Wednesday, February 22, 2023

രണ്ടു കവിതകൾ - ഡേവിഡ് ഡബ്ലിയു മക്ഫദ്ദൻ

 


രണ്ടു കവിതകൾ


ഡേവിഡ് ഡബ്ലിയു മക്ഫദ്ദൻ



1. മുറിവ്



ചെറുപ്പക്കാരിസ്സുന്ദരിക്കു പരിക്കേറ്റു കഠിനം

റോട്ടിൽ നിന്നുമവളെ ഞാൻ ചുമന്നുകൊണ്ടുപോയി

ആഴമുള്ള തണുത്തു തെളിഞ്ഞ പുഴയുടെ പുൽത്തിട്ടിൽ.

കാലുകൾ വെള്ളത്തിലാക്കി ജീൻസു താഴോട്ടാക്കി

അടിവയറ്റിലാഴത്തിൽ കുറുകെയൊരു മുറിവ്

പുറത്തുവന്ന കുടലവളുടെ മുറിവിൽ വീണ്ടും തിരുകി

ചങ്ങാടത്തിൽ താഴേക്കൊഴുകിയെത്തി മൂന്നു ഡോക്ടർ

എന്റെ പ്രഥമശ്ശുശ്രൂഷ കണ്ടവർ അഭിനന്ദിച്ചു ചിരിച്ചു

അവരാപ്പെണ്ണിനെച്ചങ്ങാടത്തിലെടുത്തകന്നു പോയി.




2. പുലർകാല ചന്ദ്രൻ



മരിക്കുന്ന കുഞ്ഞിന്റെ മുഖം

പൊട്ടിത്തെറിക്കും പുലർ രശ്മികൾക്കു നടുവിൽ

അമ്മ വേണം

 അമ്മ വേണം



അമ്മ മരിച്ചപ്പോൾ

എനിക്കുണ്ടായ മെച്ചം

അമ്മയെ കിട്ടി എന്നതു തന്നെ.


തളർന്നിരിക്കുമ്പോൾ

ഹാവൂ...... അമ്മേ

എന്ന് ഉറക്കെ

ധൈര്യത്തോടെ വിളിച്ച്

എനിക്കിപ്പോൾ

ആശ്വാസം കൊള്ളാം.

(അമ്മയുണ്ടായിരുന്നപ്പോൾ

ധൈര്യമുണ്ടായിരുന്നില്ല,

ആശ്വാസവുമുണ്ടായിരുന്നില്ല)

ഹിംസ

 ഹിംസ


മകളുടെ തലമുടി ചീകി

പേൻ മുട്ടിയിരിക്കുന്നൂ ഞാൻ

ഹിറ്റ്ലറാകാതിരിക്കാൻ

സ്റ്റാലിനാകാതിരിക്കാൻ

......... ആകാതിരിക്കാൻ


വിട്ടു പോയേടത്ത്

നിങ്ങൾ പ്രതീക്ഷിക്കുന്ന ആ പേരു തന്നെ

ചേർത്തു പൂരിപ്പിക്കൂ

അതിവിടെ അച്ചടിച്ചാൽ

എന്നെപ്പിടിച്ചു തുറുങ്കിലിടും

അച്ചടിച്ചില്ലെങ്കിലും

നിങ്ങളാപ്പേരു ചേർത്തു വായിക്കും.


മരിക്കും മുമ്പ്

പേരക്കുട്ടിയുടെ മുടി ചീകി

പേൻ മുട്ടിയിരിക്കാനുമാഗ്രഹിക്കുന്നു ഞാൻ.

Saturday, February 11, 2023

ശ്രീധരൻ

 


 * ശ്രീധരൻ



1



മൈലാഞ്ചിയണിഞ്ഞു തുടുത്ത ഒരു കൈപ്പടം.


കിഴക്കേ മാനത്തെ പുലരിത്തുടുപ്പ്


ദൂരെ നിന്നു കേൾക്കുന്ന സൈറൺ


വഴിവക്കത്തെ ഒരു വീട് - അടുക്കളച്ചിമ്മിനിയിൽ നിന്നുയർന്ന് ഒരു പതാക പോലെ പാറുന്ന പുക


പശ്ചാത്തലത്തിൽ കാക്കക്കരച്ചിൽ


റോഡിലൂടെ നീങ്ങുന്ന സൈക്കിൾ ചക്രം. സൈക്കിളുന്തി നടക്കുന്നയാളുടെ കാലുകൾ


പെട്ടെന്ന് സൈക്കിൾ ചക്രത്തിന്റെ കറക്കം ബ്രേക്കു പിടിച്ച പോലെ നിൽക്കുന്നു.


റോഡരികേ ഒരു പൂന്തോട്ടം. പൂന്തോട്ടത്തിലെ ഒരു റോസ്പൂവിലേക്ക് നോക്കി നിൽക്കുന്ന സൈക്കിൾകാരന്റെ മുഖം. 60 കഴിഞ്ഞ ഒരാൾ. മുഖം വ്യക്തമല്ല.


റോസ്പൂവിതളുകൾ തിളങ്ങുന്നു. റോസ്പൂവിനുള്ളിൽ ഒരു തീക്കനൽ തിളങ്ങുന്നു. അത് മെല്ലെ ഒരു ചെറിയ തീ നാളമാവുന്നു.


തീനാളം പുറന്തിരിഞ്ഞു നിൽക്കുന്ന അവ്യക്തമായ ഒരു സ്ത്രീ രൂപത്തിൽ വിലയിക്കുന്നു.


2


പഴയൊരു വീട്ടിലെ വെളിച്ചം കുറഞ്ഞ മുറി


പുറന്തിരിഞ്ഞു നിന്ന് കുഞ്ഞിനെ മുലയൂട്ടുകയാണ് ഒരു സ്ത്രീ.


അമ്മയുടെ മുഖത്തെ ചിരി. കുട്ടി അമ്മയുടെ മുഖത്തുറ്റു നോക്കി പാലു കുടിക്കുന്നു.


വീട്ടുമുറ്റത്ത് പനിനീർച്ചെടിയിൽ ഒരു പൂവും അതിനോടു ചേർന്നു നിൽക്കുന്ന ഒരു മൊട്ടും മൊട്ടിനു താഴെ തണ്ടിൽ പനിനീർ മുള്ളുകളും.


3


അതേ വീടിന്റെ കരി പിടിച്ച അടുക്കള. അമ്മ പാചകത്തിൽ.


അമ്മിഞ അമ്മിഞ എന്നു പറഞ്ഞ് അമ്മയുടെ കാൽക്കൽ വട്ടംചുറ്റുന്ന കുഞ്ഞു പയ്യൻ. മൂന്നു വയസ്സ്


"ഇന്നത്തോടെ ഇതു നിർത്തുമെടാ" എന്നു പറഞ്ഞ് അമ്മ തിരിഞ്ഞ് അടുക്കളയിലെ പഴയ മര അലമാര തുറക്കുന്നു. 


ഒരു ചെറിയ മൺചട്ടി പുറത്തെടുക്കുന്നു. അതിൽ അരച്ചു വെച്ച ചെന്നിനായകം.


ചട്ടി വീതനപ്പുറത്തു വെച്ച് അമ്മ തിരിഞ്ഞു നിന്ന് ബ്ലൗസിന്റെ ഹുക്കഴിക്കുന്നു.


 "തന്തേടെ ചെക്കൻ തന്നെ, അവലക്ഷണം" എന്നു പറഞ്ഞുകൊണ്ട്, ചട്ടിയിൽ നിന്ന് കുഴമ്പെടുത്ത് ഒരു മുലയിൽ പുരട്ടുന്നു. 


കുഞ്ഞിനെ ഒക്കത്തെടുത്ത് മുല വായിൽ തിരുകുന്നു. 


കയ്പു നുണഞ്ഞ കുഞ്ഞ് ഫൂ എന്നു തുപ്പുന്നു. കരയുന്നു. അമ്മിഞ ചീ... എന്ന് കരച്ചിലിനിടയിലൂടെ പറയുന്നു.



4


രാത്രി.


ചിമ്മിനി വിളക്കിന്റെ വെളിച്ചം.


കോലായത്തിണ്ണയിൽ വെച്ച തട്ടിൽ നിന്ന് വെറ്റില ചുണ്ണാമ്പു തേക്കുന്ന രോമനിബിഡമായ കൈത്തണ്ടയുള്ള ഒരു കൈ.


പുറത്തെ തൊടിയിലെ ഇരുട്ടിൽ നിന്ന് ചീവീടുകളുടെ പാട്ട്.


മുറുക്കിത്തുപ്പുന്ന ശബ്ദം. വെള്ളം കൊണ്ട് കഴുകുന്ന ശബ്ദം


വീട്ടു കോലായിലൂടെ കുഞ്ഞിനെ തോളത്തിട്ടു നടക്കുന്ന അച്ഛൻ. അച്ഛൻ കഥ പറഞ്ഞു കൊടുക്കുന്നു :


"എന്നിട്ട് സത്യവാനെ കാലൻ കൊണ്ടുപോയതറിഞ്ഞ് സാവിത്രി കാലന്റെ പിന്നാലെ എത്തി. ഭർത്താവിന്റെ ജീവൻ തിരിച്ചങ്ങു വാങ്ങിച്ചു "


കഥ പറയുമ്പോൾ അച്ഛന്റെ കഴുത്തിലെ കണ്ഠമുഴ മേലേക്കും താഴേക്കും ഇളകുന്നു.


അച്ഛന്റെ മാറിൽ ചാഞ്ഞു കിടന്ന് കണ്ണു മിഴിച്ചു കഥ കേൾക്കുന്ന പയ്യൻ. പുറത്തെ ഇരുട്ടിൽ ചീവീടിന്റെ ശബ്ദം കനക്കുന്നു.


കുട്ടി ആകാശത്തേക്കു നോക്കുന്നു. ആകാശത്ത് നിറയെ നക്ഷത്രങ്ങൾ.



5


വൈകുന്നേരം.


വീട്ടുമുറ്റത്തെ തൈമാവ്. അതു നിറയെ പൂത്തു നിൽക്കുന്നു. സ്വർണ്ണ നിറമുള്ള മാമ്പൂക്കൾ.


അകത്തു നിന്ന് വാതിൽ തള്ളിത്തുറന്ന് അച്ഛൻ കോലായയിലെത്തുന്നു. വെളുത്ത മുണ്ട്. തോളിൽ തോർത്ത്


അമ്മ ക്രുദ്ധയായി ഉറക്കെ പറഞ്ഞു കൊണ്ട് പിന്നിൽ വരുന്നു. 


അച്ഛൻ തിരിഞ്ഞു നോക്കാതെ കോലായയിൽ നിന്നിറങ്ങുന്നു. 


മുറ്റത്തൂടെ നടക്കുമ്പോൾ മാവിൻ ചുവട്ടിൽ കളിക്കുന്ന മകനെ നോക്കുന്നു.


അവൻ അച്ഛനെക്കണ്ട് ഓടി വരുന്നു.


മകന്റെ നിറുക തലോടി തിരിഞ്ഞു നോക്കാതെ പടി കടന്നു പോകുന്നു. 


കുട്ടി മാഞ്ചോട്ടിൽ കിടക്കുന്ന വടിയെടുത്ത് മാമ്പൂക്കൾ തല്ലിക്കൊഴിക്കുന്നു. അച്ഛൻ പോയതിന്റെ കൂടി സങ്കടവും ദേഷ്യവും അവന്റെ മുഖത്തുണ്ട്. 


അമ്മയുടെ ശബ്ദം "ചെക്കന് തല്ലു കൊള്ളാഞ്ഞിട്ടാണ്" പിന്നണിയിൽ കേൾക്കാം.  കൈയോങ്ങി വന്ന് കുട്ടിയുടെ മുടിക്കു പിടിച്ച് മറു കൈ കൊണ്ട് വടി തട്ടിയെടുത്ത് കുട്ടിയെ അടിക്കാൻ ഓങ്ങുന്നു.


പൊട്ടിച്ച മാമ്പൂങ്കുല മാറോടു ചേർത്തു കൈയിൽ പിടിച്ച് കുട്ടി ചൂളി നിൽക്കുന്നു. "പോട്ടെ, അയാള് പോട്ടെ'' അമ്മയുടെ ശബ്ദം.



6


കാറ്റിൽ പട്ടയുലയുന്ന തെങ്ങിൻ തോപ്പ്. ഉലഞ്ഞാടുന്ന പട്ടകൾ.


സ്കൂൾ വിട്ട് അതിലേ നടന്നു വരുന്നു കുട്ടി . ഉലഞ്ഞാടുന്ന പട്ടകൾ നോക്കി നടക്കുന്നു.


നടന്ന് പാടവരമ്പിലേക്ക് ഇറങ്ങുന്നു.


പാടത്ത് വെള്ളത്തിൽ നിറയെ നെയ്യാമ്പൽപ്പൂക്കൾ.


അതു നോക്കി നടന്ന് പാടം കടന്നു കയറുന്നിടത്ത് വഴിവക്കത്ത് നിറയെ പൂത്തു നിൽക്കുന്ന കണിക്കൊന്ന മരം. മരച്ചുവട്ടിൽ മകനെ കാത്തു നിൽക്കുന്ന അച്ഛൻ. അച്ഛനെ കണ്ടതും മകന്റെ മുഖം വിടരുന്നു. അച്ഛൻ മകന്റെ കൈ പിടിക്കുന്നു. ഒരു വാഴയിലയിൽ കുറച്ചു കായ വറുത്തത് മകന് കൊടുക്കുന്നു. "ഇതു കഴിക്ക് ..... " 


മകൻ ഇല തുറന്ന് ഉപ്പേരി തിന്നുന്നു. അച്ഛൻ നോക്കി നിൽക്കുന്നു.


"തൃപ്പൂണിത്തുറ ഉത്സവമാണ്. നീ വരുന്നോ നാളെ അച്ഛന്റെ കൂടെ? വീട്ടിൽ അമ്മയോടും വല്യമ്മാമനോടും പറഞ്ഞിട്ടു വേണം വരാൻ. അച്ഛൻ ഇവിടെ കാത്തു നിൽക്കാം"


കുട്ടിയുടെ ചിരി.


പൂത്ത കൊന്നയുടെ ചുവട്ടിൽ നിൽക്കുന്ന അച്ഛൻ ചിരിച്ചോടിയകലുന്ന മകനെ നോക്കി നിൽക്കുന്നു.



7


ഉത്സവം.


പതിനഞ്ചാനകൾ നിരന്നു നിൽക്കുന്ന എഴുന്നള്ളത്ത്


മുറുകിക്കൊണ്ടിരിക്കുന്ന മേളം


മേളം കണ്ടു കൊണ്ട് ആൽത്തറയിലിരുന്ന് മുറുക്കിയിരിക്കുന്ന കുറച്ചുപേർ. നടുവിൽ മുറുക്കാൻ ചെല്ലം. 


അടക്ക വെട്ടിക്കൊണ്ടിരിക്കുന്ന ഒരാൾ കത്തി കൊണ്ട് ചൂണ്ടിപ്പറയുന്നു: "ദാ, തിടമ്പേറ്റി നിൽക്കുന്ന ആ കൊമ്പനുണ്ടല്ലോ .... അവനാള് മഹാ കുറുമ്പനാ ... ചിറ്റൂരമ്പലത്തിലെ ഉത്സവത്തിന് രണ്ടുപേരെ കുത്തിമലർത്തിയോനാ ..."


അതു പറയുന്ന ആളെ കുട്ടി നോക്കുന്നു. അയാൾ ചൂണ്ടിയ കത്തിമുനയുടെ നേരെ നോക്കുമ്പോൾ തിടമ്പേറ്റി നിൽക്കുന്ന ആനയെ കുട്ടി കാണുന്നു.


മുറുകുന്ന മേളം. ആൾത്തിരക്ക്. കുട്ടി അച്ഛന്റെ കയ്യിൽ മുറുക്കിപ്പിടിക്കുന്നു.



8


എഴുന്നള്ളത്ത്. മേളം. ആൾത്തിരക്ക്


തിടമ്പേറ്റി നിൽക്കുന്ന കൊമ്പൻ. അവന്റെ കണ്ണുകൾ.


വീശിക്കൊണ്ടിരിക്കുന്ന ചെവികൾ


മണ്ണിൽ പരതിക്കൊണ്ടിരിക്കുന്ന തുമ്പിക്കയ്യിന്റെ തുമ്പ്.


ഇളകി മറിഞ്ഞ് ഓടുന്ന ആൾക്കൂട്ടം. "ആനക്കു മദമിളകി " ആരോ വിളിച്ചു പറയുന്ന ശബ്ദം.


കുങ്കുമ (കള്ളിപ്പാല) മരത്തിൽ അമർത്തിയുരസുന്ന ആനക്കൊമ്പുകൾ. ഉലഞ്ഞിളകുന്ന മരത്തിൽ നിന്ന് കുങ്കുമപ്പൂക്കൾ അപ്പാടെ കൊഴിയുന്നു. മരത്തിന്റെ തൊലി അടർന്നിടത്തു നിന്ന് പാലൊലിക്കുന്നു.



9


രാത്രി.


വീട്ടിലെ കോലായയോടു ചേർന്നുള്ള ചെറിയ മുറി.


വിരിച്ച പായിൽ കിടന്ന് ഉറങ്ങുന്ന കുട്ടി.


പുറത്ത് ചീവീടിന്റെ ശബ്ദം കൂടിക്കൂടി വരുന്നു. അതിന്റെ മൂർദ്ധന്യത്തിൽ മെല്ലെ ചെണ്ടമേളം തുടങ്ങുന്നു. (ചീവീടിന്റെ ശബ്ദത്തിൽ നിന്ന് ചെണ്ടയുടെ ശബ്ദത്തിലേക്കു മാറുന്നു) ചെണ്ടമേളം മുറുകി വരുന്നു. ഉറങ്ങുന്ന കുട്ടിയുടെ മുഖത്തും അതിന്റെ മുറുക്കം കാണാം.


മുറിയുടെ ജനൽ. തുറന്നു കിടക്കുന്ന ജനൽപ്പാളികളിലൂടെ പുറത്തെ ഇരുട്ട്. ചെണ്ടമേളം താണു താണു വന്ന് ചീവീടിന്റെ ശബ്ദത്തിൽ ലയിക്കുന്നു. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം. ഇരുട്ടിലൂടെ മരങ്ങൾക്കിടയിലൂടെ നടന്നു വരുന്ന ആനക്കൂട്ടത്തിന്റെ മങ്ങിയ ദൃശ്യം. അത് മെല്ലെ തെളിഞ്ഞു തെളിഞ്ഞ് മുമ്പിൽ നടക്കുന്ന കൊമ്പനെ വ്യക്തമായിക്കാണുന്നു.


ആന തുമ്പിക്കൈ കൊണ്ട് വഴിവക്കത്തെ മരക്കൊമ്പുകൾ പിടിച്ചുലയ്ക്കുന്നു.


ആനക്കൂട്ടം പുഴയിലേക്കിറങ്ങുന്നു. കൊമ്പൻ തുമ്പിക്കൈയിൽ വെള്ളമെടുത്ത് അടുത്തു നിൽക്കുന്ന ആനയുടെ നേരെ ചീറ്റുന്നു.


പശ്ചാത്തലത്തിൽ കതിന പൊട്ടുന്ന ശബ്ദം. തുടർന്ന് മുറുകുന്ന ചെണ്ടമേളം. വെള്ളത്തിൽ നിന്നു കയറിപ്പോകുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യം. കതിന പൊട്ടുന്ന ശബ്ദം വീണ്ടും.


പായിൽ ഞെട്ടിയുണരുന്ന കുട്ടി. ഉറക്കപ്പിച്ചിൽ അവൻ "അച്ഛാ .... അച്ഛാ ..." എന്നു മെല്ലെ വിളിക്കുന്നു. അച്ഛന്റെ കൈ പിടിക്കാനെന്നോണം പായിൽ പരതുന്നു.



10


തറവാട്ടു കോലായ.


ഉച്ചക്ക് മൂന്നു മണി


പുസ്തകത്തട്ടിൽ നിവർത്തി വച്ച ഭാഗവതം.


ഉറക്കെ വായിക്കുന്ന വരിയിലൂടെ മെല്ലെ നീളുന്ന വിരൽ. 


കൈപ്പടം. 


മോതിര വിരലിൽ അണിഞ്ഞ ആനവാൽമോതിരം. 


ഭാഗവതം വായിക്കുന്ന വല്യമ്മാമൻ. കഴുത്തിൽ രുദ്രാക്ഷമാല, നെറ്റിയിൽ മൂന്നു വിരലുകൊണ്ട് നീട്ടി വരച്ച ഭസ്മക്കുറി. ഭസ്മക്കുറിയുടെ നടുവിൽ വട്ടത്തിലുള്ള തിലകം. 


ഒരധ്യായം വായിച്ചു നിർത്തി, കണ്ണടച്ച് "ഗോവിന്ദാ, ഹരിഗോവിന്ദാ" എന്നുറക്കെ പാടുന്നു. 


മുന്നിൽ ചുമരിനോടു ചേർന്നിരിക്കുന്ന മുത്തശ്ശിമാരും സ്ത്രീകളും കൊച്ചു കുട്ടികളും പിറകേ "ഗോവിന്ദാ, ഹരി ഗോവിന്ദ" എന്നു പാടുന്നു. 


വല്യമ്മാമൻ ആനവാൽ മോതിരമണിഞ്ഞ വിരൽ മുകളിലേക്കു ചൂണ്ടി പറയുന്നു: "അവിടെ, വൈകുണ്ഠത്തിൽ, കേൾക്കണം" എല്ലാവരും ചേർന്ന് കൂടുതൽ ഉച്ചത്തിൽ "ഗോവിന്ദാ ഹരി ഗോവിന്ദാ" പാടുന്നു.


കോലായയുടെ അങ്ങേയറ്റത്ത് ഇതിലൊന്നും ശ്രദ്ധിക്കാതെ ഇരിക്കുന്ന കുട്ടി വല്യമ്മാമന്റെ ഉയർത്തിയ വിരലിലേക്കു നോക്കുന്നു. 


ആനവാൽ മോതിരത്തിൽ അവന്റെ കണ്ണു പതിയുന്നു. 


സ്വന്തം കയ്യിലിരിക്കുന്ന കറുത്ത പക്ഷിത്തൂവലിലേക്കു നോക്കി അതിന്റെ മിനുപ്പിലൂടെ മെല്ലെ വിരലോടിച്ചു കൊണ്ടിരിക്കുന്നു.



11


ഉച്ചനേരം.


സ്കൂൾ മുറ്റത്തു കളിക്കുന്ന കുട്ടികൾ. ഇടവേള സമയം. 


സ്കൂൾ വരാന്തയുടെ അറ്റത്ത് ഇരിക്കുന്ന രണ്ടു കുട്ടികൾ. ഒരാൾ വലുത്. മറ്റേയാൾ ചെറുത്. വലിയവൻ അനിയനോട് : "ഡാ നിനക്ക് വെശക്കുന്നുണ്ടോ?"


അനിയൻ ചിരിച്ചു കൊണ്ട് : "അവിടെ വൈകുണ്ഠത്തിൽ കേൾക്കണം..... ഗോവിന്ദ! പോരേ...."


ഏട്ടൻ : "ബെല്ലടിക്കാൻ ഇനീം നേരമുണ്ട്. നമുക്കൊന്നു കറങ്ങി വരാം."


കുട്ടികൾ എഴുന്നേറ്റ് നടക്കുന്നു. റോട്ടിലൂടെ നടക്കുന്നു. കായൽക്കരയിലെത്തുന്നു. കായൽക്കരയിൽ വരിയായി നിൽക്കുന്ന കാറ്റാടി മരങ്ങൾ. കാറ്റിന്റെ ശബ്ദം. കാറ്റിൽ കാറ്റാടിത്തലപ്പുകൾ ഉലയുന്നു. ചൂളം കുത്തുന്ന കാറ്റിന്റെ ശബ്ദം.


കായലിൽ ദൂരെ ഒരു തോണി. അത് തിരകളിലൂടെ തെന്നി നീങ്ങുന്നു. പശ്ചാത്തലത്തിൽ ഏട്ടന്റെ വാക്കുകൾ : "നമ്മുടെ ശുദ്ധക്കാരൻ വല്യമ്മാമനുണ്ടല്ലോ. ഒരിക്കൽ വൈക്കത്തേക്കു തോണിയിൽ പോവുകയായിരുന്നു. രാത്രി സമയം. മൂപ്പർക്കു വെശന്നിട്ടു വയ്യ. സഹികെട്ട് അമ്മാമൻ, തോണിക്കാര് വെച്ചുണ്ടാക്കിയ ചോറും മീൻ കറിയും ഉണ്ടുവത്രെ.... അമ്മായി അമ്മയോട് പറഞ്ഞതാ ....എന്നിട്ടാണ് നമ്മളോട്, വീട്ടിലെത്തി കുളിച്ചിട്ടേ കഴിക്കാവൂ എന്നാജ്ഞാപിക്കുന്നത്."


ഏട്ടന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുന്ന അനിയന്റെ മുഖം . അനിയൻ പറയുന്നു: "ആ വാസുവുണ്ടല്ലോ. അവനൊരു തമാശയുണ്ട്. അതാണ് സഹിക്കാൻ പറ്റാത്തത്. ഊണു കഴിച്ച് കൈ കൊണ്ടുവന്ന് മുഖത്തു വെച്ചു മണപ്പിക്കും"


ഏട്ടൻ : "വാ പോകാം , ബെല്ലടിക്കാറായി "


രണ്ടു പേരും എണീക്കുന്നു. പോകും മുമ്പ് അനിയൻ കാറ്റാടികൾക്കിടയിലൂടെ കായലിലേക്കു നോക്കുന്നു. കായൽപ്പരപ്പിനു മേലേ വായുവിൽ പറക്കുന്ന കടൽക്കാക്കകളെ കാണുന്നു. വട്ടംചുറ്റിപ്പറക്കുന്ന കടൽക്കാക്കകൾ . പശ്ചാത്തലത്തിൽ അവയുടെ കരച്ചിൽ ശബ്ദം.


12



സന്ധ്യ കഴിഞ്ഞ് ഇരുൾ പരക്കുന്ന നേരം.


ചുമലിൽ പായസപ്പാത്രവുമായി (ഉരുളി) വീടിന്റെ കോലായയിലേക്കു കേറുന്ന പതിനാറുകാരൻ പയ്യൻ.


അടുക്കള . വീതനപ്പുറത്ത് ഉരുളി തോളിൽ നിന്നിറക്കി വക്കുന്ന പയ്യൻ. അവൻ തിരിഞ്ഞു നടക്കുന്നു.


അമ്മ വാതിൽ കടന്ന് അടുക്കളയിലേക്കു വരുന്നു. "പൂജ കഴിയാൻ ഇത്ര വൈകിയോടാ?....." എന്നു ചോദിക്കുന്നു.


"പ്രസാദം കഴിച്ചിട്ടു പൊയ്ക്കോ" എന്നു പറഞ്ഞ് അമ്മ ചട്ടുകമെടുത്ത് പായസമിളക്കുന്നു. പായസത്തിൽ കറുത്തു നീണ്ട മുടിനാരുകൾ കാണുന്നു. മുഖം തിരിച്ച് മകനോട് : "ഇതിലപ്പടി മുടിനാരാണല്ലോടാ ....."


അമ്മ വിരലുകൊണ്ട് ഉരുളിയിൽ നിന്ന് മുടി നാരുകൾ ശ്രദ്ധാപൂർവമെടുക്കുന്നു. മകനതു കാണിച്ചു കൊടുക്കുന്നു.


"അതേയ് , ഭഗവതിയുടെ മുടിനാരാകും" എന്നു പറഞ്ഞ് പയ്യൻ ശബ്ദമുണ്ടാക്കാതെ ചിരിക്കുന്നു. തിരിഞ്ഞു നടക്കുന്നു. പയ്യന്റെ തൊട്ടുമുന്നിൽ നിറയെ മുടിയുള്ള ഒരു പെൺകുട്ടി (പിൻഭാഗത്തു നിന്നേ കാണുന്നുള്ളൂ) പൊടുന്നനെ വാതിൽ കടന്ന് ഇടനാഴിയിലൂടെ ഓടി കോലായയിലെത്തി ചവിട്ടുപടിയിറങ്ങി വീടിനു പുറത്തേക്കു പോകുന്നു. പയ്യൻ അവളെ നോക്കി അത്ഭുതത്തോടെ നിൽക്കുന്നു. തൊട്ടുപിന്നിൽ അമ്മ അവനെത്തന്നെ നോക്കി നിൽക്കുന്നു.



13



രാത്രി.


വീട്ടിലെ മുറി.


മുറിയിൽ ഒരു മേശയും കസേരയും. കസേരയിലിരിക്കുന്ന ഇരുപതുകാരൻ. മേശപ്പുറത്ത് ചിമ്മിനിവിളക്ക്. ചില പുസ്തകങ്ങൾ. വിളക്കിന്റെ വെട്ടത്തിൽ ഒരു തടിച്ച പുസ്തകം നിവർത്തിവെച്ചു വായിക്കുകയാണയാൾ.


നിലത്ത് ചുരുട്ടിവച്ച ഒരു പായ.


വായിക്കുന്ന പേജ്. ഇംഗ്ലീഷ് പുസ്തകമാണ്. വിരൽ നീണ്ട് പേജു മറിക്കുന്നു. അടുത്ത പേജിൽ ഒരു ചിത്രം.


ചിത്രത്തിൽ രാജകീയമായി അലങ്കരിച്ച കട്ടിലും പനിനീർപ്പൂവിതളുകൾ വിതറിയ മെത്തയും. മെത്തയിലിരിക്കുന്ന സുൽത്താൻ. ഇടം കയ്യിൽ ഊരിപ്പിടിച്ച വാൾ. മെത്തയിൽ മറുഭാഗത്തിരുന്ന് സുൽത്താനോടു കഥ പറയുന്ന സ്ത്രീ.


വായിക്കുന്നയാളുടെ വിരൽ പുസ്തകം വെറുതേ മറിച്ചു പോകുന്നു. മറ്റൊരു പേജിൽ ഒരു ചിത്രം. അലാവുദീനും അത്ഭുതവിളക്കും വിളക്കിൽ നിന്നു പുറത്തുവന്ന ഭൂതവും....


പുസ്തകം അടച്ച് അയാൾ എഴുന്നേൽക്കുന്നു. പായ നിവർത്തുന്നു. തിരിച്ചു വന്ന് മേശപ്പുറത്തെ വിളക്ക് കെടുത്തുന്നു.


ഇരുട്ട്.


ഇരുട്ടിൽ മെല്ലെ ആയിരത്തൊന്നു രാവുകളിലെ ഒരു കഥ മലയാളത്തിൽ ഒരു പെണ്ണിന്റെ ശബ്ദത്തിൽ കേട്ടു തുടങ്ങുന്നു.


ജനൽ കമ്പികൾക്കിടയിലൂടെ മാനത്തെ ചന്ദ്രൻ.



14


കായൽ തീരം. കായലിൽ നിൽക്കുന്ന കപ്പലുകളും ക്രെയിനും ദൂരെ അവ്യക്തമായി കാണാം.


(1930 കളിലെ കൊച്ചി)


കായൽ തീരത്തെ റോഡിലൂടെ നീങ്ങുന്ന ഉന്തുവണ്ടികൾ. അവയിൽ പൊതിഞ്ഞു കെട്ടിയ ചരക്കുകൾ. 


റോഡിനു മറുവശം മഹാരാജാസ് കോളേജ്.


കോളേജ് മുറ്റത്തെ അലറി മരങ്ങൾ


മരച്ചുവട്ടിൽ കൂടി നിൽക്കുന്ന യുവ വിദ്യാർത്ഥികൾ.


ഒരാൾ (ശ്രീധരൻ) കയ്യിലെ പുസ്തകം (സാഹിത്യമഞ്ജരി) തുറന്ന് അരിപ്പിറാവ് എന്ന കവിതയിലെ ചില വരികൾ വായിക്കുന്നു. തുടർന്ന് പറയുന്നു: "ഇതെല്ലാം കവിതയാണ് എന്നു കാണിച്ചു തന്നത് മഹാകവി വള്ളത്തോളാണ് "


ഒരു വിദ്യാർത്ഥി ശ്രീധരനോട് : "കവിത്രയത്തിൽ തനിക്ക് ഏറ്റവും ഇഷ്ടം ആരെയാണ്?"


ശ്രീധരൻ: "അതു പറയാൻ പറ്റില്ല. മൂന്നാളെയും ഒരു പോലെ. വള്ളത്തോളിന്റെ പ്രസംഗം കഴിഞ്ഞാഴ്ച്ച കൂടി സാഹിത്യപരിഷത്തിൽ കേട്ടു. ആശാനെ കാണാൻ കഴിഞ്ഞില്ല. അതാണൊരു സങ്കടം, എന്തൊരു വന്യതയാണ് ആശാന്റെ കവിതക്ക്"


അടുത്തു നിൽക്കുന്ന മറ്റൊരാൾ : "ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ആ പൂമാല ശ്രീധരൻ വായിച്ചുവോ? എന്തൊരു സംഗീതമാണ്. അതല്ലേ കവിത!"


മൂന്നാമതൊരാൾ : "നമ്മുടെ ഇടപ്പള്ളിക്കാരനാണത്രേ അങ്ങേര് "


"അതെ" എന്നു പറഞ്ഞ് ശ്രീധരൻ മരങ്ങളുടെ മുകളിലേക്കു നോക്കുമ്പോൾ അവ മുഴുവൻ പൂത്തുലഞ്ഞിരിക്കുന്നു. ദൂരെ നിന്ന് ഏതോ കപ്പൽ യാത്ര തുടങ്ങുമ്പോഴത്തെ സൈറൺ കേൾക്കുന്നു. കൂട്ടുകാരിലൊരാളുടെ വാക്കുകൾ : "നീ സസ്യശാസ്ത്രം പഠിക്കുന്നയാളല്ലേ ശ്രീധരാ , ഈ മരത്തിന്റെ ബൊട്ടാണിക്കൽ നെയിം എന്താണ്?


ശ്രീധരൻ : അതു നോക്കിപ്പറയണം.



15



1935 കാലത്തെ ഒരു ഹൈസ്കൂൾ ക്ലാസ് മുറി.


ചെറുപ്പക്കാരനായ അദ്ധ്യാപകൻ - ശ്രീധരൻ - ക്ലാസെടുക്കുന്നു. 


മേശപ്പുറത്ത് ചൂരൽ. 


പൂവിന്റെ വിവിധ ഭാഗങ്ങൾ ബോർഡിൽ ചിത്രം വരച്ച് അടയാളപ്പെടുത്തി പഠിപ്പിക്കുകയാണ്. ഇംഗ്ലീഷിലാണ് വിവരണം. 


കുട്ടികൾ ശ്രദ്ധയോടെ കേട്ടിരിക്കുന്നു.


ക്ലാസ് മുറിയുടെ ജനലിലൂടെ വരാന്തയിലെ പൂച്ചട്ടികൾ കാണാം. പലതരം പൂക്കൾ. ഒരു ചട്ടിയിൽ വെളുത്ത ലില്ലിപ്പൂക്കൾ. ശ്രീധരന്റെ നോട്ടം ലില്ലിപ്പൂവിൽ.


മുമ്പിലിരിക്കുന്ന കുട്ടിയോട്, "വർഗ്ഗീസ്, ആ ലില്ലിപ്പൂച്ചട്ടി ഇങ്ങോട്ടെടുത്തു കൊണ്ടു വരൂ" എന്നു പറയുന്നു. 


കുട്ടി പുറത്തിറങ്ങി വരാന്തയിൽ നിന്ന് പൂച്ചട്ടി താങ്ങിയെടുത്തു കൊണ്ടുവന്ന് മേശപ്പുറത്തു വച്ച് ബഞ്ചിൽ പോയിരിക്കുന്നു.


മാഷ് ക്ലാസ് തുടരുന്നു : "ലുക്ക് അറ്റ് ദിസ് ലില്ലി ഫ്ലവർ .........."  ശബ്ദം മങ്ങി മങ്ങി അവ്യക്തമായി വരുന്നു. അതോടൊപ്പം ലില്ലിയുടെ ഇലകൾ പൂക്കൾ എന്നിവ കൂടുതൽ മിഴിവോടെ കാണുന്നു. വെള്ള ഇതളിലെ വരകളും കേസരങ്ങളുടെ തുമ്പത്തെ പൂമ്പൊടികളും കാണാം. മാഷ് ഒരു പൂ മണത്ത് ശ്വാസം ഉള്ളിലേക്കെടുക്കുന്നു.


പെട്ടെന്ന് സ്കൂൾ കോമ്പൗണ്ടിനു പുറത്ത് ഹരഹരോ ഹര എന്ന വിളി മുഴങ്ങുന്നു. റോട്ടിലൂടെ ഒരാൾ കാവിയുടുത്ത് പീലിക്കാവടിയും ചുമലിലേന്തി നടന്നു പോവുകയാണ്. 


മാഷ് വാതുക്കൽ വന്ന് അയാളെത്തന്നെ നോക്കി നിൽക്കുന്നു. പിന്നിൽ കുട്ടികളും.


കാവടിക്കാരൻ റോട്ടിലൂടെ നടന്ന് അപ്രത്യക്ഷനാകുന്നു.



16


സ്കൂൾ സ്റ്റാഫ് റൂം.


ശ്രീധരൻ മാസ്റ്റർ പുസ്തകവും വടിയുമായി വന്ന് തന്റെ കസേരയിലിരിക്കുന്നു.


തൊട്ടടുത്ത കസേരയിലിരിക്കുന്ന മാഷ് ഒരു വാരികയിൽ ലയിച്ചിരിക്കുകയാണ്. ശ്രീധരൻ മാഷ് അയാളെ നോക്കി ചോദിക്കുന്നു : "എന്താണ് പിഷാരടി മാഷെ, പുതിയ കവിത വല്ലതുമാണോ?"


പിഷാരടി മാഷ് വാരികയിൽ നിന്നു കണ്ണുയർത്തി ശ്രീധരൻ മാഷെ നോക്കിപ്പറയുന്നു: "ഈ ലക്കം മാതൃഭൂമിയിൽ പുതിയൊരു കവിയുടെ കവിതയുണ്ട് "


ശ്രീധരൻ മാഷ്: "ആരാ കവി, കേൾക്കട്ടെ"


പിഷാരടി മാഷ് : "മാഷിന്റെ പേരാണ്. എന്നാൽ മുന്നിലും പിന്നിലുമുള്ളത് വേറെ. വൈലോപ്പിള്ളിൽ ശ്രീധരമേനോൻ. ഞാൻ മുമ്പു വായിച്ചിട്ടില്ല"


ശ്രീധരൻ മാഷ്: "ഓഹോ, ഞാനൊഴിഞ്ഞുണ്ടോ മറ്റൊരു ശ്രീധരൻ? കവിത കേൾക്കട്ടെ"


പിഷാരടി മാഷ്: "ആയിരത്തൊന്നു രാവുകൾ - വൈലോപ്പിള്ളിൽ ശ്രീധരമേനോൻ


അത്താഴത്തിനു പിൻപെന്റെ -

യറബിക്കഥ നീർത്തി ഞാൻ

ആയിരത്തൊന്നു രാവിന്റെ -

യാനന്ദത്തിലലിഞ്ഞ ഞാൻ ,


കുതുകാൽ കേട്ടതില്ലെത്ര

കാലത്തിൻ സാർത്ഥവാഹകർ,

മരുഭൂമിയിൽ നിന്നെത്തു -

മാ മനോഹരവൈഖരി?


അതിന്റെ വിളി കേട്ടോരോ

കാലഘട്ടം കടന്നു ഞാൻ

പൂകിനേൻ മാതളം പൂക്കും

പുരി തൻ മുഖ്യ പാതയിൽ


കവിത കേട്ടിരിക്കുന്ന ശ്രീധരൻ മാഷ്. മാഷിന്റെ മുഖത്ത് വിസ്മയം കലർന്ന ഇളം ചിരി.


13 -ൽ കണ്ട ആയിരത്തൊന്നു രാവുകളിലെ അതേ ചിത്രം - സുൽത്താനും സുന്ദരിയുമിരിക്കുന്നത് - മെല്ലെ തെളിഞ്ഞു വരുന്നു. പശ്ചാത്തലത്തിൽ പിഷാരടി മാഷുടെ ശബ്ദം : (കവിത തുടരുന്നു)


"അവിടെപ്പനിനീർപ്പൂക്കൾ

വിരിച്ചിട്ടോരു മെത്തയിൽ

മരുവുന്നൂ തേച്ച വജ്ര -

മണിപോലൊരു മന്നവൻ


അവന്റെ വാമഭാഗത്തു -

ണ്ടുറയൂരിയ പള്ളിവാൾ

മറുഭാഗത്തു ചാമ്പേയ-

മലർപോലൊരു സുന്ദരി


ഊഴിപന്റെ മനസ്സാകു-

മുഗ്രസർപ്പം മയങ്ങുവാൻ

വിചിത്രകഥയോരോന്നു

വിസ്തരിക്കുന്നു സുന്ദരി"



ശ്രീധരൻ മാഷ് പെട്ടെന്ന് കയ്യു നീട്ടി ഉറക്കെ പറയുന്നു: "നിർത്തു മാഷെ, വല്ലാത്ത അത്ഭുതം തന്നെ. ഇതാ ഈ ചിത്രം ഞാൻ മുമ്പു കണ്ടിട്ടുണ്ട്. ഇതു തന്നെ .... മൂന്നാലു കൊല്ലം മുമ്പ്. ആയിരത്തൊന്നു രാവുകളുടെ ഇംഗ്ലീഷ് പതിപ്പിൽ ...."


ശ്രീധരൻ മാഷ് വാരിക കയ്യിൽ വാങ്ങി നോക്കുന്നു. 


ആയിരത്തൊന്നു രാവുകൾ എന്ന കവിത അച്ചടിച്ച പേജ്. കവിയുടെ പേര് വൈലോപ്പിള്ളിൽ ശ്രീധരമേനോൻ



17


"ശ്രീധരേട്ടാ .... ശ്രീധരൻ മാഷേ .... ഇപ്പോൾ പത്തറുപതു കൊല്ലം കഴിഞ്ഞ് നിങ്ങൾ പറയുന്നു, നിങ്ങൾ കണ്ടതും അനുഭവിച്ചതുമാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയ കവിതകളെല്ലാം എന്ന്. നിങ്ങളെന്താ അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അതു പറയാതിരുന്നത്? മറ്റൊന്ന്, നിങ്ങൾക്കങ്ങ് സ്വയം എഴുതിക്കൂടായിരുന്നോ കണ്ടതും അനുഭവിച്ചതുമെല്ലാം?"


"മാമ്പഴം , സഹ്യന്റെ മകൻ, കടൽക്കാക്കകൾ, സാവിത്രി ഒക്കെ വായിക്കുമ്പോൾ ഞാനങ്ങനെ തരിച്ചിരുന്നു. അതൊക്കെ ഒരു കാലമല്ലേ. പിന്നെ സമാധാനിച്ചു. എന്റേത് എന്തൊരു കെട്ട ജീവിതമാണ്. ആ ശ്രീധരൻ അതു ഭംഗിയാക്കിത്തന്നു. അതു മതി.പിന്നെ, ഈ വയസ്സാങ്കാലത്ത് സൈക്കിളും ചവിട്ടി വൈലോപ്പിള്ളിടെ വരികളും മുളി ഞാൻ പോകുന്നതു കണ്ട് നിങ്ങൾ തടഞ്ഞുനിർത്തി ചോദിച്ചതു കൊണ്ടു പറഞ്ഞെന്നേയുള്ളൂ. ദാ ആ കാണുന്നതാണ് ഞാൻ താമസിക്കുന്ന ക്വാർട്ടേഴ്സ് ..... വന്നാൽ ഒരു ചായയിട്ടു തരാം"




* പ്രിയനന്ദനൻ സംവിധാനം ചെയ്ത, വൈലോപ്പിള്ളിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സിനിമയിൽ നിന്നു പ്രചോദനം കൊണ്ടെഴുതിയത്.






































 


Wednesday, February 1, 2023

രണ്ടു കവിതകൾ - റൊണാൾഡ് ബ്രീഡിസ് (ലാത്വിയ, ജനനം : 1980)

 


രണ്ടു കവിതകൾ

റൊണാൾഡ് ബ്രീഡിസ് (ലാത്വിയ, ജനനം : 1980)


1.ജനങ്ങളോടു സംസാരിക്കുംമുമ്പ്


മരുഭൂമിയിൽ നിന്നു മടങ്ങുന്ന പ്രവാചകൻ

ജനങ്ങളോടു സംസാരിക്കും മുമ്പ്

ദാഹമടക്കാനായി

കിണറ്റിലേക്കു കുനിഞ്ഞു നിന്നു നോക്കിയതും

ഉറഞ്ഞു പോയി

തന്റെ പ്രതിബിംബം കണ്ട്.


തന്റെ തുറന്ന വായ

ഒരു പൂജ്യം എന്നു കണ്ട്.



2. നിശ്ശബ്ദത


പ്രപഞ്ച സൃഷ്ടിക്കു മുമ്പുള്ളതെന്തോ അതുപോലെ

നിശ്ശബ്ദത.


നദിക്കുമേൽ തെന്നിനീങ്ങുന്നു മൂടൽമഞ്ഞ്

തീരത്തെ കുറ്റിച്ചെടികളിൽ ചുറ്റിപ്പിണയുന്നു.


മഞ്ഞുതുള്ളി വിറകൊള്ളുന്നു, ഒരു ചില്ലമേൽ.

ഒരു മൊട്ട് പൊട്ടിവിരിയുന്നു.

കുഞ്ഞിക്കിളികളനങ്ങുന്നുണ്ടൊരു കൂട്ടിൽ


ആദ്യത്തെ വാക്ക് പറയപ്പെടും മുമ്പുള്ളതെന്തോ അതുപോലെ

നിശ്ശബ്ദത.


പള്ളിമണികൾ അവയുടെ നാവുകളെ നക്കുന്നു.