മുൻകുറിപ്പ്
വായിക്കുന്ന കവിതകൾ എന്റേതാക്കുന്നതിന്റെ ഭാഗമാണ് ഈ പരിഭാഷകൾ. ഇഷ്ടകവിതകളുടെ സുവിശേഷകനാവാൻ എനിക്കെന്നുമിഷ്ടമാണ്. അങ്ങനെ സുവിശേഷം പറയണമെങ്കിൽ ആദ്യം അവ എന്റേതാകണമല്ലോ. എന്റേതാകണമെങ്കിൽ എന്റെ മാതൃഭാഷയിലാകണം.
ഇംഗ്ലീഷുൾപ്പെടെയുള്ള അന്യഭാഷകൾ മാതൃഭാഷ പോലെ സ്വായത്തമായിരുന്നെങ്കിൽ ഞാനൊരിക്കലും ഈ പരിഭാഷാപരിശ്രമങ്ങൾക്കു മുതിരുമായിരുന്നില്ല. കവിത വായിക്കാനുള്ള അതിമോഹമുണ്ട്. എന്നാൽ മറ്റൊരു ഭാഷയും മാതൃഭാഷയോളം എന്റേതായിട്ടുമില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ സാധ്യമായവയാണ് ഈ പരിഭാഷകൾ. വന്നുചേരാവുന്ന തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന മുറയ്ക്ക് തിരുത്താനുള്ള സന്നദ്ധത മാത്രമാണ് ഇവ പ്രകാശിപ്പിക്കുന്നതിനുള്ള എന്റെ പിൻബലം.
ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും പാണ്ഡിത്യമുള്ള ഡോ.പി.കെ.ജയരാജിനെപ്പോലെ അപൂർവം ചിലർ തന്ന ധൈര്യവും പ്രോത്സാഹനവുമാണ് ഇവ പ്രകാശിപ്പിക്കാതിരിക്കേണ്ടതില്ല എന്ന തോന്നലുണ്ടാക്കിയത്. ഈ പരിഭാഷകൾ പലതും സോഷ്യൽ മീഡിയയിൽ ഞാൻ ആദ്യം പ്രസിദ്ധീകരിച്ച സമയത്ത് സമകാല മലയാള കവികളിൽ പലരും ഇവ വളരെ മോശം പരിഭാഷകളാണെന്നു വിമർശിച്ചു കമന്റുകളെഴുതുകയും എന്നെ ഫോണിൽ വിളിച്ചു വരെ ശകാരിക്കുകയും ചെയ്തിട്ടുണ്ട്. കവികൾക്കുണ്ടായ ഈ പ്രകോപനം ഇവ പ്രസിദ്ധീകരിക്കണമെന്ന ആവേശം എന്നിലുണ്ടാക്കി.
കാവ്യകലയുടെ ഒരു ഉപാസകനായാണ് ഞാൻ സ്വയം കരുതുന്നത്. ആ ഉപാസനയുടെ ഒരു മുഖം മാത്രമാണ് കവിതയെഴുത്ത്. കവിതാവതരണം, പരിഭാഷ, വിമർശനം, പ്രഭാഷണം, ശില്പശാലാ അവതരണങ്ങൾ എന്നിവയെല്ലാം ആ ഉപാസനയുടെ പല പല വഴികൾ. അവയെല്ലാം ചേർന്നതാണ് എന്റെ കവിജീവിതം. ഇക്കൂട്ടത്തിൽ ഇടതടവില്ലാത്ത ഒരു വഴിയാണ് കവിതാപരിഭാഷയുടേത്.
എഴുത്തിനെ ഗൗരവത്തിലെടുത്ത ചെറുപ്പകാലം തൊട്ടേ ഇഷ്ടകവിതകൾ മൊഴിമാറ്റാൻ തുടർച്ചയായി ശ്രമിച്ചു കൊണ്ടിരുന്നു. ആ പരിഭാഷകളിൽ നിന്ന്, വർഷങ്ങൾ കഴിഞ്ഞെടുത്തു നോക്കുമ്പോഴും വായനക്ഷമമായി തോന്നിയ കുറച്ചെണ്ണം മാത്രമാണ് ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ളത്. ഇംഗ്ലീഷിൽ നിന്നുള്ള പരിഭാഷകളാണ് കൂടുതൽ. തമിഴിൽ നിന്നു നേരിട്ടുള്ള പരിഭാഷകളിൽ ചില പഴന്തമിഴ് കവിതകൾ മാത്രമേ ചേർത്തിട്ടുള്ളൂ. സമകാല തമിഴ് കവിതാ പരിഭാഷകൾ മറ്റൊരു പുസ്തകമായി ഇറക്കണം എന്ന വിചാരത്തിൽ തൽക്കാലം മാറ്റി വയ്ക്കുകയാണ്.
മൂലഭാഷയിൽ വൃത്ത/ താളബദ്ധമായ കവിതകൾ പരിഭാഷയിലും അതേ ഘടന പരമാവധി നിലനിർത്തിക്കൊണ്ടു മൊഴിമാറ്റണമെന്നതാണ് എന്റെ അഭിപ്രായം. പരമാവധി അതിനു ശ്രമിച്ചിട്ടുണ്ടെങ്കിൽപോലും, ഗദ്യത്തിലുള്ള ചില കവിതകൾ സ്വതന്ത്രമായി പദ്യത്തിൽ മൊഴിമാറ്റിയിട്ടുമുണ്ട്. മലയാളത്തിലെഴുതുമ്പോഴത്തെ എന്റെ സ്വാഭാവികമായ ഒഴുക്കു മാത്രമാണ് ഈ മാറ്റങ്ങൾക്കാധാരം.
കൊബായാഷി ഇസ്സയുടേത് ഒഴികെയുള്ള ജപ്പാൻ ഹൈക്കു കവിതകൾ ഗായത്രം എന്ന വൃത്തത്തിലാണ് പകർത്തിയത്. ജാപ്പനീസ് ഭാഷയിൽ നിയത ഘടനയുള്ള കാവ്യരൂപമാണ് ഹൈക്കു. അതേ ഘടന മലയാളത്തിൽ നിലനിർത്താൻ ശ്രമിച്ചാൽ കൃത്രിമമാവും. അതുകൊണ്ട് സമാനമായി മലയാളത്തിലുള്ള , മൂന്നു വരി ഒരു യൂണിറ്റായി വരുന്ന ഗായത്രമെന്ന വൃത്തം സ്വീകരിച്ചു. എന്നാൽ ഇസ്സയുടെ കവിതയിലെ ഹാസ്യം ഗായത്രത്തിൽ ഒതുക്കാനാവാഞ്ഞതിനാൽ അവക്ക് ഗദ്യരൂപം ഉപയോഗിച്ചു.
വേഡ്സ് വർത്തിന്റെ ഡാഫൊഡിൽ പൂക്കളിൽ ആ പൂക്കളുടെ ഉലച്ചിലിന്റെ താളമാണ് പരിഭാഷയുടെ രൂപ ഘടനയെ നിർണ്ണയിച്ചത്. ബ്ലേക്കിന്റെ കടുവയിലെ ഉദാത്ത ഭാവത്തെ പകർത്താൻ നാരായണ ഗുരുവിന്റെ ശൈലി ഓർമ്മിപ്പിക്കുന്ന ഭാഷ സ്വീകരിക്കേണ്ടി വന്നു. ഇങ്ങനെ വ്യത്യസ്തമായ രചനാനുഭവങ്ങളിലൂടെ കടന്നുപോയതിന്റെ ആനന്ദം കൊണ്ടാണ് ഈ പരിഭാഷകൾ എനിക്കു പ്രിയങ്കരങ്ങളാകുന്നത്.
നെരൂദ, ബ്രഹ്ത്, ലോർക്ക, വിസ്ലാവാ ഷിംബോഴ്സ്ക്ക തുടങ്ങി ഇതിനകം മലയാളത്തിലേക്കു ധാരാളമായി പകർന്നിട്ടുള്ള കവികളുടെ കവിതകൾ ഈ സമാഹാരത്തിൽ ഉൾപ്പെടാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ സെസാർ വയാഹോയുടെ വെളുത്ത കല്ലിന്മേൽ കറുത്ത കല്ല് പോലെ ചില കവിതകൾ മുമ്പു പല പരിഭാഷകൾ വന്നിട്ടുണ്ടെങ്കിലും പരിഭാഷയിലെ കൗതുകം കൊണ്ട് ഇതിൽ ചേർത്തിട്ടുമുണ്ട്.
പല കാലങ്ങളിലേയും പല നാടുകളിലെയും കവിതകൾ ഇതിലുണ്ട്. എന്റെ തലമുറയിൽ പെട്ട ഇഷ്ടകവികളുടെ കവിതകൾക്ക് പ്രാധാന്യം നൽകാൻ ശ്രമിച്ചിരിക്കുന്നു. ഓരോ വായനക്കാരനും സ്വന്തം തലമുറയുടെ കവികളെ കണ്ടെത്തേണ്ടതുണ്ട് എന്നു ഞാൻ വിചാരിക്കുന്നു. ഏകദേശ കാലാനുക്രമത്തിൽ മൂന്നു ഭാഗങ്ങളായാണ് കവിതകൾ അടുക്കിയിട്ടുള്ളത്. പഴങ്കാല കവിതകൾ ആദ്യ ഭാഗമായും ഇംഗ്ലീഷ് കാല്പനിക കവിത തൊട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെയുള്ള കവിതകൾ രണ്ടാം ഭാഗമായും രണ്ടാം ലോകയുദ്ധകാല കവിതകൾ തൊട്ട് സമകാലം വരെയുള്ളവ അവസാന ഭാഗമായും ചേർത്തിരിക്കുന്നു.
ലാറ്റിനമേരിക്കൻ കവി വിസെന്തെ ഹ്യുഡോബ്രോയുടെ ഒരു കവിതയിലെ വരി കടം കൊണ്ടതാണ് ഈ പുസ്തകത്തിന്റെ തലക്കെട്ട്. എന്നാൽ തലക്കെട്ടായി സ്വീകരിച്ച ആ ഒരു വരി മാത്രമേ ആ കവിതയിൽ എന്നെ ആകർഷിച്ചുള്ളൂ എന്നതിനാൽ കവിതയുടെ പൂർണ്ണ പരിഭാഷ ഇവിടെ കൊടുത്തിട്ടില്ല.
പി.രാമൻ
No comments:
Post a Comment