Sunday, April 28, 2024

ചിരിപ്പിക്കുന്ന ഭയം

 ചിരിപ്പിക്കുന്ന ഭയം


*സ്കൈലാബ് വെള്ളത്തിൽ വീഴും എന്ന്
കുളക്കടവിൽ ആരോ പറയുന്നതു കേട്ട്
കൈകാലിട്ടടിച്ചു നീന്തുന്നതു നിർത്തി
വെള്ളത്തിൽ നിന്നോടിക്കയറി
കരക്കു നിന്ന് നിർത്താതെ കരഞ്ഞു
ഒരു ചെറിയ പെൺകുട്ടി.
നീന്തിക്കളിച്ചു കൊണ്ടിരുന്ന ഏട്ടന്മാർ
അതു കടലിലാടീ വീഴുക എന്നു കളിയാക്കി.
അവളുടെ ഭയം എല്ലാവരേയും ചിരിപ്പിച്ചു.

എല്ലാവരും പേടിച്ചു കരയുന്ന കാലം വരട്ടെ,
അവൾ വെള്ളത്തിലിറങ്ങി നീന്തിത്തുടിച്ചു പകരം വീട്ടും.


*1979-ലാണ് അമേരിക്കൻ സ്പേസ് സ്റ്റേഷൻ സ്കൈലാബ് ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നു വീണത്. അതിൻ്റെ ഉൽക്കൺഠാകുലമായ വാർത്തകൾ അന്ന് നാട്ടിൻപുറങ്ങളെപ്പോലും നടുക്കിയിരുന്നു.



കാണപ്പെടൽ

 കാണപ്പെടൽ


കാണുന്നു എന്ന വാക്ക് മേൽക്കുമേൽ
നിരത്തിവെച്ചുണ്ടാക്കിയ വമ്പൻ അട്ടിക്കുമേൽ
ഓരോ കാണുന്നുവും ഓരോ ചവിട്ടുപടിയാക്കി
നൂറ്റാണ്ടുകൾകൊണ്ടു കയറിക്കയറി
മുകളിലെത്തി ചുറ്റും നോക്കുന്ന എന്നെ നിങ്ങൾക്കു
കാണേണ്ടിവരുന്നെന്ന ദുഃഖമോ കാലം?

കാണുന്നു എന്ന വാക്ക് ചേർത്തു ചേർത്ത്
അടുത്തടുത്തായി നിരത്തിപ്പരത്തി വെച്ച്
അവക്കിടയിലെ നേർത്ത വിടവിലൂടെ
അരിച്ചരിച്ചു നീങ്ങി ഏറ്റവും മുൻനിരക്കും മുന്നിലെത്തി
ചുറ്റും നോക്കുന്ന എന്നെ നിങ്ങൾക്കു
കാണേണ്ടി വരുന്നെന്ന ദുഃഖമോ കാലം?

കാണുന്നു എന്ന വാക്ക് തിരച്ചു പതച്ചു
തിരച്ചു പതച്ചുണ്ടാക്കിയ വമ്പനൊഴുക്കിൽ
നീന്തിവരുന്ന എന്നെ നിങ്ങൾക്കു
കാണേണ്ടി വരുന്നെന്ന ദുഃഖമോ കാലം?

കാണുന്നു കോരിയിട്ടു കോരിയിട്ടുണ്ടാക്കിയ തുരുത്തിൽ
കേറി നിന്നു ചുറ്റും നോക്കുമെന്നെ
കാലപ്പരപ്പിലൂടെ തുഴഞ്ഞു നീങ്ങുന്ന നിങ്ങൾക്കു
കാണേണ്ടി വരുന്നെന്ന ദുഃഖമോ കാലം?

എന്നിട്ടും കാണാതിരിക്കുന്നു നിങ്ങളെന്നുള്ളതെൻ
കാലദുഃഖം.
കാണാതിരിക്കൽ എന്തെന്നോ,
കാണുന്നു എന്ന വാക്കു പരത്തുമിരുട്ട്.

Tuesday, April 16, 2024

എതിർപാട്ട്

 കൊക്കു പാടുന്നതിന്നെതിർ പാട്ട്

തൂവൽ പാടും കിളിയെ ഞാൻ കണ്ടു

Monday, April 15, 2024

കണിവെള്ളം

 കണിവെള്ളം


ഒരു കണിക്കൊന്ന 

പൂത്തു നിറഞ്ഞു

വീർപ്പുമുട്ടുന്നു


വൃക്കയിൽ നിന്നു കല്ലു വാരി 

ഞാൻ വലിച്ചെറിഞ്ഞ

വറ്റിവരണ്ട കിണറ്റിനുള്ളിൽ

വരവ്

 വരവ്


നീ കേറിയ വണ്ടിക്കു രാത്രി പിന്നിടാൻ വേണ്ടി

ഞാനൊന്നു കണ്ണു ചിമ്മുന്നു

നദി കണ്ടു മരിക്കൽ

 നദി കണ്ടു മരിക്കൽ


കിടക്കുന്ന കിടപ്പിലെൻ നോട്ടപ്പകപ്പിനറ്റത്താ

ഒഴുക്കൊന്നു പിടയ്ക്കണം

Tuesday, April 9, 2024

എന്തു ചെയ്‌വൂ ഞാൻ!

എന്തു ചെയ്‌വൂ ഞാൻ!

ചങ്ങമ്പുഴ സംഗീതക്കച്ചേരികൾ പതിവായി കേട്ടുവന്നിരുന്ന ആളാണോ എന്നെനിക്കറിയില്ല. എങ്കിലും ഒന്നുറപ്പ്. മലയാള കവിതയിൽ സംഗീതത്തിൻ്റെ സാദ്ധ്യതകൾ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയ കവിയാണദ്ദേഹം.ലയം, ഒഴുക്ക്, സംഗീതാത്മകത, ദ്രാവിഡ സംസ്കൃത വൃത്ത വൈവിധ്യത്തിലെ നൈപുണ്യം എന്നിവയെല്ലാം ചങ്ങമ്പുഴക്കവിതയോടു ചേർത്തുവയ്ക്കാവുന്ന സവിശേഷതകളാണ്.

കർണ്ണാടകസംഗീതത്തോട് ഇണങ്ങിനിൽക്കുന്നു ഭക്തിയും ശൃംഗാരവും. സംഗീതം, ശൃംഗാരം, വിഷാദം എന്നിവ ചങ്ങമ്പുഴക്കവിതയോടു വളരെ ഇണങ്ങി നിൽക്കുന്നു. ചങ്ങമ്പുഴക്കു മുമ്പ് സംഗീതവും ശൃംഗാരവും കവിതയും ചേർന്ന കൂട്ട് മലയാള കവിതയിൽ നാം കാണുന്നത് മച്ചാട്ടിളയതിൻ്റെ തിരുവാതിരപ്പാട്ടുകൾ, ആട്ടക്കഥകളിലെ ശൃംഗാരപദങ്ങൾ എന്നിവയിലാണ്. ചങ്ങമ്പുഴയുടെ ഈ പൂർവ്വബന്ധം നിരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഉദാഹരണത്തിന് തിരുവാതിരപ്പാട്ടുകളിലെ ലാസ്യശൃംഗാരവും ലാളിത്യവും സംഗീതാത്മകതയും ചങ്ങമ്പുഴ സ്വാംശീകരിച്ചതായി മുമ്പു പലരും ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ ചങ്ങമ്പുഴയിൽ നാം തെളിഞ്ഞു കാണുന്ന കവിത, സംഗീതം, ശൃംഗാരം, വിഷാദം എന്ന മേളനത്തിൻ്റെ പൂർവ്വമാതൃകകളെക്കുറിച്ച് വേണ്ടത്ര അന്വേഷണം നടന്നതായി കാണുന്നില്ല. ആ വഴിക്കുള്ള ഒരു ലഘു നിരീക്ഷണം മാത്രമാണ് ഈ ചെറുകുറിപ്പ്.

സ്വാതി തിരുനാളിൻ്റെ സംഗീതകൃതികൾ അച്ചടിച്ചു പ്രകാശിപ്പിച്ച ചിദംബര വാധ്യാർ ആ പുസ്തകത്തിനെഴുതിയ ആമുഖക്കുറിപ്പിൽ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും സ്വാതിതിരുനാളിൻ്റെ മലയാള പദങ്ങൾക്കുള്ള പ്രചാരത്തെക്കുറിച്ച് എടുത്തു പറയുന്നുണ്ട്. ചങ്ങമ്പുഴക്കവിതയെ സ്വാധീനിക്കാൻ സ്വാതി തിരുനാൾ കൃതികൾക്കു കഴിഞ്ഞിട്ടുണ്ട് എന്ന് അവ താരതമ്യം ചെയ്തു പരിശോധിക്കുമ്പോൾ വ്യക്തമാകും. നേരത്തേ സൂചിപ്പിച്ച പോലെ കവിത , സംഗീതം, ശൃംഗാരം, വിഷാദം എന്നിവ ചേർന്നു രൂപപ്പെട്ട സവിശേഷ ഭാവുകത്വമാണ് ചങ്ങമ്പുഴക്ക് സ്വാതിതിരുനാളിലൂടെ കൈവന്ന പാരമ്പര്യം എന്ന് അപ്പോൾ കാണാനാകും. സ്വതിതിരുനാൾ എഴുതിയ മലയാള പദങ്ങളിലാണ് ഈ കൂട്ട് ഏറ്റവും നന്നായി വിളങ്ങുന്നത്.

കാമുകനെ കാത്തിരിക്കുന്ന വിരഹിണിയായ കാമുകി തൻ്റെ പ്രണയദുഃഖം തോഴിയോടു പറയുന്ന തരത്തിൽ എഴുതിയവയാണ് പദങ്ങൾ മിക്കതും. കാത്തിരിക്കുന്ന വിരഹിണിയായ കാമുകി താനും കാമുകൻ ശ്രീപത്മനാഭനുമാണ് എന്ന സൂചനയും പദങ്ങളിലുണ്ട്. ഈ പദങ്ങളിൽ ഗാനരചയിതാവ് ധാരാളമുപയോഗിച്ചിട്ടുള്ള ഒരു പദമാണ് രമണൻ എന്നത്. രമണ എന്ന സംബോധന പല പദങ്ങളിലുണ്ട്. കാത്തിരിക്കുന്ന എന്നെ രമണൻ ചതിച്ചു. അതാണ് എൻ്റെ ദുഃഖം എന്നു പദങ്ങൾ പാടുന്നു. രമണനും ചതിയും പ്രണയദുഃഖവും പദങ്ങളിൽ ചേർന്നു വരുന്നു. മാതൃകക്ക് ഒരു പദത്തിലെ പല്ലവി, അനുപല്ലവി രണ്ടു ചരണങ്ങൾ എന്നിവ നോക്കൂ:

എന്തു മമ സദനത്തിലിന്നു വന്നൂ രമണ,
ഹന്ത മാർഗ്ഗം മറന്നിതോ ചെന്താർശരസമാകാര!

തരുണമയി തവ പൂർവ്വമിരുന്ന രാഗം കുറഞ്ഞധുനാ
പരകാമിനിമാരിൽ ക്രമേണ വിരവിൽ വളർന്നയ്യോ
അരമഹഹ മാമക നാമാകർണ്ണനമതും തവ
വിരസതമമെന്നു തവ കരുണാ ഞാനറിഞ്ഞേനഹോ!

കമനി നിന്നെയൊരിക്കലും ഞാൻ കിമപി വെടിവതില്ലെന്നു
മമതയോടു പറഞ്ഞതെല്ലാം മാന്യ നീ മറന്നോ?
കമലബാണ വിവശമാകും പ്രമദാജനത്തിനേ
പത്മസമവദന സഹസാ ബത ചതിവു ചെയ്തതുചിതമോ തവ

എന്തുചെയ്‌വൂ ഞാൻ എന്ന കാതരഭാവമാണ് ഈ കൃതികളുടെ സത്ത. സ്വാതിതിരുനാളിൻ്റെ ഇതുപോലുള്ള പദങ്ങൾ വായിക്കുമ്പോൾ ഞാൻ ചങ്ങമ്പുഴയെ സ്വാഭാവികമായും ഓർക്കുന്നു. സ്വാതിതിരുനാളിനു ശേഷം രമണൻ എന്ന പേര് ഉയർത്തിപ്പിടിച്ചത് ചങ്ങമ്പുഴയാണ്. രമണൻ അല്ല ചതിക്കുന്നത്, രമണനെയാണ് എന്ന വ്യത്യാസം ചങ്ങമ്പുഴയിൽ പ്രധാനമാകുന്നു. കവിത, സംഗീതം, ശൃംഗാരം, വിഷാദം എന്ന കൂട്ട് ചങ്ങമ്പുഴയിൽ പൂർണ്ണത പ്രാപിക്കുന്നതിനു മുമ്പ് സ്വാതിതിരുനാൾസംഗീതത്തിലൂടെ ആ ഭാവുകത്വം കേരളക്കരയിൽ അടയാളപ്പെട്ടു കഴിഞ്ഞിരുന്നു. ചങ്ങമ്പുഴക്കവിതയുടെ ഭാവുകത്വ പശ്ചാത്തലത്തിൽ സ്വാതിസംഗീതം കൂടിയുണ്ട് എന്നു ചുരുക്കം.

കുണ്ടൂർ നാരായണ മേനോൻ്റെ കവിതയും മലയാളത്തിലെ ഇസ്ലാമോ ഫോബിയയും

 കുണ്ടൂർ നാരായണ മേനോൻ്റെ കവിതയും

മലയാളത്തിലെ ഇസ്ലാമോ ഫോബിയയും

പി. രാമൻ


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മലയാള സാഹിത്യ രംഗത്തു നിറഞ്ഞു നിന്ന കവിയും പരിഭാഷകനുമാണ് കുണ്ടൂർ നാരായണമേനോൻ. കവിത്വത്തോടൊപ്പം വിദ്യാഭ്യാസനിലയും ഉന്നത ഉദ്യോഗവും സാമൂഹ്യബന്ധങ്ങളുമെല്ലാം ചേർന്ന് അദ്ദേഹത്തിന്റെ സമ്മാന്യത വർദ്ധിപ്പിച്ചു. അക്കാലത്ത് ഉദിച്ചുയർന്ന സാഹിത്യ മാസികളിൽ തുടർ സാന്നിദ്ധ്യമായിരുന്നു കുണ്ടൂർ. കവിതക്കത്ത്, കൂട്ടുകവിത പോലുള്ള വിനോദങ്ങളിൽ ഒരു കണ്ണിയായിരുന്നു അദ്ദേഹം. എന്നാൽ ജീവിത കാലത്തു ലഭിച്ച അത്ര അനുവാചക ശ്രദ്ധ പിൽക്കാലത്ത് അദ്ദേഹത്തിന്റെ കവിതക്കു ലഭിക്കുകയുണ്ടായില്ല. ഇന്ന് പച്ചമലയാള പ്രസ്ഥാനത്തിന്റെ പേരിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനോടൊപ്പം ഓർമ്മിക്കപ്പെടുന്ന ഒരു പേരാണ് കുണ്ടൂർ നാരായണമേനോൻ. നൂറു കണക്കിനു പൂർവ്വകവികളിൽ ഒരാൾ. എന്നാൽ എണ്ണം പറഞ്ഞ കവികൾ മാത്രമല്ല തനതായതെന്തെങ്കിലും കവിതാമണ്ഡലത്തോടു കൂട്ടിച്ചേർത്ത കവികളെല്ലാവരും ചേർന്ന് എഴുതിയുണ്ടാക്കിയതാണ് മലയാളത്തിന്റെ കാവ്യഭാഷകളും ഭാവുകത്വങ്ങളും. ആ നിരയിൽ തീർച്ചയായും കുണ്ടൂരിന്റെ കവിതാവഴികളും പുനർവായനായോഗ്യമാണ്. എന്നുതന്നെയല്ല, കുണ്ടൂരിനെപ്പോലൊരു കവി കവിതയുടെ ഭാഷയിലും ഭാവുകത്വത്തിലും നടത്തിയ കൂട്ടിച്ചേർക്കലുകളും ഇടപെടലുകളും തീർച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്. പരിഭാഷകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രസക്തിയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. എന്നാൽ ഇക്കാര്യത്തിലുള്ള മുഖ്യതടസ്സം ഏതൊരു പഴയ കവിയുടെ കാര്യത്തിലുമെന്ന പോലെ കുണ്ടൂരിന്റെയും കൃതികളിൽ മിക്കതും ഇന്ന് കിട്ടാനില്ല എന്നതാണ്. നാലു ഭാഷാകാവ്യങ്ങൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

മലയാളം ഒരു ദ്രാവിഡഭാഷയാണെന്നു നമുക്കറിയാം. സ്വാഭാവികമായും ദ്രാവിഡീയമായ സ്വനതലമാണ് മലയാള കാവ്യഭാഷയുടെ അടിസ്ഥാനം. ഏറ്റവും പഴയ പാട്ടുകൃതിയായ രാമചരിതത്തിലും പഴക്കം ചെന്ന നാടൻപാട്ടുകളിലും ആ സ്വനതലം കാണാനാവും. ദ്രാവിഡത്തനിമയുള്ള ഈണങ്ങളും താളങ്ങളും കൂടി ആ ശബ്ദപ്രതലത്തിന്റെ ഭാഗമാണ്. എന്നാൽ പിന്നീട് ഭാഷ അടിമുടി സംസ്കൃതവൽക്കരിക്കപ്പെട്ടപ്പോൾ ദ്രാവിഡപ്രകൃതമുള്ള ശബ്ദസ്വരൂപത്തിനു മാറ്റം വന്നു. എഴുത്തച്ഛൻകൃതികളിൽ ആ മാറ്റം തെളിഞ്ഞു കാണാം. അങ്ങനെ സംസ്കൃതവൽക്കരിക്കപ്പെട്ട ശബ്ദസ്വരൂപവുമായാണ് മലയാള കവിത കാലം കടന്നത്. എന്നാൽ ദ്രാവിഡീയമായ ശബ്ദസ്വരൂപത്തെക്കുറിച്ചുള്ള ഒരബോധധാരണയിലേക്ക് വിവിധ ചരിത്ര ഘട്ടങ്ങളിൽ മലയാള കവികൾ വീണ്ടും വീണ്ടും ചെന്നു തൊടുന്നുണ്ട്. രാമചരിതത്തിൽ ധാരാളമായി പ്രയോഗിച്ചു കണ്ടിട്ടുള്ള ഈണങ്ങളും താളങ്ങളും പിന്നീട് നാലഞ്ചു നൂറ്റാണ്ടു കഴിഞ്ഞ് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളിലാണ് നാം കാണുന്നത്. ഇങ്ങനെ ദ്രാവിഡീയമായ ശബ്ദപ്രതലത്തിന്റെ ഓർമ്മയിലേക്ക് മലയാളി ഉണരുന്ന മറ്റൊരു ചരിത്രസന്ദർഭത്തെ അടയാളപ്പെടുത്തുന്നവയാണ് കുണ്ടൂരിന്റെ പ്രധാന കൃതികൾ പലതും.

പത്തൊമ്പതാം നൂറ്റാണ്ടിൽ പല കാരണങ്ങളാൽ മലയാള കവിതക്ക് കൂടുതൽ ജനകീയത കൈവരുന്നുണ്ട്. നമുക്കു പേരറിയാവുന്ന കവികളുടെ എണ്ണം കൂടി. സവർണ്ണേതര സമുദായങ്ങളിൽ നിന്നുള്ള കവികൾ അറിയപ്പെട്ടു തുടങ്ങി. സ്ത്രീകൾ കവിതാരംഗത്തു പ്രശസ്തരായിത്തുടങ്ങി. കവിത അതിന്റെ ഗൗരവം വെടിഞ്ഞ് സർവ്വസാധാരണമായ ഒരു വിനോദകല എന്ന നിലയിലും പ്രചാരം നേടി. കാവ്യകല സാമൂഹ്യമായ വിസ്തൃതി കൈവരിച്ച ഈ സന്ദർഭത്തിലാണ് സംസാരഭാഷയോടടുത്ത ശൈലിയിൽ എഴുതുന്ന കവിതാരീതിക്ക് വലിയ പ്രചാരം കിട്ടിയത്. കവിതക്കത്തുകൾ, സമസ്യാപൂരണങ്ങൾ, കൂട്ടുകവിതകൾ, ഛായാശ്ലോകങ്ങൾ എന്നിങ്ങനെ പല മാതൃകകളിലായി ഈ രീതി പടർന്നു കിടക്കുന്നു. സ്വനതലത്തിൽ ഇവ പൊതുവേ മലയാളിത്തം പുലർത്തിയെങ്കിലും കൗതുകകരമായ ഒരു കാര്യം വൃത്തപ്രയോഗത്തിൽ സംസ്കൃത വഴിയേയാണ് ഇവ അധികം ആശ്രയിച്ചത് എന്നതാണ്. സംസ്കൃതവൃത്തങ്ങൾ ദ്രാവിഡവൃത്തങ്ങളെപ്പോലെ അയത്നം പ്രയോഗിക്കാൻ നമ്മുടെ കവികൾ നിപുണരായി എന്നതാവാം അതിന് പ്രധാന കാരണം. മാത്രാവൃത്തസ്വഭാവം പല വർണ്ണവൃത്തങ്ങൾക്കും അപ്പോഴേക്കും വന്നു കഴിഞ്ഞിരുന്നു. വർണ്ണവൃത്തങ്ങൾ മാത്രാവൃത്തസ്വഭാവമുള്ളതാവുന്നതിന് രാമചരിതം തൊട്ടു കുഞ്ചൻ നമ്പ്യാർ വരെ മുൻ ഉദാഹരണങ്ങളുണ്ട്. ഇങ്ങനെ മുഖ്യധാരാ മലയാള കവിത സാധാരണ വൽക്കരിക്കപ്പെട്ട കാലത്താണ് പച്ച മലയാള പ്രസ്ഥാനവും കുണ്ടൂരിന്റെ കൃതികളും ഉണ്ടാകുന്നത്.

ശാബ്ദികഭാവനയെ ഉണർത്തുന്നതിലൂടെ ഒരു പഴയ ലോകത്തേക്കു കൊണ്ടുപോവുകയും ആ ലോകം നമ്മുടെ ഭാഷാപരമായ പാരമ്പര്യത്തിൻ്റെ ഭാഗമാണെന്ന് അനുഭവിപ്പിക്കുകയുമാണ് കുണ്ടൂർ നാലു ഭാഷാകാവ്യങ്ങളിൽ. ചുരുക്കത്തിൽ ഭാഷയിലൂടെ ദ്രാവിഡപ്പഴമയെ തൊടുന്ന ഒരു ലോകം പണിയുകയാണ് കവി.

തിണ്ണന്നു കോമനു മുറക്കൊരു നാടുവാഴി -
ക്കെണ്ണം കുറിക്കുമൊരു കട്ടിൽ കൊടുത്തിരുന്നു
പെണ്ണുങ്ങൾ മോടിയൊടു പണ്ടമണിഞ്ഞു വേണ്ടും
വണ്ണം തിരക്കൊടുമിടക്കിടെ വന്നിരുന്നു.

ആ വന്നുചേർന്ന മറിമാൻമിഴിമാർകൾ തോറ്റു -
പോവുന്ന, നല്ല ചില തോഴികളോടു കൂടെ
പൂവമ്പനുള്ള പുതുകൈത്തൊഴിലെന്നു തോന്നീ -
ടാവുമ്പടിക്കൊരുവളന്നവിടേക്കു ചെന്നു

അപ്പെണ്ണു കോമനുടെ കണ്മണി കട്ടുകൊണ്ടാ-
ണപ്പന്തൽ കേറിയതതാരുമറിഞ്ഞതില്ല
മൂപ്പർക്കു പിമ്പുറമടങ്ങിയൊതുങ്ങി നിൽക്കും
ചാപ്പൻ ചതിപ്പണികൾ കണ്ടുപിടിച്ചു താനും

ഇവിടെയെല്ലാം ഭാവാന്തരീക്ഷം സൃഷ്ടിക്കുന്നതിന് അക്ഷരവിന്യാസവും പ്രാസവും വളരെയധികം ഉതകുന്നത് നമുക്കനുഭവിക്കാൻ കഴിയും. ണ,ണ്ണ,ഴ, റ, ണ്ട, പ,പ്പ,റ്റ തുടങ്ങിയ അക്ഷരങ്ങളുടെ ആവർത്തനം ഇവിടെ പ്രധാനമാണ്. രാമചരിതം തൊട്ട് നമ്പ്യാർക്കൃതികൾ വരെയുള്ള ജനകീയഗാഥകളുടെ ശാബ്ദികതലത്തെ ഇത് ഓർമ്മയിലെത്തിക്കുന്നു. സംസ്കൃതവൽക്കരിക്കാത്ത സ്വനതലം ആര്യവൽക്കരിക്കപ്പെടും മുമ്പുള്ള കേരളത്തിലേക്ക് നമ്മുടെ ഭാവനയെ കൊണ്ടുപോകുന്നു. അങ്ങനെ വടക്കൻപാട്ടുകൾ പിറവികൊണ്ട സാമൂഹ്യാന്തരീക്ഷത്തിൽ വായനക്കാർ എത്തിച്ചേരുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം ദശകത്തിൽ പുതിയൊരു കേരളത്തെക്കുറിച്ചുള്ള ആശയധാരണകൾ ഉറയ്ക്കുന്ന സന്ദർഭത്തിലാണ് ഭാഷയെക്കുറിച്ചും ഭൂതകാലഭാവനയെക്കുറിച്ചുമുള്ള ഈ കാഴ്ച്ച പ്രധാനമാകുന്നത്.സംസ്ക്കൃതവൽക്കരിക്കാത്ത ശബ്ദതലവും അതുണർത്തുന്ന തരം ഭൂതകാല ഭാവനയുമാണ് കുണ്ടൂർക്കൃതികളെ ഇന്ന് പ്രസക്തമാക്കുന്ന ഘടകങ്ങൾ എന്നു പറയാം. ഒന്നു കൂടി കുറുക്കിയാൽ, ശ്രവ്യഭാവനയുണർത്തുന്ന സ്വരൂപഘടന.

കവിതയിൽ നായകനെ അവതരിപ്പിക്കുന്ന ഒരു സന്ദർഭം  ഇവിടെ ഉദാഹരിക്കാം.

കാളയ്ക്കു കാണുമൊരു തോളു, കരിമ്പനക്കു
കാളും കുറുമ്പു കളയുന്നുടൽ, മാർ വിരിഞ്ഞ്
നീളത്തിലൂക്കുടയ കൈകളുമായ് പടയ്ക്കു
കേളിപ്പെടുംപടി വിളഞ്ഞു വിളങ്ങി കോമൻ

ശബ്ദതലത്തോടൊപ്പം കാള, കരിമ്പന എന്നീ ഉപമാനങ്ങളും ചേരുമ്പോൾ വായനക്കാരുടെ ഭാവനയിൽ രൂപപ്പെടുന്ന നായകൻ ദ്രാവിഡ നാടിൻ്റെ ഊറ്റമുള്ളവനായിരിക്കുന്നു.

കോമപ്പനിൽ കവി അവതരിപ്പിച്ച ഒരു പ്രമേയം പിന്നീട് പല രൂപങ്ങളിൽ മലയാളത്തിൽ ആവർത്തിക്കപ്പെട്ടതും എടുത്തുപറയേണ്ടതുണ്ട്. പരസ്പരം ശത്രുത പുലർത്തുന്ന രണ്ടു കുടുംബങ്ങളിലെ ആണും പെണ്ണും അനുരാഗത്തിലാവുന്ന കഥ അടുത്ത കാലം വരെയും നമ്മുടെ സിനിമക്കു പ്രിയങ്കരമായിരുന്നു. കുടിപ്പകകൊണ്ടുണ്ടായ അകലം അനുരാഗംകൊണ്ടു റദ്ദു ചെയ്യുന്ന കമിതാക്കളെ പഴങ്കാലത്തു നിന്നെടുത്ത് നവകേരളത്തിനു സമ്മാനിച്ചു ഈ പ്രണയവീരഗാഥ.സ്വന്തം ആങ്ങളമാരിൽ നിന്നു രക്ഷിക്കാൻ കാമുകനെ മുടിച്ചാർത്തിനുള്ളിലൊളിപ്പിച്ച പ്രണയനായികയാണല്ലോ വടക്കൻപാട്ടിലെ ഉണ്ണിയമ്മ.

എന്നാൽ കോമപ്പൻ്റെ ഏറ്റവും വലിയ പ്രസക്തി ഇതൊന്നുമല്ല. മലയാളിയുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയ ഇസ്ലാമോഫോബിയ പ്രകടമായി പ്രകാശിതമായ ആദ്യകൃതികളിലൊന്ന് എന്നതാണ് കോമപ്പൻ്റെ പ്രാധാന്യം. ഈ കൃതി ഇന്നു പരിശോധിക്കപ്പെടേണ്ടത് ഇതു മുന്നോട്ടു വയ്ക്കുന്ന മുസ്ലീം അപരവൽക്കരണത്തിൻ്റെയും ഇസ്ലാമോഫോബിയയുടെയും പേരിലാണ്. കോമപ്പൻ ആവിഷ്ക്കരിച്ച ഇത്തരം ആശയങ്ങൾ പുതു കേരള സൃഷ്ടിയുടെ പശ്ചാത്തലത്തിൽ വളരെ അപകടകരമായിരുന്നു എന്നു തന്നെ ഇന്ന് വിലയിരുത്തേണ്ടി വരും. കവിതയിൽ എന്നല്ല മലയാള സാഹിത്യരംഗത്തു തന്നെ ഈ കൃതി ഒരു നൂറ്റാണ്ടു നീണ്ട ഓളങ്ങൾക്കു തുടക്കമിട്ടു. രണ്ടു നായർ തറവാടുകൾ തമ്മിലുള്ള കുടിപ്പക പ്രണയത്താൽ മായുന്നതു വിവരിക്കുന്ന കാവ്യം മുമ്പില്ലാത്ത പുതിയൊരു കുടിപ്പക അനാവശ്യമായി തുടങ്ങി വച്ചുകൊണ്ടാണ് കലാശിക്കുന്നത്.

തൊണ്ണൂറാം വീട്ടിലെ കുറുപ്പന്മാരുടെയും കല്പുള്ളി പാലാട്ടു വീട്ടുകാരുടെയും കുടിപ്പകയുടെ പശ്ചാത്തലത്തിൽ ഉണ്ണിയമ്മയും പാലാട്ടു കോമനും തമ്മിലുള്ള അനുരാഗകഥ പറയുന്ന വടക്കൻപാട്ടിനെ ഉപജീവിച്ചെഴുതിയ ഖണ്ഡകാവ്യമാണ് ഇത്. വടക്കൻപാട്ടിലെ കഥയിൽ പ്രധാനപ്പെട്ട ഒരു മാറ്റം കുണ്ടൂർ നാരായണമേനോൻ വരുത്തിയിട്ടുണ്ട്. വടക്കൻപാട്ടിലില്ലാത്ത കോട്ടക്കൽ കുഞ്ഞാലിമരക്കാർ എന്ന വില്ലൻ കഥാപാത്രത്തെ പുതുതായി സൃഷ്ടിച്ചതാണത്.

വടക്കൻപാട്ടുകഥയിൽ ഉണ്ണിയമ്മയുടെ മുറിയിൽ നിന്നു സഹോദരി ഉണ്ണിച്ചിരുതക്ക് പാലാട്ടു കോമൻ എന്ന് പിടിയിലെഴുതിയ കത്തി കിട്ടുന്നു. അസൂയക്കാരിയായ ഉണ്ണിച്ചിരുത ഉണ്ണിയമ്മക്കു പരപുരുഷബന്ധമുണ്ടെന്നതിൻ്റെ തെളിവായി സഹോദരന്മാരായ കുറുപ്പന്മാർക്കു മുന്നിൽ കത്തി ഹാജരാക്കുന്നു. സ്വജാതിക്കാരനായ കോമനുമായാണു ബന്ധമെന്നറിഞ്ഞാൽ ജാതിഭ്രഷ്ടു വരില്ലെന്നും ശിക്ഷ കുറയുമെന്നും അറിയാവുന്ന ഉണ്ണിയമ്മ ഒരു കൊല്ലനെക്കൊണ്ട് കത്തിയിലെ പേര് വള്ളോപ്പുലയൻ എന്നു മാറ്റിയെഴുതിച്ചാണ് കുറുപ്പന്മാർക്കു കൊടുത്തത്. ജാതിയിൽ താഴ്ന്നയാളുമായുള്ള ബന്ധത്തിൻ്റെ പേരിൽ സഹോദരന്മാർ ഉണ്ണിയമ്മയെ കൊല്ലാൻ തീരുമാനിക്കുന്നു. വിവരം രഹസ്യമായറിഞ്ഞു കോമപ്പൻ അമ്മാമനായ തച്ചോളി ഒതേനൻ്റെ സഹായത്തോടെ വന്ന് ഉണ്ണിയമ്മയെ മോചിപ്പിച്ചു സ്വന്തമാക്കുന്നു. ഈ കഥയിലേക്ക് അനാവശ്യമായി കോട്ടക്കൽ കുഞ്ഞാലി മരക്കാരെ തിരുകിക്കയറ്റിയതിനു പിന്നിലെ മനോഭാവം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

കഥയിൽ വള്ളോപ്പുലയൻ ചെയ്യാത്ത കുറ്റം അയാൾക്കുമേൽ ആരോപിക്കപ്പെടുകയാണ്. വള്ളോപ്പുലയനു പകരം കുണ്ടൂർ കവിതയിലേക്കു വലിച്ചിഴച്ച മരയ്ക്കാരാകട്ടെ ഉണ്ണിയമ്മയെ തട്ടിക്കൊണ്ടു പോകാനും മാനഭംഗപ്പെടുത്താനും മാപ്പിളപ്പടയാളികളുമായി വരികയാണ്. ഒടുവിൽ കോമപ്പൻ മരക്കാരോടേറ്റുമുട്ടി മരയ്ക്കാരെ വധിക്കുകയും ചെയ്യുന്നു. വടക്കൻപാട്ടു കഥയിൽ ഒരു സൂചന പോലുമില്ലാത്ത മുസ്ലീം പ്രതിനായകനെ പുതുതായി സൃഷ്ടിക്കുക മാത്രമല്ല കോട്ടക്കൽ കുഞ്ഞാലി മരക്കാർ എന്ന ചരിത്രപുരുഷനെ ചരിത്രത്തോടു യാതൊരു നീതിയും കാണിക്കാതെ അടർത്തിമാറ്റി ഒരു വ്യാജ കെട്ടുകഥാപാത്രമാക്കി മാറ്റുകയും ചെയ്തു കവി ഇവിടെ. സാമൂതിരിമാരുടെ നാവികസേനാധിപന്മാർ എന്ന നിലയിലും പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പട നയിച്ചവർ എന്ന നിലയിലും ചരിത്രത്തിൽ അടയാളപ്പെട്ട കുഞ്ഞാലി മരക്കാർമാരിൽ ഒരാളെ ഒരു രേഖയുടെയും പിൻബലമില്ലാതെ സ്ത്രീ പീഡകനാക്കി ചിത്രീകരിച്ചത് എന്തിന് എന്ന ചോദ്യം നമ്മെ അസ്വാസ്ഥ്യപ്പെടുത്തേണ്ടതാണ്. ആ വടക്കൻപാട്ട് രൂപം കൊണ്ട കാലത്തിനടുത്തെവിടെയോ അതുമായി യാതൊരു ബന്ധവുമില്ലാതെ സമുദ്രാന്തരവ്യാപാരം നടത്തിവരികയും പോർച്ചുഗീസുകാർക്കെതിരെ കടൽയുദ്ധത്തിലേർപ്പെട്ടുപോരികയും ചെയ്ത കോട്ടക്കൽ കുഞ്ഞാലി മരക്കാർമാരിലൊരാൾ ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ എഴുതപ്പെടുന്ന കവിതയിലെത്തുമ്പോൾ സ്ത്രീപീഡകനായ പ്രതിനായകനായി മാറുന്ന അട്ടിമറിക്കു പിന്നിലെ സാമൂഹ്യ മനോഭാവം വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

കഥയിലോ ചരിത്രത്തിലോ ഇല്ലാത്ത ഒരു മുസ്ലീം വില്ലനെ കുണ്ടൂർ നാരായണമേനോൻ എന്ന കവി ബോധപൂർവം സൃഷ്ടിച്ചു എന്നു കരുതാൻ കാരണമൊന്നുമില്ല. മറിച്ച് സാമൂഹ്യമായ അബോധ സമ്മർദ്ദം അദ്ദേഹത്തെക്കൊണ്ടു നടത്തിച്ചതാണ് മരയ്ക്കാരുടെ കഥാപാത്രസൃഷ്ടി എന്നു വേണം കരുതാൻ. കോമപ്പൻ രചിക്കപ്പെട്ട കാലം, ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങൾ, മുസ്ലീം സമുദായത്തിൻ്റെ വളർച്ചയുടെ ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. പൊതു സമൂഹത്തിൻ്റെ ദൃഷ്ടിയിൽ ഒരു പ്രബല സമൂഹമെന്ന നിലയിൽ അത് മുമ്പില്ലാത്ത വിധം പ്രത്യക്ഷപ്പെട്ട സമയമാണത്.  *വാണിജ്യ സമൂഹമെന്ന നിലയിൽ നേടിയെടുത്ത സാമ്പത്തിക ഭദ്രത, ആധുനികവൽക്കരണത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി, മതസ്ഥാപനങ്ങളുടെ വളർച്ച, പൊതുസമൂഹത്തിലുള്ള ഇടപെടൽ ശേഷി, നഗരവൽക്കരണത്തിന് ആക്കം കൂട്ടുന്ന ചലനാത്മകത, ജന്മിത്തത്തേയും അതിനെ പിൻപറ്റിയ ബ്രിട്ടീഷ് അധികാരത്തേയും ഒരു പോലെ ചെറുക്കാൻ പോന്ന പ്രതിരോധ ശേഷി എന്നിവയെല്ലാം ചേർന്നുണ്ടായതാണ് മുസ്ലീം സമുദായത്തിൻ്റെ ഈ ദൃശ്യത. അന്നേവരെ ഇരുട്ടിൽ കിടന്ന ഒരു വിഭാഗത്തിന് പെട്ടെന്നുണ്ടാകുന്ന ദൃശ്യത മറ്റുള്ളവരെ അസ്വസ്ഥപ്പെടുത്തുക സ്വാഭാവികം. ഉരുണ്ടു കൂടിയ ഈ അസ്വസ്ഥതയുടെ ബാഹ്യപ്രകടനം ആദ്യം അരങ്ങേറുക സാഹിത്യ-സാംസ്കാരിക രംഗങ്ങളിലാണ്. അങ്ങനെയാണ് ചരിത്രത്തിലെ നായകൻ കവിതയിലെ താമസമൂർത്തിയായ വില്ലനായി പരിണമിക്കുന്നത്.

പൊതുവായ സാമൂഹ്യദൃശ്യതക്കു വേണ്ടിയുള്ള ഇടപെടലുകളുടെയും പോരാട്ടങ്ങളുടെയും, ഈ ദൃശ്യത ഉണ്ടാക്കുന്ന പ്രതികരണങ്ങളുടെയും ചരിത്രമാണ് കേരളത്തിൻ്റെ ആധുനികവൽക്കരണത്തിൻ്റെ ചരിത്രം. ആ നിലക്ക് മുസ്ലീം സമുദായം കൈവരിച്ച ദൃശ്യതയോടുള്ള പ്രതികരണമായി കോമപ്പനിലെ തിരിമറിച്ചിലിനെ കാണാവുന്നതാണ്. പിൽക്കാലത്ത് ഗൾഫ് പ്രവാസം ശക്തിപ്പെട്ടതോടെ മുസ്ലീം സമുദായത്തിൻ്റെ ദൃശ്യത മുമ്പില്ലാത്ത വിധം വർദ്ധിക്കുകയും ആ ദൃശ്യതയോടുള്ള പ്രതികരണമെന്ന നിലയിൽ ഇസ്ലാമോഫോബിയ ശക്തിപ്പെടുകയും ചെയ്തു.മാറി വന്ന ദേശീയ ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ അതിന് ആക്കം കൂട്ടി.

ഇസ്ലാമോഫോബിയ കേരളത്തിൽ സമീപകാലത്ത് പൊട്ടിമുളച്ച ഒന്നല്ല എന്നു പ്രഖ്യാപിക്കുന്നു കുണ്ടൂർ നാരായണമേനോൻ്റെ കോമപ്പൻ. ഇതു വന്ന് അധികം വൈകാതെയാണ് മലബാർ കലാപം നടക്കുന്നത്. ഇതു വന്ന് അധികം വൈകാതെയാണ് ആശാൻ ദുരവസ്ഥയിൽ ക്രൂരമുഹമ്മദർ എന്ന വിശേഷണം പ്രയോഗിക്കുന്നതും. കുണ്ടൂരിൻ്റെ കവിതയാൽ സ്വാധീനിക്കപ്പെട്ട വള്ളത്തോൾക്കവിതയിലും സമാനരീതിയിൽ മുസ്ലീം പ്രതിനായകരെ സൃഷ്ടിക്കുന്നതു കാണാം. കോമപ്പൻ ആ കാലത്ത് ധാരാളമായി വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കൃതിയാണ് എന്ന് ഓർക്കുക. സൗന്ദര്യ വീക്ഷണപരമായി കുമാരനാശാൻ്റെ എതിരറ്റത്തു നിൽക്കുന്ന കവിയാണ് കുണ്ടൂർ നാരായണമേനോൻ. ആശാൻ ധ്വനിവാദിയെങ്കിൽ കുണ്ടൂർ രൂപവാദിയാണ്. ആശാൻ പുതുകാലത്തിൻ്റെ കവിയായിരിക്കുമ്പോൾ കുണ്ടൂർ പഴമയെ തോറ്റിയുണർത്തുന്നു. കുണ്ടൂരിൻ്റെ അനുരാഗഗാഥകൾ പൗരുഷത്തെക്കുറിച്ചും വീരരസത്തെക്കുറിച്ചുമുള്ള സങ്കല്പങ്ങളോടു ചേർന്നാണിരിക്കുന്നത്. ആശാൻ്റെ പ്രണയ സങ്കല്പമാകട്ടെ വീരപൗരുഷസങ്കല്പങ്ങളെ തകർക്കുന്നതും ഒരു പരിധി വരെ വിമോചനാത്മകവുമാണ്. ഇങ്ങനെ അമ്പേ വ്യത്യസ്തരായിട്ടു കൂടി കുണ്ടൂരും ആശാനും എന്നല്ല വള്ളത്തോളും യോജിപ്പിലെത്തിക്കാണുന്ന ഒരു മേഖല മുസ്ലീം അപരവൽക്കരണത്തിൻ്റേതാണ് എന്നത് ശ്രദ്ധേയമാണ്.


*സാമൂഹ്യദൃശ്യതയും ഇസ്ലാമോ ഫോബിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇവിടെ നൽകിയ ആശയങ്ങൾക്ക് സുഹൃത്ത് വി. മുസഫർ അഹമ്മദിനോട് കടപ്പാട്. മുസഫർ അഹമ്മദുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് തെളിച്ചെടുത്തതാണ് അവ.

Wednesday, April 3, 2024

ഉതിർമണികൾ

ഉതിർമണികൾ



എന്താ വില?

പച്ചമുന്തിരിക്കുലകൾ ചൂണ്ടി

കിഴവൻ ചോദിച്ചു.

നൂറ്

കിഴവൻ പരുങ്ങി നിന്നു

എത്ര വേണം?

കുലകളിൽ നിന്നടർന്നു വീണു

തട്ടിൽ പരന്ന മുന്തിരിമണികൾ നോക്കി

കിഴവൻ ചോദിച്ചു:

ഈ ലൂസിന് എത്രയാ?

തൊണ്ണൂറ്

എമ്പതു മതി

തൊണ്ണൂറ്

എമ്പതാണെങ്കിൽ....

കടക്കാരൻ ഒന്നും മിണ്ടിയില്ല

ഉതിർന്ന മുന്തിരി മണികൾ

ഓരോന്നായി എടുക്കാൻ തുടങ്ങി

മുന്തിരിക്കുല താനേ അഴിഞ്ഞു

മണിമണിയായി ചിതറി.

നോമ്പു തുറക്കുമ്പോൾ

മേശപ്പുറത്ത് ഒരു പിഞ്ഞാണിയിൽ

നിറച്ചു വക്കാവുന്നത്രയും

ഇപ്പോൾ തുലാസ്സിൽ.

കിഴവൻ്റെ കണ്ണു വരട്ടിയ

അതേ നട്ടുച്ചവെയ്ല്

മുന്തിരിമണികളെ ജലസുതാര്യമാക്കി.