ഒരു കയ്യുറ
ജസ്റ്റിൻ ക്വിൻ
(ഇംഗ്ലീഷ്, ജനനം: 1968)
ഒരു കയ്യുറ നഷ്ടപ്പെട്ടു
മറു കയ്യുറ ബാക്കിയിരിപ്പൂ
വൻകാറ്റിൻ പിടിയിലമർന്നൂ
മഞ്ഞിലുമെൻ ജീവിതമിപ്പോൾ
ഒരു കയ്യു തണുത്തു വിറക്കേ
മറുകയ്യിനു ചൂടപ്പോഴും.
ഒരു കയ്യുറ നഷ്ടപ്പെട്ടൂ
മറുകയ്യുറ തൂങ്ങുന്നെന്മേൽ
എന്തുണ്ടീയെന്നിൽ മതിക്കാൻ
മാത്ര,മവക്കെല്ലാം വേണ്ടി.
ആദ്യത്തെക്കയ്യുറ ചുറ്റി-
ത്തിരിയുന്നീ ഭൂവിൽ സ്വതന്ത്രം
ഒരു കയ്യുറ നഷ്ടപ്പെട്ടൂ
കണ്ടെത്തീ മറ്റൊന്നിപ്പോൾ
മറ്റോരുറ, തോലിൽ തീർത്തത്
വേറിട്ടൊരു കാലാവസ്ഥ
ശ്വസിക്കുംപോൽ കാണപ്പെടുവത്.
ഒരു കയ്യുറ നഷ്ടപ്പെട്ടൂ
കണ്ടെത്തീ പൊതിയാനായത്
പുതുതായൊരു കയ്യിൻ മാംസം.
ചെയ്യാനായ് പുതു കുറ്റങ്ങൾ,
എൻ കയ്യതിലില്ലെന്നാലും.
ഒരു കയ്യുറ നഷ്ടപ്പെട്ടൂ
ദു:ഖിതമെൻ മറുകയ്യുറയോ
നഷ്ടത്തിൻ വിടവിൻ വക്കിൽ
കൈ കൊട്ടാൻ തുനിയുകയായീ
പക്ഷേ,യാപ്പിളർപ്പിനപ്പുറ-
മെത്തിയതേയില്ലാശ്ശബ്ദം
ഒരു കയ്യുറ നഷ്ടപ്പെട്ടൂ
മറ്റേതും നഷ്ടപ്പെട്ടു.
മഞ്ഞുകളും വൻകാറ്റുകളും
കൊന്നു മുടിക്കുന്ന തണുപ്പും
തടയാനായില്ലിനി മറ്റൊരു
രൂപവുമെൻ കൈവശമിപ്പോൾ.