Friday, January 19, 2024

തെളിയുന്നു, മായുന്നു, തെളിയുന്നു....

 തെളിയുന്നു, മായുന്നു, തെളിയുന്നു....


പി.രാമൻ

ഞാൻ നേരിൽ പരിചയപ്പെട്ട കുറേയേറെ കവികളെങ്കിലും പെരുമാറ്റത്തിലെ ശൂരത ഒരു കവിലക്ഷണമായി കൊണ്ടുനടക്കുന്നവരാണ് എന്നു തോന്നിയിട്ടുണ്ട്. അവർ ഒരിക്കലും നമ്മോട് സൗമ്യമായി പെരുമാറില്ല. സൗമ്യമായി പെരുമാറുന്നത് കവികൾക്കു കുറച്ചിലാണ് എന്ന മട്ടിൽ  മാറിനിന്ന് തുറിച്ചു നോക്കും. എന്തോ ശത്രുതയുള്ളതുപോലെയാണ് പല കവികളും എന്നെ നോക്കാറ്. അതുകൊണ്ട് ശൂരരായി കാണപ്പെടുന്ന കവികളോട് ഒരു തരം അകൽച്ചയും ഭയവും എപ്പോഴും എനിക്കുണ്ട്. എന്നാൽ ഈ ശൂരത്വം ഒരു വെച്ചുകെട്ടായതിനാൽ അവർക്കത് സദാ കൊണ്ടു നടക്കാനാവില്ല. സൗമ്യമായി പെരുമാറുന്നവരോടേ അവരതു പുറത്തെടുക്കൂ. അധികാരസ്ഥാനങ്ങൾക്കു മുന്നിൽ ആ ശൂരത മഞ്ഞു പോലലിയും. കൂടുതൽ കടുത്ത ശൂരർക്കു മുന്നിൽ വെണ്ണപോലുരുകും. ശൂരകവികൾ വാലും ചുരുട്ടി നിൽക്കുന്നത് കാണേണ്ട കാഴ്ച്ചയാണ്. കാര്യസാദ്ധൃത്തിനുവേണ്ടി ശൂരത കളഞ്ഞ് സൗമ്യമൂർത്തികളാവാനും അവർക്കു കഴിയും. ഇത്തരം കവികളുടെ ലോകത്ത് ഒരത്ഭുതവും അപവാദവുമായിരുന്നു എനിക്കു ബിജു കാഞ്ഞങ്ങാട്.

സൗമ്യമായിരുന്നു എന്നും അവൻ്റെ പെരുമാറ്റം. അലിവായിരുന്നു അവൻ്റെ വാക്കിൽ, ചിരിയിൽ, നോട്ടത്തിൽ. രാമാ എന്നു വിളിച്ചു കൊണ്ട് അവൻ വാട്സ് ആപ്പിൽ തുടർച്ചയായി അയച്ച ശബ്ദസന്ദേശങ്ങൾ ഞാനിപ്പോഴും കേൾക്കുന്നു. രാമാ എന്നു വിളിച്ചു കൊണ്ടല്ലാതെ അവൻ സംസാരിക്കാറില്ല. ലേശം അപകർഷത തോന്നിക്കാറുള്ള നമ്മുടെ പേര് ചിലർ വിളിക്കുമ്പോൾ മാത്രം സുന്ദരമായി തോന്നാറുണ്ടല്ലോ. ബിജുവിൻ്റെ വിളി എൻ്റെ കുഴപ്പം പിടിച്ച പേരിനെ സുന്ദരമാക്കി. മഹാകവി പി.കുഞ്ഞിരാമൻ നായരെ ഓർത്തു കൊണ്ട് അവനെഴുതിയ കുഞ്ഞിരാമന് എന്ന കവിതയുടെ തുടക്കത്തിലുള്ള രാമാ എന്ന വിളി വായിക്കുമ്പോൾ ബിജു എന്നെ വിളിക്കാറുള്ളതാണ് ഓർമ്മ വരിക.അങ്ങനെ എനിക്കത് എന്നെക്കൂടി വിളിച്ചു കൊണ്ടുള്ള കവിതയായി മാറി. ഞങ്ങൾ തമ്മിൽ ഏറ്റവുമധികം സംസാരിച്ചിട്ടുള്ളതും മഹാകവി പി. യെക്കുറിച്ചു തന്നെ. ബസ്സിലും ബസ്റ്റോപ്പിലും ചായക്കടയിലും സാഹിത്യോത്സവ സദസ്സുകളിലും ആ സംസാരം നീണ്ടു.അലിവാർന്ന സൗമ്യത ഒരേ അളവിലുള്ള രണ്ടു മനുഷ്യരെ ഞാൻ ജീവിതത്തിൽ കണ്ടു. സുഹൃത്തും സഹപാഠിയും കഥാകൃത്തുമായ കെ. വി. അനൂപും ബിജുവും. 2014-ൽ അനൂപ് വിട്ടുപോയി. പിന്നീട് ബിജുവുമായി ഇടപെടുമ്പോഴൊക്കെ ഞാൻ അനൂപിനെ ഓർത്തു.

ഒരു പുതിയ കവിത എഴുതിയാൽ അത് ഉടനെ പരസ്പരം കാണിക്കാനും അഭിപ്രായങ്ങൾ തുറന്നു പറയാനുമുള്ള സൗഹൃദം എൻ്റെ തലമുറയിലെ വളരെ കുറച്ചു കവികളോടേ എനിക്കുള്ളൂ. എഴുത്തിൻ്റെ തുടക്കകാലത്ത് പലരുമായും ഉണ്ടായിരുന്ന അത്തരം ബന്ധങ്ങൾ പതുക്കെപ്പതുക്കെ മാഞ്ഞു പോയത് ജീവിതത്തിലെ വലിയൊരു നഷ്ടം തന്നെ. മരണം വരെയും ബിജു എന്നോട് അങ്ങനെയൊരു ചങ്ങാത്തം പുലർത്തി. ഏകാകികളാകാൻ വിടാതെ ഞങ്ങൾ പരസ്പരം പിന്തുടർന്നു. ഈ കവിതയിൽ ഇവിടെ വേണ്ടത് ഈ വാക്കുതന്നെയാണോ എന്ന് അന്യോന്യം ഉൽക്കണ്ഠപ്പെട്ടു. ആ നിലക്ക് കവികൾ തമ്മിൽ തമ്മിൽ കവിതകൾ പങ്കിട്ടുപോന്ന ഒരു കാവ്യസൗഹൃദകാലത്തിൻ്റെ അവസാനം കൂടിയാണ് എനിക്ക് ബിജുവിൻ്റെ മരണം.

വടക്കേ മലബാറിലേക്കുള്ള കവിതാ യാത്രകളിലെല്ലാം ഞാൻ ബിജുവിനെ സന്ധിച്ചു. അവൻ പുതുതായി പണിത വീട്ടിൽ ഒരിക്കൽ കുടുംബസമേതം പോയി താമസിച്ചു. വീടിനു പിറകിലെ പാടത്തുനിന്നു വരുന്ന കാറ്റേറ്റ് രാത്രി ഏറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. ഒരലമാര തുറന്ന് ശ്രദ്ധാപൂർവ്വം അടുക്കിവെച്ച ചിത്രകലാ പുസ്തകങ്ങളിൽ തടിച്ച ഒന്നെടുത്ത് സമകാല യൂറോപ്യൻ ചിത്രകാരന്മാരുടെ ചിത്രങ്ങൾ എൻ്റെ മകൻ ഹൃദയിനെ അടുത്തു വിളിച്ചിരുത്തി ചൂണ്ടിക്കാണിച്ചു കൊണ്ടിരുന്ന ബിജുവിനെ ഞാൻ ഓർക്കുന്നു. രാവിലെ ഞങ്ങൾക്ക് തലക്കാവേരിക്കു പോകണമായിരുന്നു. കാഞ്ഞങ്ങാടു വന്ന് ബസ്സു കയറ്റിത്തന്ന ശേഷമാണ് അവൻ മടങ്ങിയത്.

സ്വകാര്യമായ സങ്കടങ്ങളും സംഘർഷങ്ങളും അവനുണ്ടായിരുന്നു. അതുകൊണ്ടവൻ കവിതയെക്കുറിച്ചു കൂടുതൽ സംസാരിച്ചു. ഇടക്കു മുടങ്ങിപ്പോയ ചിത്രംവര വീണ്ടും തുടങ്ങാം എന്നതായിരുന്നു പുതിയ വീട് അവനു കൊടുത്ത ഒരു വാഗ്ദാനം. മുമ്പ് വാടക വീട്ടിൽ താമസിച്ചിരുന്ന കാലത്ത് ചിത്രങ്ങൾ സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ വര നിന്നുപോയതിനെക്കുറിച്ച് അവൻ ദുഃഖത്തോടെ പറയും. അതു പറയുമ്പോഴും ചുണ്ടത്തുണ്ടാകും അതേ ഇളംചിരി. വടക്കേ മലബാറിൻ്റെ സാഹിത്യ സൗഹൃദലോകത്തേക്കുള്ള എൻ്റെ പ്രവേശന കവാടമായിരുന്നു ബിജു. ബിജുവിനു ശേഷം ആ ലോകം എനിക്കേറെക്കുറെ അന്യമായി.

നേർത്ത ഒരിഴ കൊണ്ട് എഴുതിയ കവിതയാണ് ബിജുവിൻ്റേത് എന്നു തോന്നാറുണ്ട്. മുടിനാരിഴ കാറ്റിൽ എഴുതുന്നതിൻ്റെ താളത്തിലുള്ളത്. മൗനത്തിൽ നിന്നു ഭാഷയിലേക്കും ഭാഷയിൽ നിന്നു മൗനത്തിലേക്കും തെന്നി നീങ്ങുന്നത്. "ശൂന്യതയിൽ ഇടക്കിടെ പൊങ്ങുന്ന കോറിവര" എന്നു ബിജു. എന്നാൽ വായനാനുഭവത്തിൽ അത്, ശൂന്യതയിൽ ഇടക്കിടെ പൊങ്ങുന്ന, പകുതി പണിത ഒരു ബാബേലിൻ്റെ ഓർമ്മ. പീറ്റർ ബ്രുഗലിൻ്റെ ബാബേൽ ഗോപുരചിത്രം പോലെ.

മാറിയിരുന്നു നോക്കുമ്പോൾ കവിത ഇളകിയിളകിയ നടത്തം മാത്രവും ചാഞ്ഞും ചെരിഞ്ഞും വീണ കുണുങ്ങിയ നോട്ടം മാത്രവും മിണ്ടാതിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പാദസരം മാത്രവുമാണെന്ന് ബിജു ഒരു കവിതയിൽ എഴുതിയിട്ടുണ്ട്. ഒരു ചലനം, ഒരു നോട്ടം, ഒരു ശബ്ദം. ഇവ മതി എന്തും എവിടവും കവിതയാവാൻ. ഇതുകൊണ്ടാവാം പക്ഷികളെക്കുറിച്ച് ധാരാളം കവിതകളെഴുതാൻ ബിജുവിന് കഴിഞ്ഞത്. ഇതാ തെളിഞ്ഞു എന്നു തോന്നുമ്പൊഴേക്കും മാഞ്ഞു തുടങ്ങുന്ന ഒരു കവിതയാണ് ബിജുവിൻ്റെ ആദർശ കവിത എന്ന് ആ കവിതകൾ എന്നെ ഉണർത്താറുണ്ട്. തെളിയലിൽ തന്നെ മായലുള്ള കവിത. മായലിൽ തന്നെ തെളിയലുള്ള കവിത. അവൻ്റെ കവിതാ സങ്കല്പനത്തെ അവൻ്റെ ജീവിതം പകർത്തി. മിന്നി മാഞ്ഞുപോകുന്നവയെ ഒന്നു തൊടാൻ അവൻ്റെ കവിത എനിക്കു വിരലു നൽകി.

No comments:

Post a Comment