അവിടെക്കിട......
1972 -ൽ പാലക്കാടു ജില്ലയിലെ പട്ടാമ്പിക്കടുത്ത് കിഴായൂരിൽ പള്ളിശ്ശേരി മന കൃഷ്ണൻ നമ്പൂതിരിയുടെയും സതി അന്തർജനത്തിൻ്റെയും മകനായാണ് ഞാൻ ജനിച്ചത്. ഞാൻ ജനിക്കുന്ന കാലത്ത് തറവാട് കൂട്ടുകുടുംബമായിരുന്നു. എനിക്ക് ഓർമ്മ വക്കുന്നതിനു മുമ്പും പിമ്പുമായി ഭാഗം വക്കലുകൾ കഴിഞ്ഞു. ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുമ്പോൾ അവസാനത്തെ ടീം - ചെറിയച്ഛൻ്റെ കുടുംബം - വേറെ വീടു വെച്ചു മാറി. വലിയ നാലുകെട്ടു പുരയിൽ അച്ഛനുമമ്മയും അഞ്ചു മക്കളും മാത്രമായി. ചുമര് മണ്ണായിരുന്നതിനാൽ മരം മൊത്തം ചിതലെടുത്ത് വീട് ഒരു ചിതൽപ്പുറ്റായി മാറിക്കഴിഞ്ഞിരുന്നു. എപ്പോഴാണ് ഒരു കഴുക്കോൽ അല്ലെങ്കിൽ ഒരു പട്ടിക താഴേക്കു വീഴുക എന്നു പേടിച്ചാണ് കഴിഞ്ഞത്. ഇരുട്ടടഞ്ഞ മുറികളുടെ വാതിൽ തുറക്കുമ്പോൾ നരിച്ചീറുകൾ പറന്നു.തൊഴുത്ത് എൻ്റെ ഓർമ്മക്കു മുമ്പേ തന്നെ ഇല്ലാതായിരുന്നതിനാൽ ഒരു പശുവും കുട്ടിയും ഉണ്ടായിരുന്നത് ഭാഗം പിരിഞ്ഞ ശേഷം അംഗസംഖ്യ കുറഞ്ഞ വീട്ടിലെ ഒരു മുറിയിൽ തന്നെയാണ് താമസിച്ചിരുന്നത്. ഭാഗത്തിൽ ഞങ്ങൾക്കു കിട്ടിയ ഏതാണ്ട് രണ്ടേക്രയോളം വരുന്ന പുരയിടത്തിനു നടുക്കായിരുന്നു തറവാട്. കൃഷി ചെയ്യാനോ മണ്ണ് ഉപയോഗപ്പെടുത്താനോ അച്ഛനമ്മമാർക്കോ ഞങ്ങൾ മക്കൾക്കോ യാതൊരറിവും പ്രാപ്തിയും ഉണ്ടായിരുന്നില്ല. തൊടി മിക്കവാറും കാടു പിടിച്ചു കിടന്നു. കമ്മ്യൂണിസ്റ്റ് അപ്പയായിരുന്നു പ്രധാനം. പാമ്പുകൾ നിറയെ ഉണ്ടായിരുന്നു. ആ തൊടിയിൽ പശുവിനെ തീറ്റിക്കലായിരുന്നു സ്കൂൾ സമയം കഴിഞ്ഞാൽ എൻ്റെ പ്രധാന പകൽ ജോലി. പിന്നീട് ഞാൻ സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് സഹോദരിമാരുടെ വിവാഹാവശ്യങ്ങൾക്കും മറ്റുമായി രണ്ടേക്കർ തൊടിയുടെ പല ഭാഗങ്ങൾ അച്ഛൻ മുറിച്ചു വിറ്റു. ബാക്കി ഒരേക്രയോളം വരുന്ന സ്ഥലം അച്ഛൻ്റെ മരണശേഷം ഞങ്ങൾ അഞ്ചുമക്കൾക്കും അമ്മക്കുമായി വീതിച്ചു. അതിൽ എനിക്കു കിട്ടിയ സ്ഥലത്താണ് ഞാനിപ്പോൾ വീടുവെച്ചു താമസിക്കുന്നത്.
കൃഷി ചെയ്യാൻ അറിയാത്ത അച്ഛന് ഭാഗത്തിൽ കിട്ടിയ ഒരേക്ര നെൽപ്പാടത്ത് കൃഷി നടത്തിക്കൊണ്ടു പോവുക ബുദ്ധിമുട്ടായി. സഹായത്തിന് കാര്യസ്ഥൻ ഗോപാലൻ നായർ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം അച്ഛനുമായി വിയോജിക്കുകയും വരാതാവുകയും ചെയ്തു. ഫ്യൂഡൽ കാലത്തിൻ്റെ ബാക്കിയായിരുന്നു അത്തരം ജന്മി- കാര്യസ്ഥ ബന്ധങ്ങൾ. 1973 ഓടെ ഭൂപരിഷ്ക്കരണ നിയമം ഏതാണ്ടു പൂർണ്ണമായിത്തന്നെ നടപ്പാവുകയും ജന്മിമാരുടെ കയ്യിലെ മിച്ചഭൂമി കുടിയാന്മാർക്കു വീതിച്ചു നൽകുകയും ചെയ്തു. വീതിച്ചതു കഴിച്ച് ബാക്കി കയ്യിൽ കിട്ടിയ പുരയിടവും പാടവുമുൾപ്പെടുന്ന ഭൂമി എന്തു ചെയ്യണമെന്ന് നമ്പൂതിരി കുടുംബങ്ങളിലെ മിക്ക ആളുകൾക്കും യാതൊരു ധാരണയും ഇല്ലായിരുന്നു. ഞങ്ങൾക്ക് പുരയിടത്തിനു പുറമേ ഏതാണ്ട് ഒരേക്ര വരുന്ന ഒരു നെൽപ്പാടമാണ് ഉണ്ടായിരുന്നത്. അതിൽ അച്ഛൻ പ്രയാസപ്പെട്ട് കൃഷി ചെയ്തു. ഫ്യൂഡൽ കാല കാര്യസ്ഥന്മാർ ഒഴിഞ്ഞു പോയതോടെ ഒറ്റക്ക് കൃഷിനടത്താൻ അച്ഛനെപ്പോലുള്ളവർ ഏറെ പ്രയാസപ്പെട്ടു. കൃഷി ആസ്വദിക്കുന്ന അച്ഛനെയല്ല, കൃഷി ഒരു തലവേദനയായി കൊണ്ടു നടക്കുന്ന അച്ഛനെയാണ് ഞാൻ കണ്ടിട്ടുള്ളത്. അധികം വൈകാതെ അച്ഛനാ പാടം വിൽക്കുകയും ചെയ്തു.ഭൂമി ഉണ്ടായിട്ടും പട്ടിണി കിടക്കുന്ന നമ്പൂതിരി കുടുംബങ്ങൾ ഭൂപരിഷ്കരണത്തിനു ശേഷം ഉണ്ടായത് അങ്ങനെയാണ്. അല്ലാതെ ഭൂപരിഷ്ക്കരണ നിയമം ജന്മിമാരെ വഴിയാധാരമാക്കി എന്ന തരത്തിലുള്ള വിമർശനം അടിസ്ഥാന രഹിതമാണ്. ജന്മി കുടുംബങ്ങളിൽ പെട്ട, മണ്ണിൽ പണി ചെയ്യാൻ അറിയുന്നവർ രക്ഷപ്പെടുകയും ചെയ്തു. ഞാനിപ്പോഴും ഓർക്കുന്നു, 1990 കളുടെ തുടക്കത്തിലാണ്, എൻ്റെ ചേച്ചി ഉഷോപ്പോളുടെ വിവാഹനിശ്ചയത്തിന് എറണാകുളത്തു നിന്നു വന്ന വരൻ്റെ കുടുംബാംഗങ്ങൾ കമ്യൂണിസ്റ്റ് അപ്പ പടർന്നു കിടക്കുന്ന തൊടി കണ്ട് അത്ഭുതപ്പെട്ടത്. വരൻ്റെ അമ്മാമന് (അദ്ദേഹം പാലാക്കാരനാണ്) അതുകണ്ട് സഹിച്ചില്ല. തൊടി ഇങ്ങനെയിടാതെ റബറു വയ്ക്കൂ എന്ന് അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. എന്നാൽ റബറു വക്കണമെങ്കിൽ എന്താണു ചെയ്യേണ്ടത് എന്ന് അറിയണ്ടേ! തൊടി കാടായിത്തന്നെ കിടന്നു. ഇപ്പോൾ ഏതാണ്ട് 15 സെൻ്റ് വീതമുള്ള എൻ്റെയും സഹോദരങ്ങളുടെയും ചെറിയ പുരയിടങ്ങളും കാടായിത്തന്നെ കിടക്കുന്നു.
എന്നാൽ അച്ഛന് അധ്യാപകജോലി ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങൾക്ക് പട്ടിണി കിടക്കേണ്ടി വന്നില്ല. കൂട്ടുകുടുംബമായിരുന്ന കാലത്ത് അംഗങ്ങൾ ഏറെയുണ്ടായിരുന്നതിനാൽ ചെറിയച്ഛനും അച്ഛനും നാടു നീളെ കടം വാങ്ങിയിരുന്നതിൻ്റെ കഥ അറിയാം. എന്നാൽ ഭാഗം പിരിഞ്ഞു ചെറുകുടുംബങ്ങളായ ശേഷം അത്തരം കഥകൾ കേൾക്കാതായി. സമൃദ്ധിയില്ലെങ്കിലും കുട്ടിക്കാലത്ത് ഞാൻ പട്ടിണി കിടന്നിട്ടില്ല. കാരണം അച്ഛന് ശമ്പളം കിട്ടുന്നുണ്ട്. തുച്ഛമായ ശമ്പളമേ അന്ന് യു പി സ്കൂൾ അധ്യാപകർക്ക് ഉണ്ടായിരുന്നുള്ളൂ. എങ്കിലും കുടുംബം ചെറുതായതോടെ അതു കൊണ്ട് പട്ടിണിയില്ലാതെ കഴിയാമെന്നായി. സമൃദ്ധിയില്ലെങ്കിലും. ചോറിനു കൂട്ടാൻ മിക്കപ്പോഴും തൊടിയിലുണ്ടാകുന്ന ഓമക്കായയോ ചുണ്ടങ്ങയോ ശിവനുർണ്ണിക്കായയോ ആകും. അതുമല്ലെങ്കിൽ ചുട്ട മുളകും പുളിയും ചാലിച്ചത്. കിഴായൂരിൽ നിന്ന് നാലഞ്ചു കിലോമീറ്റർ അകലെ പുലാശ്ശേരിക്കര യു പി സ്കൂളിൽ മാഷായിരുന്നു അച്ഛൻ. 1983-ൽ പിരിയുന്നതുവരെ സ്കൂളിലേക്ക് അച്ഛൻ നാലഞ്ചു കിലോമീറ്റർ നടന്നാണ് പോയിക്കൊണ്ടിരുന്നത്. ചില ദിവസം ചോറ്റുപാത്രം എടുക്കാൻ മറക്കും. ഞാൻ പിന്നാലെ ഓടി അതു കൊണ്ടുകൊടുക്കും. ഒരിക്കൽ ഓടിയോടി ഏതാണ്ട് അച്ഛൻ്റെ സ്കൂളിനടുത്തുവരെ എത്തി.
സ്കൂളിൽ ഞാൻ നമ്പൂരിക്കുട്ടിയായിരുന്നു. നാലുപാടുമുള്ളവർ പഴയ ഫ്യൂഡൽ ഹാങ് ഓവറിൽ തമ്പ്രാൻ, തമ്പ്രാൻകുട്ടി എന്നെല്ലാം വിളിച്ചു. എന്താണാ വിളിയുടെ അർത്ഥമെന്ന് മനസ്സിലായിരുന്നില്ല. വീട്ടിൽ എന്നും ഊണിന് കറി മുളകുചുട്ടു ചാലിച്ച പുളിഞ്ഞയായിരുന്നു. അല്ലെങ്കിൽ ഓമക്കായ കൊണ്ട് ഒരു കൂട്ടാൻ. പൈസ കൃത്യമായി കൊടുക്കാതെ ഒരു പണിക്കും ആരേയും കിട്ടിയിരുന്നില്ല.കാരണം ഫ്യൂഡൽ കാലം കഴിഞ്ഞ് ജനാധിപത്യ കാലം നിലവിൽ വന്നിരുന്നു.കൊടുക്കാൻ പൈസയില്ലായിരുന്നതു കൊണ്ട് അത്യാവശ്യത്തിനല്ലാതെ ഒരു പണിയും നടന്നിരുന്നുമില്ല. തൊടി കാടായും വീട് ചിതൽക്കൂടായും തന്നെ കിടന്നു. ഈ ജീവിത സ്ഥിതിയും തമ്പ്രാൻ എന്ന വിളിയും തമ്മിലെ പൊരുത്തക്കേടു കാരണമാവാം, ആ വിളി കളിയാക്കലായാണ് തോന്നിയത്. പിന്നീടാണ് മനസ്സിലായത് നമ്പൂതിരിയെ എല്ലാവരും, നായരെ നമ്പൂതിരിമാരല്ലാത്ത എല്ലാവരും, അതിൽ താഴെയുള്ളവരെ അതിലും താഴെയുള്ളവരും അങ്ങനെ വിളിക്കുന്നുണ്ട്.
ഈ 2025 -ലും അങ്ങനെ വിളിക്കുന്നവരും വിളി കേൾക്കാൻ ഇഷ്ടമുള്ളവരും ഇല്ലാതായിട്ടില്ല. പോയ കാലം പതുക്കെയേ മനുഷ്യരുടെ മനസ്സിൽ നിന്നു മറയൂ. കാലഗതിയുടെ ഈ സ്വഭാവം ഒരു പ്രമേയമായി എൻ്റെ കവിതയിൽ പിന്നീടു വികസിച്ചു വന്നിട്ടുമുണ്ട്.
മാതൃഭൂമി പത്രവും ആഴ്ച്ചപ്പതിപ്പും വരുത്തുന്നതായിരുന്നു വീട്ടിലെ ഒരേയൊരു ആർഭാടം. കൂട്ടുകുടുംബമായിരുന്ന കാലത്ത് എൻ്റെ ഒരു വല്യച്ഛൻ മനോരമ ഏജൻസി തുടങ്ങിയ കാലം തൊട്ടുള്ള പത്രബന്ധത്തിൻ്റെ തുടർച്ചയായിരുന്നു ആ ശീലം. പട്ടാമ്പിയിലെ ആദ്യത്തെ മനോരമ ഏജൻ്റുമാരിൽ ഒരാളായിരുന്നു അദ്ദേഹം. അവിവാഹിതനായിരുന്നു. ഫ്യൂഡൽ മട്ടിലുള്ള സംബന്ധങ്ങളിലും അദ്ദേഹം ഏർപ്പെട്ടിരുന്നില്ല. എനിക്ക് ഓർമ്മയുള്ള കാലത്ത് അദ്ദേഹം ഷൊറണൂരിൽ ഒരില്ലത്ത് ശാന്തിക്കാരനായി താമസിച്ചു വരികയായിരുന്നു. വിശേഷദിവസങ്ങളിൽ മാത്രമേ തറവാട്ടിലേക്കു വരൂ. പരസ്പരം വഴക്കടിച്ചിരുന്ന അമ്മയുൾപ്പെടെ കുടുംബാംഗങ്ങൾക്കെല്ലാം അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ചെവി തീരെ കേൾക്കുമായിരുന്നില്ല ഈ രാമപ്ഫന്. കടലാസിലോ ഞങ്ങൾ കുട്ടികളുടെ സ്ളേറ്റിലോ എഴുതിയാണ് അത്യാവശ്യ വിവരങ്ങൾ അറിയിച്ചിരുന്നത്. ഇദ്ദേഹം തുടങ്ങി വെച്ച ശീലത്തിൻ്റെ തുടർച്ചയായിരുന്നു വീട്ടിലെ പത്രം വരവ്. ഈ ആഴ്ച്ചപ്പതിപ്പു വായന എന്നെ അന്ന് ഏറെ സ്വാധീനിച്ചിരുന്നു. പാഠപുസ്തകത്തിൽ പഠിക്കുന്നതിൽ നിന്നു വ്യത്യസ്തമായ കവിതകൾ ഉണ്ടെന്ന് ഞാനറിഞ്ഞത് അങ്ങനെയാണ്.
തറവാട്ടിലെ ശ്രീലകത്ത് സാളഗ്രാമങ്ങൾ ഉണ്ട്. അവക്ക് നിത്യപൂജ ഉണ്ടായിരുന്നു. അമ്മയാണ് പൂജ ചെയ്തിരുന്നത്. നേദിക്കുക എന്നാണ് പറയുക. വിശേഷദിവസങ്ങളിൽ അച്ഛനാകും പൂജ ചെയ്യുക. എന്നാൽ എന്തുകൊണ്ടെന്നറിയില്ല, രാവിലെ നേരത്തേ ഉണർന്ന് പൂജക്കൊരുക്കുന്ന രീതി ഉണ്ടായിരുന്നില്ല. ആറുമണിക്കു ശേഷമുള്ള ഒരുക്കങ്ങളേ ഉള്ളൂ.പുരോഹിത കുടുംബത്തിൻ്റെ ജീവിതചര്യയിലേക്ക് ഞങ്ങൾ കുട്ടികളെ നിർബന്ധപൂർവ്വം തള്ളിവിടാൻ എൻ്റെ അച്ഛനമ്മമാർ ശ്രമിച്ചിട്ടില്ല. അമ്മക്ക് അതിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അച്ഛൻ ഒരിക്കലും അങ്ങനെയൊന്ന് ആഗ്രഹിക്കുകയോ ഞങ്ങളെ നിർബന്ധിക്കുകയോ ചെയ്തില്ല. ഞാൻ ഹൈസ്കൂളിൽ പോകാൻ തുടങ്ങിയ കാലത്ത് ബസ്സുകൂലി തരുമ്പോൾ അധികം വരുന്ന പൈസക്ക് എന്തെങ്കിലും വാങ്ങിച്ചു തിന്നോ എന്ന് അച്ഛൻ പറഞ്ഞിരുന്നത് ഓർക്കുന്നു. വീട്ടിൽ കിട്ടാത്ത എന്തെങ്കിലും എന്നാണ് അച്ഛൻ ഉദ്ദേശിച്ചത്. അങ്ങനെയാണ് ഞാൻ വല്ലപ്പോഴും കോഴിമുട്ട കഴിച്ചു തുടങ്ങിയത്. അമ്മക്ക് അതൊന്നും കേൾക്കുന്നതേ ഇഷ്ടമായിരുന്നില്ല.
പുരയിടത്തിൽ നിന്നു മാറി കുടുംബം വക ഒരു പാറക്കാടും കാട്ടിൽ ഒരു ചെറിയ അയ്യപ്പൻകാവും ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നല്ല ഇപ്പോഴും ഉണ്ട്. കൂട്ടുകുടുംബത്തിലെ എല്ലാവർക്കും അവകാശമുള്ളത്. അതിൻ്റെ കുറേ ഭാഗം പല കാലത്തായി വിറ്റുപോയി ഇപ്പോൾ കാവു നിൽക്കുന്ന ചെറിയൊരു തുണ്ടു കാടു മാത്രമേ ബാക്കിയായിട്ടുള്ളൂ. അതിപ്പോഴും ഭാഗം വെക്കാനൊക്കെ പ്രയാസമായ തരത്തിൽ എല്ലാവർക്കും കൂടി കലർന്നു കിടക്കുകയാണ്. അയ്യപ്പൻ കാവിൽ അച്ഛനോ ചെറിയച്ഛനോ നിത്യപൂജ ചെയ്തിരുന്നു. അയ്യപ്പൻ ഞങ്ങളുടെ പരദേവതയാണെന്നാണ് പറയാറ്. വിശേഷദിവസങ്ങളിൽ കോണകമുടുത്ത് ഒരു തോർത്തുമുണ്ടും ചുറ്റി തൊഴുതു വന്നിരുന്നു ഞങ്ങൾ കുട്ടികൾ. ഇങ്ങനെ വിശ്വാസത്തിൻ്റെയും ആചാരങ്ങളുടെയും ഒരു പശ്ചാത്തലം ഉണ്ടായിരുന്നു എന്നല്ലാതെ അതിലേക്ക് കുട്ടികളെ നിർബന്ധപൂർവ്വം വലിച്ചിഴക്കാൻ കുടുംബം ശ്രമിച്ചിട്ടില്ല.
ഇതിൻ്റെ ഒരു തെളിവാണ് എൻ്റെ ഉപനയനവും സമാവർത്തനവും പ്രായം വളരെ വൈകിയാണു നടന്നത് എന്നത്. ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലത്തായിരുന്നു അത്. അതു തന്നെ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അച്ഛൻ ഒരുക്കൂട്ടിയതാണ്. യു. പി. ക്ലാസിലൊക്കെ പഠിക്കുന്ന കാലത്താണ് സാധാരണ ആൺകുട്ടികൾക്ക് പൂണൂലിടൽ ചടങ്ങ് നടത്താറ്. സ്വയം നാണം തോന്നാവുന്നത്ര പ്രായമായ ശേഷമാണ് എൻ്റെ ഉപനയനം നടന്നത്. ചടങ്ങു നടന്നു എന്നല്ലാതെ തുടർന്ന് പൂണൂലിടാൻ ഞാൻ തയ്യാറായില്ല. ആരും അതിനായി നിർബന്ധിച്ചതുമില്ല.
ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് കൂടെ പഠിച്ചിരുന്ന ജേക്കബും ജയപ്രകാശും വീട്ടിൽ വന്നു താമസിച്ചു. വീട്ടുകാർക്ക് അതൊരു പുതിയ അനുഭവമായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് ധാരാളം ചങ്ങാതിമാർ പരീക്ഷാക്കാലത്ത് വീട്ടിൽ ഉണ്ടായിരുന്നു. സ്റ്റഡി ലീവു കാലത്ത് ഇവിടെ താമസിച്ച് ഉള്ള കഞ്ഞി കുടിച്ച് ഞങ്ങളൊന്നിച്ചു പരീക്ഷയെഴുതി പാസ്സായി. ജാതി ബന്ധങ്ങളിൽ മാത്രം തളഞ്ഞുകിടന്നിരുന്ന വീട്ടുകാർക്കും അത് ഒരു തരത്തിൽ ഒരു മാറ്റമായിരുന്നു എന്നു തോന്നിയിട്ടുണ്ട്.
ഇത്രയുമൊക്കെയാണ് എൻ്റെ ഫ്യൂഡൽ പശ്ചാത്തലം. അല്ലാതെ സ്വജാതിയിൽ നിന്നു വിവാഹം ചെയ്യുകയോ ബ്രാഹ്മണ അനുഷ്ഠാനങ്ങൾ ജീവിതത്തിൽ പുലർത്തുകയോ ഞാൻ ചെയ്തിട്ടില്ല. മക്കളെ ഔപചാരികമായിത്തന്നെ ജാതിമതരഹിതരായാണ് വളർത്തിയത്. വലുതായ ശേഷം അത്തരം പശ്ചാത്തലങ്ങളിൽ നിന്ന് അകലുകയാണ് ചെയ്തതും. എൻ്റെ ജാതി ഇന്നതാണ് എന്ന് ആദ്യകൃതിയിലെ ബയോഡാറ്റ മുതൽ എവിടെയും പറയാഞ്ഞിട്ടും ബുദ്ധിജീവികൾ അതു കണ്ടുപിടിച്ചു. ജനിച്ചു വളർന്ന പശ്ചാത്തലത്തിൻ്റെ പേരിൽ ജീവിതകാലം മുഴുവൻ ഞാൻ വേട്ടയാടപ്പെട്ടു. സാധാരണക്കാരല്ല, പുരോഗമന നാട്യമുള്ള ബുദ്ധിജീവികളും കവികളും എഴുത്തുകാരുമൊക്കെയാണ് ജന്മം പറഞ്ഞ് എന്നെ എന്നും ബ്രാഹ്മണനാക്കാൻ ശ്രമിച്ചത്. എന്നെ ബ്രാഹ്മണനാക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതുകേട്ട് ബ്രാഹ്മണനാവാൻ ഞാൻ നിന്നു കൊടുത്തില്ല എന്നതാണ് ജീവിതത്തിലെ എൻ്റെ ഒരു വിജയം.
അതല്ലെങ്കിൽ ബ്രാഹ്മണാനുകൂല നിലപാടുകൾ ജീവിതത്തിൽ എടുക്കുകയോ എഴുതുകയോ പറയുകയോ ചെയ്തിട്ടുണ്ടെങ്കിൽ ബ്രാഹ്മണനാക്കാം. ആദ്യപുസ്തകമായ കനത്തിന് ഇരുപത്തെട്ടാം വയസ്സിൽ ഞാൻ എഴുതിയ ഒരു ചെറിയ ആമുഖം, കനത്തിലെ ആദ്യകവിതയായ മുല്ലത്തറ, നനവുള്ള മിന്നൽ എന്ന സമാഹാരത്തിൽ ഉൾപ്പെട്ട മോക്ഷമന്ത്രം എന്നീ കവിതകൾ വച്ചാണ് തുടക്കത്തിൽ വി.വിജയകുമാർ, പിന്നീട് എ.സി. ശ്രീഹരി, സുജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ എന്നെ ബ്രാഹ്മണനാക്കാൻ ശ്രമം നടന്നത്. ജീവിതത്തിൽ ഇല്ലാത്ത ആദർശങ്ങൾ എഴുത്തിൽ കൊണ്ടുവരുന്ന പൊതു സമ്പ്രദായത്തിനെതിരെ, മലയാളിയുടെ ഹിപ്പോക്രസിക്കെതിരെ എഴുതിയതാണ് കനത്തിൻ്റെ ആമുഖവാക്യങ്ങൾ. ഹിപ്പോക്രസി മുഖമുദ്രയായ ബുദ്ധിജീവി നാട്യക്കാർക്ക് ആ വിമർശനം അവർക്കെതിരായ വിമർശനമായാണ് തോന്നിയത്. ആദ്യ പുസ്തകത്തിൻ്റെ ആമുഖമായി ഞാനെഴുതിയ ഒരു ചെറിയ ഖണ്ഡികയെ ബ്രാഹ്മണ്യവും അരാഷ്ട്രീയതയുമായി ബന്ധിപ്പിക്കാൻ ഇരുപത്തഞ്ചു കൊല്ലമായി അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.മുല്ലത്തറ എന്ന കവിത വന്ന കാലത്ത് വയറുനിറയെ ഉണ്ട് ഏമ്പക്കം വിട്ട് പൂണൂൽ തലോടി ഇരിക്കുന്ന ഒരാളുടെ കവിതയാണിതെന്ന് വി.വിജയകുമാർ കവിതാസംഗമം മാസികയിൽ എഴുതി. പുതുതായി എഴുതിത്തുടങ്ങിയ ഒരാളെയാണ് ജാതി വിളിച്ച് അടിച്ചിരുത്തുന്നത് എന്നോർക്കണം. ഞാനന്ന് ജീവിക്കാൻ എന്തു ചെയ്യണമെന്നറിയാതെ തേരാപ്പാരാ നടക്കുന്ന കാലമായിരുന്നു. യു.ജി.സി. സ്കെയിൽ വാങ്ങുന്ന ബുദ്ധിജീവി നാട്യക്കാർക്ക് അങ്ങനെയൊക്കെ എഴുതാം എന്നു ഞാൻ മറുപടി പറഞ്ഞത് തൻ്റെ സാഹിത്യ വിമർശനത്തോടുള്ള അസഹിഷ്ണുതയായി അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാവാം. നിരൂപണമെന്ന പേരിൽ മറ്റൊരാളെ ജാതി വിളിക്കുന്നത് മര്യാദ, തിരിച്ചെന്തെങ്കിലും പറഞ്ഞാൽ അതു ചീത്തവിളിയും! മോക്ഷമന്ത്രം എന്ന കവിതയെ മുൻനിർത്തി എന്നെ ഫ്യൂഡൽ ആക്കാനാണ് വർഷങ്ങൾക്കുശേഷം സുജീഷ് ശ്രമിച്ചത്. തമ്പ്രാൻ, അടിയൻ എന്നൊക്കെ വിളിക്കാനും വിളി കേൾക്കാനും ഇഷ്ടപ്പെടുന്ന ധാരാളം ആൾക്കാരെ ഞാൻ ജീവിതത്തിൽ കണ്ടിട്ടുണ്ട്. ഫ്യൂഡൽ കാലം കഴിഞ്ഞ് ഇത്ര വർഷം കഴിഞ്ഞിട്ടും മനസ്സുകൊണ്ട് ആ കാലത്തു ജീവിക്കുന്ന പലരേയും കണ്ടിട്ടുണ്ട്. കാലം പോയതറിയാതെ പഴയ കാലത്തു തന്നെ തുടരുന്ന മനുഷ്യരെക്കുറിച്ചെഴുതിയ കവിതയാണ് എന്നെ സംബന്ധിച്ചിടത്തോളം മോക്ഷമന്ത്രം എന്ന കവിത. എൻ്റെ അമ്മയെക്കുറിച്ച് ഞാനെഴുതിയ ഒരു സീരീസ് കവിതകളുടെ ഭാഗവുമാണത്.
മോക്ഷമന്ത്രം എന്ന തലക്കെട്ടു തൊട്ട് ആ കവിതയിലെ സർക്കാസം തുടങ്ങുന്നുണ്ട്. ഈശ്വരനാമമാണ് വിശ്വാസിയെ സംബന്ധിച്ച് മോക്ഷമന്ത്രം. മരണക്കിടക്കയിൽ ഉരുക്കഴിക്കേണ്ടത് വിശ്വാസിയെ സംബന്ധിച്ച് അതാണ്. ഫ്യൂഡൽ വ്യവസ്ഥയിൽ ജീവിതകാലം മുഴുവൻ അടിയൻ എന്നു വിളിപ്പിച്ചും കേട്ടുരസിച്ചും വിളിച്ചും ശീലിച്ചവർക്ക് ദൈവനാമത്തെക്കാൾ വലിയ മോക്ഷമന്ത്രം അതായിത്തീർന്നു. അവരുടെ ദൈവ വിശ്വാസത്തിൻ്റെ പോലും അടിയിലുള്ളത് ഫ്യൂഡൽ അധീശ ബോധമാണ്. അങ്ങനെ ഫ്യൂഡൽ മൈൻ്റ് സെറ്റിൽ ജീവിച്ച ഒരാൾ, അമ്മ, മരിക്കുന്നതാണ് കവിതയിലെ സന്ദർഭം.വിശ്വാസിയായി പുറമേക്ക് അറിയപ്പെട്ട അവരുടെ മരണക്കിടക്കയിലിരുന്ന് മോക്ഷമന്ത്രമായ ദൈവനാമമാണ് അവർക്കു വേണ്ടി ഉരുക്കഴിക്കേണ്ടത്. എന്നാൽ അവർ ജീവിതകാലം മുഴുവൻ കേട്ടുരസിച്ച അടിയൻ എന്ന ആ വാക്ക് മോക്ഷമന്ത്രമായി പകരം ഉരുക്കഴിക്കുകയാണ് മകൻ. അമ്മയുടെ വിശ്വാസത്തിനടിയിലെ യഥാർത്ഥതാല്പര്യം വ്യക്തമായി അറിയാവുന്ന ആ മകന് മരണക്കിടക്കയിലെങ്കിലും അമ്മയോട് സത്യസന്ധനാവാനേ പറ്റൂ. അമ്മക്ക് മോക്ഷമന്ത്രം ദൈവനാമമല്ലെന്നും അതൊരു മറ മാത്രമായിരുന്നെന്നും ഫ്യൂഡൽ അധീശത്വബോധത്തിൽ നിന്നുമുണ്ടായ അടിയൻ എന്ന വാക്കാണ് അവരുടെ യഥാർത്ഥ മോക്ഷമന്ത്രമെന്നും തിരിച്ചറിയുന്ന മകൻ്റെ വേദന കൂടി കലർന്ന കയ്പൻ സർകാസമാണ് കവിതക്കൊടുവിലുള്ളത്. അതു മനസ്സിലാവാതെ, അല്ലെങ്കിൽ മനസ്സിലായിട്ടും മനപ്പൂർവമായി, കവിയെ ബ്രാഹ്മണനും ഫ്യൂഡലും ആക്കി മാറ്റാനുള്ള താല്പര്യം നിഷ്കളങ്കമാണെന്ന് ഞാൻ വിചാരിക്കുന്നില്ല. ജന്മനാ ബ്രാഹ്മണരായവർ ആരും ബ്രാഹ്മണ്യത്തിൽ നിന്ന് വിട്ടുപോകാൻ പാടില്ല എന്ന നിർബന്ധബുദ്ധി ജാതിവാദമല്ലാതെ മറ്റെന്താണ്? അങ്ങനെ പോകുന്ന ആരെങ്കിലുമുണ്ടെങ്കിൽ കേരളത്തിലെ ബുദ്ധിജീവി കവികൾ അവരെ പിടികൂടി വീണ്ടും ബ്രാഹ്മണ പാളയത്തിൽ അടയ്ക്കും. അവിടെക്കിട.....
പി. രാമനിലെ ബ്രാഹ്മണ്യത്തിൻ്റെ ആവിഷ്ക്കാരമാണ് മോക്ഷമന്ത്രം എന്ന കവിത എന്ന് സുജീഷിനെപ്പോലെ തന്നെ വിശ്വസിക്കുന്ന എ. സി. ശ്രീഹരി ഞാൻ മറ്റു കവികളെ പ്രോത്സാഹിപ്പിക്കുന്നു എന്നത് ബ്രാഹ്മണ്യമായാണ് മനസ്സിലാക്കുന്നത്. മറ്റെല്ലാവർക്കും ഇഷ്ടമുള്ള കവികളെക്കുറിച്ചു പറയാം, എന്നാൽ തനിക്കു പ്രിയപ്പെട്ട കവികളെക്കുറിച്ച്, അതും പുതിയ കവികളെക്കുറിച്ച് പി.രാമൻ പറഞ്ഞാൽ അതു ബ്രാഹ്മണ്യമായി എന്ന വാദത്തിൻ്റെ യുക്തി എനിക്കു മനസ്സിലായിട്ടേയില്ല. വിഷ്ണുപ്രസാദ്, വി. അബ്ദുൾ ലത്തീഫ് എന്നിവരും പി. രാമൻ മറ്റു കവികളെ പ്രോത്സാഹിപ്പിക്കുന്നത് സവർണ്ണതയും ഗൂഢാലോചനയുമായി വ്യാഖ്യാനിച്ച് ആക്രമിക്കുകയുണ്ടായി. അശോകൻ മറയൂർ, സുകുമാരൻ ചാലിഗദ്ധ, ഡി.അനിൽകുമാർ, ഒ.അരുൺ കുമാർ, അമ്മു ദീപ, ആദിൽ മഠത്തിൽ, ദുർഗ്ഗാപ്രസാദ്, സുബിൻ അമ്പിത്തറയിൽ, അഭിരാം, കാർത്തിക്, അമിത്ത്, സി.പി. രമേഷ് തുടങ്ങി പല കവികളെക്കുറിച്ചും ഞാൻ തുടർച്ചയായി നല്ല അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് കോക്കസ് - ഗൂഢാലോചന - ബ്രാഹ്മണ്യ - ആചാര്യഭാവ ആരോപണം എൻ്റെമേൽ വെച്ചുകെട്ടിയത്. ഇഷ്ടപ്പെട്ട കവിതകളെയും കവികളെയും കുറിച്ച് നല്ല വാക്കു പറയുന്നത് ഏതു നിലയിലാണ് ബ്രാഹ്മണ്യത്തിൻ്റെ ലക്ഷണമാകുന്നത് എന്നോ ആചാര്യഭാവമാകുന്നത് എന്നോ എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. കവിതയെ കുറിച്ചു പറയാനും കേൾക്കാനും താല്പര്യമുള്ള ആരോടും ഞാൻ വായിച്ച കവിതകളെപ്പറ്റി സംസാരിക്കാറുണ്ട്. അത് പാടില്ല എന്നാണോ? എൻ്റെ കവിത ചെറുപ്പക്കാരുൾപ്പെടെ പലരും തിരുത്തിയിട്ടുണ്ട്. വായിക്കുന്ന കവിതയിൽ എന്തെങ്കിലും തിരുത്തു വേണമെന്ന് എനിക്കു തോന്നിയാൽ കേൾക്കാൻ താല്പര്യമുള്ള സുഹൃത്തുക്കളോട് ഞാനും നിർദ്ദേശിക്കാറുണ്ട്. ഇതൊക്കെ എങ്ങനെയാണ് ആചാര്യഭാവമാകുന്നത് എന്നത് എനിക്കു മനസ്സിലായിട്ടില്ല. ഇത്തരം സംവാദങ്ങൾ കവിതയിൽ പ്രധാനമാണ് എന്നു ഞാൻ കരുതുന്നു.ഞാൻ നല്ല അഭിപ്രായം പറഞ്ഞ കവികളിൽ ഏതെല്ലാം ജാതി- മതക്കാരുണ്ട് എന്നത് എൻ്റെ വിഷയമേയല്ല.കവിത വായിക്കാൻ ശരീരവും മനസ്സും സമ്മതിക്കുന്നേടത്തോളം ഞാൻ ഇഷ്ടപ്പെട്ട കവിതകളെയും കവികളെയും കുറിച്ചു പറഞ്ഞുകൊണ്ടിരിക്കും. എന്നുവച്ചാൽ മുമ്പു പേരു പറഞ്ഞ തരം വിമർശകരുടെ കാഴ്ച്ചപ്പാടിൽ ഞാൻ എന്നും ബ്രാഹ്മണനായിത്തന്നെ തുടരും.
ശ്രീഹരി, വിഷ്ണുപ്രസാദ്, അബ്ദുൾലത്തീഫ്, സുജീഷ് തുടങ്ങിയവരുടെ ബ്രാഹ്മണ്യ ആരോപണങ്ങൾക്കു മുമ്പാണ് എസ്. ജോസഫ് എനിക്കെതിരെ ബ്രാഹ്മണ്യ ആരോപണം ഉയർത്തിയത്. ജോസഫ് ഉന്നയിച്ച കാരണം മറ്റൊന്നാണ്. തനിക്ക് വേണ്ടത്ര അംഗീകാരങ്ങൾ കിട്ടിയില്ല, എന്നാൽ പി.രാമന് അയാൾ ബ്രാഹ്മണനാകയാൽ കൂടുതൽ അംഗീകാരങ്ങൾ കിട്ടി എന്നാണ് ജോസഫ് എഴുതിയത്. എന്നേക്കാൾ എത്രയോ മുമ്പ് സർക്കാർ ജോലി കിട്ടിയയാളാണ് ജോസഫ്. സാഹിത്യ അക്കാദമിയുടേതുൾപ്പെടെ എത്രയോ അവാർഡുകൾ എനിക്കു മുമ്പേ കിട്ടിയയാളുമാണ്. എന്നിട്ടും തനിക്ക് അർഹിക്കുന്ന അംഗീകാരം കിട്ടിയില്ലെന്നും അതിനു കാരണം പി. രാമൻ്റെ ബ്രാഹ്മണ്യം തടസ്സം നിൽക്കുന്നതാണെന്നും ജോസഫ് എഴുതി. ആറ്റൂരിൻ്റെ പുതുമൊഴിവഴികൾ എന്ന പുസ്തകത്തിൽ തൻ്റെ കവിത ചേർക്കാതെ ബ്രാഹ്മണനായതുകൊണ്ടു മാത്രം രാമൻ്റെ കവിത ചേർത്തു,ജയമോഹൻ്റെ നേതൃത്വത്തിൽ കുറ്റാലത്തു വെച്ചു നടന്ന തമിഴ് - മലയാള കവി സംഗമത്തിൽ ബ്രാഹ്മണനായതിനാൽ മാത്രം പി. രാമൻ്റെ കവിതകൾ അംഗീകരിക്കപ്പെട്ടു തുടങ്ങിയ ആരോപണങ്ങളാണ് ജോസഫ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ എഴുതിയത്. ജോസഫിനു കിട്ടിയ അംഗീകാരങ്ങളെല്ലാം അദ്ദേഹം നല്ല കവിയായതിനാൽ, പി. രാമന് കിട്ടി എന്ന് ജോസഫ് കരുതുന്ന അംഗീകാരങ്ങളെല്ലാം അയാൾ ബ്രാഹ്മണനായതുകൊണ്ടും എന്ന മനോഭാവത്തെ ചോദ്യം ചെയ്തുകൊണ്ട് ഞാനതിന് മറുപടി എഴുതുകയുമുണ്ടായി.
ഗതി മാറിപ്പോയ ഒരു വിമർശനമായാണ് ജോസഫിൻ്റെ വിമർശനം ഇന്നു ഞാൻ കാണുന്നത്. സാഹിത്യരംഗത്തു നിലനിൽക്കുന്ന ജാതി പ്രിവിലേജിനെക്കുറിച്ചാണ് ജോസഫ് എഴുതിയത്. ജാതി പ്രിവിലേജ് ഉള്ളതുമാണ്.എന്നാൽ ജോസഫിൻ്റെ വിമർശനത്തിൻ്റെ മുന
മാറിപ്പോയി എന്നു ഞാൻ വിചാരിക്കുന്നു. നമ്പൂതിരിയോ നായരോ ആയതു കൊണ്ട് ഇന്നേതെങ്കിലും കവിയുടെ കവിതകൾ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചു വരികയോ അംഗീകാരങ്ങൾ നേടുകയോ ചെയ്യുന്നുണ്ടെന്നു ഞാൻ കരുതുന്നില്ല. സ്വന്തം ജാതിയിൽ പെട്ടവരുടെ കൃതികൾ പ്രസിദ്ധീകരിക്കാൻ ജാതി- മത പ്രസിദ്ധീകരണങ്ങളുണ്ട്. ഇന്നേവരെ എൻ്റെ രചനകളൊന്നും നമ്പൂതിരി യോഗക്ഷേമ സഭയുടെ പ്രസിദ്ധീകരണത്തിൽ വന്നിട്ടില്ല. ബ്രാഹ്മണനായതുകൊണ്ടാണ് പി. രാമൻ്റെ കവിതകൾ ആറ്റൂർ പുതുമൊഴിവഴികളിൽ ഉൾപ്പെടുത്തിയത് എന്ന വാദം എൻ്റെ കവിത്വത്തേയും ആറ്റൂരിൻ്റെ ആസ്വാദനബോധത്തേയും ഒരു പോലെ റദ്ദു ചെയ്ത് ജാതിയിലേക്കു ചുരുട്ടിക്കെട്ടുന്നതായിരുന്നു. മറ്റു പല ജാതിയിലും മതത്തിലും ജനിച്ചവർ ആറ്റൂരിൻ്റെ സമാഹാരത്തിൽ ഉണ്ടായിരുന്നു. അത് മറച്ചു വെച്ച് ജന്മനാൽ വന്നുഭവിച്ച എൻ്റെ ബ്രാഹ്മണ്യത്തെ ഉയർത്തിക്കാട്ടുകയായിരുന്നു ജോസഫ്. ബ്രാഹ്മണനായി ജനിച്ചു എന്നതുകൊണ്ട് ഒരാളുടെ കവിത ഒരു പുസ്തകത്തിൽ ഉൾപ്പെടുത്തരുത്, ഒരംഗീകാരവും അയാൾക്കു കൊടുക്കരുത്, ആരും അയാളെക്കുറിച്ചു നല്ലതു പറയരുത് എന്ന നിലയിലായിപ്പോയി ജോസഫിൻ്റെ വാദം.എന്നാൽ പ്രിവിലേജിനെക്കുറിച്ച് ജോസഫ് എഴുതാതെ പോയ ചിലതുണ്ട്. പല തരം പ്രിവിലേജുകൾ സമൂഹത്തിൽ പ്രത്യേകിച്ചും സാഹിത്യരംഗത്ത് നിലനിൽക്കുന്നുണ്ട് എന്നതു സത്യം തന്നെയാണ്. ജാതി, മതം,ലിംഗം, സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ നില, അധികാരപദവി എന്തിന് ആരോഗ്യം പോലും പ്രിവിലേജാണ്. സ്വന്തം മക്കളുടെ ആരോഗ്യം പോലും പ്രിവിലേജ് ആണ്. ഓട്ടിസം ബാധിച്ച സ്വന്തം കുട്ടിയെ വളർത്തുന്നതിനായി എഴുത്തു ജീവിതം ബലി നൽകേണ്ടി വന്ന പല നല്ല എഴുത്തുകാരേയും എനിക്കറിയാം. ഈ ഭരണഘടനാ-ജനാധിപത്യകാലത്ത് പല പ്രിവിലേജുകളിൽ ഒന്നു മാത്രമാണ് ജാതി പ്രിവിലേജ്. പക്ഷേ അതുണ്ട് എന്നതു സത്യമാണ്. പക്ഷേ ഇന്ന് അതു പ്രവർത്തിക്കുന്ന രീതി ജോസഫ് എഴുതിയതുപോലെയല്ല എന്നു ഞാൻ കരുതുന്നു. നമ്പൂതിരിയോ നായരോ ആയി പിറന്നതുകൊണ്ട് ഒരാളുടെ കവിത മാതൃഭൂമിയുടെയോ ഭാഷാപോഷിണിയുടെയോ മലയാളത്തിൻ്റെയോ കലാകൗമുദിയുടെയോ മാധ്യമത്തിൻ്റെയോ പത്രാധിപന്മാർ കൊടുക്കും എന്നു ഞാൻ കരുതുന്നില്ല. എസ്. ജയചന്ദ്രൻ നായർ ജോസഫിൻ്റെ കവിത കലാകൗമുദിയിൽ കൊടുത്തത് ജോസഫ് നായരായതുകൊണ്ടാണോ? അതു കവിതയുടെ ഗുണം കൊണ്ട്. എന്നാൽ കെ.സി. നാരായണൻ ഭാഷാപോഷിണിയിൽ പി. രാമൻ്റ കവിത കൊടുത്തത് കവിതയുടെ ഗുണം കൊണ്ടല്ല, രാമൻ ബ്രാഹ്മണ ജാതിയിൽ ജനിച്ചതുകൊണ്ട്! അത്രമാത്രം വിഡ്ഢികളും ജാതിചിന്ത ബാധിച്ചവരുമാണോ നമ്മുടെ പത്രാധിപന്മാർ? മറിച്ച്, ജാതി പ്രിവിലേജ് പ്രവർത്തിക്കുന്നത് മറ്റൊരു രീതിയിലാണ്. ഒരുദാഹരണത്തിലൂടെ അത് എളുപ്പം വ്യക്തമാക്കാം. ബ്രാഹ്മണജാതിയിൽ ജനിച്ച എന്നെപ്പോലൊരാൾക്ക് നിലനിൽക്കുന്ന നമ്മുടെ മുഖ്യധാരാകവിതാ ടൂളുകൾ കുറേക്കൂടി എളുപ്പം സ്വായത്തമാക്കാം. മറിച്ച് ജോസഫിനെപ്പോലെ വ്യത്യസ്തമായ സാഹചര്യത്തിൽ നിന്നു വരുന്ന ഒരാൾക്ക് ആ ടൂളുകൾ സ്വായത്തമാക്കുക എളുപ്പമല്ല. കഠിന പരിശീലനം വേണ്ടിവരും.അതുകൊണ്ട് സാഹിത്യ രംഗത്തെ എൻ്റെ നേട്ടങ്ങളേക്കാൾ മൂല്യമുള്ളതാണ് ജോസഫിൻ്റെ നേട്ടം എന്ന് ഞാൻ തീർച്ചയായും വിശ്വസിക്കുന്നു. ജോസഫ് കഠിന പരിശീലനത്തിലൂടെ മുഖ്യധാരാ കവിതാ ടൂളുകളിൽ പ്രാവീണ്യം നേടുകയും സ്വന്തമായ ടൂളുകൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു. എൻ്റെ അച്ഛൻ അത്യാവശ്യം കവിതയൊക്കെ വായിക്കുമായിരുന്നു. വള്ളത്തോൾകവിത അച്ഛൻ ചൊല്ലുന്നതു ഞാൻ കേട്ടിട്ടുണ്ട്. സന്ധ്യക്ക് എന്നും അമ്മയും വയസ്സായ അച്ഛൻപെങ്ങളുമെല്ലാം വിജയപ്രദസ്തോത്രം തുടങ്ങി എന്തൊക്കെയോ കീർത്തനങ്ങൾ ചൊല്ലുന്നത് ഞാൻ കേട്ടിട്ടുണ്ട്. സാമ്പത്തികമായി ഞെരുക്കമുണ്ടായിട്ടും എൻ്റെ വീട്ടിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് വരുത്തുന്ന തരത്തിൽ ഒരു സാംസ്ക്കാരികാവസ്ഥ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ നിന്നു വരുന്ന എന്നെപ്പോലൊരാൾക്ക് വായനക്കാരനും എഴുത്തുകാരനുമാകാൻ എന്തുകൊണ്ടും എളുപ്പമാണ്. ജോസഫിനെപ്പോലെ ദളിത് ജീവിത പശ്ചാത്തലത്തിൽ നിന്നു വന്ന ഒരാൾക്ക് 1980 - 90 കാലത്ത് തീർച്ചയായും അത് പ്രയാസമേറിയ വഴി തന്നെയായിരുന്നു. ഇതാണ് യഥാർത്ഥ പ്രിവിലേജ്. ജോസഫ് അനുഭവിച്ചിട്ടില്ലാത്ത ആ പ്രിവിലേജ് എന്നെപ്പോലുള്ളവർക്ക് ലഭിച്ചിട്ടുണ്ട്.ഈ പ്രിവിലേജ് ഭരണഘടനാ മൂല്യങ്ങൾക്ക് ഊന്നൽ നൽകി സമൂഹം മുന്നോട്ടു പോകുന്ന പക്ഷം കൊഴിഞ്ഞു വീഴുക തന്നെ ചെയ്യും, ചെയ്യണം എന്നു ഞാൻ വിചാരിക്കുന്നു. എന്നു വെച്ചാൽ സാഹിത്യത്തിൻ്റെയും കലയുടെയുമെല്ലാം ലോകത്തേക്ക് സ്വാഭാവികമായി തന്നെ എത്തിച്ചേരാൻ ജനിച്ച ജാതിയോ മറ്റെങ്കിലുമോ തടസ്സമായിക്കൂടാ. 1980 -90 കാലത്ത് മുഖ്യധാരാകവിതയുടെ വഴിയിൽ എത്താൻ ജോസഫ് അനുഭവിച്ച പോലുള്ള പ്രയാസം അതേ സാമൂഹ്യാവസ്ഥയിൽ ജനിച്ച ഒരാൾക്ക് 2025 ൽ അതേ അളവിൽ ഉണ്ട് എന്നും ഞാൻ കരുതുന്നില്ല. ഇനി അഥവാ ഉണ്ടെങ്കിൽ നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ ഇന്ന് പ്രവർത്തനക്ഷമമല്ല എന്നാണ് അർത്ഥം. അതല്ലാതെ, നമ്പൂതിരി ജാതിയിൽ ജനിച്ചതുകൊണ്ട് കവിത പ്രസിദ്ധീകരിക്കുകയോ പ്രശംസിക്കപ്പെടുകയോ അംഗീകാരം ലഭിക്കുകയോ ചെയ്തു എന്നതല്ല എനിക്കു കിട്ടിയ പ്രിവിലേജ്. ജാതി പ്രിവിലേജിൻ്റെ പേരിലാണ് എൻ്റെ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടതും വായിക്കപ്പെട്ടതും എന്ന ആരോപണം അതുകൊണ്ടുതന്നെ എൻ്റെ കവിത്വത്തെത്തന്നെ റദ്ദാക്കുന്നപോലെയാണ് എനിക്കു തോന്നിയതും. ഇതുകൊണ്ടാണ് ഗതി മാറിപ്പോയ വിമർശനമായിരുന്നു ജോസഫിൻ്റേത് എന്നു ഞാൻ മുകളിൽ എഴുതിയത്.
എൻ്റെ കവിതകളുടെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് ഞാൻ ബ്രാഹ്മണനായിത്തീരുന്നത്. അതായത് ഉപനയനമല്ല കവിതാ പ്രകാശനമാണ് എന്നെ ബ്രാഹ്മണനാക്കിയത്.കെ.ജി. ശങ്കരപ്പിള്ളയാണ് എൻ്റെ കവിതകൾ ആദ്യമായി പ്രകാശിപ്പിച്ചത്. അദ്ദേഹം പിള്ളയായതുകൊണ്ടാണ് നമ്പൂതിരി ജാതിയിൽ ജനിച്ച എൻ്റെ കവിതകൾ സമകാല കവിതയിൽ കൊടുത്തത് എന്ന് വാദിക്കുന്നവരുമുണ്ടാകാം. കാരണം ഭാഷാപോഷിണിയിൽ കവിതകൾ തുടർച്ചയായി വന്ന കാലത്ത് എൻ്റെ ജാതി ഗവേഷണം നടത്തി കണ്ടുപിടിച്ച് ഞാൻ ബ്രാഹ്മണനായതുകൊണ്ടാണ് ബ്രാഹ്മണനായ കെ. സി. നാരായണൻ എൻ്റെ കവിതകൾ പ്രസിദ്ധീകരിച്ചത് എന്ന് പലരും ആരോപിക്കുകയുണ്ടായിട്ടുണ്ട്. എൻ്റെ അമ്മാമനാണ് കെ. സി എന്നു വരെ എത്തി കഥകൾ. സത്യത്തിൽ, ഒരകന്ന കുടുംബ ബന്ധം ഉണ്ടായിട്ടും കെ. സി. യെ ഞാൻ പരിചയപ്പെടുന്നതു തന്നെ എൻ്റെ സുഹൃത്ത് എൻ പി വിജയകൃഷ്ണൻ വഴിയായിരുന്നു. കെ.സിക്ക് മാതൃഭൂമി വാരാന്തപ്പതിപ്പിൻ്റെ ചുമതലയുണ്ടായിരുന്ന കാലത്താണ് ഒരു ദിവസം വിജയകൃഷ്ണൻ എന്നെയും കൂട്ടി കോഴിക്കോട്ടെ ഓഫീസിൽ ചെന്ന് കെ. സിയെ പരിചയപ്പെടുത്തുന്നത്. അന്ന് നോട്ടുബുക്കിൽ എഴുതി വെച്ചിരുന്ന എൻ്റെ കവിതകൾ വായിച്ചതിൻ്റെ ബോധ്യത്തിലാണ് പിന്നീട് അദ്ദേഹം ഭാഷാപോഷിണിയുടെ ചുമതലയേറ്റപ്പോൾ എൻ്റെ കവിതകൾ കൊടുത്തത്. എൻ്റെ അച്ഛൻ്റെ ഒരു വൈമാതൃസഹോദരിയെ കെ സി.യുടെ ഒരു ഇളയച്ഛനാണ് വിവാഹം ചെയ്തത് എന്നതാണ് ഞങ്ങളുടെ നാമമാത്രമായ കുടുംബബന്ധം. ഭാഷാപോഷിണിയിൽ കവിതകൾ വന്നതോടെ കെ.സി. എൻ്റെ അമ്മാമനാണെന്നു വരെ കഥകളുണ്ടായി. അങ്ങനെ ആത്മാർത്ഥമായി വിശ്വസിച്ചിരുന്ന പലരേയും അക്കാലത്തും പിൽക്കാലത്തും ഞാൻ കാണുകയുണ്ടായിട്ടുണ്ട്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ അങ്ങനെ പറയുന്നവരുണ്ട്. പട്ടാമ്പിയിലുള്ള ഒരു നമ്പൂരിക്കുട്ടി എന്ന മട്ടിൽ അല്പം പരിഹാസത്തോടെ പലരും എന്നോട് സംസാരിക്കുകപോലും ചെയ്തിട്ടുണ്ട്. ഒരിക്കൽ തുഞ്ചൻപറമ്പിൽ വെച്ച് കടമ്മനിട്ട രാമകൃഷ്ണനെ പരിചയപ്പെടാനായി ചെന്നപ്പോൾ അറിയാം, പട്ടാമ്പിയിലുള്ള നമ്പൂരിക്കുട്ടിയല്ലേ എന്നു ചോദിച്ചത് എന്നെ വിഷമിപ്പിച്ച ഒരനുഭവമാണ്.ഞാൻ ഇഷ്ടപ്പെടുന്ന ഏറെ കവിതകൾ എഴുതിയ കവി എന്നെ ഒരു കവിയായോ മനുഷ്യനായോ കാണാതെ നമ്പൂരിക്കുട്ടിയായി കാണുന്നു എന്നത് പ്രയാസമുണ്ടാക്കിയിട്ടുണ്ട്. മറ്റൊരിക്കൽ എം.ഗംഗാധരനും എന്നോടു നേരിട്ട് അങ്ങനെ ചോദിച്ചിട്ടുണ്ട്.
എഴുത്തുകാർക്ക് കേരളീയ സമൂഹത്തിൽ ഉണ്ട് എന്ന് എഴുത്തുകാർ തന്നെ കരുതുന്ന ദൃശ്യതയും പ്രശസ്തിയുമാണ് ഇത്തരം വിവാദങ്ങളുടെ അടിയിലെ പ്രധാന കാരണം എന്നാണ് ഞാൻ കരുതുന്നത്. മറ്റൊരു കാരണം ഭരണഘടനാ മൂല്യങ്ങളുമായുള്ള പൊരുത്തപ്പെടായ്കയും. അസൂയാലുക്കൾക്ക് ഇന്ത്യയിൽ എന്നും എവിടെയും എടുത്തുപയോഗിക്കാവുന്ന വടിയാണ് ജാതി. വിദ്യാഭ്യാസത്തിലൂടെയും ജോലിയിലൂടെയും നല്ല നിലയിലെത്തിയ ദളിത് വിഭാഗത്തിൽ പെട്ടവരെക്കുറിച്ച് അസൂയ മൂത്ത മുന്നാക്ക ജാതിക്കാർ ജാതിവടി പ്രയോഗിക്കുന്നതു കാണാറുണ്ട്. ജാതി സംവരണം ആവശ്യമില്ല എന്ന് മുന്നാക്ക ജാതിക്കാർ പറയുന്നതിൻ്റെ അടിയിലുള്ളതും മുഴുത്ത അസൂയ തന്നെയാണ്. ഇന്ന ജാതിയിൽ പെട്ടതുകൊണ്ടാണ് അയാളങ്ങനെ എന്ന പറച്ചിൽ ഏതു ജാതിക്കാർക്കും ബാധകമാണ്.എല്ലാ ജാതിക്കാരെക്കുറിച്ചും അത്തരം ധാരാളം കഥകൾ പ്രചാരത്തിലുണ്ട്. ജാത്യാ ഉള്ളത് തൂത്താൽ പോകുമോ എന്ന ചോദ്യം തന്നെയാണ് ഇതിനടിയിൽ. പി. രാമൻ എത്ര കവിതയെഴുതിയിട്ടും ജാതിക്കെതിരെ സ്വന്തം ജീവിതം കൊണ്ട് പ്രവർത്തിച്ചിട്ടും പറഞ്ഞിട്ടും കാര്യമില്ല, അയാൾ ബ്രാഹ്മണനാണ്, ആയേ പറ്റൂ, അല്ലെങ്കിൽ ഞങ്ങൾ ആക്കും എന്ന പരിഹാസം തന്നെയാണ് എനിക്കെതിരെ ജാതിയുടെ പേരും പറഞ്ഞ് ഉണ്ടായ വിമർശനങ്ങളുടെ സാരം. അയാൾ എത്ര നല്ല നിലയിലെത്തിയിട്ടും എത്ര മികച്ച കവിതകൾ എഴുതിയിട്ടും കാര്യമില്ല, ദളിതനാണ് എന്ന പരിഹാസത്തിലെ അതേ യുക്തിതന്നെയാണ് ഇവിടെയും പ്രവർത്തിക്കുന്നത്.ഭരണഘടനയുടെയോ ജനാധിപത്യത്തിൻ്റെയോ അന്തസ്സിനു നിരക്കാത്ത, ജാത്യാ ഉള്ളത് തൂത്താൽ പോകുമോ എന്ന ചോദ്യമാണ് എൻ്റെ എഴുത്തു ജീവിത്തിലുടനീളം ബുദ്ധിജീവികളിൽ നിന്നും പല സഹകവികളിൽ നിന്നും ഞാൻ നേരിട്ടത്.
No comments:
Post a Comment