Tuesday, August 4, 2020

വംശീയത - അബ്ദോ വാസൻ (ലെബനൻ, ജനനം 1957)



ഓരോ തവണയും 
കറുത്ത മനുഷ്യൻ കണ്ണാടി നോക്കി
ദൈവത്തെ കുറ്റപ്പെടുത്തിപ്പറയുന്നു:
"എന്നെ സൃഷ്ടിക്കാൻ നീ
ഗംഭീര പ്രയത്നം തുടങ്ങിയിട്ടൊടുവിൽ
രാത്രിപോലിരുളിച്ച് എന്നെ സൃഷ്ടിച്ചതെന്ത്?
കറുത്ത മുഖവും വെളുത്ത പല്ലുമായി?"

ഓരോ തവണയും മഞ്ഞ മനുഷ്യൻ
കണ്ണാടിക്കു മുന്നിൽ നിന്ന്
നേർത്ത ശബ്ദത്തിൽ ദൈവത്തോടു ചോദിക്കുന്നു:
"സൂര്യകാന്തിപ്പൂ പോലെ മഞ്ഞയായി
നീയെന്നെ സൃഷ്ടിച്ചതെന്ത്?
ഇറുകിയ കണ്ണുകളോടെ?"

ചുവപ്പു മനുഷ്യൻ കണ്ണാടിയിലേക്കു 
മുഖം ചുളിപ്പിച്ച്
കുറ്റപ്പെടുത്താതെ ദൈവത്തോടു ചോദിക്കുന്നു:
"ചോര നിറത്തിൽ നീയെന്നെ സൃഷ്ടിച്ചതെന്ത്?
പിന്നെ സൂര്യനു കീഴേ എന്നെയുപേക്ഷിച്ചതെന്ത്?"

വെളുത്ത മനുഷ്യൻ കണ്ണാടി നോക്കി,
പാതിച്ചിരിയോടെ,
കുറ്റപ്പെടുത്തിക്കൊണ്ടു ദൈവത്തോടു ചോദിക്കുന്നു:
"നീയെന്തിനെന്നെ സൃഷ്ടിച്ചു?"

നിവരൽ - പി.രാമൻ



നിൻ്റെ കൈത്തലമാണെൻ്റെ
ചൂടുകുപ്പായമെപ്പൊഴും
വിയർപ്പാറിത്തണുക്കുന്ന
വേനൽരാത്രിയിൽ കൂടിയും.

നിവർത്തിയണിയിക്കൂ നീ -
യതെൻ ദേഹം മുഴുക്കനെ.

തുമ്പ് - പി.രാമൻ



തുമ്പത്തു തുള്ളി
തുഞ്ചത്തു പഴം
മുനമ്പത്തു തോണി
തീരത്തു നുര
അറ്റത്തു വെളിച്ചം

ചോന്ന വെളിച്ചം.

തുമ്പത്തു നോവ്.
അടയുന്ന കൺപോള -
ത്തുമ്പത്ത്................ നോവ്.

Sunday, August 2, 2020

ഉറക്കം പഠിക്കുമ്പോൾ



തൊട്ടരികിൽ കിടന്ന്
നീയെത്ര വേഗമുറങ്ങുന്നു!
ഇന്നുമതെ,
എന്തോ പറയുന്നതിൻ്റെ പാതി വഴിയിൽ.

"എങ്ങനെ എന്നു
പറഞ്ഞു തരാനറിയില്ല.
എന്നെ നോക്കി പഠിക്കൂ''

ഞാൻ മലർന്നു കിടന്ന്
മുഖം ചെരിച്ചു 
നിന്നെ നോക്കി പഠിക്കാൻ ശ്രമിക്കുന്നു.
എത്ര വർഷമായി!
ഇന്നും മങ്ങി മങ്ങിയിരുണ്ട്
പറ്റെ കറുക്കുന്ന ആ ഇടത്തു വെച്ച്
എന്തിലോ കണ്ണു തടഞ്ഞു വീഴുന്നു.

എൻ്റെ വണ്ടി തടഞ്ഞിട്ടിരിക്കുന്നു.
നിൻ്റെ പാത ചീറിപ്പായുന്നു.

പതിനാറു കൊല്ലം കൊണ്ട്
നീ കാണുംപോലത്തെ സ്വപ്നങ്ങൾ കാണാൻ
ഞാൻ പഠിച്ചെടുത്തു.
നിന്നെപ്പോലെ ഉണരാനും.
പക്ഷേ.....

ഏറ്റവും പിന്നിൽ



ഈറൻ തുണികളുണങ്ങുന്നതിൻ മണ-
മൂറുമിരുണ്ട മുറിയിൽ പിറന്നു ഞാൻ
എന്നതുറ, പ്പെന്റെ മൂക്കു വലിച്ചെടു-
ക്കുന്നതിന്നേറ്റവും പിന്നിലുണ്ടാ മണം.

ഈറൻ തുണികൾ തോരാനിട്ടതിന്നിട-
യ്ക്കോടിയൊളിച്ചു കളിച്ചു വളർന്നു ഞാൻ
പാതിയുണങ്ങിയിളകും തുണികൾ തൻ
പാളികളിൽ മുഖം പൂഴ്ത്തുവാൻ തോന്നുന്നു.

ലോകങ്ങ,ളീറനുണങ്ങും തുണികൾ തൻ
വാടയായെന്നെപ്പൊതിയട്ടെയെപ്പൊഴും.

Saturday, August 1, 2020

നോഹ - പി.രാമൻ


Noah's Ark on Mount Ararat (obverse) 1500-04 by Hieronymous Bosch ...



പുറത്തിറങ്ങാനായി
മുരണ്ടുകൊണ്ടിരിക്കുന്നു
ഓരോ നഗരത്തിലും
ഒരു സഞ്ചാരി.

പെയ്തതു മഴയല്ലാത്തതിനാൽ
ഒഴുകാത്ത പെട്ടകത്തിലാണ്
ദൈവം അയാളെ അടച്ചിരുന്നത്.

ലോകം പഴയപടി ശാന്തമായോ
എന്നറിയാൻ
കൈയ്യിൽ നിന്നൊരു കുതിപ്പിനെ
അയാൾ ആഴ്ചതോറും പറത്തി വിടുന്നു.

നിറങ്ങളും സ്വരങ്ങളും വിടർത്തിയതു
പറന്നു പോകുന്നു.
ഒലീവിലയില്ലാതെ
വിദൂരദേശത്തെ വിഭവങ്ങളില്ലാതെ
ഉടൻ തിരിച്ചു വരുന്നു
നിറങ്ങളും സ്വരങ്ങളുമൊതുക്കുന്നു.

ഓരോ നഗരത്തിലെ
ഓരോ സഞ്ചാരിയുടെ മുഖവും
വിഷണ്ണമാകുന്നു.
നിലത്തമർത്തിച്ചവിട്ടുമ്പോൾ
പെട്ടകം കുലുങ്ങുന്നു.

പിന്നെ
എന്തോ ഓർത്ത്
അയാൾ അടങ്ങുന്നു.
പുഞ്ചിരിക്കുന്നു
കൈയിൽ ചിറകു കുടയുന്ന കുതിപ്പിനെ
മെല്ലെ തലോടിക്കൊണ്ടു
പിറുപിറുക്കുന്നു:

"ഞാൻ പറത്തി വിട്ടതല്ല
ഇപ്പോളെൻ്റെ കയ്യിലിരിക്കുന്നത്.
ആ നഗരത്തിലെ സഞ്ചാരി
പറത്തി വിട്ടതാണ്.
ഞാൻ പറത്തിയത്
അയാളുടെ കയ്യിലും കാണും."

അഞ്ചാം വാക്യം - പി.രാമൻ



Free Images : writing, book, read, wing, leaf, flower, petal, old ...



1. വലിയൊരു ഭൂപ്രദേശത്ത് ഒരൊറ്റപ്പൂമ്പാറ്റ മാത്രം സാവകാശം പാറി നടക്കുന്നു.

2. ഇരു പൂമ്പാറ്റകൾ പിന്നാലെപ്പിന്നാലെ ഒരു പോലെ നൃത്തം ചെയ്തു പറന്നുയരുന്നു.

3. പൂമ്പാറ്റകൾ കൂട്ടത്തോടെ ചിറകു തുടിച്ചു കളിക്കുന്നു.

4. ചെടികളുടെ ചിന്തയിൽപ്പോലുമില്ല ഒരു പൂമ്പാറ്റയും.

ഈ വാക്യങ്ങൾ ക്രമം മാറ്റി മാറ്റി വായിച്ചു കൊണ്ടേയിരുന്നു കാലം പോക്കുന്നു.