ ചെറുപ്പക്കാരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നത് ഓർക്കുന്നു. മധ്യവയസ്കനായ ഞാൻ പോലും എന്റെ സമകാലീനനായ തമിഴ് കവി ഇശൈയുടെ കവിതകൾ രസിച്ചു വായിക്കുന്നു. ഇശൈയുടെ എട്ടു കവിതാ സമാഹാരങ്ങളിലെയും ഉറുമ്പക്ഷരങ്ങളോട് എന്റെ കാഴ്ച്ച പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു.


എങ്കിലും അയൽനോട്ടത്തിന് അതിന്റേതായ പരിമിതിയുണ്ട്. അയൽഭാഷയിൽ, സഹോദര ഭാഷയിൽ എന്താണ് ഇപ്പോൾ എഴുതപ്പെടുന്നത് എന്നത് പരസ്പരം അറിയാൻ കഴിയുക വളരെ പ്രധാനം. ആ അറിവിന് തീർച്ചയായും പരിമിതിയുണ്ടാവും. ആ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടു വേണം ഇശൈ കവിതയെക്കുറിച്ചും തമിഴ് കവിതയെക്കുറിച്ചുമുള്ള എന്റെ ഈ അയൽനോട്ടത്തെ കാണാൻ എന്ന് വിനയപൂർവം മുൻകൂറായി പറഞ്ഞുകൊള്ളട്ടെ.


ഉറുമ്പക്ഷരങ്ങളിൽ നിന്ന് നമുക്ക് ഈച്ചയിലേക്കു വരാം. മഹത്തായ വിഷയങ്ങൾക്കുമേൽ ഈച്ചയായിരിക്കുന്നതിന്റെ ആനന്ദമാണ് എനിക്ക് ഇശൈക്കവിത. മഹത്തായ വിഷയങ്ങളോടു പൊതുവേ ധാരാളം പ്രതിപത്തിയുള്ള ജനതയാണ് മലയാളികൾ.വിഷയാസക്തർ എന്നു പറയാം. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ അതതു കാലത്തെ പ്രധാന ചർച്ചാവിഷയങ്ങളെല്ലാം കവിതയിൽ കൊണ്ടുവരാൻ മലയാളികൾ ഏതു കാലത്തും പരിശ്രമിച്ചു വന്നിട്ടുണ്ട്. ഒരേ സമയത്ത് ഒരേ വിഷയത്തെപ്പറ്റി നിരവധി കവികൾ തുടർച്ചയായി എഴുതിക്കൊണ്ടിരിക്കുന്നതും മലയാളത്തിൽ സാധാരണ കണ്ടുവരുന്നതാണ്. വലിയ പ്രമേയങ്ങൾ വളരെ ഗൗരവപൂർണ്ണമായി ആവിഷ്കരിക്കുന്നതിന്റെ മസിലു പിടുത്തം മലയാള കാവ്യഭാഷയിൽ പൊതുവേയുണ്ടെന്നു പറയാം. അരാജകത, അസംബന്ധം, നിസ്സാരത തുടങ്ങിയവ പോലും അങ്ങനെ മസിലുപിടിച്ചു പൊക്കാനാണ് ഞങ്ങൾക്കിഷ്ടം. അയനസ്ക്കോയുടെ ഏതോ അസംബന്ധ നാടകത്തിൽ ഒരു ചെറിയ പാനപാത്രം നാലുപേർ ചേർന്ന് ചുമന്നുകൊണ്ടുപോകുന്ന പോലെ. ആകയാൽ, മഹത്തായ വിഷയങ്ങൾക്കുമേൽ ഈച്ചയായിരിക്കുന്നതിന്റെ ആനന്ദം എന്നതിലെ മഹത്തായ വിഷയം ഞങ്ങൾക്ക് മനസ്സിലാവും. ഈച്ചയെപ്പോലുള്ള ചെറു പ്രാണികളിലും ആധുനികതക്കു ശേഷമുള്ള മലയാള കവിത പ്രത്യേക താല്പര്യം കാണിച്ചിട്ടുണ്ട്. മുഖ്യധാര മാറ്റിവെച്ച, അരികുവൽക്കരിച്ച ചെറിയ ശബ്ദങ്ങൾ എന്നത് ഞങ്ങളുടെ വലിയ വിഷയങ്ങളിലൊന്നു തന്നെയാണ്. ഭൂതക്കണ്ണാടി വെച്ച് ചെറുതിനെ വലുതായിക്കാണാൻ ഞങ്ങൾ പരിശീലിച്ചു കഴിഞ്ഞു. അതായത് ഈച്ചയും മഹത്തായ വിഷയം തന്നെ. ആകയാൽ മഹത്തായ വിഷയങ്ങൾക്കു മേൽ മഹത്തായ ഈച്ചയായിരിക്കുന്നതിന്റെ ഗൗരവത്തിലാണ് മലയാളിയുടെ കണ്ണ്. മറിച്ച്, മഹത്തായ വിഷയങ്ങൾക്കു മേൽ വെറുമൊരു ഈച്ചയായിരിക്കുന്നതിന്റെ ആനന്ദം മലയാളത്തിൽ കിട്ടാത്ത ഒരു വായനാനുഭവമാണ്.


പറഞ്ഞു വന്നത് മലയാളിയുടെ കാവ്യസംസ്ക്കാരവുമായി ബന്ധപ്പെട്ട ചില വിമർശനങ്ങളാണ്. മഹത്തായ വിഷയങ്ങൾക്കു മേൽ ഈച്ചയായിരിക്കുന്നതിന്റെ ആനന്ദം എന്ന ഇശൈ കവിതാനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു മലയാളി എന്ന നിലയിലാണിതു പറയുന്നതും. ആനന്ദം എന്നത് മലയാള കവിതാവായ നക്കാർ പൊതുവേ ഒരു കവിതയിൽ നിന്നു പ്രതീക്ഷിക്കുന്ന വൈകാരികാനുഭവമല്ല. ആധുനികത തന്നെ അതു പഠിപ്പിച്ചിട്ടുണ്ട് - ആനന്ദത്തിനെതിരായ ആ പാഠം. ആനന്ദത്തെ ഒരു ഉപരിവർഗ്ഗമൂല്യമായിട്ടാണ് ആധുനികതക്കു ശേഷവും ഞങ്ങൾ കണ്ടുവരുന്നത്. ഇശൈക്കവിതകളാവട്ടെ, തീർത്തും അപ്രതീക്ഷിതമായി പെട്ടെന്നെത്തിപ്പെടുന്ന ആനന്ദാനുഭവങ്ങളുടെ സ്വർഗ്ഗങ്ങൾ വായനക്കാർക്കു തുറന്നുതരുന്നു. ചിലപ്പോൾ കൊടിയ വേദനയുടെ നരക പാതാളങ്ങളും. സ്വർഗ്ഗ നരകങ്ങളുടെ ഉയർച്ചതാഴ്ച്ചകളും അവയെ നേരിടുന്ന മനുഷ്യന്റെ നിത്യജീവിത സാധാരണതയും മുഖാമുഖം നിൽക്കുന്നതിന്റെ നാടകീയഭംഗിയുണ്ട് ഇശൈ കവിതകൾക്ക്.


മുകളിൽ പറഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്കു കടക്കും മുമ്പ് എനിക്കു പരിചയമുള്ളിടത്തോളം തമിഴ് കവിതാ പശ്ചാത്തലത്തിലും ഇശൈയുടെ ഇടം നിർണ്ണയിക്കേണ്ടതുണ്ട്. ഏകദേശം രണ്ടായിരാമാണ്ടു വരെ തമിഴ് കവിത മലയാളി വായനക്കാരുടെ പരിഗണനാ വിഷയമേ ആയിരുന്നില്ല. ആറ്റൂർ രവിവർമ്മയുടെയും ജയമോഹന്റെയും ഇടപെടലുകളാണ് ഈ സ്ഥിതിയിൽ മാറ്റമുണ്ടാക്കിയത്. ആറ്റൂരിന്റെ പുതുനാനൂറ് പരിഭാഷയും ജയമോഹൻ മുൻ കയ്യെടുത്തു നടത്തിയ തമിഴ്-മലയാള കവി സംഗമങ്ങളും പരസ്പരം അറിയാൻ വഴി തെളിയിച്ചു. ഇശൈ എന്ന കവിയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നതും ജയമോഹൻ പറഞ്ഞിട്ടു തന്നെ. എങ്കിലും പൊതുവേ ഇന്നും തമിഴ് കവിതക്ക് മലയാളത്തിൽ സ്വീകാര്യത കുറവാണ്. തമിഴ് കവിതക്ക് എന്നല്ല ഫിക്ഷനു പോലും ഇവിടെ ആസ്വാദകർ വിരളം. പുതുമൈപ്പിത്തൻ, മൗനി, തി. ജാനകിരാമൻ, ജയകാന്തൻ, കി. രാജനാരായണൻ എന്നിവരുടെയൊന്നും കൃതികൾക്ക് വേണ്ടത്ര ആസ്വാദകശ്രദ്ധ ലഭിച്ചിട്ടില്ല. കേരളത്തിൽ താമസിച്ച് എഴുയിട്ടു പോലും അ.മാധവന്റേയോ നീല പത്മനാഭന്റെയോ നകുലന്റേയോ സുകുമാരന്റെയോ കൃതികൾ ഇവിടെ വലിയ ചർച്ചയായിട്ടില്ല.(സുന്ദരരാമസ്വാമിയുടെ ജെ.ജെ. ചില കുറിപ്പുകൾ മാത്രമാണ് കുറച്ചൊക്കെ ചർച്ച ചെയ്യപ്പെട്ട ഒരു കൃതി) പരസ്പരമുള്ള ഭാവുകത്വപരമായ, വേദനാജനകമായ ഈ അകലത്തിന്റെ കാരണം വിശദമായി പഠിക്കുക തന്നെ വേണം - ഇവിടെ അതിനൊരുങ്ങുന്നില്ലെങ്കിലും.


മലയാളിക്കു പൊതുവേ മലയാളത്തിലുള്ളതു പോലുള്ള അതേ തരം കവിതകൾ ഇറക്കുമതി ചെയ്യാനാണ് താല്പര്യം. (കവിതയുടെ കാര്യത്തിൽ തമിഴർക്കുമത് അങ്ങനെത്തന്നെ എന്നാണ് തോന്നിയിട്ടുള്ളത്) ഉച്ചസ്ഥായിയിൽ പാട്ടായും പ്രസംഗമായും അയഞ്ഞ സംസാര രീതിയിലും  ആശയ വിളംബരം നടത്തുന്ന, മൂല്യങ്ങളും സാമൂഹ്യപ്രതികരണക്ഷമതയും ഉയർത്തിപ്പിടിക്കുക മുഖ്യ ലക്ഷ്യമാക്കുന്ന, അരാജക നാട്യമുള്ള വാചാല പ്രഘോഷങ്ങളിലൂന്നുന്ന, എഴുത്തുകാരന്റെ പുരോഗമന അല്ലെങ്കിൽ അരാജക ഇമേജ് എപ്പോഴും ഉയർത്തിപ്പിടിക്കുന്ന തരം കവിതകൾക്കാണ് കേരളത്തിൽ ഇപ്പൊഴും മാർക്കറ്റ്. ഇശൈയേയോ കണ്ടരാതിത്തനേയോ ശങ്കരരാമസുബ്രഹ്മണ്യനെയോ പോലുള്ള കവികളെ ഉൾക്കൊള്ളാൻ മലയാളി ഭാവുകത്വത്തിന് പൊതുവേ ഇപ്പോഴും പ്രയാസം തന്നെ. ദളിത് കവിത, ഫെമിനിസ്റ്റ് കവിത തുടങ്ങിയ ചില പൊതു പരികല്പനകൾ വന്ന ശേഷമാണ് ആ ധാരകളിൽ പെട്ട ചില തമിഴ് കവികളെയെങ്കിലും മലയാളികൾ ശ്രദ്ധിച്ചു തുടങ്ങിയത്. 


മറിച്ച് പാട്ടുകവിത എന്നു വിളിച്ച് മൊത്തം മലയാളകവിതകളെയും മുൻ ധാരണയോടെ മാറ്റി നിർത്തുന്ന പ്രവണത തമിഴ് സാഹിത്യാന്തരീക്ഷത്തിലുമുണ്ട്. മലയാള കവിതയുടെ ചൊൽ പാരമ്പര്യത്തിന് സംഗീതവുമായല്ല ബന്ധമെന്നും സംഘം കവിതയുടെ ചൊൽ വടിവിലേക്കാണ് (പാട്ടല്ല ചൊല്ലൽ) അതിന്റെ വേരിറങ്ങിപ്പോകുന്നതെന്നും മലയാളത്തെ സംബന്ധിച്ചിടത്തോളം തമിഴ് വായനക്കാർ തിരിച്ചറിയേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. പദങ്ങളോടൊപ്പമുള്ള പ്രത്യയങ്ങൾ എടുത്തു കാണിക്കുന്ന തരത്തിൽ അയഞ്ഞ വ്യാകരണഘടനയുള്ള മലയാളത്തെ മുറുക്കമുള്ള കാവ്യഭാഷയാക്കാൻ കാവ്യാത്മകമായ താളങ്ങളും വൃത്തങ്ങളും സഹായിക്കുന്നുണ്ട് എന്നതും കാണണം. ശ്രവ്യഭാവനക്ക് (auditory imagination) കാവ്യകലയിൽ അടിസ്ഥാനപരമായ പ്രാധാന്യവുമുണ്ടല്ലോ. ഇത്തരം വിഷയങ്ങളിൽ പരസ്പരമുള്ള പരിഹാസത്തിന്റെ പുറന്തോട് ഊരി വലിച്ചെറിഞ്ഞ് ഓരോ ഭാഷയുടെയും സാംസ്ക്കാരികവും ഭാഷാശാസ്ത്രപരവും സാമൂഹ്യവുമായ പശ്ചാത്തലം ഉൾക്കൊണ്ടുള്ള അനുഭാവപൂർണ്ണമായ വായനയിലൂടെയേ ഈ സഹോദര ഭാഷാ കവിതകൾക്ക് തമ്മിൽ മനസ്സിലാക്കാൻ കഴിയൂ. 


നിർഭാഗ്യവശാൽ തമിഴ് കവിതയിൽ ഇപ്പോൾ എന്തെല്ലാം നടക്കുന്നു എന്നറിയാൻ മലയാള കവികൾക്കോ മലയാള കവിതയിൽ ഇപ്പോൾ നടക്കുന്നതറിയാൻ തമിഴ് കവികൾക്കോ വലിയ താല്പര്യമൊന്നും കാണാറില്ല. എല്ലാ തമിഴ് കവിതകളും തുറക്കാൻ ഒരൊറ്റ താക്കോലാണെന്ന് മലയാള കവികളും തിരിച്ച് എല്ലാ മലയാള കവിതകളും തുറക്കാൻ ഒരൊറ്റ താക്കോൽ മതിയെന്ന് തമിഴ് കവികളും കരുതുന്നതായി ഞാൻ വിചാരിക്കുന്നു. ഈ രണ്ടു താക്കോലുകളെയും ചൊല്ലിയാകട്ടെ, ഇരു കൂട്ടർക്കും പരസ്പരം തീരെ മതിപ്പുമില്ല. രചനാ രഹസ്യം പിടികിട്ടി എന്ന് പരസ്പരം കരുതുന്നതിനു പകരം അയൽക്കവിതയിലെ സവിശേഷതകളും വൈവിധ്യങ്ങളും അടുത്തറിയാനുള്ള ശ്രമമാണ് നടത്തേണ്ടത്.


 കാല്പനിക പ്രവണതകളെ പരമാവധി വകഞ്ഞുമാറ്റിക്കൊണ്ടും കാവ്യഭാഷയെ സംസാരിക്കുന്ന ഗദ്യഭാഷയാക്കിയും നിത്യജീവിതത്തിലെ ചെറു ചെറു സന്ദർഭങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടും സംഘത്തമിഴ് കവിതാ സംസ്ക്കാരം ഉൾക്കൊണ്ടുമാണ് 1960 മുതലുള്ള തമിഴ് കവിത മുന്നോട്ടു പോയത്. ഭാരതിക്കു ശേഷം ന. പിച്ചമൂർത്തി, ക. ന.സു തലമുറയും (1960-നു മുമ്പ്) പിറകേ സുന്ദരരാമസ്വാമി, ജ്ഞാനക്കൂത്തൻ,നകുലൻ, പ്രമിൾ തലമുറയും തുടർന്ന് കല്യാൺജി, ദേവദേവൻ, ദേവതച്ചൻ, കലാപ്രിയ, പഴമല, വിക്രമാദിത്യൻ തുടങ്ങിയവരുടെ നിരയും തമിഴ് കവിതയെ അടിമുടി ആധുനികീകരിച്ചു. എഴുപതുകൾക്കൊടുവിലും എൺപതുകളുടെ തുടക്കത്തിലും ആത്മാനാം, സമയവേൽ, സുകുമാരൻ, സുഗന്ധി സുബ്രഹ്മണ്യൻ എന്നിവരുടെ തലമുറ വൈകാരികതക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടെഴുതി. ദർശനപരമോ വിചാരപരമോ ആയ ഉണർവിനേക്കാളും രാഷ്ട്രീയവും വൈകാരികവുമായ ഉണർവ് ഈ തലമുറയുടെ സവിശേഷതയാണ്. ഭാഷ പക്ഷേ അപ്പോഴും മുറുകിത്തന്നെയിരുന്നു. ഇവരിൽ സമയവേൽ പ്ലെയിൻ പോയട്രി നേരത്തേ തന്നെ പരീക്ഷിച്ചിട്ടുണ്ടെങ്കിലും പൊതുവേ, കാവ്യബിംബങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന രീതിയും തുടർന്നു. തൊണ്ണൂറുകളിൽ മനുഷ്യപുത്രനുൾപ്പെട്ട തലമുറയിലെത്തുമ്പോൾ കാവ്യഭാഷ കൂടുതൽ അയയുന്നു. "ഇവിടെ ആരുമില്ല, നിങ്ങൾക്കു പോകാം" എന്ന അതിസാധാരണ വാക്യം പോലും എൻ കല്ലറൈ വാചകം എന്നൊരു ശീർഷകത്തിനു കീഴിലെത്തുമ്പോൾ കവിതയായി സ്വീകരിക്കപ്പെടുന്നു. ഭാഷാ പരമായ അയവും വൈകാരിക തീഷ്ണതയും സുഗന്ധി സുബ്രഹ്മണ്യനു ശേഷം സജീവമായ തമിഴ് പെൺകവിതയുടെയും മുഖമുദ്ര തന്നെ. നൂറ്റാണ്ടുകളുടെ നിശ്ശബ്ദതയെ മുറിച്ചു കടന്നുവന്നതിന്റെ തീവ്രതയാകെ എൺപതുകൾ തൊട്ടുള്ള തമിഴ് പെൺകവിതയിൽ അനുഭവിക്കാൻ കഴിയും.


ഭാഷയിലും ദർശനത്തിലും ഏറിയും കുറഞ്ഞുമുള്ള ലാഘവപ്രകൃതം അഥവാ കളിമട്ട് തൊണ്ണൂറുകൾക്കൊടുവ് തൊട്ടുള്ള തമിഴ് കവിതയിൽ കാണാം. ലാഘവ പ്രകൃതം, കളിമട്ട് തുടങ്ങിയ വാക്കുകളാണ്, ഹാസ്യം എന്ന വാക്കല്ല ഇവിടെ ചേരുക. കുട്ടികളെ മുൻ നിർത്തി മുകുന്ദ് നാഗരാജ് എഴുതിയ ആദ്യകാല കവിതകൾ തൊട്ട് ആ മാറ്റം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ശങ്കരരാമസുബ്രഹ്‌മണ്യൻ, ഇളങ്കോ കൃഷ്ണൻ, റാണി തിലക് , കണ്ടരാതിത്തൻ എന്നിവരിലെല്ലാം പല ഏറ്റിറക്കങ്ങളോടെ, വൈവിധ്യത്തോടെ ഈ മാറ്റം ഭാഷയിലും വീക്ഷണത്തിലുമുണ്ട്. ഉദാഹരണത്തിന് ഈ ലാഘവത്വത്തെ പൗരാണികതയോട് അഭിമുഖം നിർത്തുന്നു കണ്ടരാതിത്തൻ കവിത. ഈ വ്യത്യാസത്തിന്റെ പൂർണ്ണതയാണ് ഇശൈക്കവിത. ഇശൈക്കവിതയിലെ ഈ വ്യത്യാസത്തിന്റെ ചില സവിശേഷകളാണ് തുടക്കത്തിൽ എടുത്തു പറഞ്ഞത്.


ഞാനാദ്യം ശ്രദ്ധിച്ച ഇശൈക്കവിതകൾ ആത്മഹത്യക്കൊരുങ്ങിയവൻ, ഡമ്മി ഇശൈ, ഒരിടത്തു നാലഞ്ചു രാജാക്കന്മാർ, ഓർമ്മയിൽ വീടുള്ള മനുഷ്യൻ തുടങ്ങിയവയാണ്. കുടുംബ ഫോട്ടോയിൽ നിന്ന് തന്നെ മുറിച്ചു മാറ്റാൻ ശ്രമിക്കുന്ന ആത്മഹത്യാശ്രമക്കാരൻ കൈകോർത്തു നിൽക്കുന്ന അനിയത്തിയുടെ ചൂണ്ടുവിരൽത്തുമ്പ് തടയാൻ കഴിയാതിരിക്കുന്നതാണല്ലോ ആത്മഹത്യക്കൊരുങ്ങിയവൻ എന്ന കവിതയുടെ സന്ദർഭം. അതിഗൗരവത്തോടെയുള്ള ആ പ്രവൃത്തി പതുക്കെ ഒരു കളിയായി മാറിയേക്കും. ഇശൈക്കവിതകളിലെ കളിമട്ട് തുടങ്ങുന്നത് വൈകാരികതയിൽ നിന്നാണ്. പലപ്പോഴും അതിവൈകാരികതയിൽ നിന്നും വൈകാരിക സമ്മർദ്ദങ്ങളിൽ നിന്നും. അല്ലാതെ വൈചാരികതയിൽ നിന്നല്ല. ബൗദ്ധികമായ ലീലയല്ല അത്. ഇത് പ്രധാനപ്പെട്ട ഒരു വ്യത്യാസമാണ്. മലയാള ആധുനിക കവിതയിൽ കളിമട്ട് വൈചാരികതയോട് , ബുദ്ധിപരതയോട് ബന്ധപ്പെട്ടാണ് ധാരാളമായി പ്രയോഗിച്ചിട്ടുള്ളത്. തമിഴ് ആധുനിക കവിതയിലുമതെ, വികാരലോകമല്ല വിചാരലോകമാണ് കളിമട്ടിന് കൂടുതൽ ഇണങ്ങിയിട്ടുള്ളത് എന്നു തോന്നിയിട്ടുണ്ട്. എന്നാൽ ഇശൈയുടെ ഡമ്മി ഇശൈ എന്ന കവിതയിൽ വൈകാരികമായ അനിവാര്യതയുടെ സമ്മർദ്ദം കൊണ്ടാണ് , ബുദ്ധിപരമായ ആവശ്യം കൊണ്ടല്ല, ഡമ്മി ഇശൈയെ സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന്, ഇശൈയുടെ പുസ്തകപ്രകാശനത്തിന് മക്കളെ വീട്ടിൽ തനിച്ചാക്കി ചെന്നൈയിലേക്കു പോന്ന ഞങ്ങൾക്ക് ഡമ്മികളെ ഉണ്ടാക്കി അവിടെ നിർത്തിപ്പോരിക ആവശ്യമാണ്. ഓർമ്മയിൽ വീടുള്ള മനുഷ്യനിലുമുണ്ട് വൈകാരിക സമ്മർദ്ദങ്ങളുടെ ആ കളം, ഇപ്പോൾ പൊട്ടിത്തെറിക്കും മട്ടിലുള്ള ഒരു പുകക്കുഴൽ. വൈകാരിക സമ്മർദ്ദങ്ങളുടെ ലോകത്തേക്കാണ് തന്റെ പാരഡിക്കളിയുമായി ഇശൈ ആ കവിതയിൽ കടന്നുവരുന്നത്. കുട്ടിയുടെ ഇഷ്ടപ്പെടായ്കയിൽ നിന്നു തുടങ്ങുന്ന, പരിചിതമായതിനെ മാറ്റിമറിക്കുന്ന കളിയാണ് ഒരിടത്തു നാലഞ്ചു രാജാക്കന്മാരിൽ കാര്യമായി മാറുന്നത്. ഒരു വാക്യത്തെ മാറ്റിമറിക്കുന്ന കളി രാഷ്ട്രീയ പ്രവർത്തനമായി മാറുകയാണ് ആ കവിതയിൽ. ഭാഷയിൽ കളിമട്ടിൽ ഇടപെടുന്നതിന്റെ പ്രാധാന്യം, രാഷ്ട്രീയം, ഈ കവിത മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇവിടെയും എല്ലാം തുടങ്ങുന്നത് കുട്ടിയുടെ ഇഷ്ടപ്പെടായ്ക - രുചിക്കായ്ക - യിൽ നിന്നാണ്. അതൊരു വികാരാനുഭവമാണ്.


 ഇശൈയുടെ കവിതകൾ തുടർന്ന് കൂടുതലായി വായിച്ചു വന്നപ്പോൾ ഒരലസ നടത്തം, വെറും നോട്ടം, പെട്ടെന്നു തുറന്നു കിട്ടുന്ന സ്വർഗ്ഗത്തിലോ നരകത്തിലോ പ്രവേശിച്ചു മുഴുകുന്നതിന്റെ നിറവ് സമൃദ്ധമായി ആ കവിതകളിൽ അനുഭവിക്കാൻ തുടങ്ങി. തുറന്നു കിട്ടുന്ന സ്വർഗ്ഗ നരകങ്ങളേക്കാൾ അവയിലേക്കുള്ള നടന്നെത്തലിന്റെ ലാഘവമാണ്, ആ കളിമട്ടും എത്തിച്ചേരുന്ന കൊടുമുടിയും തമ്മിലെ അഭിമുഖീകരണമാണ് എനിക്കു ഹരം. അതേ ഹരം പലർക്കുമുണ്ടെന്നു മനസ്സിലായി മുതിർന്ന കവി സുകുമാരൻ ഇശൈക്കു സമർപ്പിച്ചുകൊണ്ടെഴുതിയ ഈ കവിത വായിച്ചപ്പോൾ.


നടത്തം

(കവി ഇശൈക്ക്)



മഹാകവി ഇശൈ വാക്കിങ്ങിനു പോകുന്നു.


അദ്ദേഹം വാക്കിങ്ങിനു പോകുമ്പോൾ

അദ്ദേഹത്തെ താങ്ങാൻ ഭാഗ്യം കിട്ടിയ

ഈ ലോകവും വാക്കിങ്ങിനു പോകുന്നു.


ഇളം കാറ്റും പുലരൊളിയും

പുല്ലും പുഴുവും പുള്ളുകളും

മീനും നായും പൂച്ചകളും

ചിലപ്പോൾ മനുഷ്യരും

വാക്കിങ്ങിനു പോകുന്നു.


ഉടനെ

പിന്നാലെ

പിശാചും ദൈവവും പോകുന്നു.


മഹാകവി വാക്കിങ് കഴിഞ്ഞ് തിരിച്ചു വരുന്നു.


വീട്ടിലേക്കു മടങ്ങിയെത്തുമ്പോൾ

കൂടെയുള്ളതു പിശാചെങ്കിൽ

മഹാകവി കവിത എഴുതുന്നു.

ദൈവമാണെങ്കിൽ

ഇശൈ വഴക്കടിയ്ക്കുന്നു.


കോവിഡ് ലോക് ഡൗണിന്റെ തുടക്കകാലത്ത് നഗരങ്ങളിൽ നിന്ന് വിദൂരഗ്രാമങ്ങളിലേക്ക് തൊഴിലാളികൾ നടന്നു പോകുന്നതാണ് ഈ കവിയെ അസ്വസ്ഥനാക്കുന്ന ഒരു കാഴ്ച്ച. ആ കവിതയിൽ ആവർത്തിച്ചു വരുന്ന വരിയും അവർ നടക്കിറാർകൾ എന്നതാണ്.  ദീർഘദൂര നടത്തക്കാരനായ എം. ആദിനാരായണ തന്റെ വിസിറ്റിങ് കാർഡിൽ എഴുതിയ ഒരു വരി ഡേവിഡ് ഷൽമാൻ ഒരു യാത്രാ വിവരണ ഗ്രന്ഥത്തിൽ ഉദ്ധരിച്ചത് ഞാൻ ഓർക്കുന്നു : കാലുകൾ കൊണ്ടൊരു പ്രാർത്ഥനയാണു നടത്തം. പ്രാർത്ഥനയായി മാറുന്ന നടത്തം ഇശൈയുടെ പല കവിതകളിലുമുണ്ട്. നടത്തം, ഓട്ടം, കുതിപ്പ് എന്നിങ്ങനെ പല തരം വേഗങ്ങൾ കവിതയുടെ കേന്ദ്രത്തിലേക്കു കൊണ്ടുപോകാൻ ഇവിടെയുണ്ട്. വേഗതയും വേഗതയെ സ്തംഭിപ്പിച്ചു നിറുത്തുന്ന പൊടുന്നനെയും ഇശൈ കവിതകളിലുണ്ട്. പൊടുന്നനെയാണ് എല്ലാം മാറുന്നത്. അപ്പർ ബർത്തിലെ കുഞ്ഞ് ഉരുണ്ടു വീഴാൻ ആയുമ്പോൾ പൊടുന്നനെ കമ്പാർട്ടുമെന്റിൽ പലരും ഒരു ഞൊടി അമ്മമാരായി മാറി കൈ വിരിച്ചു നിൽക്കുന്നു (അന്നൈയർ). വഴിയരികിലെ ചെവ്വരളിപ്പൂവ് പറിച്ചതരാൻ കിതച്ചു വരുന്ന നടത്തക്കാരനോട് അപേക്ഷിക്കുന്ന പാട്ടിക്കു വേണ്ടി പൂ പറിച്ചു കൊടുക്കുമ്പോൾ പ്രാർത്ഥനയിലേക്കയാൾ എത്തുന്നു (നറുമണം) അതേ ചെവ്വരളിപ്പൂക്കൾ പറിക്കാൻ ഓടി വന്നു ചാടുമ്പോൾ ഒരു നിമിഷം (എട്ടു സെക്കന്റ്) താൻ പറന്നല്ലോ എന്നോർത്ത് കണ്ണീർ ചൊരിയുന്നു (നൂറ്റാണ്ടിനു പിന്നിൽ). കാണുന്നതിലെല്ലാം അയാൾ ആഴുന്നു. വഴിവക്കത്തെ സാരിത്തൊട്ടിലിൽ കുഞ്ഞിനെ ആട്ടുന്ന ചെറു പെൺകുട്ടിയെ നോക്കി നോക്കി കളിക്കകത്തേക്കു ചെന്നു വീണ് ആ തുണിത്തൊട്ടിൽ തന്നെയായി മാറുന്നു. വഴിയോരത്തെ ബൈക്കിലിരുന്ന് ഭക്ഷണം കഴിക്കുന്ന കമിതാക്കളെ നോക്കി നോക്കി ഒരു വായ തനിക്കായും വാങ്ങുന്നു. ഇങ്ങനെ അനുഭവങ്ങളുടെ ആഴങ്ങളിലേക്കോ ഉയരങ്ങളിലേക്കോ നടത്തം, ഓട്ടം, കുതിപ്പ് എന്നിങ്ങനെ പല തരം വേഗങ്ങളിലൂടെ എത്തിച്ചേരുന്ന  ആഖ്യാതാവ് തന്റെ കളിമട്ടിൽ നിന്ന് വികാരച്ചുഴിയിലേക്ക് പെട്ടെന്നെത്തിപ്പെടുന്നു. വയറിന്മേലേ അരിച്ച് സഞ്ജയ് പാടുന്ന മൈക്കിനുമേലെത്തിച്ചേർന്ന ഈച്ചയെപ്പോലെ. മഹത്തായ വിഷയങ്ങൾക്കുമേൽ ഒരു ഈച്ചയായിരിക്കുന്നതിന്റെ ആനന്ദമാണ് ഏറ്റവും വലുതെന്ന് സഞ്ജയുടെ പാട്ടുകേൾക്കുന്ന ശ്രോതാവിന് ബോധ്യപ്പെടുന്നു. ശ്രോതാവിന്റെ കണ്ണീരു തന്നെയാണ് പാടുന്നത് എന്ന് ഒരു പാട്ടിൽ പാടുന്നതേത് എന്ന കവിത. കളിക്കുകയാണോ കറങ്ങുകയാണോ ചലിക്കുകയാണോ നിശ്ചലമാണോ ധ്യാനമാണോ ക്ഷോഭമാണോ എന്നൊന്നുമറിയാത്ത ആ അപ്രതീക്ഷിത നിലയിൽ കാഴ്ച്ചയും കാഴ്ച്ചക്കാരനുമെല്ലാം ഒന്നായി മാറുന്നു. ഒരു പാരമ്യവും ഒരു താഴ്‌വാരവും ഇശൈക്കവിതകളിലുണ്ട്. ഉത്സാഹം സഹിക്കാത്ത നർത്തകൻ പാട്ട് കൂട്ടിക്കൂട്ടി വെയ്ക്കുന്ന പോലെ നിലാവ് കൂട്ടിക്കുട്ടി വെച്ചുണ്ടാക്കുന്ന പാരമ്യമാണ് മധുരരാത്രി. ഭ്രാന്തന്റെ പരാധീനതകളെല്ലാം ഭ്രാന്തിന്റെ പാരമ്യത്തിൽ അപ്രസക്തമാകുന്നു(മഴയിതാ വന്നു വീശുന്നു). പേന മേശപ്പുറത്തു വക്കുന്ന അവസാനിക്കാത്ത കളിക്കൊടുവിൽ ഏകാന്തതയുടെ പാരമ്യമുണ്ട് (ജ്യോതിപ്രകാശം) രണ്ടു വായകൾക്കു ചോറൂട്ടുന്ന അമ്മയിൽ നിന്നും എണ്ണമറ്റ വായകൾക്ക് അമൃതൂട്ടുന്ന മഹാജനനിയിലേക്കുള്ള ഉയർച്ചയാണ് അമൃത് എന്ന കവിത. മഹാജനനീത്വത്തിലേക്കുള്ള അമ്മയുടെ ഉയർച്ച, ദൈവികതയിലേക്കുള്ള മനുഷ്യന്റെ ഉയർച്ച തന്നെ. അസാധാരണ കർമ്മത്തിലൂടെയല്ല പരമമായ സാധാരണത്വത്തിലൂടെയാണ് കുഞ്ഞിനെ ചോറൂട്ടുന്ന അമ്മ മഹാജനനീത്വത്തിലേക്ക് ഉയരുന്നത്. അസാധാരണ കർമ്മങ്ങളിലൂടെ ദൈവമായി, തെയ്യക്കോലമായി, മാറിയ സ്ത്രീകളുൾപ്പെടെയുള്ള മനുഷ്യർ കേരളത്തിലെ ജനകീയ മിത്തുകളിലുണ്ട്. മുച്ചിലോട്ടുഭഗവതി തെയ്യം ഒരുദാഹരണം. മറിച്ച്, അതിസാധാരണത്വത്തിലൂടെ തെയ്യമായുയർന്നാടി, തിരിച്ച് അതിസാധാരണത്വത്തിലേക്കു തന്നെ തിരിച്ചെത്തുന്ന ആത്മീയ അനുഭവമാകുന്നു ഇശൈക്കവിത.


അമ്മയും മകനും, ദൈവികതയും മാനുഷികതയും സന്ധിക്കുന്ന സന്ദർഭങ്ങൾ ഉടഞ്ഞു പൊങ്ങുന്ന നറുമണത്തിലെ സവിശേഷ കാവ്യാനുഭവങ്ങളാണ്. ഇശൈയുടെ മുൻ സമാഹാരങ്ങളിൽ നിന്നും എന്റെ അയൽനോട്ടത്തിൽ പെടാതിരുന്നത് പുതിയ സമാഹാരത്തിലെ വെന്തുയർ മുറുവൽ എന്ന മൂന്നാം ഭാഗത്തിലുള്ള ഇത്തരം കവിതകളാണ്. തന്റെ ഓരോ കവിതക്കകത്തുമുള്ള ഉയരങ്ങളിലേക്കു കളിയാടിയെത്തുന്ന രീതി ഈ പുസ്തകത്തിന്റെ തന്നെ ഘടനയാക്കിയിരിക്കുന്നു. ഉടൈന്തെഴും നറുമണത്തിന്റെ ലാഘവത്വത്തിൽ നിന്ന് ഊരടങ്കു കവിതകളിലൂടെ വെന്തുയർ മുറുവലിന്റെ ഉയരത്തിൽ വായനക്കാരെത്തുന്നു. ശക്തിക്കൂത്ത്, ജഗദ് കാരിണി, അമൃതം എന്നീ കവിതകളിൽ ഞാൻ ആ സന്ധിപ്പിന്റെ സമ്പൂർണ്ണത അനുഭവിച്ചു. തനിക്കു കുട്ടിയായി കളിക്കാൻ വേണ്ടിയാണ് ഇശൈ തന്റെ ദൈവത്തെ അമ്മയായിക്കാണുന്നത്. 


ഈ ഘട്ടത്തിൽ മലയാളത്തിന്റെ ഭാവനാ സമ്പന്നനായ മഹാകാല്പനിക കവി പി.കുഞ്ഞിരാമൻ നായരെ ഞാൻ ഓർക്കുകയും ചെയ്തു. ഉത്സവപ്പറമ്പിൽ വഴി തെറ്റിപ്പോയ കുഞ്ഞായി സ്വയം സങ്കല്പിച്ചു അദ്ദേഹം. കുഞ്ഞിരാമൻ നായർക്കവിതയെക്കുറിച്ച് അടുത്തിടെ ഒരു ലേഖനമെഴുതിയതിൽ ഇശൈയുടെ ശക്തിക്കൂത്ത് എന്ന കവിത ഞാൻ എടുത്തു ചേർക്കുകയുണ്ടായി. കുഞ്ഞിരാമൻ നായരുടെ കവിതാ ലോകത്തിന്റെ സാരസംഗ്രഹമാണാ കവിത. നദീതീരത്തെ ആയിരം പൂവിൻ വീട്ടിലൊന്നിൽ, ഒരു പൂവിനുള്ളിൽ, കയറി ഒളിച്ചിരിക്കാൻ തത്രപ്പെടുന്നുണ്ട് ഒരു കവിതയിൽ ആ മലയാള കവി. ഇശൈയുമതെ, ഒരു കവിതയിൽ പൂവിനുള്ളിലേറിയിരിക്കാൻ വെമ്പുന്നുണ്ട്. നെഞ്ചിനുള്ളിലേക്ക് നേരേ അടിക്കുന്ന പെർഫ്യൂം ഈ കവിതകളിലുണ്ട്. അതിനെ അങ്ങനെ പറയുമ്പോഴത്തെ കളിമട്ടും.ഈ കളിമട്ടാണ്, കളിയാടിയെത്തലാണ്, ഇശൈക്കവിതയിൽ ഇത്രയേറെ കുട്ടികൾ വരാനുള്ള കാരണം എന്നു ഞാൻ വിചാരിക്കുന്നു. കളിയാടിയെത്തൽ സ്വാഭാവികമായും പുതുകാലത്തെ കമ്പ്യൂട്ടർ ഗെയിമുകളെ വരെ ഓർമ്മിപ്പിച്ചേക്കും. കമ്പ്യൂട്ടർ ഗെയിമുകളുടെ രീതി ഇശൈയുടെ പല കവിതകളിലുമുണ്ട്. ഞാൻ ഒരു പാസ്വേഡ്, കർമ്മവീരൻ എന്നീ കവിതകൾ ഈ സമാഹാരത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ.


ഭൂഗോളമുറിയുടെ പേന

 

ഭൂഗോളമുറിയുടെ പേന

പി.രാമൻ

ഒരു എഴുത്തുകാരൻ എന്ന നിലയിൽ ഞാൻ പുരസ്കാരങ്ങളെ ആദരവോടെ കാണുന്നു. ഈ ആദരവിന് രണ്ടു കാരണങ്ങളുണ്ട്. മിക്ക അവാർഡുകൾക്കും പിന്നിൽ ഒരു മനുഷ്യന്റെ സമർപ്പിത ജീവിതത്തിന്റെ ഓർമ്മയുണ്ടായിരിക്കും എന്നതാണ് ഒന്നാമത്തെ കാരണം. ഉദാഹരണത്തിന്, ജീവിതത്തിൽ എനിക്കാദ്യം കിട്ടിയ അവാർഡ് ധാരാളം കവിതകളെഴുതി ചെറുപ്പത്തിൽ മരിച്ചു പോയ ഒരു കവിയുടെ - കനകശ്രീ - പേരിലുള്ള അവാർഡാണ്. ആദ്യ പുസ്തകമായ കനത്തിന് കനകശ്രീ പുരസ്കാരം കിട്ടിയപ്പോൾ അകാലത്തിൽ മരിച്ചു പോയ ആ എഴുത്തുകാരിയുടെ ഓർമ്മക്കു മുന്നിലാണ് ഞാൻ നിന്നത്. ഇപ്പോൾ ലഭിച്ച മഹാകവി പി സ്മാരക സാഹിത്യ പുരസ്കാരം എനിക്കേറ്റവും പ്രിയങ്കരനായ കവിയുടെ ഓർമ്മക്കു മുന്നിൽ എന്നെ ഒരിക്കൽ കൂടി നിർത്തുന്നു. പീക്കവിത ഏറെ വായിക്കുകയും പീക്കവിതയെക്കുറിച്ച് കുറച്ചെഴുതുകയും ചെയ്തിട്ടുള്ള ഒരാസ്വാദകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ഓർമ്മ എന്നെ അനുഗ്രഹിക്കും പോലെയാണ് തോന്നുന്നത്. പി.കുഞ്ഞിരാമൻ നായരുടെ പേരിൽ എനിക്കു കിട്ടുന്ന രണ്ടാമത്തെ സമ്മാനമാണിത്. ആദ്യത്തേത് കാഞ്ഞങ്ങാട് പി. സ്മാരക ട്രസ്റ്റ് നൽകിയ അവാർഡാണ്. ഇപ്പോൾ ലഭിച്ചത് മഹാകവി പി സ്മാരക സമിതി ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ സമ്മാനവും. സമർപ്പിതമായ ഒരെഴുത്തു ജീവിതത്തിന്റെ ഓർമ്മയിൽ അവാർഡ് എന്നെ നിറുത്തുന്നു എന്നതാണ് പുരസ്കാരങ്ങളോടുള്ള ആദരവിന്റെ പ്രധാന കാരണം. രണ്ടാമത്തെ കാരണം, അവാർഡുകൾക്കു പിന്നിലെ സംഘാടകരുടെ ഉദ്ദേശശുദ്ധിയേയും അദ്ധ്വാനത്തേയും ഞാൻ വിലമതിക്കുകയും മാനിക്കുകയും ചെയ്യുന്നു എന്നതാണ്.

പുരസ്കാരങ്ങളോടുള്ള ഈ ആദരവ് ഉള്ളിൽ സൂക്ഷിക്കുന്നതിനാൽ ഒരവാർഡിനും ഞാൻ സ്വന്തം പുസ്തകങ്ങൾ അയക്കാറില്ല. അംഗീകാരങ്ങൾ ലഭിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ടല്ല അത്. മറിച്ച്, അങ്ങോട്ടപേക്ഷിച്ചു കിട്ടേണ്ടതല്ല, ഇങ്ങോട്ട് വരേണ്ടതാണ് അംഗീകാരങ്ങൾ എന്ന സ്വകാര്യമായ ബോധ്യം ഉള്ളതുകൊണ്ടാണ്. അതിനാൽതന്നെ ഇന്നേവരെ ഒരവാർഡിനും ഞാൻ പുസ്തകങ്ങൾ അയച്ചിട്ടില്ല. എന്നിട്ടും എനിക്ക് ചില പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. അത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒന്നുകിൽ എന്റെ പുസ്തകങ്ങൾ അജ്ഞാതരായ ആരൊക്കെയോ അവാർഡുകൾക്കയച്ചിട്ടുണ്ട്. അല്ലെങ്കിൽ അവാർഡ് എനിക്കു നൽകണമെന്ന് വിധി നിർണ്ണയ സമിതി തീരുമാനിച്ചിട്ടുണ്ട്. ഈ രണ്ടിൽ ഒന്നു സംഭവിച്ചതുകൊണ്ടു മാത്രമാണ് എനിക്ക് ചില അവാർഡുകൾ ലഭിച്ചത്. അപേക്ഷിക്കാതെ കിട്ടിയതായതിനാൽ സന്തോഷത്തോടെ അവ ഞാൻ സ്വീകരിക്കുകയും ചെയ്തു.

പുരസ്കാരം ലഭിക്കുമ്പോൾ പല കാരണങ്ങളാൽ ഞാൻ സന്തോഷിക്കുന്നു. കവിത കൂടുതൽ വായിക്കപ്പെടാൻ അതിടയാക്കുമെങ്കിൽ നല്ലത് എന്നതാണ് ഒരു സന്തോഷം. രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട് എന്ന എന്റെ പുസ്തകം കൂടുതൽ വായിക്കപ്പെടാൻ പുരസ്കാരലബ്ധി സഹായിച്ചിട്ടുണ്ട് എന്നു തോന്നിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇരട്ടവാലൻ എന്ന സമാഹാരം വായിച്ച് കാര്യമായ പ്രതികരണങ്ങളൊന്നും ഇതുവരെ  കിട്ടിയിട്ടില്ല. ആ കവിതകൾ എന്നിൽ നിന്ന് വളരെ അകന്നു പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇപ്പോൾ പുസ്തകം ഇങ്ങനെ അംഗീകരിക്കപ്പെടുന്നത്.ആ പുസ്തകത്തിലെ കവിതകൾ കൂടുതലായി വായനക്കാരിലേക്കെത്താൻ മഹാകവി പി സാഹിത്യ പുരസ്കാരലബ്ധി കാരണമായെങ്കിൽ എന്നോർത്തു ഞാൻ സന്തോഷിക്കുന്നു.
സമ്മാനമായി കിട്ടുന്ന തുകയും സന്തോഷകരം തന്നെ. അപേക്ഷിക്കാതെ, ഇങ്ങോട്ടു വരുന്നു എന്നത് അതിലുമധികം സന്തോഷം. എന്നാൽ ഏറ്റവും സന്തോഷം ഇതൊന്നുമല്ല, എനിക്കു ലഭിച്ച അംഗീകാരങ്ങൾക്കെല്ലാം പിന്നിൽ ഞാനറിയാതെ, എനിക്കു വേണ്ടി പുസ്തകമയച്ച് എന്നോടു പോലും അക്കാര്യം പറയാതിരിക്കുന്ന നിശ്ശബ്ദരായ സുഹൃത്തുക്കളുടെ സ്നേഹമുണ്ട് എന്നതാണ്.

ഇരട്ടവാലന്റെ മൂന്നു കോപ്പി വാങ്ങിച്ച് അവാർഡിനയച്ച സുഹൃത്ത് ആരാണെന്ന് ഇത്തവണ എനിക്കറിയാൻ കഴിഞ്ഞു എന്നതാണ് ഈ അവാർഡിന് ഞാൻ കാണുന്ന വ്യക്തിപരമായ സവിശേഷത. കെ.വി. മണികണ്ഠദാസ് എന്ന മണിയേട്ടനാണതെന്ന് പി. പ്രേമചന്ദ്രൻ മാഷ് ഒരു വാട്സ് ആപ് ഗ്രൂപ്പിൽ എഴുതിക്കണ്ടപ്പോഴാണ് അത് വെളിവായത്.  മണിയേട്ടനോ അതു പോലുള്ള സുഹൃത്തുക്കളോ ഞാനറിയാതെ പുസ്തകമയച്ചിട്ടായിരിക്കും സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള ചില അംഗീകാരങ്ങൾ എനിക്കു കിട്ടിയത് എന്ന ആലോചന തന്നെ എത്ര മധുരമുള്ളതാണ്!

മഹാകവി പി. യെ നേരിൽ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ല. പക്ഷേ അദ്ദേഹം ഒരിക്കൽ നടന്ന വഴികളിലൂടെ ഞാനിന്നും നടക്കുന്നു. കാഞ്ഞങ്ങാട്ടുകാരൻ കുഞ്ഞിരാമൻ പട്ടാമ്പിയിൽ വന്ന് പുന്നശ്ശേരി ഗുരുകുലത്തിൽ സംസ്കൃതം പഠിച്ചു. പട്ടാമ്പിയുടെ പ്രകൃതിയിൽ നിന്നാണ് കവിതയെന്ന നിത്യകന്യകയെത്തേടിയുള്ള മഹാകവിയുടെ യാത്രകൾ തുടങ്ങുന്നത്. ഗുരുകുലത്തിൽ നിന്നകലെയല്ലാതെ ഒഴുകുന്ന നിളാനദിയിൽ അദ്ദേഹം അനുരക്തനായി. "ഹന്ത, ഞാനനുരക്തനായി താനിന്നിളാ ഗ്രാമകന്യയിൽ" എന്ന് കവി. അദ്ദേഹം പഠിച്ച അതേ സ്കൂളിലാണ് ഇന്നു ഞാൻ പണിയെടുക്കുന്നത്. പട്ടാമ്പി ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളാണ് ഇന്നത്. കരിമ്പനകൾ നിരന്ന (ഇപ്പോളവ ഓരോന്നായി മുറിച്ചു പോയിക്കഴിഞ്ഞു) പാതയിലൂടെ നടന്ന് റെയിലു കടന്ന് പാടം കടന്ന് പാഠശാലയിലേക്ക് അദ്ദേഹം നടന്ന വഴികളിലൂടെ ഇന്നും ഞാൻ നടക്കുന്നു. വരമ്പു കേറുമ്പോൾ വഴി വക്കത്തെ കാക്കപ്പൂവ് ഒരിക്കലെങ്കിലും നുള്ളിയെടുക്കാതിരിക്കുമോ പി എന്ന ആലോചനയിൽ മുഴുകുന്നു. അതെ, ജീവിതത്തിൽ എന്നെ സമ്പൂർണ്ണമായി  ആവേശിച്ച ആദ്യത്തെ കവിയാണ് പി.കുഞ്ഞിരാമൻ നായർ. ആ കവിതയുടെ ലഹരി ഇന്നുമെന്നിൽ മങ്ങിയിട്ടില്ല. എന്റെ പ്രിയ കവിയുടെ ഓർമ്മയിൽ ഒന്നിലേറെ പുരസ്കാരങ്ങൾ ലഭിച്ചു എന്നതിൽപരം അംഗീകാരം എന്റെ കവിതക്ക് കിട്ടാനില്ല എന്നു ഞാൻ കരുതുന്നു.

കുറച്ചിവിടെയും കുറച്ചവിടെയും കുഴച്ചു വച്ച് കുറേ വറ്റു കളഞ്ഞ് ചിന്നിച്ചിതറിച്ച് കുഞ്ഞുങ്ങൾ മാമുണ്ണുന്നതുപോലെ ജീവിതം ജീവിച്ചു തീർത്തു പോയ കവിയാണ് പി.കുഞ്ഞിരാമൻ നായർ. ആ വികൃതിക്കുഞ്ഞ് ബാക്കി വെച്ചു പോയ മുതിർച്ചയാണ് പി.കുഞ്ഞിരാമൻ നായർക്കവിത. അത്രമേൽ സ്വാഭാവികമായി, ഇടമുറിയാത്ത ഒഴുക്കായി എഴുതൂ എന്ന് പീക്കവിത എന്നോടു പറയുന്നു. പാതയിലൂടെ നീങ്ങുന്ന കാളവണ്ടികൾ ഇന്നില്ല. നിളയിൽ തോണിക്കാരന്റെ കൂക്കില്ല. എങ്കിലും തുടങ്ങിയേടത്തല്ല ഇപ്പോൾ എന്നോർമ്മിപ്പിക്കുന്ന കാഴ്ച്ചകൾക്കിടയിലൂടെ ഞാനും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങനെ അനന്തമായി നീങ്ങുമ്പോഴും ഇതൊരു ചെറിയ ഭൂഗോള മുറി മാത്രം എന്നറിയുന്നു -ഒരു കുഞ്ഞു ഭൂഗോള കേരള മുറി എന്ന്. അദ്ദേഹമതിന്റെ താക്കോൽ തിരിച്ചേൽപ്പിച്ചു പോയി. എന്നാൽ അതിന്റെ ഡ്യൂപ്ലിക്കേറ്റു പോലെ ഒന്ന്,  പീക്കു ശേഷമുള്ള ഏതു കവിയുടെയും - എന്റെയും - കയ്യിൽ ചില നേരത്തു തിളങ്ങും! ആ തിളക്കത്തിൽ ഞാനെഴുതാൻ ശ്രമിക്കും.

(മാതൃഭൂമി ഓൺലൈൻ ആവശ്യപ്പെട്ട പ്രകാരം എഴുതിയത്)




Monday, May 16, 2022

പെണ്ണു തീണ്ടാത്ത പുരുഷാധുനികത - മലയാളത്തിലും തമിഴിലും - revised

 പെണ്ണു തീണ്ടാത്ത പുരുഷാധുനികത

- മലയാളത്തിലും തമിഴിലും


പി.രാമൻ




ഒരു കവിത മുഴുവൻ ഒരേ വിഷയം

എന്തൊരു വീര സാഹസം പെണ്ണേ!

ഒന്നാം വരിയിൽ മനസ്സിൽ വന്നത്

കുഞ്ഞിന്റെ ചിരി.


രണ്ടാം വരിയിൽ 

വെള്ളം പിടിക്കുന്നിടത്തെ വഴക്കുകൾ

മൂന്നാം വരിയിൽ തണുത്തു വിറച്ചു മരിച്ച

ലക്ഷ്മിത്തള്ള

നാലാം വരിയിൽ ഗ്യാസു തീർന്ന ക്ഷീണത്തിൽ

സ്റ്റവിന്റെ പരാക്രമങ്ങൾ


അഞ്ചാം വരിയിൽ

ഓസിയിൽ ടീ വീ സിനിമ കാണാൻ

കതകിനു തട്ടുന്ന കുട്ടികൾ.

ആറാമതായ് ചിന്നമ്മയുടെ

മെനോപോസ് പ്രയാസക്കരച്ചിലുകൾ

ഏഴാം വരിയിൽ.......


ഇനിയും ചോറായില്ല.


ഇനിയൊരു വരി കൂടി വേണം.

കവിത അവസാനിപ്പിക്കാൻ ഒറ്റ വരി.

പറ പെണ്ണേ!


- സുഗന്ധി സുബ്രഹ്‌മണ്യൻ 



1990 കളിൽ കവി കെ.ജി.ശങ്കരപ്പിള്ള എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചിരുന്ന സമകാലീന കവിതയുടെ ഏതോ ലക്കത്തിലാണ് ഞാൻ തമിഴ് കവി സുഗന്ധി സുബ്രഹ്‌മണ്യന്റെ ചില കവിതകൾ ആദ്യമായി വായിച്ചത് എന്നോർക്കുന്നു. പിന്നീട് ആറ്റൂർ രവിവർമ്മ തമിഴ് പുതു കവിതകളുടെ വിപുലമായ ഒരു പരിഭാഷാസമാഹരം പുതുനാനൂറ് എന്ന പേരിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ പ്രാധാന്യത്തോടെ സുഗന്ധിയുടെ കവിതകളും കൊടുത്തിരുന്നു. സുബ്രഹ്മണ്യഭാരതി തൊട്ടു തുടങ്ങുന്ന, ആകെ 59 കവികൾ ഉൾപ്പെട്ടിട്ടുള്ള ആ സമാഹരത്തിൽ മുപ്പത്തഞ്ചാമതായാണ് സുഗന്ധിയുടെ കവിതകൾ കൊടുത്തിട്ടുളളത്. ആ സമാഹാരത്തിൽ ചേർത്തിട്ടുള്ള പെൺകവികളിൽ കാലാനുക്രമം വെച്ചു നോക്കിയാൽ ആദ്യത്തെയാൾ ഇവരാണ്. തുടർന്ന് കനിമൊഴി, സൽമ എന്നിങ്ങനെ പലരുടേയും കവിതകൾ അതിലുണ്ട്. എന്തുകൊണ്ടാവാം ഈ സമാഹാരത്തിലെ ആദ്യ പെൺകവി മുപ്പത്തഞ്ചാമതായി മാത്രം ചേർക്കപ്പെട്ടത്? സുഗന്ധി സുബ്രഹ്‌മണ്യനു മുമ്പ് തമിഴിൽ ശ്രദ്ധിക്കപ്പെട്ട പെൺകവികൾ ആരും ഉണ്ടായിരുന്നില്ലേ?


1980 കളിലാണ് സുഗന്ധി സുബ്രഹ്മണ്യന്റെ കവിതകൾ തമിഴ് വായനക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്. സമയവേൽ,സുകുമാരൻ, ആത്മാനാം എന്നിവരുൾപ്പെട്ട ഒരു തലമുറയിലെ ഒറ്റപ്പെട്ട പെൺശബ്ദമായിരുന്നു അവരുടേത്. സാമൂഹികവും വൈയക്തികവുമായ തീവ്രവികാരങ്ങൾ ഉച്ചസ്ഥായിയിലല്ലാതെ, എന്നാൽ മൂർച്ചയുള്ള ബിംബങ്ങളിലൂടെ ആവിഷ്കരിച്ച ഒരു തലമുറയായിരുന്നു അത്. സുഗന്ധിയുടെ ആദ്യസമാഹാരമായ പുതൈയുണ്ട വാഴ്ക്കൈ (കുഴിച്ചിട്ട ജീവിതം) 1988- ലാണു പുറത്തു വരുന്നത്. പെൺജീവിതത്തിലെ ദൈനംദിനാനുഭവപരിസരമാണ് സുഗന്ധിയുടെ കവിതകളിൽ. മറ്റൊരുദാഹരണം കൂടി ചേർത്തു വായിക്കാം :


എന്റെ കുഞ്ഞിന്റെ

പൊക്കിൾക്കൊടി

മുറിച്ചതാര്?

മുത്തശ്ശിയോ? നഴ്സോ?

ഓർമ്മയില്ല.


എന്റെ വയറ്റിൽ

വിശേഷമുണ്ടെന്ന്

ആരോടാണ് ഞാൻ

ആദ്യം പറഞ്ഞത്?

ഓർക്കുന്നില്ല


പള്ളിക്കൂടത്തിൽ

അ ആ ഇ ഈ ചൊല്ലിപ്പഠിപ്പിച്ച

മാഷാര്?

മറന്നു പോയി.


സ്കൂൾ മുറ്റത്തു കളിക്കുന്നതിനിടെ

തിരണ്ട നേരത്ത്

എന്റെ കൈ പിടിച്ചു സന്തോഷം കൊണ്ട മുഖമേത്?

ഓർമ്മയില്ല.


പെട്ടെന്നു മരിച്ചു പോയ അപ്പൻ

എനിക്കായ് വിട്ടു പോയ വാക്കുകളേതെല്ലാം?

ഏതെല്ലാം?

ഓർമ്മയില്ല.


ആദ്യത്തെ പ്രസവത്തെക്കുറിച്ച്

ഭയപ്പെടുത്തിപ്പറഞ്ഞതാരാണ്?

മറന്നു പോയി.


ഭാഷയറിയാത്ത നാട്ടിൽ

പുതു ഭാഷയിൽ

ആദ്യമായെന്നോടു മറുപടി പറഞ്ഞ പെണ്ണ്?

നീളുന്നൂ ഓർമ്മയില്ലായ്മകൾ

ഏതോ തരത്തിൽ

എല്ലാത്തിലും പ്രധാനം

അവയായിരുന്നിട്ടും.


കവിതക്കു ശീർഷകം പോലുമാവശ്യമില്ലാത്ത വിധം നേരെഴുത്താണിത്.നൂറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പെണ്ണിനുമാത്രം എഴുതാൻ കഴിയുന്ന കവിത സുഗന്ധി സുബ്രഹ്മണ്യന്റെ കവിതകളോടെ തമിഴിലുണ്ടായി.


സംഘകാലത്ത് ഔവൈയാറിനെപ്പോലുള്ള പെൺകവികൾ തമിഴിൽ ഉണ്ടായിരുന്നു. അതിനുശേഷം ഭക്തി പ്രസ്ഥാനകാലത്ത് ആണ്ടാൾ, കാരൈക്കൽ അമ്മ എന്നീ എഴുത്തുകാരികളെ നാം കാണുന്നു. ആണ്ടാൾ വൈഷ്ണവഭക്തി പ്രസ്ഥാനവുമായും കാരൈക്കൽ അമ്മ ശൈവഭക്തി പ്രസ്ഥാനവുമായും ബന്ധപ്പെട്ട കവികളാണ്. എന്നാൽ ഇവർക്കു ശേഷം നൂറ്റാണ്ടുകളോളം തമിഴ് കവിതയിൽ പെൺ ശബ്ദങ്ങൾ നാം കേൾക്കുന്നേയില്ല. സുബ്രഹ്മണ്യഭാരതിയുടെ കാലത്തും തുടർന്നു വന്ന മണിക്കൊടിക്കാലം എന്നറിയപ്പെടുന്ന, ആധുനികതയിലേക്കുള്ള പകർച്ചയുടെ കാലത്തും സ്ഥിതി അതു തന്നെയായിരുന്നു. 1960 കളോടെ തമിഴ് കവിതയിൽ ആധുനികത പ്രബലമായി. ഇക്കാലത്ത് ഇരാ. മീനാക്ഷി എന്ന ഒരു കവിയെ നാം കാണുന്നു. തമിഴ് ആധുനികതയുടെ കൊടിയടയാളമായിരുന്ന 'എഴുത്ത്' മാസികയിൽ (പത്രാധിപർ സി.സു. ചെല്ലപ്പ) ഇവരുടെ കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ സുന്ദരരാമസ്വാമി, ജ്ഞാനക്കൂത്തൻ, നകുലൻ, പ്രമിൾ, സി.മണി തുടങ്ങിയവരുടെ കവിതകളോളം ശ്രദ്ധിക്കപ്പെട്ടില്ല ഇവരുടേത്. 


നൂറ്റാണ്ടുകൾ തുടർന്ന ഈ അദൃശ്യതക്ക് ഒരറുതിയുണ്ടാവുന്നത് സുഗന്ധി സുബ്രഹ്മണ്യന്റെ കവിതകളുടെ വരവോടെയാണ്. ആ നിലക്ക് പുതൈയുണ്ട വാഴ്കൈ തമിഴ് കവിതാ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. തമിഴ് കവിതാ ചരിത്രത്തിൽ അന്നോളം വരാത്ത പെൺജീവിതം ആ കവിതാലോകത്ത് വിരിഞ്ഞു വരുന്നു. ഒരു ഭാഷ നൂറ്റാണ്ടുകളായി അമർത്തി വച്ചത് ഇവരിലൂടെ വെളിച്ചപ്പെട്ടു എന്നു വേണം പറയാൻ. ആ ആഘാതം കൊണ്ടാവാം എഴുത്തുകാരിക്ക് മനസ്സു തകർന്ന് ചിത്തരോഗാശുപത്രിയിൽ ജീവിതം കഴിക്കേണ്ടി വന്നു. ചികിത്സയിലിരിക്കെ 2009-ൽ അവർ മരിച്ചു. മരണശേഷം സമാഹരിച്ച സമ്പൂർണ്ണകൃതികളിലുൾപ്പെടുത്തിയിട്ടുള്ള ഡയറിക്കുറിപ്പുകളിലൊന്നിൽ അവരിങ്ങനെ എഴുതുന്നുണ്ട്. "ഔവൈയാറായി വേഗം ഞാൻ മാറും. അടുത്ത വർഷം കിഴവിയായിത്തീർന്നാൽ പിന്നെ ഔവൈയാർ തന്നെ"(സുഗന്ധി സുബ്രഹ്മണ്യൻ പടൈപ്പുകൾ) അത്രയും നൂറ്റാണ്ടുകളിലെ മൂകമാക്കപ്പെട്ട പെൺജീവിതം തന്നിലേല്പിച്ച താങ്ങാനാവാത്ത ഭാരം ഈ ഒറ്റ വാചകത്തിൽ നമുക്കു വായിക്കാം. ആധുനികാനന്തര തമിഴ് കവിതാലോകം രണ്ടു ബലികൾക്കു സാക്ഷിയായി. അതിലൊന്ന് സുഗന്ധിയുടേതാണ്. മറ്റൊന്ന് കവി ആത്മാനാമിന്റേതും. 1970 -കൾക്കൊടുവിൽ എഴുതിത്തുടങ്ങിയ തലമുറയിലെ പ്രധാന കവിയായിരുന്നു മുപ്പത്തിരണ്ടാം വയസ്സിൽ സ്വയം ജീവിതമവസാനിപ്പിച്ച ആത്മാനാം.


സുഗന്ധി തുടങ്ങിയേടത്തു നിന്നു മുന്നോട്ടു പോകാൻ 1990 കളോടെ ധാരാളം പുതിയ കവികൾ രംഗത്തെത്തി. അന്നുതൊട്ടിന്നോളമുള്ള തമിഴ് പെൺ കവിതയിലുടനീളം സുഗന്ധി സുബ്രഹ്‌മണ്യൻ എന്ന കവിയുടെ ദുരന്തത്തിന്റെയും ബലിയുടെയും കാണാനിഴൽ പതിഞ്ഞിരിക്കുന്നു. മറുവിത്തുകൾക്കു മുളയ്ക്കാൻ പ്രചോദനം കൊടുത്ത ആദ്യത്തെ വിത്തായിരുന്നു സുഗന്ധിയുടെ കവിത. തുടർന്ന് കനിമൊഴി കരുണാനിധി, സൽമ, ഉമാ മഹേശ്വരി, ലീന മണിമേഖല,പെരുന്തേവി,മാലതി മൈത്രി, ശക്തി ജ്യോതി, സുകിർതറാണി, കുട്ടിരേവതി എന്നിങ്ങനെ വലിയൊരു നിര എഴുത്തുകാരികൾ തമിഴ് കവിതയെ ചലനം കൊള്ളിച്ചു. അടുത്ത കാലത്ത് ഗീതാ സുകുമാരൻ, കവിൺമലർ, ചന്ദ്ര തങ്കരാജ്, ലാവണ്യ സുന്ദരരാജൻ, ദീപു ഹരി, കല്പന ജയന്ത് തുടങ്ങി പുതിയൊരു നിരക്കവികളും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 1990 കൾ തൊട്ട് തമിഴ് കവിതയിലുണ്ടായ മാറ്റങ്ങളിലൂടെയും പുതുക്കലുകളിലൂടെയുമെല്ലാം തമിഴ് പെൺ കവിത കടന്നുപോയിരിക്കുന്നു. ബിംബാത്മകതക്കു പ്രാധാന്യമുള്ള ഘട്ടം, ബിംബാത്മകത ഒഴിവാക്കുന്ന പ്ലെയിൻ പോയട്രിയുടെ ഘട്ടം, വിശദ സൂക്ഷ്മ ചിത്രണങ്ങൾക്കു പ്രാധാന്യമുളള ഘട്ടം, ഭാഷയും വീക്ഷണവും ലാഘവപൂർണ്ണമാകുന്ന ഘട്ടം എന്നിങ്ങനെ തമിഴ് കവിത പിന്നിട്ടു പോരുന്ന തലങ്ങളെല്ലാം ഈ കവികളും പങ്കുവയ്ക്കുന്നു. അതോടൊപ്പം സ്ത്രീപക്ഷ,ദളിത് രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ അവർ ശക്തമായി മുന്നോട്ടു വക്കുകയും ചെയ്യുന്നു.


തമിഴ് കവിതയിലെ പെണ്ണെഴുത്തിന്റെ സവിശേഷതകൾ ശ്രദ്ധിച്ചപ്പോൾ ഞാൻ സമാന്തരമായി മലയാളകവിതയിലെ പെൺ വാഴ് വിനെക്കുറിച്ചും സ്വാഭാവികമായി ആലോചിച്ചു. ഇന്ന് മലയാളത്തിലും മികച്ച എഴുത്തുകാരികൾ ഒട്ടേറെ പേരുണ്ട്. തമിഴിലെപ്പോലെത്തന്നെ മലയാളത്തിലും 1980 കളോടെയാണ് സ്ത്രീകൾ കവിതാ രംഗത്ത് കൂട്ടമായി വന്ന് ശക്തമായ ചലനങ്ങളുണ്ടാക്കിയത്. എ.പി. ഇന്ദിരാദേവി, ലളിത ലെനിൻ, സാവിത്രി രാജീവൻ, വിജയലക്ഷ്മി, റോസ് മേരി, ഗീതാ ഹിരണ്യൻ, സുജാതാ ദേവി തുടങ്ങിയവർ അവരിൽ പ്രധാനികളാണ്. തൊണ്ണൂറുകളിലും തുടർന്ന് രണ്ടായിരത്തിനു ശേഷവും ആ കവിനിര കൂടുതൽ വിപുലമായി. ഫെമിനിസ്റ്റ്, ദലിത് സൗന്ദര്യ ശാസ്ത്രങ്ങളും രാഷ്ട്രീയ വീക്ഷണവും ഉയർത്തിപ്പിടിക്കുന്ന മികച്ച ഒട്ടേറെ കവികൾ ഇന്ന് മലയാളത്തിലുമുണ്ട്.


എന്നാൽ 1980 കൾക്കു മുമ്പ് അതായിരുന്നില്ല നില. 1960 മുതൽ 1980 വരെ തമിഴിലെപ്പോലെ മലയാളത്തിലും ആധുനികത ഉച്ചസ്ഥായിയിൽ നിന്ന കാലമാണ്. പരമ്പരാഗത കാവ്യ സങ്കല്‌പങ്ങളെ തകർത്തുകൊണ്ടാണ് ആധുനികത മലയാളത്തെ ആവേശിച്ചത്. പ്രമേയത്തിലും ഭാഷയിലും അത് പുതുമകൾ തേടി. സാമ്പ്രദായിക സദാചാര സങ്കല്‌പങ്ങളെ ചോദ്യം ചെയ്തു. പുതിയ രൂപഘടനകൾ കണ്ടെത്തി. പുതിയൊരാസ്വാദക സമൂഹത്തെ സൃഷ്ടിക്കാൻ ആധുനികർക്കു കഴിഞ്ഞു. എഴുപതുകളോടെ അത് രാഷ്ട്രീയവൽക്കരിക്കപ്പെട്ടു. കീഴാളർ, സ്ത്രീകൾ, ഒറ്റപ്പെട്ട മനുഷ്യർ, അധികാരത്തിൻ കീഴിൽ ഞെരിയുന്ന സാധാരണക്കാർ എന്നിവരോടെല്ലാം നമ്മുടെ ആധുനികത ഐക്യപ്പെടുകയും ചെയ്തു. എന്നിട്ടും ആധുനികതയുടെ ആ വലിയ ധാരയിൽ നാം പെൺ കവികളെ കാണുന്നേയില്ല. പെണ്ണിനുവേണ്ടി ശബ്ദമുയർത്തിയ പുരുഷന്മാരായിരുന്നു അവരെല്ലാം. വേദനയാണെന്നോപ്പോൾ എന്നു തുടക്കത്തിലേ എഴുതിയ സച്ചിദാനന്ദനും പുറപ്പെട്ടേടത്താണ് ഒരായിരം കാതമവൾ നടന്നിട്ടും എന്ന് അവളുടെ ജീവിതമടുത്തു കാണുന്ന ആറ്റൂരും ഊർമ്മിളയുടെ മൗനത്തിലേക്കിറങ്ങുന്ന കെ.ജി.എസ്സുമെല്ലാമടങ്ങുന്ന ആ ആധുനിക നിരയിൽ എന്തുകൊണ്ടായിരിക്കാം ഒരു പെൺ കവിക്ക് വാഴ്‌വ് ഇല്ലാതെ പോയത് എന്നത് പരിശോധിക്കേണ്ട കാര്യമാണ്. പെൺജീവിതം പുരുഷന്മാരിലൂടെ മാത്രം പ്രകാശനം ചെയ്ത ഭാവുകത്വമാണ് നമ്മുടെ ആധുനിക കവിതയുടേത്.


എന്നാൽ തമിഴിൽ നിന്നു വ്യത്യസ്തമായി മലയാളത്തിൽ ആധുനികതക്കു മുമ്പ് ശ്രദ്ധേയരായ പല പെൺ കവി ശബ്ദങ്ങളും കേൾക്കുന്നുണ്ട്. ബാലാമണിയമ്മ, കൂത്താട്ടുകുളം മേരി ജോൺ, മുതുകുളം പാർവതിയമ്മ, സിസ്റ്റർ മേരി ബെനീഞ്ജ, ലളിതാംബിക അന്തർജനം എന്നിവർ അവരിൽ പ്രമുഖരാണ്. നമുക്കു പേരറിയാൻ കഴിഞ്ഞിട്ടുള്ള മലയാളത്തിലെ ആദ്യ പെൺകവി കുട്ടിക്കുഞ്ഞു തങ്കച്ചിയാണ്. അവിടുന്നിങ്ങോട്ട് 1950 വരെയുള്ള കാലത്ത് ധാരാളം പെൺകവികളെ കാണാൻ കഴിയും. സിസ്റ്റർ മേരി ബെനീഞ്ജയുടെ കവിതാരാമം 1929-ൽ പുറത്തിറങ്ങി. മുകളിൽ പരാമർശിച്ച കവികൾക്കെല്ലാം തനതു ശൈലികളും ഉണ്ടായിരുന്നു. മേരി ജോൺ കൂത്താട്ടുകുളത്തിന്റെ ഒരു കവിതയിൽ കണ്ണിലൂറി, എന്നാൽ തുളുമ്പി വീഴാതെ നിൽക്കുന്ന രണ്ടു കണ്ണീർത്തുള്ളികളിലൂടെ ജീവിത ദുഃഖത്തേയും അതിജീവനത്തേയും അടയാളപ്പെടുത്തുന്നതു നോക്കൂ:


വീഴാൻ മടിച്ചിതാ തങ്ങിനിന്നീടുന്നു

വെൺമുത്തുപോൽ രണ്ടു കണ്ണീർക്കണികകൾ

എൻ കണ്ണിണയി, ലെൻ തപ്തചിത്തം പ്രതി -

ബിംബിക്കുമിക്കൊച്ചു വാതായനങ്ങളിൽ


എന്നേ തകർന്നൊരെൻ ജീവിത സ്വപ്നങ്ങൾ

നിന്നു തിളങ്ങുന്ന കണ്ണീർക്കണങ്ങളേ,

നിൽക്കണേ താഴോട്ടു വീഴാതെ നിങ്ങളി-

ശ്ശുഷ്കമാം ജീവന്നു താങ്ങും തണലുമായ്.


സങ്കല്പമേഖലമേലലതല്ലുമെൻ

സന്തപ്തചിന്താതരംഗമണികളേ,

എന്നൊടൊത്തിങ്ങനെ നിൽക്കണേ നിങ്ങളും

മണ്ണിലേയീ ഞാനടർന്നു വീഴും വരെ 

(കണ്ണീർക്കണികകൾ - 1954)


മേരി ജോൺ കൂത്താട്ടുകുളത്തിന്റെ മറ്റൊരു കവിത കൂടി പെട്ടെന്ന് ഓർമ്മ വരുന്നു. അമ്മയെ കാണാനായി വീട്ടിലേക്കു വരികയാണ് ആഖ്യാതാവ്. ഉമ്മറത്തു കേറിയിട്ടും ആരെയും കാണുന്നില്ല. പെട്ടെന്ന് തൊടിയിൽ നിന്ന് അമ്മയുടെ ശബ്ദം കേൾക്കുന്നു. പിറകേ അമ്മ ഉമ്മറത്തേക്കു കയറുന്നു.


അമ്പരന്നു ഞാൻ ചുറ്റും കണ്ണയക്കയായ്, കൈയിൽ

തൂങ്ങുമെൻ പെട്ടി താഴെ വെക്കുവാൻ മറന്നേ പോയ്.

താഴെ വെക്കുക മോളേ പെട്ടി, ഞാനിതാ വരാം,

ഏവമൊരശരീരിവാക്യമെൻ കാതിലെത്തി.

ഞെട്ടി ഞാൻ തിരിഞ്ഞൊന്നു നോക്കവേ കാണായ് വിള -

ഞ്ഞെത്രയും തുടുത്തതാം മധുരക്കിഴങ്ങുമായ്

തൊടിയിൽ നിന്നും വേഗമെത്തുമമ്മയെ, മക്കൾ -

ക്കിരയും കൊത്തിപ്പറന്നെത്തിടും കിളിയെപ്പോൽ.

ഇന്നുമീ മണ്ണിലുണ്ടു മധുരക്കിഴങ്ങെന്നാ-

ലമ്മയെക്കാണാനെത്ര ജന്മം ഞാൻ ജനിക്കണം.


ആധുനിക പൂർവ കവിതയിലെ ആ പെണ്ണിടങ്ങൾ ആധുനികതയുടെ കാലത്ത് ചുരുങ്ങിവന്നത് മലയാള കവിതാ ചരിത്രത്തിലെ കൗതുകകരമായ പ്രതിഭാസമാണ്. വിശാല മാനവിക വീക്ഷണവും നീതിബോധവും രാഷ്ട്രീയ പരതയും ഉയർത്തിപ്പിടിച്ചിട്ടും ആധുനികതയിൽ പെൺമൊഴികൾ പുലരാഞ്ഞത് എന്തുകൊണ്ടായിരിക്കാം? ഇക്കാര്യത്തിൽ ആധുനികതക്കു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് കൂടുതൽ ഇടുക്കമുളളതായിരുന്നുവോ ആധുനികതാ കാലം? എന്തുകൊണ്ടാവാം ആധുനികത പെൺശബ്ദങ്ങളെ അകറ്റിയത് എന്നത് വിശദമായി പഠിക്കേണ്ട വിഷയമാണ്. ചില സാമാന്യ നിരീക്ഷണങ്ങൾ മാത്രം ഇവിടെ അവതരിപ്പിക്കട്ടെ. കുട്ടിക്കുഞ്ഞു തങ്കച്ചി തൊട്ട് കൂത്താട്ടുകുളം മേരി ജോൺ വരെയുള്ള ആധുനിക പൂർവരുടെ രചനകളിൽ ആത്മീയതക്ക് വലിയ സ്ഥാനമുണ്ട് എന്നു കാണാം. അക്കാലത്തെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ പെൺകവികളിൽ വരെ ആ ആത്മീയധാരയുടെ മിടിപ്പ് നമുക്കറിയാനാവും. ഉദാഹരണത്തിന്, എം.ബാലാദേവി എന്ന എഴുത്തുകാരിയുടെ മരീചിമാല എന്ന സമാഹാരത്തിലുള്ള (1960) മൗനഗാനം എന്ന ചെറുകവിത നോക്കൂ:


മൗനഗാനം പാടീടുന്ന വാനിനെപ്പാർത്തങ്ങു നിന്നൂ

മാനനീയ ഗുണാംബുധി ഭുവനാംബിക

സ്വരങ്ങളില്ലില്ല, താളലയങ്ങളുമില്ല, പാർത്താൽ

ഒരുവനുമില്ല ഗാനം ശ്രവിക്കുവാനും.

കാരുണാംബുകണങ്ങളുൾക്കൊള്ളുമേറെ വാരിദങ്ങൾ

താരനേർക്കണ്ണുകൾ മെല്ലെ വിടുർത്തു നിന്നു.

പാരിടത്തിൻ ഹൃദയത്തിൽ പ്രേമപാരാവാരം തീർത്തൂ

ധീരനാം പരമപുമാൻ മൗനഗാനത്താൽ.

ജലകണങ്ങളാലാഴി, തരിമണൽകൊണ്ടൂഴിയും

അലസമായേറ്റുപാടീ ഗഗനഗാനം

ചലനവേഗത്താൽ വായു, ജ്വലനത്താൽ അനലനും

സുലോലമാ മൗനഗാനമുരുവിടുന്നു.


ഇങ്ങനെ നമ്മുടെ ആധുനിക പൂർവ പെൺകവിതയിൽ നിത്യജീവിതാനുഭവങ്ങളോടൊപ്പം ആവിഷ്കൃതമായ ഈ ആത്മീയ ധാരയെ ഉൾക്കൊള്ളാൻ ആധുനികതക്ക് വേണ്ടവിധം കഴിഞ്ഞില്ല. നിത്യജീവതാനുഭവങ്ങൾ തൊട്ട് ആത്മീയത വരെയുള്ള പരപ്പ് ആധുനികപൂർവ പെൺകവിതക്കുണ്ടായിരുന്നു. എന്നാൽ ആത്മീയത പോലെത്തന്നെ നിത്യജീവിതാനുഭവങ്ങൾക്കും ആധുനികത വലിയ പ്രാധാന്യം നൽകിയില്ല. ആശയലോകത്തിനാണ് നമ്മുടെ ആധുനിക കവിത പ്രാധാന്യം കൊടുത്തത്. ആത്മീയതയേയും നിത്യജീവിതാനുഭവങ്ങളെയും ഉൾക്കൊള്ളാൻ ആധുനികതയുടെ പൊതു കാവ്യഭാഷക്ക് കഴിഞ്ഞില്ല. ആധുനിക പൂർവ മലയാള പെൺകവിതയുടെ സഹജതയുടെ ഊന്നൽ ആ രണ്ടിലുമായിരുന്നു. സഹജത സ്ത്രീകളുടെ എഴുത്തിൽ വളരെ പ്രധാനമാണ്. ചുരുക്കത്തിൽ ആധുനിക പൂർവ പെൺകവിതയുടെ സഹജതയെ ആധുനികത അവഗണിച്ചു.


ഭാഷയിലും ഭാവുകത്വത്തിലും പൊടുന്നനെയുണ്ടായ മാറ്റത്തിന്റെ അപരിചിതത്വവും ഒരു പക്ഷേ ഈ വിച്ഛേദത്തിനു കാരണമായിട്ടുണ്ടാവാം. സഹജതയും ജൈവികതയും സ്വാഭാവികതയും പെണ്ണെഴുത്തിന്റെ സവിശേഷതയാണ്, ഏതു കാലത്തായാലും ഭാഷയിലായാലും. ആ പ്രകൃതത്തിന് ഇണങ്ങാത്ത കൃത്രിമ പരീക്ഷണങ്ങളിൽ മുഴുകിയിരുന്നു നമ്മുടെ ആധുനികത.ആധുനികതയുടെ ഉച്ചസ്ഥായിയിലുള്ള പൊതുഭാവുകത്വം പെണ്ണനുഭവങ്ങൾ ആഴത്തിലും സൂക്ഷ്മമായും ആവിഷ്കരിക്കാൻ പോന്നതല്ല എന്ന തോന്നലുമാകാം ആ ധാരയിൽ പെൺ ശബ്ദങ്ങൾ ഉയരാതിരിക്കാൻ കാരണം. എന്തായാലും ആധുനികതക്കു മുമ്പ് മലയാളകവിതയിലുണ്ടായിരുന്നത്ര പോലും പെൺ ശബ്ദങ്ങൾ ആധുനികതയുടെ കാലത്ത് ഉണ്ടായില്ല എന്നത് ഒരു വാസ്തവമാണ്.ആധുനികതക്കു മുമ്പുണ്ടായിരുന്ന പെൺകവിതാധാരയെ ആധുനികത മുറിക്കുകയും ചെയ്തു.


എന്നാൽ, അക്കാലത്തെ ആനുകാലികങ്ങൾ പരിശോധിക്കുമ്പോൾ പെൺകവികളുടെ സാന്നിദ്ധ്യം തീരെയില്ല എന്നു പറയാൻ കഴിയില്ല. ഉദാഹരണത്തിന്, ആധുനികതയുടെ ഉദയഘട്ടത്തിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'ഉറുമ്പുകടി' എന്ന കവിത നോക്കൂ:


ഞെട്ടി ഞാനുണർന്നെങ്ങും നോക്കവേയെറുമ്പിന്റെ

കൂട്ടമെൻ മെയ്യാകെയുമോടുന്നൂ,കടിക്കുന്നു.

പിടഞ്ഞങ്ങെഴുന്നേറ്റു കുടഞ്ഞൂ വിരിപ്പെല്ലാം

കിടന്നു മയങ്ങി ഞാൻ, പിന്നെയും കടിക്കുന്നു

തട്ടലും കുടയലും കഴിഞ്ഞൂ പലവട്ടം

വിട്ടൊഴിയുന്നതില്ലീച്ചെറു ജീവികൾ,ശല്യം!

വയ്യിനി, തളിച്ചൂ ഞാൻ ഡി.ഡി.ടി,അവക്കേതും

വയ്യാതായനങ്ങുവാൻ - സ്വൈരമായുറങ്ങാലോ.

മുറുക്കെക്കണ്ണും ചിമ്മിക്കിടന്നിതേറെ നേരം

ഉറക്കം വരുന്നില്ല, ലേശവും വരുന്നില്ല.

പുറത്തെയെറുമ്പെല്ലാം നശിച്ചിതെന്നാലയ്യോ

കടിച്ചു പൊളിക്കുന്നിതകത്തെയെറുമ്പുകൾ


പുതുകാല ജീവിതത്തിന്റെ ഹിംസാത്മകത മനസ്സിലുണ്ടാക്കുന്ന അസ്വസ്ഥതയാണ് എം.കെ. ദേവി എന്ന കവി 1952 ഒക്ടോബർ 5 ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന ഈ കവിതയിൽ ആവിഷ്കരിച്ചത്. അയ്യപ്പപ്പണിക്കരും കക്കാടും മാധവൻ അയ്യപ്പത്തും പ്രതിനിധീകരിക്കുന്ന ആദ്യകാല ആധുനിക കവിതാധാരയിലേക്ക് സ്വാഭാവികമായും എത്തിച്ചേരാൻ പോന്നതാണ് ഇത്തരം എഴുത്തുകൾ. പക്ഷേ ആ തുടർച്ച നിലനിർത്താൻ കഴിഞ്ഞില്ല. ഈ എഴുത്തുകാരിയുടെ ഈയൊരു കവിതയല്ലാതെ മറ്റൊന്നും കണ്ടിട്ടുമില്ല.


ആ ശൂന്യതയിൽ ഏകാന്ത നക്ഷത്രം പോലെ നാം സുഗതകുമാരിയെ കാണുന്നു. എന്നാൽ സുഗതകുമാരി ആധുനികതയുടെ പൊതുധാരയിൽ നിന്നു ഭാവുകത്വപരമായി പല നിലയ്ക്കും അകന്നു നിൽക്കുന്ന കവിയാണ് എന്നത് എടുത്തു പറയേണ്ടതുണ്ട്. ആധുനികത കൊണ്ടു തന്ന കവിതയല്ല സുഗതകുമാരിക്കവിത. ആധുനികപൂർവ കവിതാധാരകളുടെ തുടർച്ചയാണ് അവരിലുള്ളത്. ആ തുടർച്ച സുഗതകുമാരിയിലൂടെ ആധുനികതയെ മുറിച്ചു കടന്നുപോവുകയും ചെയ്തു. ആധുനികതയിൽ നിന്ന് ഉൾക്കൊള്ളാവുന്നതെല്ലാം സ്വീകരിച്ചു കൊണ്ടാണ് സുഗതകുമാരിക്കവിത പുതിയ കാലത്തേക്കു മുന്നേറിയത്. ആധുനിക പൂർവകവിതയുടെ അടിയൊഴുക്കായിരുന്ന ആത്മീയതയെ നിലനിർത്തിക്കൊണ്ടു തന്നെ സമകാലത്തെ ആവിഷ്കരിക്കാൻ സുഗതകുമാരിക്കു കഴിഞ്ഞു. ഭാവഗീതം എന്ന പഴയ, ആധുനികർക്ക് പൊതുവേ അനഭിമതമായിരുന്ന കാവ്യരൂപത്തെ പുതുതലമുറകളെക്കൊണ്ടും അംഗീകരിപ്പിക്കാനും അവർക്കു കഴിഞ്ഞു. ആധുനികതക്കുമേൽ ആധുനിക പൂർവകവിത നാട്ടിയ ഒരേയൊരു ജയപതാക സുഗതകുമാരിക്കവിതയാണ്.


1972-ൽ പുറത്തിറങ്ങിയ ധ്യാനം എന്ന സമാഹാരത്തിലൂടെ രംഗത്തെത്തിയ ഒ.വി.ഉഷയുടെ കവിതയേയും ആധുനിക താപ്രസ്ഥാനത്തിന്റെ ഭാഗമായി കരുതാനാവില്ല. എങ്കിലും ആധുനികതയോട് ചില നിലകളിൽ ഇണങ്ങാൻ ഓ വി.ഉഷയുടെ കവിതകൾ ശ്രമിക്കുന്നുണ്ട്. ബിംബസ്വീകരണത്തിലും ഗദ്യഭാഷാ ശൈലിയിലും ഈ ഇണക്കം കാണാം. എന്നാൽ ആത്മീയത ഉഷയുടെ കവിതയുടെ കേന്ദ്രത്തിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്വാഭാവികമായും ആ കവിതകളെ ആധുനികത വേണ്ടുംവിധം പരിഗണിക്കുകയുണ്ടായില്ല.


1960 കളിലും 70 കളിലും എഴുതി വന്ന മറ്റൊരു കവിയാണ് സാവിത്രി മഹേശ്വരൻ. 1966-ൽ അവരുടെ 'ആകുമോ?' എന്ന കവിത മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വരികയുണ്ടായി. ഭാഷയുടെയും ബിംബങ്ങളുടെയും സ്വാഭാവികതയും ജൈവികതയും കൊണ്ട് ശ്രദ്ധേയമാണ് ഇപ്പോൾ വായിക്കുമ്പോഴും ആ കവിത.


നനയുമിലകളിൽ തെളിഞ്ഞും മേഘച്ചാർത്തി -

ലൊളിഞ്ഞും സുഖസ്മൃതിയുണർത്തുമിളവെയിൽ,

കാറ്റു തട്ടുമ്പോൾ ഞെട്ടിക്കുളിരാർന്നിറുകുന്ന

കാട്ടുതിപ്പലി കെട്ടിപ്പിണഞ്ഞ മതിലോരം,

അതിയാമാലസ്യത്തിൽ കതിരാണ്ടു പോകുമ്പോ -

ളരിവാളിനെപ്പേടിച്ചുണരും പുഞ്ചപ്പാടം,

നീലനാഗംപോൽ ചുരുണ്ടുറങ്ങും മലനിര, 

മീതെ നിർഭയം നീന്തിയിഴയും മഴമേഘം,

ഈ നിസർഗ്ഗോന്മേഷങ്ങൾ മുകരാം മിഴിക്കെന്നാൽ

ഈരടിയുണർത്തും നിൻ മുഖമാവുമോ കാണ്മാൻ?


വായനക്കാരനെ/രിയെക്കുറിച്ചുള്ള എഴുത്തുകാരിയുടെ സങ്കല്പമാണീ കവിത. അനുഭവങ്ങളെ വായനക്കാരിലെത്തിക്കാൻ തനിക്കു കഴിയുമോ എന്ന വെമ്പൽ ഇവിടെത്തന്നെ കവിക്കുണ്ട്. ഈ കാവ്യഭാഷയിൽ നിന്നു വിട്ട് പിൽക്കാലത്ത് ആധുനിക ഭാവുകത്വത്തോടു ചേർന്നു നിൽക്കുന്ന കാവ്യഭാഷയിലേക്ക് ഇവരുടെ കവിത മാറുന്നതു കാണാം.1976-ൽ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച കലി എന്ന കവിതയിൽ കാളിയുടെ ഒരു ചിത്രമുണ്ട്. ആധുനികതയുടെ ഭാവുകത്വവും ഭാഷയുമായി പെൺമ ഐക്യപ്പെടുന്നു ആ ചിത്രത്തിൽ. എഴുപതുകളിലെ രാഷ്ട്രീയവൽക്കരിക്കപ്പെട്ട ആധുനികതയെ പെൺമ അഭിമുഖീകരിക്കുന്നുണ്ട് ഈ കവിതയിൽ, കലിയേയും കാളിയേയും മുഖാമുഖം നിർത്തിക്കൊണ്ട്.


ഇവിടെക്കാണുന്ന ഓരോ ദുഃഖവും

കാലം തേടുന്ന സ്വയം സാക്ഷാൽക്കാരങ്ങളത്രെ.

സക്തിയുടെ പ്രാകൃതജിഹ്വകൾ കൊണ്ട്

അവയെന്നെ നക്കിത്തുടക്കുമ്പോൾ

സ്വയം പീഡനത്തിന്റെ നിർവൃതിയിൽ

കൺപോളകൾ കൂടുന്നു.

മുറിവുകളിൽ കാളിയുടെ കുങ്കുമം പൊടിയുന്നു.


സുഖത്തിന്റെ പൊള്ളയായ പൊട്ടിച്ചിരി

ഭിത്തികൾക്കപ്പുറം മുഴങ്ങുമ്പോൾ

ഞാനസഹ്യതയോടെ മുഖം തിരിക്കുന്നു.

അതിന്റെ മുഖം എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു.

എങ്കിലുമതിന്റെ കണ്ണുകളിലെ ചിമർപ്പും

കണ്ണുകളിലെ വന്ധ്യമായ ഹാസവും

എനിക്കൂഹിക്കാൻ കഴിയും.


എന്നാൽ ആ തുടർച്ച നിലനിർത്താൻ കഴിയാതെ ഈ എഴുത്തുകാരി ഏറെക്കുറെ ആദൃശ്യയാവുകയാണുണ്ടായത്. ഇങ്ങനെ അന്നെഴുതി വന്നവരിൽ ഭാവുകത്വപരമായി ആധുനികതയോടൊപ്പം തുടരാൻ കഴിഞ്ഞ പെൺകവികൾ ആരെങ്കിലുമുണ്ടെന്നു തോന്നുന്നില്ല.  (സുഗതകുമാരി മാത്രമാണ് അതിനെ അതിജീവിച്ചത്) ആധുനികാനന്തരം പെണ്ണിടങ്ങൾ കൂടുതൽ തെളിഞ്ഞു വന്നു. ഈ വിട്ടുപോരൽ ആദ്യം ആവിഷ്കൃതമായ കവിതാപുസ്തകം എ.പി. ഇന്ദിരാദേവിയുടെ മഴക്കാടുകൾ ( 1984) എന്ന സമാഹാരമാണ്. 1975 മുതലുള്ള കവിതകൾ ഈ സമാഹാരത്തിലുണ്ട്. സ്ത്രീ പക്ഷ ആശയങ്ങൾ നിത്യജീവിതാനുഭവനിഷ്ഠമായി മൂർച്ചയുള്ള ഗദ്യത്തിൽ ആദ്യം ആവിഷ്കരിക്കപ്പെട്ട ഈ കവിതാസമാഹാരത്തിന് മലയാളത്തിലെ പെണ്ണെഴുത്തിന്റെ ചരിത്രത്തിലുള്ള വലിയ സ്ഥാനം തിരിച്ചറിയപ്പെട്ടിട്ടേ ഇല്ല. പെണ്ണെഴുത്ത് എന്ന പേരും പരികല്പനയും മലയാളത്തിൽ രൂപപ്പെടും മുമ്പ് എഴുതപ്പെട്ട കവിതകളാണിതിൽ. മലയാള കവിതയിലെ പെണ്ണെഴുത്തിന്റെ  ശ്രദ്ധിക്കപ്പെട്ട ആദ്യ സമഗ്രസമാഹാരമായ പെൺവഴികൾ 1994 ലാണ് പുറത്തിറങ്ങുന്നത്. കെ.ജി ശങ്കരപ്പിള്ള എഡിറ്റു ചെയ്ത ഈ പുസ്തകത്തിൽ ബാലാമണിയമ്മ, സുഗതകുമാരി, ഒ.വി.ഉഷ എന്നിവർ കഴിഞ്ഞാൽ പിന്നെ വരുന്നത് ആധുനികാനന്തര ഘട്ടത്തിലെ സാവിത്രി രാജീവനാണ്. അതിനിടയിലെ ശൂന്യതയെക്കുറിച്ചാണ് നമ്മൾ ഇപ്പോൾ ചിന്തിക്കുന്നതും.


സമാന്തരമായി മലയാള കഥയിലും അക്കാലത്ത് സ്ത്രീ ശബ്ദങ്ങൾ കുറവു തന്നെയാണ്. എന്നാൽ മാധവിക്കുട്ടി ഇവിടെ വ്യത്യസ്തയാകുന്നു. ആധുനിക ഭാവുകത്വത്തെ പെണ്ണനുഭവങ്ങളോടിണക്കാൻ കഴിഞ്ഞ കഥാകൃത്താണ് മാധവിക്കുട്ടി. പക്ഷിയുടെ മണം പോലുള്ള കഥകൾ തന്നെ ഉദാഹരണം. എന്നാൽ കവിതയിൽ അവർക്കു മലയാളം മതിയാകാതെ വന്നു. കവിതക്ക് അവർ ഇംഗ്ലീഷ് സ്വീകരിച്ചു. രണ്ടു ഭാഷകളിലെഴുതുന്നതിലെ സങ്കീർണ്ണത 'ആൻ ഇൻട്രൊഡക്ഷൻ' എന്ന കവിതയിൽ അവർ ഇങ്ങനെ എഴുതുന്നു:


ഞാൻ മൂന്നു ഭാഷകളിൽ സംസാരിക്കുന്നു

രണ്ടിലെഴുതുന്നു

ഒന്നിൽ സ്വപ്നം കാണുന്നു.


ആധുനിക ഭാവുകത്വത്തെ പെണ്ണനുഭവങ്ങളോടു സ്വാഭാവികമായി ഇണക്കാൻ കവിതയിൽ അവർക്ക് ആധുനികതയുടെ മലയാളം പോരാതെ വന്നിരിക്കണം. മലയാള ആധുനികത കവിതയിൽ നിന്ന് അവരെ പുറന്തള്ളി എന്നും പറയാവുന്നതാണ്. ആധുനികതയുടെ തിരയടങ്ങിയ ശേഷം തന്റെ എഴുത്തു ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അവർ മലയാളത്തിൽ കവിതകളെഴുതി എന്നതും ശ്രദ്ധിക്കേണ്ടതാണ്.


മലയാള കവിതയിലെ പെൺമൊഴിത്തുടർച്ചയെ ആധുനികത നിഷേധാത്മകമായി ബാധിച്ചത് നമ്മുടെ വിഖ്യാതരായ ആധുനിക കവികളാരും ശ്രദ്ധിച്ചിട്ടില്ല എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. സച്ചിദാനന്ദൻ, അയ്യപ്പപ്പണിക്കർ, എൻ.എൻ.കക്കാട് തുടങ്ങിയവർ കവിതയെക്കുറിച്ചും ആധുനിക ഭാവുകത്വത്തെക്കുറിച്ചും ഒട്ടേറെ പഠനങ്ങൾ നടത്തിയവരാണ്. തങ്ങളുടെ കൂട്ടത്തിൽ ഒരു പെണ്ണില്ല എന്നത് അവർ ശ്രദ്ധിച്ചതായി സൂചനകളൊന്നും ആ ലേഖനങ്ങളിലില്ല. മലയാളത്തിലെ പെണ്ണെഴുത്തിനെ സമഗ്രമായി വിശകലനം ചെയ്യുന്ന പി. ഗീതയുടെ എഴുത്തമ്മമാർ എന്ന പഠനഗ്രന്ഥത്തിലും ആധുനികത പെണ്ണെഴുത്തിന്റെ തുടർച്ചയെ മുറിച്ചത് നിരീക്ഷിക്കപ്പെട്ടിട്ടില്ല. ആധുനികതയുടെ വൻതിരയടങ്ങി 1980-നു ശേഷമാണ് തമിഴിലും മലയാളത്തിലും കവിതയിൽ സ്ത്രീകളുടെ ആവിഷ്കാരങ്ങൾ വിപുലമായത് എന്നത് ഒരു വസ്തുതയാണ്.




Friday, May 13, 2022

മതാധിപത്യവും ജനാധിപത്യവും

 എത്രയോ തവണ പലരും പറഞ്ഞ കാര്യങ്ങളാണ്, പുതുമയില്ലാത്തതാണ്. എങ്കിലും ഇപ്പോൾ വീണ്ടും പറയണമെന്നു തോന്നുന്നു.

1.നിങ്ങൾക്കു വേണമെങ്കിൽ ജനാധിപത്യകാലത്തു ജീവിക്കാം, വേണമെങ്കിൽ മത - ജാതിക്കാലത്തു ജീവിക്കാം എന്നൊരു ചോയ്സ് വെച്ചാൽ മത - ജാതിക്കാലം മതി എന്നു തീരുമാനിക്കുന്നവരാകും ബഹുഭൂരിപക്ഷം ജനങ്ങളുമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ജനാധിപത്യകാലത്ത് പൂർണ്ണമായും അങ്ങനെയൊരു ജീവിതം എളുപ്പമല്ലാത്തതിനാൽ മാത്രം രണ്ടു തോണിയിലും ഒരേ സമയം കാലിട്ടു നിൽക്കേണ്ടി വരുന്നവരാണ് അവർ. ഈ രണ്ടു കാലങ്ങളുടെ നിയമവും നീതിയും മൂല്യബോധവും ഒരിക്കലും പൊരുത്തപ്പെടാത്ത വിധം രണ്ടാണ്.

ഞാൻ ജനാധിപത്യകാലത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നു. ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്നു. ഇന്ത്യൻ ഭരണഘടനയിലും ഭരണഘടന ഉറപ്പുതരുന്ന നീതിയിലും തുല്യതയിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു.

2. മത-ജാതി ജീവിതം തന്നെയും ജനാധിപത്യ - ഭരണഘടനാ കാലത്തിന്റെ നിയമാവലികൾക്കോ സാമാന്യയുക്തിക്കു തന്നെയോ നിരക്കാത്തതാണ്. അതിൽ ജനാധിപത്യകാലത്തിന്റെ നീതിയും മൂല്യങ്ങളും തിരയുന്നത് മണ്ടത്തരമാണ്.

3. മനുഷ്യന്റെ ഭാവനാസൃഷ്ടി എന്ന നിലയിൽ ഞാൻ ദൈവ സങ്കല്പത്തെ വിലമതിക്കുന്നു. അതത് കാലത്ത് മനുഷ്യനുണ്ടാക്കിയ വിചാരധാരകൾ എന്ന നിലയിൽ മതദർശനങ്ങളെ മാനിക്കുന്നു. മതദർശനങ്ങൾക്ക് അവ രൂപം കൊണ്ട കാലത്തിനും ദേശത്തിനുമപ്പുറത്തേക്ക് ചരിത്ര പ്രാധാന്യവും ഭാവന എന്ന നിലക്കുള്ള പ്രാധാന്യവുമല്ലാതെ മറ്റു പ്രസക്തിയുണ്ടെന്ന് വ്യക്തിപരമായി ഞാൻ കരുതുന്നില്ല. ജനാധിപത്യകാലത്തെ മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങളെപ്പോലും തൃപ്തിപ്പെടുത്താൻ ഇന്നലത്തെ മതചിന്തകൾക്കു പൂർണ്ണമായും കഴിയുമെന്നും വിചാരിക്കുന്നില്ല. എന്നാൽ മത വിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പു നൽകുന്നതിനെ ഞാൻ മാനിക്കുന്നു. സ്വാതന്ത്ര്യം എന്ന വാക്കിനൊപ്പം തന്നെ തുല്യത എന്ന വാക്കും ഭരണഘടന ഒരുമിച്ച് ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു.

4. തിരിച്ച്, ജാതി- മത കാലത്തെ ജീവിതത്തെ ഇന്നത്തെ ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങൾ വെച്ച് അളക്കുന്നതും മണ്ടത്തമാണ്. ജനാധിപത്യ-ഭരണ ഘടനാ മൂല്യങ്ങൾ വെച്ച് മത-ജാതിക്കാലത്തിന്റെ മൂല്യങ്ങളെ വിമർശിക്കാം. പക്ഷേ പക വെച്ചു പുലർത്തുന്നത് അർത്ഥശൂന്യമാണ്. അത് ഒരർത്ഥത്തിൽ ആ കാലത്തേക്കു തന്നെ മടങ്ങിപ്പോകലുമാണ്.

5. മത-ജാതിക്കാലത്തിന്റെ മൂല്യങ്ങൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ ഈ ജനാധിപത്യ - ഭരണഘടനാ കാലത്തും നിലനിൽക്കുന്നു എന്നത് ഒരു കീറാമുട്ടി പ്രശ്നം തന്നെയാണ്. അവയെ സമ്പൂർണ്ണമായി ജനാധിപത്യവൽക്കരിക്കണം. ഏതു മത-ജാതി വിഭാഗത്തിന്റെയായാലും ആരാധനാലയങ്ങളിൽ എല്ലാ വിശ്വാസികൾക്കും ലിംഗഭേദമില്ലാതെ, തുല്യപരിഗണന നൽകണം.പ്രാർത്ഥിക്കാൻ മാത്രമല്ല പൗരോഹിത്യകർമ്മങ്ങൾ ചെയ്യാനും. ഞാൻ മനസ്സിലാക്കിയിടത്തോളം മതവിശ്വാസ സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്രവും ഉറപ്പു തരുന്ന ഭരണഘടന അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള വിവേചനം അനുവദിക്കുന്നില്ല. സ്വാതന്ത്ര്യം എന്ന ആശയത്തോടൊപ്പം തന്നെ തുല്യത എന്ന ആശയവും ഭരണഘടനയിലുണ്ട്. ആരാധനാലയങ്ങൾ ഭാഗികമായി ജനാധിപത്യവൽക്കരിച്ചതുകൊണ്ട് ഒരു ഫലവും ഉണ്ടാവുകയില്ല. സംഘർഷങ്ങൾ ഉണ്ടാവുകയും ചെയ്യും. ആരാധനാ സ്വാതന്ത്ര്യത്തോടൊപ്പം തുല്യതയും ഉറപ്പു വരുത്തിക്കൊണ്ട് അവ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കണം.

6. ജനാധിപത്യ-ഭരണഘടനാ കാലത്ത് ഇത്തരത്തിൽ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കാതെ മത-ജാതിക്കാലത്തെ മൂല്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനങ്ങളിൽ ബ്രാഹ്മണ മൂല്യങ്ങളും വിവേചനവും തുടരുന്നത് സ്വാഭാവികം. അവ ഇല്ലാതാവണമെങ്കിൽ പൂർണ്ണമായും ജനാധിപത്യവൽക്കരിക്കപ്പെടുകയും ഭരണഘടനാനുസൃതമാക്കുകയും വേണം. ഭരണഘടനാനുസൃതമായതിനു ശേഷമുള്ള ജാതി - മത നിയമങ്ങൾ മതി എന്നു തീരുമാനിക്കണം. മറ്റെല്ലാം ഭരണഘടനാപൂർവ-ജനാധിപത്യപൂർവ ചരിത്രമായിക്കണ്ട് മാറ്റിവക്കണം. അല്ലാത്തിടത്തോളം ജനാധിപത്യ മൂല്യങ്ങൾ നോക്കുകുത്തിയാവുകയും ജാതി- മതക്കാലത്തിന്റെ മൂല്യങ്ങൾ തന്നെ എല്ലാം നിയന്ത്രിക്കുകയും ചെയ്യും.

7. ആയിരക്കണക്കിനു വർഷം നീണ്ടതാണ് ജാതി - മതക്കാലം. ജനാധിപത്യ - ഭരണഘടനാകാലത്തിന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയ കാലദൈർഘ്യമേ ഉള്ളൂ. ഈ രണ്ടു കാലങ്ങളും അവയുടെ മൂല്യ - നിയമങ്ങളും തമ്മിലുള്ള സംഘർഷത്തെ ജീവിതത്തിലുടനീളം നമുക്കഭിമുഖീകരിച്ചേ പറ്റൂ. അടിസ്ഥാനപരമായി ഇതിൽ ഏതു കാലത്തും ഏതു മൂല്യത്തിലും നിൽക്കാൻ നമ്മൾ ആഗ്രഹിക്കുന്നു എന്നതാണ് പ്രധാനം. ഞാൻ ജനാധിപത്യ - ഭരണഘടനാ കാലത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ആ കാലത്തിന്റെ സ്വാതന്ത്ര്യത്തിലും നീതിയിലും തുല്യതയിലും വിശ്വസിക്കുന്നു. ഇന്ത്യൻ ഭരണഘടനയാണ് എന്റെ പ്രമാണം.

8. നീതിയിലും സ്വാതന്ത്ര്യത്തിലും തുല്യതയിലും ഊന്നുന്ന ഇന്ത്യൻ ഭരണഘടനയുടെ ഒരു കോപ്പി ഓരോ ഇന്ത്യക്കാരുടേയും കയ്യിൽ ഉണ്ടായിരിക്കണം. അതിന്റെ പിറകിലേ ഏതു മതഗ്രന്ഥത്തിനും സ്ഥാനമുള്ളൂ. ഇന്ത്യൻ ഭരണഘടനയുടെ പുസ്തക രൂപത്തിലുള്ള പ്രചാരണം ഈ കാലത്തിന്റെ അനിവാര്യതയാണ് എന്നു ഞാൻ കരുതുന്നു.

9.ഇതാ ഇപ്പോൾ ഓണക്കാലമായി എന്ന് ആരൊക്കെയോ പറയുന്നു. ഓണപ്പതിപ്പെന്നും ഓണക്കവിതകളെന്നും കേൾക്കുന്നു. കുട്ടിക്കാലത്ത് എത്ര തീവ്രമായാണ് ഞാൻ പൂവിടലിലും മണ്ണു കുഴച്ച് മാവേലിയെ ഉണ്ടാക്കുന്നതിലും ചട്ടിപ്പന്തുകളിയിലുമൊക്കെ മുഴുകിയിരുന്നത്! കൃഷി പ്രധാനമായിരുന്ന ആ കാലം മാറി. സത്യത്തിൽ ഓണം വിഷു തുടങ്ങിയ ആഘോഷങ്ങൾ ഫ്യൂഡൽ കാലത്തിന്റെ ആഘോഷങ്ങളായിരുന്നു. ആ കാലം പോയതോടെ അവ മിക്കവാറും അപ്രസക്തമായി. എങ്കിലും കേരളത്തിന്റെ കാർഷിക കലണ്ടറുമായി ചേർത്തു വെച്ച് കുറച്ചു കാലം കൂടിയൊക്കെ അവ നാം നീട്ടിയെടുത്തു. അവ കേരളീയ പ്രകൃതിയുടെ ഉത്സവമാണെന്ന് നാം വെറുതെ വ്യാഖ്യാനിച്ചു. ഫ്യൂഡൽ ഉത്സവങ്ങളെ പ്രകൃതിയുത്സവങ്ങളാക്കി നാം വെള്ളപൂശി. കുഞ്ഞിരാമൻ നായരുടെ കവിതയെയൊക്കെ കൂട്ടുപിടിച്ചു. ഇപ്പോൾ കാലാവസ്ഥയും കാർഷിക കലണ്ടറും താളം തെറ്റി. പ്രകൃതിയുടെ ഉത്സവമൊന്നും കാണാനില്ല. ഇന്ന് പ്രയോഗത്തിലില്ലാത്ത മലയാള അക്കങ്ങൾ പോലെ കഷ്ടപ്പെട്ട് ഓർത്തെടുക്കണം ഇന്ന് ഓണ വിഷു തിരുവാതിരകളൊക്കെ. (വർഗ്ഗീയതയുടെ ഉപകരണങ്ങളാക്കി അവയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും ഇപ്പോൾ തകൃതിയായി നടക്കുന്നു.)

എന്റെ തലമുറ ഫ്യൂഡൽ ബാക്കിയായതുകൊണ്ട് കുട്ടിക്കാലത്ത് പൂവിട്ടിട്ടുണ്ടാവാം, പൂവിളിച്ചിട്ടുണ്ടാവാം. പുതിയ കുട്ടികൾ സ്വാഭാവികമായും അതു ചെയ്യില്ല, ചെയ്യേണ്ട കാര്യവുമില്ല. പിന്നെ, ഓണപ്പതിപ്പിലെ ഓണക്കവിതകൾ ... അവ പരസ്യങ്ങൾക്കിടയിൽ ഞെരുങ്ങിക്കിടന്നോട്ടെ, പാവം ..... ഫ്യൂഡൽ ബാക്കിയല്ലാത്ത, മതേതര-ജാതി രഹിത കാലത്തിന്റെ പുതിയ പ്രകൃത്യുത്സവങ്ങൾ കാലം കൊണ്ട് പതുക്കെ ഉണ്ടായി വരുമായിരിക്കും. ഫ്യൂഡൽ കാലത്തിന്റെ ഉത്സവങ്ങൾ ഈ ജനാധിപത്യ - ഭരണഘടനാ കാലത്ത് ഒന്നുകിൽ അടിമുടി ജനാധിപത്യവൽക്കരിക്കണം. അപ്പോൾ അവയിലടങ്ങിയ മതാധിപത്യകാല മൂല്യങ്ങൾ പൂർണ്ണമായും തള്ളിക്കളയേണ്ടിവരും. അല്ലെങ്കിൽ ഈ ജനാധിപത്യകാലത്തിന് തനതായ ഉത്സവങ്ങൾ ഉണ്ടായി വരണം.

Thursday, May 12, 2022

ഗോത്രഭാഷകളുടെ തുറസ്സിൽ ഒരു സാഹിത്യ ക്യാമ്പ്

 ഗോത്രഭാഷകളുടെ തുറസ്സിൽ ഒരു സാഹിത്യ ക്യാമ്പ്


പി.രാമൻ


ഏറ്റവും സൂക്ഷ്മ സംവേദനശേഷിയുള്ള പൊതുമണ്ഡലമാണ് കേരളത്തെ സംബന്ധിച്ചിടത്തോളം കവിത. ചരിത്രഘട്ടങ്ങളിലൂടെ മെല്ലെ മെല്ലെ വിസ്തൃതമായി വന്നതാണത്. ഭാഷ, പ്രമേയം, ബിംബകല്പന എന്നീ തലങ്ങളിലെല്ലാം ഒട്ടേറെ പുതുക്കലുകൾ നടന്നു. ഇരുപതാം നൂറ്റാണ്ടിൽ നാടിന്റെ വിദ്യാഭ്യാസ നിലവാരം ഉയർന്നതോടെ അന്നേ വരെ മാറ്റി നിർത്തപ്പെട്ടിരുന്ന സാഹിത്യ - ജീവിത പാരമ്പര്യങ്ങളെല്ലാം കവിത എന്ന പൊതുമണ്ഡലത്തിന്റെ ഭാഗമായി മാറി. അങ്ങനെ സമീപകാലത്ത് കേരളീയ സാഹിത്യാന്തരീക്ഷത്തിൽ ദൃശ്യത കൈവരിച്ച വലിയ സാന്നിദ്ധ്യമാണ് ആദിവാസി ഗോത്ര ജീവിത പാരമ്പര്യം.

 ഇരുപതാം ശതകത്തിന്റെ ഒടുവിലാണ് കേരളത്തിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ നിന്നുള്ള ആദ്യ സാഹിത്യകാരനായ നാരായന്റെ കൊച്ചരേത്തി പുറത്തുവരുന്നത്. കൊച്ചരേത്തിക്കുശേഷം ഇരുപതുകൊല്ലത്തിലേറെ കഴിഞ്ഞാണ് ഗോത്രഭാഷകളിൽ എഴുത്ത് സജീവമാകുന്നത്. വിദ്യാഭ്യാസരംഗത്തുണ്ടായ ഉണർവും മൊബൈലെഴുത്തു പോലുള്ള പുതിയ സാങ്കേതികവിദ്യകളുടെ വ്യാപനവും ഗോത്രഭാഷകളിലെ എഴുത്തിനെ പ്രചോദിപ്പിച്ചിട്ടുണ്ട്. അശോകൻ മറയൂരിന്റെ ഗോത്രഭാഷാ കവിതകൾ കൂടി ഉൾപ്പെട്ട പച്ചവീട് എന്ന സമാഹാരത്തിന് കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്കാരം ലഭിക്കുകയുണ്ടായി. 

ഇന്ന് ഏകദേശം പതിനാറോളം ഗോത്രഭാഷകളിൽ സർഗ്ഗാത്മക എഴുത്ത് നടക്കുന്നുണ്ട്. മുതുവാൻ, മാവിലാൻ തുളു, റാവുള, പണിയ, കാട്ടുനായ്ക്ക, മുള്ളക്കുറുമ, ബെട്ടക്കുറുമ, മലവേട്ടുവൻ, ഇരുള, മുഡുഗ, കാടർ, മലയരയ,ഊരാളി, മലവേടർ, കാണിക്കാർ തുടങ്ങിയ ഭാഷകളുടെ സാംസ്കാരികവും ജീവിത - സൗന്ദര്യദർശന പരവുമായ സാന്നിധ്യം ഇന്ന് കേരളത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് മലയാള സാഹിത്യം എന്ന പദപ്രയോഗം പരിമിതപ്പെടുന്നതും കേരള സാഹിത്യം എന്നു തന്നെ ഇന്നു പറയേണ്ടി വരുന്നതും. മലയാള സാഹിത്യരംഗത്തെ ഈ പുതിയ ഉണർവിനെ കൃത്യമായി അടയാളപ്പെടുത്തുക എന്നതായിരുന്നു കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഗോത്രായനം എന്ന ഗോത്രഭാഷാ സാഹിത്യക്യാമ്പ് മുഖ്യമായി ലക്ഷ്യമിട്ടത്.

ഗോത്രഭാഷകളിൽ എഴുതുന്ന ഒട്ടേറെ എഴുത്തുകാർ ഇന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഗോത്രകവിത എന്ന പുസ്തകത്തിൽ മാത്രം 45 ഓളം എഴുത്തുകാർ എഴുതിയിട്ടുണ്ട്. ഇവരിൽ മിക്കവരും മലയാളത്തിലും കൂടി എഴുതുന്ന ദ്വിഭാഷാ എഴുത്തുകാരാണ്. ഇതിനകം തന്നെ ഗോത്രജനതയുടെ നാവുകളായി മാറിയവരാണ് ഈ എഴുത്തുകാരിൽ പലരും. വയനാട്ടിലെ ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ചെറുപ്പക്കാരായ സാഹിത്യ തല്പരർക്കുള്ള ക്യാമ്പിന്റെ ആലോചനാഘട്ടത്തിൽ തന്നെ, ഗോത്രഭാഷകളിലെഴുതി ശ്രദ്ധേയരായ എഴുത്തുകാരാവണം പരമാവധി ക്യാമ്പ് സെഷനുകൾ നയിക്കേണ്ടത് എന്ന സങ്കല്‌പനമുണ്ടായിരുന്നു.

2021 നവംബർ 26,27,28 തിയ്യതികളിൽ വയനാടു ജില്ലയിലെ തിരുനെല്ലിക്കടുത്തുളള കാട്ടിക്കുളത്തു വെച്ചായിരുന്നു ക്യാമ്പ്. വയനാട് ജില്ലാ കുടുംബശ്രീ മിഷനുമായി സഹകരിച്ചായിരുന്നു ക്വാമ്പ്. ക്യാമ്പംഗങ്ങളെ തെരഞ്ഞെടുത്തതും താമസവും ഭക്ഷണവുമുൾപ്പെടെ പശ്ചാത്തല സൗകര്യങ്ങളെല്ലാം ഒരുക്കിയതും വയനാട് കുടുംബശ്രീ മിഷന്റെ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയായിരുന്നു. പ്രൊജക്റ്റ് കോ-ഓഡിനേറ്റർ സായി കൃഷ്ണൻ അതിനു നേതൃത്വം നൽകി. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള ചെറുപ്പക്കാരായിരുന്നു ക്യാമ്പംഗങ്ങൾ. വിവിധ ഗോത്രഭാഷകൾ മാതൃഭാഷയായിട്ടുള്ളവർ. ഗോത്രപ്പാട്ടുകളിലോ കവിതയിലോ താല്പര്യമുള്ളവരായിരുന്നു എല്ലാവരും.

26-ന് രാവിലെ 11 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ തന്നെ എഴുത്തുകാരനും ഗവേഷകനുമായ അസീസ് തരുവണ തന്റെ മുഖ്യപ്രഭാഷണത്തിൽ ഇന്ത്യയിലെ ഗോത്രഭാഷാ സാഹിത്യത്തിന്റെ സാമാന്യ പശ്ചാത്തലം വിവരിക്കുകയുണ്ടായി. ഇന്ത്യയിലുടനീളവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ആദിവാസി സാഹിത്യത്തിന്റെ ഭാഗമായി വേണം കേരളത്തിലെ ഗോത്രഭാഷാ രചനകളെ സമീപിക്കാൻ എന്ന കാഴ്ച്ചപ്പാട് അദ്ദേഹം അവതരിപ്പിച്ചു. തുടർന്ന് ക്യാമ്പിന്റെ ആദ്യ സെഷൻ ആദിവാസി ഭാഷകൾ ആഗോള തലത്തിലും കേരളീയമായും എന്നതായിരുന്നു. ഈ സെഷന്റെ മുന്നോടിയായി ക്യാമ്പംഗങ്ങൾ ഗോത്രഭാഷയിൽത്തന്നെ സ്വയം പരിചയപ്പെടുത്തി. പലരും ഗോത്രഭാഷകളിൽ ആവേശപൂർവം സംസാരിച്ചു. എന്നാൽ ഗോത്രഭാഷകളിൽ സംസാരിച്ചു പരിചയമില്ലാത്തവരും ഉണ്ടായിരുന്നു. സെഷനിൽ ആമുഖഭാഷണം നടത്തിയ പി.ശിവലിംഗൻ ലോകമെങ്ങുമുള്ള ഗോത്രഭാഷകളുടെ അതിജീവനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഗോത്ര ജനതയും അവരുടെ മാതൃഭാഷകളും നേരിടുന്ന വെല്ലുവിളികളെ മുൻനിർത്തി സംസാരിച്ചു. സംസാരിക്കാൻ ആളില്ലാതെ മരിച്ചു പോകുന്ന ഭാഷകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായിരുന്നു ശിവലിംഗന്റെ സെഷൻ. 

തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ അശോകൻ മറയൂർ താൻ എഴുത്തിന്റെ വഴിയിലെത്തിയതെങ്ങനെ എന്നു വിശദീകരിച്ചുകൊണ്ടാണ് തുടങ്ങിയത്. ഗോത്രഭാഷയായ മുതുവാനിൽ എഴുതാൻ തുടങ്ങിയപ്പോഴത്തെ ആവേശവും നേരിട്ട പ്രയാസങ്ങളും അശോകൻ ഊന്നിപ്പറഞ്ഞു. ഗോത്ര ജനതയുടെ സമകാല അവസ്ഥകൾ വെളിപ്പെടുത്തുമ്പോൾ തന്നെ സാംസ്ക്കാരിക പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതുമാവണം ഗോത്ര കവിത എന്ന് അശോകൻ എടുത്തു പറഞ്ഞു. ഗോത്രപ്പാട്ടുകളുടെ സാംസ്ക്കാരികത്തുടർച്ച നിലനിർത്തുമ്പോൾ തന്നെ പുതുകാലത്തോടു സംവദിക്കാൻ കഴിയുന്ന ഭാഷയിലുള്ളതാണ് ഗോത്രകവിത. കേരളത്തിലെ ദളിത് ജീവിത സാഹചര്യങ്ങളിൽ നിന്നു ഗോത്ര ജനജീവിത സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ ഗോത്രകവിതയും വ്യത്യസ്തമാണ്. ഒരു കാലത്ത് കേരളത്തിലെ കാടുകളിൽ സ്വതന്ത്രമായി ജീവിച്ചുവന്ന ആദിവാസികളെ ഇവിടെ വന്നു കോളനികളുണ്ടാക്കിയ വിദേശികളാണ് പരിമിതമായ അതിരുകൾക്കുള്ളിൽ കുടുക്കിയിട്ടത്. ഇന്ന് ഗോത്ര ജനത വൈവിധ്യവും സാംസ്ക്കാരികത്തനിമയും നിലനിർത്തിക്കൊണ്ടു തന്നെ അതിരുകൾ തകർത്ത് മുന്നോട്ടുവന്ന് ഒന്നിച്ചു നിൽക്കേണ്ട സമയമാണെന്ന അശോകന്റെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ ആവേശത്തോടെയാണ് ക്യാമ്പംഗങ്ങൾ ഏറ്റെടുത്തത്. സ്വന്തം മാതൃഭാഷ മറ്റൊരു ഭാഷക്കും പിറകിലല്ലെന്നും മാതൃഭാഷയിൽ സംസാരിക്കാൻ മടി തോന്നേണ്ടതില്ലെന്നും ഗോത്രഭാഷകൾ പറയുന്നതും എഴുതുന്നതും ഗോത്രജനതയെ സംബന്ധിച്ച് അഭിമാനകരമാണെന്നുമുള്ള ആശയം ഉയർത്തിപ്പിടിക്കാനും സംവദിക്കാനും ഈ സെഷനു കഴിഞ്ഞു.

തുടർന്നു ഗോത്രപ്പാട്ടുകളും കഥകളും - ജീവിതം സംസ്ക്കാരം പ്രതിരോധം എന്ന വിഷയത്തെ മുൻ നിർത്തി മുള്ളക്കുറുമ - മലയാള കവി അജയൻ മടൂരാണ് സംസാരിച്ചത്. ഗോത്രപ്പാട്ടുകളിൽ ഹൈന്ദവമായ പല പ്രമേയങ്ങളും പിൽക്കാലത്ത് കയറിക്കൂടിയതിനെക്കുറിച്ച് ഉദാഹരണങ്ങൾ നിരത്തി അജയൻ സംസാരിച്ചു. ഗോത്രപ്പാട്ടുകൾ സാംസ്ക്കാരികമായ അധിനിവേശങ്ങൾക്ക് ഇക്കാലത്തും ഇരയാകുന്നതിനെക്കുറിച്ചുള്ള സാംസ്ക്കാരിക ജാഗ്രതയുടെ പ്രാധാന്യം എടുത്തു കാണിച്ചു കൊണ്ടാണ് അജയൻ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

ശിവലിംഗനും അശോകനും അജയനുമുയർത്തിയ ആശയതരംഗങ്ങൾ തുടർന്നു നടന്ന ചർച്ചയെ ഇളക്കിമറിച്ചു. ആദിവാസി ജനതയുടെ ജീവിതാനുഭവങ്ങൾ സ്വന്തം മാതൃഭാഷയിൽ തന്നെ ആവിഷ്കരിക്കുക എന്ന ആശയത്തെ ക്യാമ്പംഗങ്ങൾ വരവേറ്റു. ഗോത്രഭാഷയിൽ ഗാനങ്ങളും ചലച്ചിത്ര രചനകളും നടത്തി പ്രശസ്തരായ പല കലാകാരും ക്യാമ്പംഗങ്ങൾക്കിടയിലുണ്ടായിരുന്നു, വിനു കിടച്ചുലനെയും അജയിനെയും ബിന്ദു ഇരുളത്തെയും പോലുള്ളവർ. ഈ കലാകാരുടെ അവതരണങ്ങൾ ചർച്ചയെ സമ്പന്നമാക്കി.

പിറ്റേന്നു രാവിലെ റാവുള- മലയാള കവി സുകുമാരൻ ചാലിഗദ്ധ സമകാല കേരള കവിതയും ഗോത്രഭാഷാ കവിതകളും എന്ന സെഷൻ തുടങ്ങിയത് ഈ വാക്കുകളോടെയാണ് : "ഞാൻ എല്ലാ ദിവസവും മാനിനെ വേട്ടയാടിപ്പിടിച്ച് മാനിറച്ചി തിന്നാറുണ്ട്. മാനിനെ കിട്ടിയില്ലെങ്കിൽ പന്നിയെ പിടിച്ച് ഇറച്ചി വെച്ചു കഴിക്കാറുണ്ട്. വേട്ടയാടിപ്പിടിക്കുന്ന കാട്ടുമൃഗങ്ങളുടെ ഇറച്ചി എല്ലാവർക്കും വീതിച്ചു കൊടുക്കാറുമുണ്ട്. എന്നാൽ ഇതെല്ലാം കവിതയിലാണെന്നു മാത്രം. എന്റെ പൂർവികർ കാട്ടിൽ വേട്ടയാടി ജീവിച്ചവരാണ്. അവർ കഴിച്ചു പോന്ന ഭക്ഷണം ഇന്നു ഞാൻ കഴിച്ചാൽ എന്നെ ജയിലിലടയ്ക്കും. ഞങ്ങളുടെ സ്വാഭാവിക ഭക്ഷണം ഞങ്ങൾക്കിന്നു കഴിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഞാൻ കവിതയിൽ മാനിനേയും പന്നിയേയുമെല്ലാം പിടിച്ച് ഇറച്ചിയാക്കി തിന്നുന്നത്.  മൃഗങ്ങളും മരങ്ങളുമെല്ലാം നിറഞ്ഞതാണെന്റെ കവിതകൾ" ഗോത്രായനത്തിൽ മുഴങ്ങിക്കേട്ട ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പ്രസ്താവനയാണ് സുകുമാരന്റെ ഈ വാക്കുകൾ. ഗോത്രജനതയുടെ സാഹിത്യം എന്തുകൊണ്ടാണ് വ്യത്യസ്തമാകുന്നത് എന്നതിന്റെ ഉത്തരം കൂടിയായിരുന്നു അത്. ഭക്ഷണ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ തീർച്ചയായും ഇടം പിടിക്കാൻ പോന്നവയാണ് സുകുമാരന്റെ ഈ വാക്കുകൾ. 

അശോകൻ മറയൂർ തൊട്ട് ശാന്തി പനക്കൻ വരെയുള്ള ഗോത്രഭാഷാ കവികളെ സാമാന്യമായി പരിചയപ്പെടുത്തി ദീർഘമായിത്തന്നെ സുകുമാരൻ സംസാരിച്ചു. ഗോത്രകവിത എന്ന സമഗ്രമായ സമാഹാരത്തിന്റെ എഡിറ്റർമാരിലൊരാളും സാമൂഹ്യമാധ്യമങ്ങളിൽ ഗോത്രഭാഷാ കവി കളുടെ അവതാരകനുമാണ് സുകുമാരൻ. സുകുമാരന്റെ സ്വന്തം കവിതകളുടെ അവതരണങ്ങളാകട്ടെ, മൃഗ പക്ഷിശബ്ദങ്ങളും കൂവലുമെല്ലാം കാവ്യഭാഷയുടെ ഭാഗമായിത്തീരുന്ന അനുഭവമാണ് സമ്മാനിച്ചത്. ഗോത്രഭാഷാ കവിതകളുടെ അരങ്ങുവായനകൾ എത്രമാത്രം സജീവമാക്കാം എന്നതിന്റെ നല്ല മാതൃകകൾ കൂടിയായി സുകുമാരന്റെ അവതരണങ്ങൾ.

മലയാളത്തിൽ കൂടി എഴുതുന്നവരാണ് ആദിവാസി എഴുത്തുകാർ.നാരായൻ, എം.കെ.നാരായണൻ തുടങ്ങിയ ഒന്നാം തലമുറ എഴുത്തുകാർ മലയാളത്തിൽ മാത്രം എഴുതിയവരാണ്. പുതിയ തലമുറ എഴുത്തുകാരിൽ മലയാളത്തിലും ഗോത്രഭാഷയിലും എഴുതുന്നവരും മലയാളത്തിൽ മാത്രം എഴുതുന്നവരുമുണ്ട്. ഗോത്രഭാഷയിലെഴുതുന്നവർ മലയാള ലിപി ഉപയോഗിക്കുന്നു എന്നേയുള്ളൂ. ആ ഭാഷകൾ മലയാളത്തിന്റെ ഉപഭാഷകളല്ല. മറിച്ച് സ്വതന്ത്രഭാഷകളാണ്. പരിഭാഷകൾ നൽകിയില്ലെങ്കിൽ മലയാള വായനക്കാർക്ക് അവ വായിച്ചാൽ മനസ്സിലാവുകയില്ല. വായനാ സമൂഹം ഇന്ന് പ്രധാനമായും ഗോത്രങ്ങൾക്കു പുറത്തായതിനാലും പൊതുസമൂഹത്തോട് പറയാനുള്ളവ മലയാളത്തിൽ തന്നെ പറയേണ്ടതിനാലും മലയാളത്തിൽ തീർച്ചയായും ഗോത്ര എഴുത്തുകാർക്ക് എഴുതേണ്ടതുണ്ട്. എന്നാൽ മാതൃഭാഷയുടെ കരുത്ത് എഴുത്തിൽ കൊണ്ടു വരാൻ ഗോത്രഭാഷകളിൽ തന്നെ എഴുതുകയും വേണം. മാത്രമല്ല പ്രയോഗലുപ്തമായി ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഗോത്രഭാഷകളെ ഉണർത്താൻ ഗോത്രഭാഷകളിലെഴുതുക തന്നെ വേണം എന്ന രാഷ്ട്രീയ ബോധ്യമുള്ളവരുമാണ് സമകാല ഗോത്രഭാഷാ സാഹിത്യകാരന്മാർ. ഗോത്രഭാഷയിലെ എഴുത്തുകൾ അതേ ശക്തിയിലും തീവ്രതയിലും മലയാളത്തിൽ പരിഭാഷപ്പെടുത്തുക പ്രധാനമാണ്. ദ്വിഭാഷാ എഴുത്തിന്റെയും പരിഭാഷയുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യാനുതകിയ ഒരു സെഷനായിരുന്നു 'ഗോത്രഭാഷാരചനകളുടെ മലയാള മൊഴിമാറ്റവും ദ്വിഭാഷാ എഴുത്തും' എന്നത്. കേരളത്തിലെ ആദ്യത്തെ ഗോത്രഭാഷാ എഴുത്തുകാരിയായ ധന്യ വേങ്ങച്ചേരി ഈ സെഷനിൽ സംസാരിച്ചു. 

എഴുത്തിൽ നേരിടുന്ന രണ്ടു പ്രശ്നങ്ങൾ ധന്യ മുന്നോട്ടു വെച്ചു : ഒന്ന്, ഗോത്രഭാഷകളുടെ പദശേഖരത്തിന്റെ പരിമിതി. പുതുകാല ജീവിതാവസ്ഥകൾ എഴുതാൻ ഗോത്രഭാഷയിൽ നിലവിലുള്ള വാക്കുകൾ പോരാതെ വരുന്നു. മാവിലാൻ തുളുവിൽ എഴുതുന്ന തനിക്ക് പുതിയ വാക്കുകൾ ഉണ്ടാക്കേണ്ടിവരുന്നുണ്ട്. പൂമ്പാറ്റ എന്ന അർത്ഥം വരുന്ന വാക്ക് ഇല്ലാത്തതിനാൽ പാറ്റപുറി എന്ന ഒരു ചേർപ്പു വാക്ക് താൻ പുതുതായി ഉപയോഗിച്ചു. ഭാഷ വളരാൻ ഇത്തരം പുതിയ ചേർപ്പുകൾ വേണ്ടി വരും. രണ്ടാമത്തെ പ്രശ്നം, മലയാള മൊഴി മാറ്റത്തിൽ ഭാഷയുടെ കരുത്തും താളവും പലപ്പോഴും നഷ്ടപ്പെടുന്നു എന്നതാണ്. അതിനാൽ ഗോത്രഭാഷയിലെഴുതുന്നത് എളുപ്പപ്പണിയല്ലെന്നും ഭാഷാപരമായ ജാഗ്രത അതാവശ്യപ്പെടുന്നുണ്ടെന്നും ധന്യ പുതിയ എഴുത്തുകാരെ ഓർമ്മിപ്പിച്ചു.

ഇതേ സെഷനിലെ രണ്ടാമത്തെ പ്രഭാഷകനായ പ്രശസ്ത മലയാളം - തമിഴ് പരിഭാഷകൻ നിർമ്മാല്യ മണി മുന്നുദിവസവും ക്യാമ്പിൽ സശ്രദ്ധം പങ്കു കൊള്ളുകയുണ്ടായി. ഇദ്ദേഹത്തിന്റെ സമ്പൂർണ്ണ സാന്നിദ്ധ്യം കേരളത്തിലെ ഗോത്രഭാഷാ കവിതകൾ കേരളത്തിനു പുറത്ത് എത്രമാത്രം ശ്രദ്ധിക്കപ്പെടുന്നു എന്നതിന്നു തെളിവുമായിരുന്നു. കോവിലന്റെ തോറ്റങ്ങളുടെ തമിഴ് പരിഭാഷക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ, സച്ചിദാനന്ദന്റെ കവിതകൾ, മാധവിക്കുട്ടിയുടെ എന്റെ കഥ, പക്ഷിയുടെ മണം, ചന്ദനമരങ്ങൾ,കാക്കനാടന്റെ ജാപ്പാണപ്പുകയില, സാറാ ജോസഫിന്റെ ആലാഹയുടെ പെൺമക്കൾ, സുഭാഷ് ചന്ദ്രന്റെ മനുഷ്യനൊരാമുഖം, എൻ.എസ്.മാധവന്റെ വൻമരങ്ങൾ വീഴുമ്പോൾ, ചെറുകാടിന്റെ ജീവിതപ്പാത, എം.ടി.യുടെ തിരക്കഥകൾ തുടങ്ങി ഒട്ടേറെ കൃതികൾ തമിഴിലേക്കു മൊഴിമാറ്റിയ നിർമ്മാല്യ മണി ഇപ്പോൾ ഗോത്രഭാഷാകവിതകളുടെ പരിഭാഷ ചെയ്തു കൊണ്ടിരിക്കുകയാണ്.

ആദിവാസി ഗോത്രങ്ങളും ഗോത്രഭാഷകളും തമിഴ്നാട്ടിലുമുണ്ടെങ്കിലും ഗോത്രഭാഷകളിലെ എഴുത്തോ ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരോ അവിടെയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെല്ലാം വഴികാട്ടിയായ മാതൃകയായിരിക്കുന്നു കേരളത്തിലെ ഗോത്രഭാഷാ സാഹിത്യം. എഴുതിത്തുടങ്ങുന്ന ക്യാമ്പംഗങ്ങൾക്ക് തങ്ങളുടെ എഴുത്ത് എത്രമാത്രം പ്രധാനമാണെന്നും കേരളത്തിനു പുറത്തു പോലും അതു ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും തിരിച്ചറിയാൻ നിർമാല്യ മണിയുടെ പ്രഭാഷണം സഹായകമായി. ഗോത്രഭാഷാ കവിതകൾ മലയാളത്തിലേക്കു മൊഴിമാറ്റുമ്പോൾ പല വരികളും നഷ്ടപ്പെടുന്നുണ്ടെന്ന് ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോത്രഭാഷാ കവിതകളുടെ തമിഴ് മൊഴിമാറ്റങ്ങൾ അദ്ദേഹം വായിച്ചു.

ഗവേഷകയായ അശ്വനി ആർ.ജീവൻ ഗോത്രഭാഷകൾ നേരിടുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ പരിഭാഷയുടെ പ്രാധാന്യത്തിലൂന്നിയാണ് സംസാരിച്ചത്. മലയാളത്തിലേക്കു മാത്രമല്ല ഇംഗ്ലീഷിലേക്കും ഗോത്രഭാഷാകവിതകൾ പരിഭാഷപ്പെടുത്തേണ്ടതുണ്ടെന്നും ആഗോളമാനം ഗോത്രകവിതക്കുണ്ടെന്നും അശ്വനി പറഞ്ഞു. ധന്യ വേങ്ങച്ചേരിയുടെ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ വായിക്കുകയും ചെയ്തു.

മലയാളത്തിന്റെ പുതിയ തുറസ്സുകൾ തുറന്നുകാട്ടുന്നതായിരുന്നു കവിയും ഗവേഷകനുമായ ഡി. അനിൽ കുമാറിന്റെ പ്രഭാഷണം. സമകാല കേരള കവിതയുടെ വൈവിധ്യത്തിന്റെ പശ്ചാത്തലത്തിൽ ഗോത്രഭാഷയിലെ എഴുത്തിനെ നിർണ്ണയിച്ചു കൊണ്ടാണ് അതിൽകുമാർ സംസാരിച്ചത്. ഒരു സമഗ്ര ദർശനം തന്നെയായിരുന്നു അത്. ഗോത്രഭാഷകളിലെ എഴുത്ത് ഒറ്റപ്പെട്ട പ്രതിഭാസമല്ലെന്നും സാഹിത്യചർച്ചകളുടെ കേന്ദ്രത്തിലേക്ക് ഇന്നോളം കടന്നുവന്നിട്ടില്ലാത്ത മേഖലകളിൽ നിന്നെല്ലാം ഇന്ന് എഴുത്തുണ്ടാവുന്നുണ്ടെന്നും അനിൽ പറഞ്ഞു. കടൽത്തീര ജനതയുടെ എഴുത്തും ട്രാൻസ്ജന്റർ വിഭാഗത്തിലുള്ളവരുടെ എഴുത്തും ഭിന്നശേഷിയുള്ളവരുടെ എഴുത്തുമെല്ലാം ഇന്ന് സുപ്രധാനമായിരിക്കുന്നു. കേരള കവിതയുടെ പശ്ചാത്തലത്തിൽ ഗോത്ര ഭാഷാ എഴുത്തിന്റെ ഇടം നിർണ്ണയിക്കുന്നതായിരുന്നു ഡി. അനിൽ കുമാറിന്റെ സെഷൻ.

ഗോത്രകവിത എന്ന സമാഹാരത്തിന്റെ എഡിറ്റർമാരിലൊരാളും ചിത്രകാരനും മാവിലാൻ തുളു - മലയാള കവിയുമായ സുരേഷ് എം. മാവിലൻ സ്വന്തം ജീവിതം സ്വയമെഴുതുമ്പോൾ എന്ന വിഷയത്തെ മുൻ നിർത്തിയാണ് സംസാരിച്ചത്. നഷ്ടപ്പെടാനിടയുള്ള ഗോത്രഭാഷകളുടെ വീണ്ടെടുപ്പിനു വേണ്ടി എങ്ങനെയെല്ലാം പ്രവർത്തിക്കാമെന്ന് മാവിലൻ തുളുവിന്റെ അനുഭവ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഗോത്ര ജനതക്ക് സ്വാഭാവികമായ ജൈവപ്രകൃതി നഷ്ടപ്പെട്ടിരിക്കുന്നു. കാട്ടിൽ പിറന്ന തന്റെ ഭാഷ കാടു കാണാതെ വരണ്ട ചെങ്കൽപ്പരപ്പുകളിലാണ് ഇന്നു കഴിയുന്നത്. പുതിയ ജീവിത സാഹചര്യങ്ങൾ ഭാഷയിൽ ആവിഷ്ക്കരിക്കാൻ തന്റെ ഭാഷയുടെ തനിമയിലേക്ക് ഓരോ എഴുത്തുകാരും അന്വേഷിച്ചു പോകേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

വളരെക്കുറച്ചേ താൻ എഴുതിയിട്ടുള്ളൂവെങ്കിലും മാതൃഭാഷയിലെ എഴുത്ത് തന്നെ എത്ര ആഴത്തിൽ സ്വാധീനിച്ചു എന്ന വീക്ഷണകോണിൽ നിന്നുകൊണ്ടാണ് പണിയ - മലയാള കവി ശാന്തി പനക്കൻ സംസാരിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ മലയാള സാഹിത്യം തന്നെ ആകർഷിച്ചു. കോളേജിലെത്തിയപ്പോൾ ബിരുദതലത്തിൽ ഇംഗ്ലീഷാണ് പഠിച്ചത്. മലയാള - ഇംഗ്ലീഷ് സാഹിത്യങ്ങളുമായുള്ള അടുപ്പം ഗോത്രഭാഷയിലെഴുതാൻ തനിക്കിപ്പോൾ തുണയാകുന്നുണ്ട്.

ഗോത്രഭാഷാകവിതകൾ ധാരാളമായി പ്രകാശിതമാവുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സാഹിത്യാന്തരീക്ഷത്തിൽ നടന്ന ക്യാമ്പായതിനാൽ സെഷനുകളിൽ മിക്കവാറും കവിതകൾക്കാണ് പ്രാമുഖ്യം കിട്ടിയത്. ആ പരിമിതി ചർച്ചകൾക്കിടയിൽ പല ക്യാമ്പംഗങ്ങളും ചൂണ്ടിക്കാണിക്കുകയുമുണ്ടായി. ഗോത്ര ജീവിതം കേരളത്തിലെ ഫിക്ഷനിൽ എങ്ങനെയാണ് ആവിഷ്കരിക്കപ്പെട്ടത് എന്നും പുറം നോട്ടങ്ങളിൽ നിന്നും ആദിവാസി വിഭാഗങ്ങളിൽ നിന്നു തന്നെയുള്ള എഴുത്തുകാരുടെ വരവോടെ സംഭവിച്ച വീക്ഷണ വ്യത്യാസം എന്താണെന്നും വിശദീകരിക്കുന്നതായിരുന്നു ഡോ. നാരായണൻ എം.എസ്സിന്റെ പ്രഭാഷണം. ഗോത്രേതര വിഭാഗങ്ങളിൽ നിന്നുള്ളവരുടെ കൃതികളിൽ നിന്ന് കൊച്ചരേത്തിയും കൊളുക്കനും പോലുള്ള നോവലുകളുടെ വീക്ഷണപരവും ആഖ്യാനപരവുമായ വ്യത്യാസങ്ങളേയും സവിശേഷതകളെയും അദ്ദേഹം എടുത്തു കാണിച്ചു. ഗോത്രഭാഷയിൽ ഫിക്ഷനുകൾ കൂടുതലായി എഴുതപ്പെടുന്ന കാലം അകലെയല്ലെന്ന്, തുടർന്നു നടന്ന ചർച്ച വെളിപ്പെടുത്തുകയും ചെയ്തു. റാവുളഭാഷയിൽ സിന്ധു എഴുതി അവതരിപ്പിച്ച ഉല്പത്തികഥ ആഖ്യാനത്തിന്റെ ചടുലതയും ഒഴുക്കും സൗന്ദര്യവും കൊണ്ട് എല്ലാവരേയും ആകർഷിച്ചു.

ക്യാമ്പിന്റെ അവസാന സെഷൻ നയിച്ചത് കവിയും കോഴിക്കോട് സർവകലാശാലാ അദ്ധ്യാപകനുമായ ഡോ.എം.ബി.മനോജാണ്. ഇന്ന് ലഭ്യമായ പ്രകാശന സാദ്ധ്യതകളെക്കുറിച്ചുള്ള, പ്രായോഗികതയിൽ ഊന്നിക്കൊണ്ടുള്ള സെഷനായിരുന്നു അത്. ഗോത്രഭാഷാ കവിതകളുടെ വസന്തത്തിനു പിന്നിൽ മൊബൈൽ ഫോണിൽ എഴുതുന്ന സാങ്കേതിക വിദ്യയുടെ വരവിനും ഒരു പങ്കുണ്ട്. എഴുതിയത് പ്രകാശിപ്പിക്കാനും ചർച്ചാ കേന്ദ്രമാക്കാനുമുള്ള വഴികളെക്കുറിച്ച് വിപുലമായ അറിവ് ഇന്ന് ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പ്രകാശന സാധ്യതകളുടെ വൈപുല്യവും പ്രായോഗികതയും മുൻ നിർത്തിയുള്ള സെഷൻ ഏറെ പ്രധാനമാകുന്നത്. അരികുവൽക്കൃത സമൂഹങ്ങളിൽ നിന്നുള്ളവരെ മുഖ്യധാര മാറ്റിനിർത്തുന്നതിന്റെ അനുഭവ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് അദ്ദേഹം സമകാല പ്രകാശന സാദ്ധ്യതകളെക്കുറിച്ചു സംസാരിച്ചു. ലഭ്യമായ എല്ലാ സാധ്യതകളും ഉപയോഗിക്കേണ്ടതുണ്ട്. എഴുതിയ കവിതകൾ വാട്സ് ആപ് പോലുള്ള ഗ്രൂപ്പുകളിൽ തുടർച്ചയായി ചർച്ച ചെയ്യുകയും പിന്നീടവ അച്ചടി മാധ്യമങ്ങൾക്ക് അയച്ചു കൊടുക്കുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും രംഗാവതരണങ്ങളാക്കുകയും ഡിജിറ്റൽ അവതരണങ്ങളാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രകാശിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിന്നു പിറകിലുള്ള സാങ്കേതിക കാര്യങ്ങൾ സാമാന്യമായി പടിപടിയായി പരിചയപ്പെടുത്തിക്കൊണ്ടുള്ള സെഷനായിരുന്നു എം.ബി.മനോജിന്റേത്. കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിൽ വെച്ച് അക്കാദമി സെക്രട്ടറി കെ.പി.മോഹനൻ മാസ്റ്റർ ഗോത്ര കവിതകളുടെ പ്രകാശന സാധ്യതകളിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുകയുമുണ്ടായി.

ഈ അവലോകനം അവസാനിപ്പിക്കും മുമ്പ് ക്യാമ്പംഗങ്ങളുടെ അവതരണങ്ങളെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും കൂടി പരാമർശിക്കേണ്ടതുണ്ട്. സിന്ധു അവതരിപ്പിച്ച റാവുളഭാഷയിലുള്ള ആഖ്യാനത്തെക്കുറിച്ചും വിനു കിടച്ചുലൻ, അജയ്, ബിന്ദു ഇരുളം എന്നിവരുടെ അവതരണങ്ങളെക്കുറിച്ചും നേരത്തേ പറഞ്ഞു. ഇതിനു പുറമേ ഷാജിമോൻ മാരമല, ഹരീഷ് പൂതാടി തുടങ്ങിയ പല പുതിയ എഴുത്തുകാരും വരവറിയിക്കുക കൂടി ചെയ്തു. കോഴി കൂവുന്ന ശബ്ദം വിശപ്പിന്റെ ശബ്ദമായി മാറുന്നതിനൊപ്പം നെല്ലു കുത്തുന്നതിന്റേയും അരി തിളക്കുന്നതിന്റേയുമെല്ലാം പരിസര ശബ്ദങ്ങൾ കൂടി പിടിച്ചെടുത്ത ഷാജിമോൻ മാരമലയുടെ കവിത ശ്രദ്ധിക്കപ്പെട്ടു. ഹരീഷ് പൂതാടി എഴുതിയത് നെല്ലിമരം തേടി കാട്ടിൽ പോയ അനുഭവമാണ്. പലതരം ഇലകളുടെ മണമുള്ള വഴിയിലൂടെ നടന്ന് അട്ടക്ക് ഒരു തുള്ളി ചോര കൊടുത്ത് നെല്ലിമരം നിന്നിടത്തെത്തിയപ്പോൾ അവിടെ കാണുന്നതോ ഒരു റിസോർട്ട്. കാട് എങ്ങനെയാണിന്നും പുറത്തുള്ളവരുടെ അധിനിവേശത്തിന്റെ ഇരയാകുന്നത് എന്ന് കാവ്യാത്മകമായി പറഞ്ഞു, ഈ ഗോത്രഭാഷാകവിതയിൽ ഹരീഷ് പൂതാടി എന്ന ചെറുപ്പക്കാരൻ കവി. ഇത്തരം പുതുസ്വരങ്ങൾ ആദ്യമായി ശ്രവിക്കാൻ കഴിഞ്ഞതാണ് എന്നെ സംബന്ധിച്ചിടത്തോളം ഗോത്രായനം  ക്യാമ്പിന്റെ പ്രധാന നീക്കിയിരിപ്പ്.

ക്യാമ്പവസാനിച്ച ശേഷം ക്യാമ്പുണർത്തിയ മുഴക്കങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും മറ്റുമായി തുടർന്നുകൊണ്ടിരിക്കുന്നു. മലയാള ലിപിയിൽ എഴുത്ത് സജീവമായി നടക്കുന്ന ആദിവാസി ഗോത്രഭാഷകളെക്കൂടി ഭാരതീയ ഭാഷകളായി കേന്ദ്ര സാഹിത്യ അക്കാദമി ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ഗോത്ര ഭാഷാ എഴുത്തുകാർ തന്നെ ആവശ്യപ്പെടുന്നു. ഗോത്രഭാഷകളുടെ പദശേഖരം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ നടന്നു വരുന്നു. കേരളീയം ഓൺലൈൻ മാഗസിനിൽ വി.മുസഫർ അഹമ്മദ് എഴുതിയ 'നിത്യവും ഞാൻ മാനിറച്ചി കഴിക്കുന്നു, കവിതയിലാണെന്നു മാത്രം' എന്ന ലേഖനത്തിൽ ഗോത്രായനം ക്യാമ്പിൽ സുകുമാരൻ ചാലിഗദ്ധ നടത്തിയ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പ്രസ്താവന ഉയർത്തിക്കാണിച്ചിരിക്കുന്നു. ഗോത്ര ഭാഷാ പദകോശത്തെക്കുറിച്ച് ധന്യ വേങ്ങച്ചേരി ക്യാമ്പിൽ മുന്നോട്ടു വെച്ച ആശയങ്ങളുടെ തുടർചർച്ചകളേയും മുസഫർ അഹമ്മദ് ഗൗരവത്തോടെ ലേഖനത്തിൽ പരിഗണിച്ചിട്ടുണ്ട്.

ഗോത്രഭാഷാ കവികൾക്ക് തമ്മിൽ കാണാനും സാഹിത്യം ചർച്ച ചെയ്യാനുമായി കേരള സാഹിത്യ അക്കാദമി മുൻകയ്യെടുത്ത് ഈ ഗോത്രായനത്തിന് തുടർച്ചകളുണ്ടാക്കണമെന്ന ഒരു നിർദ്ദേശം ക്യാമ്പിൽ വെച്ച് അശോകൻ മറയൂർ പറയുകയുണ്ടായി. അതെ, അശോകൻ പറഞ്ഞത് ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്. സാഹിത്യ അക്കാദമി ഇക്കാര്യത്തിൽ തുടർന്നും താല്പര്യമെടുക്കുമെന്നു കരുതുന്നു. ഗോത്രഭാഷാ കൃതികൾ പ്രസിദ്ധീകരിക്കാൻ കേരള സാഹിത്യ അക്കാദമി പ്രത്യേക താല്പര്യമെടുക്കുമെന്നും സാഹിത്യ അക്കാദമി അവാർഡിന് ഗോത്രഭാഷാ കൃതികളെക്കൂടി പരിഗണിക്കുമെന്നും കൂടി പ്രത്യാശിക്കുന്നു. ഇത്തരം ആശയധാരണകൾക്ക് വ്യക്തരൂപം കൈവരാൻ സഹായകമായ ക്യാമ്പായിരുന്നു, കേരള സാഹിത്യ ചരിത്രത്തിലിടം പിടിക്കാൻ പോന്ന ഗോത്രായനം ക്യാമ്പ്.മലയാളം കമ്പ്യൂട്ടിങ്ങും ഡിജിറ്റൽ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട  ക്യാമ്പുകൾ ആദിവാസി ചെറുപ്പക്കാർക്കായി നടത്തേണ്ടതാണെന്ന അഭിപ്രായവും ചർച്ചകളിൽ ഉയർന്നുവന്നു. ഗോത്ര സംഗീതത്തിനും കലകൾക്കും ചിത്രകലക്കും വേണ്ടി സംഗീത നാടക അക്കാദമിയും ലളിതകലാ അക്കാദമിയും സമാനമായ ക്യാമ്പുകൾ നടത്തേണ്ടതാണെന്ന തോന്നലും ക്യാമ്പംഗങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് എനിക്കുണ്ടായി.

(കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യചക്രവാളത്തിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി ഗോത്രായനം ക്യാമ്പ് ഡയറക്ടർ എന്ന നിലയിൽ എഴുതിയ റിവ്യൂ)




എലിസബത്ത് ഊമഞ്ചേരി - വിജയ് നമ്പീശൻ

 എലിസബത്ത് ഊമഞ്ചേരി


വിജയ് നമ്പീശൻ


എലിസബത്ത് ഊമഞ്ചേരി,

പേരു കേട്ട കവയിത്രി,

മുക്കിലെക്കടയിലേക്കു

ബ്രഡു വാങ്ങാൻ പോയി.

കടക്കാരൻ ചോദിച്ചു:

"എക്സ്യൂസ് മീ, താങ്കളല്ലേ 

എലിസബത്ത് ഊമഞ്ചേരി,

പേരു കേട്ട കവയിത്രി?"

എലിസബത്ത് ഊമഞ്ചേരി

അതുകേട്ടു വീട്ടിൽ പോയി.


എലിസബത്ത് ഊമഞ്ചേരി

കവിതയൊന്നെഴുതാനായി

ഒരു സന്ധ്യക്കു തന്നെഴുത്തു

മേശക്കരികെ വന്നിരിപ്പായ്

കവിതയപ്പോൾ ചോദിച്ചു:

"എക്സ്ക്യൂസ് മീ, താങ്കളല്ലേ

എലിസബത്ത് ഊമഞ്ചേരി,

പേരു കേട്ട കവയിത്രി?"

എലിസബത്ത് ഊമഞ്ചേരി

പറഞ്ഞു: "അതെ", കവിതയുടൻ

അതുകേട്ടു വീട്ടിൽ പോയി.


ആലപ്പുഴ ഡയറി - കവിതയുടെ നാൾവഴിത്താളിൽ എന്റെ കാലത്തിന്റെ ചിത്രങ്ങളെപ്പറ്റി.

 

ആലപ്പുഴ ഡയറി -
കവിതയുടെ നാൾവഴിത്താളിൽ
എന്റെ കാലത്തിന്റെ ചിത്രങ്ങളെപ്പറ്റി.

പി.രാമൻ

ഒക്ടോബർ 2 മുതൽ 5 വരെ ആലപ്പുഴയിൽ ലോകമേ തറവാട് വിശദമായി കണ്ടു. ഞാനും സന്ധ്യയും ഹൃദയും പാർവതിയും ഹരിയും മൃദുവും നദീറും അടങ്ങിയ സംഘം. കൂട്ടത്തിൽ നദീറും ഹൃദയും ചിത്രം വരക്കുന്നവർ. പാർവതി ക്രാഫ്റ്റ് വർക്കുകളിൽ താല്പര്യമുള്ളയാൾ. അവരെ മുൻനിർത്തി ഞങ്ങൾ ആലപ്പുഴയിലെത്തി. ആദ്യമായാണ് പാലങ്ങളുടെയും തോടുകളുടെയും ബോട്ടുകളുടെയും പാണ്ടികശാലകളുടെയും ഈ ജലനഗരത്തിൽ ഇങ്ങനെ അലയുന്നത്. ലോകമേ തറവാട്ടിൽ സുഹൃത്തുക്കളായ ടി.കെ. മുരളീധരൻ, സി. ഉണ്ണികൃഷ്ണൻ, ശാന്തൻ വേലായുധൻ തുടങ്ങി പല കലാകാരന്മാരുടെയും വർക്കുകൾ ഉള്ളത് കാണണമെന്നത് ഈ യാത്രക്കു പ്രചോദനമായി. ഞാനുൾപ്പെടെയുള്ള കവികൾ കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സമകാലീനരായ കേരളീയ ചിത്രകാരന്മാർ എന്താണു വരക്കുന്നത് എന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

സമകാല കേരള ചിത്രകലയുടെ ഒരു പരിച്ഛേദം അനുഭവിക്കാൻ കഴിയുന്നു എന്നതാണ് ഈ പ്രദർശനത്തിന്റെ അപൂർവത. മലയാളി വേരുകളുള്ള ചിത്രകാരുടെ നീണ്ടനിരയാണ് ഇതിൽ പങ്കു കൊണ്ടിട്ടുള്ളത്. വിദൂര - ആഴ - ഗ്രാമീണ കേരളങ്ങളും നഗരകേരളങ്ങളും ആഗോളകേരളങ്ങളും ഒത്തുചേരുന്ന ചിത്രസ്ഥലമായിരിക്കുന്നു ഈ ദിവസങ്ങളിൽ ഇവിടം. കഴിഞ്ഞ ബിനാലേകളിൽ പോലും കിട്ടാത്തതാണ് ഈ കാഴ്ച്ചാനുഭവം.

മുതിർന്ന ആർട്ടിസ്റ്റുകളായ കലാധരൻ, ടി.കെ. രഘുനാഥൻ, വത്സൻ കൂർമ്മ കൊല്ലേരി, കെ.എസ്.രാധാകൃഷ്ണൻ, കെ.പി.സദാനന്ദൻ, കബിത മുഖോപാധ്യായ തുടങ്ങിയവർ തൊട്ട് ഉണ്ണികൃഷ്ണൻ സി യും രജീഷ് സരോവറും അടങ്ങുന്ന യുവനിര വരെയെത്തുന്ന നമ്മുടെ ചിത്രകാരത്തുടർച്ച ഇവിടെയുണ്ട്. ഇന്നും വരച്ചുകൊണ്ടിണ്ടിരിക്കുന്ന, പല തലമുറകളിൽ പെട്ട മലയാളി ചിത്രകാരന്മാർ ഇത്ര വൈപുല്യത്തോടെ ഒന്നിച്ചൊരിടത്ത് ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഇതിലുൾപ്പെടാത്ത മറ്റെത്രയോ ചിത്രകാരർ പുറത്തുണ്ടെന്നിരിക്കിലും. പല രചനാ ശൈലികൾ, പ്രമേയ വൈവിധ്യങ്ങൾ... കൃത്യമായ രാഷ്ട്രീയം പറയുന്ന വിപിൻ ധനുർധരന്റെ ശവാസന റെയിൽ എന്ന ഞെട്ടിക്കുന്ന ഇൻസ്റ്റലേഷൻ തൊട്ട് മധു വേണുഗോപാലിന്റെ ചിത്രങ്ങളിലെ സൂക്ഷ്മമായ ആത്മീയ വിടർച്ച വരെ. ജിജി സഖറിയയുടെ വർക്കുകളിലെ നഗരക്കുടുസ്സു മുറികളും ടി.കെ.മുരളീധരന്റെ ചിത്രങ്ങളിലെ യന്ത്ര നാഗരികതയും തൊട്ട് സി ഉണ്ണിക്കൃഷ്ണന്റെ വർക്കുകളിലെ വീട്ടു വാതിൽ വരകളും ശാന്തി ഇ എൻ ചിത്രങ്ങളിലെ ഉൾഗ്രാമീണതയും എം.ആർ.രമേഷ് ചിത്രങ്ങളിലെ ആദിവാസി ഗോത്രജീവിതാനുഭവങ്ങളും വരെ. ഓരോ ചിത്രവും സംസ്കാരത്തിന്റെ സൂക്ഷ്മമായ അടരുകളിലേക്കു നയിക്കുന്നു. ഉദാഹരണത്തിന് താജ് ബക്കറിന്റെ മഷിച്ചിത്രങ്ങൾ നോക്കൂ. പൊന്നാനി പ്രദേശത്ത് പ്രചാരത്തിലുണ്ടായിരുന്ന, ഖുർ ആൻ പകർത്തിയെഴുതാൻ ഉപയോഗിച്ചു വന്ന പ്രത്യേക മഷിക്കൂട്ടിലാണ് ഈ ചിത്രകാരൻ തന്റെ തീരങ്ങൾ വരക്കുന്നത്. എന്റെ നാടായ പട്ടാമ്പിക്കടുത്തു നിന്നു തന്നെ ശ്രീജ പള്ളം, ബസന്ത്, ഗിരീശൻ ഭട്ടതിരിപ്പാട് എന്നിങ്ങനെ പല ചിത്രകാരുടെ ചിത്രങ്ങൾ ഇവിടെയുണ്ട്.

ഇത്തരമൊരു പ്രദർശനത്തിന് പറ്റിയ ഇടം തന്നെ ആലപ്പുഴ.കടൽത്തീരത്തിന്റേയും തോടുകളുടെയും കായലുകളുടെയും ചെറു നഗരം. ബോട്ടിന്റെയും കയറിന്റെയും ഉറക്കെ സംസാരിക്കുന്ന മനുഷ്യരുടെയും നഗരം. ആലപ്പുഴയിൽ നിന്നുള്ള ചിത്രകാരന്മാരും ആലപ്പുഴച്ചിത്രങ്ങളും ഇവിടെയുണ്ട്. സുനിൽ ലൂയിസ് ദേ യുടെയും എൻ.ബാലമുരളീകൃഷ്ണന്റെയും ചിത്രങ്ങളിലെ ആലപ്പുഴ ഞാൻ കൗതുകപൂർവം ശ്രദ്ധിച്ചു. പ്രദർശനശാലക്കടുത്തുള്ള ഹലായിസ് ഹോട്ടലിൽ വെച്ചു പരിചയപ്പെട്ടപ്പോൾ ഹോട്ടൽ നടത്തിപ്പുകാരൻ മുഹമ്മദ് ഹനീഫ് പറഞ്ഞിരുന്നു. "എന്റെ ഒരു പടം അവിടെയുണ്ട് "
" നിങ്ങൾ വരച്ചതോ?"
"അല്ല, എന്നെ വരച്ചത്."

മുപ്പതോളം കൊല്ലം മുമ്പ് കേരള ക്രിക്കറ്റ് ടീമിൽ ഫാസ്റ്റ് ബൗളർ ആയിരുന്നു താൻ എന്ന് അദ്ദേഹം പറഞ്ഞു. പിൽക്കാലത്ത് സിനിമാ സംവിധായകനായിത്തീർന്ന പ്രിയദർശനുമൊത്തുള്ള ക്രിക്കറ്റ് അനുഭവങ്ങളെക്കുറിച്ചും ഓർമ്മിച്ചു. പിറ്റേന്ന് അദ്ദേഹത്തിന്റെ ആലപ്പുഴ മുഖം സുനിൽ ലൂയിസ് ദേ വരച്ചത് കാണുകയും ചെയ്തു. EPC ഗാലറിയിൽ കയറിച്ചെല്ലുന്നിടത്തു തന്നെ എന്റെ സ്വന്തം ചിത്രസാന്നിധ്യവും കണ്ടു. എ.ജെ.ജോജിയുടെ ആറ്റൂർ രവിവർമ്മ ഛായാപട സീരീസിൽ അദ്ദേഹത്തോടൊപ്പം പലർക്കുമിടയിൽ ഞാനും. കടൽപ്പുറത്തെ മണലിൽ ആറ്റൂരിനൊപ്പം. കവി അൻവർ അലി സംവിധാനം ചെയ്ത മറുവിളി എന്ന സിനിമയുടെ ചിത്രീകരണവേളയിലെടുത്ത ജീവത്തായ പടങ്ങൾ.

ആലപ്പുഴയിൽ നാലു നാൾ കൂടിയപ്പോൾ ഈ നഗരത്തിലെ കവികളെപ്പറ്റി ആലോചിച്ചു. കവിതയിൽ എങ്ങനെയാണ് ഈ നഗരം വന്നിട്ടുള്ളതെന്നും. അനിത തമ്പിയുടെ ആലപ്പുഴവെള്ളം ഓർമ്മയിൽ വന്നു. (ഫേസ് ബുക്കിൽ ഇതിനെക്കുറിച്ചെഴുതിയപ്പോൾ കവി സുധീർരാജ് ആലപ്പുഴയെക്കുറിച്ചു താനെഴുതിയ ഒരു മനോഹര കവിത (ആലപ്പുഴ, പി.എം.ആന്റണിച്ചേട്ടന്റെ നാടകം കളിക്കുന്നത്) എന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി പി.എം. ആന്റണിയുടെ നാടകം ആലപ്പുഴക്കാർ രംഗത്തവതരിപ്പിക്കുന്ന സന്ദർഭത്തിൽ നിന്നു തുടങ്ങുന്ന ആ കവിത ആലപ്പുഴയുടെ ജീവിതവും സംസ്കാരവും ആഴത്തിൽ രേഖപ്പെടുത്തുന്നു)

ഇങ്ങനെ ചില കവിതകൾ മാറ്റി വെച്ചാൽ പൊതുവേ ഫിക്ഷനിലുള്ളത്ര സമ്പന്നമല്ല കവിതയിലെ ആലപ്പുഴ എന്നു തോന്നി. ഒരു പക്ഷേ കൂടുതൽ വായിക്കാത്തതു കൊണ്ടാവാം. അതു ശരിയാണെന്നു ബോധ്യമായി ഇവിടെ വെച്ച് കവി ടി. മോഹനനെ പരിചയപ്പെട്ടപ്പോൾ. ടി. മോഹനൻ ആലപ്പുഴയുടെ കവി. ഞങ്ങൾ കവിത ചൊല്ലിയും സംസാരിച്ചുമിരുന്നു. അദ്ദേഹത്തിന്റെ ഇന്ദ്രിയം എന്ന കവിത ഇതാ:

ഇന്ദ്രിയം
,,,,,,,,,,,,,,,,,,,,

കണ്ണുകൾ
ചരിത്രത്തിനു സമ്മാനിക്കുമ്പോൾ
പരാജയപ്പെട്ട ഇന്ദ്രിയങ്ങളോട്
നീ ചോദിക്കുക
കാഴ്ചയെ ബോധപൂർവ്വം
മറവിയാക്കിയും
സ്പർശന മറിയാത്ത
ശവശരീരങ്ങളിൽ സഹശയിച്ചും
ഇരുളടഞ്ഞ സ്വകാര്യതകളിൽ
വിയർക്കാതെ പിരിഞ്ഞു പോയവരാണ് നാം.

നിനക്കറിയുമോ?
സ്ഥലകാലബോധം മറന്നാടി തിമിർത്ത
ആധുനിക ഹൃദയശൂന്യതയുടെ
നഗരവൃത്തങ്ങളിൽ
കൂട്ടക്ഷരങ്ങൾ തെറ്റിയോടിയ
ഓരോ രാത്രിവണ്ടിയും
അളന്നു കുറിച്ച ശബ്ദങ്ങളുടെ
ഇടനാഴിയിൽ
ചതഞ്ഞരഞ്ഞ ജന്മപാപങ്ങളായി

അരങ്ങിൻ്റെ ആവർത്തനത്തിൽ
നിനക്കു വേദനിച്ചോ-
എന്നറിയാതെ പോയ
ശിലാ ഹൃദയ സൗഹൃദങ്ങളിൽ
കണ്ണെഴുതി പൊട്ടുകുത്തിയ
കറുത്ത മുഖവും
വെളുത്ത ചോറും തന്ന വീടും
വികാരങ്ങളില്ലാത്ത
വിപരീതങ്ങളുടെ തടവറയിൽ
ഉപ്പു വറ്റിയ കണ്ണുകൾ കൊണ്ട്
ജീവിതത്തെ അളന്നു പോയ
നിഷ്ഫലതകളായി
പ്രാണൻ മുറിഞ്ഞു, മുറിഞ്ഞില്ലാതാവുന്ന
ഈ മണൽഭിത്തിയിൽ
എന്നാണിനിയും കുളിരു പെയ്യുന്നത്.

പ്രാണൻ മുറിഞ്ഞു മുറിഞ്ഞില്ലാതാകുന്ന മണൽഭിത്തി ... കരിമണൽ ഖനനം തീരങ്ങളെ കാർന്നുതിന്നുന്നതിനെതിരായ ജനകീയസമരങ്ങളെക്കുറിച്ചും നാം അറിഞ്ഞുകൊണ്ടിരിക്കുന്നു. ചിത്രങ്ങളേയും ഞങ്ങളെയും കാണാനെത്തിയ പ്രിയ സുഹൃത്ത് കവി ഒ. അരുൺ കുമാർ രണ്ടു നാൾ ഞങ്ങൾക്കൊപ്പം കഴിഞ്ഞശേഷം മടങ്ങിയത് സമരപ്പന്തലിലേക്ക്.

2
ഇവിടെ കണ്ട ചിത്രങ്ങളിൽ മനസ്സിൽ പതിഞ്ഞ ഒരു ചിത്രമാണ് ഇത്. ചിത്രകാരൻ അലക്സാണ്ടർ.ഡി.

ചിത്രത്തിലെ ആ മനുഷ്യന്റെ നില്പും നോട്ടവും ചിറകോടെ നിലം പതിച്ചവന്റെ കിടപ്പും ഉണ്ടാക്കിയ അസ്വസ്ഥത ഇപ്പൊഴും കൂടെ. പൊതുവേ മൃദു നിറങ്ങളാണിതിൽ. അസ്വസ്ഥതയുണ്ടാക്കാനായി ബോധപൂർവശ്രമമൊന്നുമില്ല.എന്നിട്ടും ഈ ചിത്രം ഉള്ളിൽ കുത്തിക്കടഞ്ഞു. ഇതു കണ്ടപ്പോൾ ഞാൻ പെട്ടെന്നോർത്തത് അമേരിക്കൻ കവി റസൽ എഡ്സന്റെ ഒരു ചെറു കവിതയാണ് - കവിതക്കും ചിത്രത്തിനും തമ്മിൽ നേരിട്ടു ബന്ധമൊന്നുമില്ലെങ്കിൽ പോലും.

കൊഴിയൽ

രണ്ടിലയെടുത്തു പിടിച്ചകത്തു വന്ന് രക്ഷിതാക്കളോട് താനൊരു മരമാണെന്നു പറഞ്ഞ ഒരാളുണ്ടായിരുന്നു.

അതിനോടവർ മുറ്റത്തേക്കു പോകണമെന്നും വേരിറങ്ങി തറ കേടു വരുമെന്നതിനാൽ അകത്തു വളരരുതെന്നും പറഞ്ഞു.

ഞാൻ നിങ്ങളെ പറ്റിച്ചേ, ഞാനൊരു മരമല്ല എന്നു പറഞ്ഞ് അവൻ ഇലകൾ താഴത്തിട്ടു.

പക്ഷേ അവന്റെ രക്ഷിതാക്കൾ പറഞ്ഞു, നോക്കൂ അതു കൊഴിഞ്ഞു.

3
ഏതാനും കൊല്ലം മുമ്പ് തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനോടു ചേർന്നുള്ള ഗാലറിയിൽ നടന്ന ഒരു ഗ്രൂപ് ഷോയിലാണ് മധു വേണുഗോപാലിന്റെ ചിത്രങ്ങൾ ഞാൻ കാണുന്നത്. ഇളക്കിമറിക്കുന്നവയായിരുന്നില്ല , ആസ്വാദക മനസ്സിനെ ലയലീനമാക്കുന്നവയായിരുന്നു ആ ചിത്രങ്ങൾ. അന്ന് മധുവിന്റെ നമ്പർ സംഘടിപ്പിച്ച് വിളിച്ച് ചിത്രങ്ങളെപ്പറ്റി സംസാരിച്ചത് ഓർക്കുന്നു.

മുഴച്ചു നിൽക്കാത്ത, പ്രകടനപരമല്ലാത്ത, ജീവിതത്തിന്റെ സ്വാഭാവികതയിൽ നിന്നൂറി വരുന്ന ധ്യാനാത്മകത കൊണ്ട് എന്നെ ഇപ്പൊഴും വശീകരിക്കുന്നു മധു വേണുഗോപാലിന്റെ ചിത്രങ്ങൾ. എന്റെ ജീവനെ ആകവേ പ്രസന്നമാക്കാൻ ആലപ്പുഴയിൽ കണ്ട ഈയൊരു ചിത്രം മതിയാകും.

4
തിരുവനന്തപുരം നഗരത്തിൽ മലയാളത്തിനു നടുക്കിരുന്ന് എഴുതിക്കൊണ്ടിരുന്ന തമിഴ് കവി നകുലന്റെ ഒരു കവിത എപ്പോഴും ഓർമ്മയിലേക്കു വരാറുണ്ട്.

ആരുമില്ലാത്ത പ്രദേശത്ത്
എന്താ നടന്നുകൊണ്ടിരിക്കുന്നത്?
എല്ലാം.

ചില ചിത്രങ്ങൾ, പ്രത്യേകിച്ചും രൂപങ്ങളുണ്ടെങ്കിൽ പോലും അവ പൊട്ടിച്ച് അമൂർത്തമാവാൻ വെമ്പുന്നവ കാണുമ്പോൾ ആ ഫീൽ അനുഭവപ്പെടാറുണ്ട്. ശാന്തൻ വേലായുധന്റെ ഈ പെൻസിൽ വരച്ചിത്രത്തിൽ ആ 'ആരുമില്ലായ്മ' യും അവിടെ നടമാടുന്ന 'എല്ലാ ' മും ഞാനനുഭവിച്ചു.

തിങ്ങി ഞെരുങ്ങിയ നമ്മുടെ ഊഷരമുഖങ്ങൾക്കിടയിൽ ആ കലമാൻ കൊമ്പുകൾ ഉയർന്നു മായുന്നു.

ഈ കെട്ടിക്കിടപ്പിന്, സ്തംഭനത്തിന് ഇടയിൽ പെട്ടെന്നൊരു മാൻ വേഗം, അനങ്ങാനാവാത്ത മാൻവേഗം ....

മനുഷ്യമുഖങ്ങൾ ... മനുഷ്യക്കണ്ണുകൾ .... മാൻ മുഖങ്ങൾ .... മാൻ കണ്ണുകൾ .... കൊമ്പിൻ വളവുകൾ ..... ചിത്രം കാണുന്ന കണ്ണൂകൾ രൂപങ്ങളെ തകർത്തു പായുന്നു.

കർക്കടകത്തിലെ കലക്കപ്പുഴയിലൂടൊലിച്ചു പോകുന്നതേതു മൃഗങ്ങൾ ?.... വേനൽ വറുതിയിലൂടോടിപ്പോകുന്നതേതു മാൻ മരീചിക?

ഏറെപ്പിന്നിൽ, കുട്ടിക്കാലപ്പൂരപ്പറമ്പിന്റെ ആൾത്തിരക്കിൽ നിന്ന് ഒരെടുപ്പു മൃഗം (കാളയോ കുതിരയോ അതോ മാൻതന്നെയോ?) പെട്ടെന്ന് പൊങ്ങിത്താഴുന്നു.....

5
യോഗയുടെ പാഠങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കാലത്തു തന്നെയാണ് തൊഴിലെടുക്കുന്ന നഗരം വിട്ട് കോവിഡ് ലോക്ഡൗൺ തുടക്കത്തിൽ വിദൂരത്തെ സ്വന്തം ഗ്രാമത്തിലേക്ക് റെയിൽവേ ട്രാക്കിലൂടെ നടന്നു പൊയ്ക്കൊണ്ടിരുന്ന മനുഷ്യർക്കു മേൽ തീവണ്ടി ഓടിച്ചു പോയത്. യോഗയുടെ പാഠങ്ങളെ കൊലപാതക പാഠങ്ങളാക്കിയിരിക്കുകയാണ് ഇന്നത്തെ ഇന്ത്യയെ മൂർത്തമായ് ആവിഷ്കരിക്കുന്ന ഈ ഇൻസ്റ്റലേഷൻ. ബ്രീത് ഡീപ് ലി ആന്റ് സ്ലോലി എന്നു തുടങ്ങി ബ്രീത് ഔട്ടിൽ അവസാനിക്കുന്ന പാഠക്രമങ്ങളെല്ലാം സ്ലീപ്പറുകളിൽ രേഖപ്പെടുത്തിയ വിപിൻ ധനുർദ്ധരന്റെ ഈ ഇൻസ്റ്റലേഷൻ എനിക്ക് മൊബൈൽ ക്യാമറയിൽ ഒതുക്കാൻ കഴിഞ്ഞില്ല.

സാധാരണ മനുഷ്യർക്കുമേൽ വ്യവസ്ഥ നടപ്പാക്കുന്ന ക്രൂരകൃത്യങ്ങളിലേക്കു തുളച്ചുകയറുന്ന ദൃശ്യാനുഭവം...

6
ജർമ്മൻ തത്വചിന്തകരെക്കുറിച്ച് എന്റെ അദ്ധ്യാപകൻ എം.പി. വാസുദേവൻ മാസ്റ്റർ പറഞ്ഞ ഒരു നർമ്മമുണ്ട്. "കാര്യങ്ങൾ അതീവ സങ്കീർണ്ണമായി അവതരിപ്പിക്കാമെന്നിരിക്കെ എന്തിനാണ് വെറുതെ ലളിതമായി പറയുന്നത് എന്നു ചിന്തിക്കുന്നവരാണ് ജർമ്മൻ തത്വചിന്തകർ "  എന്ന്.

ചിത്രപ്രദർശനങ്ങൾ കാണുമ്പോഴും ഓർക്കാവുന്നതാണ് മാഷുടെ ഈ നർമ്മം. ആശയപരവും അവതരണ പരവുമായ സങ്കീർണ്ണതയുടെ കാര്യത്തിൽ ജർമ്മൻ തത്വചിന്തകരെപ്പോലെത്തന്നെ വിട്ടുവീഴ്ച്ചയില്ലാത്തവരാണ് നമ്മുടെ പല ചിത്രകാരും!

അങ്ങനെ കണ്ടു കണ്ടു വരുമ്പോഴാവും ലാളിത്യം കൊണ്ട് ഒരു ചിത്രം നമ്മെ പെട്ടെന്നു വശപ്പെടുത്തുക. ഇവിടെ ഞാനങ്ങനെ നിന്നു പോയത് കബിത മുഖോപാദ്ധ്യായയുടെ ചിത്രങ്ങൾക്കു മുന്നിലാണ്.

7
നഗരകേന്ദ്രിതമാണ് ആധുനിക ചിത്രകല എന്നൊരു ധാരണ കേരളത്തിലെ ഒരുൾ നാട്ടിൽ ജനിച്ചവളർന്ന എന്നെപ്പോലൊരാൾക്ക് ഉണ്ടായിരുന്നു. നാട്ടിൻപുറത്തിരുന്നു കൊണ്ട് ഒരു ചിത്രകാരന് ചിത്രം വരച്ചു ജീവിക്കുക അസാധ്യമെന്നും തോന്നിയിരുന്നു. വീട്ടിൽ വരുന്ന അതിഥികൾ സ്വീകരണമുറിയിലെ ടീപ്പോയിമേൽ വെച്ച വാരിക മറിച്ചു നോക്കും, ചുമരിലിരിക്കുന്ന പെയിന്റിങ് കാണുക പോലുമില്ല എന്നത് കൗതുകകരമായ ഒരു മലയാളി ശീലമാണ്. സാഹിത്യത്തിനോടുള്ള ശ്രദ്ധ ചിത്രകലയോടു കാണിക്കില്ല.

മുമ്പ് നമ്മുടെ മുന്തിയ ചിത്രകാരർ മദ്രാസിലേക്കും വടക്കേ ഇന്ത്യൻ നഗരങ്ങളിലേക്കും ചേക്കേറിയെങ്കിൽ 1990 കൾക്കൊടുവോടെ കേരളത്തിൽ തന്നെ ചിത്രം വരച്ചു ജീവിക്കാമെന്ന നിലയിലേക്ക് പതുക്കെ കാര്യങ്ങൾ മാറിത്തുടങ്ങി. അപ്പൊഴും കൊച്ചി പോലൊരു നഗരം തന്നെയായിരുന്നു കേന്ദ്രം.

ലോകത്തിന്റെ പല കോണുകളിലുള്ള മലയാളി ചിത്രകാരെ ഒരുമിപ്പിക്കുന്ന ലോകമേ തറവാട് പ്രദർശനത്തിന്റെ വലിയൊരു സവിശേഷത (എന്നെപ്പോലൊരാളെ സംബന്ധിച്ചിടത്തോളം) ചിത്രകലയെക്കുറിച്ചുള്ള നഗര കേന്ദ്രിതമായ ധാരണകളെ ഇതു തകർക്കുന്നു എന്നതാണ്.

പാലക്കാടു ജില്ലയിലെ നെന്മാറക്കടുത്ത് പേഴുംപാറ ഗ്രാമത്തിലിരുന്ന് വരച്ച് ലോകശ്രദ്ധ പിടിച്ചെടുത്ത ചിത്രകാരനാണ് ഉണ്ണിക്കൃഷ്ണൻ.സി. മുമ്പ് കൊച്ചി, ഷാർജ ബിനാലേകളിലും യൂറോപ്പിലും ഉണ്ണിക്കൃഷ്ണന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. തന്റെ നാടിന്റെ അനുഭവങ്ങളെയാണ് ഈ ചിത്രകാരൻ പ്രധാനമായും വരയ്ക്കുന്നത്. വീട്ടു ചുമരിലെ ഇഷ്ടികകളിൽ വരച്ച ചിത്രങ്ങളായിരുന്നു കൊച്ചി ബിനാലേയിലെങ്കിൽ ഇത്തവണ മറ്റു ചിത്രങ്ങൾക്കൊപ്പം വീട്ടുവാതിൽപ്പാളികളിൽ വരച്ച ചിത്രങ്ങളുമുണ്ട്. (ഇവിടെ കാണുന്ന രണ്ടു വാതിലുകളിലൊന്ന് നെന്മാറ വാതിലും മറ്റൊന്ന് പഠനകാലത്തെ ബറോഡാ വാതിലുമാണ്, അല്ലേ ഉണ്ണീ?) ജീവിതവും കലയും തമ്മിലുള്ള അകലം ഈ ചിത്രങ്ങളിൽ മാഞ്ഞു പോകുന്നു.

8
മലയാളത്തിൽ 2020 നോടടുത്ത് ശ്രദ്ധേയരായ ഏറ്റവും പുതിയ തലമുറയിൽ പെട്ട കുറച്ചു കവികളുടെ രചനകൾ അടുത്തിടെ ഞാൻ ചേർത്തു വെച്ചു വായിക്കുകയുണ്ടായി. അപ്പോൾ തെളിഞ്ഞു വന്ന ചിത്രത്തിൽ കൗതുകകരമായി തോന്നിയ ഒരു കാര്യം, നഗരാനുഭവങ്ങൾ  പ്രകടനപരമല്ലാത്ത ആഴത്തിൽ സാന്ദ്രമായി ഉൾക്കൊണ്ട കവിതകൾ ഏറ്റവും പുതിയ തലമുറയിൽപ്പോലും നമുക്കു വളരെ കുറവാണ് എന്നതാണ്. കേരളത്തിലെങ്ങും സിറ്റി സ്കേപ്പുകൾ വിപുലപ്പെട്ടുവരുന്ന കാലത്തും ഗ്രാമീണമായ സാംസ്കാരിക പരിസരബോധത്തോടെയാണ് ആ നാഗരികാനുഭവങ്ങളെ മിക്കപ്പോഴും മലയാളി ഉൾക്കൊള്ളുന്നത് എന്നു തോന്നി.

ഈ പശ്ചാത്തലത്തിൽ എപ്പോഴും മിഴിവോടെ നിൽക്കുന്നവയാണ് ടി.കെ.മുരളീധരന്റെ കവിതകൾ. നഗര നിലക്കാഴ്ച്ചയുടെയും നഗരാനുഭവങ്ങളുടെയും കവിതയാണത്. ഒരിക്കൽ മുംബൈയിൽ പോയപ്പോൾ ഗലികളുടെ ഉൾവഴികളിലൂടെ അയാളുടെ പണിയാലയിലേക്ക് ഞങ്ങളൊന്നിച്ചു നടന്നത് ഓർക്കുന്നു. ആ നടത്തത്തിനു ശേഷം ഞാൻ ഇങ്ങനെയൊരു കവിതയുമെഴുതി:

നഗരത്തിലെ ചിത്രകാരൻ
(ടി.കെ.മുരളീധരന്)

എല്ലാ ദിവസവും,

ഇരുപുറമിരമ്പുന്ന ഗലികൾക്കിടയിലൂടെ
അമർത്തിച്ചവിട്ടി നീ
പണിയിടത്തിൽ നിന്നു പണിയിടത്തിലേക്ക്
ധ്യതിപ്പെട്ടു കുതിക്കുമ്പോൾ

പെട്ടെന്ന്
പതിനൊന്നുമണിസ്സൂര്യനു നേരെ
കണ്ണുകളുയർത്തുന്ന ഞൊടിയിൽ

ആയിരമായിരം ഫ്ലാറ്റു ജനാലക്കമ്പികളിൽ
അലക്കി വിരിച്ചിട്ട തുണികൾ
ചിറകുകളായ് വീശി വീശി
നഗരം നിന്നെയും കൊണ്ട്

അതീവ സ്വകാര്യമായി
Oപ്പെന്ന്

പറന്നുപൊങ്ങുന്നതു നീ കാണും.
നീ വരക്കാൻ പോകുന്ന
പുതിയ ചിത്രത്തിലേക്ക്.

എല്ലാ ദിവസവും
ഇതേ സമയത്ത്.

നിത്യജീവിത പ്രാരാബ്ധങ്ങളിൽ പെട്ട് ചിത്രംവര മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രയാസങ്ങളെപ്പറ്റിയും തനിക്കു വരയാനുള്ള ചിത്രങ്ങളെപ്പറ്റിയുമെല്ലാം ഞങ്ങൾ അന്ന് സംസാരിച്ചതിന്റെ അടയാളങ്ങൾ ഈ കവിതയിലുണ്ടാവാമെന്നു ഞാൻ കരുതുന്നു.

തന്റെ പണിയാലയിൽ വെച്ച് ഒരു ഷർട്ടിൽ മലയാള അക്ഷരങ്ങളെഴുതി അയാളെനിക്കു സമ്മാനിച്ചു. മുരളി കൈകൊണ്ടെഴുതിയ ഈരടികൾ ചിത്രിതമായ ടീഷർട്ടുകൾ പട്ടാമ്പി കവിതാ കാർണിവലിലെ ഒരാകർഷണമായിരുന്നു. ലോകമേ തറവാട് പ്രദർശനത്തിലും മുരളിയുടെ വസ്ത്രകല കൊളുത്തുകളിൽ തൂങ്ങിക്കിടക്കുന്നു.

കുറേക്കാലമായി മുരളി വരച്ചു കൊണ്ടിരിക്കുന്ന നഗര നിലക്കാഴ്ച്ചകളുടെ രണ്ടാം ഭാഗമായ കെട്ടിടങ്ങളുടെ ശ്രേണിയിൽ പെട്ട ചിത്രങ്ങളും ആലപ്പുഴയിൽ കണ്ടു. ആദ്യ ഭാഗമായ മെഷീൻ ശ്രേണിയിൽ പെട്ട ഒരു ചിത്രമായിരുന്നു , ഞാൻ എഡിറ്റുചെയ്ത തിളനില ഒന്നാം ലക്കത്തിന്റെ (2016) മുഖപടം.

ലോകമേ തറവാട്ടിൽ മുരളിയുടെ ചിത്രങ്ങളുടെ നിരയിലിരുന്ന്, ഒരു പക്ഷേ പുതിയൊരു ചിത്രശ്രേണിക്കു തുടക്കമായേക്കാവുന്ന ഈ ചിത്രം എന്നെ നോക്കുന്നു.

9
നമ്മുടെ പുതിയ ചിത്രകാരന്മാർക്ക് വരക്കാൻ ഏറ്റവും ഇഷ്ടമുള്ള പഴമാണ് ചക്ക എന്നു തോന്നാറുണ്ട്. രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പൊഴോ ആണെന്നോർക്കുന്നു എറണാകുളത്തു വെച്ച് ശോശാ ജോസഫിന്റെ ചക്കച്ചിത്രങ്ങൾ കണ്ടെത്. അന്നത് വളരെ സ്വാധീനിക്കുകയുണ്ടായി. വി.എം.ഗിരിജയും അനിത തമ്പിയും ആ ചിത്രങ്ങളെ മുൻനിർത്തി കവിതകളുമെഴുതി.

പിന്നീടൊരു ചക്കച്ചിത്രം വിസ്മയിപ്പിച്ചത് രാജൻ കൃഷ്ണന്റേതാണ്. വലിയ പ്ലാവിൽ നിറ നിറയെ ചക്കകൾ....

ലോകമേ തറവാട്ടിലും ചക്ക ചിത്രിതമായ പല ചിത്രങ്ങൾ കണ്ടു. അവയിൽ പെട്ട ഒന്നാണ് ഷിനോജ് ചോറന്റെ ഈ ചിത്രം. എന്നാൽ ചക്ക ചിത്രതമായതു കൊണ്ടല്ല ഇതെന്നെ ആകർഷിച്ചത്. മറിച്ച് കോവിഡ് കാലത്തെ ഒറ്റപ്പെടലും പരസ്പര വിനിമയവും ഇയാളുടെ ചിത്രങ്ങളിൽ സ്വാഭാവികമായും ചിത്രിതമായിരിക്കുന്നു എന്നതുകൊണ്ടാണ്.നീട്ടിപ്പിടിച്ച കൈകളിലെ കത്തിമുനകൾ മാത്രമല്ല, ചക്കമുറികളുടെ പാരസ്പര്യവും അവക്കിടയിലെ വിടവും ചക്ക മുറികൾക്കു പിന്നിൽ മറഞ്ഞ തലകളും ആ കുമ്പകളും ഇരു ചക്കമുറികളുടെയും വാൽഞെട്ടുകൾ പോലും (ഒരു ചക്കക്ക് രണ്ടു ഞെട്ടുകൾ ?) പറയാനാവാത്തതെന്തോ പറയാൻ ശ്രമിക്കുന്നപോലെ ....(ഈ ചിത്രത്തെക്കുറിച്ച് FB യിൽ എഴുതിയപ്പോൾ ചിത്രത്തിലെ രണ്ടു മനുഷ്യ രൂപങ്ങളും ഒന്നു തന്നെയെന്നും ഒന്നിന്റെ തന്നെ കണ്ണാടിക്കാഴ്ച്ചയാണ് മറു രൂപമെന്നും ഒന്നുരണ്ടു പേർ പ്രതികരണമായി എഴുതിയത് വളരെ ശരിയാണെന്ന് എനിക്കു തോന്നി)

10
വെളിച്ചത്തെക്കുറിച്ചുള്ള സകല കവിതകളും ഊറിക്കൂടുന്ന ഒരിടം സങ്കല്‌പിക്കാമെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം അതൊരു ചിത്രസ്ഥലമായിരിക്കും.

വെളിച്ചത്തെക്കുറിച്ചുള്ള കവിതകൾ ഒഴുകി നിറഞ്ഞിരിക്കുന്നു ടോം വട്ടക്കുഴിയുടെ ലോകമേ തറവാട് ചിത്രങ്ങളിൽ

അതിൽ രണ്ടു ചിത്രത്തടങ്ങൾ ഇതാ. റെഡ് ഓക്സൈഡ് തേച്ചുരച്ചു മിനുസം വരുത്തിയ നിലത്തു നിഴലിക്കുന്ന വെളിച്ചം ഉള്ളിലെ മറ്റൊരു കാലത്തിന്റെ വെളിച്ചമായും മാറുന്നു. അതെ, അകവും പുറവും വെളിച്ചത്തിലൊന്നായിത്തീരുന്നു.

11
രതീദേവി എന്ന ചിത്രകലാ അദ്ധ്യാപികയുടെ കൂടെ ഏതാനും മാസങ്ങൾ  കാക്കനാട്ടെ ഒരു വിദ്യാലയത്തിൽ 2004 - 2005 കാലത്ത് ജോലി ചെയ്തിട്ടുണ്ട് ഞാൻ. അന്ന് അവരുടെ ആർട് ക്ലാസ് റൂം കുട്ടികൾക്ക് വളരെ പ്രിയങ്കരമായിരുന്നു എന്നോർക്കുന്നു. നിറങ്ങളും രേഖകളും കൊണ്ട് ക്ലാസ് റൂമിനെ ഒരു ഉമ്മറമാക്കി കുട്ടികളെ ചിത്രകലയിലേക്കു സ്വാഗതം ചെയ്യുകയായിരുന്നു ആ അദ്ധ്യാപിക.

ഈ പ്രപഞ്ചത്തെത്തന്നെ ഒരുമ്മറമായി, പൂമുഖമായി, മുന്നിൽ നിർത്തുന്നു രതീദേവീ പണിക്കരുടെ ഈ ചിത്രം. ലോകമേ തറവാട്ടിന്റെയും ഉമ്മറം തന്നെ ഈ ഉമ്മറം.

വീട്ടുമ്മറങ്ങളെല്ലാം നിശ്ശബ്ദം തണുത്തു പോയ കാലത്ത് ഉമ്മറം എന്ന സാധ്യതയെ വർണ്ണശബളതയോടെ ഓർമ്മിപ്പിക്കുന്നു ഇത്.

12
അത് വീഴുമോ?
താഴെ നിൽക്കുന്ന മനുഷ്യർ അടിയിൽ ഞെരിഞ്ഞമരുമോ?
വീഴുമെന്നറിഞ്ഞിട്ടും അവരിങ്ങനെ നിന്നു നോക്കുന്നതെന്ത് ?
ഭയമോ കൗതുകമോ ആരാധനയോ നിർവികാരതയോ അവരുടെ മുഖത്ത്?
അവരുടെ കണ്ണുകൾ അന്ധമായിപ്പോയോ?
അവർ അതു കാണാനായി സ്വയമങ്ങനെ വരി നിന്നതോ, അതോ മറ്റാരെങ്കിലും വരിയായി നിർത്തിയതോ ?
അത് തനിയേ വീഴുന്നതാണോ?
ആരോ തള്ളി മറിച്ചിടുകയല്ലേ അതിനെ?
വ്യവസ്ഥയാണോ മനുഷ്യനെ ഇങ്ങനെ വരി നിർത്തുന്നത് ?
അവർ എന്തു പണിയെടുത്താണു ജീവിക്കുന്നത്?
ഒരേ പോലുള്ള ആ നിര വീടുകളിൽ നിന്നു വരുന്നവരാണോ ഇവർ?
അത് വീണാൽ ആ നിര വീടുകളും തകർന്നു പോകില്ലേ?
അവർ താൽക്കാലികമായി താമസിക്കുന്ന ഷെഡ്ഡുകളല്ലേ അവ?
എവിടുന്നാണ് അവർ അവിടേക്കു വന്നത് ?
അതിനടിയിൽ അവരും അവർ തങ്ങുന്ന പാർപ്പിടങ്ങളും ഞെരിഞ്ഞമർന്നാൽ അവശേഷിച്ചവർ എവിടേക്കു പോകും?
നഗരങ്ങളിലേക്ക്?
അവിടെ അവർ എങ്ങനെ ജീവിക്കും?
എവിടെ താമസിക്കും?
ഇതു പോലുള്ള മറ്റൊരു നിര വീട്?
ഞാൻ ഇറങ്ങി വന്ന ഷെഡ്ഡ് ഇപ്പോൾ അവിടെയുണ്ടോ?
അതിതാ വീഴുന്നു.ഞാനെവിടേക്കു രക്ഷപ്പെടും?

ആലപ്പുഴയിലെ ലോകമേ തറവാട്ടിൽ ജിജി സക്കറിയയുടെ ശില്പങ്ങൾ പ്രദർശിപ്പിച്ച ഹാൾ.ആശങ്കകൾ മാത്രം ഇരമ്പുന്നു ഈ ശില്പങ്ങൾ കണ്ടു നിൽക്കുമ്പോൾ ... ആ മുരൾച്ചയിൽ ശില്പത്തിന്റെ മൗനം പിളരുന്നു.

13
പെണ്ണിന്റെ നോട്ടം പ്രധാനമായിരിക്കുന്നു ലോകമേ തറവാട്ടിൽ. സ്വകാര്യമായ ഡയറിക്കുറിപ്പുകളെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ തൊട്ട് ഉച്ചത്തിൽ പ്രഖ്യാപിക്കുന്ന ചിത്രങ്ങൾ വരെ ചിത്രകാരികളുടേതായുണ്ട്. വളരെ ശ്രദ്ധേയരായ ഇത്രയേറെ ചിത്രകാരികൾ നമുക്കുണ്ട് എന്നതു തന്നെ അഭിമാനത്തോടെ എടുത്തു പറയണം. മലയാളിയുടെ പൊതുവീക്ഷണത്തെ പെൺമ ആഴത്തിൽ സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു എന്നത് കേരളീയ സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റം തന്നെയാണ്. ആമി ആത്മജ, ഹെൽനാ മരീൻ ജോസഫ്, സൂരജ കെ.എസ്, ശാന്തി ഇ.എൻ, കവിത ബാലകൃഷ്ണൻ, ലീനാ രാജ്, ബിന്ദി രാജഗോപാൽ, ദീപ്തി പി വാസു, ശ്രീജ പള്ളം തുടങ്ങിയ ചിത്രകാരികളുടെ വർക്കുകൾ ഈ ലോകത്തെ വ്യത്യസ്തമായി നോക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.

14

ആന്റോ ജോർജ് ഒരു ചിത്രത്തിൽ വരച്ചിരിക്കുന്നത് കുന്നിൻ മോളിലെ പാറയും അതിനുമേൽ നിൽക്കുന്ന രണ്ടു പെൺകുട്ടികളെയുമാണ്. അസ്തമയത്തിലാറാടി നിന്ന താഴ് വര നോക്കുന്ന രണ്ടു ജീവബിന്ദുക്കളായി ഞാനവരെ കാണുന്നു. "അനിയത്തീ നീയെന്നെ മറന്നോ" എന്നു ചെമ്പകപ്പൂവിറുക്കാനെത്തുന്ന പെൺകുട്ടിയോടു നാളെ ചോദിക്കുക ഇതിലെ മുതിർന്നവളായിരിക്കുമോ?

അസ്തമയകാന്തി ചിത്രകാരൻ വരച്ചിട്ടേ ഇല്ല. വരച്ചത് പാറയും മേഘങ്ങളും മരങ്ങളും മാത്രമാണ്. എന്നിട്ടും പാറമേലും മേഘത്തിലും പുരണ്ട ആ ചായത്തിൽ നിന്ന് അസ്തമയപ്രഭ പരക്കുന്നു. കാരണം ആ ചായം ചായവെള്ളത്തിൽ നിന്നുണ്ടാക്കിയതാണ്.

ടീ വാഷുകൊണ്ടൊരു സ്വർണ്ണ സായന്തനം.
ചിത്രം ആലപ്പുഴയിലെ ലോകമേ തറവാട്ടിൽ.

15

ഗൃഹാതുരത ചെടിപ്പു തന്നെ. എന്നാൽ ഒരു ചിരി കലരുന്ന പക്ഷം ഗൃഹാതുരമായ ഏത് ഓർമ്മയും ആസ്വാദ്യമാവും. ഒരിളം ചിരി കലരുമെങ്കിൽ ഗൃഹാതുരമായ ഓർമ്മകളെക്കുറിച്ചെഴുതാനും ഇഷ്ടമാണ്.

1980 കളിലെ കുട്ടിക്കാലമാണ് സുനിൽ പൂക്കോട് വരച്ചിട്ടുള്ളത് എന്നാണ് അക്കാലത്തു കുട്ടിയായിരുന്ന എനിക്കു തോന്നിയത്. ആ കാലത്തിന്റെ കുട്ടിത്തത്തെ ചിരി കലർത്തി വരച്ചിരിക്കുന്നു ഇവിടെ. ഇവ പെയിന്റിങ്ങുകളാണ്. കാർട്ടൂണുകളോ കാരിക്കേച്ചറുകളോ അല്ല. എന്നാൽ നിർമ്മലമായ ചിരിയുണ്ട് വരയിലും വർണ്ണത്തിലും. ജനപ്രിയ കലാരീതിയെ ഭംഗിയായി ഉപയോഗപ്പെടുത്തിയിരിക്കുന്നു ഇവിടെ. മനോരമയിലും മംഗളത്തിലുമൊക്കെ വന്നിരുന്ന ചിത്രങ്ങൾ കൂടിച്ചേർന്നതാണ് അന്നത്തെ ബാല്യത്തിന്റെ ചന്തം. അത്തരം ജനപ്രിയവരകൾ ഓർമ്മയിൽ വന്നു ഇതു കണ്ടപ്പോൾ. കുട്ടിക്കാലത്തിന്റെ കഥ പറയുന്ന ചിത്രങ്ങൾ.

ഈന്തോലകൊണ്ടലങ്കരിച്ച കല്യാണപ്പുരയിലെ ഈ രംഗം എന്റെ ബാല്യത്തിൽ നിന്നു കൂടി പൊങ്ങി വരുന്നതാണ്.

16

ഏതമൂർത്തതയിൽ നിന്നും മൂർത്തതയേയും അരൂപത്തിൽ നിന്നു രൂപങ്ങളേയും കണ്ടെടുക്കാനുള്ള വെമ്പൽ മലയാളി ഭാവനയുടെ പ്രത്യേകതയാണെന്നു തോന്നാറുണ്ട്. അമൂർത്തത സങ്കല്‌പിക്കുന്നതിനേക്കാൾ നമുക്കിഷ്ടം മൂർത്തതയെ സങ്കല്പിക്കാനാണെന്നും. അമൂർത്ത ചിത്രകലയെ ഉൾക്കൊള്ളാൻ നമുക്കു വേണ്ടത്ര കഴിഞ്ഞിട്ടില്ലെന്നും തോന്നാറുണ്ട്. രേഖകളോടും രൂപങ്ങളോടും മൂർത്തതയോടുമുള്ള ഈ ചായ് വ് ലോകമേ തറവാട്ടിലെ ചിത്രങ്ങളിലും പൊതുവേ പ്രകടമാണ്.

ഇതാ അമൂർത്തമാവാൻ വെമ്പുന്ന ഒരു ചിത്രം. ഗിരീശൻ ഭട്ടതിരിപ്പാട് വരച്ചത്. പക്ഷേ അതിലും മൂർത്തരൂപങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു എന്റെ കണ്ണ്. അതോ മൂർത്തതയോടുള്ള എന്റെ ചായ് വിനെ തിരിച്ചറിയാൻ പ്രകോപിപ്പിക്കുകയാണോ ചിത്രം?

17

എനിക്കു മുൻപരിചയമൊന്നുമില്ലാത്ത ചിത്രകാരൻ മനോജ് വയലൂരുമായി ഫോണിൽ ഒന്നുരണ്ടു തവണ സംസാരിച്ചിട്ടുണ്ട്. അത് ചിത്രകലയെക്കുറിച്ചായിരുന്നില്ല. അദ്ദേഹം പ്രിൻസിപ്പാളായ തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിലെ ഒരു വിദ്യാർത്ഥിയെക്കുറിച്ചായിരുന്നു. 

അവൻ എന്റെ കുഞ്ഞ്. അവന്റെ വിദ്യാഭ്യാസകാര്യങ്ങളെക്കുറിച്ചുള്ള ചില ഉൽക്കണ്ഠകൾ പങ്കു വെക്കാനായിരുന്നു അദ്ദേഹത്തെ വിളിച്ചത്. അദ്ദേഹം അവിടെ പുതുതായി പ്രിൻസിപ്പാൾ പദവി ഏറ്റെടുത്തിട്ടേയുള്ളൂ. കുട്ടികളെ പരിചയമായിട്ടില്ല. കോവിഡ് കാരണം പതിവു ക്ലാസുകൾ മുടങ്ങിയിരിക്കുന്ന സമയവും. കുട്ടികളുടെ പല തരം പ്രയാസങ്ങളോട് സ്നേഹപൂർണ്ണമായ പിന്തുണ ആ സ്ഥാപനത്തിൽ വേണ്ടത്ര ഇല്ലയോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. പുതിയ പ്രിൻസിപ്പാൾ മനോജ് വയലൂരിനോടു സംസാരിച്ചപ്പോൾ എന്റെ ഉൽക്കണ്ഠകൾ അയഞ്ഞത് ആശ്വാസപൂർവം ഓർക്കുന്നു. അന്നു സംസാരിച്ചശേഷം അദ്ദേഹം അവന്റെ കാര്യത്തിൽ തുടർന്നിതുവരെയും വളരെ ശ്രദ്ധ വെച്ചു വരികയും ചെയ്യുന്നു.

നന്മയുള്ള ആ മനുഷ്യന്റെ ചിത്രങ്ങൾ ലോകമേ തറവാട്ടിൽ ഞാൻ കണ്ടു. ആർട്ടിസ്റ്റിന്റെ ഉൾമുറിവുകളടെ നിശ്ശബ്ദവേദനയാണ് ആ ചിത്രങ്ങൾ പ്രകാശിപ്പിക്കുന്നതെന്നു തോന്നി. പോളിഷ് കവി വിസ്ലാവാ ഷിംബോസ്കയുടെ നോബേൽ സ്വീകരണപ്രഭാഷണത്തിൽ കവിയുടെ വിരസമായ എഴുത്തുമുറിയെ ചിത്രകാരുടെ നിറപ്പകിട്ടുള്ള മുറിയുമായും സംഗീതജ്ഞരുടെ നാദവീചികളുയരുന്ന പരിശീലനമുറിയുമായും താരതമ്യം ചെയ്തിട്ടില്ലേ? അതിന്റെ മറുപുറമായി ഞാനീ ചിത്രങ്ങൾ കണ്ടു. കലാകാരൻ അനുഭവിക്കുന്ന കയ്പൻ വൈരസ്യത്തെ ടാബ്ലോയുടെ നാടകീയശോഭ നൽകി വിരുദ്ധോക്തിയാക്കി മാറ്റുന്നു, എന്റെ കണ്ണിലീ ചിത്രങ്ങൾ.

ചിത്രകലാ വിദ്യാർത്ഥിയായ മോന്റെ പ്രയാസങ്ങൾ കലാകാരന്റെ മനസ്സിനെക്കുറിച്ച് ആധികൊള്ളുന്ന കലാധ്യാപകൻ കൂടിയായ ആ ചിത്രകാരൻ അനുഭാവപൂർണ്ണം പരിഗണിക്കുന്നത് തീർത്തും സ്വാഭാവികമെന്ന് ഈ ചിത്രങ്ങൾ എന്നോടു പറഞ്ഞു.

18

"എവിടേക്കു പോകും ഞാൻ? ഒരു തരം നീലക്കു നേരെ? മഞ്ഞയും പച്ചയും കൂടെക്കരുതണോ? നിറങ്ങളെയും കോമാളിത്തങ്ങളെയും ഞാൻ കൂട്ടിക്കലർത്തും. എന്നിട്ടതു നദികളിലൊഴിക്കും. നദികൾ നിറപ്പകിട്ടോടെയൊഴുകട്ടെ. കുളിക്കാൻ വരുന്ന ഭാര്യമാരും പെൺമക്കളും നിറപ്പകിട്ടോടെ വീട്ടിലേക്കു മടങ്ങട്ടെ. നദിയിൽ നിന്നു മടങ്ങുന്ന വഴി അവർ ചിതറുന്ന ചിരി പുല്ലു നിറഞ്ഞ വെളിമ്പരപ്പാകട്ടെ. അവിടെ ചുറ്റിക്കറങ്ങാൻ നിരാശയെ ഞാൻ കൊണ്ടുവരും. ഏറെക്കാലം മുമ്പു പൊട്ടിപ്പോയ മാലയിലെ മുത്തുകൾ വീണത് ആ പുല്ലിനിടയിൽ കണ്ടെത്താൻ കഴിയുമെന്ന് നിരാശക്കും എനിക്കും ഉറപ്പുണ്ടായിരിക്കും. ഞങ്ങൾ രണ്ടും പുല്ലിലിരിക്കും. ഇനിയധികം നേരം ഞാൻ നിന്നോടൊപ്പം കഴിയില്ല എന്ന് അറിയാൻ നിരാശയെ ഞാൻ അനുവദിക്കും".

ബംഗാളി കവി ജോയ് ഗോസ്വാമിയുടെ, തലക്കെട്ടില്ലാത്ത ഈ കവിത പല തവണ വായിച്ചിരിക്കേ, ലോകമേ തറവാട്ടിൽ നിന്നു ഫോണിൽ പകർത്തിയ ഒരു തുടർച്ചിത്രത്തിലെ രണ്ടു ചിത്രങ്ങൾ ഒപ്പം മനസ്സിൽ വന്നു. ചിത്രകാരി ബിന്ധി രാജഗോപാൽ.

പച്ചയും ഇരുട്ടും പെൺമയും കൂട്ടിക്കലർത്തി നദിയിൽ, കായലിൽ, കുളത്തിൽ പകരുന്നു ചിത്രകാരി. വെള്ളത്തിൽ മുങ്ങി നിവരുന്നവൾ കവിതയിലെപ്പോലെ നിറപ്പകിട്ടോടെ വീട്ടിലേക്കു മടങ്ങുമോ? അവളുടെ ചിരി ചിതറി പച്ചപ്പുൽപ്പരപ്പാകുമോ?

19

ഡി.സി.ബുക്സ് അടുത്തിടെ പ്രസിദ്ധീകരിച്ച ഗോത്രകവിത എന്ന പുസ്തകത്തിന്റെ മുഖചിത്രം എം.ആർ.രമേഷിന്റെ പെയിന്റിങ് ആണ്. വയനാട്ടിലെ ആദിവാസി ഗോത്രത്തിൽ നിന്നുള്ള ചിത്രകാരനാണ് രമേഷ്. ചിത്രങ്ങളും കുറിപ്പുകളുമടങ്ങുന്ന തോട എന്ന പുസ്തകത്തോടെയാണ് രമേഷിനെ ഞാൻ അറിയുന്നത്.  ഗോത്രകവിത എന്ന കൃതിയുടെ പിന്നണിയിൽ പ്രവർത്തിച്ച സമയത്ത് രമേഷുമായി ഫോണിൽ സംസാരിച്ചിട്ടുമുണ്ട്.

ആദിവാസി വിഭാഗത്തിൽ നിന്നുള്ള കലാകാരന്മാരുടെയും കവികളുടെയും ശക്തമായ കടന്നുവരവ് മലയാളി ഭാവുകത്വത്തിൽ സൂക്ഷ്മമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. രമേഷിന്റെ ചിത്രങ്ങളും അശോകൻ മറയൂർ, സുകുമാരൻ ചാലിഗദ്ധ , അജയൻ മടൂർ, ധന്യ വേങ്ങച്ചേരി, സുരേഷ് മഞ്ഞളമ്പര, പി.ശിവലിംഗൻ, ശാന്തി പനക്കൻ, ആർ.കെ. അട്ടപ്പാടി, മണികണ്ഠൻ, പ്രകാശ് ചെന്തളം, കെ.എ. രാമു എന്നിവരുടെയെല്ലാം കവിതകളും എന്നെപ്പോലൊരാളെ ഇന്നേറെ സ്വാധീനിക്കുന്നു.

ഗോത്രകവിതയുടെ മുഖമായി വന്ന ചിത്രം ലോകമേ തറവാട്ടിൽ ഞാൻ വീണ്ടും കണ്ടു. സവിശേഷമായ സൗന്ദര്യബോധത്തിൽ നിന്നുരുവായ മറ്റു ചിത്രങ്ങളും. തന്റെ സംസ്കാരപാരമ്പര്യത്തെ സൗന്ദര്യാനുഭൂതിയാക്കി മാറ്റുന്ന ഒരു ചിത്രം ഇതാ.

20

ലക്ഷ്യമില്ലാതെയലഞ്ഞലഞ്ഞ് മലമടക്കിലെ ഒരു വിദൂരഗ്രാമത്തിൽ ഒരു മൂവന്തി നേരത്ത് എത്തിച്ചേരുന്നതിന്റെ അത്ഭുതമാണ് യാത്രകളിൽ നിന്ന് ഞാൻ സങ്കല്പിക്കാറുള്ള ഏറ്റവും വലിയ സന്തോഷം. 

ഒരു വളവു തിരിഞ്ഞതും മരങ്ങൾ

കുറിയവയായിലകൾ ചുരുണ്ടിരുണ്ടു

ഒരു വളവു തിരിഞ്ഞതും ചുവപ്പൻ

സുമനിര മാറി വെളുത്ത പൂക്കളായി ....

എഴുത്തിലൂടെ കിട്ടുന്ന ആനന്ദവും ഇതു പോലെയാണ് എന്ന് കുറേക്കഴിഞ്ഞാണ് ഞാൻ തിരിച്ചറിഞ്ഞത്. എഴുത്തിന് ഒരൊഴുക്കു കിട്ടിയ സമീപകാലത്തു മാത്രം. എഴുതിയെഴുതി എവിടെയെങ്കിലുമൊക്കെയെത്തുക എന്നതിൽപരം ആനന്ദം വേറെന്ത്?

ചിത്രകാരും ആ ആനന്ദം തന്നെയാവും അനുഭവിക്കുന്നത്. എന്റെ സുഹൃത്ത് ബസന്തിൽ ഞാനാ ആനന്ദം നേരിട്ടു കണ്ടിട്ടുണ്ട്. പട്ടാമ്പി കോളേജിൽ പ്രീ ഡിഗ്രിക്ക് ഞങ്ങൾ സഹപാഠികളായിരുന്നു. അന്ന് വസന്ത് പെന്നു കൊണ്ട് കടലാസിൽ വരച്ചു തന്ന ഒരു ചിത്രം ഞാനെന്റെ വീട്ടിലെ ചുമരിൽ പതിപ്പിച്ചത് വീടു പൊളിച്ചു മാറ്റും വരെയും അവിടെയുണ്ടായിരുന്നു. വസന്ത് പിന്നീട് ചിത്രകല പഠിക്കുകയും ചിത്രകാരൻ എന്ന നിലയിൽ പ്രസിദ്ധനാവുകയും ചെയ്തു. വാട്ടർ കളറിൽ ബസന്ത് പണ്ടു ചെയ്ത പ്രകൃതിദൃശ്യങ്ങൾ എന്റെയുള്ളിലിപ്പോഴുമുണ്ട്. വളരെ വേഗത്തിൽ ബസന്ത് പെരിങ്ങോട് വരക്കുന്നതു കണ്ടു നിൽക്കുന്നതു തന്നെ ആനന്ദകരമാണ്. എന്തൊരൊഴുക്കും വേഗതയുമാണാ യാത്രക്ക്! വരച്ചു വരച്ച് ബസന്ത് ഒരു ചിത്രത്തിലേക്കു പെട്ടെന്നങ്ങ് എത്തിപ്പെടുന്ന പോലെയാണ് എനിക്കു തോന്നാറ്. വരച്ചു വരച്ച് ഒരിടത്തെത്തുമ്പോഴത്തെ വിസ്മയം കലർന്ന ആ ആനന്ദം പോലൊരാനന്ദം എഴുതിയെഴുതി അനുഭവിച്ചറിയാൻ എനിക്കു പിന്നെയും വർഷങ്ങൾ വേണ്ടി വന്നു.

മൂന്നാലു കൊല്ലം മുമ്പ് ദർബാർ ഹാളിൽ വെച്ച് ബസന്തിന്റെ ഒരു ചിത്രം ( മഴയത്ത് കാട്ടിൽ ഒരു കാർ നിൽക്കുന്നത് ) കണ്ടപ്പോൾ ഞാൻ പെട്ടെന്ന് സ്വീഡിഷ് കവി തോമസ് ട്രാൻസ് ട്രോമറിന്റെ ഒരു കവിതയിലാണ് എത്തിയത്. ഉൾമഴകൾ എന്ന ആ കവിതയിലും കാട്ടിൽ മഴയത്തകപ്പെട്ട ഒരു കാറുണ്ടായിരുന്നു.

അടുത്തിടെ ബസന്തിന്റെ FB ചുമരിൽ വന്ന ഹിമാലയ ചിത്രങ്ങളുടെ ഭംഗി ഉള്ളിലിപ്പൊഴും. 

ലോകമേ തറവാട്ടിലെ ചിത്രങ്ങളിൽ എനിക്കപരിചിതമായ മറ്റൊരിടത്ത് ബസന്തെന്നെ എത്തിച്ചിരിക്കുന്നു. വേറെ ഏതോ ഒരിടത്ത് പെട്ടെന്നെത്തിപ്പെട്ടതിന്റെ ആ സംഭ്രമം തന്നെയാണ് എന്റെ ചങ്ങാതി ഇവിടെ വരച്ചിരിക്കുന്നത് എന്നു തോന്നിപ്പോകുന്നു.

ഈ കുറിപ്പിൽ വസന്തും ബസന്തും മാറി മാറി പ്രയോഗിച്ചിട്ടുണ്ട്. വസന്ത് എന്റെ കൂടെ പഠിച്ച ആ പഴയ പയ്യനാണ്. ബസന്ത് ഇന്നറിയപ്പെടുന്ന ചിത്രകാരനും.

21

ആലപ്പുഴ ലോകമേ തറവാട്ടിൽ കണ്ട കുറച്ചു ചിത്രങ്ങളെപ്പറ്റി എഴുതി നിർത്തി കുറേ ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും വീണ്ടും ഓർമ്മയിലേക്കു പൊന്തിവരുന്നു ഈ ചിത്രം.

മറ്റൊരാൾ വരച്ച ചിത്രമായിട്ടല്ല, എന്റെ തന്നെ ഉള്ളിൽ നിന്നും പൊന്തി വരുന്ന ആദിരൂപങ്ങളായിട്ടാണ് മിഥുൻ മോഹന്റെ ഈ 'മാനിമൽ' ചിത്രം തെളിയുന്നത്. ഈ രൂപങ്ങളുടെ ഘനത്വമല്ലാതെ മറ്റെന്താണ് എന്റെ ഇന്നത്തെ ദിവസം? ഈ ഇരിപ്പിന്റെ ഇരുത്തമല്ലാതെ മറ്റെന്താണ് എന്റെ ഇന്നത്തെ ഇരുത്തം? ഈ ചിന്തയല്ലാതെ മറ്റെന്താണ് എന്റെ ഇന്നത്തെ ചിന്ത?

ഡാനിയേൽ ജോൺസ് കവിതകൾ

 കാനഡയിലെ കവിയും നോവലിസ്റ്റുമാണ് ഡാനിയേൽ ജോൺസ്(1959-1994) ടൊറൻ്റോ നഗരത്തിലായിരുന്നു അദ്ദേഹം ജീവിച്ചത്. മുപ്പത്തഞ്ചാം വയസ്സിൽ ജീവിതമവസാനിപ്പിച്ചു.ഒരേയൊരു കവിതാ സമാഹാരം മാത്രം.1985-ലിറങ്ങിയ അതിൻ്റെ പേര്  'ധീരൻ ഒരിക്കലും കവിതയെഴുതില്ല'. അദ്ദേഹത്തിൻ്റെ രണ്ടു കവിതകൾ:


1

ടൊറൊൻ്റോ നഗരത്തിൽ

നല്ല കവിതകളെഴുതപ്പെടാത്തതെന്ത്?


ചിലർ ടാക്സി കാറുകളിലിരുന്നു കവിതയെഴുതും

അല്ലെങ്കിൽ ലൈബ്രറികളിൽ

ചിലർ സർവകലാശാലാ ക്ലാസ് മുറികളിൽ

ചിലർ നഗരനിരത്തുകളിലൂടെ നടക്കുമ്പോൾ

സ്വന്തം കവിതയാലോചിക്കും

പിന്നീടെപ്പൊഴെങ്കിലും മേശപ്പുറത്തു വെച്ചതെഴുതും.

അല്ലെങ്കിൽ തുറമുഖത്തിനടുത്ത ബാറിൽ

വിലപിടിച്ച ബിയറിനു മുന്നിലിരുന്ന്.

മറ്റു പലരും കവിതകളെഴുതുന്നു,

ഒറ്റപ്പെട്ട പാർപ്പിടങ്ങളിലെ ജനാലയ്ക്കലിരുന്ന്.

ഏകാന്തമായ കാപ്പിക്കപ്പുകൾക്കു മുന്നിൽ.

ഇണയുടെ കിടക്ക വിട്ടു പോയി

രാത്രി വൈകി 

സ്വന്തം കവിതയെഴുതുന്നവരുമുണ്ട്.


എന്നാൽ നന്നല്ലൊരിക്കലുമാക്കവിതകളൊന്നും.


നല്ല കവിതകളെഴുതപ്പെടുന്നു

അതിരാവിലെയൊരു മേശമേൽ

ഒരു ഗ്ലാസ് ബ്രാണ്ടിക്കു മുന്നിൽ

അല്ലെങ്കിൽ ഒരിറക്കു ബിയറിന്നു മുന്നിൽ.

പക്ഷേ ടൊറോൻ്റോ നഗര ബാറുകൾ തുറക്കില്ല

രാവിലെ പതിനൊന്നിനു മുമ്പ്.

ചിലത് ഉച്ചയ്ക്കു മുമ്പും.

തെരുവുകളിൽ രാവിലെത്തന്നെ

ക്യൂ നിൽക്കുന്നുണ്ട് നമ്മുടെ മികച്ച കവികൾ.

അവർ സ്വന്തം കവിതയെഴുതാൻ ശ്രമിക്കുമ്പൊഴോ

എപ്പൊഴുമുച്ചത്തിലാകുന്നു റോക്ക് ബാൻ്റ്.


2


ജീവിതം രസതന്ത്രത്തിലൂടെ, അതാണു നല്ലത്.


ടൊറൊൻ്റോ നഗരം എന്നെ പിടികൂടാൻ തുടങ്ങി.

ഞാനകപ്പെട്ട പോലെ തോന്നി, മടുപ്പായി,

മാരകമായി,

ഒരു ഡോക്ടറെച്ചെന്നു കണ്ടു.

"എന്താണ് പ്രശ്നമായിത്തോന്നുന്നത്?"

അങ്ങേർ ചോദിച്ചു.

"ഇതാ, ഏതാണ്ടിങ്ങനെ" ഞാൻ പറഞ്ഞു

"ഞാൻ കണ്ടുമുട്ടുന്ന എല്ലാവരും

ഇപ്പോൾ കവിതയെഴുതിക്കളയും എന്നു തോന്നിക്കുന്നു.

എല്ലാടത്തുമുണ്ട് അവർ.

അവരെന്നെ ശ്വാസം മുട്ടിക്കുന്നു.

എന്തൊരു കഷ്ടമാണ്, നിങ്ങൾക്കറിയില്ല"

ഡോക്ടർ കസേരയിൽ ചാഞ്ഞ്

കണ്ണടച്ചു.

അല്പം കഴിഞ്ഞ് അയാൾ

പരിഭ്രാന്തനായി മുരളാൻ തുടങ്ങി:

"ഉം ...

സ്കിസോഫ്രീനിയ......... സ്റ്റെലാസിൻ...."

അയാൾ ഒരു കുറിപ്പെഴുതി, 

എൻ്റെ കൈ പിടിച്ചുകുലുക്കി

എന്നിട്ടു തൻ്റെ നോട്ടുബുക്കിലേക്കു മടങ്ങി.

പുറത്തു കടക്കുമ്പോൾ ഞാനൊന്നു നോക്കി,

അയാൾ കവിതയെഴുതുകയാണ്.

ഞാൻ മെഡിക്കൽ ഷാപ്പിലേക്കോടി.


ഏതാനും ആഴ്ച്ച കഴിഞ്ഞ്

ഞാനൊരു കോഫീ ഹൗസിൽ പോയി.

മുപ്പതു പേർ അവിടിരിക്കുന്നുണ്ട്.

പച്ചിലച്ചായ കുടിച്ചു കൊണ്ട്,

മുഷിവോടെ,

നോട്ടുബുക്കുകൾക്കും ബ്രീഫ്കേസുകൾക്കും മേൽ

കുനിഞ്ഞ്.

ഓരോരുത്തരായി എണീറ്റ് മൈക്കിനടുത്തു ചെന്നു.

കടലാസു തുണ്ടുകളിൽ നോക്കി വായിച്ചു: ഒരാളുടെ ഭാര്യ അയാളെ വിട്ടു പോയിരുന്നു, മറ്റൊരുവളെ കണ്ടെത്താൻ 

അയാൾക്കു കഴിഞ്ഞില്ല. 

മറ്റൊരാൾക്ക് ഒരു ചോളക്കുല മണപ്പിച്ചതും

അസ്തിത്വപരമായ ഒരു തരം ബോധോദയമുണ്ടായി.

കണ്ണീർത്തൊണ്ടയോടെ

ഒരു സ്ത്രീ ഓർമ്മിച്ചു

അമ്മൂമ്മയുടെ മരണം.


വളരെ മനോഹരമായിരുന്നു

അവയെല്ലാം.

എനിക്ക് അത്ഭുതം തോന്നി.

ഞാൻ സ്റ്റെലാസിനെ വാഴ്ത്തിപ്പാടി.

ഒരൊറ്റ കവി പോലുമുണ്ടായിരുന്നില്ലവിടെ.

Wednesday, May 11, 2022

വായ മൗനത്തെ അറിയുന്നു

 വായ മൗനത്തെ അറിയുന്നു


രണ്ടു കൈകൾ 

ഒരു മൗനം സമ്മാനിച്ചു.

മറ്റു രണ്ടു കൈകൾ 

ഭവ്യതയോടതേറ്റുവാങ്ങി.

താങ്ങാവുന്നതിലും ഭാരമുണ്ടായിരുന്നു

അതിന്. 

ചെറിയൊരു മഞ്ഞുമല തന്നെ. 

ഭാരം താങ്ങാതെ അതു താഴെ വീണപ്പോൾ

ഏറ്റുവാങ്ങിയ കൈകൾ 

അതിനടിയിൽ പെട്ടു മരവിച്ചുപോയി.


കൈകൾ തമ്മിലുള്ള ഒരിടപാടാണ് മൗനം, 

വായക്കു മനസ്സിലായി.

Tuesday, May 3, 2022

കണ്ണാടിയുടെ മുഖം

 കണ്ണാടിയുടെ മുഖം



"നിന്റെ മുഖം ഇതല്ല"

കണ്ണാടി പറഞ്ഞു.


മുഖത്തിന് പരിഭ്രമമായി.

അതിനറിയാവുന്നേടത്തോളം

അതിന്റെ മുഖം

അതു തന്നെ.


"ഈ മുഖത്തിനടിയിൽ കാണും

നിന്റെ ശരിക്കുള്ള മുഖം"

കണ്ണാടി ചൂണ്ടിയ ആഴത്തിലേക്ക്

മുഖം ഉറ്റു നോക്കി.

അടിയിൽ നിഴലു പോലെ

എന്തോ ഇളകുന്നുണ്ടോ?

ഇളകുന്നുണ്ടോ?

അതാണോ ശരിയായ താൻ?

മുഖത്തിന് നില തെറ്റിത്തുടങ്ങി.


നോക്കി നോക്കി

മുഖത്തിന്റെ കണ്ണുകളിളകി

പുരികമിളകി

ചുണ്ടുകളിളകി

നെറ്റിയിളകി

കവിളുകളിളകി

മൂക്കിളകി

ഇളകി -

യോളങ്ങൾ പോലെയാടി.


ഇപ്പോൾ കണ്ണാടിക്കായി പരിഭ്രമം.

തന്നിൽ അഴകു നോക്കാനെത്തുന്ന

ഒരേയൊരു മുഖവും ഇല്ലാതാകുമോ,

അതു ഭയന്നു.

കണ്ണാടി പറഞ്ഞു:

"എങ്കിലും ഈ മുഖം, ഇതു മതി എനിക്ക് "


ഏതാണ്ട് ഓളങ്ങളായിക്കഴിഞ്ഞിരുന്ന

കണ്ണും കവിളും ചുണ്ടുമെല്ലാം

പതുക്കെ പഴയ പടിയായി.

മുഖം സന്തോഷത്തോടെ അഴകു നോക്കി.

കണ്ണാടി സന്തോഷത്തോടെ പ്രതിഫലിപ്പിച്ചു.