Wednesday, October 8, 2025

ലിങ് യു (തായ്വാൻ,ചൈനീസ്, ജനനം: 1952)

മെയ്

ലിങ് യു (തായ്വാൻ,ചൈനീസ്, ജനനം: 1952)


മലകൾ ചാടിക്കയറുന്നൂ
പച്ചസ്സിംഹങ്ങൾ
നിരവധി മലകൾ ചാടിക്കയറുന്നൂ
പച്ചസ്സിംഹങ്ങൾ
തഴച്ച സടയുള്ളോർ
നവജാതർ
പച്ചസ്സിംഹങ്ങൾ

മലകളിൽ ശാന്തമിരിക്കുന്നതിനാ-
യുറച്ചു കയറുന്നോർ
ധ്യാനം ശീലിച്ചവരിനി സസ്യാ-
ഹാരികളായ് മാറാം

വസന്തമൊത്തൊരു പന്തയമോടാൻ
കൊതിപ്പു പച്ചസ്സിംഹങ്ങൾ
ഒരു കൊടുമുടിയിൽ നിന്നുമടുത്തതി -
ലാദ്യമെത്തുകയാരാവാം?

"എന്നെക്കൂട്ടൂ,നിൽക്കൂ, റോസാ
നിറമുള്ളാടയണിഞ്ഞതിനാൽ
ഓടാനാകുന്നില്ലതിവേഗം,
പതുക്കെയോടി വരുന്നൂ ഞാൻ"

ലി ഷാവോജുൻ (ചീന, ജനനം: 1967)

ദൈവം ഒരു ബസ് നിലയത്തിലേക്കു വരുന്നു

ലി ഷാവോജുൻ (ചീന, ജനനം: 1967)


നാലഞ്ചു ചെറുവീടുകൾ
ഒന്നുരണ്ടു വിളക്കുകൾ
ഞാനിവിടെ
ഒരുറുമ്പിനോളം ചെറുതായ്
ബൃഹത്തായ ഹുലുൻ ബിർ പുൽമേട്ടിനു
നടുവിലെവിടെയോ
പേരില്ലാത്ത ഒരു ബസ് നിലയത്തിൽ
ഒരു രാത്രി
ഒറ്റക്കു കഴിയുന്നു,
തണുത്ത ഏകാകിത പേറി
എന്നാൽ സമാധാനപൂർണമായി.

എനിക്കു പിന്നിൽ നിൽക്കുന്നു
ശൈത്യ രാപ്പുലി
അതിനു പിന്നിൽ തെളിഞ്ഞ തുറന്ന പാത
പാതക്കു പിന്നിൽ എർഗൻ നദി മെല്ലെയൊഴുകുന്നു.
ഇരുട്ടിൽ മിന്നിമിനുങ്ങുന്ന ഒരു വെളിച്ചം
അതിനും പിന്നിൽ അനന്തമായ ബിർച്ചുമരക്കാട്
അഗാധവന്യത
അതിനും പിന്നിൽ
നീലപ്പട്ടുതിരശ്ശീല പോലുള്ള ആകാശച്ചെരിവിൽ
ശാന്തനക്ഷത്രങ്ങൾ

ദൈവം വാഴുന്ന
വിശാലമായ വടക്കേ ദിക്ക്,
അതിനു പിന്നിൽ.