പിൻവെളിച്ചം
അറിയാത്ത നാടുകളിലൂടെ
അതിവേഗ ബസ്സിൽ പാഞ്ഞു പോകുമ്പോൾ
ഒന്നു നിർത്തൂ .... ഇവിടെ ഇറങ്ങണമെനിക്ക്
എന്നു വിളിച്ചു നിർത്തിയിറങ്ങാൻ തോന്നുന്ന
ഒരേ ഒരിടം:
മാമരപ്പച്ച പൊതിഞ്ഞ നീണ്ട നാട്ടിടവഴി
അതിന്റെ അങ്ങേയറ്റത്ത്
ഇടവഴിയിലേക്ക്
അലച്ചു വന്നുവീണുകൊണ്ടിരിക്കുന്ന
പിൻവെളിച്ചം.
അത് കോരിയൊഴിക്കുന്നത്
ഇവിടുന്നു നോക്കിയാൽ കാണാത്ത
ഒരു വെളിമ്പുറമാണ്.
വെളിച്ചത്തിൽ നിന്നു മാത്രമറിയാം അതിനെ.
ഒറ്റപ്പാച്ചിലിൽ
കുറുകെക്കടന്നു പോകുന്നവർക്കു പോലും
ഇടവഴിയുടെ ഇങ്ങേയറ്റത്തെ വരെ
പതിനായിരം ഉരുളങ്കൽ മിനുപ്പും
ഓരോന്നോരോന്നായി
കൊളുത്തിക്കാണിച്ചു തരുന്ന
ആ പിൻവെളിച്ചത്തിലേക്കല്ലാതെ
എനിക്കെങ്ങും പോകാനില്ല.
No comments:
Post a Comment