Friday, January 19, 2024

നിസ്സാര ഭാരങ്ങൾ

 നിസ്സാര  ഭാരങ്ങൾ


പി.രാമൻ


എവിടുന്നോ എങ്ങോട്ടോ പോവുകയായിരുന്നു. കെ. എസ് ആർ.ടി.സി ബസ്സിലാണ്. ബസ്സ് ഏതോ ബസ്‌സ്റ്റാൻ്റിൽ നിർത്തിയിട്ടിരിക്കുകയാണ്. ഉറക്കത്തിൽ നിന്നുണർന്ന് ഞാൻ തലയുയർത്തി നോക്കി. പുറത്ത് ഒന്നുരണ്ടു ജ്യൂസ് കടകൾ. അതിനു മുന്നിൽ നിന്ന് രണ്ടു മനുഷ്യർ തമ്മിൽ ഭയങ്കര വാക്കുതർക്കം. അങ്ങോട്ടുമിങ്ങോട്ടും കയ്യും കലാശവും കാണിച്ച് ഉറക്കെയുറക്കെ തെറി വിളിക്കുന്നു. ഒരാൾ മറ്റേയാളുടെ നേർക്കു ചായുന്നു. തിരിയുന്നു. പല്ലിളിക്കുന്നു. വീഴാനായുന്നു. ഒരുപക്ഷേ മദ്യലഹരിയിലായിരിക്കാമവർ. ഞാൻ കൗതുകത്തോടെ ബസ്സിൻ്റെ സൈഡ് സീറ്റിലിരുന്ന് അവരുടെ ചലനങ്ങൾ നിരീക്ഷിക്കുകയാണ്. 


പെട്ടെന്ന് എൻ്റെ നോട്ടത്തിനു നടുവിലേക്ക് തൊട്ടരികത്തുനിന്ന് മറ്റൊരു കൈമുദ്ര കേറി വന്നു. തൊട്ടു മുന്നിലെ സീറ്റിൽ നിന്നാണ്. ഞാൻ നോക്കുമ്പോൾ തൊട്ടു മുന്നിലെ സീറ്റിലിരിക്കുന്ന ചെറുപ്പക്കാരൻ പുറത്തേക്കു നോക്കി ആ മദ്യപർ കാണിക്കുന്ന കയ്യാംഗ്യങ്ങൾ സ്വയം മറന്ന് അതേ പടി അനുകരിക്കുകയാണ്. പുറത്ത് റോട്ടിൽ വഴക്കടിക്കുന്ന രണ്ടു പേരുടെ കൈപ്പെരുമാറ്റങ്ങൾ. അകത്ത് എൻ്റെ തൊട്ടുമുന്നിൽ അത് നോക്കി സ്വന്തം കൈയ്യിൽ ആ മുദ്രകൾ പകർത്തുന്ന മറ്റൊരാളുടെ കൈച്ചലനങ്ങളും. ഈ രണ്ടിലേക്കും മാറി മാറി നോക്കി ഞാനിരുന്നു. ഇയാൾ എന്തിനാണ് അവരുടെ കൈച്ചലനങ്ങൾ പകർത്തുന്നത്? ഒരനുകരണ കലാകാരനായിരിക്കുമോ? അതോ നടനോ? അതെന്തായാലും, പുറത്തു നിൽക്കുന്നവരുടെ വഴക്കിൻ്റെ ആവേശം മുഴുവൻ ഇപ്പോൾ എൻ്റെ തൊട്ടുമുന്നിൽ. ബസ്സ് മുരണ്ടു കൊണ്ട് മുന്നോട്ടു പോയി. മുൻ സീറ്റിലെയാൾ കൈപ്പെരുമാറ്റം നിർത്തി സ്വസ്ഥനായി. ഞാൻ വീണ്ടും മയങ്ങാൻ തുടങ്ങി. മയക്കം കയ്യാംഗ്യങ്ങളുടെ ഒരു കാടായി മാറി.


കൗമാരത്തിലെപ്പൊഴോ ഉണ്ടായ ഈ നിസ്സാരമായ അനുഭവത്തെപ്പറ്റി ഞാനിപ്പൊഴും ഇടക്കൊക്കെ ആലോചിക്കാറുണ്ട്. എന്തിനെന്നറിയില്ല. മുൻ സീറ്റിലിരുന്ന് കൈമുദ്രകൾ പകർത്തിക്കൊണ്ടിരുന്നയാൾ ഒരു കലാകാരനായിരിക്കാം. കലാകാരൻ, കവി, എങ്ങനെയാണ് ജീവിതത്തെ നിരീക്ഷിക്കുന്നത് എന്നാലോചിക്കുമ്പോഴെല്ലാം ഈ രംഗം അതിൻ്റെ നിസ്സാരതയോടെ എൻ്റെ മുന്നിൽ വീണ്ടും വീണ്ടും തെളിയാറുണ്ട്.


2


ദൂരസ്ഥലത്തു ജോലി കിട്ടി കുടുംബത്തോടെ പോകേണ്ടി വന്നപ്പോൾ ശരിക്കും ഉപേക്ഷിക്കപ്പെട്ടത് ജനിച്ചു വളർന്ന വീടും കളിച്ചു നടന്ന തൊടിയുമാണ്. അതാകെ കാടുപിടിച്ചു കിടന്നു.


അഞ്ചു കൊല്ലം അങ്ങനെ കഴിഞ്ഞ ശേഷം തിരികെ നാട്ടിലേക്കു സ്ഥലം മാറ്റമായി. കൂടും കുടുക്കയുമായി വണ്ടി പിടിച്ച് വീണ്ടും ഇങ്ങോട്ട്. വിട്ടുപോകുമ്പോൾ ചെറുതായിരുന്ന പിൻമുറ്റത്തെ പേരമരം ഇപ്പോൾ മാനം മുട്ടെ പൊങ്ങിയിരിക്കുന്നു. ഇതിലെ പേരക്കകൾ കിളികൾക്കു മാത്രമുള്ളത്.


വീടാകെ അടിച്ചു തുടച്ചു പഴയ പോലാക്കി സന്ധ്യക്ക് കുഞ്ഞു മുറിയുടെ ജനലിലൂടെ പിന്നിലെ തൊടിയിലേക്കു നോക്കിയിരിക്കെ ഒരു വരി കവിത മനസ്സിൽ തോന്നി. കയ്യിൽ കിട്ടിയ കടലാസിൽ അതിങ്ങനെ കുറിച്ചിട്ടു:


നട്ടയുടനേ കുതികുതി-

ച്ചാകാശമാർഗ്ഗം പോയ മരമേ,

പൂത്തു നീ, പൂ കായ്ച്ചു, കായ്കൾ

പഴുത്തെന്നൂഹിച്ചിടുന്നേൻ.


ഇതെഴുതിക്കഴിഞ്ഞതേയുള്ളൂ, പെട്ടെന്ന് തൊടിയിൽ നിന്ന് എന്തോ പൊട്ടിവീഴുന്ന ഭാരിച്ച ശബ്ദം കേട്ടു. ഞാൻ പേടിച്ചു പോയി. ഇറങ്ങിച്ചെന്നു നോക്കിയപ്പോൾ, താഴെ ചില്ലകളൊന്നുമില്ലാത്ത ഒരു മാവിൻ്റെ മുകളറ്റത്തെ ഒരു കൊമ്പ് ആകാശത്തു നിന്ന് പൊട്ടി വീണിരിക്കയാണ്. ഊഹിച്ചു നേരം കളയണ്ട, നീ ശരിക്കു കണ്ടോ എന്നു പറയുമ്പോലെ ആ കൊമ്പത്ത് നിറയെ മാങ്ങകൾ. അതിൻ്റെ ഭാരം കാരണമാവാം കൊമ്പ് പൊട്ടി വീണത്.


സന്ധ്യക്കെഴുതിയ ഈരടിയോടുകൂടെ ഞാൻ രണ്ടു വരി കൂടി അന്നു രാത്രി എഴുതിച്ചേർത്തു:


ഊരുതെണ്ടിത്തിരിച്ചെത്തി -

പ്പരുങ്ങുമ്പോൾ കനം തൂങ്ങി -

പ്പൊട്ടിവീഴുന്നെൻ്റെയൂഹ-

പ്പുറത്തു നിൻ പഴങ്കൊമ്പ്


ആദ്യത്തെ രണ്ടു വരി ഞാനെഴുതിയത്. രണ്ടാമത്തെ ഈരടി എന്നെക്കൊണ്ട് എഴുതിച്ചത്. നാലുവരിക്കിടയിൽ മാനത്തു നിന്ന് ഒരു ചില്ല പൊട്ടി വീഴാം എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.


3


ഞാൻ അടുത്തിടപഴകിയ അദ്ധ്യാപകരെല്ലാം പൊതുവേ വായന നന്നേ കുറഞ്ഞവർ. ഒരിക്കൽ ജോലി ചെയ്ത സ്കൂളിൽ ഒരേയൊരു വായനക്കാരനാണ് ഉണ്ടായിരുന്നത്. പഴനിയപ്പൻ മാഷ്. മാഷിന് കണ്ണിന് പുറം കാഴ്ച്ച തീരെയില്ലായിരുന്നു. മാഷുമാത്രമായിരുന്നു പുസ്തകം വായിച്ചിരുന്ന ഒരേ ഒരാൾ. മിക്കവാറും മാഷ് ഓഡിയോ ബുക്ക് വായിച്ചു കേൾക്കും. അല്ലെങ്കിൽ വിരലുകൊണ്ടു തൊട്ട് ബ്ര‌യിൽ ലിപിയിൽ വായിക്കും. ചിലപ്പോൾ വീട്ടിൽ ഭാര്യയെക്കൊണ്ടും മക്കളെക്കൊണ്ടും പുസ്തകം വായിപ്പിക്കും. ഒഴിവു സമയത്ത് സ്റ്റാഫ് റൂമിൽ ഞങ്ങളിൽ ചിലർ പുസ്തകം വായിച്ചു കൊടുക്കും.


മാഷോട് വായിച്ച പുസ്തകങ്ങളെപ്പറ്റി ഞാൻ ചോദിക്കും. ആ സംസാരം പലപ്പോഴും പുസ്തകത്തെക്കുറിച്ച്, വസ്തുക്കളെക്കുറിച്ച് ഉള്ള സംസാരമായി മാറും. ഒരു ദിവസം മാഷ് പുസ്തകത്തിന് ഒരു നിർവചനം പറഞ്ഞു: "പുസ്തകം - വിരൽത്തുമ്പിലൂടരിച്ചു കയറുന്ന വെളിച്ചം" എനിക്കു മനസ്സിലായില്ല. അതു തിരിച്ചറിഞ്ഞ് ഒരിളം ചിരിയോടെ പഴനി മാഷു പറഞ്ഞു : "വായനയിൽ ബ്രയിൽ ലിപിയോടാണ് എൻ്റെ കടപ്പാട്"


അടുത്ത ദിവസം മാഷ് മറ്റൊരു വസ്തുവിനെ ഇങ്ങനെ നിർവചിച്ചു: "വഴി വക്കിലെ പോസ്റ്റുകാല് - എൻ്റെ സഞ്ചാര സ്വാതന്ത്ര്യത്തിൻ്റെ അപഹർത്താവ്". ലോകത്തിലെ സകല വസ്തുക്കളും പുതിയ വെളിച്ചത്തിൽ പുനർനിർവചിക്കപ്പെടേണ്ടതുണ്ട് എന്ന് അപ്പോൾ എനിക്കു തോന്നി. ഇപ്പോഴും അതു തന്നെ തോന്നിക്കൊണ്ടിരിക്കുന്നു.


4


പഠിപ്പു കഴിഞ്ഞ് പത്തു കൊല്ലം പല പല പണികൾ ചെയ്തു കറങ്ങിയ കാലത്ത് ഒരിക്കൽ അക്കൊല്ലത്തെ കുരുമുളകു കൃഷിയുടെ വിളവ് നിലവാരം കണക്കാക്കുന്ന ഒരു ജോലിയുടെ ഭാഗമായി ഞാൻ വയനാട്ടിലെത്തി. ആദ്യമായാണ് വയനാട്ടിൽ പോകുന്നത്. പുൽപ്പള്ളിയിലാണ് ആദ്യം പോയത്. എൻ്റെ നല്ല കാലത്തിന് അവിടെ വെച്ച് ഒരു കൃഷിയാഫീസറെ പരിചയപ്പെടാനിടയായി. അദ്ദേഹം എന്നെ സഹായിച്ചു. തോട്ടങ്ങൾ സന്ദർശിക്കാൻ കൂടെ വന്നു. തെക്കൻ ജില്ലക്കാരനായ അദ്ദേഹം ഏതാനും വർഷമായി വയനാട്ടിലുണ്ട്. അവിടുത്തെ എൻ്റെ ജോലികൾ തീർന്നപ്പോൾ ഞാൻ ചോദിച്ചു: "എനിക്ക് കെ ജെ ബേബി മാഷിൻ്റെ കനവിൽ ഒന്നു പോകണമെന്നുണ്ട്. ഞാൻ കനവിനെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്" അപ്പോൾ സഹൃദനായ ആ കൃഷിയാഫീസർ താനും കൂടെ വരാം എന്നേറ്റു. താനും കേട്ടിട്ടുണ്ട്. ഇതുവരെ അവിടെ പോയിട്ടില്ല.


പിറ്റേന്നു രാവിലെ ഞങ്ങൾ കനവിൽ പോയി. അവിടെയെത്തുമ്പോൾ ഒരു ക്ലാസ് നടക്കുകയാണ്. ക്ലാസ് തീരും വരെ കാത്ത ശേഷം ഞങ്ങൾ ബേബി മാഷെ പരിചയപ്പെട്ടു. മാഷ് വളരെ സൗഹാർദ്ദത്തോടെ സംസാരിച്ചു. കനവിലെ പ്രവർത്തനങ്ങളെക്കുറിച്ചു പറഞ്ഞു. കുട്ടികളെ പരിചയപ്പെട്ടു. അങ്ങനെ സംസാരിച്ചിരിക്കേ കൃഷിയാഫീസർ മാഷോടു ചോദിച്ചു, ഈ കുട്ടികൾ ഇവിടുത്തെ പഠനശേഷം എന്തു ചെയ്യും? അയാൾ നിർത്തിയില്ല. "ഞാൻ എന്നെ കൊണ്ടാവും പോലെ സഹായിക്കാം. ഞങ്ങളുടെ നാട്ടിൽ വിവിധ ജോലിക്ക് പണിക്കാരെ ആവശ്യമുണ്ട്. ഉദാഹരണത്തിന് ഞങ്ങളുടെ വീട്ടിൽ പണിക്ക് ..... " ഞാൻ അവിടെയിരുന്ന് ഉരുകി. ഫ എണീറ്റു പോടാ എന്ന് മാഷെ ഞങ്ങളെ ആട്ടിയെങ്കിൽ എന്നാഗ്രഹിച്ചു. വന്നു കേറിയവർ എത്ര അധമരായാലും അതിഥികളാണ് എന്ന മര്യാദകൊണ്ടാവാം മാഷൊന്നും മിണ്ടിയില്ല. അല്ലെങ്കിൽ മനുഷ്യർക്കിടയിൽ പ്രവർത്തിക്കുന്നതിൻ്റെ വലിയ അനുഭവപാരമ്പര്യം കൊണ്ടാവാം. അപ്പോൾ മുറ്റത്തു കൂടെ പരമ്പരാഗതമായ ആഭരണങ്ങളണിഞ്ഞ ഒരു ആദിവാസി വൃദ്ധ നടന്നു പോയി. കൃഷിയാഫീസർ പെട്ടെന്ന് അവരെ കൈ കൊട്ടി വിളിച്ചു. അവർ അടുത്തു വന്നതും കഴുത്തിലെ മാലയിലേക്കു ചൂണ്ടി "ഇതാ ഈ കല്ലുവെച്ച മാല..." എന്ന് എന്തോ പറയാൻ തുടങ്ങി. ഞാൻ പെട്ടെന്നെണീറ്റു, നമുക്കു പോകാം. കൂടുതൽ തങ്ങാതെ ബേബിമാഷോടു യാത്ര പറഞ്ഞ് അവിടുന്നിറങ്ങി. മാഷിൻ്റെ മുഖത്തു നോക്കാൻ പോലും ധൈര്യമുണ്ടായില്ല. തിരിഞ്ഞു നോക്കാതെ നടന്നു.


നടവയൽ ടൗണിൽ നിന്ന് ഞാനും കൃഷിയാപ്പീസറും രണ്ടു വഴിക്കു പിരിഞ്ഞു. പിന്നീടാ മനുഷ്യനെ ഞാൻ കണ്ടിട്ടേ ഇല്ല. വഴിയിൽ വെച്ചു കണ്ടു മുട്ടി എന്നെ എൻ്റെ ജോലിയിൽ സഹായിച്ച മനുഷ്യനാണ്. അയാൾക്കുള്ള ഇടം അവിടെ ഒതുക്കേണ്ടതായിരുന്നു. ആളുകളെ അർഹത ഇല്ലാത്ത സ്ഥലത്തേക്കു നീട്ടിയെടുത്താൽ ഇതു തന്നെ അനുഭവം. 


ഞാനന്ന് മാനന്തവാടിയിലെ ഒരു ചെറിയ ലോഡ്ജുമുറിയിലാണ് രാത്രി താമസിച്ചത്. ഉറക്കം വന്നതേയില്ല.ബേബി മാഷെയും കനവിനേയും അപമാനിക്കാൻ ഞാൻ കൂട്ടുനിന്നു. മുൻപരിചയമില്ലാത്ത അയാളെ ഇങ്ങനെ കൂടെ കൂട്ടിയത് ശരിയായില്ല. രാത്രി എങ്ങനെയൊക്കെയോ കഴിച്ചു കൂട്ടി പിറ്റേന്നു രാവിലെ നടവയലിലേക്കു വീണ്ടും ബസ്സു കയറി. കനവിലെത്തിയപ്പോൾ തലേന്നപ്പോലെ തന്നെ ക്ലാസുനടക്കുകയാണ്. ഞാനവിടേക്കു കേറിച്ചെന്നു. ഞാൻ കരയുന്നുണ്ടായിരുന്നു. മാഷിൻ്റെ കാൽക്കൽ വീണ് ഞാൻ മാപ്പു ചോദിച്ചു. അയാളെ എങ്ങനെയാണ് പരിചയപ്പെട്ടത് എന്ന വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ് മാഷെന്നെ സമാധാനിപ്പിച്ചു. ഭക്ഷണം തന്ന് കുട്ടികളേയും കൂട്ടി പുഴകടന്ന് കാട്ടിലേക്കു കൂടെ വന്ന് കുറേ നേരം

സംസാരിച്ച് സ്വസ്ഥനാക്കിയ ശേഷമാണ് വൈകുന്നേരം കനവ് എന്നെ യാത്രയാക്കിയത്.


പക്ഷേ ആ കുറ്റബോധം എൻ്റെയുള്ളിൽ കനത്തു കിടന്നു. ആ കനം കൊണ്ടുതന്നെയാവാം പിന്നീട് അവിടെ എന്നല്ല എവിടെയും പോകാനും കഴിഞ്ഞില്ല. ഉൾവലിഞ്ഞ് ഇല്ലാതായ ആ കാലത്ത് ഞാൻ കവിതയെഴുതിത്തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. പിൽക്കാലത്ത് അശോകൻ മറയൂർ,സുകുമാരൻ ചാലിഗദ്ധ, സുരേഷ് എം. മാവിലൻ, മണികണ്ഠൻ അട്ടപ്പാടി തുടങ്ങിയ ഗോത്രഭാഷാ കവികളുമായി ഇടപഴകാനും അവരുടെ കവിതകളെക്കുറിച്ചു പറയാനും എഴുതാനും അവസരം ലഭിച്ചപ്പോൾ ഞാൻ കനവിനെക്കുറിച്ചോർത്തു. അവരുടെ സ്നേഹത്തിലൂടെ കനവിൻ്റെ സൗഹൃദം എന്നെ പിന്തുടരുന്നതറിഞ്ഞു.


5


തൃശൂരിൽ ബി എഡിനു പഠിക്കുന്ന കാലത്ത് കോളേജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഹോസ്റ്റലിൽ മെസ് ഉണ്ടായിരുന്നില്ല.ഹോസ്റ്റൽ കോമ്പൗണ്ടിനോടു ചേർന്ന് ഒരു ചെറിയ ഹോട്ടലുണ്ട്. അവിടെ നിന്നാണ് വിദ്യാർത്ഥികൾ മിക്കവരും രാവിലത്തെ ഭക്ഷണം കഴിക്കാറ്.


നരച്ച കൊമ്പൻമീശയും കുടവയറുമുള്ള ഒരപ്പാപ്പനും ചെറുപ്പക്കാരനും സുന്ദരനുമായ മകനും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. വയസ്സൻ്റെ ചിരി അവിടെ എപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കും. ക്യാഷ് കൗണ്ടറിലും അടുക്കളയിലുമെല്ലാമായി ഇരുവരും നിറഞ്ഞുനിൽക്കും. ഇവരെക്കൂടാതെ ജോലിക്കാർ ആരെങ്കിലും അവിടെയുണ്ടായിരുന്നുവോ, ഓർക്കുന്നില്ല..


ഒരു ദിവസം അതിരാവിലെ ഞങ്ങൾ ഉണർന്നത് ആ ഹോട്ടലുടമ മരിച്ച വാർത്ത കേട്ടാണ്. ഹോട്ടലിൽ വെച്ച് പുലർച്ചെ അറ്റാക്കാണത്രെ. ഞങ്ങളെല്ലാവരും ഉടനെ ഓടി ഹോട്ടലിലെത്തി. അകത്തേക്കു കേറുമ്പോൾ പടിയിൽ ചുമരും ചാരി കൊമ്പൻ മീശക്കാരൻ അപ്പാപ്പൻ കണ്ണീരോടെ ഇരിക്കുന്നു.


ഇപ്പോഴും മാറിയിട്ടില്ല ആ ഞെട്ടൽ. അല്ല, ആ ഞെട്ടലിൽ ഇരച്ചു പൊന്തിയ, എന്നിലെ സൂക്ഷ്മരൂപിയായ ക്രൂരത.

തെളിയുന്നു, മായുന്നു, തെളിയുന്നു....

 തെളിയുന്നു, മായുന്നു, തെളിയുന്നു....


പി.രാമൻ

ഞാൻ നേരിൽ പരിചയപ്പെട്ട കുറേയേറെ കവികളെങ്കിലും പെരുമാറ്റത്തിലെ ശൂരത ഒരു കവിലക്ഷണമായി കൊണ്ടുനടക്കുന്നവരാണ് എന്നു തോന്നിയിട്ടുണ്ട്. അവർ ഒരിക്കലും നമ്മോട് സൗമ്യമായി പെരുമാറില്ല. സൗമ്യമായി പെരുമാറുന്നത് കവികൾക്കു കുറച്ചിലാണ് എന്ന മട്ടിൽ  മാറിനിന്ന് തുറിച്ചു നോക്കും. എന്തോ ശത്രുതയുള്ളതുപോലെയാണ് പല കവികളും എന്നെ നോക്കാറ്. അതുകൊണ്ട് ശൂരരായി കാണപ്പെടുന്ന കവികളോട് ഒരു തരം അകൽച്ചയും ഭയവും എപ്പോഴും എനിക്കുണ്ട്. എന്നാൽ ഈ ശൂരത്വം ഒരു വെച്ചുകെട്ടായതിനാൽ അവർക്കത് സദാ കൊണ്ടു നടക്കാനാവില്ല. സൗമ്യമായി പെരുമാറുന്നവരോടേ അവരതു പുറത്തെടുക്കൂ. അധികാരസ്ഥാനങ്ങൾക്കു മുന്നിൽ ആ ശൂരത മഞ്ഞു പോലലിയും. കൂടുതൽ കടുത്ത ശൂരർക്കു മുന്നിൽ വെണ്ണപോലുരുകും. ശൂരകവികൾ വാലും ചുരുട്ടി നിൽക്കുന്നത് കാണേണ്ട കാഴ്ച്ചയാണ്. കാര്യസാദ്ധൃത്തിനുവേണ്ടി ശൂരത കളഞ്ഞ് സൗമ്യമൂർത്തികളാവാനും അവർക്കു കഴിയും. ഇത്തരം കവികളുടെ ലോകത്ത് ഒരത്ഭുതവും അപവാദവുമായിരുന്നു എനിക്കു ബിജു കാഞ്ഞങ്ങാട്.

സൗമ്യമായിരുന്നു എന്നും അവൻ്റെ പെരുമാറ്റം. അലിവായിരുന്നു അവൻ്റെ വാക്കിൽ, ചിരിയിൽ, നോട്ടത്തിൽ. രാമാ എന്നു വിളിച്ചു കൊണ്ട് അവൻ വാട്സ് ആപ്പിൽ തുടർച്ചയായി അയച്ച ശബ്ദസന്ദേശങ്ങൾ ഞാനിപ്പോഴും കേൾക്കുന്നു. രാമാ എന്നു വിളിച്ചു കൊണ്ടല്ലാതെ അവൻ സംസാരിക്കാറില്ല. ലേശം അപകർഷത തോന്നിക്കാറുള്ള നമ്മുടെ പേര് ചിലർ വിളിക്കുമ്പോൾ മാത്രം സുന്ദരമായി തോന്നാറുണ്ടല്ലോ. ബിജുവിൻ്റെ വിളി എൻ്റെ കുഴപ്പം പിടിച്ച പേരിനെ സുന്ദരമാക്കി. മഹാകവി പി.കുഞ്ഞിരാമൻ നായരെ ഓർത്തു കൊണ്ട് അവനെഴുതിയ കുഞ്ഞിരാമന് എന്ന കവിതയുടെ തുടക്കത്തിലുള്ള രാമാ എന്ന വിളി വായിക്കുമ്പോൾ ബിജു എന്നെ വിളിക്കാറുള്ളതാണ് ഓർമ്മ വരിക.അങ്ങനെ എനിക്കത് എന്നെക്കൂടി വിളിച്ചു കൊണ്ടുള്ള കവിതയായി മാറി. ഞങ്ങൾ തമ്മിൽ ഏറ്റവുമധികം സംസാരിച്ചിട്ടുള്ളതും മഹാകവി പി. യെക്കുറിച്ചു തന്നെ. ബസ്സിലും ബസ്റ്റോപ്പിലും ചായക്കടയിലും സാഹിത്യോത്സവ സദസ്സുകളിലും ആ സംസാരം നീണ്ടു.അലിവാർന്ന സൗമ്യത ഒരേ അളവിലുള്ള രണ്ടു മനുഷ്യരെ ഞാൻ ജീവിതത്തിൽ കണ്ടു. സുഹൃത്തും സഹപാഠിയും കഥാകൃത്തുമായ കെ. വി. അനൂപും ബിജുവും. 2014-ൽ അനൂപ് വിട്ടുപോയി. പിന്നീട് ബിജുവുമായി ഇടപെടുമ്പോഴൊക്കെ ഞാൻ അനൂപിനെ ഓർത്തു.

ഒരു പുതിയ കവിത എഴുതിയാൽ അത് ഉടനെ പരസ്പരം കാണിക്കാനും അഭിപ്രായങ്ങൾ തുറന്നു പറയാനുമുള്ള സൗഹൃദം എൻ്റെ തലമുറയിലെ വളരെ കുറച്ചു കവികളോടേ എനിക്കുള്ളൂ. എഴുത്തിൻ്റെ തുടക്കകാലത്ത് പലരുമായും ഉണ്ടായിരുന്ന അത്തരം ബന്ധങ്ങൾ പതുക്കെപ്പതുക്കെ മാഞ്ഞു പോയത് ജീവിതത്തിലെ വലിയൊരു നഷ്ടം തന്നെ. മരണം വരെയും ബിജു എന്നോട് അങ്ങനെയൊരു ചങ്ങാത്തം പുലർത്തി. ഏകാകികളാകാൻ വിടാതെ ഞങ്ങൾ പരസ്പരം പിന്തുടർന്നു. ഈ കവിതയിൽ ഇവിടെ വേണ്ടത് ഈ വാക്കുതന്നെയാണോ എന്ന് അന്യോന്യം ഉൽക്കണ്ഠപ്പെട്ടു. ആ നിലക്ക് കവികൾ തമ്മിൽ തമ്മിൽ കവിതകൾ പങ്കിട്ടുപോന്ന ഒരു കാവ്യസൗഹൃദകാലത്തിൻ്റെ അവസാനം കൂടിയാണ് എനിക്ക് ബിജുവിൻ്റെ മരണം.

വടക്കേ മലബാറിലേക്കുള്ള കവിതാ യാത്രകളിലെല്ലാം ഞാൻ ബിജുവിനെ സന്ധിച്ചു. അവൻ പുതുതായി പണിത വീട്ടിൽ ഒരിക്കൽ കുടുംബസമേതം പോയി താമസിച്ചു. വീടിനു പിറകിലെ പാടത്തുനിന്നു വരുന്ന കാറ്റേറ്റ് രാത്രി ഏറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. ഒരലമാര തുറന്ന് ശ്രദ്ധാപൂർവ്വം അടുക്കിവെച്ച ചിത്രകലാ പുസ്തകങ്ങളിൽ തടിച്ച ഒന്നെടുത്ത് സമകാല യൂറോപ്യൻ ചിത്രകാരന്മാരുടെ ചിത്രങ്ങൾ എൻ്റെ മകൻ ഹൃദയിനെ അടുത്തു വിളിച്ചിരുത്തി ചൂണ്ടിക്കാണിച്ചു കൊണ്ടിരുന്ന ബിജുവിനെ ഞാൻ ഓർക്കുന്നു. രാവിലെ ഞങ്ങൾക്ക് തലക്കാവേരിക്കു പോകണമായിരുന്നു. കാഞ്ഞങ്ങാടു വന്ന് ബസ്സു കയറ്റിത്തന്ന ശേഷമാണ് അവൻ മടങ്ങിയത്.

സ്വകാര്യമായ സങ്കടങ്ങളും സംഘർഷങ്ങളും അവനുണ്ടായിരുന്നു. അതുകൊണ്ടവൻ കവിതയെക്കുറിച്ചു കൂടുതൽ സംസാരിച്ചു. ഇടക്കു മുടങ്ങിപ്പോയ ചിത്രംവര വീണ്ടും തുടങ്ങാം എന്നതായിരുന്നു പുതിയ വീട് അവനു കൊടുത്ത ഒരു വാഗ്ദാനം. മുമ്പ് വാടക വീട്ടിൽ താമസിച്ചിരുന്ന കാലത്ത് ചിത്രങ്ങൾ സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ വര നിന്നുപോയതിനെക്കുറിച്ച് അവൻ ദുഃഖത്തോടെ പറയും. അതു പറയുമ്പോഴും ചുണ്ടത്തുണ്ടാകും അതേ ഇളംചിരി. വടക്കേ മലബാറിൻ്റെ സാഹിത്യ സൗഹൃദലോകത്തേക്കുള്ള എൻ്റെ പ്രവേശന കവാടമായിരുന്നു ബിജു. ബിജുവിനു ശേഷം ആ ലോകം എനിക്കേറെക്കുറെ അന്യമായി.

നേർത്ത ഒരിഴ കൊണ്ട് എഴുതിയ കവിതയാണ് ബിജുവിൻ്റേത് എന്നു തോന്നാറുണ്ട്. മുടിനാരിഴ കാറ്റിൽ എഴുതുന്നതിൻ്റെ താളത്തിലുള്ളത്. മൗനത്തിൽ നിന്നു ഭാഷയിലേക്കും ഭാഷയിൽ നിന്നു മൗനത്തിലേക്കും തെന്നി നീങ്ങുന്നത്. "ശൂന്യതയിൽ ഇടക്കിടെ പൊങ്ങുന്ന കോറിവര" എന്നു ബിജു. എന്നാൽ വായനാനുഭവത്തിൽ അത്, ശൂന്യതയിൽ ഇടക്കിടെ പൊങ്ങുന്ന, പകുതി പണിത ഒരു ബാബേലിൻ്റെ ഓർമ്മ. പീറ്റർ ബ്രുഗലിൻ്റെ ബാബേൽ ഗോപുരചിത്രം പോലെ.

മാറിയിരുന്നു നോക്കുമ്പോൾ കവിത ഇളകിയിളകിയ നടത്തം മാത്രവും ചാഞ്ഞും ചെരിഞ്ഞും വീണ കുണുങ്ങിയ നോട്ടം മാത്രവും മിണ്ടാതിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പാദസരം മാത്രവുമാണെന്ന് ബിജു ഒരു കവിതയിൽ എഴുതിയിട്ടുണ്ട്. ഒരു ചലനം, ഒരു നോട്ടം, ഒരു ശബ്ദം. ഇവ മതി എന്തും എവിടവും കവിതയാവാൻ. ഇതുകൊണ്ടാവാം പക്ഷികളെക്കുറിച്ച് ധാരാളം കവിതകളെഴുതാൻ ബിജുവിന് കഴിഞ്ഞത്. ഇതാ തെളിഞ്ഞു എന്നു തോന്നുമ്പൊഴേക്കും മാഞ്ഞു തുടങ്ങുന്ന ഒരു കവിതയാണ് ബിജുവിൻ്റെ ആദർശ കവിത എന്ന് ആ കവിതകൾ എന്നെ ഉണർത്താറുണ്ട്. തെളിയലിൽ തന്നെ മായലുള്ള കവിത. മായലിൽ തന്നെ തെളിയലുള്ള കവിത. അവൻ്റെ കവിതാ സങ്കല്പനത്തെ അവൻ്റെ ജീവിതം പകർത്തി. മിന്നി മാഞ്ഞുപോകുന്നവയെ ഒന്നു തൊടാൻ അവൻ്റെ കവിത എനിക്കു വിരലു നൽകി.

Friday, January 5, 2024

മുഖച്ചാട്ടം

 മുഖച്ചാട്ടം

(പട്ടാമ്പി ഗവ. ഓറിയന്റൽ ഹയർസെക്കന്ററി സ്കൂളിലെ സഹപ്രവർത്തകർക്ക്)


താഴെയൊരു താന്നിമരമുണ്ട്
വേരുകൾക്കിടയിലെപ്പൊത്തിലൂടതിനുള്ളി -
ലേറി മേൽപ്പോട്ടു നോക്കുമ്പോൾ
മുകളറ്റത്തോളവും പൊള്ള.
കിളികൾ കൂടും വെച്ചിരുന്ന പൊത്തിൻ തുളകൾ
വഴി വന്നു വീഴുന്ന വെയ്ലിൻ
പുക പാറിടും കീറുകൾ തട്ടി മിന്നുന്നു
ഗുഹപോൽ മരത്തടിയ്ക്കുള്ളം
ലോകം വിരിവതിൻ മുമ്പത്തെ മുട്ടകൾ
നീന്തുന്നിതാ വെളിച്ചത്തിൽ

മേലെയൊരു നീർച്ചാട്ടമുണ്ട്
മലകേറി വമ്പൻ കിതപ്പുകൾ കേറി നാ-
മതിനടിയിലെത്തി നിൽക്കുന്നു.
ഉയരത്തിലേക്കുറ്റു നോക്കെച്ചലിക്കുന്ന
ജലസൗധമൊന്നിന്നു താഴെ
ചെറിയോരൊതുക്കുകല്ലിൽ പറ്റി നിൽക്കുന്നു
ജലസസ്യമെന്നപോൽ നമ്മൾ

കൈഫോണിലൊരു മുഖച്ചാട്ടം.
പൊള്ള മരത്തിന്റെ പൊത്തിൽ നിന്നും ഞെങ്ങി
നാം പുറത്തെത്തും പടങ്ങൾ...
മേലെ നിന്നും പോന്ന നീർച്ചാട്ടമാപ്പൊത്തി -
ലൂടെ വെളിപ്പെടും പോലെ ...




Tuesday, January 2, 2024

ലിബർട്ടി സ്ട്രീറ്റ്, പട്ടാമ്പി

 ലിബർട്ടി സ്ട്രീറ്റ്, പട്ടാമ്പി


ആയിരം മടക്കുള്ള
ബ്യൂഗിൾ
ഈ ഇടവഴി

ഒരറ്റത്തു നിന്ന്
അവസാന വഴിനടക്കാരൻ
ഊതുമ്പോൾ
മറ്റേയറ്റത്തു നിന്ന്
ആദ്യ വഴിനടക്കാരൻ
പുറമേക്കു വഴിയുന്നു
സ്വരധാരയായ്