ബേത്തിമാരനും സുകുമാരനുമിടയിൽ
പി.രാമൻ
ഒരു കാലത്ത് കാവ്യകല സാമൂഹ്യമായും സാമ്പത്തികമായും മേൽക്കൈയുള്ളവരുടെ വിഹാരരംഗമായിരുന്നു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടൊടുവോടെ കവിത ഒരു പൊതുമണ്ഡലമെന്ന നിലയിൽ കേരളത്തിൽ വികസിച്ചു തുടങ്ങി. സാമൂഹ്യ-വിദ്യാഭ്യാസ രംഗങ്ങളിലുണ്ടായ മാറ്റങ്ങളാണതിനു കാരണം. കൃസ്ത്യൻ, ഇസ്ലാം മതസ്ഥരും ഈഴവ, വിശ്വകർമ്മ, ധീവര, ദളിത് തുടങ്ങിയ വിഭാഗങ്ങളുമെല്ലാം കവിത എന്ന പൊതുമണ്ഡലത്തിന്റെ ഭാഗമായി മാറി. ഓരോരോ സമൂഹവും ഓരോരോ വേഗത്തിലാണ് ഈ മാറ്റത്തിനൊപ്പം ചേർന്നത്. ആ വിപുലനം കവിതയിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. മത, ജാതി നിലകൾ മാത്രമല്ല ലിംഗനിലയും ശാരീരിക നില ഭേദങ്ങളുമെല്ലാം ഈ വിപുലനത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് ക്വീർ കവിത ചർച്ച ചെയ്യപ്പെടുന്നത് മലയാളത്തിൽ ഈയടുത്തകാലത്തു മാത്രമാണ്. 2016 മുതൽ മാത്രമാണ് കേരളത്തിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള കവികളുടെ കവിതകൾ വ്യാപകമായി നമ്മുടെ ശ്രദ്ധയിലേക്കു വരുന്നതും കവിത എന്ന പൊതുമണ്ഡലത്തെ ചലനാത്മകമാക്കിക്കൊണ്ട് അതിന്റെ അവിഭാജ്യഭാഗമാകുന്നതും.
ഗോത്രസമൂഹങ്ങളിൽ നിന്നുള്ള എഴുത്ത് ലാറ്റിനമേരിക്കയിലേയും യൂറോപ്പിലേയും ഓസ്ട്രേലിയയിലേയുമെല്ലാം കവിതയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട സന്ദർഭത്തിൽ തന്നെയാണ് വൈദേശിക സ്വാധീനങ്ങളൊന്നുമില്ലാതെ സ്വാഭാവികമായി കേരളത്തിലും ഗോത്ര കവിത ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലും, മുതുവാൻ, റാവുള, ഇരുള, മുഡുഗ, മുള്ളക്കുറുമ, പണിയ, മാവിലാൻ തുളു തുടങ്ങിയ പതിനഞ്ചോളം ഗോത്രഭാഷകളിലുമായി എഴുതി വരുന്ന ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ എഴുത്തുകാർ ഇന്ന് കേരള കവിതാ മണ്ഡലത്തിന്റെ ഭാഗമായിരിക്കുന്നു. ഗോത്രഭാഷകളിലുള്ള രചനകളെക്കൂടി ഉൾക്കൊള്ളും വിധം കേരള കവിത എന്ന പ്രയോഗത്തിന് ഇന്ന് കൂടുതൽ പ്രസക്തി കൈവന്നിരിക്കുന്നു. സമീപകാലത്തുണ്ടായ ഈ മാറ്റങ്ങൾക്കു നേതൃത്വം വഹിച്ച പ്രധാന കവികളിൽ ഒരാളാണ് സുകുമാരൻ ചാലിഗദ്ധ.
കേരളത്തിലെ ആദിവാസി ഗോത്രങ്ങളുടെ ജീവിതാവസ്ഥയെ മുൻ നിർത്തിയുള്ള ഒരു പുറം നോട്ടമായ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകം കെ. പാനൂർ എഴുതിയിട്ട് അരനൂറ്റാണ്ടിലേറെയായി. ഗോത്രജന ജീവിതത്തെക്കുറിച്ചുള്ള പുറം ലോകത്തിന്റെ അജ്ഞതയെക്കൂടി വെളിപ്പെടുത്തുന്നുണ്ട് ആ തലക്കെട്ട്. അമ്പതു കൊല്ലത്തിനു ശേഷം അജ്ഞതയുടെയും അദൃശ്യതയുടെയും ഇരുട്ടിനെ വെട്ടിപ്പിളർത്തി കേരളത്തിലെ ആദിവാസി ജനത ദൃശ്യത കൈവരിക്കുകയാണ് നമ്മുടെ സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളിൽ, ഗോത്രകവിതയിലൂടെ. അശോകൻ മറയൂരിന്റെയും സുകുമാരൻ ചാലിഗദ്ധയുടേയും മുഖചിത്രങ്ങളുമായി മലയാളത്തിലെ മുഖ്യധാരാ സാഹിത്യ പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്നു എന്നത് ചെറിയ കാര്യമല്ല. ഒന്നും രണ്ടും കവികളല്ല, ഏതാണ്ടമ്പതോളം പേരാണ് ഇന്ന് സജീവമായി എഴുതിക്കൊണ്ടിരിക്കുന്നത്. ഇത്രയും ഭാഷകളെ, ഇത്രയും ഗോത്രസമൂഹങ്ങളെ തന്റെ സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ നയിക്കുന്ന മുൻനിരപ്പോരാളിയാണ് സുകുമാരൻ ചാലിഗദ്ധ. സുകുമാരന്റെ ഏകോപന വൈഗ്ദ്ധ്യം 2021-ൽ പുറത്തിറങ്ങിയ ഗോത്രകവിത എന്ന ചരിത്രം കുറിച്ച സമാഹാരത്തിൽ നാം കണ്ടതാണ് (സുരേഷ് എം. മാവിലനൊപ്പം). ഇപ്പോൾ കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗവുമാണ് ഈ എഴുത്തുകാരൻ. ഇങ്ങനെ കവി, കവിതാ അവതാരകൻ, എഡിറ്റർ, പ്രഭാഷകൻ, സാംസ്ക്കാരിക പ്രവർത്തകൻ എന്നിങ്ങനെ പല നിലകളിൽ കേരള കവിതയെന്ന പൊതുമണ്ഡലത്തെ ചലനാത്മകമാക്കുന്നു ഈ ചെറുപ്പക്കാരൻ.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ അശോകൻ മറയൂരിനൊപ്പം എഴുതിത്തുടങ്ങിയ കവിയാണ് സുകുമാരൻ ചാലിഗദ്ധ. അശോകൻ ഇടമലക്കുടിയിലും മറയൂരിലുമിരുന്ന് മലയാളത്തിലും മുതുവാൻ ഭാഷയിലും തന്റെ ആദ്യ കവിതകൾ എഴുതുന്ന കാലത്തു തന്നെയാണ് സുകുമാരൻ വയനാട്ടിലെ മാനന്തവാടിക്കടുത്ത് ചാലിഗദ്ധയിലിരുന്ന് മലയാളത്തിലും റാവുളയിലും തന്റെ ആദ്യ കവിതകൾ കുറിക്കുന്നത്. കവിതയെഴുതുന്ന കൗമാരപ്രായക്കാരനായ ഈ ആദിവാസി വിദ്യാർത്ഥിയെക്കുറിച്ച് പത്രങ്ങളുടെ പ്രാദേശിക പേജുകളിൽ അന്നേ സ്റ്റോറികൾ വന്നിട്ടുമുണ്ട്.
അച്ചടി മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും തുടർന്ന് 2017-ൽ പച്ചവീട് എന്ന ആദ്യ ഗോത്രകവിതാ സമാഹാരത്തിലുമായി അശോകൻ മറയൂരിന്റെ കവിതകൾ വെളിപ്പെട്ടതിനു ശേഷം അധികം വൈകാതെ 2019 ലാണ് പട്ടാമ്പി കോളേജിൽ വെച്ചു നടന്ന കവിതാ കാർണിവലിലെ ഗോത്ര കവിതാ സെഷനിൽ സുകുമാരൻ കവിത വായിക്കുന്നതും സംസാരിക്കുന്നതും ഞാനാദ്യം കേൾക്കുന്നത്. അശോകൻ തന്നെയാണ് സുകുമാരനെ എനിക്കു പരിചയപ്പെടുത്തുന്നതും.ഒറ്റക്കേൾവിയിൽത്തന്നെ ഞാൻ സുകുമാരന്റെ ആരാധകനായി എന്നതാണ് സത്യം. അപാരമായ ഊർജ്ജമുള്ള അവതരണമായിരുന്നു സുകുമാരന്റേത്.
തന്റെ ഗോത്രത്തിന്റെയും ഭാഷയുടെയും പേര് അടിയ എന്നല്ല എന്നും റാവുള എന്നാണെന്നും ഗോത്ര ജനതയെ ചൂഷണം ചെയ്ത പുറം നാട്ടുകാർ കൊടുത്ത അടിയ എന്ന പേര് തങ്ങൾക്ക് സ്വീകാര്യമല്ലെന്നും സുകുമാരൻ അന്ന് തുറന്നടിച്ചത് ഓർക്കുന്നു. അതിനു ശേഷം എത്ര പെട്ടെന്നാണ് സുകുമാരൻ കേരളത്തിന്റെ പ്രിയങ്കരനായ കവിയായി മാറിയത്! കാടിനേയും കാടിനോടു ചേർന്നുള്ള ഗോത്രജന ജീവിതത്തേയും സംസ്ക്കാരത്തേയും നൂറു കണക്കിനു കവിതകളിലൂടെ സുകുമാരൻ ആവിഷ്ക്കരിച്ചു. ഭാഷയിലൂടെ ഉല്ലാസവാനായി അയാൾ അലഞ്ഞു. ഗോത്രസമൂഹത്തിൽ നിന്നുള്ള ഒരാൾക്കു മാത്രം സാദ്ധ്യമായ വർണ്ണശബളമായ ഭാവനയോടെ സുകുമാരൻ എഴുതി. മൃഗങ്ങളും പക്ഷികളും മരങ്ങളും ചെടികളുമുൾപ്പെടുന്ന വനപ്രകൃതിയപ്പാടെ സുകുമാരന്റെ കാവ്യഭാഷയിൽ ശബ്ദസ്വരൂപം കൈവരിച്ചു. മൃഗങ്ങളുടെ മുരൾച്ചയും ചിന്നംവിളിയും പക്ഷികളുടെ ചിറകടിയൊച്ചയും കാട്ടിലെ മനുഷ്യരുടെ കൂവലുമെല്ലാം സുകുമാരന്റെ കാവ്യഭാഷയുടെ ഭാഗമായി. ഗദ്യത്തിലെഴുതുമ്പോഴും സുകുമാരകവിത ശബ്ദാനുഭവ പ്രധാനമായിരിക്കുന്നത് കവിയുടെ ജീവിതത്തിന് പ്രകൃതിയുമായുള്ള ജൈവബന്ധം കൊണ്ടാണ്. ആ ശബ്ദാനുഭവപരതയെ എടുത്തു കാട്ടുന്നതാണ് സുകുമാരന്റെ കവിതാവതരണങ്ങൾ.
ആദിവാസി ഗോത്രത്തിൽ നിന്നുള്ള ഒരു കവി ഇങ്ങനെയെല്ലാമാണ് എഴുതേണ്ടത് എന്നതിനെപ്പറ്റി പുറത്തു നിന്നുള്ളവർക്ക് ചില മുൻ ധാരണകളുണ്ട്. ഈ മുൻ ധാരണകളെയെല്ലാം തകർക്കുന്നവയാണ് പൊതുവേ ഗോത്രഭാഷാ കവിതകൾ - സുകുമാരന്റേത് വിശേഷിച്ചുമതെ. സാംസ്ക്കാരികവും സാമ്പത്തികവും പാരിസ്ഥിതികവുമായ അപചയങ്ങളെപ്പറ്റി സുകുമാരൻ ധാരാളമായി തന്റെ കവിതകളിൽ എഴുതുന്നുണ്ട്. എന്നാൽ അതങ്ങനെയായിരിക്കുമ്പോഴും പുറം ലോകം പ്രതീക്ഷിക്കുന്ന തരത്തിൽ ഒരു പ്രതിഷേധമുദ്രാവാക്യമാകുന്നില്ല ഒരിക്കലും ഈ കവിയുടെ എഴുത്ത്. അടിമുടി സൗന്ദര്യാത്മകമാണത്. ആനന്ദാത്മകവുമാണ്. സ്വതന്ത്ര ജീവിതത്തിന്റെ കുളിർകാറ്റ് ഈ കവിതകളിൽ വീശിപ്പടരുന്നുണ്ട്. നഗരത്തിലെത്തിയാലും സുകുമാരൻ ഭാഷ കൊണ്ടൊരു കാടൊരുക്കും.
ഇല്ലാത്തതെല്ലാം ഭാഷയിലൂടെ ഈ കവി സൃഷ്ടിക്കും. കേരള സാഹിത്യ അക്കാദമി വയനാട്ടിൽ വെച്ചു നടത്തിയ ഗോത്രായനം ക്യാമ്പിൽ സുകുമാരൻ ഇങ്ങനെ പറഞ്ഞു: "ഞങ്ങളുടെ പൂർവികർ ജീവിച്ച പോലെ ഞാനും കാടുകേറി കാട്ടുമൃഗങ്ങളെ വേട്ടയാടിപ്പിടിച്ച് ഇറച്ചി തിന്നാറുണ്ട്. എന്നാൽ അത് കവിതയിലാണെന്നു മാത്രം. ഞങ്ങളുടെ പൂർവികർ കഴിച്ച ഭക്ഷണം ഇന്നു ഞങ്ങൾ കഴിച്ചാൽ കുറ്റക്കാരാകും. അതുകൊണ്ട് ഞാൻ കവിതയിൽ അതു ചെയ്യുന്നു." കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാം ചർച്ച ചെയ്യുന്ന ബീഫു വിവാദത്തിന്റെ പശ്ചാത്തലത്തിൽ സുകുമാരന്റെ ഈ വാക്കുകൾക്ക് പ്രത്യേകം പ്രാധാന്യമുണ്ട്. ഭക്ഷണ സ്വാതന്ത്ര്യമുൾപ്പെടെ ആദിവാസി ജനതക്ക് എന്തെല്ലാമാണ് നഷ്ടമായത് എന്നു ചിന്തിക്കാൻ പോലും ഇക്കാലമത്രയും നാം തയ്യാറായിട്ടില്ല. അതൊരു ചർച്ചാവിഷയം പോലുമായിട്ടില്ല. ഈ സാഹചര്യത്തിൽ, ആദിവാസിക്കു നഷ്ടപ്പെട്ടതെല്ലാം ഭാഷയിലൂടെ തിരിച്ചു പിടിക്കലാണ് തന്റെ എഴുത്തെന്ന സുകുമാരന്റെ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സുകുമാരകവിതയിലെ ആനന്ദാനുഭവം പോലും ഈയർത്ഥത്തിൽ രാഷ്ട്രീയമായ ഉള്ളടക്കമുള്ളതാണെന്നു ചുരുക്കം.
ഈ പുസ്തകത്തിൽ സുകുമാരൻ തന്റെ കവിതയുടെ വേരുകളിലേക്കിറങ്ങുന്നു. താൻ വന്ന വഴികളെപ്പറ്റി പറയുന്നു. ബേത്തിമാരൻ എന്ന പയ്യൻ സുകുമാരൻ ചാലിഗദ്ധ എന്ന കവിയായി മാറിയ കഥ പറയുന്നു. സുകുമാരന്റെ വരാനിരിക്കുന്ന ആദ്യകവിതാ സമാഹാരത്തിന് നല്ലൊരു പ്രവേശികയായിരിക്കുന്നു ഈ 'ബേത്തിമാരൻ'. അതെ, ബേത്തിമാരന്റെ പിറകേ വരുന്നുണ്ട് സുകുമാരൻ ചാലിഗദ്ധ എന്ന കവി.
No comments:
Post a Comment