Tuesday, September 29, 2020

പി.കുഞ്ഞിരാമൻ നായർക്കവിത, ഓരോരോ കാലങ്ങളിൽ (ലേഖനം)


വായനാരീതിയെ അടിസ്ഥാനമാക്കി, നമുക്കു പ്രിയപ്പെട്ട സാഹിത്യകൃതികളെ രണ്ടായിത്തിരിക്കാം എന്നു തോന്നാറുണ്ട്.നാമാദ്യം വായിച്ച കാലത്തിലേക്കോ കൃതി എഴുതപ്പെട്ട കാലത്തിലേക്കോ തിരിച്ചുപോയി വായിക്കേണ്ടവയാണ് പലതും. രാമചരിതമോ വൈശിക തന്ത്രമോ അതെഴുതിയ കാലത്തേക്കു മനസ്സുകൊണ്ടു പോയിത്തന്നെ വായിക്കണം. ബാല്യത്തിൽ വായിച്ച് മനസ്സിലിടം പിടിച്ച പല അപസർപ്പക നോവലുകളും ആദ്യ വായനയുടെ ഓർമ്മയിലേക്കു തിരിച്ചുപോയി വായിക്കണം.എന്നാൽ ചില കൃതികൾ നമ്മൾ വളരുന്നതനുസരിച്ച് ഉള്ളിൽ കിടന്നു വളരുന്നവയായുണ്ട്. ക്ലാസിക് എന്ന പദത്തിനു പറഞ്ഞു വെച്ചിട്ടുള്ള നിർവചനമെന്തായാലും ശരി, ഒരു കൃതി ക്ലാസിക് ആണോ അല്ലയോ എന്നു തീരുമാനിക്കുന്നതിൻ്റെ മുഖ്യ മാനദണ്ഡം എന്നെ സംബന്ധിച്ചിടത്തോളം ഇതാണ്. ഈ നിലയിൽ ഒരു ക്ലാസിക് ആയി പി.കുഞ്ഞിരാമൻനായർക്കവിത എൻ്റെ കൂടെ ജീവിക്കുന്നതിനെപ്പറ്റിയാണ് ഈ കുറിപ്പ്.

കുഞ്ഞുന്നാളിൽ പി.ക്കവിത സമ്മാനിച്ച ഒരനുഭൂതി ഇപ്പോഴും നന്ദിപൂർവം ഓർക്കുന്നു. നാലിലോ അഞ്ചിലോ പഠിച്ച പതിറ്റടിപ്പൂവിനോട് എന്ന കവിതയിലെ ആദ്യ വരികൾ സമ്മാനിച്ചതാണാ അനുഭൂതി. മിക്കവാറും ചിതൽപ്പുറ്റായിത്തീർന്നിരുന്ന ഞങ്ങളുടെ വലിയ മൺവീടിനു ചുറ്റും വെള്ളപ്പതിറ്റടിപ്പൂക്കളുടെ കാടു തന്നെയുണ്ടായിരുന്നു. ഞങ്ങൾ കുട്ടികൾ അതിനെ നാലുമണിപ്പൂവ് എന്നാണു വിളിച്ചിരുന്നത്. പണ്ട് ധാരാളം പ്രചരിച്ചിരുന്ന പതിറ്റടി എന്ന വാക്ക് അക്കാലമായപ്പോഴേക്കും അപരിചിതമായിത്തീർന്നിരുന്നു.എന്നിട്ടും പീക്കവിതയിലെ പതിറ്റടിപ്പൂവ് ഞങ്ങളുടെ നാലുമണിപ്പൂവാണെന്ന് എനിക്കു മനസ്സിലായി.
പകലൊക്കെ കിടന്നുറങ്ങി അന്തിക്കു വിരിയുന്ന വെളുത്ത പൂവിനോട് (ഇപ്പോൾ പല നിറങ്ങളിൽ ഈ പൂവു കാണുന്നുണ്ട്), പകൽ നാലു മണി വരെ ഇങ്ങനെ കിടന്നുറങ്ങാൻ നിനക്കു നാണമില്ലേ, വല്ലതും കഴിക്കേണ്ടേ, ദാഹമില്ലേ, ജലപാനം വേണ്ടേ എന്നെല്ലാം ചോദിക്കുന്ന ആ വരികൾ എന്തെന്നറിയാത്തൊരു സങ്കടവും സന്തോഷവും ഒരേ സമയം ഉള്ളിലുണ്ടാക്കിയത് ഇപ്പോഴുമോർക്കുന്നു. ഒരു കാട്ടുപൂവിനോട് സംസാരിക്കുക എന്നത് അന്നെനിക്ക് വലിയൊരു സാധ്യതയായിരുന്നു. ഒരു കുഞ്ഞിൻ്റെ നിഷ്കളങ്കതയുള്ള കവിക്കേ ഇങ്ങനെ എഴുതാൻ കഴിയൂ എന്ന് ഇന്നു മനസ്സിലാക്കുന്നു. പിക്കവിതയിലെ കുട്ടിത്തം അന്നുതൊട്ടിന്നോളം എന്നെ വശീകരിക്കുന്നു. The child is father of the man എന്ന വില്യം വേഡ്സ് വർത്തിൻ്റെ വരികൾക്ക് വേഡ്സ് വർത്തിൻ്റെ കവിതയേക്കാൾ ഇണങ്ങുന്നതാണ് കുഞ്ഞിരാമൻ നായർക്കവിത എന്നു തിരിച്ചറിയുന്നു. കവിത്വത്തോടൊപ്പം കുട്ടിത്തവും പൊട്ടത്തവും കൂടി ചേർന്നതാണാ മനസ്സിൻ്റെ കൂട്ട്. പ്രകൃതിയിൽ ആനന്ദക്കുട്ടനായി അലയുന്നു, കവി.

(മുപ്പതിതളുള്ള ചിങ്ങമാസത്തിൻ്റെ -
യത്ഭുത സൗരഭച്ചെന്താരിൽ
വാനത്തു പാടി നടക്കുന്ന ദേവകൾ
ആനന്ദക്കുട്ടനെ കണ്ടെത്തി.)

പൂരത്തിനു പോയിട്ട് വഴി തെറ്റി ആദ്യം ഭൗതിക ലഹരികളിലും പിന്നീട് ദു:ഖങ്ങളിലും ദുരിതങ്ങളിലും പെട്ടുഴലുന്ന കുട്ടി, അച്ഛനമ്മമാരോടു പിണങ്ങിയിറങ്ങി അലഞ്ഞ ശേഷം തിരിച്ചു ചെന്നു കാൽക്കൽ വീണു മാപ്പു പറയാൻ ആലോചിക്കുന്ന കുട്ടി, ഗുരുവിൻ്റെ നേർക്ക് തെറിവാക്കു തുപ്പി ഇറങ്ങിപ്പോകുന്ന ശിഷ്യൻ - ഇങ്ങനെ കുഞ്ഞിൻ്റെ ഭാവത്തിലാണ് കവി ലോകത്തോട് ഇടയുന്നതും ഇണയുന്നതുമെല്ലാം.പാപബോധവും പറുദീസാ നഷ്ടവുമായി ബന്ധപ്പെടുത്തിയുള്ള വായനകളേക്കാൾ പി.ക്കവിതയെ സംബന്ധിച്ചിടത്തോളം എനിക്കു സ്വീകാര്യം പ്രകൃതിയുടെയുൾപ്പെടെ ഉത്സവത്തിമിർപ്പുകളിൽ മുഴുകുകയും വഴി തെറ്റിയലയുകയും ഉത്തരവാദിത്തം മറന്ന് അച്ഛനോടും അമ്മയോടും ഗുരുവിനോടും പിണങ്ങി നരകത്തിലേക്കിറങ്ങുകയും കുറ്റബോധം കൊണ്ടു വലയുകയും ചെയ്യുന്ന ആ ബാലഭാവം ഉൾക്കൊണ്ടുള്ള വായനയാണ്. വഴിപിഴച്ച ഒരു കുട്ടി ഏതു പ്രായത്തിലും വായനക്കാരുടെയുള്ളിലിരുന്ന് പീക്കവിത വായിക്കുന്നുണ്ട്. മുഴുവൻ കവിതകളിലും ഈ കുട്ടി ഉള്ളതുകൊണ്ടാവണം തൻ്റെ സമകാലീനരായ മറ്റു പല കവികളേയും പോലെ പി കുട്ടിക്കവിതകൾ എന്നു പ്രത്യേകം ലേബൽ പതിച്ച കവിതകളെഴുതാത്തത്.

2.

കൗമാരത്തിൽ എന്നെ കള്ളനാക്കിയത് പി.ക്കവിതയാണ്. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ പട്ടാമ്പി കോളേജ് ലൈബ്രറിയിൽ നിന്നെടുത്ത രഥോത്സവത്തിലെ കവിതകൾ ആദ്യമായി വായിച്ച് ആവേശം കയറി പുസ്തകം തിരിച്ചു കൊടുക്കാൻ സമയമായപ്പോൾ എറ്റവും ഇഷ്ടപ്പെട്ട നാലഞ്ചു കവിതകൾ കീറിയെടുത്ത് ഒന്നുമറിയാത്ത മട്ടിൽ പുസ്തകം തിരിച്ചേൽപ്പിച്ചതും ലൈബ്രറിയിലെ അറ്റൻ്റർ അതു കൃത്യമായി പിടികൂടിയതും പിഴയടച്ച് രക്ഷപ്പെട്ടതും അക്കാലത്തെ ഒരോർമ്മയാണ്. (പകർപ്പെഴുത്തുകാലം കഴിയുകയും ചെയ്തു, ഫോട്ടോസ്റ്റാറ്റുകാലം വന്നിട്ടുമില്ല എന്നതായിരുന്നു അക്കാലത്തിൻ്റെ നില)

പഴയ പതിറ്റടിപ്പൂവിനേക്കാൾ, പൂവിനോടു സംസാരിക്കുന്ന ബാലഭാവത്തേക്കാൾ ഇത്തവണ എന്നെ ആകർഷിച്ചത് പി. കവിതയിലുടനീളമുള്ള മായികതയാണ് - മായിക ബിംബങ്ങൾ, മായിക സൗന്ദര്യം. ഞാനും കൂടി കണ്ട ലോകത്തെ പി.മറ്റൊന്നാക്കി മാറ്റുന്നു. കൊയ്തു കുറ്റിയായ പാടവും പാടത്തു മേയുന്ന പൈക്കളും പതിവു കാഴ്ചയാണ്. എന്നാൽ, "കൊയ്ത്തുകാലക്കറവു കഴിയവേ
വിട്ട പൂവാലിപ്പയ്യായ പാടം" (പുള്ളുവപ്പെൺകൊടി) എനിക്കു പുതുതായിരുന്നു. മായികവുമായിരുന്നു. മുക്കുറ്റിപ്പൂവ് പരിചിതം, യഥാർത്ഥം. കൊച്ചു മുക്കുറ്റിയേന്തിയ താലത്തിൽ കെട്ടടങ്ങാതെ കത്തുന്ന പുലരികൾ അപരിചിതം, മായികം. അമ്പലപ്പറമ്പും കുളവും പരിചിതയാഥാർത്ഥ്യം, എന്നാൽ അമ്പലപ്പറമ്പ് ഉണർന്നിട്ട കോട്ടുവാ പോലെക്കാണുന്ന അമ്പലക്കുളം അപരിചിതവും മായികവും.കോട്ടുവായയും കതകും വേനലും എട്ടുകാലിയും യഥാതഥം, കോട്ടുവായക്കതകിന്മേൽ കുടിപാർക്കുന്ന കൊടുംവേനലെട്ടുകാലി അപരിചിതവും മായികവും. കഥകളി ഗായകനും അയാളുടെ ചേങ്ങലയും രാത്രിയിലെ ഭൂദൃശ്യവും പരിചിതം, അവ ചേർന്ന്  "പാട്ടു കഴിഞ്ഞൊരു ഗായകൻ വെച്ചതാം ചേങ്ങല പോലെ മയങ്ങുന്നു ഭൂതലം'' (കളിയച്ഛൻ) എന്നായിത്തീരുമ്പോൾ ആ പരിചിതയാഥാർത്ഥ്യം തകിടം മറിയുന്നു.ഇങ്ങനെ യാഥാർത്ഥ്യത്തെക്കവിഞ്ഞ്  അപരിചിതമോ മായികമോ ആയ ബിംബങ്ങൾ അപരിചിതത്വത്തിലേക്കും മായികതയിലേക്കും മനസ്സൂന്നുന്ന കൗമാരത്തെ വശീകരിക്കുക സ്വാഭാവികം. ബിംബങ്ങളിൽ മാത്രമല്ല ആ കവിതകളിലുടനീളമുണ്ട് മായികഭാവം. ചിലപ്പോൾ ഒരു വാക്കു മതിയാകും യാഥാർത്ഥ്യത്തെ മായികമാക്കാൻ. കാട്ടുവാകപ്പൂ ഉതിർന്നു കിടക്കുന്ന വഴിവക്ക് എന്നല്ല പി. എഴുതുക, കാട്ടുവാകപ്പൂ മയങ്ങിക്കിടക്കും വഴിവക്ക് എന്നാണ്. ഈ മായികത പുറം പ്രകൃതിയുടെ മാത്രമല്ല, ഉൾപ്രകൃതിയുടേതും കൂടിയാണ്.  ഒറ്റ രാവിൽ വിത്തുകളെല്ലാം പൂമരങ്ങളാകുമ്പോൾ സംഭവിക്കുന്നത് അകപ്രകൃതിയുടെ മായിക സാഫല്യം കൂടിയാണ്.

മായിക സൗന്ദര്യം തേടിയുള്ള ഉന്മാദം നിറഞ്ഞ അലച്ചിൽ കൗമാരത്തിനേ മനസ്സിലാവൂ. സൗന്ദര്യദേവതയെ, നിത്യ കന്യകയെ തേടിയുള്ള അലച്ചിലാണത്.അടുത്തടി വെച്ചു നടന്നടുക്കുമ്പോൾ അകലേക്കു പായുന്ന വെളിച്ചം. അതിനെ മെരുക്കാനുള്ള അലച്ചിലാണ് ജീവിതം. ഈ അലച്ചിലിനെ എപ്പോഴും ഓർമ്മിപ്പിച്ചു കൊണ്ട് ഒരു കാൽനടക്കാരനും ഒരു കാളവണ്ടി യാത്രക്കാരനും ഒരു തീവണ്ടി യാത്രികനും പി കവിതയിൽ മാറി മാറി പ്രത്യക്ഷപ്പെടുന്നുണ്ട്. അയാൾക്കകത്തും പുറത്തും വഴി തെറ്റിക്കുന്ന ലഹരിയുമുണ്ട്. ലഹരി നുണഞ്ഞ് വഴി തെറ്റിയുള്ള അലച്ചിലും അതിനെക്കുറിച്ചോർത്തുള്ള കുറ്റബോധവുമാണ് പി.ക്കവിതയെ എൻ്റെ കൗമാരത്തിനു പ്രിയങ്കരമാക്കിയത്. നിഴലും വെളിച്ചവും മായികമായി ഇഴ ചേരുന്ന സിനിമയുടെ ആരാധകനാണീ കൗമാരക്കാരൻ.

പിമ്പൊരിക്കലുമെങ്ങും കാണിക്കയില്ലാ കാലം
മുമ്പൊരു തവണക്കു കാണിച്ച ചലച്ചിത്രം
(സ്കൂൾ പൂട്ടുമ്പോൾ)

ഒരു നിമിഷം മിന്നി മായുന്ന ദൃശ്യങ്ങൾ അത്രമേൽ പ്രധാനമാകുന്നത് ഇതുകൊണ്ടാണ്. ആ മിന്നൽപ്പൊലിമയിൽ താനങ്ങില്ലാതാകുന്നതേ നല്ലത് എന്ന മൂർച്ഛയോളം എത്തുന്നു അയാൾ. പൂക്കളുടെ മണം പേറി വരുന്ന കാറ്റിനോട് ഒരു കവിതയിൽ പറയുന്നത്, പൂമണത്താൽ വരിഞ്ഞെന്നെ ഞെക്കിക്കൊല്ലുക രാവിൽ നീ എന്നാണ്.

3

തിരിച്ചറിവുകളിലേക്കെത്തുന്ന അനന്തമായ അലച്ചിലിൻ്റെ കവിതയാണ് യൗവനത്തിൽ പീ.ക്കവിത. താമരക്കുളക്കരെ കണ്ടുമുട്ടുന്ന താമരക്കോഴിയോടു കവി ചോദിക്കുന്നത് ഇതാണ്:

പ്രേമ കോരകമേ, നാടും വീടുമില്ല, അലിവേറും
താമരയിലയും മൊട്ടും പൂവുമല്ലാതെ.(താമരക്കോഴി)

അത് താമരപ്പൂവിൻ്റെ മാത്രം ലോകമല്ലെന്നും കവിയുടേതും കൂടിയാണെന്നും നമുക്കറിയാം. വെട്ടത്തു നാട്ടിലൊരു രാത്രി, ആ മലനാടൻ മങ്കമാർ, ഹരിദ്വാര ഗംഗയിൽ എന്നിങ്ങനെ അലച്ചിലോ യാത്രയോ പ്രമേയമാകുന്ന ഒട്ടേറെ കവിതകൾ പി. എഴുതിയിട്ടുണ്ട്. ഈ അലച്ചിലുകൾക്കൊടുവിലാണ് തിരിച്ചറിവുകൾ കിട്ടുന്നത്. തൻ്റെ ലോകം തിരിച്ചറിയുകയാണ് താമരക്കോഴിയിലൂടെ കവി.പി.യെ സംബന്ധിച്ചിടത്തോളം തിരിച്ചെത്താനുള്ള ഒരു വഴിയാണ് ഓരോ തിരിച്ചറിവും.

മാധുരീ രസം ചോർന്നു ഹൃദയം മുറിപ്പെട്ട
മായിക സങ്കല്പത്തിൻ കൃതിവൈകൃതം മായാൻ
തേനൂറും കരളുമായുൾപ്പൂക നവോദയം
ധ്യാനിച്ചു ഭജിക്കുന്ന താമരമൊട്ടിന്നുള്ളിൽ
(ഇരുട്ടിലെ മനുഷ്യൻ)

എന്നത് പ്രകൃതിയിൽ നിന്ന് അകന്നുപോയെന്നു വിഷാദിക്കുന്ന മനുഷ്യനു കിട്ടുന്ന തിരിച്ചറിവാണ്. ഗുരുവിൻ്റെ കാലു പിടിക്കാതെ അരങ്ങത്തു പോയി നീ എന്ന തിരിച്ചറിവിലെത്തുന്നു കളിയോഗത്തിനു പുറത്തായ നടൻ്റെ അലച്ചിൽ. പക്ഷേ, പി.ക്കവിതയിൽ പ്രധാനമായിട്ടുള്ളത് ആ തിരിച്ചറിവുകളല്ല, അതിനു മുമ്പുള്ള അലച്ചിലുകളാണ്. എല്ലാ തിരിച്ചറിവുകൾക്കുമപ്പുറം, തെറ്റിയ വഴികൾ കാണിച്ചു തന്ന സൗന്ദര്യമാണു സൗന്ദര്യം എന്ന തിരിച്ചറിവ് പിക്കവിതയെ എൻ്റെ യൗവനത്തിൻ്റെ കവിതയാക്കിയിരിക്കുന്നു.

4

വീക്ഷണങ്ങളുടെയും ദർശനങ്ങളുടെയും കവിതയാണ് പി.കുഞ്ഞിരാമൻ നായർക്കവിതയെന്ന് ഈ മധ്യവയസ്സിൽ ഞാൻ പറയും.പുല്ലിൻ തുമ്പിലെപ്പൂവിനെപ്പോലും കണ്ട ചെറുതിൻ്റെ കവിതയാണത്. സൂക്ഷ്മമായ വിശദാംശങ്ങൾ ചേർന്ന സ്ഥൂലതയുടെ കവിതയുമാണ്.ഏകവിളത്തോട്ടമല്ല, ജൈവസമ്പന്നമായ കൊടുംകാടാണത് എന്ന് ടി.പി.രാജീവൻ നിരീക്ഷിച്ചിട്ടുണ്ട്. പ്രകൃതിയുടെ വിസ്തൃതി പി യെ എന്നും പ്രലോഭിപ്പിച്ചു.കാഞ്ഞങ്ങാട്ടെ താരതമ്യേന ഇടുങ്ങിയ പ്രകൃതിയിൽ നിന്ന് മധ്യകേരളത്തിൻ്റെ സമതല വിസ്തൃതിയിലേക്കെത്തിയപ്പോഴാണ് പിക്കവിത തഴച്ചു പടർന്നത്.അഴിച്ചു വിട്ട ഒരു കാളയായാണ് അദ്ദേഹം കേരളത്തെത്തന്നെ വിശേഷിപ്പിച്ചത്(കേരളക്കാള). സൂക്ഷ്മതയെക്കുറിച്ചും സമഗ്രതയെക്കുറിച്ചും തൻ്റേതായ വീക്ഷണങ്ങൾ പീക്കവിത പുലർത്തുന്നു. ജീവിതത്തെ സമഗ്രതയിൽ കാണുന്ന ദീപം പോലുള്ള കവിതകൾ അദ്ദേഹമെഴുതി.വിദ്യാഭ്യാസം, മാതൃഭാഷ,പരിസ്ഥിതി, ദേശീയത, ഭൗതികത,ആത്മീയത എന്നിവയെക്കുറിച്ചെല്ലാം കവിക്ക് വ്യക്തമായ കാഴ്ച്ചപ്പാടുകളുണ്ട്.

അച്ഛനോടും അമ്മയോടും ഗുരുവിനോടുമെന്ന പോലെ പ്രകൃതിയോടും തെറ്റു ചെയ്ത മനുഷ്യൻ്റെ കുറ്റബോധത്തിൻ്റെ കവിതയാണത്. 1980 കൾക്കൊടുവിൽ കേരളത്തിൻ്റെ ഭൗതികതയുടെ സമ്പൽ പ്രൗഢിയിൽ നമ്മുടെ പുഴകൾ വറ്റിവരളുകയും മണൽ നീങ്ങി വെള്ളക്കെട്ടുകളാവുകയും കാടുകൾ വെളുക്കുകയും കുന്നുകൾ അപ്രത്യക്ഷമാവുകയും പാടങ്ങൾ പറമ്പുകളാവുകയും കാലാവസ്ഥ അട്ടിമറിയുകയും ചെയ്തപ്പോഴാണ് പീക്കവിതയെ പരിസ്ഥിതി ബോധത്തിൻ്റെ കവിതയായി നാം വീണ്ടെടുത്തിരിക്കുന്നത്.(മുമ്പ് ഭക്തിയുടെ കവിയായാണ് അദ്ദേഹം വായിക്കപ്പെട്ടത്) പ്രകൃതിയെ നശിപ്പിച്ച നമ്മുടെ കുറ്റബോധമാണ് പീക്കവിതയിൽ നാം വായിക്കുന്നത് എന്നും പറയാം. എന്നിലെ കുറ്റബോധത്തിൻ്റെ ഭാരമിറക്കി വെയ്ക്കാനുള്ള അത്താണിയും കൂടിയായി മാറിയോ ഈ മധ്യവയസ്സിൽ എനിക്ക് കുഞ്ഞിരാമൻനായർക്കവിത?

5.

അടുത്തിടെ തമിഴ് പുതുകവി ഇശൈയുടെ ഒരു ചെറിയ കവിത - ശക്തിക്കൂത്ത്  - വായിച്ചപ്പോൾ അത് മഹാകവി പി.യെക്കുറിച്ചു തന്നെ എഴുതിയതാണ് എന്നു വിശ്വസിക്കാൻ ഞാൻ ആഗ്രഹിച്ചു പോയി.

"ഇത്രയേറെ ഇമ്പങ്ങൾക്കിടയിൽ
എന്നെ ഇറക്കിവിട്ട്
അതേ വിമാനത്തിൽ
പറന്നകന്നു, അമ്മ.
പോകും മുമ്പ്
എന്നെ ചേർത്തു തഴുകി
മുഖത്തെങ്ങുമുമ്മ വെച്ച്
അമ്മ ഇങ്ങനെ പറഞ്ഞു.:
ഒന്നും തൊട്ടു പോകരുതേ"

ആ മകൻ ഇത്രയേറെ ഇമ്പങ്ങൾക്കിടയിൽ പിന്നെങ്ങനെ പെരുമാറി, എങ്ങനെ ജീവിച്ചു എന്നതിൻ്റെ സാക്ഷ്യപത്രങ്ങളാണ് ഓരോ പീക്കവിതയും.ഓരോ വിലോഭനീയതയേയും അയാൾ പുൽകി. പിന്നെ കുറ്റബോധം കൊണ്ടു നീറി.ആ പുൽകലും നീറലും അനുഭവിപ്പിക്കാൻ പി. സ്വീകരിച്ച ഒരു രീതിയെക്കുറിച്ചു കൂടി ഇവിടെ പറയേണ്ടതുണ്ട്.

പി. എല്ലാടത്തും എത്തി, എല്ലാറ്റിലും മുഴുകി.എന്നാൽ അതെക്കുറിച്ചെഴുതുമ്പോൾ സ്ഥലപരമോ കാലപരമോ ആയ അകലം അദ്ദേഹം പ്രയോജനപ്പെടുത്തുന്നതു കാണാം. അടുപ്പവും അകലവും ഊടും പാവും പോലെ ഓടി നെയ്തെടുത്ത രചനകളാണ് പീക്കവിതകൾ. ഉദാഹരണത്തിന്, അവളുടെ ഹൃദയത്തിൽ എന്ന കവിതയിൽ ഭാരതപ്പുഴയെക്കുറിച്ചെഴുതുമ്പോൾ,

യോഗനിദ്രയുണർന്നു പാരിനെ
വീക്ഷിക്കും ചെറുതാര പോൽ
ഇത്ര ദൂരെയിരുന്നു രാവിൽ ഞാൻ
ത്വൽ സ്മൃതിയിൽ മുഴുകുന്നു

എന്നെഴുതുന്നു.ആണ്ടു മുഴുകിയിട്ടും പിന്നാക്കം ചെന്നു സൂക്ഷിക്കുന്ന ആ നക്ഷത്രപ്പാടകലമുണ്ടല്ലോ ആ അകലം കൊണ്ടാണ് നിളാനദിയുമായുള്ള തൻ്റെ ആത്മൈക്യത്തെ കവി ആവിഷ്കരിക്കുന്നത്.

താൻ ആണ്ടു മുഴുകുന്നവയിൽ നിന്നൊക്കെ എഴുത്തിൻ്റെ വേളയിൽ ഒരു നക്ഷത്രപ്പാടകലം ദീക്ഷിക്കുന്നു, മഹാകവി. ഒരു വേർപാടിൻ്റെ രണ്ടു കരകളിൽ തിളങ്ങുന്ന രണ്ടു നക്ഷത്രങ്ങളാണ് അപ്പോൾ കാവ്യവസ്തുവും കവിമനസ്സും. ഈ അകലം തന്നെയാവാം 'പോയറ്റിക് ഡിസ്റ്റൻസ്', 'ഈസ്തെറ്റിക് ഡിസ്സ്റ്റൻസ്' എന്നൊക്കെ സാഹിത്യവിമർശനത്തിൽ വ്യവഹരിക്കപ്പെടുന്നത്. വേർപാടിനെക്കുറിച്ചും അകലത്തെക്കുറിച്ചുമോർത്തുള്ള ദു:ഖം പുരണ്ടവയാണ് പിയുടെ ഏതാണ്ടെല്ലാക്കവിതകളും. ആ അകലം എത്ര പ്രധാനമെന്നു കാണിക്കുന്ന ഒരു കവിതയാണ് പിറന്ന മണ്ണിൽ.

ജനനിയോരാതെ മഹോത്സവം കാണാൻ
തനിച്ചു പോയൊരു കുരുടനാം കുട്ടി
ഇരുട്ടത്തങ്ങിങ്ങു വഴി തെറ്റിച്ചുറ്റി-
പ്പുറപ്പെട്ട വീട്ടിൽ തിരിച്ചു ചെല്ലുമ്പോൽ
പെരുത്ത ചിന്തയാം ചുമടുകൾ തൂക്കി
യിറങ്ങി പിന്നെയും പിറന്ന മണ്ണിൽ ഞാൻ.

എന്നിങ്ങനെ കവി പിറന്ന മണ്ണിലിറങ്ങുകയും അദൃശ്യമാം കാന്തമൊളിഞ്ഞിരിക്കുന്ന അഴകൊഴുകുമാ മണൽത്തരികളിലൂടെ നടക്കുകയും ചെയ്യുന്നുവെങ്കിലും കവിയുടെ നോട്ടപ്പാടിനെ നിശ്ചയിക്കുന്നത് കവിതയുടെ തുടക്കത്തിലെ തീവണ്ടിയാത്രയുടെ അകലമാണ്. കുറഞ്ഞു കുറഞ്ഞു വരുന്നതെങ്കിലും ആ അകലം കവിതയുടെ ഭാവതലത്തെ നിർണ്ണയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. അകലം കുറയലും അടുത്തണയലും ഒരു ഭ്രമകല്പനയാണ് എന്നും ഇവിടെ സൂചനയുണ്ട്. നോക്കൂ, മരിച്ചു പോകുന്നവൻ്റെ 'ഊർദ്ധ്വതമിസ്രമാർഗ്ഗത്തിൽ ഉദിച്ച കാർവർണ്ണത്തിരുനാമം' പോലെയാണ് പിറന്ന മണ്ണ് അടുത്തണയുന്നത്.അടുത്തു വരുന്നുവെന്നു തോന്നിപ്പിക്കുന്ന തരത്തിൽ വെളിച്ചം പൊഴിക്കുന്ന ഒരകലനക്ഷത്രമാണ് പിറന്ന നാട്. ഇങ്ങോട്ടു വരികയാണ് എന്നു ഭ്രമിപ്പിക്കുന്ന അങ്ങോട്ടുള്ളൊരു പോക്ക്. കവിതയുടെ തുടക്കത്തിൽ തന്നെയുള്ള ആ അകലം പ്രസരിപ്പിക്കുന്ന ദുഃഖ കിരണങ്ങളാണ് അവസാന വരിയിൽ വരെ തങ്ങി മിനുങ്ങുന്നത്.

അകലത്തിൻ്റേയും അടുപ്പത്തിൻ്റേയും ഈ ഭ്രമാത്മക കേളി പി.ക്കവിതയിലെ കാവ്യബിംബങ്ങളിലെല്ലാം കാണാം. ഉദാഹരണത്തിന് പറന്നു പോയ പൂത്തിരുവാതിര എന്ന കവിതയിൽ തിരുവാതിരക്കാറ്റു വീശുന്നതു നോക്കൂ:

വേറു പിരിഞ്ഞ വിദൂര ഗൃഹത്തിലെ
വേദന വഴിയും കുറി പോലെ
ഊതുക വീണ്ടും നെടുവീർപ്പിൻ കുഴൽ
ആതിര നാളിൻ കാറ്റേ നീ.

അകലെ നിന്നുള്ള വേദന വഴിയുന്ന ഒരു സന്ദേശമാണ് ആതിരക്കാറ്റ്. വഴിവക്കത്തു മയങ്ങുന്ന കാട്ടുവാകപ്പൂവിൽ പോലും വിരഹ വേദന തുടിക്കുന്നുണ്ട്.

ചിലപ്പോൾ സ്ഥലവും ചിലപ്പോൾ കാലവുമാണ് ആ അകലത്തെക്കുറിക്കുക. പൂരപ്പറമ്പിലെ കാഴ്ചകൾ വിവരിക്കുന്ന പൂരത്തിനു പോയിട്ട് എന്ന കവിതയുടെ തുടക്കത്തിൽ തന്നെ ഇന്നലെ എന്ന കാല സൂചകപദം ആ അകലം ഉറപ്പിക്കുന്നുണ്ട്.

"ചങ്ങാതിമാരുമായന്തി മയങ്ങുമ്പോ-
ളെങ്ങുപോയിന്നലെത്തോഴൻ?"

ഇന്നലെ എന്ന ആ അകലത്തു നിന്നു കൊണ്ടാണ് പൂരപ്പറമ്പിലെ വിലോഭനീയതകളിൽ കവി മുഴുകുന്നത്. വിലോഭനീയതകൾക്കപ്പുറം എന്തിലാണോ മുഴുകേണ്ടത് അതിൽ മുഴുകിയില്ല, കണ്ടതുപോലുമില്ല. കണ്ടതിനും കേട്ടതിനും തൊട്ടതിനും അറിഞ്ഞതിനുമപ്പുറം അറിയാത്ത ആഴം ഇനിയുമകലെയാണുള്ളത് എന്ന ആത്മീയ ദർശനം ഓരോ പീക്കവിതയും നമുക്കു തുറന്നു തരുന്നു. "അടുത്തടി വെച്ചു നടന്നടുക്കുമ്പോൾ അകലേക്കു പായും വെളിച്ചമേ" എന്ന വിളി മുഴങ്ങിക്കേൾക്കുന്നു പി യുടെ കാവ്യലോകത്തിൽ. അകലങ്ങൾ അരുളുന്ന ദുഃഖമാണ് പീക്കവിതയിലെ ദുഃഖം. അതിനപ്പുറത്താണ്, പീലിമുടി വനമാലകൾക്കുപോലുമപ്പുറത്താണ് പ്രീതിപ്പൊലിമതൻ പൊൻ തിടമ്പായ മഹാ ജ്യോതിസ്വരൂപൻ്റെ സാന്നിദ്ധ്യമുള്ളത്.

"ലോല പീതാംബരച്ചാർത്തുകൾക്കപ്പുറം
പീലി മുടി വനമാലകൾക്കപ്പുറം
പ്രീതിപ്പൊലിമതൻ പൊൻ തിടമ്പാം മഹാ -
ജ്യോതിസ്വരൂപനെക്കാണുന്നതില്ലയോ?" (കളിയച്ഛൻ)


6

നാഗകന്യക എന്നൊരു കവിതയുണ്ട്, പി.യുടേത്. മലകളും കാടുകളും പൂത്ത മരങ്ങൾ നിരന്ന വഴികളും പുഴകളും കരിനാഗവും നാഗകന്യകയും നിറഞ്ഞ, വർണ്ണശബളമായ ഒരു ഉൾ - സ്ഥലം വിരിഞ്ഞു വിരിഞ്ഞു വരുന്ന കവിതയാണത്.  പൊടുന്നനെ എത്തിപ്പെടുന്ന ഉപേക്ഷിക്കപ്പെട്ട  ക്ഷേത്രത്തിന്റെ ഭിത്തിമേൽ വരഞ്ഞിട്ട  ചുമർച്ചിത്രപ്പരപ്പിനെ ഓർമ്മിപ്പിക്കുന്ന ഒരു പ്രതലം. ഒരു പുരാതന ക്ഷേത്രഗോപുരത്തിലെ ശില്പം കണ്ടതിന്റെ അനുഭവത്തിൽ നിന്നാണ് ഈ കവിത എഴുതിയതെന്ന് കവിതയുടെ മേൽക്കുറിപ്പിൽ കവി എഴുതിയിട്ടുണ്ട്. എങ്കിലും കവിത വായിച്ചു വരുമ്പോൾ ശില്പാനുഭവം ചിത്രാനുഭവത്തിനു വഴി മാറുന്നു. പ്രകൃതിയിൽ നിന്നെടുത്ത ചായക്കൂട്ടുകൾ കൊണ്ടു വരച്ച വർണ്ണശബളമായ ഒരു വലിയ ചുമർച്ചിത്രപ്പരപ്പിനു മുന്നിൽ നിൽക്കുന്ന അനുഭവമാണ് ആ കവിത വായിക്കുമ്പോൾ. എന്നാൽ അവിടെയും നിൽക്കാതെ ആ ചിത്രസ്ഥലം വർണ്ണപ്പൊടികൾ കൊണ്ടു വരച്ച ഒരു കളമെഴുത്തു പ്രതലമായി മാറുന്നു, കവിത അവസാനിക്കുമ്പോൾ. ശില്പത്തിൽ നിന്നു തുടങ്ങി ചിത്രപ്പരപ്പിലൂടെ പൊടികൾ കൊണ്ടു വരച്ച വർണ്ണക്കളത്തിലേക്കുള്ള എത്തിച്ചേരൽ പി.ക്കവിതയിലുണ്ട്. പി.യുടെ കവിതയിലെ ഉൾ - സ്ഥലകേന്ദ്രം ഒരു സർപ്പക്കളത്തെയോ ഭഗവതിക്കളത്തെയോ ഓർമ്മിപ്പിക്കുന്ന ധൂളീചിത്രപ്രതലമാണ്. വർണ്ണശബളമായ കളം പ്രകൃതിയിൽ നിന്നുള്ള പൊടികൾ കൊണ്ട് തീർത്ത് ഒടുവിൽ അതു മായ്ച്ചുകളയുന്നതാണ് കലയെക്കുറിച്ചുള്ള പി.യുടെ അടിസ്ഥാനദർശനം. ദേവതാഭാവത്തിലല്ലാതെ ഒരു രൂപവും ആ കളത്തിൽ നമുക്കു കാണാൻ കഴിയില്ല. അതുകൊണ്ടാണ് പീക്കവിതയിൽ മനുഷ്യരൂപങ്ങളില്ലാത്തത്. ചുമർച്ചിത്രങ്ങളിലും കളങ്ങളിലും കാണുന്ന തരത്തിൽ ശൈലീവൽക്കരണം പീക്കവിതയിലെ വാങ്മയ ചിത്രങ്ങളിൽ കാണാൻ കഴിയും. ഒരു കുയിൽ പറന്നകലുന്നതിന്റെയും മധുമാസം കടന്നുപോകുന്നതിന്റെയും ചിത്രം ഒരുമിച്ച് മൺകുടത്തിന്റെ വിലയിൽ ആവിഷ്കരിച്ചതു നോക്കൂ:

മണിഭൃംഗമനം തേടിയണഞ്ഞിരവറുതിയിൽ

പുണരുന്ന ധനുമാസമധു മാവിന്മേൽ

മുരളിയുമൂതി നവ മകരന്ദ കിസലയം

ചൊരിയുമാതിരക്കുയിൽ പറന്നുവല്ലോ.

വണ്ടു തേൻ നുകരുന്ന പൂക്കളുള്ള തേൻമാവിൻ ചില്ലയിലിരുന്ന് തന്റെ ഗാനമുരളിയൂതുന്ന ഒരു കുയിലിന്റെ ചിത്രം ഇവിടെ തെളിയുന്നു. അത് ആതിരക്കുയിലാണ്. ഇരിക്കുന്ന വൃക്ഷം ധനുമാസമാകുന്ന തേൻമാവുമാണ്. പരമ്പരാഗത ചിത്രരേഖകളുടെ ശൈലീവൽക്കൃത സ്വഭാവം പോലെ ഒന്ന് ഈ വാങ്മയ ചിത്രത്തിൽ അനുഭവിച്ചറിയാനാവുന്നു. വരച്ചു മായ്ക്കുന്ന സുന്ദരമായ ഒരനുഷ്ഠാനമായി കലയെ കാണുന്ന കവിക്ക് ജീവിതത്തെയും അങ്ങനെയല്ലാതെ കാണാനാവില്ല. ജീവിതത്തിന്റെ ആ വരച്ചു മായ്ക്കൽ ദീപം എന്ന കവിതയിലുണ്ട്. സ്നിഗ്ദ്ധാന്നമോമനിച്ചുള്ള ഗാത്രത്തിൽ നൃത്തമാടി പട്ടടച്ചാമ്പലാൽ ജീവിത ചിത്രം പാടേ മായ്ച്ചു കളയുന്ന ദീപത്തെക്കുറിച്ചാണാ കവിത.


7

കുറച്ചിവിടെയും കുറച്ചവിടെയും കുഴച്ചു വച്ച് കുറേ വറ്റു കളഞ്ഞ് ചിന്നിച്ചിതറിച്ച് കുഞ്ഞുങ്ങൾ മാമുണ്ണുന്നതുപോലെ ജീവിതം ജീവിച്ചു തീർത്തു പോയ കവിയാണ് പി.കുഞ്ഞിരാമൻ നായർ. ആ വികൃതിക്കുഞ്ഞ് ബാക്കി വെച്ചു പോയ മുതിർച്ചയാണ് പി.കുഞ്ഞിരാമൻ നായർക്കവിത. അത്രമേൽ സ്വാഭാവികമായി, ഇടമുറിയാത്ത ഒഴുക്കായി എഴുതൂ എന്ന് പീക്കവിത എന്നോടു പറയുന്നു. പാതയിലൂടെ നീങ്ങുന്ന കാളവണ്ടികൾ ഇന്നില്ല. നിളയിൽ തോണിക്കാരന്റെ കൂക്കില്ല. എങ്കിലും തുടങ്ങിയേടത്തല്ല ഇപ്പോൾ എന്നോർമ്മിപ്പിക്കുന്ന കാഴ്ച്ചകൾക്കിടയിലൂടെ ഞാനും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങനെ അനന്തമായി നീങ്ങുമ്പോഴും ഇതൊരു ചെറിയ ഭൂഗോള മുറി മാത്രം എന്നറിയുന്നു -ഒരു കുഞ്ഞു ഭൂഗോള കേരള മുറി എന്ന്. അദ്ദേഹമതിന്റെ താക്കോൽ തിരിച്ചേൽപ്പിച്ചു പോയി. എന്നാൽ അതിന്റെ ഡ്യൂപ്ലിക്കേറ്റു പോലെ ഒന്ന്,  പീക്കു ശേഷമുള്ള ഏതു കവിയുടെയും - എന്റെയും - കയ്യിൽ ചില നേരത്തു തിളങ്ങും! ആ തിളക്കത്തിൽ ഞാനെഴുതാൻ ശ്രമിക്കും.



No comments:

Post a Comment