Thursday, June 23, 2022

എന്റെ വീട്

 എന്റെ വീട്


ഓട്ടോറിക്ഷാ സീറ്റിലുണ്ടൊരു

ചോറ്റുപാത്രമിരിക്കുന്നു.

ഏതോ കുട്ടി മറന്നത്, ഡ്രൈവറ -

താലോചിച്ചു കുഴങ്ങുന്നു.

നാലു മണിക്കുള്ളുസ്കൂൾട്രിപ്പിൽ

നാലു കുട്ടിക,ളവരിലൊരാൾ

മറന്നതാവാം, അവരുടെ വീടുകൾ

നാം പോകുന്നീ വഴി തന്നെ.


തിരക്കെനിക്കുണ്ടെന്നാലും ഞാൻ

മറുത്തു മിണ്ടിയതില്ലൊന്നും.

ഇന്നേ വീട്ടിലതേൽപ്പിച്ചാലാ -

ക്കുഞ്ഞിനു നാളെച്ചോറാക്കാം.

ഒരു വീടിൻ മണി മുട്ടീ ഡ്രൈവർ

പാത്രമുയർത്തിക്കാണിച്ചു.

ആക്കുട്ടിയുടേതല്ലത്, മറ്റൊരു

വീട്ടിൻ മുന്നിൽ കാണിച്ചു.

അവരുടെയല്ലത്,മൂന്നാം വീടൊരു

കടയൊടു ചേർന്ന്, കടക്കാരൻ

മകളെ വിളിക്കേ, യവൾ തൻ പാത്രം

മറുപടിയായിയുയർത്തുന്നു.

ഇനിയൊരു വീടും കൂടി ..... ഡ്രൈവർ

ചിരിയൊടു വണ്ടിയിരമ്പിച്ചു.

"ഒന്നീ വഴിയേ തിരിഞ്ഞു പോയാൽ

എൻ വീടായീ, സോറീ സാർ"


വീട്ടിൻ മുന്നിൽ നിർത്തീ വണ്ടി,

ചാടിയിറങ്ങീ പാത്രവുമായ്

ഉറക്കെ "യുമ്മൂ" പേരു വിളിക്കേ

തുറന്നു വാതിൽ, കളിയോടേ

പെൺകുഞ്ഞൊരുവൾ നില്പൂ മുന്നിൽ

മറന്ന പാത്രം വാങ്ങിക്കാൻ.


"ഈപ്പിള്ളേരുടെ കാര്യം ... " ധൃതിയിൽ

ഡ്രൈവർ വണ്ടിയിരമ്പിച്ചു.

No comments:

Post a Comment