കോൽക്കളം
(കോൽക്കളി കലാകാരനും പരിശീലകനുമായ പരപ്പനങ്ങാടി മജീദ് ഗുരുക്കൾക്ക്)
കളിക്കാർ
വട്ടത്തിൽ നിന്ന്
മിനാരം പോലുള്ള
നടുക്കൂർപ്പിലേക്ക്
നീട്ടിയുയർത്തിപ്പിടിച്ച കോലുകൾ
അടുത്ത ചുവടിൽ താഴ്ത്തി പിൻവലിക്കേ
വിരിയുകയായ് ഒരു പെരുംമൊട്ട്
തൊട്ടടുത്ത ചുവടിൽ
ഓരോ കളിക്കാരനും ഓരിതളായ പെരുംപൂവിൽ
കരിവണ്ടുകളുടെ ഈണക്കം
മുല്ലപ്പൂച്ചോലയിൽ മൂളുന്ന വണ്ടേ
മാനിമ്പം മാനിമ്പം തേനുണ്ടോ വണ്ടേ
എന്ന ഈണം
കോലടിയോടു കലർന്ന്
വണ്ടിൻ മുരളലായ്
താണുയർന്നു പാറുമ്പോൾ
ഉലയുന്ന പൂക്കൾക്കിടയിൽ
മക്കത്തെ രാജകുമാരി ഖദീജാ ബീവി
പൂക്കളും വണ്ടുകളും
ചാഞ്ഞോ ചാഞ്ഞോ എന്ന്
ഒന്നു ചാഞ്ഞതും
പൂന്തോട്ടം ഒരു പടക്കളം
തിരിഞ്ഞടി
മറിഞ്ഞടി
ഒഴിച്ചാ ഒഴിഞ്ഞാ
ഒഴിച്ചാ ഒഴിഞ്ഞാ
എന്നു വാളുകൾ ചുഴലുന്നു
ബദർക്കളത്തിൽ
ഉയർന്നു താഴുന്ന വാളുകൾ കോലുകൾ
കോലുകൾ ചാടി മറിയുന്ന കുതിരകൾ
കഴുത്തുയർത്തിത്തിരിയുമൊട്ടകങ്ങൾ
പടക്കളം കറങ്ങിക്കറങ്ങി
മണൽക്കുന്നുകൾ കൊടുങ്കാറ്റിൽ മാറി മാറി മറിഞ്ഞ്
ഇതാ, കളിക്കളം.
ചൂ ചൂ ചുണ്ടങ്ങ
ചൂണ്ടു പറിക്കാൻ നാരങ്ങ
കൂട്ടാൻ നല്ല വൈതനങ്ങ
എന്നാർത്ത്
ഒറ്റക്കുതിപ്പിൽ
തി ത്തി ത്താ
എന്നു മുഴുക്കേ
വിളഞ്ഞ കായ്കറിത്തോപ്പ്
അന്നം
മൂത്തു വിളഞ്ഞ നിമിഷം
പിന്നെ കാണികളുടെ ആർപ്പ്
വൈകുന്നേരം
പരപ്പനങ്ങാടിക്കടപ്പുറത്ത്
വീടിനരികിൽ കയറ്റിയിട്ട തോണിമേൽ ചാരി
കടലിലേക്കു നോക്കി
ഉസ്താദിരിക്കുന്നു.
കളങ്ങളത്രയും ചുഴറ്റിവിട്ട കൈയ്യിനി
പുറങ്കടലിൽ വല വിടർത്തിവിടും
ഉസ്താദിൻ്റെ നോക്കുമുനമേൽ വിരിയുന്നു
നുരപ്പൂക്കൾ, അരികെ.
തിരപ്പുറത്തൊരു പടയാളി ബോട്ട്, അകലെ.
തൊടുവാനത്തിൽ ഉയർന്നു ചാടുന്നു സ്രാവുകൾ