Thursday, July 28, 2022

അച്‌ഛന്റെ എരുമ - എം.ടി. മുത്തുക്കുമാരസ്സാമി

 അച്‌ഛന്റെ  എരുമ

എം.ടി. മുത്തുക്കുമാരസ്സാമി



ഗ്രാമം നിറയെയുള്ള എരുമകളിൽ

തന്റെ സിഗററ്റ് കട്ടെടുത്ത 

എരുമയേത് എന്ന്

അച്ഛനറിയാം.


ആ ഒരു മാടിനു മാത്രം

അച്ഛൻ ഒരു തവണ

ഹൃദയം നിലച്ച് തിരിച്ചുവന്നതറിയാം

അച്ഛൻ പുകവലിക്കരുത് എന്നും

അതിനറിയാം.


കൂരച്ച നെഞ്ചിൻ കൂടും

തിടുക്കപ്പെടുന്ന കൈകളുമായ്

അച്ഛൻ സിഗററ്റ്  ചോദിക്കുമ്പോൾ

മാട് ചിലപ്പോൾ

മോഷ്ടിച്ച സിഗററ്റ് നീട്ടും

തീ  കൊളുത്തിക്കൊടുക്കും.

അച്ഛന്റെ ചിരിക്കും കണ്ണുകൾ

നിഷ്കളങ്കമായി

നോക്കി നിൽക്കും.


എന്തിനെന്റെ സിഗററ്റു കട്ടെടുത്തെന്ന്

അച്ഛൻ ചോദിച്ചില്ല.

എരുമകൾ സിഗററ്റു വലിക്കില്ലെന്ന്

എല്ലാർക്കുമറിയാമല്ലോ

എന്നാലുമച്ഛൻ

നാടറികെപ്പറഞ്ഞു

എന്റെ എരുമ പുകവലിക്കില്ലെന്ന്.


ശരിക്കും എരുമ പുകവലിച്ച ദിവസം

അച്ഛൻ എഴുന്നേറ്റതേയില്ല.

ആ സിഗററ്റ് മോഷ്ടിച്ചതുമായിരുന്നില്ല.

No comments:

Post a Comment