Friday, June 24, 2022

കണ്ണ്

 കണ്ണ്



പഴയ കാലം

എങ്ങനെയെങ്കിലും തിരിച്ചു കൊണ്ടു തരണേ

എന്നു കൂപ്പി പ്രാർത്ഥിച്ചു കൊണ്ടിരുന്നു

ഇരു പഴയ കൈ. 

പ്രാർത്ഥനയിൽ നിന്നുണർന്നു നിവർന്നപ്പോൾ

ചുറ്റിലുമെല്ലാരും 

പനിച്ചു മയങ്ങിക്കിടക്കുന്നു.

സമയമായി എന്നുറപ്പിച്ച കൈ

അടുക്കളപ്പാത്രങ്ങളിൽ നിന്നു

കടുകും മുളകും എടുത്തു പിടിച്ച്

ജപിച്ച്

പനിച്ചു കിടക്കുന്നവരെ അടിമുടിയുഴിഞ്ഞ്

അടുപ്പിലിട്ടതു പുകച്ചു.

പഴയ കാലത്തിന്റെ മടങ്ങിവരവു 

വീണ്ടും വീണ്ടും മണത്ത്

ഒച്ചവെച്ചു:

"ഞാനന്നേ പറഞ്ഞതല്ലേ

ഇതൊന്നും ചെയ്യാഞ്ഞിട്ടല്ലേ

വില വയ്ക്കാഞ്ഞിട്ടല്ലേ

ഇപ്പോൾ കണ്ടോ,

കടുകും മുളകും പുകച്ചിട്ട്

ഒരു മണവും വരുന്നില്ല"

കൊടുമുടിയിൽ

 കൊടുമുടിയിൽ



വിരൽത്തുമ്പുകളിലാണു

ചൊറിച്ചിൽ

ലിംഗാഗ്രത്തിൽ

മുലക്കണ്ണുകളിൽ

ഇലത്തുമ്പുകളിൽ

പൂമൊട്ടുകളിൽ

കൊടുമുടിക്കൂർപ്പുകളിൽ .....


മറ്റൊന്നും ചെയ്യാനില്ല.

ഓടിക്കേറി,

പത്താം നിലയിലെ ഫ്ലാറ്റിൽ നിന്ന്

താഴേക്കെടുത്തു ചാടുകയല്ലാതെ.

പിൻവെളിച്ചം

 പിൻവെളിച്ചം



അറിയാത്ത നാടുകളിലൂടെ

അതിവേഗ ബസ്സിൽ പാഞ്ഞു പോകുമ്പോൾ

ഒന്നു നിർത്തൂ .... ഇവിടെ ഇറങ്ങണമെനിക്ക്

എന്നു വിളിച്ചു നിർത്തിയിറങ്ങാൻ തോന്നുന്ന

ഒരേ ഒരിടം:


മാമരപ്പച്ച പൊതിഞ്ഞ നീണ്ട നാട്ടിടവഴി

അതിന്റെ അങ്ങേയറ്റത്ത്

ഇടവഴിയിലേക്ക്

അലച്ചു വന്നുവീണുകൊണ്ടിരിക്കുന്ന

പിൻവെളിച്ചം.

അത് കോരിയൊഴിക്കുന്നത്

ഇവിടുന്നു നോക്കിയാൽ കാണാത്ത

ഒരു വെളിമ്പുറമാണ്.

വെളിച്ചത്തിൽ നിന്നു മാത്രമറിയാം അതിനെ.


ഒറ്റപ്പാച്ചിലിൽ

കുറുകെക്കടന്നു പോകുന്നവർക്കു പോലും

ഇടവഴിയുടെ ഇങ്ങേയറ്റത്തെ വരെ

പതിനായിരം ഉരുളങ്കൽ മിനുപ്പും

ഓരോന്നോരോന്നായി

കൊളുത്തിക്കാണിച്ചു തരുന്ന

ആ പിൻവെളിച്ചത്തിലേക്കല്ലാതെ

എനിക്കെങ്ങും പോകാനില്ല.

Thursday, June 23, 2022

പുതുമധുരം

പുതുമധുരം



ഇന്നവൾ വാങ്ങിച്ചു വന്നു,


ഒരു ലിറ്റർ ഡീസൽ, ഒരു നിപ്പിൾ


ഡീസൽ അവൾക്കും മോൾക്കും


പാഡ് കൂട്ടിയിട്ടു കത്തിക്കാൻ.


നിപ്പിൾ എനിക്ക്


വായിൽ തിരുകാൻ


മുണ്ടിന്റെ കോന്തല ചവക്കാൻ മുട്ടുമ്പോൾ.


കുറേ നാളായി അവളതു പറയുന്നു.


ഇന്നു വാങ്ങിച്ചു വന്നു.


അതൊരു പുതുമ തന്നെ -


നിപ്പിൾ ചവച്ച് ആലോചനയിൽ മുഴുകുക!

വിജാഗിരിവിടവ്

 വിജാഗിരിവിടവ്


ജനൽച്ചട്ടത്തിനും

വാതിലിനുമിടയിലുള്ള

വിജാഗിരിവിടവിനോട്

ഗൗളികൾക്കെന്തിത്ര പ്രിയം?

ഒരെണ്ണം എപ്പോഴും കാണുമവിടെ

കളിയാടിക്കൊണ്ടോ ചതഞ്ഞുണങ്ങിയോ.


ഇതെന്റെ വിജാഗിരിവിടവ് 

എന്റെ വീട്

 എന്റെ വീട്


ഓട്ടോറിക്ഷാ സീറ്റിലുണ്ടൊരു

ചോറ്റുപാത്രമിരിക്കുന്നു.

ഏതോ കുട്ടി മറന്നത്, ഡ്രൈവറ -

താലോചിച്ചു കുഴങ്ങുന്നു.

നാലു മണിക്കുള്ളുസ്കൂൾട്രിപ്പിൽ

നാലു കുട്ടിക,ളവരിലൊരാൾ

മറന്നതാവാം, അവരുടെ വീടുകൾ

നാം പോകുന്നീ വഴി തന്നെ.


തിരക്കെനിക്കുണ്ടെന്നാലും ഞാൻ

മറുത്തു മിണ്ടിയതില്ലൊന്നും.

ഇന്നേ വീട്ടിലതേൽപ്പിച്ചാലാ -

ക്കുഞ്ഞിനു നാളെച്ചോറാക്കാം.

ഒരു വീടിൻ മണി മുട്ടീ ഡ്രൈവർ

പാത്രമുയർത്തിക്കാണിച്ചു.

ആക്കുട്ടിയുടേതല്ലത്, മറ്റൊരു

വീട്ടിൻ മുന്നിൽ കാണിച്ചു.

അവരുടെയല്ലത്,മൂന്നാം വീടൊരു

കടയൊടു ചേർന്ന്, കടക്കാരൻ

മകളെ വിളിക്കേ, യവൾ തൻ പാത്രം

മറുപടിയായിയുയർത്തുന്നു.

ഇനിയൊരു വീടും കൂടി ..... ഡ്രൈവർ

ചിരിയൊടു വണ്ടിയിരമ്പിച്ചു.

"ഒന്നീ വഴിയേ തിരിഞ്ഞു പോയാൽ

എൻ വീടായീ, സോറീ സാർ"


വീട്ടിൻ മുന്നിൽ നിർത്തീ വണ്ടി,

ചാടിയിറങ്ങീ പാത്രവുമായ്

ഉറക്കെ "യുമ്മൂ" പേരു വിളിക്കേ

തുറന്നു വാതിൽ, കളിയോടേ

പെൺകുഞ്ഞൊരുവൾ നില്പൂ മുന്നിൽ

മറന്ന പാത്രം വാങ്ങിക്കാൻ.


"ഈപ്പിള്ളേരുടെ കാര്യം ... " ധൃതിയിൽ

ഡ്രൈവർ വണ്ടിയിരമ്പിച്ചു.

Sunday, June 19, 2022

മൂന്നു പുതുകവികൾ

 *മൂന്നു പുതുകവികൾ



കൂടുതൽ കൂടുതൽ

ഏകാകികളാകും

പ്രതിഭകൾ

നാളെ


ആകയാൽ,


തമ്മിൽ കവിതകൾ

വായിച്ചു കേൾക്കുന്ന

നിങ്ങളെക്കണ്ടെന്റെ

കണ്ണു നിറയുന്നു.


*ആദിൽ മഠത്തിൽ, കാർത്തിക്. കെ, അഭിരാം എസ് എന്നീ പുതുകവികൾക്ക്