Friday, July 29, 2022

ആമുഖം - നനവുള്ള മിന്നൽ

 ആമുഖം - നനവുള്ള മിന്നൽ


നിന്റെ പുതിയ കവിത എവിടെ, വായിക്കൂ എന്ന് ആവശ്യപ്പെട്ടിരുന്ന ചുരുക്കം ചില സുഹൃത്തുക്കൾ എഴുത്തിന്റെ തുടക്കകാലത്ത് എനിക്കുണ്ടായിരുന്നു എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു.

എന്നാൽ ആദ്യ സമാഹാരം വന്ന ശേഷം  ആ നിലയിൽ താല്പര്യപ്പെട്ട വായനക്കാർ ഇല്ലാതായി എന്നു തന്നെ പറയാം. പുതിയ കവിതയുണ്ടോ, വായിക്കൂ എന്നത് ഓർമ്മയിൽ മാത്രം കേൾക്കുന്നു. കവിത വായിക്കല്ലേ, പ്ലീസ്, വല്ല തമാശയും പറഞ്ഞിരിക്കാം, അല്ലെങ്കിൽ ഏറ്റവും പുതിയ ഏതെങ്കിലും വിഷയത്തെപ്പറ്റി തർക്കിക്കാം എന്നു മുഖം ചുളിക്കുന്നു, നടപ്പുകാലം.

മലയാളത്തിൽ കവിതയെഴുതിത്തുടരുക എന്നതിന് എന്നെ സംബന്ധിച്ചിടത്തോളം ഏകാന്തതയുടെ പാരമ്യത്തിലേക്ക് ഉപേക്ഷിക്കപ്പെടുക എന്നാണ് അർത്ഥം. ജനിച്ച ജാതിയുടെ പേരിൽ, ചില പ്രസിദ്ധീകരണങ്ങളിൽ കവിതകൾ അച്ചടിച്ചു വന്നതിന്റെ പേരിൽ, തങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള രാഷ്ട്രീയം ഇല്ലെന്നതിന്റെ പേരിൽ, പരമ്പരാഗത കാവ്യരൂപങ്ങൾ ഉപയോഗിക്കുന്നതിന്റെ പേരിൽ, ഇഷ്ടപ്പെട്ട കവിതകളെയും കവികളെയും കുറിച്ചു സംസാരിക്കുന്നതിന്റെ പേരിൽ എല്ലാം തുടർച്ചയായി പരിഹസിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. കവിതവായനക്കാരെ കാണാതായിക്കാണാതായി വന്നു.  കാണാവുന്നത് കവിക്കൂട്ടങ്ങൾ മാത്രം. അവയാകട്ടെ ഗോസിപ്പു പല്ലു കാട്ടി കടിച്ചു കീറാൻ വരുന്നവ.

മുപ്പതു വർഷം കവിതയെഴുതിക്കിട്ടിയത് സ്നേഹരാഹിത്യവും അപമാനവും ഏകാന്തതയും. അവക്കു മുന്നിൽ എത്രയോ നിസ്സാരം, എഴുത്തിനു കിട്ടിയ ചുരുക്കം അംഗീകാരങ്ങൾ. എഴുത്തിന്റെ പേരിൽ മറ്റാരെയും പരിഹസിക്കാതിരിക്കാനുള്ള വിവേകമാണ് കവിജീവിതം എനിക്കു തന്ന വലിയ സമ്മാനം.

ആർക്കും ഒഴിവാക്കാവുന്നതാണ്, അനാവശ്യമാണ്, എന്റെ കവിത എന്ന അടിസ്ഥാനബോധ്യത്തിൽ നിന്നാണ് എഴുത്തിനെക്കുറിച്ചുള്ള എന്റെ പിൽക്കാല പരിഗണനകൾ തുടങ്ങുന്നത്. അതുകൊണ്ടു തന്നെ എന്നെ സംബന്ധിച്ചിടത്തോളം അത് ഇരുണ്ട വഴിയിലൂടെയുള്ള യാത്രയാവുന്നു.

എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും പിന്നെന്തിനാണ്? ഭാഷയിലൂടെ ചലിക്കുന്നതിന്റെ ഹരമാണ് നയിക്കുന്നത്. അലഞ്ഞലഞ്ഞ് എവിടെയൊക്കെയോ എത്തുന്നതിന്റെ ആനന്ദമാണ് അങ്ങേയറ്റം മതിക്കുന്നത്. ഒരു മൂവന്തിയിൽ തനിച്ച് മലമടക്കുകൾക്കിടയിലെ വിദൂരഗ്രാമത്തിൽ എത്തിച്ചേരുമ്പോഴത്തെപ്പോലെ വിഷാദം കലർന്ന ആനന്ദം. പുതിയ പുസ്തകം പുറത്തു വരുമ്പോൾ, തുടങ്ങിയേടത്തല്ല, എനിക്കു തന്നെ പിടിയില്ലാത്ത മറ്റെവിടെയോ എത്തിയിരിക്കുന്നു എന്ന താൽക്കാലികമായ തോന്നലുണ്ടാകുന്നു. അതെന്നെ ജീവിപ്പിക്കുന്നു.

എല്ലാ ക്യൂവിലും നിന്ന് നിന്ന് തഴമ്പിച്ച, എങ്ങുമെത്താത്തതെന്നു തോന്നിപ്പിക്കുന്ന ഇത്തിരി വാഴ്‌വ് തന്നെയാണ് എവിടെയൊക്കെയോ എത്തലിന്റെ ഈ ആനന്ദമരുളി  അനുഗ്രഹിക്കുന്നത് എന്നോർത്തു വിസ്മയിക്കുന്നു.

ഓരോ കാലത്ത് എഴുത്തിനെക്കുറിച്ച് ഓരോരോ സങ്കല്പനങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അവനവനെത്തന്നെ ഭാഷകൊണ്ട് അഴിച്ചു പണിയലാണ് എഴുത്ത് എന്നതാണ് ഇന്നുള്ള ബോധ്യം.

എപ്പോൾ വേണമെങ്കിലും നിലച്ചു പോകാവുന്ന ഒരു നീർച്ചാലാണ് കവിത. അതിപ്പോഴും ഒഴുകുന്നു, ഈ ഏഴാമതു സമാഹാരത്തിലൂടെ, എന്നത് എന്നെ അമ്പരപ്പിക്കുന്നു.പഴയ വായനക്കാരെ നഷ്ടപ്പെട്ട കവിക്ക് പുതിയ വായനക്കാരെ കാത്തിരിക്കുകയല്ലാതെ വേറെന്തു ഗതി?

പി.രാമൻ




No comments:

Post a Comment