*വസ്തുക്കളുടെ പ്രകൃതം
അനന്തസൂര്യ
(ബർമ്മീസ് - പന്ത്രണ്ടാം നൂറ്റാണ്ട്)
ഒരു മനുഷ്യൻ തകരുമ്പൊൾ മറ്റൊരാൾ
നുകരുകയാം സുഖകര ജീവിതം.
പ്രകൃതിയിലുള്ള വസ്തുക്കൾക്കൊക്കെയും
പ്രകൃതമീ മട്ടിലാ,ണെന്നുമെപ്പൊഴും
രാജകീയസഭാംഗത്തിനു തൃപ്തി
രാജകീയമാമന്തസ്സിൽ സൗവർണ്ണ -
ക്കൊട്ടാരങ്ങളിൽ വാഴ് വതാണെപ്പൊഴും.
സാഗരോപരി പൊങ്ങും കുമിളകൾ
മാതിരി തന്നെ രാജാവിൻ ഭാഗ്യവും.
കരുണയെന്മേൽ പതിഞ്ഞാൽ സ്വതന്ത്രനാം
മരണശിക്ഷയിൽ നിന്നു രക്ഷപ്പെടാം.
അത്രമേൽ കർമ്മബദ്ധനാണാകയാൽ
മൃത്യുവിൽ നിന്നു രക്ഷയില്ലെങ്കിലും.
മാഞ്ഞലിയും, വികാരങ്ങളുള്ളേതു
ജീവജാലവും, പാടേയലിഞ്ഞു പോം.
തമ്പുരാനെ വണങ്ങുന്നു, വീണ്ടും ഞാൻ
കണ്ടുമുട്ടുമെൻ രാജപ്രഭുവിനെ
ഭാവിയിലെ പുനർജന്മമൊന്നിൽ, സം-
സാരചക്രത്തിരിച്ചിലിലെപ്പൊഴോ
ദുഃഖമില്ലാതസംതൃപ്തിയില്ലാതെ -
യിഷ്ടത്തോടെ ഞാൻ മാപ്പന്നു നൽകിടും.
ചോരയാൽ തീർത്തൊരെൻ്റെ ശരീരമോ
നിത്യമല്ലസ്ഥിരമെന്നറിവു ഞാൻ.
* ബർമ്മയിലെ പ്രാചീന ബാഗൻ സാമ്രാജ്യത്തിലെ രാജാവായിരുന്ന നരതീങ്കയുടെ (1170-1173) കീഴിൽ ഒരു മുഖ്യമന്ത്രിയായിരുന്നു അനന്തസൂര്യ. രാജാവിൻ്റെ അനുജൻ നരപതിസിധു ഒരു കൊട്ടാര വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുത്തപ്പോൾ അനന്തസൂര്യയെ വധശിക്ഷയ്ക്കു വിധിച്ചു. മരണത്തിനു തൊട്ടുമുമ്പ് അദ്ദേഹമെഴുതിയതാണ് ഈ കവിത.
No comments:
Post a Comment