Thursday, March 28, 2024

നമ്മുടെ മാറാപ്പ് നാം ചുമന്നാൽ മതി

 നമ്മുടെ മാറാപ്പ് നാം ചുമന്നാൽ മതി


പി. രാമൻ


മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവികളെ സുഹൃത്തുക്കളും വായനക്കാരും ആസ്വാദകരും എങ്ങനെയാണ് ഓർക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് എന്നതിന് ഓർമ്മക്കുറിപ്പുകളായും മറ്റും പല ലിഖിത രേഖകൾ നമുക്കു കിട്ടാനുണ്ട്. എന്നാൽ സ്വന്തം കുടുംബം - ഭാര്യ, മക്കൾ, പേരക്കുട്ടികൾ - എങ്ങനെയാണ് ഓർക്കുന്നത് എന്നതിന് ലിഖിതരേഖകൾ കുറവാണ്. നല്ല കുടുംബംനോക്കികളായ കവികളുടെ പോലും അനന്തര തലമുറ അവരെ ആ നിലയിൽ വിടാതെ പിന്തുടരാൻ ശ്രമിച്ചിട്ടില്ല. എന്നാൽ, കുടുംബം നോക്കാതെ ഊരുചുറ്റി നടന്നു എന്നും കുത്തഴിഞ്ഞു തന്നിഷ്ടക്കാരനായി ജീവിച്ചു എന്നും പൊതുവേ കേരളീയ സമൂഹം ചിത്രീകരിച്ചിട്ടുള്ള മഹാകവി പി. കുഞ്ഞിരാമൻ നായരെയാണ് പിന്തുടർച്ചക്കാർ ആദരപൂർവ്വം വിടാതെ പിന്തുടർന്നത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കുടുംബം നോക്കാത്തയാൾ എന്ന് നാട്ടുകാർ വിളിച്ച കവിയെയാണ് കുടുംബം പിന്നീട് ഏറ്റവും ഓർത്തത്.

ഓരോ കാലവും ഒരു കവിവിഗ്രഹം കൊത്തിയുണ്ടാക്കുന്നുണ്ട്. ഫ്യൂഡൽ കൊളോണിയൽ കാലം ഗുരുവും വഴികാട്ടിയും സന്മാർഗ്ഗോപദേഷ്ടാവുമായ ഒരു കവിയെയാണ് മുന്നിൽ നിർത്തിയത്. ഇത് ഒരു തരം ബലികൊടുക്കലാണെന്നും പറയാം. ഓരോ കാലത്തിനും ഒരു കവിയെ ബലിമൃഗമായി ആവശ്യമുണ്ട്. അങ്ങനെ ബലി കൊടുക്കപ്പെടുന്ന കവിയുടെ, സമൂഹത്തിന് ആവശ്യമുള്ള മുഖത്തു മാത്രമേ വെളിച്ചം പതിയാൻ പൊതുസമൂഹം അനുവദിക്കുകയുള്ളൂ. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ ചങ്ങമ്പുഴയാണ് കവിവിഗ്രഹമാക്കപ്പെട്ടത്. ആ കാലം ആവശ്യപ്പെട്ട ഒരു കവിസങ്കല്പം ചങ്ങമ്പുഴയിൽ പ്രതിഷ്ഠിതമായി. ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ വിഗ്രഹവൽക്കരണത്തിന് ഇരയായത് പി.കുഞ്ഞിരാമൻ നായരാണ്. യാഥാർത്ഥ്യബോധമില്ലാതെ കുത്തഴിഞ്ഞ്, പരീക്ഷകളിലെല്ലാം തോറ്റ്, കുടുംബം നോക്കാതെ, കവിതക്കുവേണ്ടി ജീവിതമുപേക്ഷിച്ച്, ഭ്രഷ്ടനെപ്പോലെ ഒരിടത്തുമുറയ്ക്കാത്തവനായി, എത്തിപ്പിടിക്കാനാവാത്ത സൗന്ദര്യത്തെ എത്തിപ്പിടിക്കാൻ പായുന്നവനായി പ്രകൃതിഗായകനായി ഒരു കവിബിംബം ആ കാലത്തിന് വാർത്തെടുക്കണമായിരുന്നു. അതൊരു സാമൂഹിക ആവശ്യമായിരുന്നു. ഉപഭോഗത്തിൻ്റെയും ഉപകരണയുക്തിയുടെയും സാമർത്ഥ്യത്തിൻ്റെയും പ്രകൃതിചൂഷണത്തിൻ്റെയും വിജയാഭിമാനങ്ങളുടെയും ആൺ- പെൺ ഒളിവുബന്ധങ്ങളുടെയും ഹിപ്പോക്രസിയുടെയും പ്രഭാവകാലത്തിന് വിപരീത സ്വഭാവമുള്ള ഒരു കവിബിംബത്തെ സൃഷ്ടിച്ചുകൊണ്ടേ രക്ഷപ്പെടാനാവുമായിരുന്നുള്ളൂ. ആ സന്ദർഭത്തിലാണ് അതിനുതകുന്ന ഒരു ജീവിതകഥ പി.യിലൂടെ ചുരുളഴിഞ്ഞത്.ജീവിതകാലത്ത് അദ്ദേഹത്തിന് ഭക്തകവി എന്നൊരു ഇമേജ് പതിഞ്ഞു കിട്ടിയിരുന്നു. ആ ഇമേജ് പുതിയ കാലത്തിന് ആവശ്യമായിരുന്നില്ല. അതുകൊണ്ട് ആ പട്ടം റദ്ദാക്കി പുതിയ കവിപ്പട്ടം അദ്ദേഹത്തെ അണിയിക്കുകയും ചെയ്തു ഇരുപതാം നൂറ്റാണ്ടിൻ്റെ അന്ത്യദശകങ്ങൾ. പുതുസാമർത്ഥ്യകാലത്തിന് ബലികൊടുക്കാൻ പാകത്തിന് കവിയുടെ ജീവിതത്തെ മെരുക്കിയെടുക്കാൻ വേണ്ടി പുത്തൻ സദാചാരക്കണ്ണുകൊണ്ട് നോക്കി കവിയെ വിഷയലമ്പടനാക്കുകയും വേണ്ടിവന്നു. പി.യുടെ ആത്മകഥകളിൽ നിന്ന്, ഇത്തരമൊരാഖ്യാന നിർമ്മിതിക്കുതകുന്ന പരാമർശങ്ങൾ മാത്രമെടുത്ത് ഒട്ടേറെ സാഹിത്യ-ദൃശ്യ ആഖ്യാനങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇവൻ മേഘരൂപൻ പോലുള്ള സിനിമകൾ ഉദാഹരണം.

ഇങ്ങനെയൊരു കവിവിഗ്രഹ സൃഷ്ടി കൊണ്ട് കവിതക്കോ കവിക്കോ പ്രയോജനമൊന്നുമില്ല എന്നതാണു സത്യം. കവി കൂടുതൽ പ്രസിദ്ധനാകും എന്നതു ശരി. എന്നാൽ ആ പ്രസിദ്ധി, സമൂഹത്തിൽ നിലവില്ലാത്ത, എന്നാൽ സമൂഹം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന മൂല്യങ്ങളും മനോഭാവങ്ങളും ചുമക്കുന്ന ഒരു സാധു എന്ന നിലയിലാണ് വരിക. മുൻധാരണ കൊണ്ടു നിർമ്മിക്കപ്പെട്ടതാണാ പ്രസിദ്ധി. ആനയെ എഴുന്നുള്ളിക്കും പോലെ എഴുന്നള്ളിക്കാനല്ലാതെ മറ്റൊന്നിനും പറ്റാത്തത്. ഈ കവിപ്രസിദ്ധിയുടെ മറവിൽ കവിത വായിക്കപ്പെടാതെ പോയൊളിക്കുകയും ചെയ്യും. പ്രസിദ്ധരായാൽ പിന്നെ വായിക്കേണ്ടതില്ല എഴുന്നള്ളിച്ചാൽ മതി എന്നതാണ് കേരളത്തിലെ നാട്ടുനടപ്പ്.

കവിതയെ കൊലക്കു കൊടുക്കുന്ന ഇവ്വിധമൊരു വിഗ്രഹവൽക്കരണത്തിന് പി. കുഞ്ഞിരാമൻ നായരെ ഇരയാക്കേണ്ടതില്ല എന്ന് നമ്മോടു പറയുകയാണ് അദ്ദേഹത്തിൻ്റെ പിന്തുടർച്ചക്കാർ അവരുടെ ഓർമ്മക്കുറിപ്പുകളിലൂടെ. കുഞ്ഞിരാമൻ നായരുടെ മക്കളേയും പേരക്കുട്ടികളേയും നാമറിയുന്നതു തന്നെ കവിയേയും അദ്ദേഹത്തിൻ്റെ കാവ്യജീവിതത്തേയും അനുസ്മരിപ്പിക്കുന്ന പരിപാടികൾക്കു നേതൃത്വം നൽകുന്ന സംഘാടകർ എന്ന നിലയിലാണ്. മകൻ വി. രവീന്ദ്രൻ നായർ അതൊരു ദൗദ്യമായെടുത്തു വർഷങ്ങളേറെയായി സംസ്കാരിക രംഗത്തുണ്ട്. കവിയച്ഛൻ - പി മകൻ്റെ ഓർമ്മകളിൽ എന്ന പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ കവിയുടെ മൂത്ത മകൾ വി.ലീല അമ്മാൾ തൻ്റെ മകൾ ജയശ്രീ വടയക്കളവുമായിച്ചേർന്ന് ഓർമ്മകളിലെ കവിയച്ഛൻ എന്ന അനുസ്മരണ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു. സമകാല സമൂഹം അതിൻ്റെ താല്പര്യാർത്ഥം ഉണ്ടാക്കിയെടുത്ത വിഗ്രഹമല്ല യാഥാർത്ഥ്യം എന്ന് ഈ പുതിയ കൃതി വിളിച്ചു പറയുന്നു.

സ്നേഹവാനായ അച്ഛനായി പി. ഇതിൽ നിറഞ്ഞുനിൽക്കുന്നു. പെൺകുട്ടികൾ പഠിക്കണം, ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാവണം എന്ന ജാഗ്രത എപ്പോഴും സൂക്ഷിച്ച അച്ഛനാണ് ഈ ആഖ്യാനത്തിലെ പി. ജീവിതത്തിലാദ്യമായി കൂടെ കൂട്ടിയ പത്നി കുഞ്ഞുലക്ഷ്മിയമ്മയെ പ്രാണനു തുല്യം സ്നേഹിച്ച ഭർത്താവായ കുഞ്ഞിരാമൻ നായരുടെ ചിത്രവും മിഴിവോടെയുണ്ട്. അതേ സമയം തന്നെ, മറ്റു പങ്കാളികളും അതിൽ മക്കളും പി.ക്കുണ്ട് എന്ന യാഥാർത്ഥ്യത്തെ കാല്പനികവൽക്കരിക്കാതെ, സമകാലത്തിൻ്റെ കപട സദാചാരക്കണ്ണുകൊണ്ടു നോക്കാതെ, അദ്ദേഹം ജീവിച്ച കാലത്തിൻ്റെ സ്വാഭാവികതയിൽ വെച്ച് യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കാനുള്ള ശ്രമവും ഇതിലുണ്ട്. പച്ച മനുഷ്യൻ്റെ നേരോടെ കവി ഈ ഓർമ്മകളിൽ പ്രത്യക്ഷപ്പെടുന്നു. ജൂബയുടെ കീശയിൽ നിന്ന് മിഠായിയെടുത്ത് കുട്ടികൾക്കു കൊടുക്കുന്ന പി.യുടെ ചിത്രം നമുക്കറിയാം. എന്നാൽ ഷുഗർ വന്നപ്പോൾ പായസം കഴിക്കുന്നത് നിർത്തിയ പി.യെക്കുറിച്ച് നമ്മളാലോചിച്ചിട്ടില്ല. കവിതയോടുള്ള സമർപ്പണത്തിൻ്റെ ഭാഗമെന്ന നിലയിൽ ആ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ വ്യക്തിപരമായ ആവശ്യങ്ങൾ മാറ്റിവെക്കുന്ന പി.യേയാണ്, കുടുംബത്തെ കൈ വെടിഞ്ഞു പോകുന്ന പി.യേയല്ല ഇതിൽ കാണുന്നത്. തൻ്റെ അച്ഛന്നും അമ്മക്കുമൊപ്പമായിരിക്കുന്നിടത്തോളം പത്നിയും മക്കളും സുരക്ഷിതരാണ് എന്ന ബോധവും കവിതക്കു വേണ്ടിയലയാൻ കവിക്കു ധൈര്യം നൽകി എന്ന് ഈ പുസ്തകം സൂചിപ്പിക്കുന്നുണ്ട്. അന്നത്തെ കൂട്ടുകുടുംബവ്യവസ്ഥയിൽ അതു സ്വാഭാവികവുമാണ്.താൻ ഉപാസിക്കുന്ന കവിതക്കു വേണ്ടി വ്യക്തിപരമായ ആവശ്യങ്ങളും താല്പര്യങ്ങളും താൽക്കാലികമായി മാറ്റിവെക്കുകയാണ് പി. ചെയ്തത്. ഇതിനെ ഉപേക്ഷയോ കൈവിടലോ കുത്തഴിയലോ ആയല്ല കാണേണ്ടത്.കൂടുതൽ നേരം ആരോടും സംസാരിക്കാത്ത, വീട്ടിലുള്ളപ്പോൾ അകത്തിരിക്കുകയല്ലാതെ പുറത്തിറങ്ങാത്ത, ഉത്സവാഘോഷങ്ങൾക്കു പോകാൻ ഇഷ്ടമില്ലാത്ത, അതിഥികളെ വീട്ടിൽ കൊണ്ടുവന്നു സൽക്കരിക്കാത്ത, മകളോടൊപ്പം ഒരേ സ്കൂളിൽ ജോലി ചെയ്യുന്ന, മകളുടെ അദ്ധ്യാപന പാടവം കണ്ടറിഞ്ഞ് വീട്ടിൽ വന്ന് അതെപ്പറ്റി സംസാരിക്കുന്ന മറ്റൊരു പി ഈ പുസ്തകത്തിൽ നിന്ന് ഉയർന്നു വരുന്നു. നമ്മുടെ അരാജകതാല്പര്യങ്ങളുടെയും കുറ്റബോധത്തിൻ്റെയും മാറാപ്പ് നമ്മൾ തന്നെ ചുമന്നാൽ മതി, അതിറക്കി വയ്ക്കാനായി മഹാകവി പി. കുഞ്ഞിരാമൻ നായരെ വിഗ്രഹവൽക്കരിക്കേണ്ടതില്ല എന്ന് ഈ പുസ്തകം സൗമ്യമായി ഓർമ്മിപ്പിക്കുന്നു.


(വി. ലീല അമ്മാൾ,ജയശ്രീ വടയക്കളം എന്നിവർ രചിച്ച ഓർമ്മകളിലെ കളിയച്ഛൻ എന്ന പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങിൽ(28-3-2024) നടത്തിയ ആശംസാപ്രസംഗത്തിൻ്റെ വീണ്ടെഴുത്ത്)

No comments:

Post a Comment