Saturday, December 19, 2020

ശയ്യ - പീറ്റർ ബൊർക്കോവെക് (ചെക്, ജനനം: 1970)

ശയ്യ
പീറ്റർ ബൊർക്കോവെക്
(ചെക്, ജനനം: 1970)

ജോർജു മരിച്ചെന്ന വാർത്ത കേൾക്കേ
ഞാനാക്കസേരയിൽ ചാഞ്ഞിരിപ്പായ്
(കാർലോ വിവാരിയിൽ നിന്നു രണ്ടു
സന്ദേശമെത്തി, മരിച്ചുവെന്നും
പോസ്റ്റുമോർട്ടത്തിൻ വിവരമൊന്നും)
എൻ മുന്നിലുള്ള കിടക്കയിലേ- 
ക്കുറ്റു നോക്കിക്കണ്ടു നീല തന്നെ.
വ്യക്തമായ്ക്കണ്ടു ഞാൻ: നീല തന്നെ.
എന്നോടു തന്നെ പറഞ്ഞു വീണ്ടും
നീല തന്നേയത്, കാണാമാർക്കും.
നാമാക്കിടക്ക വാങ്ങിച്ചു വീട്ടിൽ
കൊണ്ടിട്ട നാൾ തൊട്ടേ തർക്കം തന്നെ
പ്രത്യേകമാമൊരു പച്ചയെന്ന്
ജോർജാനിറത്തെക്കുറിച്ചു ചൊന്നു.
വിഡ്ഢിയെപ്പോലെ ഞാനാമുറിയിൽ
കുത്തിയിരുന്നു പറഞ്ഞു, മെത്ത
നീലക്കു പറ്റും പോലത്ര നീല!
ഇല്ലിനി നീ പറയില്ലൊരിക്കൽ
പോലുമെന്നോടതു പച്ചയെന്ന്.
പിന്നെ ബ്ഭയത്തോടെയെന്നെത്തന്നെ
കേൾക്കുന്നു ഞാൻ, കണ്ണീർ പൊട്ടിടുന്നു
പെട്ടെന്നുറക്കത്തിൽ നിന്നുണർന്ന
മട്ടിൽ നിർത്താനാവാക്കണ്ണുനീര്.

No comments:

Post a Comment