Tuesday, November 29, 2022

ഒറ്റച്ചരട്

 ഒറ്റച്ചരട്



എന്റെ വിസ്മയക്കാഴ്ച്ചകൾ കോർത്തിട്ട

ഒറ്റച്ചരടിന്റെ തുമ്പെനിക്കിന്നു കിട്ടി.


കണ്ണു ഡോക്ടറെ 

കാണാൻ പോയപ്പൊഴാണച്ഛൻ

പാലക്കാടു കോട്ട കാണിച്ചു തന്നത്

രണ്ടാമതും കണ്ണു ഡോക്ടറെക്കാണാൻ പോയപ്പോഴാണാദ്യം

അണക്കെട്ടു കണ്ടത്

മൂത്രപ്പഴുപ്പ് പരിശോധിക്കാൻ പോയപ്പോൾ

കടല്.

പല്ലു പറിച്ചു വരുമ്പോൾ

തൃശൂര് മൃഗശാല.

പൂച്ച മാന്തി സൂചിവെച്ചു മടങ്ങുമ്പോൾ

മ്യൂസിയം.........


Sunday, November 20, 2022

തെറ്റ്

 തെറ്റ്


എന്റെ തെറ്റ്

തെരുവിൽ വിസർജ്യമായിക്കിടക്കുന്നു.

സ്വപ്നം കണ്ടു നടന്നു വന്ന്

അതിൽ ചവിട്ടി

കഴുകാൻ വെള്ളം നോക്കി 

കിട്ടാതെ

അടുത്തു കണ്ട കല്ലിന്മേൽ

കാലുരച്ചുരച്ചു നടന്നു പോകുന്നുണ്ടൊരാൾ.

 ശ്രുതി



കഴുത്തിൽ തൂക്കിയിട്ടിരുന്നു വലിയ പാട്ടുപെട്ടി.

അതിൽനിന്നെന്തൊക്കെയോ ചിലതടർന്നു പോരുന്നത്

ഇടം കൈയ്യാലയാൾ തടുത്തുകൊണ്ടിരുന്നു


നോക്കിയിരുന്നപ്പോൾ അടരുകയല്ല

പെട്ടിക്കും അയാളുടെ കൈയ്യിനുമിടയിൽ

ഒരു കടൽ സാവകാശം നുരച്ചുകൊണ്ടിരുന്നു.

കൈയ്യതിരു കവിഞ്ഞു പുറത്തേക്കു വരാത്ത കടൽ.


പെട്ടിക്കും കൈയ്യിനുമിടയിലൊരാകാശം

സാവകാശം മേഘച്ചുകൊണ്ടിരുന്നു.

കൈയ്യതിരു വിട്ടു മേഘങ്ങൾ പുറത്തു വരാത്തൊരാകാശം.


പെട്ടിക്കും കൈയ്യിനുമിടയിലൊരു പട്ടണം

സാവകാശം ഇരച്ചു കൊണ്ടിരുന്നു.

അതുമാത്രമയാളുടെ കൈയ്യതിരു കവിഞ്ഞ്

മെല്ലെപ്പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു.


Friday, November 18, 2022

ബേത്തിമാരനും സുകുമാരനുമിടയിൽ

ബേത്തിമാരനും സുകുമാരനുമിടയിൽ

പി.രാമൻ


ഒരു കാലത്ത് കാവ്യകല സാമൂഹ്യമായും സാമ്പത്തികമായും മേൽക്കൈയുള്ളവരുടെ വിഹാരരംഗമായിരുന്നു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടൊടുവോടെ കവിത ഒരു പൊതുമണ്ഡലമെന്ന നിലയിൽ കേരളത്തിൽ വികസിച്ചു തുടങ്ങി. സാമൂഹ്യ-വിദ്യാഭ്യാസ രംഗങ്ങളിലുണ്ടായ മാറ്റങ്ങളാണതിനു കാരണം. കൃസ്ത്യൻ, ഇസ്ലാം മതസ്ഥരും ഈഴവ, വിശ്വകർമ്മ, ധീവര, ദളിത് തുടങ്ങിയ വിഭാഗങ്ങളുമെല്ലാം കവിത എന്ന പൊതുമണ്ഡലത്തിന്റെ ഭാഗമായി മാറി. ഓരോരോ സമൂഹവും ഓരോരോ വേഗത്തിലാണ് ഈ മാറ്റത്തിനൊപ്പം ചേർന്നത്.  ആ വിപുലനം കവിതയിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. മത, ജാതി നിലകൾ മാത്രമല്ല ലിംഗനിലയും ശാരീരിക നില ഭേദങ്ങളുമെല്ലാം ഈ വിപുലനത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് ക്വീർ കവിത ചർച്ച ചെയ്യപ്പെടുന്നത് മലയാളത്തിൽ ഈയടുത്തകാലത്തു മാത്രമാണ്. 2016 മുതൽ മാത്രമാണ് കേരളത്തിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള കവികളുടെ കവിതകൾ വ്യാപകമായി നമ്മുടെ ശ്രദ്ധയിലേക്കു വരുന്നതും കവിത എന്ന പൊതുമണ്ഡലത്തെ ചലനാത്മകമാക്കിക്കൊണ്ട് അതിന്റെ അവിഭാജ്യഭാഗമാകുന്നതും.


 ഗോത്രസമൂഹങ്ങളിൽ നിന്നുള്ള എഴുത്ത് ലാറ്റിനമേരിക്കയിലേയും യൂറോപ്പിലേയും ഓസ്ട്രേലിയയിലേയുമെല്ലാം കവിതയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട സന്ദർഭത്തിൽ തന്നെയാണ് വൈദേശിക സ്വാധീനങ്ങളൊന്നുമില്ലാതെ സ്വാഭാവികമായി കേരളത്തിലും ഗോത്ര കവിത ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലും, മുതുവാൻ, റാവുള, ഇരുള, മുഡുഗ, മുള്ളക്കുറുമ, പണിയ, മാവിലാൻ തുളു തുടങ്ങിയ പതിനഞ്ചോളം ഗോത്രഭാഷകളിലുമായി എഴുതി വരുന്ന ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ എഴുത്തുകാർ ഇന്ന് കേരള കവിതാ മണ്ഡലത്തിന്റെ ഭാഗമായിരിക്കുന്നു. ഗോത്രഭാഷകളിലുള്ള രചനകളെക്കൂടി ഉൾക്കൊള്ളും വിധം കേരള കവിത എന്ന പ്രയോഗത്തിന് ഇന്ന് കൂടുതൽ പ്രസക്തി കൈവന്നിരിക്കുന്നു. സമീപകാലത്തുണ്ടായ ഈ മാറ്റങ്ങൾക്കു നേതൃത്വം വഹിച്ച പ്രധാന കവികളിൽ ഒരാളാണ് സുകുമാരൻ ചാലിഗദ്ധ.


കേരളത്തിലെ ആദിവാസി ഗോത്രങ്ങളുടെ ജീവിതാവസ്ഥയെ മുൻ നിർത്തിയുള്ള ഒരു പുറം നോട്ടമായ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകം കെ. പാനൂർ എഴുതിയിട്ട് അരനൂറ്റാണ്ടിലേറെയായി. ഗോത്രജന ജീവിതത്തെക്കുറിച്ചുള്ള പുറം ലോകത്തിന്റെ അജ്ഞതയെക്കൂടി വെളിപ്പെടുത്തുന്നുണ്ട് ആ തലക്കെട്ട്. അമ്പതു കൊല്ലത്തിനു ശേഷം അജ്ഞതയുടെയും അദൃശ്യതയുടെയും ഇരുട്ടിനെ വെട്ടിപ്പിളർത്തി കേരളത്തിലെ ആദിവാസി ജനത ദൃശ്യത കൈവരിക്കുകയാണ് നമ്മുടെ സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളിൽ, ഗോത്രകവിതയിലൂടെ. അശോകൻ മറയൂരിന്റെയും സുകുമാരൻ ചാലിഗദ്ധയുടേയും മുഖചിത്രങ്ങളുമായി മലയാളത്തിലെ മുഖ്യധാരാ സാഹിത്യ പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്നു എന്നത് ചെറിയ കാര്യമല്ല. ഒന്നും രണ്ടും കവികളല്ല, ഏതാണ്ടമ്പതോളം പേരാണ് ഇന്ന് സജീവമായി എഴുതിക്കൊണ്ടിരിക്കുന്നത്. ഇത്രയും ഭാഷകളെ, ഇത്രയും ഗോത്രസമൂഹങ്ങളെ തന്റെ സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ നയിക്കുന്ന മുൻനിരപ്പോരാളിയാണ് സുകുമാരൻ ചാലിഗദ്ധ. സുകുമാരന്റെ ഏകോപന വൈഗ്ദ്ധ്യം 2021-ൽ പുറത്തിറങ്ങിയ ഗോത്രകവിത എന്ന ചരിത്രം കുറിച്ച സമാഹാരത്തിൽ നാം കണ്ടതാണ് (സുരേഷ് എം. മാവിലനൊപ്പം). ഇപ്പോൾ കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമാണ് ഈ എഴുത്തുകാരൻ. ഇങ്ങനെ കവി, കവിതാ അവതാരകൻ, എഡിറ്റർ, പ്രഭാഷകൻ, സാംസ്ക്കാരിക പ്രവർത്തകൻ എന്നിങ്ങനെ പല നിലകളിൽ കേരള കവിതയെന്ന പൊതുമണ്ഡലത്തെ ചലനാത്മകമാക്കുന്നു ഈ ചെറുപ്പക്കാരൻ.


ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ അശോകൻ മറയൂരിനൊപ്പം എഴുതിത്തുടങ്ങിയ കവിയാണ് സുകുമാരൻ ചാലിഗദ്ധ. അശോകൻ ഇടമലക്കുടിയിലും മറയൂരിലുമിരുന്ന് മലയാളത്തിലും മുതുവാൻ ഭാഷയിലും തന്റെ ആദ്യ കവിതകൾ എഴുതുന്ന കാലത്തു തന്നെയാണ് സുകുമാരൻ വയനാട്ടിലെ മാനന്തവാടിക്കടുത്ത് ചാലിഗദ്ധയിലിരുന്ന് മലയാളത്തിലും റാവുളയിലും തന്റെ ആദ്യ കവിതകൾ കുറിക്കുന്നത്. കവിതയെഴുതുന്ന കൗമാരപ്രായക്കാരനായ ഈ ആദിവാസി വിദ്യാർത്ഥിയെക്കുറിച്ച് പത്രങ്ങളുടെ പ്രാദേശിക പേജുകളിൽ അന്നേ സ്റ്റോറികൾ വന്നിട്ടുമുണ്ട്. 


അച്ചടി മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും തുടർന്ന് 2017-ൽ പച്ചവീട് എന്ന ആദ്യ ഗോത്രകവിതാ സമാഹാരത്തിലുമായി അശോകൻ മറയൂരിന്റെ കവിതകൾ വെളിപ്പെട്ടതിനു ശേഷം അധികം വൈകാതെ 2019 ലാണ് പട്ടാമ്പി കോളേജിൽ വെച്ചു നടന്ന കവിതാ കാർണിവലിലെ ഗോത്ര കവിതാ സെഷനിൽ സുകുമാരൻ കവിത വായിക്കുന്നതും സംസാരിക്കുന്നതും ഞാനാദ്യം കേൾക്കുന്നത്. അശോകൻ തന്നെയാണ് സുകുമാരനെ എനിക്കു പരിചയപ്പെടുത്തുന്നതും.ഒറ്റക്കേൾവിയിൽത്തന്നെ ഞാൻ സുകുമാരന്റെ ആരാധകനായി എന്നതാണ് സത്യം. അപാരമായ ഊർജ്ജമുള്ള അവതരണമായിരുന്നു സുകുമാരന്റേത്.


തന്റെ ഗോത്രത്തിന്റെയും ഭാഷയുടെയും പേര് അടിയ എന്നല്ല എന്നും റാവുള എന്നാണെന്നും  ഗോത്ര ജനതയെ ചൂഷണം ചെയ്ത പുറം നാട്ടുകാർ കൊടുത്ത അടിയ എന്ന പേര് തങ്ങൾക്ക് സ്വീകാര്യമല്ലെന്നും സുകുമാരൻ അന്ന് തുറന്നടിച്ചത് ഓർക്കുന്നു. അതിനു ശേഷം എത്ര പെട്ടെന്നാണ് സുകുമാരൻ കേരളത്തിന്റെ പ്രിയങ്കരനായ കവിയായി മാറിയത്! കാടിനേയും കാടിനോടു ചേർന്നുള്ള ഗോത്രജന ജീവിതത്തേയും സംസ്ക്കാരത്തേയും നൂറു കണക്കിനു കവിതകളിലൂടെ സുകുമാരൻ ആവിഷ്ക്കരിച്ചു. ഭാഷയിലൂടെ ഉല്ലാസവാനായി അയാൾ അലഞ്ഞു. ഗോത്രസമൂഹത്തിൽ നിന്നുള്ള ഒരാൾക്കു മാത്രം സാദ്ധ്യമായ വർണ്ണശബളമായ ഭാവനയോടെ സുകുമാരൻ എഴുതി. മൃഗങ്ങളും പക്ഷികളും മരങ്ങളും ചെടികളുമുൾപ്പെടുന്ന വനപ്രകൃതിയപ്പാടെ സുകുമാരന്റെ കാവ്യഭാഷയിൽ ശബ്ദസ്വരൂപം കൈവരിച്ചു. മൃഗങ്ങളുടെ മുരൾച്ചയും ചിന്നംവിളിയും പക്ഷികളുടെ ചിറകടിയൊച്ചയും കാട്ടിലെ മനുഷ്യരുടെ കൂവലുമെല്ലാം സുകുമാരന്റെ കാവ്യഭാഷയുടെ ഭാഗമായി. ഗദ്യത്തിലെഴുതുമ്പോഴും സുകുമാരകവിത ശബ്ദാനുഭവ പ്രധാനമായിരിക്കുന്നത് കവിയുടെ ജീവിതത്തിന് പ്രകൃതിയുമായുള്ള ജൈവബന്ധം കൊണ്ടാണ്. ആ ശബ്ദാനുഭവപരതയെ എടുത്തു കാട്ടുന്നതാണ് സുകുമാരന്റെ കവിതാവതരണങ്ങൾ.


ആദിവാസി ഗോത്രത്തിൽ നിന്നുള്ള ഒരു കവി ഇങ്ങനെയെല്ലാമാണ് എഴുതേണ്ടത് എന്നതിനെപ്പറ്റി പുറത്തു നിന്നുള്ളവർക്ക് ചില മുൻ ധാരണകളുണ്ട്. ഈ മുൻ ധാരണകളെയെല്ലാം തകർക്കുന്നവയാണ് പൊതുവേ ഗോത്രഭാഷാ കവിതകൾ - സുകുമാരന്റേത് വിശേഷിച്ചുമതെ. സാംസ്ക്കാരികവും സാമ്പത്തികവും പാരിസ്ഥിതികവുമായ അപചയങ്ങളെപ്പറ്റി സുകുമാരൻ ധാരാളമായി തന്റെ കവിതകളിൽ എഴുതുന്നുണ്ട്. എന്നാൽ അതങ്ങനെയായിരിക്കുമ്പോഴും പുറം ലോകം പ്രതീക്ഷിക്കുന്ന തരത്തിൽ ഒരു പ്രതിഷേധമുദ്രാവാക്യമാകുന്നില്ല ഒരിക്കലും ഈ കവിയുടെ എഴുത്ത്. അടിമുടി സൗന്ദര്യാത്മകമാണത്. ആനന്ദാത്മകവുമാണ്. സ്വതന്ത്ര ജീവിതത്തിന്റെ കുളിർകാറ്റ് ഈ കവിതകളിൽ വീശിപ്പടരുന്നുണ്ട്. നഗരത്തിലെത്തിയാലും സുകുമാരൻ ഭാഷ കൊണ്ടൊരു കാടൊരുക്കും.


 ഇല്ലാത്തതെല്ലാം ഭാഷയിലൂടെ ഈ കവി സൃഷ്ടിക്കും. കേരള സാഹിത്യ അക്കാദമി വയനാട്ടിൽ വെച്ചു നടത്തിയ ഗോത്രായനം ക്യാമ്പിൽ സുകുമാരൻ ഇങ്ങനെ പറഞ്ഞു: "ഞങ്ങളുടെ പൂർവികർ ജീവിച്ച പോലെ ഞാനും കാടുകേറി കാട്ടുമൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് ഇറച്ചി തിന്നാറുണ്ട്. എന്നാൽ അത് കവിതയിലാണെന്നു മാത്രം. ഞങ്ങളുടെ പൂർവികർ കഴിച്ച ഭക്ഷണം ഇന്നു ഞങ്ങൾ കഴിച്ചാൽ കുറ്റക്കാരാകും. അതുകൊണ്ട് ഞാൻ കവിതയിൽ അതു ചെയ്യുന്നു." കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാം ചർച്ച ചെയ്യുന്ന ബീഫു വിവാദത്തിന്റെ പശ്ചാത്തലത്തിൽ സുകുമാരന്റെ ഈ വാക്കുകൾക്ക് പ്രത്യേകം പ്രാധാന്യമുണ്ട്. ഭക്ഷണ സ്വാതന്ത്ര്യമുൾപ്പെടെ ആദിവാസി ജനതക്ക് എന്തെല്ലാമാണ് നഷ്ടമായത് എന്നു ചിന്തിക്കാൻ പോലും ഇക്കാലമത്രയും നാം തയ്യാറായിട്ടില്ല. അതൊരു ചർച്ചാവിഷയം പോലുമായിട്ടില്ല. ഈ സാഹചര്യത്തിൽ, ആദിവാസിക്കു നഷ്ടപ്പെട്ടതെല്ലാം ഭാഷയിലൂടെ തിരിച്ചു പിടിക്കലാണ് തന്റെ എഴുത്തെന്ന സുകുമാരന്റെ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സുകുമാരകവിതയിലെ ആനന്ദാനുഭവം പോലും ഈയർത്ഥത്തിൽ രാഷ്ട്രീയമായ ഉള്ളടക്കമുള്ളതാണെന്നു ചുരുക്കം.


ഈ പുസ്തകത്തിൽ സുകുമാരൻ തന്റെ കവിതയുടെ വേരുകളിലേക്കിറങ്ങുന്നു. താൻ വന്ന വഴികളെപ്പറ്റി പറയുന്നു. ബേത്തിമാരൻ എന്ന പയ്യൻ സുകുമാരൻ ചാലിഗദ്ധ എന്ന കവിയായി മാറിയ കഥ പറയുന്നു. സുകുമാരന്റെ വരാനിരിക്കുന്ന ആദ്യകവിതാ സമാഹാരത്തിന് നല്ലൊരു പ്രവേശികയായിരിക്കുന്നു ഈ 'ബേത്തിമാരൻ'. അതെ, ബേത്തിമാരന്റെ പിറകേ വരുന്നുണ്ട് സുകുമാരൻ ചാലിഗദ്ധ എന്ന കവി.



Tuesday, November 15, 2022

കോളിൽ പെട്ട പുസ്തകം

 കോളിൽ പെട്ട പുസ്തകം


ആ പുസ്തകം വായിച്ചു കൊണ്ടിരുന്ന കാലത്താണ്

ഞങ്ങളുടെ ജീവിതം ഇളകി മറിഞ്ഞത്.

(പുസ്തകത്തിന് അതിൽ എന്തു പങ്ക്!)

ഞാൻ വായന നിർത്തി

കണ്ണു പിൻവലിച്ച് എഴുന്നേറ്റതും

പെട്ടെന്നു വീശിയടിച്ച കൊടുങ്കാറ്റ്

പുസ്തകത്തിനെയെടുത്തു വട്ടം കറക്കി

മുകളിലേക്കു കൊണ്ടുപോയി

തിരികെ താഴത്തിട്ടു.

താഴെ വീണിട്ടും പുസ്തകം കറങ്ങിക്കൊണ്ടിരുന്നു.

ഒരു കപ്പലായിരുന്നെങ്കിൽ

അതിലെ യാത്രക്കാരെല്ലാം മരിച്ചിട്ടുണ്ടാവും.

ആ പുസ്തകത്തിലെ കഥാപാത്രങ്ങൾ ആരെങ്കിലും 

ജീവനോടെയുണ്ടോ എന്നറിയാനായി

അതിലേക്കു കടക്കാൻ ഞാൻ കൈ നീട്ടി.

എന്നാൽ അതിന്റെ താളുകൾ വിസമ്മതത്തോടെ 

ക്ഷോഭിച്ചു മറിഞ്ഞു കൊണ്ടിരുന്നു.


കാറ്റും കോളുമടങ്ങി

ഞങ്ങളുടെ ജീവിതമിതാ പിന്നെയും ശാന്തമാകുന്നു.


അതിലെ കഥാപാത്രങ്ങളാരെങ്കിലും

ജീവനോടെയുണ്ടോ?

അതു തുറക്കാനാഞ്ഞ്

മറ്റേതോ പുസ്തകം തുറന്നു.

പക്ഷേ, വായിക്കാനാകുന്നില്ല.

പേടിച്ചു പേടിച്ച് ഒടുവിലതുതന്നെ തുറന്നു.

മരവിപ്പും മൗനവുമായിരുന്നു ഉള്ളിൽ.


കുറേ കഴിഞ്ഞപ്പോൾ ഒരാൾ

പ്രത്യക്ഷപ്പെട്ടു.

അയാൾക്കു പിന്നിൽ

എനിക്കു പരിചിതമായ ശബ്ദങ്ങൾ 

കേട്ടു തുടങ്ങി.

പക്ഷേ അതു ശ്രദ്ധിക്കാൻ കഴിയാത്ത വിധം

എന്റെ തല കറങ്ങുന്നു.

അവരെല്ലാം വട്ടംകറങ്ങുന്നു.

പുസ്തകം തന്നെയും കറങ്ങുന്നു.

ദൈവമേ, അന്നത്തെ കൊടുങ്കാറ്റ്

പിന്നെയും വരികയാണോ?

ഇല്ല, അതിനി വരില്ല.

ആ പുസ്തകം വായിച്ചു തീർത്തില്ലല്ലോ

എന്ന ഖേദമായിരിക്കുമോ?

ഒരിക്കലുമിനിയതു വായിക്കാൻ കഴിയില്ലല്ലോ

എന്ന ഖേദമായിരിക്കുമോ?

Sunday, November 13, 2022

കണ്ണാടിയിൽ - ഷാങ് സാവോ (1962 - 2010)

 

കണ്ണാടിയിൽ

ഷാങ് സാവോ (ചീന, 1962 - 2010)

തന്റെ ജീവിതത്തിലെ ദു:ഖമോരോന്നുമവ-
ളോർമ്മിക്കുന്നെങ്കിൽ മാത്രം
പ്ലം പൂക്കളുതിർന്നുതിർന്നുകൊണ്ടിരിക്കും.
നദിക്കരയിലേക്കവൾ നീന്തുന്ന
കാഴ്ച്ച,
ഒരു പൈൻതടിക്കോവണി കേറുന്ന കാഴ്ച്ച,
അപകടം പിടിച്ചവ സുന്ദരമാണ്, സംശയമില്ല.
എന്നാൽ ലജ്ജയാൽ തുടുത്ത്
അവൾ വീട്ടിലേക്കു
കുതിരപ്പുറത്തേറി വരുന്ന കാഴ്ച്ചക്കു പകരം വക്കാനില്ല മറ്റൊന്നും.
തല കുനിച്ച്, രാജാവിനോടു മറുപടി പറഞ്ഞു കൊണ്ട്.
ഒരു കണ്ണാടി അവളെ എന്നെന്നും കാത്തിരിക്കുന്നു.
കണ്ണാടിയിൽ
എന്നും ഇരിക്കാറുള്ള ഇടത്തു തന്നെ ഇരിക്കാൻ
അതവളെ അനുവദിക്കുന്നു.
ജനലിലൂടെ ഉറ്റുനോക്കുമ്പോൾ :
തന്റെ ജീവിതത്തിലെ ദുഃഖമോരോന്നുമവ-
ളോർമ്മിക്കുന്നെങ്കിൽ മാത്രം
പ്ലം പൂക്കളുതിർന്നുതിർന്നുകൊണ്ടിരിക്കും
തെക്കൻ മാമലക്കു കുറുകെ.

Friday, November 4, 2022

ആറാത്ത പുണ്ണും അമൃതമഴയും

 ആറാത്ത പുണ്ണും അമൃതമഴയും

പി.രാമൻ


1

ആധുനികാനന്തര റുമാനിയൻ കവികളിൽ പ്രമുഖനാണ് മരിൻ സൊരസ് ക്യു. 1990 കളിൽ കേരളത്തിലെ യുവകവികൾക്കിടയിൽ ഏറെ പ്രചാരമുണ്ടായിരുന്ന വിന്റേജ് ബുക്ക് ഓഫ് കണ്ടമ്പററി വേൾഡ് പോയട്രി എന്ന പുസ്തകത്തിലെ ശ്രദ്ധേയരായ കവികളിലൊരാളായിരുന്നു സൊരസ് ക്യു. ഹാസ്യവും വിരുദ്ധോക്തിയും നിറഞ്ഞ കവിതകളായിരുന്നു അവ. മനുഷ്യാവസ്ഥയുടെ ആത്യന്തിക ദുരന്തത്തെ ഐറണിയുടെ ഭാഷയിൽ ആവിഷ്കരിക്കാൻ ശ്രമിക്കുമ്പോഴും പ്രസന്നത കൈവിടാത്ത കവിതകളായിരുന്നു അവ. ആ ആദ്യാനുഭവത്തിനു ശേഷം ഈ കവിയുടെ കവിതകൾ കിട്ടാവുന്നിടത്തോളം തേടിപ്പിടിച്ചു വായിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് അദ്ദേഹത്തിന്റെ അവസാന സമാഹാരമായ ദ ബ്രിഡ്ജ് കൈയ്യിലെത്തുന്നത്. വലിയ സവിശേഷതയുള്ള ഒരു പുസ്തകമാണ് ദ ബ്രിഡ്ജ്. 1996 ഡിസംബർ 8-ന് അറുപതാം വയസ്സിൽ കരളിൽ കാൻസർ രോഗം ബാധിച്ച് മരിക്കുന്നതിനു മുമ്പ് മരിൻ സൊരസ്ക്യു മരണത്തെ തൊട്ടു മുന്നിൽ കണ്ടുകൊണ്ടെഴുതിയ കവിതകളാണതിൽ. ആസന്നമരണനായ കവി മരിക്കുന്നതിനു തൊട്ടുമുമ്പ് മരണത്തെക്കുറിച്ചെഴുതിയ കവിതകൾ. ജീവിത മരണങ്ങൾ തമ്മിൽ കവിതകൊണ്ടു കെട്ടിയ പാലം എന്നും പറയാം. 1996 നവംബർ ഒന്നു മുതൽ ഡിസംബർ 8-നു മരിക്കുന്നതിന്റെ തലേന്നു വരെ അദ്ദേഹം ആശുപത്രിക്കിടക്കയിൽ കിടന്ന് കവിതകളെഴുതി. മരണത്തിന്റെ വേദനയിൽ കവിതയുടെ വെളിച്ചവും സഹജമായ ഹാസ്യബോധവും കൈവിടുന്നില്ല അവസാന ശ്വാസം വരെയും കവി. സ്വർഗ്ഗത്തിലേക്കുള്ള ഗോവണി എന്ന കവിത വായിക്കാം :


ഒരെട്ടുകാലിയുടെ മൃദുനൂല്

തട്ടിന്മേൽ നിന്നു താണിറങ്ങുന്നു

എൻ്റെ കിടക്കക്കു തൊട്ടു മേലെ.


ഓരോ ദിവസവും

അതു കൂടുതൽ താണു വരുന്നത്

ഞാൻ ശ്രദ്ധിക്കുന്നു.

'എനിക്കു കേറിപ്പോകാൻ

സ്വർഗ്ഗത്തു നിന്നയച്ച കോണിയാണ് '

ഞാൻ സ്വയം പറയുന്നു.


ഞാനിപ്പോൾ കനം കുറഞ്ഞ്

എല്ലും തോലുമായി

എൻ്റെ തന്നെ പ്രേതം.

എന്നിട്ടും വിചാരിക്കുന്നു,

കനം കൂടുതലാണ്, ദേഹത്തിന്

മൃദുവായ ഈ ഗോവണിയേറാൻ.


ആകയാൽ എൻ്റെയാത്മാവേ,

ആദ്യം കയറിപ്പോകൂ

കയറിക്കയറിപ്പോകൂ.


മരണക്കിടക്കയിൽ കിടക്കുന്നയാളുടെ അവസാനത്തെ ഭ്രമകല്പനയായിരിക്കാം ഈ കവിത. മലർന്നു കിടക്കുമ്പോൾ തട്ടിൽ നിന്നു തൂങ്ങി നിൽക്കുന്ന എട്ടുകാലി വല കണ്ടു കണ്ട് കവിതയുടെ നിമിഷത്തിൽ സ്വർഗ്ഗത്തിലേക്കു കയറിപ്പോകാനുള്ള ഗോവണിയായി മാറുന്നു. ഉറപ്പായ മരണത്തിനു തൊട്ടു മുന്നിൽ നിൽക്കുമ്പോഴും കവി, മനസ്സിന്റെ തമാശയാർന്ന സരളത കൈവിടുന്നില്ല.എല്ലും തോലുമായ ഈ സ്ഥിതിയിലും ഒരെട്ടുകാലി നൂലിന് തന്റെ ശരീരം താങ്ങാനാവില്ല. അതുകൊണ്ട്, ശരീരത്തെ കിടക്കയിൽ വിട്ട് ആദ്യം കയറിപ്പോകാൻ തന്റെയാത്മാവിനോട് അപേക്ഷിക്കുകയാണ് കവി.


രാത്രി ഉറക്കമില്ലാതെ കിടന്നു പിടയുമ്പോൾ ജനലിലൂടെ കാണുന്ന ചന്ദ്രനെ ഒരു വലിയ ഗുളികയായിക്കരുതി എടുത്തു വിഴുങ്ങാനായുന്നു ഈ രോഗി. വേർപാട് എന്ന ചെറുകവിതയിൽ സന്ദർശിക്കാൻ വന്ന സുഹൃത്തുക്കളുടെ കണ്ണു നിറയുമ്പോൾ പെട്ടെന്ന് അവർക്കെതിരെ ചുമരിനഭിമുഖമായിത്തിരിഞ്ഞു കിടക്കുന്നു രോഗി, ഞാനിതാ ഇപ്പോൾ തിരിച്ചു വരും എന്നു പറഞ്ഞു കൊണ്ട്. ദു:ഖവും നിരാശയും പ്രതീക്ഷയും നിസ്സാരതാബോധവുമെല്ലാം ഇഴുകിച്ചേർന്ന നാലു വരികൾ. കരൾ കൊത്തിപ്പറിച്ചെടുക്കുന്ന വേദന അനുഭവിക്കുമ്പോൾ ഒരു യൂറോപ്യൻ കവി ഗ്രീക്ക് മിത്തോളജിയിലെ പ്രൊമിത്തിയൂസിന്റെ കഥയോർക്കുക സ്വാഭാവികം. ഭൂമിയിലെ മനുഷ്യർക്ക് അഗ്നി പകർന്നു കൊടുത്ത കുറ്റത്തിന് ശിക്ഷയായി നിത്യബന്ധനത്തിലാണ്ടു കിടക്കുന്ന ദേവനാണ് പ്രൊമിത്തിയൂസ്. പ്രൊമിത്തിയൂസിന്റെ കരൾ ഒരു പരുന്ത് പകൽ വന്ന് കൊത്തിപ്പറിച്ചെടുക്കും. രാത്രി പഴയ രൂപത്തിലാവുന്ന കരൾ പിറ്റേന്നു വന്ന് പരുന്തു വീണ്ടും കൊത്തും. തന്റെ മരണവേദനയിൽ നിന്ന് പ്രൊമിത്തിയൂസ് ദേവന്റെ ആദിമ വേദനയിലേക്ക് ആഴ്ന്നിറങ്ങുകയാണ് മരിൻ സൊരസ്ക്യൂ അസ്വസ്ഥനായ പ്രൊമിത്തിയൂസ് എന്ന കവിതയിൽ.


പരുന്ത്

കൊക്കാഴ്ത്തി

മതിയാവോളം 

ഏകാഗ്രമായ് തിന്നുകൊണ്ടിരിക്കുമ്പോൾ

ഞാനതിന്റെ നഖങ്ങൾ പിടിച്ച്

എന്റെ തൊലിയിൽ

വേഗം മാന്തിപ്പറിക്കുന്നു.

അവക്കു നീളമേറിയതെത്ര ഭാഗ്യം!

ഞെരമ്പുകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ശ്രമിച്ച്

വർഷങ്ങൾ കൊണ്ടെന്റെ സ്വന്തം നഖങ്ങൾക്കു

മൂർച്ച നഷ്ടപ്പെട്ടു.


കരൾരോഗം ചൊറിച്ചിലുണ്ടാക്കും

ഉഗ്രമായ ചൊറിച്ചിൽ.



വേദനയിൽ മുഴുകി നിൽക്കുന്ന അനുഭവത്തിന്റെ പരമാവധിയിലെത്തിക്കുന്നു ഈ റൊമാനിയൻ കവിയുടെ അന്ത്യ കവിതകൾ. ഇവിടെ പരാമർശിച്ച കവിതകളെല്ലാം തീവ്രവേദനയുടെ ആവിഷ്കാരങ്ങളാണ്. എന്നാൽ വ്യത്യസ്തമായ കവിതകളും ഇക്കൂട്ടത്തിലുണ്ട്. മാരകമായെന്നെ ബാധിക്കുന്നത് എന്ന കവിത ഉദാഹരണം. മരിക്കുന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ ഒറ്റ വിഷമമേയുള്ളൂ. എങ്ങനെ പിന്നെ പുസ്തകം വായിക്കാനാവും? അങ്ങു ചെന്നാൽ നക്ഷത്രങ്ങളെ വായിക്കാൻ അനുവാദം കിട്ടിയാലും മതി.


പുസ്തകങ്ങൾക്കൊപ്പം സഹവസിക്കാൻ

കഴിയാത്തതാണ്

ഏറ്റവും മാരകമായെന്നെ ബാധിക്കുക.

ഓരോ പ്രഭാതത്തിലും

എന്റെ പുസ്തക ഷെൽഫിനു മുന്നിൽ 

അവയിൽ നിന്നു പതിയെ വീശുന്ന

രഹസ്യമമാമിളങ്കാറ്റേറ്റു 

കടൽത്തീരത്തെന്നപോലെ 

നിൽക്കാൻ കഴിയാതെ വരിക.


ദൈവമേ, നിന്നോടു ഞാൻ

അത്രക്കുമടുത്തിരിക്കുന്നതിനാൽ

ആശിക്കുന്നു,

നക്ഷത്രങ്ങളെ വായിക്കുന്നതിന്റെയാനന്ദം

എനിക്കു നിഷേധിക്കില്ലെന്ന്.


ഒരു മേഘത്തിന്മേൽ പതിച്ച

കാര്യപരിപാടിയനുസരിച്ചു മതി.

ചുരുങ്ങിയത്

ആഴ്ച്ചയിലൊരു തവണയെങ്കിലും.


ഇങ്ങനെ ഭൂമിയിലെ പ്രിയങ്ങളെയെല്ലാം മരണത്തിലേക്കു ചേർത്തു വെക്കുകയാണ് കവി - മരിച്ചു പോകുമ്പോൾ പ്രിയപ്പെട്ട വസ്തുക്കളെല്ലാം കൂടെയടക്കം ചെയ്യുന്ന പ്രാചീന മനുഷ്യനെപ്പോലെ. 


2


മരണത്തിന്റെ പിറകേ പോകുമ്പോൾ ആദ്യ പ്രേമത്തിലെ നായികയുടെ ഓർമ്മ കൂടെക്കരുതിയ മനുഷ്യനെപ്പറ്റി വൈലോപ്പിള്ളിയുടെ ഒരു കവിതയുണ്ട്, മരണം കനിഞ്ഞോതി എന്ന പേരിൽ. ആ കാതൽ മരിക്കാൻ വിടാതെ ജീവിതത്തിലേക്കു വീണ്ടും വലിച്ചെറിയുകയാണ് വൈലോപ്പിള്ളിക്കവിതയിലെ നായകനെ. ഇരുപത്താറാം വയസ്സിൽ മരിച്ചു പോയ സുധാകരൻ തേലക്കാട് എന്ന കവിയും ഇതു പോലൊരു കവിത - മരണത്തിന്റെ തോൽവി - എഴുതിയിട്ടുണ്ട്. തനിക്കുണ്ടായിരുന്നതു മുഴുവൻ മറ്റുള്ളവർക്കു വീതിച്ചു കൊടുത്ത് മരണത്തെ തോല്പിക്കുകയാണ് സുധാകരൻ തേലക്കാടിന്റെ കവിതയിലെ മനുഷ്യൻ. തന്റെ കരൾത്തുടിപ്പ് സമുദ്രത്തിനും കൺവെളിച്ചം സൂര്യചന്ദ്രന്മാർക്കും ഭാവനാ ശബളത സന്ധ്യകൾക്കും ജീവിതോന്മേഷം പൊട്ടിവിരിയുന്ന പൂക്കൾക്കും സങ്കടവും നിരാശയും കൊഴിയുന്ന പൂക്കൾക്കും ഗാനം കാട്ടാറിനും ഉയർന്ന ചിന്തകൾ കുന്നുകൾക്കും നൽകി മരണത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുന്ന മനുഷ്യനെയാണ് സുധാകരൻ തേലക്കാട് അവതരിപ്പിക്കുന്നത്. സ്വർഗ്ഗത്തിൽ രാവിലെ പ്രാതലിന് ഇഡ്ഡലി ഉണ്ടാവുമോ എന്ന വി.കെ.എൻ പയ്യന്റെ ആകാംക്ഷയും മരണാനന്തര വായനയെക്കുറിച്ചുള്ള സൊരസ് ക്യൂ കവിത ഓർമ്മയിലുണർത്തിയേക്കും. ഇങ്ങനെ മരണത്തെ തൊട്ടു മുമ്പിൽ നിർത്തിക്കൊണ്ടുള്ള മലയാള രചനകളെല്ലാം ഓർമ്മിക്കാമെങ്കിലും മരണക്കിടക്കയിൽ കിടന്നുകൊണ്ടെഴുതിയ ഇതുപോലൊരു കവിതാ പുസ്തകം മലയാളത്തിലില്ല എന്നു സമ്മതിച്ചേ പറ്റൂ.


പത്തൊമ്പതാം നൂറ്റാണ്ടൊടുവിൽ മലയാളത്തിൽ കാല്പനികതയുടെ ആദ്യ രശ്മികൾ ചൊരിഞ്ഞ കവിതകൾ എന്ന നിലയിൽ കെ.സി.കേശവപ്പിള്ള ഉൾപ്പെടെയുള്ള കവികളുടെ ആസന്നമരണചിന്താശതകങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവയിലും മരണമെന്ന അനുഭവത്തിനോ അതിന്റെ വേദനക്കോ അല്ല മരണത്തെ മുൻനിർത്തിയുള്ള ജീവിതചിന്തകൾക്കാണ് ഊന്നൽ.എൻ.എൻ.കക്കാടിന്റെ അവ സാനകാലരചനകളാണ് മരിൻ സൊരസ് ക്യൂ കവിതകളുടെ ഗണത്തിൽ പെടുത്താവുന്ന മലയാളകവിതകൾ. സൊരസ് ക്യൂവിനെപ്പോലെത്തന്നെ കാൻസർ രോഗബാധിതനായിക്കിടക്കുമ്പോഴാണ് കക്കാട് സഫലമീ യാത്രയും മരണത്തെക്കുറിച്ച് ഒരമൂർത്ത പഠനവും ഇന്റൻസീവ് കെയറുമെഴുതുന്നത്. വ്രണിതമാം കണ്ഠത്തിൽ നോവിത്തിരി കുറവുള്ള ഒരു ധനുമാസരാവിൽ ഭാര്യയോടൊപ്പം ജനലഴി പിടിച്ചു നിന്ന് , പഴയ ഓർമ്മകൾ പോലെ വിറയ്ക്കുന്ന ഏകാന്ത നക്ഷത്രങ്ങളെ നോക്കുകയാണ് സഫലമീ യാത്രയിലെ രോഗാതുരനായ ആഖ്യാതാവ്. എങ്കിലും പിന്നിട്ട ജീവിതം തന്നെയാണ് ആ കവിതയിൽ നിറവോടെ നിവരുന്നത്. എന്നാൽ ഇന്റൻസീവ് കെയറിലെത്തുമ്പോൾ മരണം ഗ്രസിക്കുന്നു. സ്പർശങ്ങളുടെയും ശബ്ദങ്ങളുടെയും ഇരുൾവെളിച്ചങ്ങളുടെയും പാതാളഭാഷയിലാണ് ഈ കവിതയിലെ ആഖ്യാനം. ഇന്റൻസീവ് കെയറിൽ കിടക്കുന്ന രോഗിയുടെ ആഴ്ന്ന അനുഭവത്തെ ആ പാതാളഭാഷ ഇങ്ങനെ ആവിഷ്ക്കരിക്കുന്നു :


ഏതോ മൃദുലമാം ദൂരനാദം

ഏതോ മസൃണമാം സ്പർശമർദ്ദം

വറ്റി വറണ്ടു വലിഞ്ഞ ചുണ്ടിൽ

സ്വച്ഛശീതാംശുവിന്നാർദ്രഭൂതി

ഭാരം ഞെരിഞ്ഞ മിഴിക്കു മുമ്പിൽ

ചൂളും വെളിച്ചത്തിൻ നേർത്ത പാട.

പാതി മയങ്ങുമിരുൾക്കയങ്ങൾ

പാതിയുണർന്ന വെളിനിലങ്ങൾ

ഇരുളിന്നും വെളിവിന്നുമിടയിൽ വർണ്ണ -

ക്കുമിളകൾ ചിന്നുമസ്വസ്ഥ ദീപ്തി

എങ്ങോ പുളഞ്ഞു കൊളുത്തി വലിയുന്നി-

തംഗങ്ങളൊക്കെയും നേർത്ത നോവിൽ.


വേദനയെ മറികടന്ന് ഒരാശ്വാസ സ്പർശം വന്നു പൊതിയുന്നു. അതോടെ, പതുക്കെപ്പതുക്കെ രോഗി മയക്കത്തിലേക്ക് ആണ്ടാണ്ടു പോകുന്നു. ഒടുവിൽ "അലകളടങ്ങി നിഷ്പന്ദമായ് ശാന്തമാകുന്നു ശാന്തമാകുന്നു" ആ ആണ്ടിറങ്ങൽ മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നു കവി നിശ്ചയിക്കുന്നില്ല. ബോധാബോധത്തിനിടയിലെ ആ ആഴത്തിനു തൊട്ടരികെ മരണത്തിന്റെ സാന്നിദ്ധ്യം കവിതയിൽ നിന്നു നമ്മളിലേക്കെത്തുന്നതു മാത്രമറിയാം. ഈ നിലക്ക് മലയാളകവിതയിലെ അത്യപൂർവതയുള്ള ഒരാഖ്യാനമായിരിക്കുന്നു എൻ.എൻ.കക്കാടിന്റെ ഇന്റൻസീവ് കെയർ.


കക്കാട് തന്റെ ജീവിത സായാഹ്നത്തിൽ മരണത്തെയും വേദനയേയും ഇങ്ങനെ എഴുതിയതിൽ ആ കവിവ്യക്തിത്വത്തിന്റെ സ്വാഭാവികമായ തുടർച്ചയുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. ആദ്യകാലം തൊട്ടേ ക്ഷീണിതരും ദാഹാർത്തരുമായ മനുഷ്യരെയാണ് കക്കാടിന്റെ കവിതയിൽ നാം കാണുക. "പിന്നെയിരുന്നേൻ ബെഞ്ചിൽ ക്ഷീണൻ". വെളിച്ചവും ഇരുട്ടുമല്ല, മങ്ങിയ നേരമാണ്, മങ്ങൂഴമാണ് കക്കാടിന്റെ കാലം.കടമ്മനിട്ടയെപ്പോലുള്ള സഹകവികൾ വാക്കുകൾ കൊണ്ട് വലിയ മനുഷ്യരൂപങ്ങൾ കൊത്തിയെടുത്തപ്പോൾ കക്കാട് ക്ഷീണിച്ചവശരായി ഇഴയുന്ന മനുഷ്യരേയും രോഗാതുരമായ മങ്ങൂഴങ്ങളേയുമാണ് തന്റെ കാവ്യജീവിതത്തിലുടനീളം ആവിഷ്കരിച്ചത്. തളർന്നവശമായ ആ ഉടലിന് സ്വാഭാവികമായും മരണത്തിലേക്കെത്തിയേ പറ്റൂ. എന്നാൽ വേദനക്കപ്പുറമുള്ള ആശ്വാസത്തിന്റെ വെളിച്ചവുമാകുന്നു കക്കാടിന് മരണം.



3


കൂട്ടുകുടുംബമായി ഒന്നിച്ചു കഴിഞ്ഞിരുന്ന കുട്ടിക്കാലത്ത് മരണം എനിക്കൊരു പേടിപ്പെടുത്തുന്ന അനുഭവമായിരുന്നില്ല. ഇരുട്ടടഞ്ഞ ചെറിയ മുറികളിൽ കിടന്ന് മുത്തശ്ശിമാരും മുത്തശ്ശൻമാരും കാലം ചെന്ന് ശാന്തമായി മരിച്ചു. ഏറെ നാളുകൾ വെള്ളമിറക്കാൻ വയ്യാതെ കിടന്ന ശേഷമാകും മരിക്കുക. നാട്ടിലെ കാരണവന്മാർ ആ കിടപ്പ് വന്നു നോക്കി പറയും, ആയില്ല, രണ്ടു ദിവസം കൂടി വേണ്ടി വരും. ശ്വാസത്തിന്റെ കണക്കുകളൊക്കെ എണ്ണിപ്പറയുന്ന കാരണവന്മാരെ കണ്ടിട്ടുണ്ട്. മരണത്തെ തൊട്ടരികെ നിന്ന് സൂക്ഷ്മമായി നോക്കിക്കാണുന്ന കാഴ്ച്ചയാണ്, മൃത്യുദർശനമാണ്, കടവനാടു കുട്ടിക്കൃഷ്ണന്റെ വിലയം എന്ന കവിത(വഴിമുത്ത് എന്ന സമാഹാരത്തിൽ). പ്രായമായി സ്വാഭാവികമായി സംഭവിക്കുന്ന സഹോദരിയുടെ മരണം അടുത്തിരുന്ന് നോക്കിക്കാണുകയാണ് ഈ കവിതയിലെ സഹോദരസ്ഥാനത്തുള്ള ആഖ്യാതാവ്. രണ്ടു കൈകളും രണ്ടു കാലുകളും ചലനമറ്റ്, മിണ്ടാനാവാതെ നീണ്ടു നിവർന്നു കിടക്കുന്ന കിടപ്പിൽ അരികത്തിരുന്ന് വിളിക്കുമ്പോൾ ശ്രമപ്പെട്ടു കണ്ണുതുറന്ന് ഒരു നോക്കിൽ ഏറെക്കലർത്തി ശബ്ദമില്ലാതെ നീ എന്തോ പറഞ്ഞു. അത് കുറച്ചൂഹിക്കാം, മുഴുവൻ ഊഹിക്കാനാവുമോ എന്ന ചോദ്യത്തോടെയാണ് വിലയം തുടങ്ങുന്നത്. പതുക്കെപ്പതുക്കെ സ്പർശ രസങ്ങൾ, ഗന്ധശ്രവണങ്ങൾ തുടങ്ങി എല്ലാ അറിവുകളും പിൻവാങ്ങുന്നു. ഇന്ദ്രിയങ്ങളിൽ കാതു മാത്രം അവസാന നിമിഷം വരെയും ഉണർന്നു നിൽക്കുന്നു.


അറിയുന്നുണ്ടു നീയൊരു പക്ഷേ, -

യേറെ പ്രചണ്ഡമായ് , ചുറ്റും ഭവിപ്പവ,

അഞ്ചു മടങ്ങായ് കാത്

ഊർജ്ജം വഹിക്കയല്ലയോ!

അതല്ലയെന്നാകിൽ

കിടന്നു ചാടുവാനിടയാവതെന്ത്

മിടിപ്പുകൾ

നെഞ്ചിൽ

ഇടയിടെസ്സാന്ദർഭികമായ് സദ്രയം?


മരണം നടക്കുന്ന മുറിയുടെ മൗനത്തെ ഭാഷപ്പെടുത്തിയതാണ് കടവനാടിന്റെ കവിതയുടെ ഒരു മികവ്. നാഡിമിടിപ്പ് താണു താണു വരുമ്പോലെ ഭാഷയുടെ സ്ഥായിയും താണു താണു വരുന്നു.


തളർന്ന കൈത്തണ്ടയെടുത്തു ഞാൻ

നാഡിമിടിപ്പു നോക്കട്ടേ,

ശരിക്കുമുണ്ടല്ലോ!

തളർന്നതെങ്കിലും തണുപ്പല്ലാ,

പിൻവാങ്ങിയിതിങ്കൽ നിന്ന്

എവനാമോ?


ഒടുവിൽ അറിവ് അവയവങ്ങളിൽ നിന്ന് ഉള്ളിലേക്കിറങ്ങിയിറങ്ങിപ്പോയ്, മങ്ങി മറയുന്നു. ഇനി വിളിച്ചാൽ ഒരോർമ്മയും ഉണരുകയില്ല. മിഴി തുറക്കാൻ ഒരു നിയോഗവുമണയുകയുമില്ല. ഞാൻ എന്ന അനുഭവമേ ഇപ്പോൾ പ്രാണനിൽ നിന്ന് അകന്നകന്നു മാഞ്ഞിരിക്കുന്നു. മനസ്സ് പ്രാണവായുവിലേക്കു പിൻവാങ്ങിക്കഴിഞ്ഞു. ആ പിന്മാറ്റത്തിൽ ശരീരം തുറന്നൊരു ബലൂണുപോലെ തെല്ലിട കിടന്നു ചാടുന്നു. "പിന്നെത്തണുക്കുന്നൂ ചൂടുപിടിച്ചതത്രയും" അവിടെക്കഴിഞ്ഞു. നിനക്കിനി ഈ ലോകത്ത് ഒന്നും സാധിക്കാനില്ല. നീ നിനച്ച സകലതും മറ്റുള്ളവരുടെ മനസ്സുകളിൽ വീണത് മുളച്ചു പുഷ്പിച്ചു ഫലിച്ചേക്കാം , ഇനി. അതേ വേണ്ടൂ. കാരണം മനസ്സിലാണ് ലോകങ്ങൾ മുഴുവനും ഉരുവം കൊള്ളുന്നത്. വായുവിലലിഞ്ഞ നിന്റെ മനസ്സ് കാറ്റിലൂടെ എന്നെ വന്നു തൊടുന്നിടത്താണ് വിലയം അവസാനിക്കു ന്നത്.


ഒരു സുഗന്ധമായ് തവ സുസ്നേഹത്തിൻ

ലഘിമ നാളെയിത്തരുലതകളെ,

ചെറുപുൽക്കൂമ്പുകളവയെയും മുകർ -

ന്നുണർത്തുമെന്നു ഞാൻ നിനയ്ക്കുന്നേൻ,പിന്നെ -

ക്കുളിരുമാശ്വാസച്ചെറുകാറ്റിൽ നിന്റെ

തെളിമനസ്പർശമറിയുമേയെന്നും!


ജീവിതാന്ത്യത്തിൽ നിന്നു തുടങ്ങി മരണത്തിലൂടെ അതിനപ്പുറത്തേക്കു കടക്കുകയാണ് കവി ഇവിടെ. പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും അപൂർവത കൊണ്ട് കക്കാടിന്റെ ഇന്റർസീവ് കെയറിനോടു ചേർത്തു വെയ്ക്കാവുന്നതാണ് കടവനാട് കുട്ടികൃഷ്ണന്റെ വിലയം. മരിച്ചു പോയ മനുഷ്യന്റെ തെളിമയാർന്ന മനസ്പർശം കുളിരുമാശ്വാസച്ചെറുകാറ്റിൽ അറിയുന്നതിനു കാരണം മരിച്ചയാളുമായി ആഖ്യാതാവിനുള്ള ബന്ധം തന്നെ. ആ ബന്ധമില്ലെങ്കിൽ ആ കാറ്റ് പിന്നെന്താകും എന്നു കാണിക്കുകയാണ് ബ്രസീലിയൻ കവി ഷുവാ കബ്രാൾ ഡി മെലോ നെറ്റോയുടെ പ്രഭുഭവനത്തിലെ പാർട്ടി അഥവാ മില്ലുതൊഴിലാളിയെപ്പറ്റി എന്ന ദീർഘകവിതയുടെ അവസാന ഭാഗം. ബ്രസീലിലെ പെർണാമ്പുക്കോ മേഖലയിലെ കരിമ്പുപാടങ്ങളുടെയും പഞ്ചാരമില്ലുതൊഴിലാളികളുടെ ദുരിതജീവിതത്തിന്റെയും പശ്ചാത്തലത്തിൽ എഴുതിയ കവിതയാണത്. ഒരു മില്ലുതൊഴിലാളിയുടെ അതിസാധാരണമായ ജീവിതത്തിലേക്ക് തുളച്ചിറങ്ങിച്ചെല്ലുന്ന ആ കവിതയുടെ ഒടുവിൽ തൊഴിലാളിയെ മരിച്ച് അടക്കിയ ശേഷം ആ ശരീരം മണ്ണ് വിഴുങ്ങുന്നതു വിവരിക്കുന്ന സന്ദർഭമുണ്ട്.


പഞ്ചാരമില്ലു തൊഴിലാളി

മരിച്ച്, മണ്ണിന്നടിപ്പെട്ട്.

വന്നു വീഴുന്നവയെല്ലാം

വേഗമൊടുക്കുന്നയാളെ.

കരിനിലം കൽനിലമായീടുന്നു

വരൾ നിലമാകുന്നു കാട്.

മഞ്ഞുകാലത്തിനെ വേന-

ലാക്കുവാൻ സൂര്യനും കൂട്ട് .

എല്ലുകൾ നന്നായ് ചവയ്ക്കാൻ

നായ്ക്കളാകുന്നൂ പുഴുക്കൾ

കരിമ്പു പാടത്തിലെ കാറ്റും

ഒടുങ്ങാൻ സഹായിച്ചിടുന്നു

വാതകജാലം (ആത്മാവ്) തൂത്ത്

ശുദ്ധീകരിക്കാനയാളെ.


അടുപ്പമുള്ളവരുടെ ആത്മാവ് കടവനാടിന്റെ കവിതയിൽ കാറ്റായി നമ്മെ തൊടുമ്പോൾ അകലേക്കു മാറ്റി നിർത്തിയവരുടെ ആത്മാവിനെ (അത് ആത്മാവല്ല, വെറും വാതകജാലം) തൂത്തു വെടിപ്പാക്കുകയാണ് ഷുവാ കബ്രാളിന്റെ കവിതയിലെ കരിമ്പു പാടത്തിലെ കാറ്റ്.


4


റൊമാനിയൻ കവി മരിൻ സൊരസ് ക്യൂവിന്റെയും മലയാള കവി എൻ.എൻ. കക്കാടിന്റെയും കവിതകളിൽ മരണം വേദനക്കൊരറുതിയും ആശ്വാസവും കൂടിയാകുന്നു. മരണത്തിൽ അമൃതത്വമുണ്ട്. മരണാനുഭവത്തിലെ അമൃതത്വത്തിലേക്ക് ശ്രദ്ധയൂന്നുന്ന ഒരു കവിതയാണ് തമിഴ്കവി ദേവദേവന്റെ 'ആ കൈ'. ജനന സമയത്തും മരണ സമയത്തും മാത്രം അനുഭവിച്ച ഒരു കര സ്പർശത്തിലൂടെ അമൃതത്വമെന്തെന്നറിഞ്ഞതിനെപ്പറ്റിയാണാ കവിത.


പ്രാണൻ നടുങ്ങുന്ന വേദനയിൽ

ഹൃദയം അലറുമ്പോൾ

എൻ്റെ പുണ്ണുകൾ കഴുകി മരുന്നിടുന്ന

ഒരു കരസ്പർശത്തിൽ

ഞാൻ പിറന്നു.

ജന്മം മുഴുക്കേ അതു തേടിയലഞ്ഞ്

രോഗിയുമായി.


ഒടുക്കം മരണക്കിടക്കയിൽ

വീണ്ടും ആ കൈ

എന്നെ സ്പർശിക്കുന്നതറിഞ്ഞു.

ചക്രശ്വാസങ്ങൾക്കു മീതേ

അമൃതമഴ പെയ്തു.


എൻ്റെ യാത്ര ഒടുങ്ങിയത്

അപ്പോഴാണ്.

എന്നാലും അവസാനിച്ചതേയില്ല

ആറാത്ത പുണ്ണും അമൃതമഴയും


ആറാത്ത മുറിവും അതുണക്കാൻ സദാ പൊഴിഞ്ഞുകൊണ്ടിരിക്കുന്ന അമൃത മഴയുമാണ് ജീവിതമരണങ്ങളുടെ സാരം എന്ന് സംഗ്രഹിക്കുന്നു ദേവദേവന്റെ ഈ കവിത. തല്ലുന്നതും തലോടുന്നതും ഒരാൾ തന്നെ എന്ന് കുമാരനാശാൻ. "ഒരു കൈ പ്രഹരിക്കവേ, പിടിച്ചൊരു കൈ കൊണ്ടു തലോടുമേയിവൾ" 


വിഷം അകത്തു ചെന്ന ശേഷം കാലുകളിൽ നിന്ന് മരവിപ്പ് മേലേക്കു മേലേക്കു കയറുന്നതിനെപ്പറ്റി നൂറ്റാണ്ടുകൾക്കു മുമ്പ് സോക്രട്ടീസ് ശിഷ്യർക്കു വിശദീകരിക്കുന്നുണ്ട്. മരണവും അതിന്റെ തീവ്രവേദനയും വിശകലനം ചെയ്ത് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ മനുഷ്യനെന്നും തല്പരനാണ്. കവികൾ പ്രത്യേകിച്ചും.സ്വന്തം മരണത്തിൽ കവിതകൊണ്ടു മുഴുകുന്നു, മരിൻ സൊരസ് ക്യു. വേദനക്കപ്പുറമുള്ള മരണത്തെ നോക്കിക്കാണാൻ ശ്രമിക്കുന്നു കക്കാട്. സ്വന്തം സഹോദരിയുടെ മരണം അടുത്തിരുന്നു നിരീക്ഷിച്ചു രേഖപ്പെടുത്തുന്നു കടവനാടൻ. ജീവജാലങ്ങളുടെ മരണത്തെ അറിയാൻ ശ്രമിക്കുന്നു കെ.എ. ജയശീലൻ. വേദന മുറിച്ചു കടന്ന് മൃത്യുരഹസ്യമറിയാൻ പോകുന്ന നചികേതസ്സ് കവിയല്ലാതെ മറ്റാരാണ്?