Wednesday, October 8, 2025

ലിങ് യു (തായ്വാൻ,ചൈനീസ്, ജനനം: 1952)

മെയ്

ലിങ് യു (തായ്വാൻ,ചൈനീസ്, ജനനം: 1952)


മലകൾ ചാടിക്കയറുന്നൂ
പച്ചസ്സിംഹങ്ങൾ
നിരവധി മലകൾ ചാടിക്കയറുന്നൂ
പച്ചസ്സിംഹങ്ങൾ
തഴച്ച സടയുള്ളോർ
നവജാതർ
പച്ചസ്സിംഹങ്ങൾ

മലകളിൽ ശാന്തമിരിക്കുന്നതിനാ-
യുറച്ചു കയറുന്നോർ
ധ്യാനം ശീലിച്ചവരിനി സസ്യാ-
ഹാരികളായ് മാറാം

വസന്തമൊത്തൊരു പന്തയമോടാൻ
കൊതിപ്പു പച്ചസ്സിംഹങ്ങൾ
ഒരു കൊടുമുടിയിൽ നിന്നുമടുത്തതി -
ലാദ്യമെത്തുകയാരാവാം?

"എന്നെക്കൂട്ടൂ,നിൽക്കൂ, റോസാ
നിറമുള്ളാടയണിഞ്ഞതിനാൽ
ഓടാനാകുന്നില്ലതിവേഗം,
പതുക്കെയോടി വരുന്നൂ ഞാൻ"

ലി ഷാവോജുൻ (ചീന, ജനനം: 1967)

ദൈവം ഒരു ബസ് നിലയത്തിലേക്കു വരുന്നു

ലി ഷാവോജുൻ (ചീന, ജനനം: 1967)


നാലഞ്ചു ചെറുവീടുകൾ
ഒന്നുരണ്ടു വിളക്കുകൾ
ഞാനിവിടെ
ഒരുറുമ്പിനോളം ചെറുതായ്
ബൃഹത്തായ ഹുലുൻ ബിർ പുൽമേട്ടിനു
നടുവിലെവിടെയോ
പേരില്ലാത്ത ഒരു ബസ് നിലയത്തിൽ
ഒരു രാത്രി
ഒറ്റക്കു കഴിയുന്നു,
തണുത്ത ഏകാകിത പേറി
എന്നാൽ സമാധാനപൂർണമായി.

എനിക്കു പിന്നിൽ നിൽക്കുന്നു
ശൈത്യ രാപ്പുലി
അതിനു പിന്നിൽ തെളിഞ്ഞ തുറന്ന പാത
പാതക്കു പിന്നിൽ എർഗൻ നദി മെല്ലെയൊഴുകുന്നു.
ഇരുട്ടിൽ മിന്നിമിനുങ്ങുന്ന ഒരു വെളിച്ചം
അതിനും പിന്നിൽ അനന്തമായ ബിർച്ചുമരക്കാട്
അഗാധവന്യത
അതിനും പിന്നിൽ
നീലപ്പട്ടുതിരശ്ശീല പോലുള്ള ആകാശച്ചെരിവിൽ
ശാന്തനക്ഷത്രങ്ങൾ

ദൈവം വാഴുന്ന
വിശാലമായ വടക്കേ ദിക്ക്,
അതിനു പിന്നിൽ.

Monday, September 29, 2025

മെഗ് ബെയ്റ്റ്മാൻ(സ്കോട്ട്ലാൻ്റ്, സ്കോട്ടിഷ് ഗെയ്ലിക്, ജനനം: 1959)

 മെഗ് ബെയ്റ്റ്മാൻ(സ്കോട്ട്ലാൻ്റ്, സ്കോട്ടിഷ് ഗെയ്ലിക്, ജനനം: 1959)


കവിതകൾ

1
കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്


അയാൾ എന്നെക്കാണാൻ പതിവായി വരാറുണ്ട്
മദ്യപിച്ചാൽ
       കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്

ഞാനയാൾക്ക് ചായയിട്ടു കൊടുക്കും
അയാൾ പറയുന്നതു ശ്രദ്ധിക്കും
       കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്

അയാൾ കുടി നിർത്തി
എനിക്കതിൽ വലിയ സന്തോഷം തോന്നി
        കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്

ഇപ്പോൾ അയാൾ വരാറില്ല
ഉറപ്പ്, എന്നോടു നീരസമാണ്
          കാരണം എനിക്കയാളെ വളരെ ഇഷ്ടമാണ്


2
സരളത

നിൻ്റെ സരളതയാണ് എന്നെ വലിച്ചടുപ്പിച്ചത്
നിൻ്റെ സംസാരത്തിൻ്റെയും ചിരിയുടെയും സരളത
എൻ്റെ കൈകളിൽ നിൻ്റെ കവിളിൻ സരളത
നിൻ്റെ എളിയ മധുര സൗമ്യ സരളത
നിൻ്റെ ചുംബന സരളതക്കായാണ്
എൻ്റെ ചുണ്ട് വിശന്നു വലയുന്നത്
നിൻ്റെയാലിംഗനത്തിൻ്റെ സരളത
എന്നെയൊഴുക്കിക്കൊണ്ടുപോകും

Saturday, September 27, 2025

ഇയോൺ മുറേസാൻ (റൊമാനിയ,ട്രാൻസിൽവാനിയ, ജനനം: 1955)

ജനലിനു വെളിയേ

ഇയോൺ മുറേസാൻ (റൊമാനിയ,ട്രാൻസിൽവാനിയ, ജനനം: 1955)


നഗരത്തിലെത്തുമ്പോഴെല്ലാം
നീയും കാണും
കതകു തുറന്ന്
സ്ത്രീകൾ
അത്താഴ ഉച്ഛിഷ്ടമായ
മാലാഖച്ചിറകുകൾ
തെരുവുകളിലേക്കു വലിച്ചെറിയുന്നത്.

ഫ്രാൻസ് ഹോഡ്ജാക്ക് (ട്രാൻസിൽവാനിയ,റൊമാനിയ ഭാഷ ജർമ്മൻ,1944 -2025)

പുരാവൃത്തം

ഫ്രാൻസ് ഹോഡ്ജാക്ക് (ട്രാൻസിൽവാനിയ,റൊമാനിയ ഭാഷ ജർമ്മൻ,1944 -2025)


മുയലുകൾക്കായി വരി നിൽക്കുന്നു കുറുക്കന്മാർ
മുയലുകൾ കാബേജുപാടങ്ങൾക്കായി വരി നിൽക്കുന്നു
കാബേജുപാടങ്ങൾ മഴക്കായി വരി നിൽക്കുന്നു
മഴ മേഘങ്ങൾക്കായി വരി നിൽക്കുന്നു
മേഘങ്ങൾ ആകാശക്കീറിനായി വരി നിൽക്കുന്നു
ആകാശക്കീറ് ദൈവത്തിനായി വരി നിൽക്കുന്നു
ദൈവമാകട്ടെ
താൻ ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നത്
തൻ്റെ ചുമതലയാണോ 
എന്ന തീരുമാനത്തിലെത്താനാവാതെ
കുഴങ്ങി നിൽക്കുന്നു

അഡ്രിയാൻ പോപെസ്ക്യു (ട്രാൻസിൽവാനിയ,റൊമാനിയ ജനനം: 1947)

ലോറി

അഡ്രിയാൻ പോപെസ്ക്യു (ട്രാൻസിൽവാനിയ,റൊമാനിയ ജനനം: 1947)


ടാർപോളിൻ കൊണ്ടു കെട്ടിമറച്ച ഒരു ലോറി
നനഞ്ഞു കിടക്കുന്ന പെരുമ്പാതയിലൂടെ
ചീറിപ്പായുന്നു.
കാറ്റിൽ പൊളിഞ്ഞ ടാർപോളിൻ്റെ പടപടശബ്ദം.
പഴത്തിൻ്റെയും ടാറിൻ്റെയും പെട്രോളിൻ്റെയും
മണം പരക്കുന്നു
വളവിൽ ലോറി
ഒരു നിമിഷത്തേക്കെങ്കിലും
വേഗം കുറക്കുമ്പോൾ
ഒറ്റക്കുതിപ്പിന് നമുക്കതിന്മേൽ പിടിച്ചുകയറാം
തിളങ്ങുന്ന പെട്ടികൾക്കും
കറുത്ത ചാക്കുകൾക്കുമിടയിൽ പതുങ്ങാം

ഉറപ്പായും നാം നമ്മുടെ ലക്ഷ്യത്തിലെത്തും.

Friday, September 26, 2025

ഔറെൽ റൗ (റൊമാനിയ, ജനനം: 1930)

തൂവലുകൊണ്ടെഴുതൽ

ഔറെൽ റൗ (ട്രാൻസിൽവാനിയ,റൊമാനിയ, ജനനം: 1930)


പൂന്തോട്ടത്തിൽ
ഇലകൾക്കടിയിൽ
ഞാനൊരു തൂവൽ
കണ്ടുപിടിച്ചു
ചാരനിറത്തിൻ
സുന്ദര നിരകൾ
തിളങ്ങും തൂവൽ
കയ്യിലെടുക്കേ
മാനത്തിൻ്റെ മണം,
ഞാൻ വീട്ടിൽ
ചെന്നതു മഷിയിൽ
മുക്കിയെടുത്തു
ആയിരമായിര-
മായ് വർഷങ്ങൾ
താനിതു ചെയ്തു
വരുന്നതുപോലെ
തൂവൽ തുടങ്ങുക -
യായീയെഴുതാൻ!