Saturday, March 23, 2024

ബിജു കാഞ്ഞങ്ങാടിൻ്റെ കവിത

 ബിജു കാഞ്ഞങ്ങാടിൻ്റെ കവിത


ഒരേ സമയം കവിയും ചിത്രകാരുമായ എഴുത്തുകാർ അനേകമുണ്ട്. സമകാല മലയാള കവിതയിലെ ചിത്രകാര - കവികളിലൊരാളാണ് ബിജു കാഞ്ഞങ്ങാട്. ചിത്രകാരനെന്ന നിലയിൽ പ്രതിഭ അടയാളപ്പെട്ട ശേഷം പല കാരണങ്ങളാൽ ചിത്രങ്ങൾ പിന്നീട് വരയ്ക്കാം എന്നു മാറ്റിവെച്ച ചിത്രകാരനാണ് ബിജു. ചിത്രകലാ സങ്കേതങ്ങളും സൗന്ദര്യ വീക്ഷണങ്ങളും പ്രയോജനപ്പെടുത്തി തനതും വ്യത്യസ്തവുമായ കവിത സൃഷ്ടിക്കുന്നതിലാണ് ബിജു മുഴുകിയത്. ബിജുവിൻ്റെ കവിതയുടെ പ്രധാന സവിശേഷതകളായി ഞാൻ കാണുന്നത് മൂന്നു കാര്യങ്ങളാണ്.

1. കവിതയെ സമയകലയായല്ല, സ്ഥലകലയായാണ് ബിജു കണ്ടത്.

ചിത്രസ്ഥലത്തെ പരത്തി വിരിച്ചിട്ട് കവിതസ്ഥലം സൃഷ്ടിക്കുകയാണ് ബിജുവിൻ്റെ ഓരോ കവിതയും.ബസ്സിൻ്റെ സൈഡ് സീറ്റിലിരുന്ന് ഒരു പെണ്ണ് കാണുന്ന കാഴ്ച്ചയെക്കുറിച്ചാണ് ബിജു എഴുതുന്നത് എന്നിരിക്കട്ടെ, ആ കാഴ്ച്ചയുടെ ഭാഗമായി അവളുടെ കാറ്റിൽ പാറുന്ന മുടിയിഴയും ബിജുവിൻ്റെ കവിതയിലുണ്ടാകും.കാണിയും കാഴ്ച്ചയും ചേർന്നതാണ് ഒരു കാഴ്ച്ചസ്ഥലം. കവിയും വായനക്കാരനും കവി ലക്ഷ്യമിടുന്നതും ചേർന്നതാണ് ബിജു സൃഷ്ടിക്കുന്ന കവിതാസ്ഥലം. ആ കവിതാസ്ഥലത്തെ - കവിതയുടെ പ്രതലത്തെ - നൂലിഴകളാലും നേർത്ത വരകളാലും പല ഭാഗങ്ങളായി വിഭജിക്കുന്ന രചനാരീതിയും ബിജുവിന് പ്രിയപ്പെട്ടതാണ്.


2 തെളിയലിൻ്റെയും മായലിൻ്റെയും കവിതയാണ് ബിജുവിൻ്റേത്

ഇതാ തെളിഞ്ഞു എന്നു തോന്നുമ്പൊഴേക്കും മാഞ്ഞു തുടങ്ങുന്ന ഒരു കവിതയാണ് ബിജുവിൻ്റെ ആദർശ കവിത എന്ന് ആ കവിതകൾ എന്നെ ഉണർത്താറുണ്ട്. തെളിയലിൽ തന്നെ മായലുള്ള കവിത. മായലിൽ തന്നെ തെളിയലുള്ള കവിത. അവൻ്റെ കവിതാ സങ്കല്പനത്തെ അവൻ്റെ ജീവിതം പകർത്തി. മിന്നി മാഞ്ഞുപോകുന്നവയെ ഒന്നു തൊടാൻ അവൻ്റെ കവിത എനിക്കു വിരലു നൽകി. ഇങ്ങനെ തെളിയലിൻ്റെയും മായലിൻ്റെയും കവിയാവാൻ 19-ാം നൂറ്റാണ്ടിലെ ഇംപ്രഷനിസ്റ്റ് ചിത്രകല ബിജുവിനെ സഹായിച്ചിട്ടുണ്ട്. മൂർത്തതയിൽ നിന്ന് അമൂർത്തതയിലേക്കുള്ള യാത്രയാണ് ബിജു ഓരോ കവിതയും. ആ നിലക്ക് അവ ദാർശനികമാണ്.

3 നേർത്ത ഒരിഴ കൊണ്ട് എഴുതിയ കവിതയാണ് ബിജുവിൻ്റേത് എന്നു തോന്നാറുണ്ട്. മുടിനാരിഴ കാറ്റിൽ എഴുതുന്നതിൻ്റെ താളത്തിലുള്ളത്. മൗനത്തിൽ നിന്നു ഭാഷയിലേക്കും ഭാഷയിൽ നിന്നു മൗനത്തിലേക്കും തെന്നി നീങ്ങുന്നത്. "ശൂന്യതയിൽ ഇടക്കിടെ പൊങ്ങുന്ന കോറിവര" എന്നു ബിജു. എന്നാൽ വായനാനുഭവത്തിൽ അത്, ശൂന്യതയിൽ ഇടക്കിടെ പൊങ്ങുന്ന, പകുതി പണിത ഒരു ബാബേലിൻ്റെ ഓർമ്മ. പീറ്റർ ബ്രുഗലിൻ്റെ ബാബേൽ ഗോപുരചിത്രം പോലെ.

മാറിയിരുന്നു നോക്കുമ്പോൾ കവിത ഇളകിയിളകിയ നടത്തം മാത്രവും ചാഞ്ഞും ചെരിഞ്ഞും വീണ കുണുങ്ങിയ നോട്ടം മാത്രവും മിണ്ടാതിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പാദസരം മാത്രവുമാണെന്ന് ബിജു ഒരു കവിതയിൽ എഴുതിയിട്ടുണ്ട്. ഒരു ചലനം, ഒരു നോട്ടം, ഒരു ശബ്ദം. ഇവ മതി എന്തും എവിടവും കവിതയാവാൻ. ഇതുകൊണ്ടാവാം പക്ഷികളെക്കുറിച്ച് ധാരാളം കവിതകളെഴുതാൻ ബിജുവിന് കഴിഞ്ഞത്. മിന്നലിൻ്റേയും മായലിൻ്റെയും ദർശനം ആ കിളിക്കവിതകളിലുണ്ട്.

(23 -3 - 2024 - ന് കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വെച്ച് ബിജു എന്ന കവിത അനുസ്മരണഗ്രന്ഥത്തിൻ്റെ പ്രകാശനച്ചടങ്ങിൽ സംസാരിച്ചതിൻ്റെ വീണ്ടെഴുത്ത്)

No comments:

Post a Comment